Friday, December 26, 2014

സക്കീർ നായിക്കിന്റെ കഥകേടുകൾ

കഥകേടു # 1

ബ്ളിംഗാൻ ജീവിതം പിന്നെയും ബാക്കി

സക്കീർനായിക്കിന്റെ വാദങ്ങൾ ഇമ്മാതിരി ഒരു തത്വശാസ്ത്രത്തിൽ വായിക്കാവുന്നതാണ്‌. അതായത്
ഫിലോസഫി നംബർ 1- ബോസ് എല്ലായ്പ്പോഴും ശരിയാണ്‌
ഫിലോസഫി നംബർ 2 ഇനി അഥവാ ശരിയല്ലെന്നു തോന്നിയാൽ വായിക്കുക ഫിലോസഫി നമ്പർ 1
സക്കീർ നായിക്കിന്റെ വിവരക്കേടുകൾ നിരവധിയാണ്‌. അഞ്ചുമിനിറ്റിൽ 25 വിവരക്കേടുകൾ എന്നത് മാത്രമല്ല അത്.  അദ്ദേഹം ഒരുഡോക്ടറുമാണ്‌. ഈ ഡോക്റ്ററേറ്റ് അദ്ദേഹത്തിനു കിട്ടിയത് വിവരക്കേടിനല്ല. സാക്ഷാൽ എം.ബി. ബി. എസ്സിൽ തന്നെ. ഇത് എടുത്തുപറയുന്നത് വൈദ്യശാസ്ത്രത്തിൽ അദ്ദേഹം കാണിച്ച വിവരക്കേടിനെ ചൂണ്ടിക്കാണിക്കാനാണ്‌. 
പണ്ട് 1970 കളിൽ കുടുമ്പാസൂത്രണം നമ്മുടെ നാട്ടിൽ കൊടികുത്തിയ കാലം മുസ്ലിം പണ്ഡിതന്മാരും മുല്ല മൗലവിമാരും ഇതിനു തുരങ്കം വെയ്ക്കാൻ കഴിവതും ശ്രമിച്ചു. അതിനവർ ധരിച്ചിരുന്ന കാരണം ഇന്ത്യയിലെ മുസ്ലിംഗൾ എൺപതുശതമാനം വരുന്ന ഹിന്ദുക്കളെ മറികടക്കുന്നതിനെ തടയിടാൻ ഹിന്ദു പരീക്ഷണശാലയിൽ വികസിപ്പിച്ച ഒരു ഉല്പന്നമാണീ കുടുമ്പാസൂത്രണം എന്നായിരുന്നു. അതിനു തടയിടാൻ പഠിച്ചപണി പലതും നോക്കി, കിത്താബുകൾ പരതി. ഖുർആൻ പരതി, ഒന്നും കിട്ടിയില്ല. ഖുർആൻ ഒരു കാര്യം നിഷേധിക്കുന്നില്ല എന്ന് കണ്ടാൽ മുസ്ലിംഗൾക്കിടയിൽ ആഴത്തിൽ ഫലിപ്പിക്കാൻ വലിയ പാടാണ്‌. അതിനവർ കണ്ടുപിടിച്ച് വ്യാഖ്യാനഫാക്ടറിയിൽ കയറ്റി ഇറക്കി വികസിപ്പിച്ചെടുത്ത ആയുധമാണ്‌ 17:31 “പട്ടിണി ഭയന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്”. വളരെ നിർദ്ദോഷവും ലളിതവും മാനവികവുമായ ഖുരാന്റെ ഒരു വാചകമാണിത്. വലിയ ബൗദ്ധികശേഷിയുടെ അധ്വാനം ഇല്ലാതെ ആർക്കും ഇതു മനസ്സിലാകും. ഈ വാചകത്തോട് എനിക്ക് പൂർണമായ യോജിപ്പാണുള്ളത്. അറേബ്യയുടെ അന്നത്തെ പരിതസ്ഥിതിയിൽ ഇത്തരം ഒരു വാചകം ദൈവത്തിനു പറയേണ്ടിയിരുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. 1970 കാലത്ത് ഈ വാചകം വ്യാപകമായി ഉപയോഗിച്ചിരുന്നു. അബോർഷൻ തുടങ്ങിയ പല കാര്യങ്ങളെയും ഈ വാചകം ഉപയോഗിച്ച് തടയാനാവും. എന്നാൽ, കുടുമ്പാസൂത്രണത്തിനെതിരായി ഈ ഒരു വാചകമല്ലാതെ മറ്റൊന്നും ഖുർആനിൽ നിന്ന് ഉദ്ധരിച്ച് ഞാൻ കണ്ടിട്ടില്ല.
നമുക്ക് സക്കീർ നായിക്കിന്റെ കഥകേടിലേക്ക് വരാം. അദ്ദേഹം ഭിഷഗ്വരനാണ്‌ എന്നകാര്യം ഇനി പ്രസക്തമാണ്‌. കണ്ട മൗലവിയും മുല്ലയും പറയുമ്പോലെ അദ്ദേഹത്തിനു വൈദ്യസംബ്ന്ധിയായ കാര്യങ്ങൾ പറയാനാവില്ല. മേല്പറഞ്ഞ വാചകം പല സ്ഥലത്തും അദ്ദേഹം മേല്പറഞ്ഞ അതേ ആവശ്യത്തിനു വെച്ചുകാച്ചുന്നത് ഞാൻ കേട്ടിട്ടുണ്ട്. 
അതേയ്, ഡോക്ടറേ ഈ കുട്ടി എന്ന് പറഞ്ഞാൽ താങ്കൾ എന്താണു കരുതുന്നത്?
ഭൗതികവാദ വീക്ഷണത്തിൽ ഒരു കുട്ടിക്ക് സാമൂഹ്യമായ വ്യക്തിത്വം എന്നൊന്നുണ്ട്. അത് അവൻ ജനിച്ചതിനു ശേഷമാണു. അതിനു മുൻപുള്ള കുട്ടികളെ അതിനു ശേഷമുള്ള കുട്ടികളെപോലെ കാണേണ്ടതില്ല. വേണമെങ്കിൽ അബോർഷൻ ആകാം, കൃത്യമായ കാരണങ്ങളാൽ. കഴിയുന്നതും അത് ഒഴിവാക്കുന്നതാണു നല്ലത്. ഇത് താങ്കൾ അംഗീകരിക്കുകയില്ല. ആയ്ക്കോട്ടെ

