Monday, December 31, 2012

യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല-5

ഇനി നമ്മുടെ രീതി അനുസരിച്ച് ഏത് കാര്യവും കൂലംകുഷമായ വിശകലനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്. യുക്തി ഉപയോഗിക്കുന്നതിന്റെ ഒരു ഉദാഹരണം കൂടി അനുബന്ധമായി എടുത്തു ചേര്‍ക്കാം. യുക്തി ഉപയോഗിക്കുന്നതിന്റെ ഒരു ക്ലാസ്സ് . സംഗതി നിസ്സാരമാണെന്ന് വേണമെങ്കില്‍ പറയാവുന്നത്. യുക്തിവാദികള്‍ കൂടുതല്‍ ജാഗ്രതരായി വേണം യുക്തിയെ ഉപയോഗിക്കേണ്ടത്. കാരണം അവന്റെ ഒരേ ഒരു ഉപകരണമാണത് . 

ആധുനിക സമൂഹവും ധാർമികതയും എന്ന വിഷയത്തിൽ രണ്ട്‌ ഉദാഹരണങ്ങൾ ജബ്ബാർ മാഷ്‌ ചൂണ്ടിക്കാണിക്കുകയുണ്ടായി. (സ്വതന്ത്രലോകം 2012 മലപ്പുറം) ഈ രണ്ട്‌ ഉദാഹരണങ്ങളും നമ്മുടെ യുക്തിയുടെ മാനദണ്ഡമനുസരിച്ച്‌ (ഒരേപോലുള്ള വിഷയങ്ങളിൽ ഒരേ അളവുകോൽ, താരതമ്യത്തിന്‌ ഒരേ ഉദാഹരണങ്ങൾ തുടങ്ങിയവ) പരിശോധിക്കുമ്പോൾ വൈരുദ്ധ്യങ്ങൾ പ്രകടമാണ്‌. ഒരു യുക്തിവാദി തരതമ്മ്യം ചെയ്യാനെടുക്കുന്ന ഉദാഹരണങ്ങളിൽ പരമാവധി സമാനതകൾ ഉണ്ടാവാൻ സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ട്‌. പ്രത്യേകിച്ചും ഇമ്മാതിരിതാരതമ്യങ്ങളിൽ, സന്ദർഭങ്ങളിൽ. 

നൈതിക കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുന്നത് തെളിയിക്കാനായി ജബ്ബാര്‍ മാഷ് രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

റെയിൽവേ പാളത്തിൽ ഉരുണ്ട്‌ വരുന്ന ഒരു എഞ്ചിൻ അഞ്ച്പേരുടെ മരണത്തിന്‌ ഇടയാക്കും, പാളം ഒന്ന്‌ തിരിച്ചുവിട്ടാൽ ഒരാൾ മരിക്കും അഞ്ച്‌ പേരും രക്ഷപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ പാളം തിരിച്ചുവിടാനാവുന്നവർ തീർച്ചയായും അത്‌ തിരിച്ചു വിടണം എന്നേ എല്ലാവരും പറയൂ. കാരണം ഇവിടെ അവന്റെ `ലാഭനഷ്ടയുക്തി` അനുസരിച്ച്‌ അഞ്ചാൾക്ക്‌ വേണ്ടി ഒരാൾക്ക്‌ ജീവൻ നല്കാം. അതാണ്‌ ശരിയും. എന്നാൽ, എല്ലാ ഇടത്തും ഈ `ലാഭ നഷ്ടയുക്തി` വർക്‌ ഔട്ട്‌ ആവുകയില്ല. 

വിശ്വാസികളുടെ നീതി ബോധം തകരുന്നതിന്‌ താരതമ്മ്യത്തിനായി അദ്ദേഹം മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിൽ കിടക്കുന്ന ഒരു മന്ദ ബുദ്ധിയെ കൊന്ന്‌ അവയവമാറ്റം വഴി രക്ഷപ്പെടും എന്ന്‌ കരുതുന്ന അഞ്ച്‌ പേർക്ക്‌ ജീവൻ കൊടുത്തുകൂടെ. ഈ ചോദ്യത്തിനു പലരും പല ഉത്തരങ്ങൾ പറഞ്ഞു. ഇത്‌ വിശ്വാസികളുടെ നീതി ബോധം സന്ദർഭത്തിനനുസരിച്ച്‌ മാറ്റം വരും എന്നതിന്‌ പിൻബലമായി അദ്ദേഹം എടുത്തുകാട്ടുന്നു. എന്നാൽ ഈ മാറ്റംവരൽ താരതമ്മ്യത്തിലെ മാറ്റം കൊണ്ടുണ്ടായതാണ്‌ എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയില്ല എന്ന്‌ തോന്നുന്നു. ചുരുക്കത്തിൽ ഈ ഉദാഹരണങ്ങളിൽ മാഷ്‌ സൂക്ഷ്മത പാലിച്ചില്ല.



`മന്ദബുദ്ധി`യുടെ കാര്യം താരതമ്മ്യത്തിന്‌ പരിഗണിക്കുമ്പോൾ മേല്പറഞ്ഞ ലാഭനഷ്ട യുക്തി മാത്രമാണ്‌ മാഷെ നയിക്കുന്നത്‌. ഇവിടെ പരിഗണിക്കേണ്ടുന്ന അനവധി വിഷയങ്ങളുണ്ട്‌. നമുക്ക്‌ നിയന്ത്രിക്കാനാവാത്ത ഗത്യന്തരമില്ലായ്മ, അനിശ്ചിതതങ്ങൾ, സമയ ദൗർലഭ്യം വരുത്തിവെയ്ക്കാവുന്ന അപകടങ്ങൾ, കച്ചവടസാധ്യത കണ്ണുവെയ്ക്കുന്ന ആരോഗ്യപ്രവർത്തകർ, ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത, വ്യക്തി വൈരാഗ്യം തുടങ്ങിയ ഘടകങ്ങളിലുള്ള ചോദ്യങ്ങളിൽ യുക്തിഭദ്രമായ ഉത്തരം ലഭിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌.
ആദ്യത്തെ ഉദാഹരണത്തിന്‌ ഗത്യന്തരമില്ലായ്മ (വേറെ വഴിയില്ല) സമയ ദൗർലഭ്യം (ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്‌) അനിശ്ചിതത്വം (സുനിശ്ചിതമാണ്‌. അപകടം ഉറപ്പാണ്‌) കച്ചവടസാധ്യത (തീരെ ഇല്ല) സന്ദർഭം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വ്യക്തി വൈരാഗ്യവും പരിഗണന വിഷയമല്ല, കാരണം. ഇത്‌ യാദൃശ്ചികമായ അപകടമാണ്‌. അത്‌ കരുതിക്കൂട്ടി സൃഷ്ടിക്കാനാവില്ല.
രണ്ടാമത്തെ താരതമ്യത്തിൽ (മാഷ്‌ പറഞ്ഞ മന്ദബുദ്ധിയുടെ) ഗത്യന്തരമില്ലായ്മ (വേറെ വഴിയില്ല) സമയ ദൗർലഭ്യം (ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്‌) സുനിശ്ചിതത്വം (അപകടം ഉറപ്പാണ്‌ എന്ന്‌ സൂചിപ്പിച്ചിട്ടില്ല, എങ്കിലും ഊഹിക്കാം) കച്ചവടസാധ്യത (വളരെ അധികം) സന്ദർഭം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും(വളരെ അധികം) വ്യക്തി വൈരാഗ്യവും (പരിഗണന വിഷയമയേക്കാം)
ഇത്രയും ഘടകങ്ങൾ വൈരുദ്ധ്യമായി വരുന്നതിനാൽ ഈ താരതമ്യം വിശ്വാസിയുടെ നീതിബോധം മാറ്റത്തിന്‌ വിധേയമാണ്‌ എന്ന് സമർഥിക്കാൻ വേണ്ടത്ര ബലവത്തല്ല. കാരണം ഇത്‌ യുക്തിവാദിയുടെ വീക്ഷണത്തിലും വ്യത്യസ്ഥമായ അഭിപ്രായം രൂപീകരിക്കും. ഈ രണ്ട്‌ ഉദാഹരണങ്ങളിലും മതവിശ്വാസി പറഞ്ഞ ഉത്തരങ്ങൾ അയാൾ വിശ്വാസി ആണ്‌ എന്ന കാരണം കൊണ്ട്‌ വ്യത്യസ്ഥ അഭിപ്രായമാണ്‌ എന്ന് പറഞ്ഞുകൂടാ. കാരണം ഈ വിഷയത്തിൽ വിശ്വാസി ഉപയോഗിക്കുന്നത് യുക്തിയുടെ അളവുകോലാണ്‌.
ഇതൊക്കെ വിശകലനമാക്കുമ്പോൾ മനസ്സിലാക്കാനാകുന്ന ചില കാര്യങ്ങളുണ്ട്‌. വ്യത്യസ്തമായ കാര്യങ്ങൾ പരിഗണിക്കുന്നതിന്‌ വ്യത്യസ്തമായ അൾവുകോലുകൾ ആവശ്യമാണ്‌. കൂടാതെ ഇന്ന്‌ ലഭ്യമായ ജ്ഞാനത്തിനനുസരിച്ച്‌ ക്രമീകരിക്കപ്പെട്ട യുക്തി അനുസരിച്ച്‌ പരിഹരിക്കപ്പെടാനാവാത്ത, ഉത്തരം കിട്ടാത്ത ചില കാര്യങ്ങളെങ്കിലുമുണ്ട്‌. അവയിൽ പലതും യുക്തിയുടെ പ്രശ്നങ്ങളുമല്ല. അതിനർത്ഥം അതൊക്കെ അതീന്ദ്രിയമായ എന്തോ ശക്തിക്ക്‌ വിട്ട്‌ കൊടുക്കണമെന്നല്ല. ശാസ്ത്രം തന്നെ ഒരു ചെറിയ ശതമാനം പരാജയ സാധ്യത എപ്പോഴും പരിഗണിക്കാറുണ്ടല്ലോ. ആ സാധ്യതകൾ നാൾക്ക്‌ നാൾ കുറഞ്ഞ്‌ വരും എന്ന്‌ ഉറപ്പാണ്‌. 

Wednesday, December 26, 2012

യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല-4

ഈ വിഷയവുമായി ബന്ധപ്പെട്ട ഏതാനും ബ്ലോഗുകളും ദേബീപ്രസാദ് ചതോപധ്യയുടെ "ഇന്ത്യന്‍ നിരീശ്വരവാദം" റൊമീലാ താപ്പറുടെ പുസ്തകവും ഒക്കെയാണ്‌ റഫര്‍ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിന് സഹായിച്ച ബഷീറിനെ സ്മരിക്കുന്നു. കൂടാതെ ഒരു ബ്ലോഗില്‍ കണ്ട ഗുപ്തന്‍ എന്നൊരാളുടെ കമന്റ് ഒരു കൌതുകത്തിന് ചേര്‍ക്കുന്നു.   പല ബ്ലോഗുകളിലും തത്വചിന്താ പരമായി വിവരമുള്ള പലരും ഇടപെട്ടിട്ടുണ്ട് എന്നതിന് തെളിവായി. കൂടുതല്‌ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് തിരയാം.


ഗുപ്തൻ said...
രാമായണ രചനാകാലം ദർശന പദ്ധതികളുടെ രൂപീകരണ കാലവുമായി അടുത്തു വരുന്നതാണ്‌. ബി സി ആറാം നൂറ്റാണ്ട്‌. മഹാഭാരതം രൂപപ്പെട്ടുതുടങ്ങുന്നത്‌ അഞ്ചു നൂറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ഈ കാലത്തിനിടയിൽ എന്തു സംഭവിച്ചു എന്നതിന്‌ എന്ത്‌ പരിപ്രേക്ഷ്യമാണ്‌ ഈ ഇതിഹാസങ്ങളിലുള്ള പരാമർശങ്ങൾ വായിച്ചാൽ കിട്ടുന്നതെന്ന്‌ പറയാമോ ? ചാർവാക ചിന്ത ഒരു പക്ഷെ കൂടുതൽ നന്നായി പ്രതിഫലിക്കുന്ന രാമായണം എഴുതപ്പെട്ട കാലത്ത്‌ റ്‌^ഷിമാരും ഭരണകർത്താക്കളും (വസിഷ്ഠനും രാമനും -- ആയിക്കോട്ടെ) മഹാഭാരത രചനാ കാലത്തെ(ഗുപ്തകാലമാവണം) ബ്രാഹ്മണ മേധാവിത്വമുള്ള ജനക്കൂട്ടത്തെക്കാൾ ഭൌതിക ചിന്തയോട്‌ സഹിഷ്ണുത കാണിച്ചിരുന്നു എന്ന്‌ ഒരുപക്ഷെ മനസ്സിലാക്കാൻ പറ്റും. അത്‌ സ്വാഭാവികമാണ്‌ താനും. മൌര്യകാലം ബുദ്ധദർശനത്തിന്റെ വളർച്ച കണ്ടകാലമാണ്‌. വൈദിക മതങ്ങൾക്ക്‌ മദമിളകിയത്‌ അതിനുശേഷമാണ്‌. അതിലേറെയൊന്നുമില്ല.

