Thursday, January 23, 2014

ചില ചോദ്യങ്ങൾ, മറുപടികൾ, മതവാദികളുടെ ചില അനലോഗികൾ

ചില ചോദ്യങ്ങൾ, മറുപടികൾ

യുക്തിവാദത്തിന്റെ ടൂളുകളെപറ്റി നേരത്തെ പ്രതിപാധിച്ചിട്ടുണ്ട്‌. അവയിൽ ചിലതാണു, 1) ഒരേ കാര്യങ്ങൾക്ക്‌ ഒരേ അളവുകോൽ ഉപയോഗിക്കുക. (വികല ന്യായങ്ങളെ തിരിച്ചറിയുക എന്ന് ചുരുക്കം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഇവിടെ സൂചിപ്പിച്ചത്)

 2)സ്ഥലത്തിലും കാലത്തിലും നിന്ന്‌ വസ്തുതകളെ പരിശോധിക്കുക. 
3)- ഗുണദോഷങ്ങളെ വിവേചിച്ച് മെച്ചമായതിനെ സ്വീകരിക്കുക. (ഒന്നിൽ തന്നെ അടങ്ങിയിരിക്കുന്ന ഗുണ ദോഷങ്ങൾ)
ഇവയുടെ വെളിച്ചത്തിൽ ചില മതപരമായ നിലപാടുകളെ വിലയിരുത്തുകയാണിവിടെ.

അ)- കെ എൻ എം ന്റെ വേദിയിൽ ഒരാൾ യുക്തിയുഗം മാസികയിൽ രാജഗോപാൽ വാകത്താനം യുക്തിവാദികളുടെ മക്കളെ യുക്തിവാദത്തിന്റെ മാർഗ്ഗത്തിൽ വളർത്തണമെന്നും വ്യക്തിസ്വാതന്ത്ര്യം എന്ന മുട്ടാപ്പോക്ക്‌ അതിനു തടസ്സമാകരുതെന്നും എഴുതിയിരിക്കുന്നു. എന്നാൽ, സി. രവിചന്ദ്രൻ തന്റെ പ്രസംഗത്തിൽ മതങ്ങൾ അവരുടെ മാർഗ്ഗത്തിൽ ചെറുപ്പത്തിലെ വളർത്തുന്നതിനാൽ അന്ധതയുടെ ജലജീവികളായി ആളുകൾ മാറുകയും അവരുടെ സമൂഹം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതു വൈരുദ്ധ്യമല്ലേ എന്ന്‌ ചോദിക്കുന്നുണ്ട്‌. ഉത്തരം പറയേണ്ടയാൾ അത്‌ യുക്തിവാദികൾ പറയേണ്ട മറുപടിയാണെന്ന്‌ പറഞ്ഞു യുക്തിവാദികൾക്ക്‌ ഇത്‌ പാസ്സ്‌ ചെയ്യുന്നു (ഇവിടെ ഉദ്ധരിച്ച പേരുകൾ, മാസിക എന്നിവ അപ്രസക്തമാണു)
ആദ്യമേ പറയട്ടെ ഞാൻ ചോദ്യകർത്താവിനോട്‌ പൂർണ്ണമായും യോജിക്കുന്നു. എന്നുപറഞ്ഞാൽ ഇപ്പറഞ്ഞത്‌ തികച്ചും യുക്തിവിരുദ്ധവും യുക്തിവാദത്തിന്റെ ടൂളുകൾ ഉപയോഗിക്കുന്നതിൽ വന്ന പരാജയവുമാണു. അയാൾ എത്രവലിയ യുക്തിവാദിയായാലും ശരി. യുക്തിവാദത്തിന്റെ തലത്തിൽ നില്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഗതി കുഴയും. യുക്തിവാദിയുടെ വാദങ്ങൾ യുക്തിഭദ്രമാകണം.

