Saturday, April 19, 2014

ശാസ്ത്രം അതിന്റെ വഴിക്കടവുകളിലൂടെ


പണ്ടൊക്കെ നമുക്ക്‌ അറിയാം ഏതൊരു പ്രകൃതി പ്രതിഭാസങ്ങളുടേയും പൊരുളറിയാൻ പുരോഹിതന്മാരുടെ അടുത്തേയ്ക്കായിരുന്നു ആളുകൾ പോയിരുന്നത്‌. അവർ അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന്‌ അല്ലെങ്കിൽ പൂർവവിശ്വാസങ്ങളിൽ നിന്ന്‌ ഒരു വ്യാഖ്യാനവും വിശദീകരണവും അതിനു നൽകും. അജ്ഞരും പണ്ഡിതന്മാരെ ചോദ്യം ചെയ്യരുതെന്ന്‌ വിശ്വസിക്കുന്നവരുമായ വിശ്വാസികൾക്ക്‌ സമാധാനിക്കാൻ അത്‌ തന്നെ ധാരാളം മതിയായിരുന്നു. തങ്ങളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞവ അക്ഷരം പ്രതി ശരിയാണ്‌, സംശയിക്കേണ്ടതില്ല. സംശയിക്കാൻ പാടില്ലെന്നു വേദം തന്നെ പറയുന്നു. (ഖുർആൻ 1:3)

പത്തും രണ്ടായിരവും കൊല്ലം മുൻപുള്ള മനുഷ്യന്‌ ഇന്നത്തെ മനുഷ്യന്റെ 0.1% പോലും അറിവുണ്ടായിരുന്നില്ല. ഈ അറിവില്ലായ്മയിൽ നിന്നാണ്‌ ഇമ്മാതിരി വിശദീകരണങ്ങൾ. എന്നാൽ, ഇത്‌ അംഗീകരിക്കാതിരിക്കുക എന്നത്‌ മതമനസ്സിന്റെ ഒരു കഴിവുകേടാണു. കേട്ടിട്ടില്ലെ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ്‌ ഋഷിമാർ തപശ്ശക്തികൊണ്ട്‌ നേടിയ ജ്ഞാനം എന്നൊക്കെ. ശരിയാണു. അക്കാലത്തെ ചിന്തകരായിരുന്നിരിക്കണം മുനിമാർ. മൗനമായി ഇരിക്കുന്നവർ. എന്നാൽ, അവരുടെ ജ്ഞാനം കൂടി ചേർന്നതാണു ഇന്നിന്റെ ജ്ഞാനം എന്നതിനാൽ ഇന്നിന്റെ ജ്ഞാനമാണു അതിനേക്കാൾ മികച്ചത്‌.

പണ്ട്‌ (1975-1980-ൽ ആണെന്നാണ്‌ ഓർമ്മ. ഈജിപ്തിൽ നിന്ന്‌ ഒരു വാർത്തവന്നു. (പി. സി കടലുണ്ടി ഈ വാർത്ത തന്റെ ഒരു പുസ്ഥകത്തിൽ വിശദീകരിക്കുന്നുണ്ട്‌. ഇന്ന്‌ ഇതൊന്നും കയ്യിലില്ല) മനുഷ്യന്റെ ഉടലും മത്സ്യത്തിന്റെ വാലുമുള്ള ഒരു ജീവിയെ കടലിൽ നിന്ന്‌ കിട്ടി എന്ന്‌. ഇമ്മാതിരി വാർത്തകൾ ഇക്കാലത്തും വരാറുണ്ട്‌. എന്നാൽ ഫോട്ടോഗ്രാഫി ഇത്രയ്ക്ക്‌ പ്രചാരത്തിലില്ലാതിരിക്കുകയും അതിലുള്ള ട്രിക്കുകളെപറ്റി പൊതുജനങ്ങൾക്ക്‌ ബോധ്യമില്ലാതിരിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിൽ ഈ വാർത്ത വലിയ ജനശ്രദ്ധപിടിച്ചുപറ്റി.

