യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല. എന്നാൽ, യുക്തി ഉപയോഗിക്കുന്നതിന്റെ ശതമാനത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നേയുള്ളൂ. ബുദ്ധി പരിണാമ വിധേയമായി രൂപപ്പെട്ടു വന്നിട്ടുള്ളതിനാൽ താഴെക്കിടയിലുള്ള ജീവികളിലും യുക്തിയുടെ മിന്നലാട്ടങ്ങൾ കാണാം. യുക്തി മനുഷ്യന്റെ കുത്തകയല്ലെന്ന് ചുരുക്കം. അത് അതിജീവനത്തെ സഹായിക്കുന്ന കാതലായ ഒരു ഘടകം കൂടിയാണ്.
അന്ധവിശ്വാസികൾ യുക്തി ഉപയോഗിക്കുന്നത് തങ്ങളുടേതൊഴികെ മറ്റെല്ലാം യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനാണ്. യുക്തിവാദികളും ഇത് തന്നെയാണ് പറയുന്നതെങ്കിലും യുക്തിവാദികൾ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എല്ലാത്തിനും ഒരേ പോലെ ഉപയോഗിക്കും. വിശ്വാസികൾക്ക് അതിന് കഴിയാറില്ല. (ഇത് പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട്)
യുക്തിവാദം പിന്നെയും പലതാക്കാവുന്നതാണ്. യുക്തിവാദികൾ യുക്തിവാദം എല്ലാറ്റിനും പരിഹാരം എന്ന് കാണുന്നു, ആശയത്തെ പൂർണമായും തള്ളിക്കളയുന്നു (ഇതത്രശരിയാണോ) അതിനാൽ മാർകിസ്റ്റുകാർ അതിനെ കേവല യുക്തിവാദം എന്ന് വിളിച്ചു. എന്നാൽ, അവരാകട്ടെ സാമ്പത്തിക അസമത്വം ഇല്ലാതാക്കിയാൽ എല്ലാറ്റിനും പരിഹാരമായി എന്ന സാമ്പത്തിക ന്യൂനീകരണത്തിൽ ഊന്നുകയും ചെയ്യുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ തുടങ്ങിയവ സാമ്പത്തികമായി പരിഹരിക്കാനാവില്ല (ഞാനോ മാർക്സോ അങ്ങനെ പറഞ്ഞു എന്ന് ആരെങ്കിലും കരുതിയാൽ അത് വിഡ്ഡിത്തമാണെന്ന് ഏൻഗൽത്സ് സൂചിപ്പിച്ചിട്ടുണ്ട് എങ്കിലും) എന്നത് വസ്തുതയാണ്. ഉദാഹരണത്തിന് ഒരു ഹരിജന് നമ്പൂതിരിയുടെ തുല്ല്യമായതോ അധികമോ സമ്പത്തുണ്ടായാലും സമൂഹത്തിന്റെ ദ്ര്ഷ്ടിയി ഹരിജൻ ഹരിജനായി തന്നെ തുടരും. സ്ത്രീകൾ, മറ്റ് ന്യൂനപക്ഷങ്ങളിലൊക്കെ ഈപ്രശ്നമുണ്ട്.