ചിലർക്കെങ്കിലും യുക്തിവാദം മതമാണു. മതങ്ങളുടെ സമൂഹവും ആ സമൂഹം നയിക്കപ്പെടുന്നത്‌ മതങ്ങളുടെ ആശയങ്ങളാലുമാവുമ്പോൾ അങ്ങനെ യുക്തിവാദത്തെയും ചിട്ടപ്പെടുത്തിയാലോ എന്ന്‌ തോന്നുന്നത്‌ സ്വാഭാവികം. പക്ഷെ അവിടെ യുക്തി ചോർന്നു പോകുകയും അതായത്‌ അതിലുള്ള വൈരുദ്ധ്യം കാണാതെ പോവുകയും ചെയ്യുമ്പോൾ പിന്നെന്ത്‌ യുക്തിവാദം? യുക്തിവാദം വളരെ വ്യക്തിപരമായ ഒരു അനുഭവമാണു. അത്‌ തലച്ചോറിൽ രൂപപ്പെടേണ്ട ഒരു സ്ഫോടനമാണ്‌. അത്‌ വളർത്തിയെടുക്കൽ കൊണ്ട്‌ ഉത്പാദിപ്പിക്കാനാവില്ല. വളർത്തിയെടുക്കൽ കൊണ്ട്‌ നിങ്ങൾക്ക്‌ കുറേ യുക്തിവാദി അനുയായികളെ കിട്ടുമായിരിക്കും. അളവിൽ വർദ്ധനയുണ്ടാകും എന്നത്‌ ശരിയായിരിക്കാം. എന്നാൽ ഗുണപരമായി ആ സമൂഹം മതത്തിൽ നിന്നും വിഭിന്നമായിരിക്കില്ല.

ഇന്ന്‌ കാണുന്ന സകല യുക്തിവാദികളും മതത്തിന്റെ ചട്ടക്കൂട്ടിൽ വളർന്നവരാണ്‌. മതപരമായ നല്ല ചട്ടക്കൂടുകളിൽ വളർന്ന ആളുകൾ എന്തേ യുക്തിവാദികളായി മാറിപ്പോകുന്നു? കാരണം യുക്തിവാദം തലച്ചോർ ഉപയോഗിച്ച്‌ ചെയ്യേണ്ടുന്ന ഒരു നിരന്തരമായ മൂല്യനിർണ്ണയന പരിപാടിയാണു. യുക്തിവാദം വ്യക്തിസ്വാതന്ത്ര്യത്തിനു പരമപ്രാധാന്യം കൊടുക്കുന്നതിനാൽ വ്യക്തികളുടെ തീരുമാനങ്ങളിൽ ഇടപെടരുത്‌. അത്‌ മുട്ടാപ്പോക്കല്ല. ഒന്നിലും തൊടാതെ വളർത്തണം എന്ന്‌ പറയാവുന്നതാണു. അയാൾ തീരുമാനിക്കട്ടെ എന്താവണമെന്ന്‌. എന്നാൽ ഇതിൽ ഒരു പ്രശ്നമുള്ളത്‌ അവൻ വളർന്നു വരുന്ന ചുറ്റുപാടും മതേതരമാവേണ്ടതുണ്ട്‌. അല്ലാതെ മതാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വളർന്നു വരുന്ന ഒരു കുട്ടി മതപരമായ ആശയങ്ങളാൽ നയിക്കപ്പെടില്ല എന്ന്‌ പറയാനാവില്ല. കാരണം ഏതൊരു സമൂഹവും നയിക്കപ്പെടുന്നത്‌ അതിൽ മേൽകൈ ഉള്ള ആശയങ്ങളാലാവും. അതൊന്നും ഇല്ലാത്ത ഒരു സമൂഹം നമുക്ക്‌ ആവശ്യമാണെന്ന്‌ വാദിക്കാം.

ഇവിടെ മതങ്ങളെ നിർണ്ണയിക്കാനുപയോഗിക്കുന്ന അളവുകോൽ യുക്തിവാദികളെ നിർണ്ണയിക്കാൻ ഉപയോഗിക്കാനാവുന്നില്ല എന്ന പരാജയമാണു ഈ ലേഖനകർത്താവിനു സംഭവിച്ചത്‌. (യുക്തിവാദം തലച്ചോറിൽ ഉണ്ടാകേണ്ടപരിവർത്തനമാണു എന്ന വാദത്തിനു ഉപോത്ഭലകമായത്‌ നോം ചോംസ്കിയുടെ യൂണിവേർസൽ ഗ്രാമർ സിദ്ധാന്തമാകുന്നു)