എന്നാൽ, ഈ പ്രസവം നിർത്തൽ എന്ന് പറയുന്നപ്രകൃയയിൽ കുട്ടി എവിടെ? എന്താണു പ്രസവം നിർത്തൽ? ബീജവും അണ്ഡവും തമ്മിൽ യോജിക്കുന്നതിനെ കൃത്രിമമായി സ്ഥിരമായോ താല്കാലികമായോ തടയുക. മുകളിൽ സൂചിപ്പിച്ച സാമൂഹ്യവ്യക്തിത്വം എന്ന കുട്ടിയുടെ നിർവചനം താല്ക്കാലികമായി ഞാൻ മാറ്റി വെയ്ക്കുന്നു. പകരം താങ്കളുടെ അഭിപ്രായത്തിലെ കുട്ടി എന്നതു മുതൽ നമുക്ക് ആരംഭിക്കാം. ഒരു തർക്കമല്ലേ. ചിലതൊക്കെ എതിരാളിയുടേത് അംഗീകരിച്ചു കൊടുത്തേ മതിയാകൂ. അണ്ഡവും ബീജവും തമ്മിൽ യോജിക്കുന്ന ആദ്യകോശം മുതൽ കുട്ടി എന്ന പട്ടികയിൽ ഞാൻ അതിനെ എണ്ണാൻ തയ്യാറാണു. എന്നാൽ, അതിനു മുൻപുള്ള അവസ്ഥയെ പറ്റില്ല. ഒരു ഡോക്ടറായ താങ്കൾക്ക് പറ്റും അല്ലാത്ത എനിക്ക് പറ്റില്ല. ഞാൻ ഈ പോളീടെക്നിക്കിലൊന്നും അധികം പോയിട്ടില്ല.