മലയാളത്തിൽ ചന്ദ്രികാ ദിനപ്പത്രം വലിയ പ്രാധാന്യത്തോടെ ഈ വാർത്ത കൊടുക്കുകയും ചെയ്തു. ഇത്‌ `വ്‌ വെരിഫൈ` ചെയ്യുന്നതിനു കോഴിക്കോട്‌ ഖാളിയെ സമീപിച്ച്‌ വിശദീകരണം തേടി. ഖാളിയാവട്ടെ `നിസ്നാസ്‌` എന്ന ഒരു അറബിഗ്രന്ഥമെടുത്ത്‌ (അല്ലാതെ അയാൾ ഐസക്ക്‌ ന്യൂട്ടന്റെ പ്രിൻസിപാ മാതമെറ്റിക്ക എടുക്കുമെന്നു കരുതാനാവില്ല) ആധികാരികമായി ഇത്‌ സത്യമാണെന്ന്‌ തുല്ല്യം ചാർത്തി. ഇമ്മാതിരി ജീവികളെ മത്സ്യം പിടിക്കാൻ പോകുന്ന ആളുകൾ ഭോഗിക്കാറുണ്ടെന്നും (അത്‌ നിർബന്ധമാണ്‌, അല്ലെങ്കിൽ മുസ്ളിംഗൾക്ക്‌ വിശ്വാസം വരില്ല) പുള്ളി തട്ടിവിട്ടു. ഇതൊക്കെ പത്രം ആധികാരികമായി റിപ്പോർട്ടും ചെയ്തു. മഹാനായ സി എച്‌ ജീവിച്ചിരിപ്പുള്ള കാലമാണ്‌. അദ്ദേഹത്തോട്‌ ഒന്നു തിരക്കാമായിരുന്നു.

രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ സത്യാവസ്ഥ ഈജിപ്ഷ്യൻ പത്രം തന്നെ പുറത്തുവിട്ടു. ഏതോ ഫോട്ടോഗ്രാഫി മത്സരത്തിനുവേണ്ടി ഒരാൾ വളരെ വിദഗ്ദമായി മോർഫുചെയ്തതായിരുന്നു ആ ചിത്രം. സാങ്കേതികമായി ഇത്രവികാസം പ്രാപിക്കാതിരുന്ന അക്കാലത്ത്‌ ഇതൊരു കലാപരമായ അദ്ഭുതമായിരുന്നു.