ആ)- അതേ  സിഡിയിൽ പ്രവാചകന്റെ വിവാഹങ്ങളെ പരിഹസിക്കുന്ന തരത്തിൽ ആരോ ചോദിച്ച (ചോദ്യം ഞാൻ കേട്ടില്ല. ഇത്‌ പല യുക്തിവാദികളും വിമർശകരും പലപ്പോഴും ഉന്നയിക്കുന്നതാകയാൽ ആ പ്രത്യേക സ്ഥലത്തുള്ള ചോദ്യം അപ്രസക്തമാണു) ചോദ്യത്തിനു നിച്‌ ഒഫ്‌ ട്രൂതിലെ ഒരാൾ പറയുന്ന മനോഹരമായ മറുപടിയുടെ സംഗ്രഹം ഇതാണു. പ്രവാചകന്റെ വിവാഹങ്ങൾ സ്ഥലത്തിലും കാലത്തിലും നിന്ന്‌ പരിഗണിക്കുമ്പൾ ഒരു തെറ്റുമില്ല. ഉണ്ടായിരുന്നെങ്കിൽ അക്കാലത്തെ വിമർശകർ ഇതുന്നയിക്കുമായിരുന്നു. യുക്തിവാദത്തിന്റെ ഉപകരണം ഉപയോഗിച്ച്‌ അദ്ദേഹം പറഞ്ഞ മറുപടിയിൽ ഞാൻ പരിപൂർണ്ണ തൃപ്തനാണു. ഞാൻ അദ്ദേഹത്തോട്‌ യോജിക്കുന്നു. എന്നാൽ യോജിക്കാത്ത കാര്യം വേറെയാണു. സ്ഥലത്തിലും കാലത്തിലും നിന്ന്‌ പ്രവാചകന്റെ വിവാഹങ്ങൾ ശരിയാണെന്ന്‌ പറയുന്ന, ഇന്നത്തെ കാലത്തു നിന്നു നോക്കുമ്പോഴാണു അത്‌ തെറ്റാവുന്നതെന്നു വിശദീകരിക്കുന്ന താങ്കൾ എല്ലാകാലത്തേയ്ക്കുമുള്ള, എല്ലാ സ്ഥലത്തേക്കുമുള്ള നിയമങ്ങൾ അടങ്ങിയിരിക്കുന്നു എന്ന്‌ പറയുന്ന ഗ്രന്ഥത്തെ എങ്ങനെ അംഗീകരിക്കും? ഈ അളവുകോൽ വെച്ചു അതു തെറ്റാവില്ലേ? 1500 കൊല്ലം മുൻപുള്ള കാലത്തെ നിയമങ്ങൾ, അറേബ്യയിലെനിയമങ്ങൾ ഇക്കാലത്ത്‌ ആസ്ഥലത്ത്‌ പോലും യോജിക്കുമോ? അവിടത്തെ വസ്ത്രധാരണ രീതി, സാമൂഹ്യനിയമങ്ങൾ, സ്വത്തവകാശനിയമങ്ങൾ ഒക്കെ ലോകം മൊത്തം സകല കാലത്തേക്കും എന്ന്‌ പറയുന്നത്‌ ശരിയാവുമോ? മേലെ വെച്ച അളവു കോൽ ഇവിടെയും വെയ്ക്കണ്ടെ? ഈ ചോദ്യം അവിടെ കൂടിയ യുക്തിവാദികൾക്ക്‌ ചോദിക്കാനാവുന്നില്ല. അവർ ഈ ഉപകരണങ്ങളെ കുറിച്ചു ബോധവന്മാരാകുന്നില്ല.

മതവാദികളുടെ ചില അനലോഗികൾ
മതം ധാരാളം അനലോഗികൾ അഥവാ ഉദാഹരണങ്ങൾ ഉപയോഗിക്കാറുണ്ട്‌ തങ്ങളുടെ വാദങ്ങൾക്ക്‌ ഉപോത്ഭലകമായി. അവയുടെ സാധുത പരിശോധിക്കുകയാണിവിടെ. ഇവ ചില യുക്തിവാദികളെയെങ്കിലും അതിശയിപ്പിച്ചിരിക്കാം.

