മനോജിന്റെ ബ്ലോഗ്..
ചാർവാക
ചിന്ത
ഭാരതത്തിലെ ഭൌതികവാദ ചിന്ത: ഒരു സംക്ഷിപ്ത വീക്ഷണം
രാമകൃഷ്ണ
ഭട്ടാചാര്യ
0. ഇക്കാലത്ത് പലരും സൂര്യനുതാഴെയുള്ള ഏതു വിഷയത്തെക്കുറിച്ച്
അറിയാൻ ശ്രമിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ഒരു പുസ്തകം തിരഞ്ഞുനോക്കുന്നതിനു
പകരം, ഇൻറെർനെറ്റിനെ ആശ്രയിക്കുകയാണ് പതിവ്. അവിടെയോ, ചാർവാക/ലോകായത
തത്ത്വചിന്തയുമായി ബന്ധപെട്ട നൂറുകണക്കിന്, ഒരു പക്ഷെ ആയിരക്കണക്കിനുതന്നെ, ഫയലുകൾ
ഉണ്ട് താനും. ദു:ഖകരമെന്നുപറയട്ടെ, സദുദ്ദേശത്തോടുകൂടി എഴുതിയതെങ്കിൽതന്നെയും
ഇവയിൽ മിക്കതും വേണ്ടത്ര അറിവില്ലാതെ എഴുതപ്പെട്ടതും
വഴിതെറ്റിക്കുന്നരീതിയിലുള്ളതുമായ ലേഖനങ്ങളാണ്. ഞാൻ ദശകങ്ങളായി ഭാരത്തിലെ ഭൌതികവാദ
തത്ത്വചിന്തയുടെ ചരിത്രത്തെക്കുറിച്ചു ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു
വ്യക്തിയാണ്. (കൂടുതൽ അറിയാൻ എൻറെ Studies on the Carvaka/Lokayata, Firenze
(Florence): Societa Editrice Fiorentina, 2009 കാണുക. ഒരു സംക്ഷിപ്തവിവരണത്തിന്
എൻറെ “LokayataDarśana and a Comparative Study with Greek materialism” in:
Materialism and Immaterialism in India and the West: Varying Vistas, ed. Partha
Ghose, New Delhi: Centre for the Studies on Civilizations, 2010, pp. 21-34).
എന്ന ലേഖനത്തിൽ വായിക്കാവുന്നതാണ്). അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ചുള്ള
തെറ്റിദ്ധാരണകൾ ദുരീകരിക്കേണ്ടത് അത്യാവശ്യമാണെന്നു ഞാൻ കരുതുന്നു.
1.
‘ചാർവാക/ലോകായത’ എന്നത് ഭാരതത്തിൽ യുഗങ്ങളായി നിലനിന്നുപോരുന്ന സകല തരത്തിലുള്ള
ഭൌതികവാദ ചിന്തകളുടേയും ഒരു “വാണിജ്യമുദ്ര” (brand-name) അല്ല. ബുദ്ധൻറെകാലം മുതലേ
(BCE 6/5 നൂറ്റാണ്ട്) അല്ലെങ്കിൽ അതിനുംമുമ്പുതന്നെയോ നിരവധി ആദിമ-ഭൌതികവാദികൾ
(proto-materialist) ഭാരതത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിൽകാലത്ത് ‘ചാർവാക/ലോകായത’
എന്ന് എന്നറിയപ്പെട്ട തത്ത്വചിന്താപദ്ധതി (system) CE ആറാം നൂറ്റാണ്ടിനു മുൻപ്
നിലനിന്നിരുന്നില്ല. CE എട്ടാം നൂറ്റാണ്ടുമുതൽ മാത്രമാണ് ‘ചാർവാക’ എന്ന പേര്
ഭൌതികവാദ-ചിന്താശാഖയുമായി (materialist school) ബന്ധപ്പെടുത്തി ഉപയോഗിച്ചുവന്നത്
(ശാന്തരക്ഷിതൻ, ശങ്കരൻ തുടങ്ങിയവർ തുടർന്നും ലോകായത എന്നുതന്നെ വിളിച്ചു).