ഇന്ത്യയിൽ നിലനിന്നിരുന്ന ദർശനങ്ങളിൽ അധികവും യുക്തിവാദവുമായി ബന്ധപ്പെട്ടതാണ്. ഏതാണ്ടെല്ലാം എന്ന് തന്നെ പറയാം. ലോകായതം, സാംഖ്യം, വൈശേഷികം, മീമാംസ, ന്യായം, വേദാന്തം തുടങ്ങിയ ഷഡ് ദർശനങ്ങളിൽ അഞ്ചും യുക്തിയെ ആശ്രയിച്ചുള്ളവയാണ്. ഇന്ത്യയുടേത് ആത്മീയവാദപരമായ പാരമ്പര്യമാണെന്ന ഡോ. എസ് രാധാക്ര്ഷ്ണനെ പോലുള്ളവരുടെ വാദം യുക്തിക്ക് നിരക്കുന്നതല്ല. മറിച്ച് യുക്തിയുടേതാണ് താനും
ചാർവാക ദർശനം അഥവാ ലോകായതം (പൗരാണിക ഹേതുവാദം) എന്നത് ബൃഹപതി മഹർഷിയുടെ ദർശനമായിട്ടാണ് അറിയപ്പെടുന്നത്. ഭാരതീയ ദർശനങ്ങളിൽ ഏറ്റവും പ്രാചീനമായതത്രെ ലോകായതം. എന്നാൽ, ബൃഹസ്പതിയുടേതെന്ന് പറയാവുന്ന ഒരു കൃതിയും ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ചാർവാക ദർശനങ്ങളിൽ ഇന്ന് കാണുന്ന എല്ലാ ഉദ്ധരണികളും മറ്റുള്ളവർ, ലോകായതത്തിന്റെ ശത്രുക്കൾ അവരെ കളിയാക്കാനും ഇല്ലാതാക്കാനും ഉദ്ദേശിച്ച് എടുത്തുചേർത്തിട്ടുള്ളവയുമാണ്. എന്ന് പറഞ്ഞാൽ അവ കേട്ടറിവിൽ നിന്നോ ഉദ്ധരണികളിൽ നിന്നോ ആണ്. മാധവാചാര്യരുടെ സായന മാധവ (വിദ്യാരണ്യ അഥവാ സാർവദർശന സംഗ്രഹം) എന്ന ഗ്രന്ഥത്തിലെ ആദ്യ അദ്ധ്യായത്തിൽ പരാമർശിക്കപ്പെട്ട ഐതിഹ്യവ്യക്തിത്വമായ ബൃഹസ്പതി അല്ലാതെ ഏതെങ്കിലും ആധികാരികവ്യക്തിത്വങ്ങളോ തത്വ ചിന്താശകലങ്ങളോ ഒരു വാചകം പോലുമോ ലോകായത ദർശന സംബന്ധിയായി ആറാം നൂറ്റാണ്ടിനു ശേഷം നില നിന്നിട്ടില്ല.
ചാർവാക ദർശനങ്ങൽ ബോധപൂർവം വളച്ചൊടിച്ചതിന്റെ ക്ളാസിക്കൽ തെളിവാണ് അടിയിലത്തെ ശ്ളോകം.
“യാവജ്ജീവം സുഖം ജീവേത്
ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:”
ജീവിക്കുമ്പോൾ സുഖമായി ജീവിക്കുക. മരണശേഷം ഒന്നും തന്നെ ഇല്ല എന്ന അർത്ഥം വരുന്ന ഈ ശ്ളോകം ഏതാണ്ട് 13 ഓളം ഗ്രന്ഥങ്ങളിൽ ഇതേപോലെ തന്നെ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഈശ്വര ചന്ദ്രവിദ്യാസാഗർ എഡിറ്റു ചെയ്ത് ഗ്രന്ഥത്തിൽ തുടക്കത്തിൽ ഇത് ഇങ്ങനെ ഉദ്ദരിച്ചെങ്കിലും ഒടുക്കം കടം വാങ്ങി നെയ് പാനം ചെയ്യുക എന്നത് സുഖിച്ചു ജീവിക്കുക എന്നതിന് ഊന്നൽ നല്കുന്ന വിധം വളച്ചൊടിച്ചത്രെ. ഈ ഗ്രന്ഥത്തിന് അതീവ ലോകശ്രദ്ധലഭിക്കയാൽ ചാർവാക ദർശനത്തെ പരിഹസിക്കാനായി ഇത് ഉദ്ധരിക്കപ്പെടുന്നു. സുഖമായി ജീവിക്കുക എന്നത് സുഖിച്ചു ജീവിക്കുക എന്ന് വക്രീകരിച്ചു
=ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്പ്പിന്നെ പുനരുജ്ജീവനമെങ്ങനെയാണ്?