അനലോഗി: 1)- ഒരു സിഡിയിൽ ശ്രീ അയ്യൂബ്‌ മൗലവി ജമാഅത്ത്‌ ഇസ്ളാമിയുടെ ഒരാളുമായി നടത്തിയ സംവാദത്തിൽ (മുഹമ്മദ്‌ വേളം) മഹ്ശറ ഉണ്ട്‌ എന്നത്‌ തന്നെ ദൈവം സർവജ്ഞാനിയാണെന്നതിനു വിരുദ്ധമല്ലേ എന്ന ചോദ്യം അയ്യൂബ്‌ മൗലവി ഉന്നയിക്കുന്നുണ്ട്‌. അതിന്റെ ഉത്തരത്തിൽ മറ്റെയാൾ ഉപയോഗിക്കുന്ന ഒരു അനലോഗിയുണ്ട്‌. ജഡ്ജി നേരിട്ട്‌ മുഴുവനായും അറിയാവുന്ന ഒരു കേസ്സിൽ പോലും വിചാരണ കൂടാതെ ശിക്ഷവിധിക്കുന്നത്‌ ജനാധിപത്യ മര്യാദയാണോ എന്ന്‌. ശരിയാണു വിചാരണ കൂടാതെ ഒരാളെ ശിക്ഷിക്കരുത്‌. ഇതിനു തുല്ല്യമായ മറ്റൊരു അനലോഗി ഞാൻ നേരത്തെ കേട്ടത്‌ കൂടി പകർത്തുന്നു. ഒരു രാജ്യത്തു ഭൂകമ്പമുണ്ടാകുമ്പോൾ അത്‌ മതവിരുദ്ധരായ ചിലരുടെ പ്രവർത്തനത്തിലുള്ള ദൈവകോപമാണെന്ന്‌ ചിലർ അവകാശപ്പെടാറുണ്ട്‌. (ആരാണു ദൈവകോപത്തെ പറ്റി ഇവർക്ക്‌ വഹിയ്യ്‌ ഇറക്കിയതെന്ന്‌ അറിയില്ല). ചോദ്യം ഇതാണു. ദൈവം സർവജ്ഞനെങ്കിൽ അത്തരം ആളുകളെ തെരഞ്ഞു പിടിച്ചു നശിപ്പിച്ചാൽ പോരെ? എന്തിനാണു ഒരു രാജ്യത്തെ മുഴുവൻ ആളുകളേയും ശിക്ഷിക്കുന്നത്‌?

ഉത്തരം, താങ്കളുടെ ശരീരത്തിൽ ഉറുമ്പിൻ കൂട്ടം കയറി ഒന്നോ രണ്ടോ കടിച്ചാൽ താങ്കൾ അവയെ തെരഞ്ഞുപിടിച്ചു നശിപ്പിക്കുമോ അതല്ല ഒന്നിച്ച്‌ ഉരച്ചുകളയുമോ?

ഈരണ്ട്‌ മറുപടികളും വളരെയധികം ഭൗമികമായിപ്പോയി. ഈ രണ്ട്‌ ഉത്തരങ്ങളും ഖുർആന്റെ വിധിപ്രകാരം ഇസ്ളാമിൽ നിന്നു പുറത്താകുന്ന ഉത്തരങ്ങളാണു. ദൈവത്തെ ആരും കണ്ടിട്ടില്ല. പിന്നെ ദൈവത്തിന്റെ പ്രവർത്തികളിലൂടെയാണു നമ്മെ അത്‌ ബോദ്ധ്യപ്പെടുത്തുന്നത്‌. ഖുർആൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു, ഭൂമിയിലുള്ള ഒന്നിനോടും ഒരു തരത്തിലും ദൈവത്തെ നീ സാമ്മ്യപ്പെടുത്തരുത്‌. ഒരു ജ്ഞാനവും ഇല്ലാത്ത മനുഷ്യൻ ചെയ്യുന്ന പ്രവർത്തികൾക്ക്‌ സമമാണു തൃകാലജ്ഞാനിയായ ദൈവത്തിന്റെ പ്രവർത്തികളുമെങ്കിൽ പിന്നെ ദൈവമെന്തിനു? പിന്നെ മനുഷ്യനും ദൈവവും തമ്മിൽ എന്ത്‌ വ്യത്യാസം? നാം കാണുന്ന ദൈവത്തിന്റെ പ്രവർത്തികളത്രയും നമ്മെ പോലെ. എന്നാലൊ തൃകാലജ്ഞാനിയും. ദൈവം സർവജ്ഞാനിയാണു എന്ന `പ്രോപർടിയുടെ` മേലാണു ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്‌. എന്നാൽ ഉത്തരത്തിൽ ദൈവത്തിന്റെ സർവജ്ഞാനം നഷ്ടപ്പെട്ടുപോകുന്നു.