എന്നിരുന്നാലും, CE എട്ടാം നൂറ്റാണ്ടിനുശേഷം രണ്ടുപേരുകളും ഒരേ
തത്ത്വചിന്താപദ്ധതിയെ രേഖപ്പെടുത്താൻ ഉപയോഗിച്ചുവന്നു. വൈദിക സാഹിത്യത്തിലെവിടെയും
ഈ രണ്ടുപേരുകളും കണ്ടുവരുന്നില്ല. പാലി ഭാഷയിലും സംസ്കൃതത്തിലുള്ള ബൌദ്ധകൃതികളിലും
‘ലോകായത’ എന്ന പദത്തിനർത്ഥം ‘ഭൌതികവാദം’ എന്നല്ല, ‘തർക്ക ശാസ്ത്രം’ (science of
disputation) എന്നോ, അല്ലെങ്കിൽ കൂടുതൽ സ്അങ്കുചിതാർത്ഥത്തിൽ, ‘തർക്കലക്ഷ്യം’
(point of dispute) എന്നോ ആണ്. ഈ പദത്തിനു അർത്ഥവ്യക്തതയില്ല. ഭൌതികവാദചിന്തയുടെ
വക്താക്കൾ, ഒരു ഇരട്ടപ്പേര് (nickname) എന്നനിലയിൽ, സ്വയം ചാർവാക എന്നു
വിശേഷിപ്പിച്ചിരിക്കാൻ കാരണംകാണുന്നുണ്ട്. മഹാഭാരതത്തിൽനിന്നുമായിരിക്കണം ഈ പദം
അവർ സ്വീകരിച്ചിരിക്കുക; ആ പേരിലുള്ള രാക്ഷസനു ഭൌതികവാദചിന്തയുമായി ഒരു
ബന്ധവുമില്ലെങ്കിൽത്തന്നെയും.
2. ഭാരതത്തിൽ ഇന്നുവരെ നമുക്കറിയാവുന്ന
വ്യവസ്ഥിതമായ ഒരേയൊരു ഭൌതികവാദ തത്ത്വചിന്ത ചാർവാക/ലോകായത ചിന്ത മാത്രമാണ്.
ചിലതരത്തിലുള്ള ഭൌതികവാദ ചിന്ത പ്രകടിപ്പിച്ചിരുന്ന ആദിമ-ഭൌതികവാദികൾ ഇന്ത്യയിൽ
ഉണ്ടായിരുന്നു; എന്നാൽ അവരുടെ ആശയങ്ങൾ ചാർവാകരുടേതുപോലെ സൂക്തങ്ങളായി (aphorisums)
ചിട്ടപ്പെടുത്തിയിരുന്നില്ല. ഉപനിഷത്തുകളിലും പാലിയിലും പ്രാകൃതത്തിലും യഥാക്രമം
എഴുതപ്പെട്ട ബുദ്ധ, ജൈന ധർമശാസ്ത്രകൃതികളിലും അവയുടെ ആഖ്യാനങ്ങളിലും രാമായണത്തിലെ
ജാബാലിയുമായി ബന്ധപ്പെട്ട കഥയിലും മഹാഭാരതത്തിലെ മോക്ഷധർമ-പർവാദ്ധ്യായങ്ങളിലും ചില
പുരാണങ്ങളിലും (പ്രത്യേകിച്ച് വിഷ്ണുപുരാണം, പദ്മപുരാണം എന്നിവയിൽ) മണിമേഖല
തുടങ്ങിയ പഴയ തമിഴുകൃതികളിലും ചാർവാകർക്ക് മുമ്പുള്ള ആദിമ-ഭൌതികവാദ ആശയങ്ങൾ
കാണാവുന്നതാണ്. ഇവയെയൊന്നുംതന്നെ ചാർവാക/ലോകായത തത്ത്വചിന്തയുമായി താരതമ്യം
ചെയ്യാവുന്നതല്ല. മേല്പ്പറഞ്ഞ കൃതികളിൽ രേഖപ്പെടുത്തപ്പെട്ട ചില ആശയങ്ങൾ ഏതെങ്കിലും
തരത്തിലുള്ള ആദിമ-ഭൌതികവാദചിന്തയുടെ പ്രകാശനങ്ങൾ തന്നെയാണെങ്കിലും മറ്റുചിലവയുടെ
പ്രമാണ്യത (authenticity) സംശയാസ്പദമാണ്. രാമായണത്തിലും ചില പുരാണങ്ങളിലും
ചാർവാകരെയും ബൗദ്ധ-ജൈന ചിന്തകരെയും വേദനിരാസകർ (defilers of Veda) എന്ന അർത്ഥത്തിൽ
നാസ്തികർ എന്ന ഒരൊറ്റ ശാഖയുടെ വക്താക്കളായി ചിത്രീകരിക്കുകയും അവരുടെ ആശയങ്ങളെ
പരസ്പരം ആരോപിക്കുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്.