അപ്പോൾ നമുക്ക് പ്രസവം നിർത്തുന്ന പ്രക്രിയ പാടില്ല, താല്കാലികമായാലും സ്ഥിരമായാലും. അതായത് എന്തൊക്കെ പാടില്ല. തെറിക്കുന്നതിനു മുൻപ് വലിച്ച് പുറത്ത് കളയുന്നത് പാടില്ല. ക്വാണ്ടം മെക്കാനിക്സ് പാടില്ല. (കോണ്ടം ഉപയോഗിച്ചുള്ള നിയന്ത്രണം) കോപ്പർട്ടി, ലൂപ് ഇതൊന്നും പാടില്ല. കെമിക്കൽ നിയന്ത്രണം (ഗുളിക, മറ്റെന്തെങ്കിലും, ചെറുനാരങ്ങപോലും) പാടില്ല. സുരക്ഷിത സമയം നോക്കൽ പാടില്ല. എല്ലാദിവസവും നിർബന്ധമായും ബന്ധപ്പെടണം. പറയാൻ പറ്റില്ല എപ്പോഴാണ്‌ അണ്ഡം നമ്മുടെ പിടിയിൽ പെടാതെ പുറത്തുപോകുക എന്ന്. സ്ഥിരനിയന്ത്രണം തീരെ പാടില്ല. കാരണം ദൈവത്തിന്റെ മുൻപിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും

ഇനി പ്ളിംഗ്സുകളുടെ ഘോഷയാത്രയാണ്‌. എങ്കിൽ, ഒരു സ്ത്രീ അണ്ഡോല്പാദനം തുടങ്ങി അവസാനിക്കുന്നവരെ നഷ്ടപ്പെടുന്ന അണ്ഡം എത്രയാവും? വിവാഹം എന്തെങ്കിലും കാരണവശാൽ നടക്കാതെപോയാൽ (തന്റെ ഗർഭപാത്രം തനിക്ക് ഇഷ്ടമുള്ളപ്പോൾ നിറയ്കാനുള്ള സ്വാതന്ത്ര്യം പെണ്ണിന്‌ ഇല്ലല്ലോ)ജീവിതകാലം മുഴുവൻ മാസത്തിൽ ഒന്നെന്നുവീതം നഷ്ടപ്പെടുന്ന കുട്ടികൾക്ക് കണക്ക് ബോധിപ്പിക്കേണ്ടിവരും. ഇനി മറ്റുചില കാരണങ്ങളാൽ കുട്ടികളുണ്ടാകാതെ പോകുന്ന അണ്ഡത്തിന്‌ ദൈവം കണക്കു പറയുമായിരിക്കും. ബ്ലിംഗ്
സ്ത്രീക്ക് മാസമുറ​‍ൂരു പതിനഞ്ചുവയസ്സിൽ തുടങ്ങുമെന്നും ഒരു അൻപതിൽ അവസാനിക്കും എന്നു കരുതിയാൽ ഏകദേശം 450 അണ്ഡങ്ങളേ അവളുടെ ജീവിത കാലത്തിൽ ഉല്പാദിപ്പിക്കാൻ പറ്റൂ. അതൊരു വലിയ സംഖ്യയലെങ്കിലും കണക്ക് കണക്കാണല്ലോ. ദൈവം ചെറുതായൊന്നു കൂടി ബ്ലിംഗി. 
പുരുഷന്റെ കാര്യമാണു കഷ്ടം. അയാൾക്ക് ബീജോല്പാദനം ഒരു പതിനാറിൽ തുടങ്ങിയാൽ ജീവിതകാലം മുഴുവനും അത് നിലനില്ക്കും. അതും ചെറിയ സംഖ്യയിൽ ഒതുങ്ങില്ല. 40 ദശലക്ഷം മുതൽ 3 കോടിവരെ ബീജം ഒരു മില്ലി ലിറ്ററിൽ കാണുമത്രെ. ഇതാവട്ടെ ഒരു തവണ 10 മിലി വരെ വരാം. ശരാശരി 5 മിലി കണക്കാക്കിയാൽ തന്നെ ഒരു ദിവസം ഒരാൾക്ക് വേണമെങ്കിൽ അഞ്ചെട്ടു തവണ ശുക്ലവിസർജ്ജനം സാധ്യമാണ്‌. അതും മരിച്ച് അഞ്ചു മിനുട്ട് കഴിയുന്നവരെ.  എങ്കിൽ ഒരു തവണ 40 മിലി ഗുണിക്കണം ബീജങ്ങളുടെ എണ്ണം കോടിക്കണക്കിനു വരും. ഒരാളോടു തന്നെ ഇതിന്റെ ഒക്കെ കണക്കുകേൾക്കുമ്പോൾ ഒരുപാടു കാലം പിടിക്കും 
ഭൂമിയിലെ ഏതാണ്ടൊക്കെ പുരുഷന്മാരും ഇല്ലാതായാലും ജനസംഖ്യ ഇന്നത്തെ നിലയിൽ ആകാൻ ഏതാനും വർഷം മതി. എന്നാൽ സ്ത്രീകൾ ഏതാണ്ടൊക്കെ ഇല്ലാതായാൽ ഇന്നത്തെ ജനസംഖ്യക്ക് കോടിക്കണക്കിനു വർഷം എടുക്കും എന്നു ചുരുക്കം
ദൈവം കാര്യമാത്രപ്രസക്തമായി ബ്ളിംഗി.

