Monday, December 31, 2012

യുക്തി ഉപയോഗിക്കാത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ല-5

ഇനി നമ്മുടെ രീതി അനുസരിച്ച് ഏത് കാര്യവും കൂലംകുഷമായ വിശകലനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്. യുക്തി ഉപയോഗിക്കുന്നതിന്റെ ഒരു ഉദാഹരണം കൂടി അനുബന്ധമായി എടുത്തു ചേര്‍ക്കാം. യുക്തി ഉപയോഗിക്കുന്നതിന്റെ ഒരു ക്ലാസ്സ് . സംഗതി നിസ്സാരമാണെന്ന് വേണമെങ്കില്‍ പറയാവുന്നത്. യുക്തിവാദികള്‍ കൂടുതല്‍ ജാഗ്രതരായി വേണം യുക്തിയെ ഉപയോഗിക്കേണ്ടത്. കാരണം അവന്റെ ഒരേ ഒരു ഉപകരണമാണത് . 

ആധുനിക സമൂഹവും ധാർമികതയും എന്ന വിഷയത്തിൽ രണ്ട്‌ ഉദാഹരണങ്ങൾ ജബ്ബാർ മാഷ്‌ ചൂണ്ടിക്കാണിക്കുകയുണ്ടായി. (സ്വതന്ത്രലോകം 2012 മലപ്പുറം) ഈ രണ്ട്‌ ഉദാഹരണങ്ങളും നമ്മുടെ യുക്തിയുടെ മാനദണ്ഡമനുസരിച്ച്‌ (ഒരേപോലുള്ള വിഷയങ്ങളിൽ ഒരേ അളവുകോൽ, താരതമ്യത്തിന്‌ ഒരേ ഉദാഹരണങ്ങൾ തുടങ്ങിയവ) പരിശോധിക്കുമ്പോൾ വൈരുദ്ധ്യങ്ങൾ പ്രകടമാണ്‌. ഒരു യുക്തിവാദി തരതമ്മ്യം ചെയ്യാനെടുക്കുന്ന ഉദാഹരണങ്ങളിൽ പരമാവധി സമാനതകൾ ഉണ്ടാവാൻ സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ട്‌. പ്രത്യേകിച്ചും ഇമ്മാതിരിതാരതമ്യങ്ങളിൽ, സന്ദർഭങ്ങളിൽ. 

നൈതിക കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുന്നത് തെളിയിക്കാനായി ജബ്ബാര്‍ മാഷ് രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

റെയിൽവേ പാളത്തിൽ ഉരുണ്ട്‌ വരുന്ന ഒരു എഞ്ചിൻ അഞ്ച്പേരുടെ മരണത്തിന്‌ ഇടയാക്കും, പാളം ഒന്ന്‌ തിരിച്ചുവിട്ടാൽ ഒരാൾ മരിക്കും അഞ്ച്‌ പേരും രക്ഷപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ പാളം തിരിച്ചുവിടാനാവുന്നവർ തീർച്ചയായും അത്‌ തിരിച്ചു വിടണം എന്നേ എല്ലാവരും പറയൂ. കാരണം ഇവിടെ അവന്റെ `ലാഭനഷ്ടയുക്തി` അനുസരിച്ച്‌ അഞ്ചാൾക്ക്‌ വേണ്ടി ഒരാൾക്ക്‌ ജീവൻ നല്കാം. അതാണ്‌ ശരിയും. എന്നാൽ, എല്ലാ ഇടത്തും ഈ `ലാഭ നഷ്ടയുക്തി` വർക്‌ ഔട്ട്‌ ആവുകയില്ല. 

വിശ്വാസികളുടെ നീതി ബോധം തകരുന്നതിന്‌ താരതമ്മ്യത്തിനായി അദ്ദേഹം മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിൽ കിടക്കുന്ന ഒരു മന്ദ ബുദ്ധിയെ കൊന്ന്‌ അവയവമാറ്റം വഴി രക്ഷപ്പെടും എന്ന്‌ കരുതുന്ന അഞ്ച്‌ പേർക്ക്‌ ജീവൻ കൊടുത്തുകൂടെ. ഈ ചോദ്യത്തിനു പലരും പല ഉത്തരങ്ങൾ പറഞ്ഞു. ഇത്‌ വിശ്വാസികളുടെ നീതി ബോധം സന്ദർഭത്തിനനുസരിച്ച്‌ മാറ്റം വരും എന്നതിന്‌ പിൻബലമായി അദ്ദേഹം എടുത്തുകാട്ടുന്നു. എന്നാൽ ഈ മാറ്റംവരൽ താരതമ്മ്യത്തിലെ മാറ്റം കൊണ്ടുണ്ടായതാണ്‌ എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയില്ല എന്ന്‌ തോന്നുന്നു. ചുരുക്കത്തിൽ ഈ ഉദാഹരണങ്ങളിൽ മാഷ്‌ സൂക്ഷ്മത പാലിച്ചില്ല.



