Thursday, November 25, 2010

പരിണാമവാദത്തിലെ ചില അബദ്ധ ധാരണകൾ

രേഖീയ പരിണാമം
രേഖീയ പരിണാമം അനുസരിച്ച് പരിണാമം നേർരേഖയിലൂടെ സഞ്ചരിക്കുന്നു. ഒരു ജീവി ഒരു സുപ്രഭാതത്തിൽ വേറൊന്നയി പരിണമിക്കുന്നു. ഒരു കുരങ്ങമ്മ ഒരു സുപ്രഭാതത്തിൽ പ്രസവിച്ച ഒരു കുഞ്ഞ് മനുഷ്യന്റെ പോലുള്ള സ്വഭാവം കാണിക്കുന്നു. അതേപോലെ മുൻഗാമിയെക്കാൾ എന്തുകൊണ്ടും മികച്ചതാവണം അടുത്ത തലമുറ. അവ കടലിൽ നിന്ന് കരയിലേക്കും പിന്നെ വാനത്തിലേക്കും കുടിയേറിയിരിക്കണം. അന്ന് മുതൽ ആദ്യത്തെ തലമുറ വംശനാശം വന്നിരിക്കണം. ഇപ്പോഴും ഭൂരിഭാഗവും പരിണാമത്തെ ഇങ്ങനെയൊക്കെ പരിഗണിക്കുന്നു.

പ്രകൃതിനിർദ്ധാരണം (Natural selection)

പ്രകൃതിനിർദ്ധാരണം വിശദീകരിക്കുന്നതിന്‌ ഹെർബെർട്ട് സ്പെൻസറുടെ ഒരു വാചകം (survival of th fittest) പ്രയോജനപ്പെടുത്തുകയാണ്‌ ചാൾസ് ഡാർവിൻ. ഇത് പലതരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. survival of th fittestഅഥവാ യോജ്യമായവയുടെ അതിജീവനം എന്നു വരികിൽ യോജ്യമല്ലാത്തവ എങ്ങനെ പിന്നെയും നിലനില്ക്കുന്നു? വൈറസും ബാക്റ്റീരിയയും മുതൽ സകലതും ഇന്നും നിലനില്ക്കുന്നതെങ്ങനെ എന്നതാണ്‌ ചോദ്യം. എന്നാൽ ഇവയൊക്കെ ഇങ്ങനെ തന്നെയയിരുന്നു എന്നതിന്‌ എന്തു തെളിവാണുള്ളത്? പ്രകൃതിക്ക് അനുസൃതമായ 'സാധ്യതയുള്ള'  ജീവി നിലനില്ക്കും.  പ്രകൃതിനിർദ്ധാരണം (Natural selection) എനിക്ക് മനസ്സിലാകുന്നതിനായി ഞാൻ "സഹായകരമായ സാധ്യതകൾ" (Helping possibilities) എന്നു തിരുത്തുന്നു. 

പരിണാമവാദികൾ നേരിടേണ്ടിവരുന്ന ചില ചോദ്യങ്ങൾ
ഭൂമിയുടെ പ്രായം
ആദ്യകാല സൃഷ്ടിവാദികൾ പരിണാമം അസംബന്ധമാണെന്നതിന്‌ നിരത്തിയിരുന്ന തെളിവുകളിൽ പ്രധാനം ഭൂമിക്ക് ആറായിരം വർഷത്തിൽ കൂടുതൽ പ്രായമില്ല എന്ന ബൈബിൾ വെളിപാടുകളായിരുന്നു. ഉഷർ എന്ന പാതിരി ബൈബിൾ കാലഘട്ടങ്ങളിലൂടെ കണക്ക് കൂട്ടി ഭൂമിയുടെ സൃഷ്ടി നടന്നത് ബി. സി. 4004 ഒക്റ്റോബറിലാണെന്ന് കണ്ടെത്തുകയുണ്ടായി. അങ്ങനെയെങ്കിൽ പിരമിഡുകൾ (ബി. സി. 3500)നിർമ്മിക്കുമ്പോൾ അതിൽ ഭാഗവാക്കാകാവുന്ന ലോകജനസംഖ്യ വെറും 400 മാത്രമാവുമെന്ന് കെന്നത്ത് സലാഉദ്ദീൻ കണക്ക് കൂട്ടിയിട്ടുണ്ട്. ഭൂമിക്ക് 450 കോടി വർഷമെങ്കിലും പഴക്കമുണ്ടെന്നത് ഇന്ന് ഏതാണ്ടെല്ലാവരും അംഗീകരിച്ചിട്ടുണ്ട് ചില സൃഷ്ടിവാദികളും യുവഭൂമി വാദികളും ഒഴികെ. ഇവരിലും ശാസ്ത്രജ്ഞന്മാരുണ്ട്. ബോബ് ബൈലിനെ പോലെ. എങ്കിലും ഭൂമിയുടെ പ്രായം പരിണാമവാദത്തിനെതിരായി ഇക്കാലത്ത് അങ്ങനെ ആരും ഉന്നയിക്കാറില്ല.