എതിരാളിയെ പിശാചാക്കി പകർത്തിയെഴുതുന്ന രചനാതന്ത്രങ്ങൾ ധാരാളമുള്ള കാലത്ത്‌ ചാർവാകനെ സംബന്ധിച്ച്‌ മഹാഭാരതത്തിൽ കാണുന്ന പരാമർശത്തിന്‌ ഒരു വിലയും കല്പിക്കേണ്ടതില്ല. തിരിച്ചിട്ടാലും മറിച്ചിട്ടാലും വിശ്വസനീയമായ ഒരു സൂചനയും അതിൽ നിന്ന്‌ ലഭിക്കാനും പോകുന്നില്ല. ദുര്യോധനൻ ജയിച്ചിരുന്നെങ്കിൽ എന്നൊക്കെയുള്ള പരാമർശങ്ങൾ ഏഴാം പരിപ്രേക്ഷ്യത്തിലെങ്കിലും എടുത്തില്ലെങ്കിൽ മിസ്‌ലീഡിംഗ്‌ ആണ്‌.

അതുപോട്ടെ. അടരുകൾ തമ്മിൽ വ്യത്യാസപ്പെടുത്താത്ത തുടർവായന പോലെ എന്തോ ഒന്ന്‌ ദേവദാസിന്റെ കമന്റിലും കണ്ടപ്പോൾ ‘ഫൌൾ’ വിളിച്ചു പോയതാണ്‌. പറഞ്ഞില്ലേ. ഓഫാണ്‌. മൊത്തം. ഷെമി.


April 28, 2010 9:33 AM
The Prophet Of Frivolity said...

ലോകായതയെ മറ്റുള്ളവയിൽനിന്ന്‌ വിഭിന്നമാക്കുന്ന പ്രധാനഘടകങ്ങളെന്നത്‌ ആ ദർശനത്തിന്റെ ഓണ്ടോളജിയും, അതിനെ താങ്ങിനിർത്തുന്ന ഒരു എപ്പിസ്റ്റെമോളജിയും, നിലനില്ക്കുന്നവയുടെയെല്ലാം ധാതുകേന്ദ്രീകൃതത്വവുമാണ്‌. ഈ ഒരു കാരണം കൊണ്ട്‌ തന്നെ ”അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ്‌ ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്‌.“ എന്ന പ്രസ്താവം ഭാരതീയചിന്തയ്ക്ക്‌ പൊതുവായി സാധുവല്ല. ഉപല്ബ്ധി (Perception) മാത്രം അനുഭവങ്ങൾക്ക്‌(Cognition) മാനിക്കപ്പെടുന്ന (Valid) എപിസ്റ്റമോളജിക്കൽ അടിത്തറയാണെന്ന്‌ പറഞ്ഞാൽ എങ്ങനെ വെളിപാട്‌ വരും?
ശരീരമാണ്‌ ആത്മാവ്‌ എന്നതിന്റെ ദിശ ആത്മ നിഷേധമാണ്‌, അതായത്‌ ആസ്തികവാദത്തിലെ ആത്മാവ്‌ ഇല്ല എന്ന തരത്തിൽ. ഈ ഓണ്ടോളജി നേരത്തെ പറഞ്ഞ എപിസ്റ്റമോളജിയിൽനിന്നും, ധാതുകേന്ദ്രീകൃതമായ അടിത്തറയിൽനിന്നും വരുന്നതാണ്‌. ഉപലബ്ധി വഴി അറിയാനാവാത്തതിനൊന്നും നിലനില്ല്പ്പില്ല. അതുകൊണ്ടുതന്നെ ആത്മാവുമില്ല; ഒന്നിൽ ഉൾച്ചേരുന്ന ധാതുക്കളിൽനിന്ന്‌ വിഭിന്നമായി അതിൽ മറ്റൊന്നില്ല. പക്ഷെ ആദ്യം ആത്മാവ്‌ എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിച്ചത്‌ എന്ന്‌ ഒരു തീരുമാനം വേണം. മരണത്തിന്‌ ശേഷവും നിലനില്ക്കുന്നത്‌ എന്തോ എന്നത്‌. ഇത്തരത്തിലുള്ള ലോകായതയെ മാറ്റി ‘ശരീരം തന്നെയാണ്‌ ആത്മാവ്‌ എന്നവർ വാദിച്ചു’, അതുകൊണ്ട്‌ ‘അവരും ആത്മീയവാദികൾതന്നെ’ എന്നൊക്കെ പ്രസ്താവിക്കുന്നത്‌ മിതമായി പറഞ്ഞാൽ അസംബന്ധമാണ്‌.[ആരാണ്‌ സാംബശിവശാസ്ത്രി?] അടച്ചുപൂട്ടിയപെട്ടിയിലിട്ട്‌ കൊന്നിട്ട്‌ ആളുചത്തതിന്‌ മുമ്പും പിമ്പും ഭാരം നോക്കിയ പരീക്ഷണമൊക്കെ ഓർക്കാം, ആത്മാവുണ്ടോ എന്ന്‌ തെളിയിക്കാൻ. ഇത്തരം ഒരു ഓണ്ടോളജിയിൽനിന്നാണ്‌ അവർക്ക്‌ വർണ്ണവ്യത്യാസങ്ങളെ എതിർക്കാൻ പറ്റുന്നത്‌.

ഇനി തീർത്തും വ്യത്യസ്തമായ മറ്റൊരു വീക്ഷണകോണകോണിലൂടെ നോക്കിയാൽ ”മറ്റിടങ്ങളിൽ മതവും തത്ത്വചിന്തയും രണ്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ഇന്ത്യയിൽ അവയെ വേർതിരിച്ചു കാണുക സാധ്യമായിരുന്നില്ല.“ എന്നുതുടങ്ങുന്ന ഈ പ്രസ്താവം, വളരെ അപകടം പിടിച്ചതാണ്‌. ഇത്‌ ഇംഗ്ലീഷിലായിരുന്നെങ്കിൽ, ഏതെങ്കിലും ഓറിയന്റലൈസിങ്ങ്‌ പ്രാന്തൻ പറഞ്ഞതാണെന്ന്‌ തോന്നിയേനെ. ദാസ്ഗുപ്ത ഭാരതീയ ദർശനചരിത്രത്തിന്റെ ആമുഖത്തിൽ, ഈ വിഷയം സ്പർശിക്കുന്നുണ്ട്‌, എങ്ങനെയാണ്‌, യൂറോസെണ്ട്രിക്കായ ദർശനചരിത്രകാരന്മാരിൽ പലരും ഇന്ത്യൻ ചിന്തയെ, ദർശനമായിക്കാണാൻ കൂട്ടാക്കാതെ തള്ളിക്കളഞ്ഞതെന്ന്‌. താല്ക്കലികമായ വാദലക്ഷ്യങ്ങൾക്ക്‌ വേണ്ടി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്‌ അപകടമാണ്‌. ‘യുക്തികുടിച്ച്‌ മത്തുപിടിച്ച്‌, അയാൾ ഒന്നുമില്ലായ്മയെത്തന്നെ നിഷേധിക്കാൻ തുടങ്ങി’ എന്ന്‌ ബോർഹേസ്‌ പറഞ്ഞ നാഗാർജുനന്റെ നാടുംകൂടിയാണ്‌ ഇന്ത്യ.

ബാക്കി പിന്നെ.


ഗുപ്തൻ said...
പ്രോഫറ്റേ ശരീരബദ്ധമായ ഒരു പ്രതിഭാസം എന്ന നിലയിൽ ആത്മാവിനെക്കുറിച്ച്‌ ചാർവാകരും പഠിച്ചിട്ടുണ്ടെന്നാണ്‌ എന്റെ ഓർമ. മദ്യത്തിൽ നിന്ന്‌ മദം ഉണ്ടാകുന്നതുപോലെ അടിസ്ഥാന ധാതുക്കളുടെ ഒരു അവസ്ഥയിൽ നിന്ന്‌ ശരീരത്തിൽ തന്നെ ആരംഭിക്കുകയും ഒടുങ്ങുകയും ചെയ്യുന്ന ആത്മാവുണ്ടെന്ന്‌ കരുതുന്ന ഒരു കൂട്ടരുണ്ട്‌. ശുദ്ധമറ്റീരിയലിസ്റ്റുകൾ ഉണ്ടായിരുന്നില്ല എന്നല്ല. ധൂർത്തചാർവാകർ എന്ന്‌ വിളിക്കപ്പെട്ട ഒരുകൂട്ടർ

പക്ഷെ മുകളിൽ പറഞ്ഞ ഒരു തത്വത്തിന്റെ പേരിൽ അവരെ ആത്മീയവാദികൾ എന്നൊക്കെ വിളിക്കുന്നത്‌ മിസ്‌ലീഡിംഗ്‌ ആണ്‌.

വെള്ളയീ ലേഖനത്തിനുള്ള വായന വളരെ തിരക്കിട്ട്‌ നടത്തി എന്നൊരു വിചാരം എനിക്കുണ്ട്‌. അതുപോലെ എഴുത്തും. പറയുന്ന പലകാര്യങ്ങളോടും വിയോജിപ്പ്‌ മുൻപും തോന്നിയിട്ടുണ്ടെങ്കിലും വായിക്കാൻ ഇത്രയും പ്രയാസമുള്ള --മടുപ്പുണ്ടാക്കുന്ന ഒന്നും വെള്ള എഴുതിയതായിട്ട്‌ തോന്നുന്നില്ല.

April 28, 2010 5:48 PM
ഗുപ്തൻ said...
അതുപോലെ ഇന്റൂയിഷൻ എന്ന അർത്ഥത്തിലാണ്‌ വെളിപാട്‌ എന്നുപയോഗിച്ചതെങ്കിൽ ആദ്യത്തെ സ്റ്റേറ്റ്മെന്റ്‌റിലും തകരാറില്ല. ചാർവാകരിൽ പോലും ആത്മാവ്‌ ഒരു വിഷയമാവാനുള്ള കാരണം ബോധത്തെ സംബന്ധിച്ച ചോദ്യമാവണം. ഉള്ളിൽ നിന്ന്‌ വെളിപ്പെടുന്നതാണ്‌ ബോധം.


ഗുപ്തൻ said...
ബ്ലോഗിൽ എന്തെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ ഇടതെന്നും വലതെന്നും മുദ്രയടിക്കാൻ നടക്കുന്ന എമ്പോക്കികളെ പേടിക്കേണ്ടുന്ന അവസ്ഥയാണ്‌. അതു കൂടി ചിന്തിച്ചാണ്‌ വിഷയത്തിലേക്ക്‌ കടക്കാതെ കമന്റിട്ട്‌ മാറാം എന്നു വിചാരിച്ചതും. ഇടതും വലതും കക്ഷം നോക്കിയല്ല ഈ അഭിപ്രായം എന്ന്‌ ഒരു ജാമ്യം. പിന്നെ കൂടെ നിൽകുന്നു എന്നുകരുതുന്നവർ തന്നെ തെറ്റിദ്ധരിക്കാതിരിക്കാൻ ഞാൻ ഉറച്ച ഈശ്വരവിശ്വാസിയാണെന്ന്‌ ഒരു മുന്നറിയിപ്പും.

മതവിശ്വാസങ്ങളും ശാസ്ത്രവും രണ്ടുതട്ടിലായി നിന്നുകൊണ്ടുള്ള ചില സംവാദങ്ങൾ അടുത്തകാലത്ത്‌ ബ്ലോഗിലുണ്ടായതിന്റെ തുടർച്ചയാണ്‌ വെള്ളെഴുത്തിന്റെ ലേഖനം എന്ന്‌ ഞാൻ മനസ്സിലാക്കുന്നു. അതിനി വെള്ളെഴുത്ത്‌ നിഷേധിച്ചാലും ഭാരതത്തിലെ ഭൌതിക ചിന്താ ധാരകളും ആത്മീയ ചിന്താധാരകളും എങ്ങനെ പരസ്പരം ഉൾകൊണ്ടിരുന്നു എന്നതാണ്‌ വിഷയം എന്ന്‌ പറയുന്നത്‌ തെറ്റില്ലല്ലോ. ആ വിഷയം കൈകാര്യം ചെയ്യുന്നതിൽ ചരിത്രപരമായും രീതി ശാസ്ത്രപരമായും ചില തെറ്റുകൾ വെള്ളെഴുത്തിന്‌ പറ്റിയിട്ടുണ്ട്‌ എന്ന്‌ ചൂണ്ടിക്കാട്ടുകയാണ്‌ ഈ കമന്റിന്റെ ഉദ്ദേശ്യം.