പറഞ്ഞുവന്നതിതാണ്‌ പണ്ടൊക്കെ ഏതൊരു പ്രകൃതിപ്രതിഭാസവും ആധികാരികതയോടെ വിശദീകരിച്ചിരുന്നത്‌ പുരോഹിതന്മാരായിരുന്നു. മഴയായാലും കാറ്റായാലും ഭൂമികുലുക്കമായാലും രോഗങ്ങളായാലും മറ്റു കൗതുക പ്രതിഭാസങ്ങളായാലും. ശാസ്ത്രം ഈ അധികാരം ശാസ്ത്രജ്ഞന്മാർക്കു നല്കി. ഇന്ന്‌ എന്തു പ്രതിഭാസമുണ്ടായാലും ഒരാളും പള്ളിയിലേക്ക്‌ പോകില്ല. അഥവാ പോയാൽ തന്നെ പുരോഹിതന്മാരുടെ വിശദീകരണം മതഗ്രന്ഥങ്ങളുടേ അടിസ്ഥാനത്തിലാവില്ല. മറിച്ച്‌ ശാസ്ത്രത്തിനനുസരിച്ചാവും. ഇത്‌ നമ്മുടെ ഗ്രന്ഥത്തിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌ എന്നാവും കൂടിയാൽ അദ്ദേഹം തട്ടിവിടുക. പണ്ട്‌ പാമ്പുകടിച്ചാലും രോഗമുണ്ടായാലും പള്ളികളിലേക്കും അമ്പലങ്ങളിലേക്കും പോയിരുന്നവർ ഇന്ന്‌ പള്ളികളിൽ നിന്നൊ അമ്പലങ്ങളിൽ നിന്നോ പാമ്പുകടിച്ചാൽ, രോഗമുണ്ടായാൽ ദൈവത്തിനെ വഴിയിൽ കളഞ്ഞിട്ട്‌ ആശുപത്രികളിലേക്കാണ്‌ (ഭൂരിഭാഗവും) ഓടുക. ഞാൻ അതിനെ കുറ്റം പറയില്ല. അന്നതേ കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. പല പുരോഹിതരും അദ്ഭുതപ്രവർത്തികൾ കാണിക്കുന്നതായി പാണന്മാർ പാടി നടക്കുകയും ചെയ്യുമല്ലൊ.
ശാസ്ത്രത്തിന്റെ ഈ മേല്കൈ തന്നെയാണ്‌ മതം ശാസ്ത്രത്തിനെതിരെ തിരിയാൻ കാരണം. എന്നാൽ അത്‌ വിജയിച്ചില്ല, വിജയിച്ചിരുന്നുവെങ്കിൽ ഇന്ന്‌ നാം കാണുന്ന വിജ്ഞാനപുരോഗതി നമുക്ക്‌ കൈവരിക്കാനാകുമായിരുന്നില്ല. എന്നാൽ കാലതാമസം വരുത്താൻ അവർക്ക്‌ കഴിഞ്ഞു. മതം ഇങ്ങനെ ഒരു ചാലകശക്തിയായി സമൂഹത്തിൽ നിലനിന്നിരുന്നില്ലെങ്കിൽ ശാസ്ത്രത്തിന്റെ ഇന്നത്തെ നേട്ടങ്ങളിൽ പലതും നമുക്ക്‌ നേരത്തെ തന്നെ കൈവരിക്കാനാകുമായിരുന്നു. ഇന്ന്‌ നിസ്സാരമെന്ന്‌ തോന്നിയേക്കാവുന്ന നിഗമനങ്ങൾക്ക്‌ പോലും പലരും ജീവൻ ബലി നല്കിയിട്ടുണ്ട്‌. ഗലീലിയോയെ നമുക്ക്‌ അറിയാം. ഒരു പക്ഷെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ഇന്നും കുറച്ച്‌ സങ്കീർണ്ണമായിതോന്നിയേക്കാം. നിരവധി അപ്രശസ്തരായവർ മുതൽ പ്രശസ്തരായ്വർ വരെ ഇക്കൂട്ടത്തിലുണ്ട്‌. മഴവില്ല്‌ ദൈവത്തിന്റെ യുദ്ധചാപമല്ല മറിച്ച്‌, വെള്ളത്തുള്ളികളിൽ പ്രകാശം വിശ്ളേഷണം ചെയ്യപ്പെടുന്നതാണെന്ന്‌ നിർദ്ദോഷമായ പ്രസ്താവന നടത്തിയ ഡി റോമ്നെ മരണം വരെ ജയിൽ ശിക്ഷ അനുഭവിച്ചു. ഒടുക്കം അദ്ദേഹത്തിന്റെ ഭൗതിക ശരീരം തന്റെ പുസ്തകങ്ങളോടൊപ്പൊം അഗ്നിയിലെറിയപ്പെട്ടു. അൽ റാസിയാണു മറ്റൊരു രക്ത സാക്ഷി. സ്വന്തം പുസ്തകം കൊണ്ട്‌ തലയ്ക്കടിയേൽക്കുക എന്ന ശിക്ഷയാൽ അന്ധത ബാധിച്ചു ദാരിദ്ര്യത്തിലായിരുന്നു ശിഷ്ടജീവിതം റാസിയുടേത്‌.  പ്ളേജ്‌, ബ്രുണോ ആ നിര നീണ്ടതാണ്‌. ഗലീലിയോ അതിൽ ഒരു അംഗം മാത്രം. ഇന്ന്‌ ഇവരുടെ ഒക്കെ കണ്ട്പിടുത്തങ്ങളുടെ നേട്ടങ്ങളാൽ ലഭിച്ച ഭൗതിക സൗകര്യങ്ങൾ നുകരുമ്പോൾ ഒന്നു സ്മരിക്കുകയെങ്കിലും ചെയ്യാതിരിക്കുന്നത്‌ നന്ദികേടാണു. ഓനും ജന്മളാളാ എന്നു പറയുന്നവർ ഇവരൊക്കെ സഹിച്ച ത്യാഗങ്ങൾ ഓർക്കണം