അന: 2)- സാധാരണ സകല ആളുകളും ഇപ്പോഴും എടുത്തുപയോഗിക്കുന്ന ഒന്നാണു `വാച്ച്‌ മേക്കർ`അനലോഗി. വില്ല്യം പാലി 1802 ൽ പ്രസിദ്ധീകരിച്ച `നാച്ച്വറൽ തിയോളജി` എന്ന ഗ്രന്ഥത്തിലാണു ആധികാരികമായി ഈ അനലോഗി ഉപയോഗിക്കുന്നത്‌. മറ്റു പലരൂപത്തിൽ പലരും ഈ അനലോഗി ഇപ്പോഴും ദൈവത്തിന്റെ അസ്ഥിത്വത്തിനായി എടുത്തു കാച്ചാറുണ്ട്‌. ഇത്രയും ഭംഗിയായി വിതാനിക്കപ്പെട്ട ഈ പ്രപഞ്ചതിനു അല്ലെങ്കിൽ നമ്മുടെ അവയവങ്ങൾക്ക്‌ ഒരു ഡിസൈനർ ഉണ്ടാവില്ലെ? അസാധ്യമാണത്‌. അങ്ങനെ സംഭവിക്കില്ല. അതിനാൽ യാദൃശ്ചികമായി ഈ പ്രപഞ്ചം സംഭവിക്കില്ല. ഈ വാദം ഉന്നയിക്കുന്ന മതവാദികൾ ചോദ്യം അവിടെ അവസാനിപ്പിക്കാറാണു പതിവു. ഫോർഡിന്റെ കാറുകൾ കണ്ടാൽ ചോദ്യം വരാം? ഈ കാർ നിർമ്മിച്ച ഒരു എഞ്ചിനീയർ ഉണ്ടാവില്ലേ. ഒരു കമ്പനിയുണ്ടാവില്ലേ? ഒരു ഉടമസ്ഥനുണ്ടാവില്ലേ? അയാൾക്കൊരു അച്ഛനുണ്ടാകില്ലേ? അമ്മയുണ്ടാകില്ലേ?. അതുപോലെ, ഈപ്രപഞ്ചത്തിനു ഒരു നിർമ്മാതാവുണ്ടാകില്ലേ എന്നു ചോദിക്കണം എന്ന്‌ പറയുന്നവർ അയാൾക്കൊരു അച്ഛനുണ്ടാകില്ലേ അമ്മയുണ്ടാക്ഇല്ലേ എന്ന ചോദ്യം നിഷേധിക്കുകയും ചെയ്യും. അങ്ങനെ ചോദിക്കാൻ പാടില്ല. അതെന്ത്‌ പരിപാടിയാ? ഒരു യന്ത്രം കാണുമ്പോൾ അത്‌ നിർമ്മിച്ച ഒരു എഞ്ചിനീയർ ഉണ്ടാകും എന്ന്‌ ചോദിക്കണം എന്ന്‌ യുക്തിവാദിയെ ഉപദേശിക്കുന്നയാൾ എഞ്ചിനീയർക്ക്‌ ഒരു അച്ഛനുണ്ടാകില്ലേ എന്നു ചോദിക്കാൻ പാടില്ല എന്ന്‌ പറയുന്നതിൽ ഉപയോഗിക്കുന്ന യുക്തി എന്താണു?
ഒരുവാച്ച്‌ നമുക്ക്‌ ചൊവ്വയിൽ നിന്നു കിട്ടിയാൽ തീർച്ചയായും ഇങ്ങനെ പലചോദ്യങ്ങളും ചോദിക്കാം. അത്‌ ഉപയോഗിച്ച ഒരാൾ, നമുക്ക്‌ മുൻപെ അവിടെ വന്ന ഒരാൾ, അതുണ്ടാക്കിയ കമ്പനി, വിറ്റ സ്ഥാപനം അങ്ങനെ പലതും. എന്നാൽ നമുക്ക്‌ ഒരു അമിനോ ആസിഡാണു കിട്ടുന്നതെങ്കിൽ ഈ ചോദ്യങ്ങൾ ഒക്കെ പ്രസക്തമാവുമോ?

