ഇങ്ങനെയായിരുന്നു പ്രാചീന ഭാരതത്തിൽ ഒരു സമ്പൂർണ തത്ത്വശാസ്ത്രമായി ഭൌതികവാദം അരങ്ങേറ്റം ചെയ്തത്. അവർ കൈകാര്യം ചെയ്തത്, ഇന്ത്യൻ സാഹചര്യത്തിൽ സവിശേഷപ്രസക്തിയുള്ള വിഷയങ്ങൾ (പുനർജന്മവിശ്വാസം, എടുത്തു പറയാവുന്നതാണ്) ആയിരുന്നു. ചാർവാക/ലോകായത തത്ത്വചിന്ത ഇപ്രകാരം വ്യക്തമായും തദ്ദേശീയമായിരുന്നു.
5. ഏകദേശം CE പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ചാർവാക/ലോകായത പാരമ്പര്യത്തിൻറെ തുടർച്ചയ്ക് വിഘ്നം വന്നു. പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ചാർവാക/ലോകായത ചിന്തയെക്കുറിച്ച് എഴുതിയതൊക്കെ നേരിട്ടുള്ള അറിവിൻറെ അടിസ്ഥാനത്തിലായിരുന്നില്ല, ഗുരുക്കൾ ശിഷ്യർക്ക് പകർന്നുനൽകിയ അറിവിലൂടയും ഈ ശിഷ്യർ തങ്ങളുടെ ഗുരുക്കളിൽനിന്നു കേട്ടറിഞ്ഞവ (അവരുടെ നേരിട്ടുള്ള അനുഭവത്തിൽനിന്നല്ല) അടുത്ത തലമുറയ്ക്ക് കൈമാറിയുമായിരുന്നു. ഈ പാഠങ്ങളിൽ ചിലതൊക്കെ ചാർവാക/ലോകായത തത്ത്വജ്ഞാനികളുടെ ചിന്തകളുമായി പൊരുത്തമുള്ളവയാണ്, എന്നാൽ ഇവരുടെ വിശദീകരണങ്ങളിൽ കൂടുതലും ആത്മീയവാദപക്ഷപാതിത്ത്വമുള്ളവയും വെറും കെട്ടിച്ചമച്ച കഥകളുമായിരുന്നു.
6. യോഗാചാര ബൌദ്ധരും ജൈനരും അദ്വൈത വേദാന്തികളും ന്യായ ചിന്തകരും ചാർവാക/ലോകായത ചിന്തകരെ തങ്ങളുടെ മുഖ്യ എതിരാളികളായി കണക്കാക്കി അവരുടെ ഭൌതികവാദ വീക്ഷണങ്ങളെ ഖണ്ഡിക്കാൻ കഠിനശ്രമം നടത്തിയിരുന്നു. ചാർവാക/ലോകായത ഗ്രന്ഥങ്ങൾ തീർത്തും നാമാവശേഷമായതിനു ശേഷവും ഇത്തരം വിമർശനങ്ങൾ അവർ തുടർന്നുപോന്നു. ഇക്കാരണത്താൽ, ഇവരുടെ കൃതികളിൽ കാണുന്ന ചാർവാക/ലോകായത ചിന്തയെക്കുറിച്ചുള്ള പരാമർശങ്ങളൊന്നുംതന്നെ ചാർവാക/ലോകായത ചിന്തകരുടെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവിൻറെ അടിസ്ഥാനത്തിലായിരുന്നില്ല.