ഇമ്മാതിരി വ്യഖ്യാനങ്ങളെ നമുക്ക് ഇതിനെതിരായും വ്യഖ്യാനിക്കാം. ഉദാഹരണത്തിനു പട്ടിണി ഭയന്ന് കുട്ടികളെ കൊല്ലരുത്. മറ്റെന്തെങ്കിലും ഭയപ്പാടിൽ വേണമെങ്കിൽ കൊല്ലാം എന്നർത്ഥം. ഭയക്കാൻ പട്ടിണി മാത്രമല്ലല്ലോ, പരിസ്ഥിതി നാശം ഭയന്ന്, സ്വത്ത് പങ്കുവെച്ചുപോകുന്നത് ഭയന്ന്, നല്ലജീവിതനിലവാരം ഇല്ലാതാകും എന്ന് ഭയന്ന്, പൊതു സമൂഹത്തിന്റെ പരിഹാസം ഭയന്ന് അങ്ങനെ എന്തു ഭയം വേണമെങ്കിലും ആകാം. എന്നാൽ വിദ്യാഭ്യാസമുള്ള സാമാന്യ മുസ്ലിംഗൾ പണ്ഡിതന്മാരുടെ ഇടപെടലുകളെ പുറം കാലുകൊണ്ട് തട്ടി ആസൂത്രിച്ചു. അവർക്കറിയാം പ്രായോഗിക ജീവിതത്തിൽ നല്ലത് ആസൂത്രണമാണെന്ന്. എന്തിനു സൗദി അറേബ്യയിൽ പോലും ഇക്കാലത്ത് ആളുകൾ പഴയപോലെ മക്കളെ ഉല്പാദിപ്പിക്കുന്നില്ല. സൗദിയിലാണെങ്കിൽ സാമ്പത്തികശാസ്ത്രപ്രകാരം നോക്കിയാൽ ജനചുരുക്കമുള്ള രാജ്യവുമാണ്‌. എല്ലാവിധ താല്കാലിക ഗർഭനിരോധനമാർഗങ്ങളും ഭംഗിയായി വിറ്റുപോകുന്ന രാജ്യമാണ്‌ സൗദി. 

ഇവിടെ പണ്ഡിതന്മാർ ബ്ളിംഗ്


കഥകേടു # 2

2+2= 4
ചോദ്യം. മറ്റുരാജ്യങ്ങളിൽ പള്ളികൾ വേണമെന്ന്‌ പറയുന്ന നിങ്ങൾ  എന്തുകൊണ്ട്‌ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ മറ്റു ആരാധനാലയങ്ങൾ അനുവദിക്കുന്നില്ല?
ഉത്തരം. ഒരു സ്കൂൾ പ്രിൻസൊപ്പൽ കണക്കിന്റെ അദ്ധ്യാപകനെ നിയമിക്കുന്നതിനു മൂന്നു പേരെ ഇന്റർവ്യൂ നടത്തുന്നു. ചോദ്യം. 2+2=? ഒരാൾ 3, മറ്റേ ആൾ 4. വേറൊരാൾ അഞ്ച്‌ എന്ന്‌ ഉത്തരം പറഞ്ഞാൽ നിങ്ങൾ ആരെ നിയമിക്കും?
നാല്‌ എന്ന്‌ ഉത്തരം പറഞ്ഞ ആളെ. 
എന്തുകൊണ്ട്‌? 
നാല്‌ എന്ന ഉത്തരം ശരിയാണെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുള്ളതുകൊണ്ട്‌. 
അത്പോലെ ഞങ്ങളുടെ വിശ്വാസം ഉറച്ചതാണ്‌ എന്ന്‌.