അന:3)ഇത്രയും പറയുമ്പോൾ അടുത്ത ചോദ്യം വരും. എങ്കിൽ ഈ പ്രപഞ്ചം സ്വയം ഭൂ ആണെന്ന്‌ അല്ലെങ്കിൽ യാദൃശ്ച്ഛികം ആണെന്നാണോ താങ്കൾ പറയുന്നത്‌? ഒരു വാച്ചിന്റെ പാർട്സുകൾ എത്രകാലം ഒരു ഡബ്ബയിലിട്ടു കുലുക്കിയാലാണു അത്‌ ഒരു വാച്ചായി രൂപപ്പെടുക.?

ഈ പ്രപഞ്ചം സ്വയം ഭൂ ആണെന്നല്ല. എന്നാൽ ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ആയിത്തീരാനുള്ള ബലങ്ങൾ ഉൾചേർന്നിരിക്കുന്നു. അതിനു പുറത്ത്‌ നിന്നൊരു ഇടപെടൽ ആവശ്യമില്ല, സാധ്യവുമല്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ദ്രവ്യം/ഊർജ്ജം അനാദിയായി നിലകൊള്ളുന്നു. ഒരു വാച്ചിന്റെ പാർട്സുകൾ ഒരു ഡബ്ബയിലിട്ട്‌ കാലാകാലം കുലിക്കിയാലും ഒരു വാച്ചുണ്ടാകില്ല. എന്നാൽ വാച്ചിന്റെ പാർട്സുകൾ ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ അത്രയും അളവിൽ വർദ്ധിപ്പിച്ച്‌ കാലാകാലം കുലുക്കിയാൽ ഏതെങ്കിലും ഒരു പാർട്സു കൃത്യമായി അതിന്റെ സ്ഥാനത്ത്‌ വരാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇനി ഒരോ പാർട്സിനും അതാതിന്റെ സ്ഥനത്ത്‌ വരാനുള്ള ചില പ്രത്യേക കഴിവുകൾ/ബലങ്ങൾ നല്കിയാൽ ഒരു പക്ഷെ ഒരു വാച്ച്‌ രൂപപ്പെടാം. സാധ്യത വർദ്ധിക്കുന്നു. ആയിരക്കണക്കിനു ടൈപ്പുറൈറ്ററുകളുടെ മുകളിലൂടെ ഒരു കുരങ്ങിനെ നിരന്തരം ഓടിച്ചാൽ അർത്ഥമുള്ള ചില വാക്കുകളെങ്കിലും രൂപപ്പെടും. അവയ്ക്കിടെയിലെ ജങ്ക്‌ നീക്കം ചെയ്താൽ അതിൽ നിന്നും ഒരു ഷേക്സ്പിയർ കവിത വായിച്ചെടുക്കാം. (ഇതൊന്നും പരീക്ഷിക്കാനുള്ള വിദ്യ എന്റെ കയ്യിൽ ഇല്ലാത്തതിനാലാണു “വായിച്ചെടുക്കാം” എന്നൊക്കെ സന്ദേഹിക്കുന്നത്‌)