തെർമോഡൈനാമിക്ക് നിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ
പരിണാമ സിദ്ധാന്തം ഊർജ്ജ തന്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങൾ, തെർമോഡൈനാമിക്ക് നിയമങ്ങൾ പോലുള്ള, അനുസരിക്കുന്നില്ല എന്നതാണ്‌ വേറൊരു വിമർശനം. ഈ നിയമമനുസരിച്ച് ഒരു സിസ്റ്റത്തിലെ മൊത്തം ഊർജ്ജത്തെ അതിനുള്ളിൽ മാത്രം ഒതുങ്ങിക്കൊണ്ട് വർധിപ്പിക്കാനാവില്ല. വസ്തുക്കൾ ക്രമത്തിൽ നിന്ന് ക്രമരഹിതമായ അവസ്ഥയിലേക്കും സങ്കീർണമായ അവസ്ഥയിൽ നിന്ന് ലളിതമായ അവസ്ഥയിലേക്കും മാറാനുള്ള പ്രവണത എപ്പോഴും കാണിക്കുന്നു. അതിനാൽ ഒരു ലളിതമായ ജീവതന്മാത്രയ്ക്ക് സങ്കീണമായ ജീവികളുടെ തലത്തിലേക്ക് പുറത്തുനിന്നുള്ള ഒരിടപെടൽ കൂടാതെ ക്രമമായമാറ്റം അസാധ്യമാണ്‌. ഡോ. ഡാന്വേ ഗ്വിഷ് തന്റെ സംവാദങ്ങളിൽ നിരന്തരം ഉന്നയിക്കാറുള്ളതാണ്‌ ഇത്.
ഇവർക്ക് പരിണാമ സിദ്ധാന്തമാണോ തെർമോഡൈനാമിക നിയമങ്ങളാണോ അറിയാതെ പോയത്? തെർമോഡൈനാമിക്ക് നിയമങ്ങൾ തെർമോഡൈനാമിക്കായി അടഞ്ഞ സിസ്റ്റത്തിലേ പ്രവർത്തിക്കുകയുള്ളൂ എന്നത് പോലുള്ള ചില നിബന്ധനകളെ ഈ വാദം പരിഗണിക്കുന്നില്ല. ഭൂമിയിലാണല്ലോ പരിണാമം നടന്നിട്ടുള്ളത്. ഭൂമി ഒരു അടഞ്ഞ സിസ്റ്റമല്ല. സൂര്യനെ പോലൊരു ഊർജ്ജസ്രോതസ്സ് ഒരു സെക്കന്റിൽ 53 ബില്ല്യൺ കിലോവാട്ട് ഊർജ്ജം ഭൂമിയിലേക്ക് പ്രവഹിപ്പിക്കുന്നു. ഇത് 5.8 മില്ല്യൺ വർഷത്തോളം തന്റെ വീടിനാവശ്യമായ വൈദ്യുതിയുടെ അത്രയും വരുമെന്ന് കെന്നത്ത് സലാഹുദ്ദീൻ. ക്രമം ക്രമരാഹിത്യത്തിലേക്കും സങ്കീർണം ലാളിത്യത്തിലേക്കും മാത്രമേ പോകൂ എങ്കിൽ പ്രപഞ്ചം ഇങ്ങനെ ആവുമായിരുന്നില്ല

ഭൂമി അടഞ്ഞ സിസ്റ്റമല്ല, എന്നാൽ പ്രപഞ്ചം അടഞ്ഞ സിസ്റ്റമാണ്‌ എന്ന് വിശ്വസിക്കുന്ന പരിണാമവാദികൾക്ക് അതിനുള്ളിലുള്ള തെർമോഡൈനാമിക നിരാസങ്ങളെ എങ്ങനെ വിശദീകരിക്കാനാവും എന്നായി ഡാൻഗ്വിഷ് (സലാഹുദ്ദീൻ ഗ്വിഷ് സംവാദം 1988)
ഇവിടെയും പല നിബന്ധനകളേയും ഗ്വിഷ് അവഗണിക്കുന്നു. പ്രപഞ്ചത്തിന്റെ പല അവസ്ഥകളിലും ഇന്ന് മനസ്സിലാക്കാപ്പെട്ട നിയമങ്ങളൊന്നും പ്രവർത്തിക്കുകയില്ല. അവയെല്ലാം ഭാഗിക നിയമങ്ങളാണ്‌. നമ്മൾ ഇന്നുവരെ മനസ്സിലാക്കിയ നിയമങ്ങളത്രയും പ്രപഞ്ചം ഒരു ഘട്ടം തരണം ചെയ്ത ശേഷം അതിന്നുള്ളിൽ നിന്നുള്ളവയാണ്‌. ഉദാഹരണത്തിന്‌ മഹവിസ്പോടനത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇന്നു കാണുന്ന ഒരു നിയമവും പ്രാവർത്തികമല്ല. അതോടൊപ്പം തെർമോഡൈനമിക നിയമങ്ങളും. തെർമോഡയനാമിക നിയമങ്ങൾക്ക് വേറെയും വിശേഷങ്ങളുണ്ട്. “തെർമൊഡയനാമിക്കിലെ രണ്ടാം നിയമങ്ങൾ ധാരാളം അവസരങ്ങളിൽ സയൻസിലെ മറ്റു നിയമങ്ങളെപോലെ പ്രവർത്തിക്കുകയില്ല.” (stephen hawlkings-A brief history of time. page No. 109 തുടർന്നുള്ള പുറങ്ങളിൽ ‘ബ്ളേക്ക് ഹോളു’കളുമായി ബന്ധപ്പെട്ട് അത് അദ്ദേഹം വിവരിക്കുന്നു)
പ്രപഞ്ചം ഒരു അടഞ്ഞ സിസ്റ്റമാണെങ്കിൽ തന്നെ അത് ആന്തരികമായി സ്വയം പ്രവർത്തനക്ഷമമായ ഗുരുത്വാകർഷണ ബലം പോലുള്ള ബലങ്ങളാൽ നിയത്രിതമാണ്‌. അതിനാൽ ഈ വാദം പരിണാമത്തെ നിരാകരിക്കാൻ അപര്യാപ്തമാണ്‌.

അജീവകണങ്ങളിൽ നിന്ന് ജീവകണങ്ങളിലേക്കുള്ള മാറ്റത്തിന്റെ സാധ്യതക്കുറവ്
അജീവവസ്തുക്കളിൽ പുറത്തുനിന്ന് ഒരു ബൗദ്ധിക ഇടപെടൽ കൂടാതെ ജീവകണങ്ങൾ ഉത്ഭവിക്കാനുള്ള സാധ്യത ഒന്നിനു ശേഷം 40,000 പൂജ്യമിട്ടാലുള്ളത്ര കുറവാണ്‌ അല്ലെങ്കിൽ ഇല്ല എന്നുപറയാം എന്ന് ഹോയ്‌ലെയും വിക്രമസിംഗേയും കണക്ക് കൂട്ടുന്നു. ഇത് ചൂണ്ടിക്കാട്ടി ദൈവിക ഇടപെടൽ സൃഷ്ടിക്ക് അത്യാവശ്യമെന്ന് സൃഷ്ടിവാദികൾ വാദിക്കുന്നു.

“ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നത് എന്റെ വിഷയമല്ല” എന്ന് ചാൾസ് ഡാർവിൻ തന്റെ ‘ജീവികളുടെ ഉത്ഭവ’ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിണാമം ജീവന്റെ മാറ്റത്തിന്റെ ചരിത്രമാണ്‌, അല്ലാതെ ഉത്ഭവത്തിന്റെ ചരിത്രമല്ല. അജീവരാസവസ്തുക്കളിൽ നിന്ന് ജീവകണം ഉത്ഭവിച്ചാൽ മാത്രം പോര അവ സ്വയം വികസിക്കാനും മാറാനും തുടങ്ങുന്നത് മുതലേ പരിണാമസിദ്ധാന്തത്തിന്റെ പരിധിയിൽ വരുന്നുള്ളൂ.
സ്റ്റാറ്റിസ്റ്റിക് പ്രകാരം നോക്കിയാൽ ഇങ്ങനെ പലതും സാധ്യമല്ല. അറ്റ്ലാന്റിക് സമുദ്രം കടക്കാനാവശ്യമായ ഇന്ധനം വഹിക്കാൻ ഒരു കപ്പലിന്‌ സാധ്യമല്ല (കെൽവിൻ), വണ്ടുകൾക്ക് പറക്കാൻ സാധ്യമല്ല. എന്നാൽ നമുക്ക് സമുദ്രം താണ്ടുന്ന കപ്പലുകളും പറക്കുന്ന വണ്ടുകളുമുണ്ട്. നമുക്ക് സ്വയം കൂട്ടിച്ചേർക്കപ്പെടുന്ന അമിനോ ആസിഡുകളുമുണ്ട്. ഭൂമിയുടെ ആദ്യ അവസ്ഥയിൽ ഉണ്ടായിരുന്ന വാതകങ്ങളിലും രാസസംയുക്തങ്ങളിലും മിന്നൽ പോലെയുള്ള വർദ്ധിത ഊർജ്ജപ്രവാഹമേറ്റാൽ അവയിൽ നിന്ന് ജീവരാസവസ്തുക്കൾ ഉണ്ടാകുമെന്ന് സ്റ്റാൻലി മില്ലർ പരീക്ഷണശാലയിൽ തെളിയിച്ചിട്ടുണ്ട്. (നമ്മുടെ ഖുരാനയും ഇമ്മാതിരി ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു.) സലാഹുദ്ദീന്റെ അഭിപ്രായത്തിൽ ഇന്ന് ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്ക് അവന്റെ ലാബിൽ ഇത് ചെയ്തെടുക്കവുന്നതേയുള്ളൂ. പുതുതായൊന്നിനെ സൃഷ്ടിക്കുക അസാധ്യമെന്ന എന്ന ഭൗതിക ശാസ്ത്രത്തിലെ ഊർജ്ജസംരക്ഷണ നിയമം തങ്ങളുടെ സൃഷ്ടിവാദത്തിനാണ്‌ എതിരാവുക എന്നത് സൃഷ്ടിവാദികൾ കാണുന്നില്ല. കാരണം സൃഷ്ടിയല്ല, പരിണാമം മാത്രമാണ്‌ പ്രപഞ്ച നിയമം.
വിക്രമസിംഗെയുടെ അഭിപ്രായത്തിൽ ജീവൻ പ്രപഞ്ചത്തിൽ മറ്റെവിടെയോ ഉത്ഭവിച്ച് വാൽ നക്ഷത്രങ്ങൾ വഴി ഭൂമിയി എത്തപ്പെട്ടതാണ്‌. ഭൂമിക്ക് പുറത്ത് ജീവൻ ഉത്ഭവിക്കുന്നതിന്റെ‘സ്റ്റാറ്റിസ്റ്റിക്’ എന്താണാവോ? കൂടാതെ അദ്ദേഹം ചില ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടി നോക്കുക.
“ഒരു ശാസ്ത്രജ്ഞന്‌ നോഹയുടെ വെള്ളപ്പൊക്കത്തിന്റെ വെളിച്ചത്തിൽ മാത്രമായി ഭൂമിശാസ്ത്രം വിശദീകരിക്കാനാകുമോ?”
“ഇല്ല”
“ഏതെങ്കിലും ശാസ്ത്രജ്ഞന്‌ ഭൂമിക്ക് ഒരു ലക്ഷത്തിൽ കൂടുതൽ പ്രായമില്ലെന്ന് വിശ്വസിക്കാനാകുമോ?”
“ഇല്ല”
“ശാസ്ത്രീയസൃഷ്ടിവാദം?”
“ക്ളാപ്ട്രാപ് (ജല്പനം)”
“ഓരോ ജീവികളും അതാതായി വെവ്വേറെസൃഷ്ടിക്കപ്പെട്ടതാണെന്നും അതിനാൽ പൊതുപൂർവികനെന്ന ആശയം നിരർഥകമാണെന്നുമുള്ള സൃഷ്ടിവാദികളുടെ വാദത്തെ പറ്റി?“
”ക്ളാപ്ട്രാപ് (ജല്പനം)“

അടുത്തത്
ഫോസ്സിലുകളിലുള്ള അപര്യാപ്തത

Thursday, November 18, 2010

പരിണാമം. സൃഷ്ടിവാദികൾക്കുള്ള മറുപടി

(ഇതൊരു തുടരൻ ലേഖനമാണ്‌. സൃഷ്ടിവാദികൾ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള പരിണാമ വിമർശനങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുള്ളതും കാതലായതെന്ന് തോന്നിയിട്ടുള്ളതുമായ എല്ലാറ്റിനും മറുപടികൾ കണ്ടുപിടിച്ച് ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങൾ വന്നാൽ അവയുടെ മറുപടി അപ്പോൾ നോക്കാം. തർജ്ജമകളധികവും സ്വന്തമാണ്‌.)