ഇത്‌ പുരോഹിതന്മാരുടെ അല്ലെങ്കിൽ മതം പുറത്തുനിന്ന്‌ ഇടപെടുന്നതിന്റെ ചരിത്രം. എന്നാൽ മതം ഉത്പാതിപ്പിക്കുന്ന ആശയങ്ങളാൽ നയിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അതിന്റെ വിശ്വാസ സംഹിതയ്ക്കെതിരായ കണ്ടുപിടുത്തങ്ങൾ നടത്തുക എന്നത്‌ പൗരോഹിത്യത്തിന്റെ എതിർപ്പില്ലെങ്കിൽ തന്നെ വെല്ലുവിളിയാണ്‌. കാരണം ഓരോ സമൂഹത്തിനും അതിന്റെ ചാലകശക്തിയായി വർത്തിക്കുന്ന ഒരു ബോധം ഉണ്ടായിരിക്കും, അതാവട്ടെ ആ സമൂഹത്തിലെ ഭൂരിപകഷത്തിന്റെ ആശയങ്ങളാൽ നിയന്ത്രിതവുമാവും. (മാർക്സ്‌) മറ്റൊന്നാണ്‌ ഭാഷ. ഇതും പ്രോത്സാഹിപ്പിക്കുന്നത്‌ മേല്പറഞ്ഞ അന്ധവിശ്വാസധിഷ്ഠിതമായ സമൂഹത്തിന്റെ ആശയങ്ങളെയാണ്‌. മാത്രമല്ല, തങ്ങളുടെ വിശ്വാസങ്ങൾക്കെതിരായ ശാസ്ത്ര നിഗമനങ്ങളെ അംഗീകരിക്കാൻ അത്‌ കണ്ടുപിടിച്ചവർക്ക്‌ തന്നെ കഴിയാനാവാത്തവിധം മതവിഷാംശം ആളുകളെ ബാധിക്കാം. പിന്നല്ലെ സമൂഹത്തിന്റെ മൊത്തം കാര്യം. “നമ്മുടെ തലച്ചോറിന്റെ ഏറ്റവും വലിയ ദുരന്തം അത്‌ ദൈവത്താൽ നിറഞ്ഞിരിക്കുന്നു എന്നതാണു” (അൽ ക്വാസിം) ഇതാണു മതം ശാസ്ത്രത്തെ തടയുന്നു എന്ന ആരോപണത്തിന്റെ മർമ്മം. അല്ലാതെ അത്‌ ഭൗതികമായി നേരിട്ടു എന്നത മാത്രമല്ല. ആന്തരികമായ എതിർപ്പുകളാണു ഏറെ പ്രയാസമുണ്ടാക്കുക. ശാസ്ത്രം എന്നത്‌ വിശ്വാസത്തെ സംശയിച്ചവരുടെ സൃഷ്ടിയാണു. എല്ലാത്തിനും മുങ്ക്കൂരായ ഒരു ഉത്തരമായി ദൈവം നിൽക്കുമ്പോൾ അതു മാത്രമേ പാടുള്ളൂ എന്ന സുഗ്രീവാജ്ഞ നിലനിൽക്കുമ്പോൾ എന്ത്‌ ശാസ്ത്രം?   ഇമ്മാതിരി പ്രതിസന്ധി നേരിട്ടവരിൽ മഹാനായ ഐൻസ്റ്റൈൻ വരെ ഉൾപെടും. ഇങ്ങനെ നിരവധി പ്രതിസന്ധികളിലൂടെയാണ്‌ ശാസ്ത്രം പിച്ചവെച്ചത്‌. ഇന്ന്‌ അതിന്‌ സ്വന്തം കാലിൽ  നില്ക്കാനുള്ള കെല്പ്പുണ്ട്‌. ഇത്‌ മനസ്സിലാക്കിയവർ ശാസ്ത്രത്തിന്‌ എതിരുനിൽക്കുന്നതിൽ ഇനി പ്രയോജനമില്ലെന്നും