7. ചാർവാക/ലോകായത ചിന്തകരുടെ അടിസ്ഥാനഗ്രന്ഥങ്ങളുമായുള്ള പരിചയത്തിൻറെ ഈ അഭാവത്തിൽ, അവരുടെ എതിരാളികളും ആധുനിക ഗവേഷകർപോലും, ചാർവകരുടേയും അവരുടെ മുൻഗാമികളുടേയും അഭിപ്രായങ്ങൾ ഒന്നെന്നു തെറ്റിദ്ധരിച്ചുപോന്നു. വിവിധ തരത്തിലുള്ള ചാർവകരുണ്ടെന്ന ധാരണക്ക് ഇത് വഴിയൊരുക്കി - പലഇനം ചാർവകരല്ല, വിവിധതരം ഭൌതികവാദികൾ ഉണ്ടായിരുന്നു എന്നതാണ് വാസ്തവങ്കിലും. ഈ ഭൌതികവാദികളിൽ ചിലർ നിശ്ചയമായും ചാർവാകർക്കുമുമ്പുള്ളവരും വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചു പുലർത്തിയവരുമായിരുന്നു. ഉദാഹരണമായി, ഭൂമി, വായു, അഗ്നി, ജലം എന്നീ നാലെണ്ണം മാത്രമാണ് സ്വാഭാവിക മൂലകങ്ങളായി ചാർവാകർ അംഗീകരിച്ചത്; മറ്റുള്ളവർ അതേസമയം ശൂന്യതയെക്കൂടിചേർത്ത് (ആകാശം - void , ether) അഞ്ചു മൂലകങ്ങൾ ഉണ്ടെന്നു കരുതി.
8. CE പതിമൂനാം നൂറ്റാണ്ടിനു ശേഷം ഏതെങ്കിലും ഒരു ചർവാകാനന്തര ഭൌതികവാദ ചിന്ത ഭാരതത്തിൽ നിലനിന്നിരുന്നതായി ഒരു തെളിവുമില്ല. അബുൽ ഫസൽ ഉത്തര ഭാരതത്തിലെ പണ്ഡിറ്റുമാരിൽനിന്നും (മിക്കവാറും ജൈന പണ്ഡിതന്മാരിൽനിന്നും) ശേഖരിച്ചു തൻറെ ഐൻ-ഇ അക്ബരി (Ain-i Akbari) എന്ന പേർഷ്യൻ കൃതിയിൽ രേഖപ്പെടുത്തിയ ചാർവാക ചിന്തയെക്കുറിച്ചുള്ള പരാമർശങ്ങൾ വ്യക്തമാക്കുന്നത് ഭാരതീയ തത്ത്വചിന്തയെക്കുറിച്ച് അദ്ദേഹത്തിൻറെ സമകാലികമായും തുടർന്നുവന്നതുമായ സംസ്കൃത സംഗ്രഹ-ഗ്രന്ഥങ്ങളിൽ കാണുന്ന അതേ അജ്ഞതയാണ്. ഭൌതികവാദ ചിന്തയെക്കുറിച്ചുള്ള ചുരുക്കം ചില പ്രസക്ത ഭാഗങ്ങൾ മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. ഇതിനുപുറമെ, ചാർവാകരുടെ പേരിലുള്ള ചില സൂക്തങ്ങളും വാമൊഴിയായി തലമുറകളിലേക്ക് കൈമാറിയിരുന്നു. മൂലഗ്രന്ഥങ്ങളിൽനിന്നുമുള്ള ഈ അകല്ച്ച കാരണം ഈ വിവരണങ്ങളെ അപ്പടി നമുക്ക് സ്വീകരിക്കാനാവില്ല.
9. ചില സംസ്കൃത കാവ്യങ്ങളിലും നാടകങ്ങളിലും (നൈഷധ ചരിതം, പ്രബോധ ചന്ദ്രോദയം, ആഗമ-ദംബരം, വിദ്വൻമോദ-തരങ്ങിണി എന്നിവയിൽ പ്രത്യേകിച്ചും) കാദംബരി എന്ന ഗദ്യ കൃതിയിലും ചാർവാകരെക്കുറിച്ച് വർണ്ണനകളുണ്ട്. ഈ ഗ്രന്ഥകർത്താക്കൾ ഭൌതികവാദത്തിൻറെ വിമർശകരും ചാർവാകരെ അപ്രീതികരമായരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതും കാരണം ഈ കൃതികളിലെ തെളിവുകൾ സംശയാസ്പദമാണ്. അതിനാൽ ഇവയിലെ പരാമർശങ്ങളെ വിമർശനരഹിതമായി സ്വീകരിക്കരുത്.