-1-

പരിണാമവാദ സംബന്ധിയായ ലേഖനങ്ങളും സംവാദങ്ങളും നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും കൃത്യമായി പരിണാമം എങ്ങനെ നടന്നു എന്നും അങ്ങനെ ജീവികൾ രൂപമെടുക്കുമോ എന്നുമുള്ള സാധാരണക്കാരന്റെ സംശയങ്ങൾക്ക് അല്ലെങ്കിൽ സാധാരണ പരിണാമവാദി നേരിടുന്ന സൃഷ്ടിവാദികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാവുന്ന രചനകൾ തുലോം കുറവാണെന്ന് കാണാം. അക്കാദമി തലങ്ങളിലുള്ളവർക്ക് കാര്യം വ്യക്തമായിട്ടുണ്ടാവാം. ഭൂരിഭാഗം വരുന്ന സാമാന്യ ജനവിഭാഗങ്ങൾക്ക് ഇത് മനസ്സിലാകാത്തേടത്തോളം സൃഷ്ടിവാദികൾ അരങ്ങുവാഴുക തന്നെ ചെയ്യും. കാരണം അവരുടെ വാദഗതികൾക്ക് വിശ്വാസത്തിന്റെ പിൻബലമുണ്ടെന്നത് മാത്രമല്ല അവ പ്രത്യക്ഷയാതാർത്ഥ്യങ്ങളുമാണ്‌. ഉദാഹരണത്തിന്‌ ചന്ദ്രൻ ഓരോദിവസവും ഓരോ വലിപ്പത്തിലാണ്‌ ഉദിക്കുന്നത് എന്നു പറഞ്ഞാൽ ആർക്കും എളുപ്പത്തിൽ വിശ്വസിക്കാം. എന്നാൽ ചന്ദ്രനും സൂര്യനും എല്ലാ ദിവസവും കൃത്യമായി ഒരേ വലിപ്പത്തിൽ ഉദിക്കുന്നുണ്ട് എന്ന യതാർഥ്യം വിശ്വസിപ്പിക്കാൻ വലിയ പാടാണ്‌. പരന്ന ഭൂമിക്ക് ഉരുണ്ട ഭൂമി പകരം വെയ്ക്കാൻ നൂറ്റാണ്ടുകളെടുത്തു എന്നതും എന്നിട്ടും ഇന്നും അതൊന്നും വിശ്വസിക്കാത്തവരെ കാണാമെന്നതും ഉദാഹരണം

സൃഷ്ടിവാദികളുമായി സംവദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാതോൽവികളും വിജയമാക്കാനാവശ്യമായ പ്രചാരണായുധങ്ങൾ അവർക്ക് സ്വന്തമായുണ്ട്. (ഇത് അന്തവിശ്വാസികളെ നേരിടുന്നതിൽ കോവൂർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.) എങ്കിലും പരിണാമവാദത്തിന്റെ തുടക്കത്തിലെ ‘ഡാർവിൻ vs വേൾഡ്“ എന്ന അവസ്ഥ മാറി ശാസ്ത്രലോകം അതേറ്റെടുത്തിട്ടുണ്ട്. അതിനുകാരണം ”സൃഷ്ടി“ സംബന്ധിയായ ധാരാളം സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം പരിണാമ സിദ്ധാന്തം നല്കുന്നു എന്നതും സൃഷ്ടിവാദികൾ നല്കുന്നില്ല എന്നതുമാണ്‌. അവയിൽ പലതും ഡാർവിൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പരിണാമ സിദ്ധാന്തത്തെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് സെമിറ്റിക് മതങ്ങളാണ്‌. വിശേഷിച്ചും കൃസ്ത്യാനികളും മുസ്ലിംഗളും. ശാസ്ത്രത്തിനേ ശാസ്ത്രത്തെ എതിർക്കാനാവൂ എന്ന സാമാന്യതത്വം പോലും വിസ്മരിച്ചുകൊണ്ടായിരുന്നു ഇത്. ആദ്യ കാലങ്ങളിൽ പരിണമവാദികളുമായി സംവദിച്ചിരുന്നത് പാതിരിമാരായിരുന്നു എന്നുകാണാം. ഉദാഹരണത്തിന്‌ ഹക്സലിയുമായി സംവാദത്തിലേർപ്പെട്ടത് (1860 ജൂൺ 30) ഫാദർ വിൽബർ ഫോർസായിരുന്നു.

(ഈ സംവാദം ഒരു കെട്ടുകഥയാണത്രെ. എന്നാൽ, ഇന്ന് ഇത് കെട്ടുകഥയാണെന്ന് പറയുന്ന പലരും മുൻപ് ഇത് സത്യമെന്ന് കരുതി പ്രചരിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ എനിക്കും തെറ്റുപറ്റി. ഇങ്ങനെ ന്യൂട്ടൺന്റെ തലയിൽ ആപ്പിൾ വീണ കഥയും ഗലീലിയോയുടെ പിസ്സാ പരീക്ഷണങ്ങളും കഥയാണത്രെ. (കെട്ടുകഥകളെങ്കിലും കേൾക്കാൻ സുഖമുണ്ട്) പക്ഷെ, പിസ്സാ പരീക്ഷണങ്ങൾക്ക് സമമായ ഒരു പരീക്ഷണം അദ്ദേഹം നടത്തിയിരുന്നു എന്നത് സത്യമാണ്‌ (ഹോക്കിംഗ്സ്)

പിൽകാലങ്ങളിൽ യാതാർഥ്യം ബോധ്യമായതിനാൽ ഈ ദൗത്യം ശാസ്ത്രജ്ഞന്മാർ അഥവാ പാതിരിമാരായ ശാസ്ത്രജ്ഞന്മാർ ഏറ്റെടുത്തു. . ശാസ്ത്രത്തെ അതിന്റെ രൂപത്തിൽ തിരിച്ചറിയുകയോ പുഷ്ടിപ്പെടുത്തുകയോ ചെയ്യുകയായിരുന്നില്ല അവരുടെ ഉദ്ദേശം, മറിച്ച് തങ്ങളുടെ ദിവ്യ വെളിപാടുകളും ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് വരുത്തിത്തീർക്കുകയായിരുന്നു. പലപ്പോഴും ചെരുപ്പിനനുസരിച്ച് കാലുമുറിക്കുക എന്ന വിദ്യ. ശാസ്ത്രജ്ഞന്മാർ തന്നെ പരിണാമ സിദ്ധാന്തത്തെ എതിർക്കുന്നു എന്നത് പരിണാമ സിദ്ധാന്തം ശാസത്രീയമായി തെറ്റാണ്‌ എന്നതിന്‌ തെളിവായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ശാസ്ത്രം മതത്തിൽനിന്ന് സ്വതന്ത്രമാവുകയായിരുന്നു എന്ന വശം അവർ അവഗണിക്കുകയാണ്‌. പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരിൽ ഭൂരിഭാഗവും സൃഷ്ടിവാദത്തെ അനുകൂലിക്കുന്നില്ല, മറിച്ച് അവർ പരിണാമത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്യുന്നത്.ഇത് പരിണാമ സിദ്ധാന്തത്തെ പുഷ്ടിപ്പെടുത്തും. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അതിൽ ഇടപെടുന്ന രീതി ശാസ്ത്രീയമാണോ എന്നതാണ്‌ പ്രധാനം, ഇടപെടുന്ന ആൾ ആരെന്നോ അയാളുടെ വിശ്വാസം എന്താണെന്നതോ അല്ല.