ഇടപെടൽ: 1) ഈ അനലോഗി തന്നെ മതപരമായ രീതിയല്ല. അതനുസരിച്ച്‌ ഉത്തരം നേരത്തെ കണ്ടെത്തി അതിന്മേൽ ചോദ്യങ്ങളുന്നയിക്കുക എന്നതാണു ശരി. ഉദാഹരണം ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു. ചോദ്യം ഏതായാലും ഉത്തരം അതായിരിക്കണം. എന്നാൽ ഇവിടെ അങ്ങനെയല്ല. ഇവിടത്തെ രീതി യുക്തിവാദത്തിന്റേതാണു. ആദ്യം ചോദ്യം പിന്നെ ഉത്തരം, പിന്നെ മികച്ച ഉത്തരം. (ആവശ്യത്തിനു യുക്തിവാദം ഉപയോഗിച്ചില്ലെങ്കിൽ ഇവർ എപ്പോഴും 2+2= 5 ആയിരിക്കും. എല്ലായ്പോഴും അതു പറ്റില്ല) അങ്ങനെ എങ്കിൽ പ്രിൻസിപ്പൽ ഇങ്ങനെ ചോദിക്കണം. 6 എന്ന്‌ ഉത്തരം കിട്ടാൻ (ഉത്തരം ആദ്യം) ഏതൊക്കെ സംഖ്യകൾ തമ്മിൽ കൂട്ടണം? ഒരാൾ 3+3, രണ്ടാമൻ 4+2, മൂന്നാമൻ 5+1 പ്രിൻസിപ്പൽ പ്ളിങ്ങ്‌

2)-തങ്ങളാണ്‌ ശരി എന്ന്‌ തങ്ങൾ തന്നെ തീരുമാനിച്ചു. ആണ്ടി നല്ല വെടിക്കാരനാണ്‌, ആരു പറഞ്ഞു.  ആണ്ടി

3)- സക്കീർ നായിക്ക് ഇങ്ങനെ ഒരുവാദം ഉന്നയിക്കുന്നതോടുകൂടി അറിഞ്ഞോ അറിയാതെയോ തീവ്രവാദികൾക്ക് പിന്തുണനല്കുന്നു. ഞങ്ങളാണു ശരി, ഞങ്ങൾ മാത്രമാണു ശരി. അതിനാൽ തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുന്നതിൽ കുഴപ്പമില്ല.

കഥകേടു # 3
നിങ്ങൾ കൃസ്തുമസ്‌ ആശംസനേരാൻ പാടില്ല. എന്താ കാരണം. കൃസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടാണ്‌ കൃസ്തുമസ്‌ കൃസ്ത്യാനികൾ ആഘോഷിക്കുന്നത്‌. അതാവട്ടെ കന്യകയായ മറിയത്തിൽ ദൈവത്തിനുണ്ടായ പുത്രനാണ്‌ യേശു എന്ന്‌ സങ്കല്പ്പിക്കുന്നു. കൃസ്ത്യാനിക്ക്‌ ആശംസ നേരുമ്പോൾ നിങ്ങൾ അയാളുടെ വിശ്വാസം അംഗീകരിക്കുന്നു. അതുവഴി വിശ്വാസി മുർത്തദ്ദാകുന്നു (മതഭ്രംശം വന്നയാൾ) 

അല്ല ഡോക്ടറേ നിങ്ങൾ കൃഷ്ണദാസ്‌ എന്ന പേരുകാരനെ, യേശുദാസിനെ, കാളി ദാസനെ ഒക്കെ എങ്ങനെ പേരെടുത്തുവിളിക്കും? ഇവർക്കൊക്കെ പേരിടുമ്പോൾ അവരുടെ രക്ഷിതാക്കൾ ഇവരൊക്കെ ദൈവമാണെന്നും എന്റെ മകൻ ആ ദൈവത്തിന്റെ അടിമയാണെന്നും കരുതിയിരിക്കണം, വിശ്വസിച്ചുമിരിക്കണം. ആപേരുകൾ ചൊല്ലി വിളിക്കുമ്പോൾ താങ്കളും അത്‌ അംഗീകരിക്കുന്നു. എങ്കിൽ അല്ലാഹുവിനു പകരം മറ്റൊരു ദൈവത്തെ അംഗീകരിക്കുക വഴി നിങ്ങൾ എന്താകും, മുർത്തദ്ദ്‌, മുഷിരിക്ക്‌....?