1. ചാർവാക ഭൌതികവാദം ആദ്യകാലത്തെങ്ങും ശാസ്ത്രീയമായ അന്വേഷണമായിരുന്നില്ല. ജീവിതത്തിന്റെ രഹസ്യങ്ങൾ അന്വേഷിച്ചുള്ള തിരച്ചിലിൽ ആതിഭൌതികമായ തത്വങ്ങളെ പ്രഥമസ്ഥാനത്തു നിർത്തുന്നത്‌ അവർ നിഷേധിച്ചിരുന്നു എന്നതാണ്‌ ആദിമ ഭൌതിക വാദികളും ഇന്നത്തെ യുക്തിവാദികളും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും സാമ്യം. ചാർവാകരോടുള്ള യുക്തിവാദികളുടെ സ്നേഹം മേല്പറഞ്ഞ സാമ്യത്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ്‌. കാണുന്നതിനപ്പുറം സത്യമൊന്നും ഇല്ല എന്നു വിളിച്ചുപറയാൻ വലിയ യുക്തിയുടെ ഒന്നും ആവശ്യമില്ല. ആര്യഭടന്റെ കാലം കഴിഞ്ഞെന്നോ ജീവിച്ചിരുന്ന പുരന്ദരൻ എന്ന ചാർവാകർകിടയിലെ തന്നെ തിരുത്തൽ വാദിയായി കരുതപ്പെട്ടിരുന്ന ആൾ അല്ലാതെ ചാർവാക ദാർശനികർ യുക്തിചിന്തയെത്തന്നെ അംഗീകരിച്ചിരുന്നില്ല. ഒരേ തരത്തിലുള്ള അനുഭവങ്ങളിൽ നിന്ന്‌ സാമാന്യതത്വത്തിൽ എത്താൻ ആവില്ല എന്ന്‌ അടിസ്ഥാനപ്രമാണം ഉള്ളവർക്ക്‌ എന്തു യുക്തിചിന്തയാണുണ്ടാവുക ? ആത്മാവില്ല എന്ന്‌ ഒരു ചാർവാകൻ പറയുമ്പോൾ ആദ്ധ്യത്മിക തത്വത്തെ മാത്രമല്ല നിഷേധിച്ചിരുന്നത്‌; അനുഭവത്തിൽ നിന്ന്‌ യുക്തിയിലേക്ക്‌ പ്രവേശിക്കാൻ കഴിവുള്ള ആധുനിക ഫിലോസഫിയിൽ ‘സബ്ജക്റ്റ്‌’ എന്നുവിളിക്കാറുള്ള റാഷനൽ സെൽഫിനെക്കൂടിയാണ്‌. അതായത്‌ യുക്തിവാദമല്ല ചാർവാക ചിന്തയുടെ അടിസ്ഥാനം. റാഡിക്കൽ സ്കെപ്റ്റിസിസമാണത്‌. അതിന്റെ ‘യുക്തിയില്ലായ്മ’ ബോധ്യപ്പെട്ടപ്പോഴാവും ഒരു പക്ഷെ (ചരിത്രമല്ല: ഊഹമാണ്‌) സുശിക്ഷിതചാർവാകർ എന്ന്‌ പില്ക്കാലത്ത്‌ വിളിക്കപ്പെട്ട ഗ്രൂപ്പ്‌ ആത്മാവ്‌ എന്ന തത്വത്തെ അംഗീകരിച്ചുതുടങ്ങിയത്‌. എന്നിട്ടും അവരുടെ ന്യായത്തിലോ വൈജ്ഞാനികസമീപനത്തിലോ കാര്യമായ മാറ്റം ഉണ്ടായുമില്ല.
(തുടരും)

April 29, 2010 4:36 PM
ഗുപ്തൻ said...
2. പ്രാചീന ഇന്ത്യയിലെ ശാസ്ത്രീയാന്വേഷണത്തിനു പശ്ചാത്തലമായി നിന്ന ഭൌതികവാദം പില്ക്കാലത്ത്‌ ഹിന്ദു ഫിലോസഫി സ്കൂളുകളായി വേഷം മാറ്റപ്പെട്ട ന്യായ-വൈശേഷിക-യോഗ തത്വങ്ങളുടെയും ആയുർവേദം വ്യാകരണം വാനശാസ്ത്രം മുതലായ ജ്ഞാന വിഭാഗങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നു വേണം മനസ്സിലാക്കാൻ. ഈ രംഗങ്ങളിലുള്ള അന്വേഷണങ്ങൾക്ക്‌ ആത്മാവ്‌ എന്ന പേരിൾ വിളിക്കപ്പെടുന്ന ആതിഭൌതിക തത്വങ്ങളുടെ ആവശ്യം ഇല്ല എന്നതാണ്‌ കാരണം. ആദ്ധ്യാത്മികത ഒരു പ്രീസപ്പോസിഷൻ അല്ലാത്തതുകൊണ്ട്‌ ഇതൊക്കെയും ഭൌതികമാണ്‌. പില്ക്കാലത്ത്‌ ഈ വിജ്ഞാന ശാഖകളെ പലതിനെയും പ്രത്യേകിച്ച്‌ യോഗയെ ആത്മീയവാദികൾ വിഴുങ്ങിക്കളഞ്ഞു എന്നത്‌ ചരിത്രം. അത്‌ എളുപ്പമായിരുന്നതിന്റെ കാരണം മുകളിൽ റോയി സൂചിപ്പിച്ചതുപോലെ ഒരു മിസ്റ്റിക്കൽ സ്പെയ്സ്‌ ഈ തത്വങ്ങളുടെയെൽലാം അടിസ്ഥാന ധാരണകളിൽ അവശേഷിച്ചിരുന്നതാവണം. വൈശേഷികയിൽ ആദ്യകാലം മുതലെ ആത്മാവിനെക്കുറിച്ചുള്ള ചിന്തകൾ ഉണ്ട്‌. താത്വികമായി പറഞ്ഞാൽ റാഷണൽ സെല്ഫ്‌ എന്ന സബ്ജക്റ്റിനെ സ്പിരിച്വൽ സെല്ഫ്‌ ആയ ആത്മാവിന്റെ ഉറപ്പുള്ള തെളിവായി എടുത്തതാണ്‌ ദർശനങ്ങൾക്കെല്ലാം ആദ്ധ്യാത്മികത ഒരു കോൺകൊമിറ്റന്റ്‌ ആകാനുള്ള കാരണം. പടിഞ്ഞാറും ഈ രണ്ടുതത്വങ്ങൾ --റാഷണൽ സെല്ഫ്‌ സ്പിരിച്വൽ സെല്ഫ്‌-- ശരിയായി വേർതിരിഞ്ഞുകാണാനാകുന്നത്‌ ദെക്കാർത്തെ മുതലാണ്‌. അതുകൊണ്ടാണ്‌ ഗ്രീക്ക്‌ റാഷനാലിറ്റിയെ മതം വിഴുങ്ങി തുടങ്ങിയ ചില പോപ്പുലർ ചരിത്രപ്രസ്താവനകൾ അബദ്ധങ്ങളാവുന്നത്‌.

3. ശരീരത്തിനപ്പുറം നിലനില്ക്കുന്ന ആത്മാവില്ല എന്ന വാദം വൈദികമാണ്‌. തുടക്കത്തിലെങ്കിലും. പരമാത്മാവിൽ നിന്ന്‌ ബോധരൂപങ്ങൾ ശരീരബദ്ധമാവുന്ന ചുരുങ്ങിയ കാലത്തേക്കേ മനുഷ്യാത്മാവുള്ളൂ അതുകഴിഞ്ഞാൽ വ്യക്തിഗതമായ ഓർമയും ബോധവും നഷ്ടപ്പെട്ട്‌ അത്‌ പരമബോധത്തിൽ ലയിക്കും എന്ന അർത്ഥത്തിൽ ശരീരബദ്ധമാണ്‌ ആത്മാവ്‌ എന്ന്‌ വാദിച്ചത്‌ യാജ്ഞവല്ക്യനാണ്‌. (ബ്രഹദാരണ്യകത്തിലെവിടെയോ). ഈ ആത്മീയവാദത്തിന്റെ പശ്ചാത്തലം അക്കാലത്തുണ്ടായിരുന്ന ഭൌതിക /അനാത്മവാദം ആണെന്ന്‌ കരുതുന്നവരുണ്ട്‌. ചാന്ദോഗ്യോപനിഷത്തിൽ ശരീരം തന്നെയാണ്‌ ആത്മാവ്‌ എന്ന്‌ ധരിപ്പിച്ച്‌ അസുരന്മാരെ തിരിച്ചുവിടുന്ന പ്രജാപതിയെക്കുറിച്ചു പറയുന്നുണ്ട്‌. അവരാകട്ടെ മരണശേഷം ശരീരത്തിനു പുനർജീവിതമുണ്ടെന്ന്‌ ധരിച്ച്‌ അതിനു ഭക്ഷണവും മറ്റും കൊടുത്തുവിട്ടിരുന്നുപോലും. സുമേറിയൻ ആചാരങ്ങളുടെ തുടർച്ചയാണിതിൽ കാണുന്നതെന്ന്‌ ദാസ്ഗുപ്ത പറഞ്ഞിട്ടുണ്ട്‌. ചുരുക്കത്തിൽ പില്ക്കാലത്ത്‌ ചാർവാകർ ചെയ്തത്‌ ആത്മാവിനു വേണ്ടി എന്നുകരുതി ചെയ്തിരുന്ന കർമങ്ങളെ മൊത്തമായി നിഷേധിക്കുകയാണ്‌. യാഗം സാമൂഹ്യ ചട്ടക്കുടിന്റെ ആണിക്കല്ലായി വളർന്ന പില്ക്കാല വൈദിക ചുറ്റുപാടുകളിൽ തികഞ്ഞ അരാജകവാദമായിരുന്നു ഇത്‌. അറിവോ അജ്ഞാനമോ പാപമോ പുണ്യമോ ഇല്ല എന്ന്‌ വാദിക്കുക. ഇതിനായി നിലവിലിരുന്ന ന്യായ വൈജ്ഞാനിക (logic and epistemology) സങ്കല്പങ്ങളെ മൊത്തമായി പ്രശ്നവല്ക്കരിച്ചിടത്തുനിന്നാണ്‌ അവർ യുക്തിയിൽ നിന്നു തന്നെ വിട്ടുപോയത്‌. അതാണ്‌ അവരുടെ പരാജയവും. ഇതിന്റെ മറ്റൊരുവശം ഭൌതികവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട ആശയങ്ങളെ സ്വാംശീകരിക്കുന്ന അഭ്യാസം പുതിയതല്ല എന്നതാണ്‌. യാജ്ഞവല്ക്യൻ തന്നെ മുന്നിലുള്ളപ്പോൾ ആദ്ധ്യാത്മിക വാദികൾ എന്തിനു മറ്റൊരു മാതൃക അന്വേഷിക്കണം? (contd)

