Saturday, September 25, 2010

സംസത്തിന്റെ കഥ

അധിക മതങ്ങളിലും ദേവസ്പർശമുള്ള തീർഥം ഒരു അവിഭാജ്ജ്യ ഘടകമാണ്‌. ഹിന്ദുക്കൾക്ക് ഗംഗ, മുസ്ലിങ്ങൾക്ക് ‘സംസം’ സംസത്തിന്റെ കഥ പ്രസിദ്ധമാണ്‌. ഉപേക്ഷിക്കപ്പെട്ട ഹാജറയും കുഞ്ഞും മരുഭൂമിയിൽ ജലമന്വേഷിക്കുകയും കുഞ്ഞിനെ ഭൂമിയിൽ കിടത്തി സഫാ മർവാ എന്നുപേരുള്ള രണ്ട് മലനിരകളിൽ നിരന്തരമായി ഏഴുതവണ ആ അമ്മ കയറിയിറങ്ങുകയും ചെയ്തു. (ഇങ്ങനെ പറയുമ്പോൾ നമ്മുടെ സഹ്യനും കല്ലടിക്കോടൻ മലകളും ഒക്കെയായിരിക്കും വായനക്കാരന്റെ മനസ്സിൽ) ഈ അമ്മ മാതൃത്വത്തിന്റെ മഹനീയ മാതൃകയാണെന്നതിൽ ഈയുള്ളവൻ വിനീതനാവുന്നു. അമ്മേ നമോവാകം.

ഈ തീർഥങ്ങളുടെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കുക എന്നൊരു കലാപരിപാടി എല്ലാവരും നടത്താറുണ്ട്. വിശ്വാസത്തിന്‌ ശാസ്ത്രം ആവശ്യമില്ല എന്ന് പറയുമെങ്കിലും അങ്ങനെ ഒരു തെളിവുകിട്ടിയാൽ അതൊരു അധിക മേന്മയാവുമല്ലൊ എന്നുകരുതിയാണ്‌ ഈ പരിപാടി .

സംസംത്തിന്റെ കാര്യത്തിലും ഇങ്ങനെ പലപ്പോഴായി നടന്നിട്ടുണ്ട്. ഇത്തരം ഗവേഷണങ്ങൾക്കായി സൗദി ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കുന്നുണ്ട്. അവയുടെ പങ്കുപറ്റാൻ ഓരോരുത്തരും ഗവേഷണം എന്നും പറഞ്ഞ് പലതും എഴുന്നള്ളിക്കാറുണ്ട്. സൗദിയിൽ നിന്ന്‌ രണ്ട് ഗവേഷണത്തിനുള്ള പണം കിട്ടിയാൾ ജീവിതം ‘ബിന്താസ്’ ഈ അടുത്തകാലത്ത് ഈജിപ്തുകാരനായ ഒരു ഡോക്ടർ സംസം ജലത്തെ പറ്റി നടത്തിയ ഒരു പഠനറിപ്പോർട്ട് ഞാൻ വായിക്കുകയുണ്ടായി. ( അങ്ങനെ പലതും നമ്മൾ കാണാറുള്ളതിനാൽ അത്ര കാര്യമാക്കിയില്ല.)

ആ റിപ്പോർട്ടിൽ സംസം ജലം ദൈവീകവും ലോകത്തുള്ള മറ്റു വെള്ളത്തിൽ നിന്നെല്ലാംവ്യത്യസ്ഥവുമാണെന്നും പറഞ്ഞിരുന്നു. മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള വെള്ളവുമായും അദ്ദേഹം താരതമ്മ്യം ചെയ്യുകയുണ്ടായി.
എത്തിച്ചേർന്ന നിഗമനങ്ങൾ
സംസം വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, രാസഘടകങ്ങൾ ഇവയൊക്കെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാണ്‌ (ആയിരിക്കണം. നമുക്കതിൽ തർക്കമില്ല. ഒരു ചവർപ്പു കലർന്ന രസമാണതിന്‌. ഞാൻ പലസ്ഥലത്തുനിന്നുമുള്ള സംസം കുടിച്ചിട്ടുണ്ട്, ഹറമിലേതടക്കം. ഇതിലും കുടിക്കാൻ കൊള്ളാവുന്ന ശുദ്ധജലം സൗദിയുടെ പലഭാഗങ്ങളിലും കുഴിച്ചെടുക്കുന്നുണ്ട്. പച്ചവെള്ളത്തിന്‌ രുചിയുണ്ടായാൽ കുടിക്കാൻ പ്രയാസമാണ്‌.)