ബൃഹസ്പതിയുടേതായി വിശാലമായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാൻ. പഴയകാല പല മനീഷികളും തങ്ങളുടെ ദർശനങ്ങളും വീക്ഷണങ്ങളും പകർത്തുന്നതിൽ വിമുഖരായിരുന്നു. പ്ളേറ്റോയെപോലുള്ള ഗ്രീക്ക് തത്വജ്ഞാനികൾ തങ്ങൾ രേഖപ്പെടുത്തപ്പെടുന്നതിനെ ശക്തിയായി എതിർത്തിരുന്നു. രേഖപ്പെടുത്തപ്പെടുന്ന വചനങ്ങൾ ആത്മാവു നഷ്ടപ്പെട്ടവായാണെന്നായിരുന്നത്രെ അദ്ദേഹത്തിന്റെ നിരീക്ഷണം. ഇമ്മാതിരി ചിന്താധാരകൾ സൂക്ഷിച്ചിരുന്നവർ ഭാരതത്തിലും കാണണം. ആത്മീയതയ്ക്കും ആശയവാദത്തിനും ശക്തമായ അടിത്തറയുള്ള ഒരു സമൂഹത്തിൽ അതിനെതിരായി ഉയരുന്ന മുഴുവൻ ശബ്ദങ്ങളേയും പല്ലും നഖവും ഉപയോഗിച്ച് അടിച്ചൊതുക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ എല്ലാർഥത്തിലും എതിർക്കപ്പെടുകയും ഒതുക്കപ്പെടുകയും ചെയ്ത ഒരു ദർശനം അതിന്റെ എതിരാളികളാൽ എടുത്തുദ്ധരിക്കപ്പെടുമ്പോൾ എത്രമാത്രം വിശ്വസനീയമായിരിക്കും. എന്നാൽ ചിലകാര്യങ്ങൾ സത്യമാണ്. ലോകായതം (ഇന്ദ്രിയ ഗോചര പദാർഥ ലോകവാദം) തികച്ചും ഭൗതികവാദമായിരുന്നു. ആത്മീയവാദം ശക്തിപ്രാപിച്ച ഒരു സമൂഹത്തിൽ തങ്ങൾക്ക് ആനുകൂല്യം കിട്ടുന്ന എല്ലാകാര്യങ്ങളും സത്യ സന്ധമായി തന്നെ അവർ പ്രചരിപ്പിക്കും. അതിനാൽ ലോകായതത്തിൽ പറയുന്ന ഭൗതികതയിൽ വെള്ളം ചേർത്തിട്ടില്ല എന്ന് കരുതാം. ആത്മീയവാദത്തിന് നേരെ എതിയരാവും ഭൗതികവാദം എന്നതിനാൽ അങ്ങനെ ചെയ്യേണ്ടകാര്യമില്ല. എന്നാൽ, മറ്റു പലതും അതിൽ കൂട്ടിച്ചേർത്തത്ത് പരിഹസിക്കാനാവും. ചാർവാകം (ചാർവണം ചെയ്യുന്നതിന് പ്രാമുഖ്യം കല്പ്പിക്കുന്നവർ അഥവാ ചവയ്ക്കുന്നതിന് പ്രാധാന്യം കല്പ്പിക്കുന്നവർ എന്നും ചാരു= സുന്ദര, വാക = വാക്കുകളാൽ ആളുകളെ വഴിതെറ്റിക്കുന്നവർ എന്നും വിവക്ഷ) എന്ന പേരുപോലും ഉണ്ണുക, ഉറങ്ങുക, ഉണ്ണികളെ ഉണ്ടാക്കുക എന്ന് പരിഹസിക്കാൻ പൗരോഹിത്യം സംഭാവന ചെയ്തതാണ്. ഭോഗത്തിന് പ്രാധാന്യം കല്പ്പിക്കുന്നവർ എന്ന്. ശത്രുക്കാളാൽ എടുത്തുചേർക്കപ്പെട്ടവയെങ്കിലും അവയിൽ നിന്ന് ഇങ്ങനെയായിരുന്നു ലോകായത ദർശനം എന്ന് നമുക്ക് ഊഹിക്കാനാവും. അവ സമാഹരീകരിച്ച് ലോകയത ദർശനങ്ങൾ ഏതാണ്ടിങ്ങനെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. (സത്താവാദവും ജ്ഞാനവാദവും)
(തുടരും ....)
വിക്ഞാനപ്രദം. തുടര്ന്നും പ്രതീക്ഷിക്കുന്നു.
ReplyDeleteഇതിനേക്കാൾ ആധികാരികമായി, മനോജ് എഴുതിയതിനെ കോപ്പി ചെയ്യാൻ വിചാരിക്കുന്നു, അടുത്ത ബ്ളോഗിൽ. രണ്ട് ദിവസം കഴിയട്ടെ.
Delete