മറ്റു ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് വിരുദ്ധമായി മുസ്ലിംഗൾ പരിണാമ സിദ്ധാന്തത്തിനെ ആവും വിധം പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. കൃസ്ത്യാനികൾ ശാസ്ത്രത്തിലെ ഏതു കണ്ടുപിടുത്തത്തേയും ബൈബിൾ വിരുദ്ധമെന്നു കണ്ടു സംശയത്തോടെ വീക്ഷിക്കുകയും കഴിയാവുന്നത്രയും ക്രൂരമായി എതിർപ്പുകൾ പ്രകടിപ്പിക്കുക്കയും പരാജയപ്പെടുകയും ചെയ്തു. ചരിത്രത്തിൽ നിന്ന് അവർ പാഠമുൾകൊള്ളാത്തതിനാൽ പിന്നെയും എതിർക്കുന്നു, പരാജയപ്പെടുന്നു. പരിണാമത്തെ എതിർക്കുന്നതിന്‌ അവർ ഇൻസ്റ്റിറ്റൂട്ട് ഒഫ് ക്രിയേഷൻ റിസെർച്ച് സ്ഥാപിച്ചു. ഡോ. മൊറിസ്, ഡോ. ദനൊവ് ഗിഷ് തുടങ്ങിയവരായിരുന്നു സ്ഥാപകർ. ഹാറൂൺ യഹിയ എന്ന അദ്നാൻ ഒക്റ്റർ മുസ്ലിംഗൾക്കിടയിൽ ക്രിയേഷൻ റിസെർച്ചിന്റെ പ്രചാരകനാണ്‌. അദ്ദേഹം അതിനായി സയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു. കേരളത്തിൽ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എൻ. എം ഹുസ്സൈൻ ആണ്‌. അദ്ദേഹം അവ്വിഷയകമായി എഴുതിയ പുസ്തകമാണ്‌ ‘സൃഷ്ടിവാദവും പരിണാമവാദികളും’. കൂടാതെ പ്രബോധനം, സ്നേഹസംവാദം പോലുള്ള ജമാത്തെ ഇസ്ലാമി/മുജാഹിദ് പ്രസിദ്ധീകരണങ്ങളിലും തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. 2009 ഫെബ്രുവരി ലക്കം പ്രബോധനത്തിൽ, മലയാളത്തിലെ പരിണാമവാദികളിൽ പ്രമുഖരായ പ്രഫസ്സർ ശിവശങ്കരൻ, പ്രൊഫസ്സർ കുഞ്ഞുണ്ണിവർമ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആർ. വി. ജി മേനോൻ അടക്കം പലരേയും തന്റെ ആശയവുമായി അദ്ദേഹം പലതവണ സമീപിക്കുകയും ധാരാളം കത്തിടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അവർ അദ്ദേഹത്തിന്‌ ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല എന്ന്‌ അവകാശപ്പെടുകയുണ്ടായി. (ശിവശങ്കരൻ സാറിന്റെ ‘ജീവന്റെ പുസ്തകം’ എന്ന കൃതിയിൽ വസ്തുതാപരമായ ചില പിശകുകൾവന്നിട്ടില്ലേ എന്നു സംശയിച്ച് ഈയുള്ളവൻ അയച്ച കത്തിനും അദ്ദേഹം മറുപടി തന്നില്ല എന്ന് സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടേ. അവരൊക്കെ നല്ല തിരക്കുള്ളവരാണ്‌.)

2005 ഏപ്രിൽ മുതലുള്ള ശാസ്ത്രകേരളം ലക്കങ്ങളിൽ പ്രൊഫസ്സർ ശിവശങ്കരൻ ശ്രീ ഹുസ്സൈന്റെ പേരെടുത്ത് അത്തരം ആളുകൾക്കുള്ള മറുപടി എന്ന നിലക്ക് ജെ. ബി. എസ് ഹാൾഡൈൻ സൃഷ്ടിവാദികളുമായി അൻപത് കൊല്ലം മുൻപ് നടത്തിയ ഒരു സംവാദം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഹുസ്സൈന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. ചില ഇസ്ലാമിക വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും മാത്രമാവണം അദ്ദേഹത്തിന്റെ ആശ്രയം.

ഈശ്വരാസ്ഥിത്വത്തെ നിഷേധിക്കാൻ എല്ലാ അടവുകളും പ്രയോഗിച്ച് തകർന്ന ഭൗതികവാദ പ്രസ്ഥാനങ്ങൾക്ക് ഒടുക്കം കിട്ടിയ പിടിവള്ളിയാണിതെന്നും ഇതൊരു ഗൂഡാലോചനയാണെന്നും പരിണാമവാദം ഒരു മതമാണെന്നുമൊക്കെയാണ്‌ ആക്ഷേപം. ഈ ആക്ഷേപങ്ങൾ കേവലം തെറിപറയലിന്റെ നിലവാരമേയുള്ളൂ. നിരീശ്വരവാദ പ്രസ്ഥാനങ്ങൾക്ക് ഏതാണ്ട് ഈശ്വരവിശ്വാസത്തോളം തന്നെ പഴക്കമുണ്ട്. ഈശ്വരാസ്ഥിത്വത്തിന്‌ ചൂണ്ടിക്കാണിക്കപ്പെടുന്ന തെളിവുകളെ ഭംഗിയായി നിഷേധിക്കുക വഴി ഈശ്വര നിഷേധം ഭൗതികവാദികൾ പണ്ടേ നിർവഹിച്ചിട്ടുണ്ട്, പരിണാമസിദ്ധാന്തത്തിന്റെ സഹായമില്ലാതെ. കൂടാതെ ശാസ്ത്രത്തിലെ അനവധി നിയമങ്ങൾ ഈശ്വര നിഷേധികളാണ്‌. ഇനി പരിണമവാദത്തിന്റെ ഏതു ഘട്ടത്തിലാണ്‌ നിരീശ്വരവാദികൾക്ക് മുൻതൂക്കമുണ്ടായിരുന്നത്?. പരിണാമവാദം രൂപപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചവരൊക്കെ നല്ല വിശ്വാസികളായിരുന്നു എന്നു കാണാം. ആധുനിക പരിണാമവാദത്തിന്‌ അടിത്തറയിട്ട ഡാർവിൻ പഠിച്ചത് ദൈവശാസ്ത്രമായിരുന്നു. പിൽകാലത്ത് അദ്ദേഹം ഒരു ‘സന്ദേഹവാദി’വരെ ആയെങ്കിലും തികഞ്ഞ നിരീശ്വരവാദിയായിട്ടില്ല. ആൽഫ്രെഡ് വാലൈസാവട്ടെ ദൈവത്തിന്റെ ഇടപെടലില്ലാത്ത പരിണാമവാദത്തെ അംഗീകരിച്ചതേയില്ല. പരിണാമത്തിന്റെ മറ്റൊരു മേഖലയിൽ വ്യാപരിച്ചിരുന്ന ഗ്രിഗർ മെന്റൽ പാതിരിയായിരുന്നു.