ആ വെള്ളത്തിന്‌ രോഗശമനശക്തിയുണ്ട്. (അതിലും നമുക്ക് തർക്കമില്ല. എന്റെ അറിവിൽ പെട്ടിടത്തോളം ഏതു ജലത്തിനും ഏറിയും കുറഞ്ഞും രോഗശമനശക്തിയുണ്ട്. കാരണം, എല്ലാവെള്ളത്തിലും രാസ, മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. രാസമൂലകങ്ങൾ തന്നെയാണല്ലോ മരുന്നായും ഉപയോഗിക്കുന്നത്. ഏതൊക്കെ രോഗങ്ങൾക്ക് എത്ര ശതമാനം തുടങ്ങിയ ചോദ്യങ്ങൾ ഞാൻ ഇവിടെ ഉന്നയിക്കുന്നില്ല)

ഇത് അതിന്റെ വ്യതിരിക്തതയ്ക്കും ദൈവീകാസ്ഥിത്വത്തിനും തെളിവാണ്‌. (ഇവിടെ വിയോജിക്കുന്നു. ദൈവം തന്നെ നമ്മുടെ യുക്തിക്ക് നിരക്കുന്നതല്ല, പിന്നല്ലേ അസ്ഥിയും മജ്ജയും. മറ്റു കാരണങ്ങൾ മുകളിൽ കൊടുത്തിട്ടുണ്ട്. ഒന്നുകൂടി വിശദീകരിക്കാം. ഈ പഠനത്തിന്‌ മക്കയിലേയും പരിസരത്തേയും ജലം ഉപയോഗിച്ചിരുന്നോ? മക്കയിലെ ജലത്തിനും ഇതിനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്‌? ഈ ജലം ഭൂമിക്കടിയിൽ നിന്ന്‌ ഊറിവരുന്നതാണോ അതോ നമുക്ക് അജ്ഞാതമായ ഏതെങ്കിലും മാർഗത്തിലൂടെ, “ഏതെങ്കിലും വടിവിലീശ്വര വൈഭവത്താൽ”, സ്വർഗത്തിൽ നിന്ന് പ്രവഹിക്കുന്നതാണോ? ഭൂമിയിൽനിന്ന് ഊർന്നു വരുന്നതാണെങ്കിൽ മറ്റു ജലസ്രോതസ്സുകളുമായി ഇത് കലരാനുള്ള സാധ്യതയില്ലേ? എങ്കിൽ എന്തു വ്യതിരിക്തതയാണ്‌ അവകാശപ്പെടാനാവുക? രോഗങ്ങൾ മാറും എന്നവകാശപ്പെടുമ്പോൾ ഏതേതൊക്കെ രോഗങ്ങൾക്ക് മരുന്നിന്‌ പകരമായി സംസം കുറിച്ചു കൊടുക്കാം? എന്തൊക്കെ പാർശ്വഫലങ്ങളാണുണ്ടാവുക? ചോദ്യങ്ങൾ ഇനിയും ഉന്നയിക്കാമെങ്കിലും നമുക്ക് ഇതിൽ ഉപയോഗിക്കാവുന്ന യുക്തിയുടെ മനദണ്ഡത്തിന്റെ തെളിവിനായി ഇത്രയും മതി.)

പക്ഷെ, ഇതൊന്നും കാര്യമാക്കതെ ഞാൻ നമ്മുടെ യുക്തിയനുസരിച്ച് കാര്യങ്ങൾ നമുക്കറിയാം, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവുകൾ അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്നെങ്കിൽ മാത്രമേ അങ്ങീകരിക്കുകയുള്ളൂ എന്നും നമുക്കറിയാം. ഉദാഹരണത്തിന്‌ മകരജ്യോതി സർക്കാർ സ്പോൺസേർഡ് അന്തഃവിശ്വാസമാണെന്ന് അത് കത്തിച്ചിരുന്ന ആൾ തന്നെ കേരളം മുഴുവൻ പറഞ്ഞു നടന്നിട്ടും യുക്തിവാദികൾ അതിനെതിരായി പ്രചരണകോലാഹലങ്ങൾ (ഇപ്പോഴും) അഴിച്ചുവിട്ടിട്ടും ഓരോ കൊല്ലവും ഭക്തജനപ്രവാഹം ഏറുകയഅണെന്ന സജീവമായ തെളിവ് നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.