10. ചാർവാകർക്കെതിരെ ഏറ്റവും സാധാരണമായ ആരോപണം അവർ പ്രത്യക്ഷജ്ഞാനമോഴിച്ചു മറ്റൊരു ജ്ഞാനമാർഗത്തിലും വിശ്വസിച്ചിരുന്നില്ല എന്നതാണ്. എന്നാൽ, പ്രത്യക്ഷജ്ഞാനത്തെ അടിസ്ഥാനമാക്കിയ അനുമാനം (inference based on perception), അതിനവർ പ്രാഥമികത്വം കല്പ്പിചിരുന്നില്ലെങ്കിൽപോലും, സാധുവായ ഒരു ജ്ഞാനമാർഗമാണെന്ന് ചാർവാകരും മുൻകാല ഭൌതികവാദികളും കരുതിയിരുന്നതായി വിശ്വസിക്കാൻ വേണ്ടത്ര തെളിവുകളുണ്ട്. CE എട്ടാം നൂറ്റാണ്ടുമുതൽ ഇതു വേണ്ടത്ര അറിയപ്പെട്ടതുമാണ്. എന്നിരുന്നാലും, ചാർവാകരുടെ വിമർശകർ, ഗീബൽസിനെപ്പോലെ, ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു (“ഒരു നുണ പത്തുതവണ ആവർത്തിച്ചാൽ അതു സത്യമായിതോന്നും”. ഗീബൽസ് യഥാർത്ഥത്തിൽ ഇങ്ങനെ പറഞ്ഞിരുന്നോ ഇല്ലയോ എന്നതപ്രസക്തമാണ്, കാരണം അയാളതു പ്രാവർത്തികമാക്കിയിരുന്നു).
11. അടിസ്ഥാനരഹിതമായ മറ്റൊരാരോപണം, ചാർവാകർ സുഖഭോഗവാദികൾ (hedonists) ആയിരുന്നു എന്നാണ്. തീർച്ചയായും, മനുഷ്യ ജീവിതം പൂർണമായും ദൈന്യത നിറഞ്ഞതാണെന്ന വിശ്വാസം ചാർവാകർക്കുണ്ടായിരുന്നില്ല എന്നതിനു വേണ്ടത്ര തെളിവുകളുണ്ട്; അതേസമയം, ജീവിതലക്ഷ്യം ഇന്ദ്രിയസുഖമാണെന്ന് അവർ കരുതിയിരുന്നുയെന്നതിനു യാതൊരു തെളിവുമില്ലതാനും. ഇതു ഗ്രീസിലെ തത്ത്വചിന്തകനായിരുന്ന എപിക്യുരസ്സിൻറെതിനു (Epicurus) സമാനമാണ്. അതീവ ലാളിത്യമുള്ള ഒരു ജീവിതമായിരുന്നു എപിക്യുരസ്സിൻറെതെങ്കിലും, അദ്ദേഹത്തിൻറെ പേർ, ‘തിന്നുക, കുടിക്കുക, ആനന്ദിക്കുക’ എന്ന ജീവിത ശൈലിയുടെ മൂർത്തവക്താവായി അപകീർത്തിപ്പെടുത്തി. ബുദ്ധൻറെ മുതിർന്ന സമകാലീനനും നമുക്കറിയാവുന്ന ഏറ്റവും ആദ്യത്തെ ആദിമ-ഭൌതികവാദിയുമായിരുന്ന (proto-materialist) അജിത കേശകംബല യഥാർത്ഥത്തിൽ തീവ്രവിരക്തിയെ ഒരു കൾട്ട് (cult) തന്നെയാക്കി