ഭൗതികവാദികളുടെ മേലിൽ പിന്നെന്തിനാണ്‌ ഇക്കാര്യത്തിൽ കുതിരകയറുന്നതെന്നു ചോദിച്ചാൽ ‘ഭൗതികവാദി’ എന്നത് മതത്തിന്റെ നിഘണ്ടുവിൽ, മതം ആവശ്യമുള്ളവരെ സംബന്ധിച്ചിടത്തോളം, ഏറ്റവും നീചമായ വാക്കാണ്‌. തെമ്മാടി, ചെറ്റ, തെണ്ടി എന്നൊക്കെയുള്ള വാക്കുകൾക്ക് ഇത് പകരം നില്ക്കും. പരിണാമവാദം തങ്ങളുടെ ഗ്രന്ഥങ്ങളിലെ വെളിപാടുകളെ വളച്ചൊടിച്ച് ‘ശാസ്ത്രീയ’മാക്കാൻ വയ്യാത്ത വിധം നിരാകരിക്കുന്നു എന്ന് ഭൂരിപക്ഷം ഇപ്പോൾ കരുതുന്നതിനാൽ തങ്ങളിൽ നിന്ന് അതിൽ ആകൃഷ്ടരാകാൻ സാധ്യതയുള്ളവരുടെ അംഗസംഖ്യ കുറയ്ക്കാൻ, ആദ്യപ്രതിരോധത്തിന്‌, ഇത്തരം ചീത്തപറച്ചിൽ സഹായകമാവുമെന്നവർ വൃഥാ കണക്കു കൂട്ടുന്നു.

തങ്ങളുടെ എതിരാളികൾ തങ്ങളെപോലെ തന്നെയാണ്‌ എന്നു വരുത്തിത്തീർക്കാനാണ്‌ പരിണാമം മതമാണ്‌ എന്നു വാദിക്കുന്നത്. എന്നാൽ മതത്തിന്റെ ഏതൊക്കെ സ്വഭാവങ്ങളെ ഇത് പങ്കുവെയ്ക്കുന്നുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടുകയില്ല. പരിണാമം വ്യക്തമായ ശാസ്ത്രീയ തെളിവുകളോടെ തെറ്റാണെന്നു തെളിയിച്ചാൽ ശാസ്ത്രം അന്ന് അതിനെ ഉപേക്ഷിക്കും. ഉദാഹരണത്തിന്‌ ഹൾഡൈൻ ചൂണ്ടിക്കാണിച്ചത് പോലെ പ്രീകാമ്പ്രിയൻ കാലഘട്ടത്തിൽ ഒരു മുയലിനെ കാണിച്ചു തരൂ പരിണാമവാദത്തിന്റെ നില പരുങ്ങലിലായി.അല്ലെങ്കിൽ  ഡ്യൂപ്ലിക്കേറ്റ് അഥവാ സമാനമായ ജീവി വർഗ്ഗം  (നിൽനിൽക്കുന്നതോ വംശനാശം വന്നതോ ആയിട്ടില്ലാത്ത ) ഇല്ലാത്ത  ഒരു ജീവിവർഗ്ഗത്തെ കാണിച്ചുതരൂ.  ഇതുപോലെ മതം ഉപേക്ഷിക്കപ്പെടുന്നതിനുള്ള  ഒരു ഉപാധി പറയാമോ? ഇനി ശാസ്ത്രത്തിനുണ്ടായിരിക്കേണ്ട പ്രത്യേകതകളിൽ എന്തൊക്കെ കുറവാണ്‌ പരിണാമവാദത്തിനുള്ളതെന്ന്‌ ചൂണ്ടിക്കാണിക്കമോ? മതത്തിന്റെ സങ്കൽപ്പങ്ങളിൽ ഏതേതൊക്കെ പരീക്ഷണ നിരീക്ഷണ പരിധിയിൽ വരും?

അടുത്തത്
പരിണാമവാദത്തിലെ ചില അബദ്ധ ധാരണകൾ

Sunday, November 7, 2010

ഇന്ത്യൻ സിവിൽ കോഡിലെ സവിശേഷയുക്തി

വിശ്വാസികൾ യുക്തി പ്രയോഗിക്കുന്നതിന്‌ രണ്ട് തരം മാനദണ്ഡങ്ങളാണ്‌ ഉപയോഗിക്കുക . നാഴികൊണ്ട് അളന്നു കൊടുക്കുകയും ഇടങ്ങാഴികൊണ്ട് അളന്നുവാങ്ങുകയും ചെയ്യുക എന്ന പരിപാടിയാണത്. അവർ യുക്തി ഉപയോഗിക്കുന്നത് എതിരാളികളെ ഒതുക്കാനാണ്‌. അതായത് യുക്തി, വിശ്വാസികൾക്ക് ആയുധവും (മർദ്ദകദണ്ഡും) യുക്തിവാദിക്ക് നിർണയനരീതിയും (കയ്യോൽ=പണ്ടത്തെ ഒരു തരം ത്രാസ്) ആണ്‌. ചിലപ്പോഴെങ്കിലും യുക്തിവാദികൾ തന്നെയും യുക്തി ആയുധമാക്കുന്നത് കാണാറുണ്ട്. അപ്പോൾ യുക്തിവാദം മതകീയ സ്വഭാവം കാണിച്ചു തുടങ്ങുന്നു. ആയുധമുപയോഗിക്കുന്നവരെ സമ്പന്ധിച്ചിടത്തോളം എതിരാളികളെ തകർക്കലും പരമാവധി പരിക്കേൽപ്പിക്കലുമാണ്‌ ലക്ഷ്യം. സ്വന്തത്തിനെതിരായി പ്രയോഗിക്കാത്തതിനാൽ അതിന്റെ ഭവിശ്യത്തുകളെപ്പറ്റി ഉപയോഗിക്കുന്നയാൾ വേവലാതിപ്പെടാറില്ല. നിർണയനരീതിയായി ഉപയോഗിക്കുന്നവർക്കാവട്ടെ കാര്യങ്ങൾ വിവേചിച്ചറിയുക എന്നതാണ്‌ ലക്ഷ്യം.എന്റെ ശരിയെക്കാൾ മികച്ചതാണ്‌ നിങ്ങളുടെടെ ശരിയെങ്കിൽ അത് അംഗീകരികാൻ യുക്തിവാദി ബാധ്യസ്ഥനാണ്‌.
(ഇത്രയും ആമുഖമായിപറയുന്നത് ഒരു യുക്തിവാദി എന്നനിലയിൽ ഞാൻ എങ്ങനെ പെരുമാറണം എന്ന് എന്നെ തന്നെ പഠിപ്പിക്കാനാണ്‌. വേറെയും ചില പെരുമാറ്റ ചട്ടങ്ങൾ പിന്നീട് സൂചിപ്പിക്കുന്നതാണ്‌)