അത്‌ നമ്മുടെ പ്രത്യയശാസ്ത്രങ്ങളേയും അതോടൊപ്പം നമ്മെയും ആയിരക്കണക്കിനുവർഷങ്ങൾക്ക്‌ പുറകിൽ മരവിപ്പിച്ചു നിർത്തുകയേയുള്ളൂ എന്നും തിരിച്ചറിഞ്ഞ്‌ ഇന്ന്‌ സാമ, ഭേദ, ദാന, ദണ്ഡങ്ങൾക്കുപരി `തങ്ങളുടേതാക്കൽ` കൂടി ഒരു തന്ത്രമായി സ്വീകരിക്കുന്നു. അപ്പോൾ കമ്പ്യൂട്ടറും മൊബൈൽ ഫോണും തങ്ങളുടെ ആയിരക്കണക്കിന്‌ വർഷം മുൻപുള്ള ഗ്രന്ഥങ്ങളിൽ നിന്ന്‌ പരിഹാസ്യമായി വ്യാഖ്യാനിച്ച്‌ വിശദീകരിക്കുന്നു. എന്നാൽ, ഓരോ പുതിയ തലമുറയും മുൻപുള്ളവരേക്കാൾ എത്രയോ വിജ്ഞാനീയരാണെന്നും പുതിയ ഓരോ തലമുറയ്ക്കും അവരെ കടന്നുപോയ എല്ലാ തലമുറകളുടെ ജ്ഞാനത്തിനുമൊപ്പം അവരുടെ വിജ്ഞാനവും കൂടി കൂട്ടുണ്ടാകും എന്ന പച്ചപരമാർത്ഥം അവർ മനസ്സിലാക്കുന്നില്ല. ആപേക്ഷിക സിദ്ധാന്തം അവതരിപ്പിക്കുന്ന കാലത്ത്‌ അത്‌ അറിയാവുന്നവർ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നു. ഒരു മൂന്നാമനെ അന്വേഷിക്കുകയാണ്‌ ഞാൻ എന്ന്‌ എഡ്വിങ്ങ്റ്റൺ അന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. ഇന്ന്‌ എല്ലായൂനിവേഴ്സിറ്റികളിലും ഈ വിഷയത്തിൽ എഡിങ്ങറ്റനു ക്ളാസ്സെടുക്കാൻ കെല്പുള്ള, ഐൻസ്റ്റൈനേക്കാളും ജ്ഞാനമുള്ള ലക്ഷക്കണക്കിന്‌ വിദ്ധ്യാർഥികളുണ്ട്‌ ലോകത്തിൽ. ചാൾസ് ഡാർവിനു ക്ളാസ്സെടുക്കാൻ കെല്പ്പുള്ള കുട്ടികളുണ്ട് പല യൂണിവേഴ്സിറ്റികളിലും. അപ്പോൾ നാം മനസ്സിലാക്കിയതിനേക്കാൾ മികച്ച ശരികൾ നമുക്ക്‌ മുൻപുള്ളവരുടേതായിരുന്നു എന്ന്‌ എന്തിന്റെ പിൻബലത്തിലാണ്‌ അവകാശപ്പെടാനാവുക?

(ചരിത്രത്തിൽ ശിക്ഷിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ ഒരു ലിസ്റ്റ്‌ ആരും ഉണ്ടാക്കിയിട്ടില്ല എന്നു തോന്നുന്നു. ഗൂഗിളിൽ അങ്ങനെ ഒന്നു കണ്ടില്ല. ഉള്ളവ ഭാഗികമാണു. ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്നു സഹായിക്കണം)