3.1 സായനമാധവ
അഥവാ മാധവാചാര്യ അഥവാ വിദ്യാരണ്യ അഥവാ സർവദർശന സംഗ്രഹം എന്ന ഗ്രന്ഥത്തിലെ
പ്രഥമാധ്യായം എഴുതിയ വ്യക്തി ആരായിരുന്നാലും, അദ്ദേഹത്തിന് ബൃഹസ്പതി എന്ന ഒരു
ഐതിഹ്യ കഥാപാത്രത്തെയൊഴിച്ച് ഒരൊറ്റ ആധികാരിക വ്യക്തിയെയോ ഏതെങ്കിലും ഒരു ലോകായത
ഗ്രന്ഥത്തിലെ ഒരു വാചകംപോലുമോ ഉദ്ധരിക്കാനവത്തവിധം ചാർവാക/ലോകായത ചിന്തകരുടെ മുഴുവൻ
ഗ്രന്ഥങ്ങളും CE പതിനാലാം നൂറ്റാണ്ടിനു മുമ്പുതന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
എന്നിരുന്നാലും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന
ഇശ്വരചന്ദ്ര വിദ്യാസാഗർ എഡിറ്റുചെയ്തു 1853-1858ൽ കൊൽകൊത്തയിലെ Asiatic Society
പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിനു മറ്റേതൊരു കൃതിയേക്കാളും കൂടുതൽ സ്വാധീനമാണ്
ലഭിച്ചത്. എന്നാൽ, ചാർവാകരുടേതെന്ന പേരിൽ ഈ സംഗ്രഹത്തിൽ ഉദ്ധരിച്ച പല
വചനങ്ങളിലേയും ചില വരികൾ ബോധപുർവ്വം വളച്ചൊടിക്കപ്പെട്ടവയാണെന്ന് കാണാൻ കഴിയും.
ഉദാഹരണമായി, ഒരു വചനത്തിലെ യഥാർഥ വരികൾ ഇതാണ്: “ജീവിക്കുന്നകാലം സസന്തോഷം
ജീവിക്കുക; മരണത്തിനുശേഷം ഒന്നും തന്നെയില്ല”. മറ്റെല്ലാ ഗ്രന്ഥങ്ങളിലും (ഏതാണ്ട്
പതിമൂനോളം കൃതികളിൽ) ഈ വചനങ്ങൾ ആരീതിയിൽ തന്നെയാണ്. എന്നാൽ ഈ സംഗ്രഹത്തിൽ അവസാനവരി
ഇപ്രകാരം മാറ്റി: “കടമെടുത്തും നെയ്യ് പാനം ചെയ്യുക”. ഇപ്രകാരം തീർത്തും
വക്രീകരിക്കപ്പെട്ട ഈ വരികളാണ് വിദ്യാസമ്പന്നരായ ഇന്ത്യയിലെ പലർക്കും ഒരുപക്ഷെ
അന്യദേശീയർക്കും ചാർവാക/ലോകായത ചിന്തയുടെ ചുരുക്കം. ഈ സംഗ്രഹം തന്നെ ഒരു
അധ്യായത്തിൻറെ തുടക്കത്തിൽ യഥാർത്ഥ വരികൾതന്നെ ഉദ്ധരിക്കുകയും എന്നാൽ അതേ
അധ്യായത്തിൻറെ അവസാന ഭാഗത്തിൽ വക്രീകരിക്കപ്പെട്ട വരികൾ ഉദ്ധരിക്കുകയും
ചെയ്യുന്നുഎന്നത് രസകരമാണ്.