ഒരിക്കൽ എന്റെ സുഹൃത്തായ ഒരു മൗലവിയുമായി സംസാരിച്ചുകൊണ്ടിരിക്കെ മുസ്ലിങ്ങൾ (ഇവിടെ പൊതുവായി പറഞ്ഞുവെന്നേയുള്ളൂ. എല്ലാവരും ഇങ്ങനെയാണെന്ന് അർഥമാക്കേണ്ടതില്ല. ഇങ്ങനെയൊക്കെ വിശദീകരിക്കേണ്ടിവരുന്നത് ആശയത്തിൽ നിന്ന് മാറി വാച്വികമായ അർഥത്തിൽ തർക്കിക്കാൻ പലരും മിടുക്കരാണ്‌ എന്നതുകൊണ്ടാണ്‌.) തങ്ങൾക്ക് ഭൗതികനേട്ടമുണ്ടാകും എന്നു തോന്നുന്ന കാര്യത്തിൽ മത്രമേ കാര്യമായി തർക്കിക്കാറുള്ളൂ എന്നും ആത്മീയകാര്യങ്ങൾപോലും ഭൗതികതയ്ക്ക് എത്രമാത്രം ഗുണം ചെയ്യും എന്ന് നോക്കിയാണ്‌ അവർ നിലപാടുകൾ എടുക്കുന്നതെന്നും സാന്ദർഭികമായി ഞാൻ സൂചിപ്പിക്കുകയുണ്ടായി.

“ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്‌ തെളിവുവേണം”

“ഏകീകൃത സിവിൽ കോഡ് തന്നെ ഇന്ത്യയിൽ ഇതിനുള്ള നല്ല തെളിവല്ലെ. ഒരു രാജ്യത്ത് ജീവിക്കുന്ന എല്ലാപൗരന്മാർക്കും ഒരേ നിയമം ഭാധകമാക്കണം എന്ന പരിഷ്കൃത സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് നേരെ നിങ്ങൾ മുഖം തിരിക്കുന്നത് ചില ഭൗതികനേട്ടങ്ങൾ ഇല്ലാതായിപ്പോകും എന്നു ഭയന്നല്ലേ?കൂടാതെ ജനാധിപത്യ ഭരണക്രമത്തിൽ പർല്യമെന്റിനിടപെടാനാവാത്ത ചില നിയമങ്ങൾ ജനാധിപത്യത്തെ തന്നെ കൊഞ്ഞനം കുത്തലല്ലേ?”

“യുക്തിവാദികൾ ഇങ്ങനേയാണ്‌. അവർ ഇസ്ലാമിനെ വിമർശിക്കുമ്പോൾ തികച്ചും സംഘ്പരിവാരമാകും. താങ്കളെപോലുള്ള യുക്തിവാദികൾ അറിഞ്ഞോ അറിയാതെയോ അതിന്‌ കീഴ്പ്പെടുക എന്നത് ഖേദകരമാണ്‌.”

“താങ്കൾക്ക് തെറ്റി. സംഘപരിവാർ ശക്തികൾ ശ്വാസം കഴിക്കുന്നത് കൊണ്ട് യുക്തിവാദികൾ ആ പ്രദേശത്ത് ശ്വാസം കഴിക്കാൻ പാടില്ല എന്നു പറഞ്ഞു കളയരുത്. മുസ്ലിങ്ങളെ എതിർക്കുന്നതിന്‌ സത്യത്തിൽ സംഘപരിവാർ (എല്ലാവരും) ഉപയോഗിക്കുന്നത് ഞങ്ങളുടെ ആയുധങ്ങളാണ്‌. ചുരുക്കത്തിൽ യുദ്ധഭൂമിയിൽ എതിരാളികലൂടെ ആയുധങ്ങൾ പരിശൊധിക്കുന്നവർക്ക് കാണം ”മൈഡ് ഇൻ യുക്തിവാദം“. മാത്രമല്ല എന്നെസമ്പന്ധിച്ചിടത്തോളം പറയുന്ന ആളുകൾക്കപ്പുറം വസ്ഥുതകൾക്കാണ്‌ പ്രാധാന്യം.”

“താങ്കളും സംഘ്പരിവാരവും കരുതുമ്പോലെ ശരീത്ത് നിയമങ്ങൾ ആരുടേയും ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്‌. ഇന്ത്യന്ദേശീയതയിൽ ഞങ്ങളും അതിന്റേതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്, ഞങ്ങൾക്കും അതിന്റേതായ ഇടം വേണം. കൂടാതെ ഒരു മുസ്ലിമായിരിക്കാത്തേടത്തോളം കാലം നിങ്ങളെന്തിനാണ്‌ അതിൽ വേവലാതിപ്പെടുന്നത്?”