മാറ്റിയിരുന്നു. സാംഖ്യദർശനവും ഇന്ദ്രിയസുഖ-പക്ഷവാദികളെന്നുവിളിച്ചു പരിഹസിക്കപ്പെട്ടു. സാംഖ്യദർശനത്തെ ഗൌരവമായി സമീപിക്കുന്ന ഒരു പഠിതാവും ഒരിക്കലും ഈ അസംബന്ധം കേട്ടെന്നുനടിച്ചില്ല. എന്നാൽ, ഭാരതീയ ദർശനത്തെക്കുറിച്ച് ഇന്നു പാഠപുസ്തകം ചമയ്ക്കുന്നവർ ചാർവാകചിന്തയെക്കുറിച്ച് അടിസ്ഥാനരഹിതമായ ഈ ആരോപണം നിരന്തരം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
12. പല എഴുത്തുകാരും പ്രചരിപ്പിക്കുന്ന മറ്റൊരു തെറ്റിദ്ധാരണ ചാർവകാരിൽത്തന്നെ പലയിനം ശാഖകൾ ഉണ്ടായിരുന്നു എന്നാണ് - മനസ്സാണ് ആത്മാവെന്നു കരുതുന്നവർ, ജീവശ്വാസമാണ് ആത്മാവെന്നു വിശ്വസിക്കുന്നവർ, അല്ല പഞ്ചേന്ദ്രിയങ്ങളാണ് ആത്മാവെന്നു വിവക്ഷിക്കുന്നവർ, എന്നിങ്ങനെ വിവിധഇനം ചാർവാകർ. അത്തരം വീക്ഷണങ്ങൾ നമ്മുടെ പൊതുകാലഘട്ടതിനുമുമ്പ് (CE - Common Era) ഒരുപക്ഷെ സാധാരണമായിരുന്നിരിക്കാം; പല ഉപനിഷത്തുകളിലും അവയെക്കുറിച്ച് പരാമർശങ്ങളുണ്ട്. എന്നിരുന്നാലും, അത്തരം വീക്ഷണങ്ങൾ ചാർവാകപൂർവ്വം (pre-carvaka) മാത്രമായിരുന്നില്ല, ദാർശനികപൂർവവുമായിരുന്നു (pre-philosophical). ചാർവാക/ലോകായത ദർശനം ചിട്ടപ്പെടുത്തിയ ഒരു ദാർശനിക വ്യവസ്ഥയായി മാറുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്. ഈ ദാർശനികവ്യവസ്ഥയുടെ പ്രയോക്താക്കൾ അത്തരം പ്രാക്സ്രോതസ്സുകളിൽനിന്ന് വല്ലതും സ്വീകരിച്ചിരുന്നുവോ എന്നതിന് യാതൊരു തെളിവുമില്ല. ഭൂതചൈതന്യവാദം അല്ലെങ്കിൽ ദേഹാത്മവാദം മാത്രമായിരുന്നു ചാർവാകരുടെ ദാർശനിക സിദ്ധാന്തം. ഏകാത്മകമായ ഒരു ദർശനവ്യവസ്ഥയായിരുന്നു ചാർവാകരുടേതെങ്കിലും അവയുടെ പരമ്പരാഗത വ്യാഖ്യാനങ്ങൾ സമാനമായിരുന്നില്ല; അവരുടെ വ്യാഖ്യാതാക്കൾ ചില സൂക്തങ്ങളുടെ കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നില്ല.