അങ്ങനെ കാലക്ഷേപം നടത്തവേ 21/8/10 ന്‌ സൗദി അറബ്യയിൽ പുറത്തിറങ്ങിയ പത്രങ്ങളിൽ ജിയോളജിവകുപ്പ് മേധാവി ഡോക്റ്റർ യൂസഫ് അൽ അഹ്സാത്തിനെ ഉദ്ധരിച്ച് ഒരു വാർത്ത കണ്ടു,. സംസം ജലവിതാനം ഉയരുന്നു. എന്തെങ്കിലും അത്ഭുതമാവുമെന്ന് കരുതി ചെറിയ ഒരു കൗതുകം തോന്നി. താഴോട്ടു വായിച്ചപ്പോൾ അടുത്തകാലത്തായി ഹറമിന്റെ ഭാഗങ്ങൾ നവീകരിക്കുന്നതിനോടനുബന്ധിച്ച് സമീപത്തുള്ള ധാരാളം കിണറുകൾ മൂടപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നുള്ള ജലമാണത്രെ സംസം ജലനിരപ്പ് ഉയർത്തിയതെന്ന് സൗദി ജിയോളജിവകുപ്പ് കണ്ടെത്തിയിരിക്കുന്നു. ശേഷം ചിന്ത്യം

Sunday, September 19, 2010

യുക്തിവാദികള്‍ നേരിടുന്ന ഭാഷാപരമായ ചില പ്രശ്നങ്ങള്‍

‍യുക്തിവാദികള്‍ക്കും അതേ പോലെ സ്ത്രീവാദികള്‍ക്കുമൊക്കെ നേരിടേണ്ടി വരുന്ന ഭാഷാപരമായ ചില പ്രശ്നനങ്ങളുണ്ട്‌. യുക്തിവാദി ഈ ബലഹീനതകളെപ്പറ്റി പിടിപാടുള്ളവനായിരിക്കണം. നമുക്കറിയാം ഭാഷ വികസിക്കുന്നത്‌ മതങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുരുഷാധിപത്യത്തിനും മുന്‍തൂക്കമുള്ള ഒരു സമൂഹത്തിലാണ്‌. അതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കാനും അത്തരം ആശ്യങ്ങള്‍ പ്രകടിപ്പിക്കുവാനുമാണ്‌ ഭാഷ ഉപയോഗിക്കപ്പെട്ടത്‌.

ചില ഉദാഹരണങ്ങള്‍ നോക്കാം.
പ്രപഞ്ചത്തേയും വസ്ഥുക്കളേയും പറ്റി ഒക്കെ പ്രതിപാധിക്കുമ്പോള്‍ "സൃഷ്ടി" എന്ന പദം ഉപയോഗിക്കേണ്ടിവരും. സൃഷ്ടാവ്‌ എന്നൊന്നിനെ ഉള്ളില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു പദമാണ്‌ സൃഷ്ടി. ദൈവവിശ്വാസിക്ക്‌ ഈ പദം ഉപയോഗിക്കാന്‍ ഒരു പ്രശ്നവുമില്ല. സൃഷ്ടി എന്നു പറയുന്നേടത്തൊക്കെ അതിനപ്പുറം അജ്ഞാതനായ ഒരു സൃഷ്ടാവിണ്റ്റെ സാനിദ്ധ്യം പറയാതെ തന്നെ അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവും. എന്നാല്‍ ഒരു യുക്തിവാദിക്ക്‌ ഇത്‌ പ്രശ്നമാണ്‌. പ്രപഞ്ചസൃഷ്ടി എന്നുപറയുമ്പോള്‍ അവന്‍ വിശ്ദീകരണം നല്‍കേണ്ടതുണ്ട്‌.