“ഒന്ന്. ഓരോജനവിഭാഗവും അവരവരുടെ സംഭാവനകൾക്കനുസരിച്ച് കൊത്തിപ്പകുത്തെടുക്കാനുളാതല്ല ഇന്ത്യ. പരിഷ്കൃത ജനവിഭാഗം പരിഗണിക്കുന്ന ‘മനുഷ്യൻ ഒന്നാണ്‌’ എന്ന സങ്കല്പ്പത്തിൻ വിരുദ്ധമാണിത്. രണ്ട്. ഒരു രാജ്യത്തെ ഒരുവിഭാഗം ജനങ്ങൾ പരിഷ്കാരത്തിന്‌ വിധേയമാവാത്ത ദൈവികനിയമങ്ങളിൽ കുരുങ്ങിപ്പോകുന്നത് ആരാജ്യത്തെ മൊത്തം പുരോഗതിക്ക് വിഘാതമാണ്‌. ഇന്ത്യക്കുള്ളിലെ ഏതു നിയമങ്ങളിലും ഇടപെടാൻ പാർല്യമെന്റിനുകഴിയുന്നില്ലെങ്കിൽ പിന്നെന്തു പരമാധികാരം? മൂന്ന്. മനുഷ്യന്റെ വേദനകളിൽ ഒരു തരം വിവേചനവും പരിഗണിക്കാതെ സഹതപിക്കുവാനും വേവലാതിപ്പെടാനും യുക്തിവാദിക്കും അവകാശമുണ്ട്”

“മനുഷ്യൻ നിർമ്മിക്കുന്ന നിയമങ്ങൾക്ക് മാത്രമെ പരിഷ്കരണം ആവശ്യമാകുന്നുളൂ. ഇസ്ലാമിലേത് ദൈവികനിയമങ്ങളാണ്‌, അതിൽ അനീതി ലവലേശം ഉണ്ടാവുകയില്ല, അത് കാലാതിവർത്തിയാണ്‌, അതിനാൽ അതിൽ പരിഷ്കാരങ്ങളുടെ ആവശ്യമില്ല.”

അതൊന്നുമല്ലല്ലോ മൗലവീ കാരണം. അങ്ങനെയെങ്കിൽ ഈ ദൈവികനിയങ്ങളിൽ ഇസ്ലാമിക ക്രിമിനൽ നിയമങ്ങളും പെടില്ലെ. അതു നടപ്പിലാക്കാൻ ഒരു മുല്ലയും മൗലവിയും ഒന്നും മിണ്ടുന്നില്ലല്ലോ? കൂടാതെ വിവാഹം തുടങ്ങിയ ഏതാനും കാര്യങ്ങളിൽ ഇടപെടുമ്പോഴാണല്ലോ നാക്കിൽ കാന്താരി അരച്ചു വടിച്ച് നിങ്ങൾ മുദ്രാവാക്യം വിളിക്കുന്നത്. മറ്റു സിവിൽ നിയമങ്ങളിൽ മൗനമാണല്ലോ നിലപാട്.


“യുക്തിവാദികൾ യുക്തിരഹിതരാണ്‌ എന്നതിന്‌ വേറെന്തു തെളിവുവേണം. ഇന്ത്യ ഒർ ഇസ്ലാമികരാജ്യമൊന്നുമല്ലല്ലോ സുഹൃത്തേ? നമ്മുടേത് ഒരു ബഹുസ്വരസമൂഹമല്ലേ. അവിടെ ക്രിമിനൽ നിയമങ്ങൾ എല്ലാവരേയു ബാധിക്കില്ലേ? സിവിൽ നിയമങ്ങൾ ഞങ്ങളുടെ ഇടയിൽ മാത്രമല്ലേബാധിക്കൂ. രാമൻ അഷറഫിനെ കൊന്നു എന്ന കുറ്റത്തിൽ രാമനെ ഇസ്ലാമികമായി ശിക്ഷിക്കണം എന്ന് എങ്ങനെ പറയാനാവും?”

“ഈ വാദമല്ലല്ലോ നിങ്ങൾ നേരത്തെ ഉന്നയിച്ചത് മറിച്ച് അത് ദൈവികനിയമമാണെന്നല്ലേ. എന്താ അത്ര പവിത്രത ക്രിമിനൽ നിയമങ്ങൾക്ക് ഇല്ലെന്നു വരുമോ? കൂടാതെ നിങ്ങൾക്കിടയ്‌ലുണ്ടാകുന്ന, നിങ്ങൾ പ്രതികളാക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഇസ്ലാമിക ക്രിമിനൽ നിയമം ബാധകമാക്കിയാൽ മതി എന്ന് എന്തുകൊണ്ട് പറയുന്നില്ല. അഷരഫ് അഹമ്മതിനെ കൊന്നു, അഷറഫ് രാമനെ കൊന്നു തുടങ്ങിയ കുറ്റങ്ങളിൽ അഷറഫിനെ പരസ്യമായി വെട്ടിക്കൊല്ലണം എന്ന് എന്തുകൊണ്ടുപറയുന്നില്ല. സ്ത്രീധനം കൊടുത്തുള്ള വിവാഹങ്ങളെ അസാധുവാക്കണം, സക്കാത്തു കൊടുക്കാത്തവരിൽ നിന്ന് അത് പിരിപ്പിക്കാൻ അവകാശം വേണം,ഇങ്ങനെ നിങ്ങളെ മാത്രം ബാധിക്കുന്ന മറ്റു ധാരാളം സിവിൽ നിയമങ്ങളിൽ തന്നെ എന്തുകൊണ്ട് വേണ്ടത്ര ശുഷ്കാന്തികാണിക്കുന്നില്ല.”

“താങ്കളുടെ യുക്തി ഉപയോഗിച്ച് ഇതൊന്നും മനസ്സിലാക്കാനാവില്ല. എനിക്കൽപ്പം തിരക്കുണ്ട്.”

“അല്ല, താകളുടെ ആ വിശേഷപ്പെട്ടയുക്തി....”

പിൻകുറിപ്പ്. ഈ സംഭാഷണം കൃത്യമായി ഈ രൂപത്തിലാണെന്നു പറയാനാവില്ല. എന്നാൽ ആശയം ഇതു തന്നെയായിരുന്നു. ഈ വാദങ്ങളിൽ ഇടപെടുന്നവരുടെ ശ്രദ്ധയ്ക്ക്. യുക്തിവാദിയുടെ ഭാഗത്തുനിന്ന് ഞാനും വിശ്വാസികളുടെ ഭാഗത്തുനിന്ന് ബഹുമാനപ്പെട്ട മൗലവിയും ഉന്നയിച്ച വാദങ്ങൾ ആവർത്തിക്കേണ്ടതില്ല)