ഇത് ഞാൻ ഫേസ് ബുക്കിൽ പേസ്റ്റിയപ്പോൾ ഒരാൾ നായിക്കിനെ പ്രതിരോധിക്കാൻ വന്നു. അയാളുടെ വാദം അനുസരിച്ച് അറിവില്ലാത്തവർ ഇങ്ങനെ ആശംസിക്കുന്നതിൽ തെറ്റില്ല. പെപ്സിയാണെന്ന് കരുതി മദ്യം കഴിച്ചുപോയാൽ തെറ്റില്ല എന്ന് നായിക്ക് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ശരിയായി ഉപയോഗിച്ചാൽ യുക്തിവാദത്തിന്റെ പ്രഹരശേഷി വളരെ വലുതാണ്‌. അതിനാൽ ഇക്കാര്യത്തിൽ പ്രതിരോധിരോധിക്കാനായി നായിക്കും കൂട്ടരും ഉയർത്തുന്ന ഏതു വാദവും അവർക്കെതിരായും ഉന്നയിക്കാം. അതായത് കൃഷ്ണൻ ദൈവമാണെന്നും അതിനാലാണു അയാൾ കുട്ടിക്ക് പേരിട്ടതെന്നും അറിഞ്ഞ് ആ പേരു വിളിച്ചാൽ താങ്കൾക്കും ഈ വാദം ബാധകമാകും

ജ്ഞാനമില്ലായ്മ തെറ്റല്ല എന്നാണെങ്കിൽ, പണ്ട് ആമസോൺ കാടുകളിൽ ആദിവാസികളെ മതം മാറ്റാനായി ചെന്നപ്രീസ്റ്റിനോട് ആദിവാസി മൂപ്പൻ ചോദിച്ച (കഥയാണെങ്കിൽ പോലും) ചോദ്യം വളരെ പ്രസക്തമാണ്‌.
“ഞങ്ങൾക്കിതൊന്നു അറിയുമായിരുന്നില്ല. ഞങ്ങൾ തെറ്റുകാരും നരകത്തിൽ പോകുന്നവരും ആകുമോ”
“നിങ്ങൾക്ക് ജ്ഞാനമില്ലെങ്കിൽ നിങ്ങൾ തെറ്റുകാരാകുന്നില്ല”
“പിന്നെ എന്തു പുണ്ണാക്കിനാ ഈ കിത്താബും പിടിച്ച് താൻ ഈ കാടു നെരങ്ങുന്നത്”?

കഥകേടു # 4
ചോദ്യം: നന്മചെയ്യുന്നവർ എല്ലാവരും സ്വർഗ്ഗത്തിൽ പോകുമോ? എങ്കിൽ മഹാത്മാഗാന്ധി, മദർ തെരേസ്സ എന്നിവർ സ്വർഗ്ഗത്തിൽ പോകുമോ?
ഉത്തരം: 10 വിഷയങ്ങളിൽ ഒൻപതെണ്ണത്തിനു ജയിക്കുകയും എ+ കിട്ടുകയും ചെയ്ത ഒരാൾ ഒരു വിഷയത്തിന് തോറ്റാൽ പ്രമോശാൻ കിട്ടുമോ? അതുപോലെ വിശ്വാസം എന്നവിഷയത്തിൽ തോറ്റാൽ നിങ്ങൾക്ക് പ്രമോഷൻ അഥവാ സ്വര്ഗ്ഗം കിട്ടില്ല
ഇടപെടൽ: ഞങ്ങളുടെ  യൂണിവേർസിറ്റിയിൽ പ്രയോജനമില്ലാത്തതും വേണ്ടാത്തതുമായ വിഷയങ്ങൾ ഒഴിവാക്കി പറ്റുന്ന വിഷയം എടുക്കാൻ സൗകര്യമുണ്ട്. അതിനാൽ 'വിശ്വാസം' എന്ന വിഷയത്തിന് പകരം ഞങ്ങൾ 'യുക്തിവാദം' സ്വീകരിച്ചു. എന്നിട്ട് എല്ലാ വിഷയത്തിനും പാസ്സായി. ഞങ്ങൾ ഉയർന്ന ക്ലാസ്സിൽ പൊയ്ക്കോട്ടേ സർ