3.2 എന്നിരുന്നാലും, മീമാംസ, വേദാന്തം,
ന്യായ, വൈശേഷിക എന്നിവയുടെ രീതിയിൽത്തന്നെയാണ് ചാർവാക/ലോകായത ചിന്തയും
വികസിച്ചതെന്നു ഭൌതികവാദ വിരുദ്ധ തത്ത്വചിന്തകരുടെ ഗ്രന്ഥങ്ങൾ ഉദ്ധരിക്കുകയോ
പരാവർത്തനം ചെയ്യുകയോ ചെയ്ത ചാർവാക/ലോകായത വചനങ്ങളിൽനിന്നു വ്യക്തമാണ്. ഇതിനർത്ഥം:
(a) ഓർമയിൽ സൂക്ഷിക്കാൻ തക്കവണ്ണം എഴുതപ്പെട്ട സൂക്തങ്ങളുടെ
(സൂത്രങ്ങൾ) സഞ്ചികയായ ഒരു അടിസ്ഥാന ഗ്രന്ഥമുണ്ടായിരുന്നു.
(b) ഈ
സൂക്തങ്ങളുടെ വിശദീകരണം എന്നനിലയിലാണ് നിരവധി ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും
എഴുതപ്പെട്ടത്.
(c) മേല്പ്പറഞ്ഞവയ്കുപ്പുറമേ, മറ്റു നിരവധി വചനങ്ങളും
ചാർവകരുടേതായി ഉദ്ധരിക്കപ്പെടാറുണ്ട്. ഈ നീതിവക്യങ്ങളിൽ ചിലത് മതാചാരങ്ങളെ,
പ്രത്യേകിച്ച് ബലിച്ചടങ്ങുകളെ, പരിഹസിക്കുന്നവയും മരണത്തെ അതിജീവിക്കുന്ന
ശരീരബാഹ്യയായ ഒരാത്മാവിനെ നിഷേധിക്കുന്നവയുമാണ്. എന്നാൽ മറ്റുചിലത്, ഒരുപക്ഷെ,
ബൌദ്ധ-ജൈന ചുറ്റുപാടുകളിൽനിന്ന് ഉദ്ഭവിച്ചതായിരിക്കാൻ സാദ്ധ്യതയുണ്ട്. ആചാരപരമായ
ഹിംസയെ (വൈദിക ചടങ്ങുകളിലെ മൃഗബലിയെ) അപലപിക്കുന്നവയും സസ്യേതര ഭക്ഷണരീതിയെ
നിരസിക്കുന്നവയുമായവയ്ക്ക് മറ്റേതൊരു ശാഖയെക്കാളും ബൌദ്ധ-ജൈന ചിന്തയുമായിട്ടാണ്
കൂടുതൽ അടുപ്പം. വൈവാഹിക ബന്ധങ്ങളെയും മാംസഭക്ഷണത്തെയും ഒരേസമയം നിരസിച്ച ചില
ഭൌതികവാദികൾ ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. എങ്കിൽ, ലൈംഗിക
അസന്മാർഗികളെന്നും മദ്യ-മാംസ ലഹരിയിൽ അഭിരമിച്ചവരെന്നും ചാർവകരെ അധിക്ഷേപിച്ച
പതിനഞ്ചാം നൂറ്റാണ്ടിലെ ജൈന എഴുത്തുകാരനായ ഗുണരത്നൻറെ ആരോപണത്തിൻറെ ശക്തി കുറയും.
3.3 ജയരാശി ഭട്ടൻറെ തത്ത്വോപപ്ലവസിംഹ ഒരു ചാർവാക/ലോകായത ഗ്രന്ഥമല്ല:
പ്രമാണം (ജ്ഞാനമാർഗം) തീർത്തും സാദ്ധ്യമല്ലെന്നു വാദിച്ച തികച്ചും വ്യത്യസ്തമായ ഒരു
ചിന്താ ശാഖയെയാണ് ഈ കൃതി പ്രതിനിധാനം ചെയുന്നത്. മറിച്ച്, പ്രമാണത്തെയും അനുബന്ധ
വിഷയങ്ങളെയും (ജ്ഞാനം, ജ്ഞാനി, ജ്ഞാന വസ്തു - knowlede, knower, and the object to
be known ) ചാർവാക ചിന്തകർ സ്വീകരിച്ചിരുന്നു. ചാർവകരുടെ ഇന്നവശേഷിക്കുന്ന ഒരേയൊരു
കൃതിയെന്നുതന്നെ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്ന ഇലി ഫ്രാങ്കോ (Eli Franco)
തുടങ്ങിയവർപോലും ഇതൊരു ഭൌതികവാദ കൃതിയാണെന്ന് അവകാശപ്പെടുന്നില്ല. അതുകൊണ്ടുതന്നെ,
ഭാരതത്തിലെ ഭൌതികവാദ ചിന്തയെക്കുറിച്ചുള്ള പഠനത്തിൽ ഈ കൃതിക്ക് പ്രസക്തിയില്ല.