13. ചാർവാകസൂത്രത്തിൻറെ വ്യാഖ്യാതാക്കളെല്ലാവരും ചാർവാകർതന്നെയായിരുന്നില്ല. ചിലരൊക്കെ ന്യായദർശനത്തിൻറെ അനുചരരായിരുന്നു; ന്യായദർശനത്തിൻറെതിനുപുറമെ, ചാർവാകസൂത്രത്തിൻറെ ഭാഷ്യങ്ങളും അവെരെഴുതി. സ്വാഭാവികമായും, ചാർവാക പാരമ്പര്യത്തിനു തികച്ചും അന്യമായ സങ്കീർണമായ പല ന്യായദർശന പദാവലികളും അവർ തങ്ങളുടെ ഭാഷ്യങ്ങളിൽ അവതരിപ്പിച്ചു. എന്നിരുന്നാലും, ഈ വ്യാഖ്യാതാക്കളുടെ പൊതുവായ ഒരു ഗുണം, ഒരടിസ്ഥാന പ്രമാണത്തോടുള്ള ഉറച്ച കൂറായിരുന്നു - ജീവസ്സുറ്റ ശരീരത്തിൻറെ ബോധാവസ്ഥമാത്രമാണ് ആത്മാവെന്നും പ്രത്യക്ഷജ്ഞാനത്തിൻറെ അഭാവത്തിലുള്ളതോ വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയതോ ആയ അനുമാനം (inference) അസാധുവാണെന്നുമുള്ള പ്രമാണം.
14. ചുരുക്കത്തിൽ, CE ആറാം നൂറ്റാണ്ടുവരെ സൂത്ര-ഭാഷ്യ ശൈലിയിൽ (മൂലവാക്യവും അതിൻറെ വ്യാഖ്യാനവും) ചിട്ടപ്പെടുത്താതിരുന്ന ആദിമ-ഭൌതികവാദ (proto-materialist) വീക്ഷണങ്ങളുടെ പരിപൂർണ്ണാവസ്ഥയായാണ് ചാർവാക/ലോകായത ദർശനം ഉദയം ചെയ്തത്. വ്യർഥമായ, വേദാംഗീകാരമുള്ള മതാചാരങ്ങളെ വിമർശിച്ചവരും ബ്രാഹ്മണ പുരോഹിതർക്ക് പാരിതോഷികം നൽകാൻ വിസമ്മതിച്ചവരുമായ ചില സ്വതന്ത്രചിന്തകരുടെ ആശയങ്ങളായാണ് നമുക്കിടയിൽ ഇന്നവ അറിയപ്പെടുന്നത്. സ്വർഗ്ഗ-നരകങ്ങളിലും, അതുകൊണ്ടുതന്നെ അനശ്വരമായ ആത്മാവിലും, ഈ ആദ്യകാല ഭൌതികവാദികൾ വിശ്വസിച്ചിരുന്നില്ല. ചാർവാക/ലോകായത-ദർശനത്തിനു മുമ്പുള്ള ഭൌതികവാദചിന്തയ്ക്കു ഇതുമാത്രമേ വിഷയമായിരുന്നുള്ളൂ. സാത്താശാസ്ത്രപരമായ പ്രശ്നങ്ങളായിരുന്നു അവരുടെ മുഖ്യ ചിന്താവിഷയം. അവരുടെ പിന്തുടർച്ചക്കാരായിവന്ന, അവരുടെ ചിന്തയെ സ്വാംശീകരിച്ച, ചാർവാക/ലോകായത ദർശനത്തിനു അവരുടെ സംഭാവനയും ഇതായിരുന്നു. ജ്ഞാനശാസ്ത്രപരമായ പ്രശ്നങ്ങളും അവരുടെ ചിന്തയ്ക്കു വിഷയമായിരുന്നിരിക്കാം, പക്ഷെ അതിനു നമ്മുടെ മുമ്പിൽ തെളിവുകളേതുമില്ല.