April 29, 2010 4:38 PM
ഗുപ്തൻ said...
4.അവസാനമായി സാമൂഹ്യക്രമം എന്ന അടിസ്ഥാന രാഷ്ട്രീയ സങ്കല്പം ഇതിന്റെയെല്ലാം പിന്നിലുണ്ടെന്നും മറക്കരുത്‌. എന്നെ സംബന്ധിച്ച്‌ രാമായണകാലത്തിൽ നിന്ന്‌ ഗുപ്തകാലത്തേക്ക്‌ വരുമ്പോഴുള്ള സമൂഹത്തിന്റെ മാറ്റമാണ്‌ ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്നം. ഗുപ്തകാലത്ത്‌ രചന പൂർത്തിയായ മഹാഭാരതത്തിൽ ബ്രാഹ്മണ മേധാവിത്തം ഏതാണ്ട്‌ പൂർണമാണ്‌. യാഗ/ദാന വ്യവസ്ഥകളെ വെല്ലുവിളിച്ചാൽ സമൂഹത്തിന്റെ അടിസ്ഥാന ആണിക്കല്ലിളകുന്ന ഒരു അവസ്ഥ അങ്ങനെയുണ്ടാകും. അപ്പോൾ നാസ്തിക സംവിധാനങ്ങളെ മുഴുവൻ ഒതുക്കാൻ ബ്രാഹ്മണർ പുരാണങ്ങളും കഥകളും ചികഞ്ഞെടുത്തു; പുതിയ സംഹിതകളും ഭാഷ്യങ്ങളുമുണ്ടാക്കി; നിയമ വ്യവസ്ഥകൾ പരിഷ്കരിച്ച്‌ കൂടുതൽ മുറുക്കമുള്ളതാക്കി. അരാഷ്ട്രീയമായിപ്പറഞ്ഞാൽ യാഥാസ്ഥിതികരും അരാജകരും തമ്മിലുള്ള ബെയ്സിക്‌ കോൺഫ്ലിക്റ്റ്‌ നടക്കുന്ന എല്ലാ സാമൂഹ്യക്രമത്തിലും നടക്കുന്ന സോഷ്യൽ ഡൈനാമിസമാണിത്‌. ക്രിസ്തീയ സഭയിൽ വിച്ച്‌ ഹണ്ടിംഗ്‌ നടന്നത്‌ ഇതേ പ്രശ്നം കൊണ്ടാണ്‌. സ്റ്റാലിനിസ്റ്റ്‌ റഷ്യയിൽ നടന്നതും മറ്റൊന്നല്ല. കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാർട്ടി ഗൌരിയമ്മയെ പുറത്താക്കിയപ്പോഴും സംഘടനയുടെ ഫേയ്ബ്രിക്കിനു അവരുടെ സാന്നിദ്ധ്യം വഴിയുണ്ടാകുന്ന പരിക്കിനെ ഒഴിവാക്കാനാണ്‌ ശ്രമിച്ചത്‌. സോഷ്യൽ ഐഡന്റിറ്റി ഡിഫന്റ്‌റ്‌ ചെയ്യാൽ എല്ലാ സമൂഹങ്ങളും അത്‌ എന്നും ചെയ്തുകൊണ്ടേയിരിക്കും. രാഷ്ട്രീയമായി ഈ സാഹചര്യത്തെ പുനർവായിക്കുമ്പോൾ തെറ്റും ശരിയും നമ്മൾ തീരുമാനിക്കുന്നത്‌ ഇന്ന്‌ മനുഷ്യാസ്തിത്വത്തെ സംബന്ധിച്ചും മാനുഷിക പ്രശ്നങ്ങളെ സംബന്ധിച്ചും ശാസ്ത്രീയമായും ദാർശനികമായും നമുക്കുള്ള ധാരണകളെ അടിസ്ഥാനമാക്കിയാണ്‌. അങ്ങനെ നോക്കുമ്പോൾ മുകളിൽ പറഞ്ഞ ഉദാഹരണങ്ങളെല്ലാം (ബ്രാഹ്മണമേധാവിത്വം കത്തോലിക്കാസഭ കമ്യൂണിസ്റ്റ്‌ പാർട്ടികൾ) തികച്ചും വ്യത്യസ്തമാണെന്നും മനസ്സിലാവും. ഇവിടെ ശരിയും തെറ്റുമുണ്ട്‌. ശരി ഉറപ്പിച്ചും പറയാനും തെറ്റിനെ തള്ളിപ്പറയാനുമുള്ള വ്യക്തത ഉണ്ടാവുകയും വേണം. അക്കാലത്തെ ശരിതെറ്റുകൾ നമുക്ക്‌ ബാധകമല്ല. രാഷ്ട്രീയം ഇന്നത്തെ ആവശ്യമാണ്‌. അതിന്റെ വ്യക്തതയും.
(തുടരും.. )

Sunday, December 23, 2012

യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല-3




ഇങ്ങനെയായിരുന്നു പ്രാചീന ഭാരതത്തിൽ ഒരു സമ്പൂർണ തത്ത്വശാസ്ത്രമായി ഭൌതികവാദം അരങ്ങേറ്റം ചെയ്തത്‌. അവർ കൈകാര്യം ചെയ്തത്‌, ഇന്ത്യൻ സാഹചര്യത്തിൽ സവിശേഷപ്രസക്തിയുള്ള വിഷയങ്ങൾ (പുനർജന്മവിശ്വാസം, എടുത്തു പറയാവുന്നതാണ്‌) ആയിരുന്നു. ചാർവാക/ലോകായത തത്ത്വചിന്ത ഇപ്രകാരം വ്യക്തമായും തദ്ദേശീയമായിരുന്നു. 


5. ഏകദേശം CE പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ചാർവാക/ലോകായത പാരമ്പര്യത്തിൻറെ തുടർച്ചയ്ക്‌ വിഘ്നം വന്നു. പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ചാർവാക/ലോകായത ചിന്തയെക്കുറിച്ച്‌ എഴുതിയതൊക്കെ നേരിട്ടുള്ള അറിവിൻറെ അടിസ്ഥാനത്തിലായിരുന്നില്ല, ഗുരുക്കൾ ശിഷ്യർക്ക്‌ പകർന്നുനൽകിയ അറിവിലൂടയും ഈ ശിഷ്യർ തങ്ങളുടെ ഗുരുക്കളിൽനിന്നു കേട്ടറിഞ്ഞവ (അവരുടെ നേരിട്ടുള്ള അനുഭവത്തിൽനിന്നല്ല) അടുത്ത തലമുറയ്ക്ക്‌ കൈമാറിയുമായിരുന്നു. ഈ പാഠങ്ങളിൽ ചിലതൊക്കെ ചാർവാക/ലോകായത തത്ത്വജ്ഞാനികളുടെ ചിന്തകളുമായി പൊരുത്തമുള്ളവയാണ്‌, എന്നാൽ ഇവരുടെ വിശദീകരണങ്ങളിൽ കൂടുതലും ആത്മീയവാദപക്ഷപാതിത്ത്വമുള്ളവയും വെറും കെട്ടിച്ചമച്ച കഥകളുമായിരുന്നു. 


6. യോഗാചാര ബൌദ്ധരും ജൈനരും അദ്വൈത വേദാന്തികളും ന്യായ ചിന്തകരും ചാർവാക/ലോകായത ചിന്തകരെ തങ്ങളുടെ മുഖ്യ എതിരാളികളായി കണക്കാക്കി അവരുടെ ഭൌതികവാദ വീക്ഷണങ്ങളെ ഖണ്ഡിക്കാൻ കഠിനശ്രമം നടത്തിയിരുന്നു. ചാർവാക/ലോകായത ഗ്രന്ഥങ്ങൾ തീർത്തും നാമാവശേഷമായതിനു ശേഷവും ഇത്തരം വിമർശനങ്ങൾ അവർ തുടർന്നുപോന്നു. ഇക്കാരണത്താൽ, ഇവരുടെ കൃതികളിൽ കാണുന്ന ചാർവാക/ലോകായത ചിന്തയെക്കുറിച്ചുള്ള പരാമർശങ്ങളൊന്നുംതന്നെ ചാർവാക/ലോകായത ചിന്തകരുടെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവിൻറെ അടിസ്ഥാനത്തിലായിരുന്നില്ല. 

7. ചാർവാക/ലോകായത ചിന്തകരുടെ അടിസ്ഥാനഗ്രന്ഥങ്ങളുമായുള്ള പരിചയത്തിൻറെ ഈ അഭാവത്തിൽ, അവരുടെ എതിരാളികളും ആധുനിക ഗവേഷകർപോലും, ചാർവകരുടേയും അവരുടെ മുൻഗാമികളുടേയും അഭിപ്രായങ്ങൾ ഒന്നെന്നു തെറ്റിദ്ധരിച്ചുപോന്നു. വിവിധ തരത്തിലുള്ള  ചാർവകരുണ്ടെന്ന ധാരണക്ക്‌ ഇത്‌ വഴിയൊരുക്കി - പലഇനം ചാർവകരല്ല, വിവിധതരം ഭൌതികവാദികൾ ഉണ്ടായിരുന്നു എന്നതാണ്‌ വാസ്തവങ്കിലും. ഈ ഭൌതികവാദികളിൽ ചിലർ നിശ്ചയമായും ചാർവാകർക്കുമുമ്പുള്ളവരും വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചു പുലർത്തിയവരുമായിരുന്നു. ഉദാഹരണമായി, ഭൂമി, വായു, അഗ്നി, ജലം എന്നീ നാലെണ്ണം മാത്രമാണ്‌ സ്വാഭാവിക മൂലകങ്ങളായി ചാർവാകർ അംഗീകരിച്ചത്‌; മറ്റുള്ളവർ അതേസമയം ശൂന്യതയെക്കൂടിചേർത്ത്‌ (ആകാശം - void , ether) അഞ്ചു മൂലകങ്ങൾ ഉണ്ടെന്നു കരുതി. 


8. CE പതിമൂനാം നൂറ്റാണ്ടിനു ശേഷം ഏതെങ്കിലും ഒരു ചർവാകാനന്തര ഭൌതികവാദ ചിന്ത ഭാരതത്തിൽ നിലനിന്നിരുന്നതായി ഒരു തെളിവുമില്ല. അബുൽ ഫസൽ ഉത്തര ഭാരതത്തിലെ പണ്ഡിറ്റുമാരിൽനിന്നും (മിക്കവാറും ജൈന പണ്ഡിതന്മാരിൽനിന്നും) ശേഖരിച്ചു തൻറെ ഐൻ-ഇ അക്ബരി (Ain-i Akbari) എന്ന പേർഷ്യൻ കൃതിയിൽ രേഖപ്പെടുത്തിയ ചാർവാക ചിന്തയെക്കുറിച്ചുള്ള പരാമർശങ്ങൾ വ്യക്തമാക്കുന്നത്‌ ഭാരതീയ തത്ത്വചിന്തയെക്കുറിച്ച്‌ അദ്ദേഹത്തിൻറെ സമകാലികമായും തുടർന്നുവന്നതുമായ സംസ്കൃത സംഗ്രഹ-ഗ്രന്ഥങ്ങളിൽ കാണുന്ന അതേ അജ്ഞതയാണ്‌. ഭൌതികവാദ ചിന്തയെക്കുറിച്ചുള്ള ചുരുക്കം ചില പ്രസക്ത ഭാഗങ്ങൾ മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. ഇതിനുപുറമെ, ചാർവാകരുടെ പേരിലുള്ള ചില സൂക്തങ്ങളും വാമൊഴിയായി തലമുറകളിലേക്ക്‌ കൈമാറിയിരുന്നു. മൂലഗ്രന്ഥങ്ങളിൽനിന്നുമുള്ള ഈ അകല്ച്ച കാരണം ഈ വിവരണങ്ങളെ അപ്പടി നമുക്ക്‌ സ്വീകരിക്കാനാവില്ല. 

9. ചില സംസ്കൃത കാവ്യങ്ങളിലും നാടകങ്ങളിലും (നൈഷധ ചരിതം, പ്രബോധ ചന്ദ്രോദയം, ആഗമ-ദംബരം, വിദ്വൻമോദ-തരങ്ങിണി എന്നിവയിൽ പ്രത്യേകിച്ചും) കാദംബരി എന്ന ഗദ്യ കൃതിയിലും ചാർവാകരെക്കുറിച്ച്‌ വർണ്ണനകളുണ്ട്‌. ഈ ഗ്രന്ഥകർത്താക്കൾ ഭൌതികവാദത്തിൻറെ വിമർശകരും ചാർവാകരെ അപ്രീതികരമായരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതും കാരണം ഈ കൃതികളിലെ തെളിവുകൾ സംശയാസ്പദമാണ്‌. അതിനാൽ ഇവയിലെ പരാമർശങ്ങളെ വിമർശനരഹിതമായി സ്വീകരിക്കരുത്‌. 


10. ചാർവാകർക്കെതിരെ ഏറ്റവും സാധാരണമായ ആരോപണം അവർ പ്രത്യക്ഷജ്ഞാനമോഴിച്ചു മറ്റൊരു ജ്ഞാനമാർഗത്തിലും വിശ്വസിച്ചിരുന്നില്ല എന്നതാണ്‌. എന്നാൽ, പ്രത്യക്ഷജ്ഞാനത്തെ അടിസ്ഥാനമാക്കിയ അനുമാനം (inference based on perception), അതിനവർ പ്രാഥമികത്വം കല്പ്പിചിരുന്നില്ലെങ്കിൽപോലും, സാധുവായ ഒരു ജ്ഞാനമാർഗമാണെന്ന്‌ ചാർവാകരും മുൻകാല ഭൌതികവാദികളും കരുതിയിരുന്നതായി വിശ്വസിക്കാൻ വേണ്ടത്ര തെളിവുകളുണ്ട്‌. CE എട്ടാം നൂറ്റാണ്ടുമുതൽ ഇതു വേണ്ടത്ര അറിയപ്പെട്ടതുമാണ്‌. എന്നിരുന്നാലും, ചാർവാകരുടെ വിമർശകർ, ഗീബൽസിനെപ്പോലെ, ഇത്‌ ആവർത്തിച്ചുകൊണ്ടേയിരുന്നു (“ഒരു നുണ പത്തുതവണ ആവർത്തിച്ചാൽ അതു സത്യമായിതോന്നും”. ഗീബൽസ്‌ യഥാർത്ഥത്തിൽ ഇങ്ങനെ പറഞ്ഞിരുന്നോ ഇല്ലയോ എന്നതപ്രസക്തമാണ്‌, കാരണം അയാളതു പ്രാവർത്തികമാക്കിയിരുന്നു). 