4. ചാർവാക/ലോകായത ചിന്തകരുടെ അടിസ്ഥാന വിശ്വാസങ്ങൾ ഇവയാണ്:
(i)പുനർജന്മത്തിൻറേയും പരലോകത്തിൻറേയും (സ്വർഗ്ഗവും നരകവും) അനശ്വരനായ
ആത്മാവിൻറെയും നിഷേധം, (iiാമതാചാരങ്ങളുടെ ഫലപ്രാപ്തിയിലുള്ള അവിശ്വാസം, (iii)
സ്രഷ്ടാവായ ഒരു ദൈവത്തിൻറേയോ ഒരു അഭൌതിക ശക്തിയുടെയോ സാന്നിദ്ധ്യമില്ലാതെ പ്രപഞ്ച
സൃഷ്ടി സാദ്ധ്യമാണെന്ന തിരിച്ചറിവ്, (iv)ബോധമല്ല, പദാർത്ഥമാണ് പ്രാഥമികമെന്നും
അതുകൊണ്ടുതന്നെ ആത്മാവല്ല, മനുഷ്യ ശരീരമാണ് പ്രാഥമികമെന്നുമുള്ള വിശ്വാസം,
(vാമറ്റു ജ്ഞാനമാർഗങ്ങളെ അപേക്ഷിച്ച് പ്രത്യക്ഷജ്ഞാനമാണ് പ്രാഥമികമെന്നും,
വിശുദ്ധ ഗ്രന്ഥങ്ങളുടെയല്ല, മറിച്ചു പ്രത്യക്ഷജ്ഞാനത്തിൻറെ പിൻബലത്തിൽ മാത്രമേ
അനുമാനം തുടങ്ങിയവ സ്വീകാര്യമാവു എന്നുമുള്ള വാദം.
മേല്പ്പറഞ്ഞവയിൽ,
ആദ്യത്തെ മൂന്നും ചാർവാക/ലോകായത ചിന്തകരുടെ സത്താശാസ്ത്രവും (ontology)
തുടർന്നുള്ളവ അവരുടെ ജ്ഞാനശാസ്ത്രവുമാണ് (epistomology). ചാർവാകരുടെ
നീതിശാസ്ത്രത്തെക്കുറിച്ച് (ethics) ആകെ പറയാവുന്നത്, സന്യാസത്തിൽ അവർ
വിശ്വസിച്ചിരുന്നില്ലെന്നും, പരലോകമെന്നൊന്ന് ഇല്ലാത്തതിനാൽ, ഇഹലോകത്തിൽ സുഖം
തേടാൻ അവർ ഉപദേശിച്ചിരുന്നുവെന്നും മാത്രമാണ്. അവരുടെ ഈ ഉപദേശം, അനിയന്ത്രിതമായ
സുഖലോലുപതക്കായുള്ള ശുപാർശയായി ദുർവ്യാഖ്യാനം ചെയ്തു. ചാർവകരുടെ
സാമൂഹ്യവീക്ഷണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അവർ ലിംഗവിവേചനത്തിനും
വർണവ്യവസ്ഥക്കും എതിരായിരുന്നു [കൃഷ്ണ മിശ്രയുടെ പ്രബോധ-ചന്ദ്രോദയയും ( അംഗം 2,
പദ്യം 18) ശ്രീഹർഷൻറെ നൈഷധ-ചരിതവും (പർവ്വം 17, പദ്യം 40, 42, 58) കാണുക]. വിധി-കർമ
വിശ്വാസത്തിലല്ല, മനുഷ്യപ്രയത്നത്തിൽ അവർ വിശ്വസിച്ചു.
(തുടരും..)
No comments:
Post a Comment