`മന്ദബുദ്ധി`യുടെ കാര്യം താരതമ്മ്യത്തിന്‌ പരിഗണിക്കുമ്പോൾ മേല്പറഞ്ഞ ലാഭനഷ്ട യുക്തി മാത്രമാണ്‌ മാഷെ നയിക്കുന്നത്‌. ഇവിടെ പരിഗണിക്കേണ്ടുന്ന അനവധി വിഷയങ്ങളുണ്ട്‌. നമുക്ക്‌ നിയന്ത്രിക്കാനാവാത്ത ഗത്യന്തരമില്ലായ്മ, അനിശ്ചിതതങ്ങൾ, സമയ ദൗർലഭ്യം വരുത്തിവെയ്ക്കാവുന്ന അപകടങ്ങൾ, കച്ചവടസാധ്യത കണ്ണുവെയ്ക്കുന്ന ആരോഗ്യപ്രവർത്തകർ, ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത, വ്യക്തി വൈരാഗ്യം തുടങ്ങിയ ഘടകങ്ങളിലുള്ള ചോദ്യങ്ങളിൽ യുക്തിഭദ്രമായ ഉത്തരം ലഭിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌.
ആദ്യത്തെ ഉദാഹരണത്തിന്‌ ഗത്യന്തരമില്ലായ്മ (വേറെ വഴിയില്ല) സമയ ദൗർലഭ്യം (ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്‌) അനിശ്ചിതത്വം (സുനിശ്ചിതമാണ്‌. അപകടം ഉറപ്പാണ്‌) കച്ചവടസാധ്യത (തീരെ ഇല്ല) സന്ദർഭം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വ്യക്തി വൈരാഗ്യവും പരിഗണന വിഷയമല്ല, കാരണം. ഇത്‌ യാദൃശ്ചികമായ അപകടമാണ്‌. അത്‌ കരുതിക്കൂട്ടി സൃഷ്ടിക്കാനാവില്ല.
രണ്ടാമത്തെ താരതമ്യത്തിൽ (മാഷ്‌ പറഞ്ഞ മന്ദബുദ്ധിയുടെ) ഗത്യന്തരമില്ലായ്മ (വേറെ വഴിയില്ല) സമയ ദൗർലഭ്യം (ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്‌) സുനിശ്ചിതത്വം (അപകടം ഉറപ്പാണ്‌ എന്ന്‌ സൂചിപ്പിച്ചിട്ടില്ല, എങ്കിലും ഊഹിക്കാം) കച്ചവടസാധ്യത (വളരെ അധികം) സന്ദർഭം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും(വളരെ അധികം) വ്യക്തി വൈരാഗ്യവും (പരിഗണന വിഷയമയേക്കാം)
ഇത്രയും ഘടകങ്ങൾ വൈരുദ്ധ്യമായി വരുന്നതിനാൽ ഈ താരതമ്യം വിശ്വാസിയുടെ നീതിബോധം മാറ്റത്തിന്‌ വിധേയമാണ്‌ എന്ന് സമർഥിക്കാൻ വേണ്ടത്ര ബലവത്തല്ല. കാരണം ഇത്‌ യുക്തിവാദിയുടെ വീക്ഷണത്തിലും വ്യത്യസ്ഥമായ അഭിപ്രായം രൂപീകരിക്കും. ഈ രണ്ട്‌ ഉദാഹരണങ്ങളിലും മതവിശ്വാസി പറഞ്ഞ ഉത്തരങ്ങൾ അയാൾ വിശ്വാസി ആണ്‌ എന്ന കാരണം കൊണ്ട്‌ വ്യത്യസ്ഥ അഭിപ്രായമാണ്‌ എന്ന് പറഞ്ഞുകൂടാ. കാരണം ഈ വിഷയത്തിൽ വിശ്വാസി ഉപയോഗിക്കുന്നത് യുക്തിയുടെ അളവുകോലാണ്‌.
ഇതൊക്കെ വിശകലനമാക്കുമ്പോൾ മനസ്സിലാക്കാനാകുന്ന ചില കാര്യങ്ങളുണ്ട്‌. വ്യത്യസ്തമായ കാര്യങ്ങൾ പരിഗണിക്കുന്നതിന്‌ വ്യത്യസ്തമായ അൾവുകോലുകൾ ആവശ്യമാണ്‌. കൂടാതെ ഇന്ന്‌ ലഭ്യമായ ജ്ഞാനത്തിനനുസരിച്ച്‌ ക്രമീകരിക്കപ്പെട്ട യുക്തി അനുസരിച്ച്‌ പരിഹരിക്കപ്പെടാനാവാത്ത, ഉത്തരം കിട്ടാത്ത ചില കാര്യങ്ങളെങ്കിലുമുണ്ട്‌. അവയിൽ പലതും യുക്തിയുടെ പ്രശ്നങ്ങളുമല്ല. അതിനർത്ഥം അതൊക്കെ അതീന്ദ്രിയമായ എന്തോ ശക്തിക്ക്‌ വിട്ട്‌ കൊടുക്കണമെന്നല്ല. ശാസ്ത്രം തന്നെ ഒരു ചെറിയ ശതമാനം പരാജയ സാധ്യത എപ്പോഴും പരിഗണിക്കാറുണ്ടല്ലോ. ആ സാധ്യതകൾ നാൾക്ക്‌ നാൾ കുറഞ്ഞ്‌ വരും എന്ന്‌ ഉറപ്പാണ്‌. 

No comments:

Post a Comment