അനാദിയാണ്‌ ഈ പ്രപഞ്ചം എന്ന്‌ വിശ്വസിക്കുന്ന നിങ്ങൾക്ക്‌ ദൈവം അനാദിയാണെന്ന്‌ പറയുന്നത്‌ എന്ത്‌ കൊണ്ട്‌ വിശ്വസിച്ചുകൂടാ? അടുത്ത ചോദ്യം. (ഈ ചോദ്യം എ. ടി കോവൂർ പണ്ട്‌ നേരിട്ടത്‌ വേണ്ടത്ര യുക്തിഭദ്രമായില്ല എന്ന്‌ സാന്ദർഭികമായി സൂചിപ്പിക്കട്ടെ)
അനാദിയാണ്‌ ഈ കാണുന്ന പ്രപഞ്ചം എന്നല്ല, മറിച്ച്‌ ഇതിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം അനാദിയാണ്‌ എന്നാണ്‌. ഈ പ്രപഞ്ചമാവട്ടെ നിരന്തരമായ മാറ്റത്തിനു വിധേയമാണ്‌, ആയിരിക്കുകയും ചെയ്യും. അനാദിയാണു ദൈവം എന്നത്‌ ഒരു വിശ്വാസവും അനാദിയാണ്‌ ഊർജ്ജം എന്നത്‌ ഒരു ശാസ്ത്രവുമാണ്‌. എനിക്ക്‌ ഇതിന്‌ ഫിസിക്സിന്റെ പിൻബലമുണ്ട്‌. കണക്കിന്റെ പിൻബലമുണ്ട്‌. കേവലവിശ്വാസമല്ല അത്‌. ഈ പ്രപഞ്ചം ഇങ്ങനെ രൂപപ്പെടാനുള്ള ശക്തികൾ ഇതിനുള്ളിൽ തന്നെയുണ്ട്‌. അതാണ്‌ മേലെ സൂചിപ്പിച്ച ഊർജ്ജം. അത്‌ ഫിസിക്സ്‌ വെച്ച്‌ തെളിയിക്കാനും പറ്റും. അനാദിയായദൈവം എന്ന്‌ പറയാൻ പിൻബലമാകുന്ന ശാസ്ത്രമേതാണ്‌?

പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ടെന്ന്‌ വിശ്വസിക്കുന്ന താങ്കൾക്ക്‌ അത്‌ ദൈവമാണെന്ന്‌ സമ്മതിച്ചാലെന്താ?
ദൈവത്തിന്റെ `പ്രോപ്പർട്ടീസുമായി` ഈശക്തികൾക്ക്‌ ഒരു ബന്ധവുമില്ല. ഈ ശക്തികൾ പ്രാർത്ഥന കേൾക്കുന്നില്ല. ആരാധനകൾ ആവശ്യപ്പെടുന്നില്ല. മാലാഖമാരെ നിയന്ത്രിക്കുന്നില്ല. സ്വർഗനരകങ്ങൾ നിർമ്മിച്ച്‌ കാവലിരിക്കുന്നില്ല. പ്രവാചകന്മാരെ നിയോഗിക്കുന്നില്ല. ചെകുത്താനെ ശത്രുവായി കരുതുന്നില്ല. ഗ്രന്ഥങ്ങൾ പബ്ളിഷ്‌ ചെയ്യുന്നില്ല. ദൈനംദിന ജീവിതത്തിൽ ഇടപെടുന്നില്ല. സർവോപരി പരീക്ഷണനിരീക്ഷണങ്ങൾക്ക്‌ വിധേയമാണ്‌. ഇങ്ങനെ ഏതെങ്കിലും ഒരു ശക്തിയല്ലല്ലോ നിങ്ങളുടെ ദൈവം.

അന: 4)- ഞാൻ കേട്ടിട്ടുള്ള തികച്ചു വ്യത്യസ്ഥമായ ഒരു അനലോഗിയാണിത്‌. മനുഷ്യൻ സൃഷ്ടിച്ച ഏതെങ്കിലും ഒരു സൃഷ്ടി മനുഷ്യനെ മനസ്സിലാക്കിയിട്ടുണ്ടോ? കാർ, ബസ്സ്‌, എന്തിനു കമ്പ്യൂട്ടർ. ഇല്ല ഇതുപോലെ സൃഷ്ടാവിനെ മനസ്സിലാക്കാൻ അതിന്റെ സൃഷ്ടികൾക്ക്‌ കഴിയില്ല.
മനുഷ്യൻ നിർമ്മിച്ച ഏതെങ്കിലും ഒരു യന്ത്രത്തിൽ മനസ്സിലാക്കൽ എന്ന കഴിവു അടങ്ങിയിട്ടുണ്ടോ? അതുണ്ടാകുന്നവരെ ഈ അനലോഗി അപ്രസക്തമാണു.