15. കാപാലികരുമായോ ബംഗാളിലെ സഹജീയർ, ബൌലുകൾ (Sahajiyā-s, Bāul-s, etc) തുടങ്ങിയ അറിയപ്പെടാത്ത ചില നാടോടി-കൾട്ടുകളുമായൊ (folk-cults) ചാർവാകർക്ക് വല്ല സാദൃശ്യവുമുണ്ടായിരുന്നോ എന്നത് കീറാമുട്ടിയായ ഒരു പ്രശ്നമാണ്. ജ്ഞാനമാർഗങ്ങളിൽ പ്രത്യക്ഷജ്ഞാനത്തിൻറെ പരമപ്രാധാന്യം, വേദം, വർണ്ണവ്യവസ്ഥ, ലിംഗ വിവേചനം എന്നിവയോടുള്ള എതിർപ്പ് , തുടങ്ങിയ ചില ആശയങ്ങൾ ചാർവാകരിൽനിന്നോ അവരുടെ പൂർവികരിൽനിന്നോ ഇവർ സ്വീകരിച്ചിരിക്കാനിടയുണ്ട്. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, ഈ കൾട്ടുകളെല്ലാംതന്നെ ഗുരുക്കന്മാരെ ആശ്രയിച്ചുള്ളതും തങ്ങളുടെ ആശയങ്ങൾ നാടൻപാട്ടുകളിലാക്കി പാടിനടന്നവരും (ദാർശനികചിന്തകൾ എഴുത്തിലൂടെ അവതരിപ്പിച്ചവരല്ല) ശൈവരോ, വൈഷ്ണവരോ, ശാക്തരോ ആയ ഏതെങ്കിലുമൊരു വിഭാഗവുമായി ബന്ധപ്പെട്ടവരോ ആയിരുന്നു. മഹാ പാരമ്പര്യങ്ങളുമായി (Great Tradition) ചില കാര്യങ്ങളിൽ അവർക്കു സാമ്യതയുണ്ടെങ്കിലും, കൊച്ചു പാരമ്പര്യത്തിലെ ‘അപരരായി’ (‘other’ belonging to the Little Tradition) അവർ സ്വയം സംഘടിച്ചു. ബ്രാഹ്മണ പൌരോഹിത്യവർജ്യം, വ്യവസ്ഥാപിത തീർത്ഥാടന കേന്ദ്രങ്ങളോടുള്ള വൈമനസ്യം, ഗ്രാമോത്സവങ്ങളിൽ തങ്ങളുടേതു മാത്രമായ ഒത്തുചേരൽ എന്നീ കാര്യങ്ങളിൽ ഇവർ മഹാ മതപാരമ്പര്യങ്ങളിൽനിന്നും വ്യത്യസ്തരാകുന്നു. എന്നാൽ, ചാർവാകർ മഹാപാരമ്പര്യത്തിൻറെഭാഗമായിരുന്നു: അവർ സംസ്കൃതത്തിൽ, പ്രാദേശിക ഭാഷയിലല്ല, ഒരു സൂത്ര (सूत्र - sūtra) സംശോധനം ചെയ്യുകയും അതിൻറെ ഭാഷ്യങ്ങൾ ചമയ്ക്കുകയും ചെയ്തു. ചുരുക്കത്തിൽ, ഇവ രണ്ടും വ്യത്യസ്തമായ രണ്ടു പാരമ്പര്യങ്ങളുടെ ഭാഗമായിരുന്നു - അവരുടെ ലക്ഷ്യവും പലപ്പോഴും വ്യത്യസ്തമായിരുന്നു. വാസ്തവിക ജ്ഞാനത്തിലായിരുന്നു (തത്ത്വ) ചാർവാകർക്ക് താത്പര്യമെങ്കിൽ, കൊച്ചു പാരമ്പര്യത്തിലെ കൾട്ടുകൾ മുക്തിക്കുവേണ്ടി ദാഹിച്ചു. വെറും വിശ്വാസത്തിലടിസ്ഥിതമായ സകല ആചാരങ്ങളെയും ചാർവാകർ നിരാകരിച്ചപ്പോൾ, കൾട്ടുകളുടെ അനുയായികൾ തങ്ങളുടെ ഗുരുക്കന്മാരുടെ ഉപദേശാനുസാരം വളരെ വിപുലമായ ആരാധനാക്രമങ്ങൾ അഥവാ സാധനാക്രമങ്ങൾ (സാധന-പദ്ധതി), ചിട്ടപ്പെടുത്തി. ഒരേ സമീപനത്തിൻറെ രണ്ടു രീതികളെന്നുവിളിച്ചു സമരസപ്പെടുത്താനാകാത്തവിധം ഇവ്വിധം അടിസ്ഥാനപരമായ പൊരുത്തക്കേടുള്ളവയായിരുന്നു ഇവ രണ്ടും. മൈത്രീ (മൈത്രായാനി അല്ലെങ്കിൽ മൈത്രായനീയ) ഉപനിഷദ് സാക്ഷ്യപ്പെടുത്തുന്നതുപോലെ ഉപനിഷദ് കാലഘട്ടത്തിലും സാന്നിദ്ധ്യമുണ്ടായിരുന്നു ഈ കൊച്ചു പാരമ്പര്യ കൾട്ടുകൾക്ക്. മിക്കവാറും, ഈ രണ്ടു പാരമ്പര്യങ്ങളൂടെയും ഉത്ഭവം ഒരേ സ്രോതസ്സിൽനിന്നുമായിരിക്കണം; എന്നാൽ രണ്ടു വ്യത്യസ്ത ശാഖകളായി പിന്നീടവ വേർപിരിഞ്ഞു - ഒന്ന്, തികച്ചും യുക്തിവാദപരവും നാസ്തികവും, മറ്റത്, യുക്തിവിരുദ്ധവും ആസ്തികവും. ചാർവാക/ലോകായത ഒരു ദർശനമാണ്, മറിച്ചു ബ്രാഹ്മണിക വിരുദ്ധമായ നാടോടി കൾട്ടുകൾ ബ്രാഹ്മണിക (വൈദിക) പാരമ്പര്യത്തിനുപുറത്തുള്ള വിശ്വാസികളുടെ ഒരു ചങ്ങാതിക്കൂട്ടവും. അവരുടെ സമീപനരീതികളിൽ ചില സാദൃശ്യങ്ങലുണ്ടെങ്കിലും (ഉദാഹരണമായി, പ്രത്യക്ഷജ്ഞാനത്തിൻമേലുള്ള ഊന്നൽ, വേദപ്രാമാണ്യത്തിൻറെ നിഷേധം, ബ്രാഹ്മണ പൗരോഹിത്യത്തിൻറെ നിരസനം, എന്നിവ) അവർ രണ്ടു വ്യത്യസ്ത മണ്ഡലങ്ങളില്പ്പെട്ടവരായിരുന്നു. തത്ത്വചിന്തയേയും മതവിശ്വാസത്തെയും തുല്യനിലയിൽ കാണരുത്.
രാമകൃഷ്ണ ഭട്ടാചാര്യ കൊൽകൊത്ത യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനും യൂനിവേഴ്സിറ്റി ഗ്രാന്ര്സ് കമ്മിഷനിലെ Emeritus Fellow യുമായിരുന്നു. ഇപ്പോഴദ്ധേഹം കൊൽകൊത്തയിലെ Pavlov Institute ലെ Fellow ആണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷണപരവും അല്ലാത്തതുമായ ആനുകാലികങ്ങളിൽ ഭാരതീയ-യൂറോപ്യൻ സാഹിത്യം, തത്ത്വചിന്ത (പ്രത്യേകിച്ചും, ചാർവാക/ലോകായത ദർശനം, ഭൌതികവാദം, യുക്തിവാദം എന്നിവയെക്കുറിച്ച്) ഇംഗ്ലീഷിലും ബംഗാളിയിലും ലേഖനങ്ങലെഴുതുന്നു.
അദ്ദേഹത്തിൻറെ Email വിലാസം: ramkrishna.bhattacharya@gmail.com
ഈ ലേഖനത്തിൻറെ ഇംഗ്ലീഷിലെഴുതിയ മൂലലേഖനം ഇവിടെ വായിക്കാം: Materialism in India: a Synoptic View
ഭാഷാന്തരം: മനോജ്
(തുടരും...)
(തുടരും...)
No comments:
Post a Comment