11. അടിസ്ഥാനരഹിതമായ മറ്റൊരാരോപണം, ചാർവാകർ സുഖഭോഗവാദികൾ (hedonists) ആയിരുന്നു എന്നാണ്‌. തീർച്ചയായും, മനുഷ്യ ജീവിതം പൂർണമായും ദൈന്യത നിറഞ്ഞതാണെന്ന വിശ്വാസം ചാർവാകർക്കുണ്ടായിരുന്നില്ല എന്നതിനു വേണ്ടത്ര തെളിവുകളുണ്ട്‌; അതേസമയം, ജീവിതലക്ഷ്യം ഇന്ദ്രിയസുഖമാണെന്ന്‌ അവർ കരുതിയിരുന്നുയെന്നതിനു യാതൊരു തെളിവുമില്ലതാനും. ഇതു ഗ്രീസിലെ തത്ത്വചിന്തകനായിരുന്ന എപിക്യുരസ്സിൻറെതിനു (Epicurus) സമാനമാണ്‌. അതീവ ലാളിത്യമുള്ള ഒരു ജീവിതമായിരുന്നു എപിക്യുരസ്സിൻറെതെങ്കിലും, അദ്ദേഹത്തിൻറെ പേർ, ‘തിന്നുക, കുടിക്കുക, ആനന്ദിക്കുക’ എന്ന ജീവിത ശൈലിയുടെ മൂർത്തവക്താവായി അപകീർത്തിപ്പെടുത്തി. ബുദ്ധൻറെ മുതിർന്ന സമകാലീനനും നമുക്കറിയാവുന്ന ഏറ്റവും ആദ്യത്തെ ആദിമ-ഭൌതികവാദിയുമായിരുന്ന (proto-materialist) അജിത കേശകംബല യഥാർത്ഥത്തിൽ തീവ്രവിരക്തിയെ ഒരു കൾട്ട്‌ (cult) തന്നെയാക്കി മാറ്റിയിരുന്നു. സാംഖ്യദർശനവും ഇന്ദ്രിയസുഖ-പക്ഷവാദികളെന്നുവിളിച്ചു പരിഹസിക്കപ്പെട്ടു. സാംഖ്യദർശനത്തെ ഗൌരവമായി സമീപിക്കുന്ന ഒരു പഠിതാവും ഒരിക്കലും ഈ അസംബന്ധം കേട്ടെന്നുനടിച്ചില്ല. എന്നാൽ, ഭാരതീയ ദർശനത്തെക്കുറിച്ച്‌ ഇന്നു പാഠപുസ്തകം ചമയ്ക്കുന്നവർ ചാർവാകചിന്തയെക്കുറിച്ച്‌ അടിസ്ഥാനരഹിതമായ ഈ ആരോപണം നിരന്തരം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. 


12. പല എഴുത്തുകാരും പ്രചരിപ്പിക്കുന്ന മറ്റൊരു തെറ്റിദ്ധാരണ ചാർവകാരിൽത്തന്നെ പലയിനം ശാഖകൾ ഉണ്ടായിരുന്നു എന്നാണ്‌ - മനസ്സാണ്‌ ആത്മാവെന്നു കരുതുന്നവർ, ജീവശ്വാസമാണ്‌ ആത്മാവെന്നു വിശ്വസിക്കുന്നവർ, അല്ല പഞ്ചേന്ദ്രിയങ്ങളാണ്‌ ആത്മാവെന്നു വിവക്ഷിക്കുന്നവർ, എന്നിങ്ങനെ വിവിധഇനം ചാർവാകർ. അത്തരം വീക്ഷണങ്ങൾ നമ്മുടെ പൊതുകാലഘട്ടതിനുമുമ്പ്‌ (CE - Common Era) ഒരുപക്ഷെ സാധാരണമായിരുന്നിരിക്കാം; പല ഉപനിഷത്തുകളിലും അവയെക്കുറിച്ച്‌ പരാമർശങ്ങളുണ്ട്‌. എന്നിരുന്നാലും, അത്തരം വീക്ഷണങ്ങൾ ചാർവാകപൂർവ്വം (pre-carvaka) മാത്രമായിരുന്നില്ല, ദാർശനികപൂർവവുമായിരുന്നു (pre-philosophical). ചാർവാക/ലോകായത ദർശനം ചിട്ടപ്പെടുത്തിയ ഒരു ദാർശനിക വ്യവസ്ഥയായി മാറുന്നത്‌ പിന്നെയും എത്രയോ കഴിഞ്ഞാണ്‌. ഈ ദാർശനികവ്യവസ്ഥയുടെ പ്രയോക്താക്കൾ അത്തരം പ്രാക്സ്രോതസ്സുകളിൽനിന്ന്‌ വല്ലതും സ്വീകരിച്ചിരുന്നുവോ എന്നതിന്‌ യാതൊരു തെളിവുമില്ല. ഭൂതചൈതന്യവാദം അല്ലെങ്കിൽ ദേഹാത്മവാദം മാത്രമായിരുന്നു ചാർവാകരുടെ ദാർശനിക സിദ്ധാന്തം. ഏകാത്മകമായ ഒരു ദർശനവ്യവസ്ഥയായിരുന്നു ചാർവാകരുടേതെങ്കിലും അവയുടെ പരമ്പരാഗത വ്യാഖ്യാനങ്ങൾ സമാനമായിരുന്നില്ല; അവരുടെ വ്യാഖ്യാതാക്കൾ ചില സൂക്തങ്ങളുടെ കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നില്ല. 

13. ചാർവാകസൂത്രത്തിൻറെ വ്യാഖ്യാതാക്കളെല്ലാവരും ചാർവാകർതന്നെയായിരുന്നില്ല. ചിലരൊക്കെ ന്യായദർശനത്തിൻറെ അനുചരരായിരുന്നു; ന്യായദർശനത്തിൻറെതിനുപുറമെ, ചാർവാകസൂത്രത്തിൻറെ ഭാഷ്യങ്ങളും അവെരെഴുതി. സ്വാഭാവികമായും, ചാർവാക പാരമ്പര്യത്തിനു തികച്ചും അന്യമായ സങ്കീർണമായ പല ന്യായദർശന പദാവലികളും അവർ തങ്ങളുടെ ഭാഷ്യങ്ങളിൽ അവതരിപ്പിച്ചു. എന്നിരുന്നാലും, ഈ വ്യാഖ്യാതാക്കളുടെ പൊതുവായ ഒരു ഗുണം, ഒരടിസ്ഥാന പ്രമാണത്തോടുള്ള ഉറച്ച കൂറായിരുന്നു - ജീവസ്സുറ്റ ശരീരത്തിൻറെ ബോധാവസ്ഥമാത്രമാണ്‌ ആത്മാവെന്നും പ്രത്യക്ഷജ്ഞാനത്തിൻറെ അഭാവത്തിലുള്ളതോ വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയതോ ആയ അനുമാനം (inference) അസാധുവാണെന്നുമുള്ള പ്രമാണം. 


14. ചുരുക്കത്തിൽ, CE ആറാം നൂറ്റാണ്ടുവരെ സൂത്ര-ഭാഷ്യ ശൈലിയിൽ (മൂലവാക്യവും അതിൻറെ വ്യാഖ്യാനവും) ചിട്ടപ്പെടുത്താതിരുന്ന ആദിമ-ഭൌതികവാദ (proto-materialist) വീക്ഷണങ്ങളുടെ പരിപൂർണ്ണാവസ്ഥയായാണ്‌ ചാർവാക/ലോകായത ദർശനം ഉദയം ചെയ്തത്‌. വ്യർഥമായ, വേദാംഗീകാരമുള്ള മതാചാരങ്ങളെ വിമർശിച്ചവരും ബ്രാഹ്മണ പുരോഹിതർക്ക്‌ പാരിതോഷികം നൽകാൻ വിസമ്മതിച്ചവരുമായ ചില സ്വതന്ത്രചിന്തകരുടെ ആശയങ്ങളായാണ്‌ നമുക്കിടയിൽ ഇന്നവ അറിയപ്പെടുന്നത്‌. സ്വർഗ്ഗ-നരകങ്ങളിലും, അതുകൊണ്ടുതന്നെ അനശ്വരമായ ആത്മാവിലും, ഈ ആദ്യകാല ഭൌതികവാദികൾ വിശ്വസിച്ചിരുന്നില്ല. ചാർവാക/ലോകായത-ദർശനത്തിനു മുമ്പുള്ള ഭൌതികവാദചിന്തയ്ക്കു ഇതുമാത്രമേ വിഷയമായിരുന്നുള്ളൂ. സാത്താശാസ്ത്രപരമായ പ്രശ്നങ്ങളായിരുന്നു അവരുടെ മുഖ്യ ചിന്താവിഷയം. അവരുടെ പിന്തുടർച്ചക്കാരായിവന്ന, അവരുടെ ചിന്തയെ സ്വാംശീകരിച്ച, ചാർവാക/ലോകായത ദർശനത്തിനു അവരുടെ സംഭാവനയും ഇതായിരുന്നു. ജ്ഞാനശാസ്ത്രപരമായ പ്രശ്നങ്ങളും അവരുടെ ചിന്തയ്ക്കു വിഷയമായിരുന്നിരിക്കാം, പക്ഷെ അതിനു നമ്മുടെ മുമ്പിൽ തെളിവുകളേതുമില്ല. 

15. കാപാലികരുമായോ ബംഗാളിലെ സഹജീയർ, ബൌലുകൾ (Sahajiyā-s, Bāul-s, etc) തുടങ്ങിയ അറിയപ്പെടാത്ത ചില നാടോടി-കൾട്ടുകളുമായൊ (folk-cults) ചാർവാകർക്ക്‌ വല്ല സാദൃശ്യവുമുണ്ടായിരുന്നോ എന്നത്‌ കീറാമുട്ടിയായ ഒരു പ്രശ്നമാണ്‌. ജ്ഞാനമാർഗങ്ങളിൽ പ്രത്യക്ഷജ്ഞാനത്തിൻറെ പരമപ്രാധാന്യം, വേദം, വർണ്ണവ്യവസ്ഥ, ലിംഗ വിവേചനം എന്നിവയോടുള്ള എതിർപ്പ്‌ , തുടങ്ങിയ ചില ആശയങ്ങൾ ചാർവാകരിൽനിന്നോ അവരുടെ പൂർവികരിൽനിന്നോ ഇവർ സ്വീകരിച്ചിരിക്കാനിടയുണ്ട്‌. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, ഈ കൾട്ടുകളെല്ലാംതന്നെ ഗുരുക്കന്മാരെ ആശ്രയിച്ചുള്ളതും തങ്ങളുടെ ആശയങ്ങൾ നാടൻപാട്ടുകളിലാക്കി പാടിനടന്നവരും (ദാർശനികചിന്തകൾ എഴുത്തിലൂടെ അവതരിപ്പിച്ചവരല്ല) ശൈവരോ, വൈഷ്ണവരോ, ശാക്തരോ ആയ ഏതെങ്കിലുമൊരു വിഭാഗവുമായി ബന്ധപ്പെട്ടവരോ ആയിരുന്നു. മഹാ പാരമ്പര്യങ്ങളുമായി (Great Tradition) ചില കാര്യങ്ങളിൽ അവർക്കു സാമ്യതയുണ്ടെങ്കിലും, കൊച്ചു പാരമ്പര്യത്തിലെ ‘അപരരായി’ (‘other’ belonging to the Little Tradition) അവർ സ്വയം സംഘടിച്ചു. ബ്രാഹ്മണ പൌരോഹിത്യവർജ്യം, വ്യവസ്ഥാപിത തീർത്ഥാടന കേന്ദ്രങ്ങളോടുള്ള വൈമനസ്യം, ഗ്രാമോത്സവങ്ങളിൽ തങ്ങളുടേതു മാത്രമായ ഒത്തുചേരൽ എന്നീ കാര്യങ്ങളിൽ ഇവർ മഹാ മതപാരമ്പര്യങ്ങളിൽനിന്നും വ്യത്യസ്തരാകുന്നു. എന്നാൽ, ചാർവാകർ മഹാപാരമ്പര്യത്തിൻറെഭാഗമായിരുന്നു: അവർ സംസ്കൃതത്തിൽ, പ്രാദേശിക ഭാഷയിലല്ല, ഒരു സൂത്ര (सूत्र - sūtra) സംശോധനം ചെയ്യുകയും അതിൻറെ ഭാഷ്യങ്ങൾ ചമയ്ക്കുകയും ചെയ്തു. ചുരുക്കത്തിൽ, ഇവ രണ്ടും വ്യത്യസ്തമായ രണ്ടു പാരമ്പര്യങ്ങളുടെ ഭാഗമായിരുന്നു - അവരുടെ ലക്ഷ്യവും പലപ്പോഴും വ്യത്യസ്തമായിരുന്നു. വാസ്തവിക ജ്ഞാനത്തിലായിരുന്നു (തത്ത്വ) ചാർവാകർക്ക്‌ താത്പര്യമെങ്കിൽ, കൊച്ചു പാരമ്പര്യത്തിലെ കൾട്ടുകൾ മുക്തിക്കുവേണ്ടി ദാഹിച്ചു. വെറും വിശ്വാസത്തിലടിസ്ഥിതമായ സകല ആചാരങ്ങളെയും ചാർവാകർ നിരാകരിച്ചപ്പോൾ, കൾട്ടുകളുടെ അനുയായികൾ തങ്ങളുടെ ഗുരുക്കന്മാരുടെ ഉപദേശാനുസാരം വളരെ വിപുലമായ ആരാധനാക്രമങ്ങൾ അഥവാ സാധനാക്രമങ്ങൾ (സാധന-പദ്ധതി), ചിട്ടപ്പെടുത്തി. ഒരേ സമീപനത്തിൻറെ രണ്ടു രീതികളെന്നുവിളിച്ചു സമരസപ്പെടുത്താനാകാത്തവിധം ഇവ്വിധം അടിസ്ഥാനപരമായ പൊരുത്തക്കേടുള്ളവയായിരുന്നു ഇവ രണ്ടും. മൈത്രീ (മൈത്രായാനി അല്ലെങ്കിൽ മൈത്രായനീയ) ഉപനിഷദ്‌ സാക്ഷ്യപ്പെടുത്തുന്നതുപോലെ ഉപനിഷദ്‌ കാലഘട്ടത്തിലും സാന്നിദ്ധ്യമുണ്ടായിരുന്നു ഈ കൊച്ചു പാരമ്പര്യ കൾട്ടുകൾക്ക്‌. മിക്കവാറും, ഈ രണ്ടു പാരമ്പര്യങ്ങളൂടെയും ഉത്ഭവം ഒരേ സ്രോതസ്സിൽനിന്നുമായിരിക്കണം; എന്നാൽ രണ്ടു വ്യത്യസ്ത ശാഖകളായി പിന്നീടവ വേർപിരിഞ്ഞു - ഒന്ന്‌, തികച്ചും യുക്തിവാദപരവും നാസ്തികവും, മറ്റത്‌, യുക്തിവിരുദ്ധവും ആസ്തികവും. ചാർവാക/ലോകായത ഒരു ദർശനമാണ്‌, മറിച്ചു ബ്രാഹ്മണിക വിരുദ്ധമായ നാടോടി കൾട്ടുകൾ ബ്രാഹ്മണിക (വൈദിക) പാരമ്പര്യത്തിനുപുറത്തുള്ള വിശ്വാസികളുടെ ഒരു ചങ്ങാതിക്കൂട്ടവും. അവരുടെ സമീപനരീതികളിൽ ചില സാദൃശ്യങ്ങലുണ്ടെങ്കിലും (ഉദാഹരണമായി, പ്രത്യക്ഷജ്ഞാനത്തിൻമേലുള്ള ഊന്നൽ, വേദപ്രാമാണ്യത്തിൻറെ നിഷേധം, ബ്രാഹ്മണ പൗരോഹിത്യത്തിൻറെ നിരസനം, എന്നിവ) അവർ രണ്ടു വ്യത്യസ്ത മണ്ഡലങ്ങളില്പ്പെട്ടവരായിരുന്നു. തത്ത്വചിന്തയേയും മതവിശ്വാസത്തെയും തുല്യനിലയിൽ കാണരുത്‌. 

രാമകൃഷ്ണ ഭട്ടാചാര്യ കൊൽകൊത്ത യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകനും യൂനിവേഴ്സിറ്റി ഗ്രാന്ര്സ്‌ കമ്മിഷനിലെ Emeritus Fellow യുമായിരുന്നു. ഇപ്പോഴദ്ധേഹം കൊൽകൊത്തയിലെ Pavlov Institute ലെ Fellow ആണ്‌. ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷണപരവും അല്ലാത്തതുമായ ആനുകാലികങ്ങളിൽ ഭാരതീയ-യൂറോപ്യൻ സാഹിത്യം, തത്ത്വചിന്ത (പ്രത്യേകിച്ചും, ചാർവാക/ലോകായത ദർശനം, ഭൌതികവാദം, യുക്തിവാദം എന്നിവയെക്കുറിച്ച്‌) ഇംഗ്ലീഷിലും ബംഗാളിയിലും ലേഖനങ്ങലെഴുതുന്നു. 

അദ്ദേഹത്തിൻറെ Email വിലാസം: ramkrishna.bhattacharya@gmail.com 

ഈ ലേഖനത്തിൻറെ ഇംഗ്ലീഷിലെഴുതിയ മൂലലേഖനം ഇവിടെ വായിക്കാം: Materialism in India: a Synoptic View 

ഭാഷാന്തരം: മനോജ്‌
(തുടരും...)

Sunday, December 16, 2012

യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല-2



മനോജിന്റെ ബ്ലോഗ്..
ചാർവാക ചിന്ത 
ഭാരതത്തിലെ ഭൌതികവാദ ചിന്ത: ഒരു സംക്ഷിപ്ത വീക്ഷണം 

രാമകൃഷ്ണ ഭട്ടാചാര്യ 

0. ഇക്കാലത്ത്‌ പലരും സൂര്യനുതാഴെയുള്ള ഏതു വിഷയത്തെക്കുറിച്ച്‌ അറിയാൻ ശ്രമിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ഒരു പുസ്തകം തിരഞ്ഞുനോക്കുന്നതിനു പകരം, ഇൻറെർനെറ്റിനെ ആശ്രയിക്കുകയാണ്‌ പതിവ്‌. അവിടെയോ, ചാർവാക/ലോകായത തത്ത്വചിന്തയുമായി ബന്ധപെട്ട നൂറുകണക്കിന്‌, ഒരു പക്ഷെ ആയിരക്കണക്കിനുതന്നെ, ഫയലുകൾ ഉണ്ട്‌ താനും. ദു:ഖകരമെന്നുപറയട്ടെ, സദുദ്ദേശത്തോടുകൂടി എഴുതിയതെങ്കിൽതന്നെയും ഇവയിൽ മിക്കതും വേണ്ടത്ര അറിവില്ലാതെ എഴുതപ്പെട്ടതും വഴിതെറ്റിക്കുന്നരീതിയിലുള്ളതുമായ ലേഖനങ്ങളാണ്‌. ഞാൻ ദശകങ്ങളായി ഭാരത്തിലെ ഭൌതികവാദ തത്ത്വചിന്തയുടെ ചരിത്രത്തെക്കുറിച്ചു ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്‌. (കൂടുതൽ അറിയാൻ എൻറെ Studies on the Carvaka/Lokayata, Firenze (Florence): Societa Editrice Fiorentina, 2009 കാണുക. ഒരു സംക്ഷിപ്തവിവരണത്തിന്‌ എൻറെ “LokayataDarśana and a Comparative Study with Greek materialism” in: Materialism and Immaterialism in India and the West: Varying Vistas, ed. Partha Ghose, New Delhi: Centre for the Studies on Civilizations, 2010, pp. 21-34). എന്ന ലേഖനത്തിൽ വായിക്കാവുന്നതാണ്‌). അതുകൊണ്ട്‌ ഈ വിഷയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദുരീകരിക്കേണ്ടത്‌ അത്യാവശ്യമാണെന്നു ഞാൻ കരുതുന്നു. 


1. ‘ചാർവാക/ലോകായത’ എന്നത്‌ ഭാരതത്തിൽ യുഗങ്ങളായി നിലനിന്നുപോരുന്ന സകല തരത്തിലുള്ള ഭൌതികവാദ ചിന്തകളുടേയും ഒരു “വാണിജ്യമുദ്ര” (brand-name) അല്ല. ബുദ്ധൻറെകാലം മുതലേ (BCE 6/5 നൂറ്റാണ്ട്‌) അല്ലെങ്കിൽ അതിനുംമുമ്പുതന്നെയോ നിരവധി ആദിമ-ഭൌതികവാദികൾ (proto-materialist) ഭാരതത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിൽകാലത്ത്‌ ‘ചാർവാക/ലോകായത’ എന്ന്‌ എന്നറിയപ്പെട്ട തത്ത്വചിന്താപദ്ധതി (system) CE ആറാം നൂറ്റാണ്ടിനു മുൻപ്‌ നിലനിന്നിരുന്നില്ല. CE എട്ടാം നൂറ്റാണ്ടുമുതൽ മാത്രമാണ്‌ ‘ചാർവാക’ എന്ന പേര്‌ ഭൌതികവാദ-ചിന്താശാഖയുമായി (materialist school) ബന്ധപ്പെടുത്തി ഉപയോഗിച്ചുവന്നത്‌ (ശാന്തരക്ഷിതൻ, ശങ്കരൻ തുടങ്ങിയവർ തുടർന്നും ലോകായത എന്നുതന്നെ വിളിച്ചു). എന്നിരുന്നാലും, CE എട്ടാം നൂറ്റാണ്ടിനുശേഷം രണ്ടുപേരുകളും ഒരേ തത്ത്വചിന്താപദ്ധതിയെ രേഖപ്പെടുത്താൻ ഉപയോഗിച്ചുവന്നു. വൈദിക സാഹിത്യത്തിലെവിടെയും ഈ രണ്ടുപേരുകളും കണ്ടുവരുന്നില്ല. പാലി ഭാഷയിലും സംസ്കൃതത്തിലുള്ള ബൌദ്ധകൃതികളിലും ‘ലോകായത’ എന്ന പദത്തിനർത്ഥം ‘ഭൌതികവാദം’ എന്നല്ല, ‘തർക്ക ശാസ്ത്രം’ (science of disputation) എന്നോ, അല്ലെങ്കിൽ കൂടുതൽ സ്അങ്കുചിതാർത്ഥത്തിൽ, ‘തർക്കലക്ഷ്യം’ (point of dispute) എന്നോ ആണ്‌. ഈ പദത്തിനു അർത്ഥവ്യക്തതയില്ല. ഭൌതികവാദചിന്തയുടെ വക്താക്കൾ, ഒരു ഇരട്ടപ്പേര്‌ (nickname) എന്നനിലയിൽ, സ്വയം ചാർവാക എന്നു വിശേഷിപ്പിച്ചിരിക്കാൻ കാരണംകാണുന്നുണ്ട്‌. മഹാഭാരതത്തിൽനിന്നുമായിരിക്കണം ഈ പദം അവർ സ്വീകരിച്ചിരിക്കുക; ആ പേരിലുള്ള രാക്ഷസനു ഭൌതികവാദചിന്തയുമായി ഒരു ബന്ധവുമില്ലെങ്കിൽത്തന്നെയും. 


2. ഭാരതത്തിൽ ഇന്നുവരെ നമുക്കറിയാവുന്ന വ്യവസ്ഥിതമായ ഒരേയൊരു ഭൌതികവാദ തത്ത്വചിന്ത ചാർവാക/ലോകായത ചിന്ത മാത്രമാണ്‌. ചിലതരത്തിലുള്ള ഭൌതികവാദ ചിന്ത പ്രകടിപ്പിച്ചിരുന്ന ആദിമ-ഭൌതികവാദികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു; എന്നാൽ അവരുടെ ആശയങ്ങൾ ചാർവാകരുടേതുപോലെ സൂക്തങ്ങളായി (aphorisums) ചിട്ടപ്പെടുത്തിയിരുന്നില്ല. ഉപനിഷത്തുകളിലും പാലിയിലും പ്രാകൃതത്തിലും യഥാക്രമം എഴുതപ്പെട്ട ബുദ്ധ, ജൈന ധർമശാസ്ത്രകൃതികളിലും അവയുടെ ആഖ്യാനങ്ങളിലും രാമായണത്തിലെ ജാബാലിയുമായി ബന്ധപ്പെട്ട കഥയിലും മഹാഭാരതത്തിലെ മോക്ഷധർമ-പർവാദ്ധ്യായങ്ങളിലും ചില പുരാണങ്ങളിലും (പ്രത്യേകിച്ച്‌ വിഷ്ണുപുരാണം, പദ്മപുരാണം എന്നിവയിൽ) മണിമേഖല തുടങ്ങിയ പഴയ തമിഴുകൃതികളിലും ചാർവാകർക്ക്‌ മുമ്പുള്ള ആദിമ-ഭൌതികവാദ ആശയങ്ങൾ കാണാവുന്നതാണ്‌. ഇവയെയൊന്നുംതന്നെ ചാർവാക/ലോകായത തത്ത്വചിന്തയുമായി താരതമ്യം ചെയ്യാവുന്നതല്ല. മേല്പ്പറഞ്ഞ കൃതികളിൽ രേഖപ്പെടുത്തപ്പെട്ട ചില ആശയങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആദിമ-ഭൌതികവാദചിന്തയുടെ പ്രകാശനങ്ങൾ തന്നെയാണെങ്കിലും മറ്റുചിലവയുടെ പ്രമാണ്യത (authenticity) സംശയാസ്പദമാണ്‌. രാമായണത്തിലും ചില പുരാണങ്ങളിലും ചാർവാകരെയും ബൗദ്ധ-ജൈന ചിന്തകരെയും വേദനിരാസകർ (defilers of Veda) എന്ന അർത്ഥത്തിൽ നാസ്തികർ എന്ന ഒരൊറ്റ ശാഖയുടെ വക്താക്കളായി ചിത്രീകരിക്കുകയും അവരുടെ ആശയങ്ങളെ പരസ്പരം ആരോപിക്കുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്‌. 