അന: 5) ഗർഭാശയത്തിലെ ഇരട്ടകളുടെ സംവാദം (Twin debates) യുക്തിവാദി ഒരു വിഡ്ഡിയാണ്‌ എന്നു കാണിക്കാൻ സോഷ്യൽ മീഡിയകളിൽ നിറഞ്ഞാടുന്ന ഒർഉ ഉദാഹരണമാണ്‌. ഇരട്ടകളിൽ വിശ്വാസിയായ ആൾ യുക്തിവാദിയോട്‌ പറയുന്നു. “ബ്രൊ, ഈ കാണുന്നതിനപ്പുറം ഒരു ലോകമുണ്ട്‌.” എന്നാൽ, യുക്തിവാദിയായ മറ്റേ ആൾ അത്‌ അംഗീകരിക്കുന്നില്ല. കാരണം അതിനു തെളിവില്ലത്രെ. എന്നാൽ, യുക്തിവാദിയാണ്‌ ആ കുട്ടിയെങ്കിൽ (ഉദാഹരണത്തിന്റെ അതേ ഗ്രൗണ്ടിൽ നിന്നുതന്നെ വിശദീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌ എന്നതിനാൽ മറ്റ്‌ വിശകലനങ്ങൾ ഉപേക്ഷിക്കുന്നു) അവനാവും ആദ്യം പുറം ലോകത്തെപറ്റി വിശദീകരിക്കുക. കാരണം, അടിച്ചു പാമ്പായി വരുന്ന അച്ഛന്റെ ഒരു തൊഴി അവനു കിട്ടിയിരിക്കും. അമ്മ ചരിഞ്ഞു കിടന്നപ്പോൾ ഒരു ഞളുക്കം അവൻ അനുഭവിച്ചിരിക്കും. സ്വന്തം പൊക്കിളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പൈപുലൈൻ പുറത്തേക്കാണ്‌ പോകുന്നതെന്ന്‌ അവൻ മനസ്സിലാക്കിയിരിക്കും. ഇങ്ങനെ പുറത്തൊരു ലോകമുണ്ടെന്ന്‌ മനസ്സിലാക്കാൻ ആവശ്യമായ ഭൗതിക തെളിവുകൾ (ആവശ്യമായ ഭൗതിക തെളിവുകൾ അവന്റെ ചുറ്റുപാടിൽ ഉണ്ട്‌) നിരത്തി അവൻ അത്‌ സമർത്ഥിക്കും. “ബ്രൊ, പുറത്തൊരു ലോകമുണ്ട്‌, ഇതാ തെളിവുകൾ.” എന്നാൽ, വിശ്വാസിക്ക്‌ തെളിവ്‌ ആവശ്യമേയില്ല. അതിനാൽ യുക്തിവാദിയുടേത്‌ ശുദ്ധശാസ്ത്രവും വിശ്വാസിയുടേത്‌ വിശ്വാസവുമാണ്‌, നിഗമനങ്ങൾ ഒരുപോലെയാണെങ്കിലും രണ്ടും രണ്ടാണ്‌.
ദൈവമുണ്ടെന്ന്‌ കാണിക്കാനാണല്ലോ ഈ അഭ്യാസങ്ങൾ. എങ്കിൽ ദൈവത്തിൽ നിന്ന്‌ നമ്മിലേക്ക്‌ നീണ്ടു കിടക്കുന്ന പൊക്കിൾ കൊടിയെവിടെ, ദൈവം നമ്മെ നിയന്ത്രിക്കുന്ന ബലം എവിടെ? ദൈവം നമ്മെ നിയന്ത്രിക്കുന്നു എങ്കിൽ അതിന്‌ ഒരു ബലം കൂടിയേ കഴിയൂ. എങ്കിൽ അത്‌ ഫിസിക്സിനുവിശദീകരിക്കാനുമാവും. ആവണം