ചര്‍ള്‍സ്ഡാര്‍വിണ്റ്റെ പരിണാമസിദ്ധാന്തത്തില്‍ അതിണ്റ്റെ ചാലകശ്ക്തിയായി എടുത്തു കാണിക്കുന്നത്‌ "നാചുറല്‍ സെലക്ഷന്‍" അഥവാ പ്രകൃതിനിര്‍ദ്ധാരണം ആണ്‌. തണ്റ്റെ കൃഷിയിടത്തില്‍ ശ്രദ്ധിച്ച്‌ കൂടുതല്‍ മെച്ച്പെ്പട്ട വിളകളേയും വിത്തുകളേയു ഉത്പാദിപ്പിക്കാന്‍ കേവലം നിസ്സാരനായ ഒരു കര്‍ഷകന്‌ കഴിയുമെങ്കില്‍ അനന്ത സാധ്യതകളുള്ള പ്രകൃതിക്ക്‌ ഇതെന്തുകൊണ്ട്‌ സാധ്യമല്ല എന്ന്‌ അദ്ദേഹം ചോദിക്കുന്നു. സൂക്ഷ്മമായ അര്‍ഥ്ത്തില്‍ നോക്കിയാല്‍ ഒരു ദൈവം പ്രകൃതിയുടെരൂപത്തില്‍ ഇവിടെ ഒളിച്ചിരിപ്പുണ്ട്‌. പരിണാമ സിദ്ധാന്തത്തില്‍ എന്നെ ഏറ്റവും കുഴക്കിയ പ്രശ്നമാണിത്‌. പരിണാമം മനസ്സിലാക്കുക സാധാരണക്കാരന്ത്ര എളുപ്പമല്ല. അത്‌ കുറേയൊക്കെ ഭാഷാപരമായ പ്രശ്നങ്ങളാണെന്നു തോന്നുന്നു. മറ്റു ചിലത്‌ മതം നല്‍കിയ ചില മുന്വിധികളും. ഇവിടെ മെച്ചപ്പെട്ട വിള്‍കള്‍ കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്നു എന്നു പറയുമ്പോള്‍ കര്‍ഷകന്‌ ഈ "മെച്ചം" എന്താണെന്ന്‌ മനസ്സിലാകാന്‍ അവണ്റ്റെ തലച്ചോര്‍ സഹായകമാണ്‌. പ്രകൃതിക്ക്‌ ഈ മെച്ചം എങ്ങനേയാണ്‌ മനസ്സിലാകുന്നത്‌? ഇത്‌ മനസ്സിലാക്കാന്‍ ആവശ്യമായ മെച്ചം ജീവികള്‍ക്ക്‌ പുറത്താണോ ഉള്ളിലാണോ? (ഇത്‌ മറ്റൊരു വിഷയമാകയാല്‍ ഇവിടെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ)

ചില അദ്ധ്യാപകരും നമ്മെ വഴിതെറ്റിക്കാറുണ്ട്‌. (അദ്ധ്യാപകര്‍ ജാഗ്രതൈ) അവര്‍ അത്ര ജാഗ്രതയില്ലാതെ പറഞ്ഞു പോകുന്ന ചില വാചകങ്ങള്‍ വിദ്യാര്‍ഥിയുടെ ചിന്തയെ സ്വാധീനിക്കും. survival of the fitestഎന്ന ഡാര്‍വിണ്റ്റെ വാചകം "ഊക്കുള്ളവണ്റ്റെ അതിജീവനം" എന്നാണ്‌ എനിക്ക്‌ തര്‍ജ്ജമ ചെയ്തു കിട്ടിയിരുന്നത്‌. അപ്പോള്‍ എന്നിലെ യുക്തിവാദി ഉണര്‍ന്നു. ഇതു ശരിയായിരുന്നെങ്കില്‍ അതിജീവിക്കാന്‍ അര്‍ഹത നീലത്തിമിംഗലങ്ങള്‍ക്കു മാത്രമല്ലേ? ഇത്തരം സംശയങ്ങളൊക്കെ തീര്‍ന്നു കിട്ടാന്‍ വര്‍ഷങ്ങളെടുത്തു. ഭാഷ, സമൂഹം തുടങ്ങിയവയൊക്കെ മതങ്ങള്‍ കയ്യടക്കിവെച്ചിരിക്കയാണെന്നും അവയുടെ ആനുകൂല്ല്യങ്ങള്‍, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ സംശയത്തിണ്റ്റെ ആനുകൂല്ല്യം പ്രതിക്കെന്ന പോലെ, മതങ്ങള്‍ക്കാണെന്നുമുള്ള ബോധം എല്ലായുക്തിവാദികള്‍ക്കും ഉണ്ടായിരിക്കണം എന്ന ഒരു ഓര്‍മപ്പെടുത്തലാണിത്‌.

(ബ്ളോഗില്‍ വരുന്ന തര്‍ക്കങ്ങളില്‍ കൊടികെട്ടിയ യുക്തിവാദികള്‍ പോലും വീണ്ടുവിചാരമില്ലാതെ ഭാഷയെ ഉപയോഗിച്ച്‌ അപകടത്തില്‍ ചാടുന്നത്‌ കാണുമ്പോള്‍ ചിരിവരാറുണ്ട്‌. അവര്‍ പറഞ്ഞതിനെ ഒന്ന്‌ യുക്തിസഹമായി വിശകലനം ചെയ്താല്‍ തെറ്റ്‌ അവര്‍ക്ക്‌ തന്നെ കണ്ട്‌ പിടിക്കാനാവും. ഓര്‍ക്കുക യുക്തിവാദം ഒരു "നിര്‍ണയന രീതിയാണ്‌". അതില്‍ നല്‍കുന്ന ഡാറ്റകള്‍ ശരിയായാല്‍ ഉത്തരങ്ങളും ശരിയായിരിക്കും) ബ്ദ