3.1 സായനമാധവ അഥവാ മാധവാചാര്യ അഥവാ വിദ്യാരണ്യ അഥവാ സർവദർശന സംഗ്രഹം എന്ന ഗ്രന്ഥത്തിലെ പ്രഥമാധ്യായം എഴുതിയ വ്യക്തി ആരായിരുന്നാലും, അദ്ദേഹത്തിന്‌ ബൃഹസ്പതി എന്ന ഒരു ഐതിഹ്യ കഥാപാത്രത്തെയൊഴിച്ച്‌ ഒരൊറ്റ ആധികാരിക വ്യക്തിയെയോ ഏതെങ്കിലും ഒരു ലോകായത ഗ്രന്ഥത്തിലെ ഒരു വാചകംപോലുമോ ഉദ്ധരിക്കാനവത്തവിധം ചാർവാക/ലോകായത ചിന്തകരുടെ മുഴുവൻ ഗ്രന്ഥങ്ങളും CE പതിനാലാം നൂറ്റാണ്ടിനു മുമ്പുതന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിരുന്നാലും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഇശ്വരചന്ദ്ര വിദ്യാസാഗർ എഡിറ്റുചെയ്തു 1853-1858ൽ കൊൽകൊത്തയിലെ Asiatic Society പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിനു മറ്റേതൊരു കൃതിയേക്കാളും കൂടുതൽ സ്വാധീനമാണ്‌ ലഭിച്ചത്‌. എന്നാൽ, ചാർവാകരുടേതെന്ന പേരിൽ ഈ സംഗ്രഹത്തിൽ ഉദ്ധരിച്ച പല വചനങ്ങളിലേയും ചില വരികൾ ബോധപുർവ്വം വളച്ചൊടിക്കപ്പെട്ടവയാണെന്ന്‌ കാണാൻ കഴിയും. ഉദാഹരണമായി, ഒരു വചനത്തിലെ യഥാർഥ വരികൾ ഇതാണ്‌: “ജീവിക്കുന്നകാലം സസന്തോഷം ജീവിക്കുക; മരണത്തിനുശേഷം ഒന്നും തന്നെയില്ല”. മറ്റെല്ലാ ഗ്രന്ഥങ്ങളിലും (ഏതാണ്ട്‌ പതിമൂനോളം കൃതികളിൽ) ഈ വചനങ്ങൾ ആരീതിയിൽ തന്നെയാണ്‌. എന്നാൽ ഈ സംഗ്രഹത്തിൽ അവസാനവരി ഇപ്രകാരം മാറ്റി: “കടമെടുത്തും നെയ്യ്‌ പാനം ചെയ്യുക”. ഇപ്രകാരം തീർത്തും വക്രീകരിക്കപ്പെട്ട ഈ വരികളാണ്‌ വിദ്യാസമ്പന്നരായ ഇന്ത്യയിലെ പലർക്കും ഒരുപക്ഷെ അന്യദേശീയർക്കും ചാർവാക/ലോകായത ചിന്തയുടെ ചുരുക്കം. ഈ സംഗ്രഹം തന്നെ ഒരു അധ്യായത്തിൻറെ തുടക്കത്തിൽ യഥാർത്ഥ വരികൾതന്നെ ഉദ്ധരിക്കുകയും എന്നാൽ അതേ അധ്യായത്തിൻറെ അവസാന ഭാഗത്തിൽ വക്രീകരിക്കപ്പെട്ട വരികൾ ഉദ്ധരിക്കുകയും ചെയ്യുന്നുഎന്നത്‌ രസകരമാണ്‌. 


3.2 എന്നിരുന്നാലും, മീമാംസ, വേദാന്തം, ന്യായ, വൈശേഷിക എന്നിവയുടെ രീതിയിൽത്തന്നെയാണ്‌ ചാർവാക/ലോകായത ചിന്തയും വികസിച്ചതെന്നു ഭൌതികവാദ വിരുദ്ധ തത്ത്വചിന്തകരുടെ ഗ്രന്ഥങ്ങൾ ഉദ്ധരിക്കുകയോ പരാവർത്തനം ചെയ്യുകയോ ചെയ്ത ചാർവാക/ലോകായത വചനങ്ങളിൽനിന്നു വ്യക്തമാണ്‌. ഇതിനർത്ഥം: 


(a) ഓർമയിൽ സൂക്ഷിക്കാൻ തക്കവണ്ണം എഴുതപ്പെട്ട സൂക്തങ്ങളുടെ (സൂത്രങ്ങൾ) സഞ്ചികയായ ഒരു അടിസ്ഥാന ഗ്രന്ഥമുണ്ടായിരുന്നു. 


(b) ഈ സൂക്തങ്ങളുടെ വിശദീകരണം എന്നനിലയിലാണ്‌ നിരവധി ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും എഴുതപ്പെട്ടത്‌. 


(c) മേല്പ്പറഞ്ഞവയ്കുപ്പുറമേ, മറ്റു നിരവധി വചനങ്ങളും ചാർവകരുടേതായി ഉദ്ധരിക്കപ്പെടാറുണ്ട്‌. ഈ നീതിവക്യങ്ങളിൽ ചിലത്‌ മതാചാരങ്ങളെ, പ്രത്യേകിച്ച്‌ ബലിച്ചടങ്ങുകളെ, പരിഹസിക്കുന്നവയും മരണത്തെ അതിജീവിക്കുന്ന ശരീരബാഹ്യയായ ഒരാത്മാവിനെ നിഷേധിക്കുന്നവയുമാണ്‌. എന്നാൽ മറ്റുചിലത്‌, ഒരുപക്ഷെ, ബൌദ്ധ-ജൈന ചുറ്റുപാടുകളിൽനിന്ന്‌ ഉദ്ഭവിച്ചതായിരിക്കാൻ സാദ്ധ്യതയുണ്ട്‌. ആചാരപരമായ ഹിംസയെ (വൈദിക ചടങ്ങുകളിലെ മൃഗബലിയെ) അപലപിക്കുന്നവയും സസ്യേതര ഭക്ഷണരീതിയെ നിരസിക്കുന്നവയുമായവയ്ക്ക്‌ മറ്റേതൊരു ശാഖയെക്കാളും ബൌദ്ധ-ജൈന ചിന്തയുമായിട്ടാണ്‌ കൂടുതൽ അടുപ്പം. വൈവാഹിക ബന്ധങ്ങളെയും മാംസഭക്ഷണത്തെയും ഒരേസമയം നിരസിച്ച ചില ഭൌതികവാദികൾ ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്‌. എങ്കിൽ, ലൈംഗിക അസന്മാർഗികളെന്നും മദ്യ-മാംസ ലഹരിയിൽ അഭിരമിച്ചവരെന്നും ചാർവകരെ അധിക്ഷേപിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ ജൈന എഴുത്തുകാരനായ ഗുണരത്നൻറെ ആരോപണത്തിൻറെ ശക്തി കുറയും. 


3.3 ജയരാശി ഭട്ടൻറെ തത്ത്വോപപ്ലവസിംഹ ഒരു ചാർവാക/ലോകായത ഗ്രന്ഥമല്ല: പ്രമാണം (ജ്ഞാനമാർഗം) തീർത്തും സാദ്ധ്യമല്ലെന്നു വാദിച്ച തികച്ചും വ്യത്യസ്തമായ ഒരു ചിന്താ ശാഖയെയാണ്‌ ഈ കൃതി പ്രതിനിധാനം ചെയുന്നത്‌. മറിച്ച്‌, പ്രമാണത്തെയും അനുബന്ധ വിഷയങ്ങളെയും (ജ്ഞാനം, ജ്ഞാനി, ജ്ഞാന വസ്തു - knowlede, knower, and the object to be known ) ചാർവാക ചിന്തകർ സ്വീകരിച്ചിരുന്നു. ചാർവകരുടെ ഇന്നവശേഷിക്കുന്ന ഒരേയൊരു കൃതിയെന്നുതന്നെ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്ന ഇലി ഫ്രാങ്കോ (Eli Franco) തുടങ്ങിയവർപോലും ഇതൊരു ഭൌതികവാദ കൃതിയാണെന്ന്‌ അവകാശപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ഭാരതത്തിലെ ഭൌതികവാദ ചിന്തയെക്കുറിച്ചുള്ള പഠനത്തിൽ ഈ കൃതിക്ക്‌ പ്രസക്തിയില്ല. 


4. ചാർവാക/ലോകായത ചിന്തകരുടെ അടിസ്ഥാന വിശ്വാസങ്ങൾ ഇവയാണ്‌: (i)പുനർജന്മത്തിൻറേയും പരലോകത്തിൻറേയും (സ്വർഗ്ഗവും നരകവും) അനശ്വരനായ ആത്മാവിൻറെയും നിഷേധം, (ii​‍ാമതാചാരങ്ങളുടെ ഫലപ്രാപ്തിയിലുള്ള അവിശ്വാസം, (iii) സ്രഷ്ടാവായ ഒരു ദൈവത്തിൻറേയോ ഒരു അഭൌതിക ശക്തിയുടെയോ സാന്നിദ്ധ്യമില്ലാതെ പ്രപഞ്ച സൃഷ്ടി സാദ്ധ്യമാണെന്ന തിരിച്ചറിവ്‌, (iv)ബോധമല്ല, പദാർത്ഥമാണ്‌ പ്രാഥമികമെന്നും അതുകൊണ്ടുതന്നെ ആത്മാവല്ല, മനുഷ്യ ശരീരമാണ്‌ പ്രാഥമികമെന്നുമുള്ള വിശ്വാസം, (v​‍ാമറ്റു ജ്ഞാനമാർഗങ്ങളെ അപേക്ഷിച്ച്‌ പ്രത്യക്ഷജ്ഞാനമാണ്‌ പ്രാഥമികമെന്നും, വിശുദ്ധ ഗ്രന്ഥങ്ങളുടെയല്ല, മറിച്ചു പ്രത്യക്ഷജ്ഞാനത്തിൻറെ പിൻബലത്തിൽ മാത്രമേ അനുമാനം തുടങ്ങിയവ സ്വീകാര്യമാവു എന്നുമുള്ള വാദം. 


മേല്പ്പറഞ്ഞവയിൽ, ആദ്യത്തെ മൂന്നും ചാർവാക/ലോകായത ചിന്തകരുടെ സത്താശാസ്ത്രവും (ontology) തുടർന്നുള്ളവ അവരുടെ ജ്ഞാനശാസ്ത്രവുമാണ്‌ (epistomology). ചാർവാകരുടെ നീതിശാസ്ത്രത്തെക്കുറിച്ച്‌ (ethics) ആകെ പറയാവുന്നത്‌, സന്യാസത്തിൽ അവർ വിശ്വസിച്ചിരുന്നില്ലെന്നും, പരലോകമെന്നൊന്ന്‌ ഇല്ലാത്തതിനാൽ, ഇഹലോകത്തിൽ സുഖം തേടാൻ അവർ ഉപദേശിച്ചിരുന്നുവെന്നും മാത്രമാണ്‌. അവരുടെ ഈ ഉപദേശം, അനിയന്ത്രിതമായ സുഖലോലുപതക്കായുള്ള ശുപാർശയായി ദുർവ്യാഖ്യാനം ചെയ്തു. ചാർവകരുടെ സാമൂഹ്യവീക്ഷണത്തെക്കുറിച്ച്‌ പറയുകയാണെങ്കിൽ, അവർ ലിംഗവിവേചനത്തിനും വർണവ്യവസ്ഥക്കും എതിരായിരുന്നു [കൃഷ്ണ മിശ്രയുടെ പ്രബോധ-ചന്ദ്രോദയയും ( അംഗം 2, പദ്യം 18) ശ്രീഹർഷൻറെ നൈഷധ-ചരിതവും (പർവ്വം 17, പദ്യം 40, 42, 58) കാണുക]. വിധി-കർമ വിശ്വാസത്തിലല്ല, മനുഷ്യപ്രയത്നത്തിൽ അവർ വിശ്വസിച്ചു. 
(തുടരും..)

Monday, December 10, 2012

യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല


യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല. എന്നാൽ, യുക്തി ഉപയോഗിക്കുന്നതിന്റെ ശതമാനത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നേയുള്ളൂ. ബുദ്ധി പരിണാമ വിധേയമായി രൂപപ്പെട്ടു വന്നിട്ടുള്ളതിനാൽ താഴെക്കിടയിലുള്ള ജീവികളിലും യുക്തിയുടെ മിന്നലാട്ടങ്ങൾ കാണാം. യുക്തി മനുഷ്യന്റെ കുത്തകയല്ലെന്ന് ചുരുക്കം. അത്‌ അതിജീവനത്തെ സഹായിക്കുന്ന കാതലായ ഒരു ഘടകം കൂടിയാണ്‌.
അന്ധവിശ്വാസികൾ യുക്തി ഉപയോഗിക്കുന്നത് തങ്ങളുടേതൊഴികെ മറ്റെല്ലാം യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനാണ്‌. യുക്തിവാദികളും ഇത് തന്നെയാണ്‌ പറയുന്നതെങ്കിലും യുക്തിവാദികൾ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എല്ലാത്തിനും ഒരേ പോലെ ഉപയോഗിക്കും. വിശ്വാസികൾക്ക് അതിന്‌ കഴിയാറില്ല. (ഇത് പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട്)

യുക്തിവാദം പിന്നെയും പലതാക്കാവുന്നതാണ്‌. യുക്തിവാദികൾ യുക്തിവാദം എല്ലാറ്റിനും പരിഹാരം എന്ന് കാണുന്നു, ആശയത്തെ പൂർണമായും തള്ളിക്കളയുന്നു (ഇതത്രശരിയാണോ) അതിനാൽ മാർകിസ്റ്റുകാർ അതിനെ കേവല യുക്തിവാദം എന്ന് വിളിച്ചു. എന്നാൽ, അവരാകട്ടെ സാമ്പത്തിക അസമത്വം ഇല്ലാതാക്കിയാൽ എല്ലാറ്റിനും പരിഹാരമായി എന്ന സാമ്പത്തിക ന്യൂനീകരണത്തിൽ ഊന്നുകയും ചെയ്യുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ തുടങ്ങിയവ സാമ്പത്തികമായി പരിഹരിക്കാനാവില്ല (ഞാനോ മാർക്സോ അങ്ങനെ പറഞ്ഞു എന്ന് ആരെങ്കിലും കരുതിയാൽ അത് വിഡ്ഡിത്തമാണെന്ന് ഏൻഗൽത്സ് സൂചിപ്പിച്ചിട്ടുണ്ട് എങ്കിലും) എന്നത് വസ്തുതയാണ്‌. ഉദാഹരണത്തിന്‌ ഒരു ഹരിജന്‌ നമ്പൂതിരിയുടെ തുല്ല്യമായതോ അധികമോ സമ്പത്തുണ്ടായാലും സമൂഹത്തിന്റെ ദ്ര്ഷ്ടിയി ഹരിജൻ ഹരിജനായി തന്നെ തുടരും. സ്ത്രീകൾ, മറ്റ് ന്യൂനപക്ഷങ്ങളിലൊക്കെ ഈപ്രശ്നമുണ്ട്.


ഇന്ത്യയിൽ നിലനിന്നിരുന്ന ദർശനങ്ങളിൽ അധികവും യുക്തിവാദവുമായി ബന്ധപ്പെട്ടതാണ്‌. ഏതാണ്ടെല്ലാം എന്ന് തന്നെ പറയാം. ലോകായതം, സാംഖ്യം, വൈശേഷികം, മീമാംസ, ന്യായം, വേദാന്തം തുടങ്ങിയ ഷഡ് ദർശനങ്ങളിൽ അഞ്ചും യുക്തിയെ ആശ്രയിച്ചുള്ളവയാണ്. ഇന്ത്യയുടേത് ആത്മീയവാദപരമായ പാരമ്പര്യമാണെന്ന ഡോ. എസ് രാധാക്ര്ഷ്ണനെ പോലുള്ളവരുടെ വാദം യുക്തിക്ക് നിരക്കുന്നതല്ല. മറിച്ച് യുക്തിയുടേതാണ് താനും

ചാർവാക ദർശനം അഥവാ ലോകായതം (പൗരാണിക ഹേതുവാദം) എന്നത്‌ ബൃഹപതി മഹർഷിയുടെ ദർശനമായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഭാരതീയ ദർശനങ്ങളിൽ ഏറ്റവും പ്രാചീനമായതത്രെ ലോകായതം. എന്നാൽ, ബൃഹസ്പതിയുടേതെന്ന്‌ പറയാവുന്ന ഒരു കൃതിയും ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ചാർവാക ദർശനങ്ങളിൽ ഇന്ന്‌ കാണുന്ന എല്ലാ​‍ ഉദ്ധരണികളും മറ്റുള്ളവർ, ലോകായതത്തിന്റെ ശത്രുക്കൾ അവരെ കളിയാക്കാനും ഇല്ലാതാക്കാനും ഉദ്ദേശിച്ച്‌ എടുത്തുചേർത്തിട്ടുള്ളവയുമാണ്‌. എന്ന് പറഞ്ഞാൽ അവ കേട്ടറിവിൽ നിന്നോ ഉദ്ധരണികളിൽ നിന്നോ ആണ്.  മാധവാചാര്യരുടെ സായന മാധവ (വിദ്യാരണ്യ അഥവാ സാർവദർശന സംഗ്രഹം) എന്ന ഗ്രന്ഥത്തിലെ ആദ്യ അദ്ധ്യായത്തിൽ പരാമർശിക്കപ്പെട്ട ഐതിഹ്യവ്യക്തിത്വമായ ബൃഹസ്പതി അല്ലാതെ ഏതെങ്കിലും ആധികാരികവ്യക്തിത്വങ്ങളോ തത്വ ചിന്താശകലങ്ങളോ ഒരു വാചകം പോലുമോ ലോകായത ദർശന സംബന്ധിയായി  ആറാം നൂറ്റാണ്ടിനു ശേഷം നില നിന്നിട്ടില്ല.
ചാർവാക ദർശനങ്ങൽ ബോധപൂർവം വളച്ചൊടിച്ചതിന്റെ ക്ളാസിക്കൽ തെളിവാണ്‌ അടിയിലത്തെ ശ്ളോകം.

“യാവജ്ജീവം സുഖം ജീവേത്‌
ഋണം കൃത്വാ ഘൃതം പിബേത്‌
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:”

ജീവിക്കുമ്പോൾ സുഖമായി ജീവിക്കുക. മരണശേഷം ഒന്നും തന്നെ ഇല്ല എന്ന അർത്ഥം വരുന്ന ഈ ശ്ളോകം ഏതാണ്ട്‌ 13 ഓളം ഗ്രന്ഥങ്ങളിൽ ഇതേപോലെ തന്നെ ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാൽ ഈശ്വര ചന്ദ്രവിദ്യാസാഗർ എഡിറ്റു ചെയ്ത്‌ ഗ്രന്ഥത്തിൽ തുടക്കത്തിൽ ഇത്‌ ഇങ്ങനെ ഉദ്ദരിച്ചെങ്കിലും ഒടുക്കം കടം വാങ്ങി നെയ്‌ പാനം ചെയ്യുക എന്നത് സുഖിച്ചു ജീവിക്കുക എന്നതിന് ഊന്നൽ നല്കുന്ന വിധം വളച്ചൊടിച്ചത്രെ. ഈ ഗ്രന്ഥത്തിന്‌ അതീവ ലോകശ്രദ്ധലഭിക്കയാൽ ചാർവാക ദർശനത്തെ പരിഹസിക്കാനായി ഇത്‌ ഉദ്ധരിക്കപ്പെടുന്നു. സുഖമായി ജീവിക്കുക എന്നത്‌ സുഖിച്ചു ജീവിക്കുക എന്ന്‌ വക്രീകരിച്ചു

=ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ്‌ കുടിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്പ്പിന്നെ പുനരുജ്ജീവനമെങ്ങനെയാണ്‌?


ബൃഹസ്പതിയുടേതായി വിശാലമായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നു എന്ന്‌ തന്നെ വേണം കരുതാൻ. പഴയകാല പല മനീഷികളും തങ്ങളുടെ ദർശനങ്ങളും വീക്ഷണങ്ങളും പകർത്തുന്നതിൽ വിമുഖരായിരുന്നു. പ്ളേറ്റോയെപോലുള്ള ഗ്രീക്ക്‌ തത്വജ്ഞാനികൾ തങ്ങൾ രേഖപ്പെടുത്തപ്പെടുന്നതിനെ ശക്തിയായി എതിർത്തിരുന്നു. രേഖപ്പെടുത്തപ്പെടുന്ന വചനങ്ങൾ ആത്മാവു നഷ്ടപ്പെട്ടവായാണെന്നായിരുന്നത്രെ അദ്ദേഹത്തിന്റെ നിരീക്ഷണം. ഇമ്മാതിരി ചിന്താധാരകൾ സൂക്ഷിച്ചിരുന്നവർ ഭാരതത്തിലും കാണണം. ആത്മീയതയ്ക്കും ആശയവാദത്തിനും ശക്തമായ അടിത്തറയുള്ള ഒരു സമൂഹത്തിൽ അതിനെതിരായി ഉയരുന്ന മുഴുവൻ ശബ്ദങ്ങളേയും പല്ലും നഖവും ഉപയോഗിച്ച്‌ അടിച്ചൊതുക്കുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ എല്ലാർഥത്തിലും എതിർക്കപ്പെടുകയും ഒതുക്കപ്പെടുകയും ചെയ്ത ഒരു ദർശനം അതിന്റെ എതിരാളികളാൽ എടുത്തുദ്ധരിക്കപ്പെടുമ്പോൾ എത്രമാത്രം വിശ്വസനീയമായിരിക്കും. എന്നാൽ ചിലകാര്യങ്ങൾ സത്യമാണ്‌. ലോകായതം (ഇന്ദ്രിയ ഗോചര പദാർഥ ലോകവാദം) തികച്ചും ഭൗതികവാദമായിരുന്നു. ആത്മീയവാദം ശക്തിപ്രാപിച്ച ഒരു സമൂഹത്തിൽ തങ്ങൾക്ക്‌ ആനുകൂല്യം കിട്ടുന്ന എല്ലാകാര്യങ്ങളും സത്യ സന്ധമായി തന്നെ അവർ പ്രചരിപ്പിക്കും. അതിനാൽ ലോകായതത്തിൽ പറയുന്ന ഭൗതികതയിൽ വെള്ളം ചേർത്തിട്ടില്ല എന്ന്‌ കരുതാം. ആത്മീയവാദത്തിന്‌ നേരെ എതിയരാവും ഭൗതികവാദം എന്നതിനാൽ അങ്ങനെ ചെയ്യേണ്ടകാര്യമില്ല. എന്നാൽ, മറ്റു പലതും അതിൽ കൂട്ടിച്ചേർത്തത്ത്‌ പരിഹസിക്കാനാവും. ചാർവാകം (ചാർവണം ചെയ്യുന്നതിന്‌ പ്രാമുഖ്യം കല്പ്പിക്കുന്നവർ അഥവാ ചവയ്ക്കുന്നതിന്‌ പ്രാധാന്യം കല്പ്പിക്കുന്നവർ എന്നും ചാരു= സുന്ദര, വാക = വാക്കുകളാൽ ആളുകളെ വഴിതെറ്റിക്കുന്നവർ എന്നും വിവക്ഷ) എന്ന പേരുപോലും ഉണ്ണുക, ഉറങ്ങുക, ഉണ്ണികളെ ഉണ്ടാക്കുക എന്ന്‌ പരിഹസിക്കാൻ പൗരോഹിത്യം സംഭാവന ചെയ്തതാണ്‌. ഭോഗത്തിന്‌ പ്രാധാന്യം കല്പ്പിക്കുന്നവർ എന്ന്‌. ശത്രുക്കാളാൽ എടുത്തുചേർക്കപ്പെട്ടവയെങ്കിലും അവയിൽ നിന്ന്‌ ഇങ്ങനെയായിരുന്നു ലോകായത ദർശനം എന്ന്‌ നമുക്ക്‌ ഊഹിക്കാനാവും. അവ സമാഹരീകരിച്ച്‌ ലോകയത ദർശനങ്ങൾ ഏതാണ്ടിങ്ങനെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്‌. (സത്താവാദവും ജ്ഞാനവാദവും)
(തുടരും ....)