Tuesday, December 23, 2014

ആല്ഫ്രഡ് ക്രോണറെ വെറുതെ വിടൂ


ഖുർആനിലെ ശാസ്ത്രീയതയ്ക്ക് ആധികാരികത നല്കുന്നതിനു നോബൽ സമ്മാനം ലഭിച്ച വലിയ വലിയ ശാസ്ത്രജ്ഞന്മാരുടെ സാക്ഷ്യം എന്നൊരു പരിപാടി ഈ അടുത്തകാലത്ത് സാധാരണ കാണാറുള്ള ഒന്നാണു. ദൈവവചനമാണെങ്കിലും വെള്ളക്കാരൻ പറഞ്ഞാലേ നമ്മുടെ വിശ്വാസത്തിനു ഒരു ശക്തിയുണ്ടാകൂ. മന്ദബുദ്ധിയായാലും നമ്പൂതിരിയല്ലേ എന്ന ചേലു. ഇക്കൂട്ടത്തിൽ ഡോക്ടർ കോസായ് ഉണ്ട്, ഡോക്റ്റർ. ആല്ഫ്രെഡ് ക്രോനർ ഉണ്ട്. അങ്ങനെ പലരും ഉണ്ട്.
ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ ക്ഷണിതാവായി വരുന്ന അഥിതികൾ സാധാരണ ആഥിതേയന്റെ ചില ആചാരങ്ങളെ വിശ്വാസങ്ങളെ ഒന്നും മുറിവേല്പ്പിക്കുന്നവിധം പെരുമാറാറില്ല. സാമാന്യ മര്യാദയാണത്. നമുക്ക് വിരുദ്ധാഭിപ്രായമുള്ള ഒരു വേദിയിൽ ക്ഷണിക്കപ്പെട്ടാൽ കഴിയുന്നതും സംഘാടകരുമായി നമുക്ക് യോജിപ്പുള്ള വിഷയങ്ങളാവും അധികപേരും ചർച്ചചെയ്യുക. കഴിയുന്നതും ഒരു തർക്കത്തിലേക്ക് പോകില്ല. പറ്റുമെങ്കിൽ പോകാതിരിക്കാം, അത് മര്യാദ
സൗദി അറേബ്യയിൽ അറബിഭാഷയുടെ പുറത്തുള്ള കുറേ ശാസ്ത്രജ്ഞന്മാരെ ക്ഷണിക്കുകയും അവരോട് ഖുർആനിലെ ചില വരികൾ ചില ആളുകൾ വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയും ചെയ്തപ്പോൾ മേല്പറഞ്ഞ സാമാന്യ മര്യാദയുടെ പേരിൽ പലരും അതെ അതിശയമായിരിക്കുന്നു എന്ന് പറഞ്ഞു കാണണം. ചിലർക്കൊക്കെ സാമ്പത്തികമോ മറ്റെന്തെങ്കിലുമോ ആയ താല്പര്യങ്ങളും കാണണം.
ഒരുശാസ്ത്രജ്ഞന്റെ അഭിപ്രായം അല്ല ശാസ്ത്രം എന്നത്. അത് തെളിവുകളുടെ അടിസ്ഥാനത്തിൽ നിരന്തരം ആവർത്തിച്ച് ബോധ്യപ്പെടേണ്ടതാണു. ഞാനെന്തു പറയുന്നു എന്ന് നോക്കിയല്ല ഭൂമി അതിന്റെ പണി എടുക്കുന്നത് എന്ന ഗലീലിയോയുടെ പ്രസിദ്ധ വചനം ശാസ്തത്തിനും യോജിക്കും.
മറ്റൊരൂദാഹരണം നോക്കാം. നാം ചൈനയിൽ പോകുന്നു എന്ന് വെയ്ക്കുക. നമുക്ക് ചൈനീസ് ഭാഷ അറിയില്ല. അവിടെ ഒരാൾ ആയിരം കൊല്ലം പഴക്കമുള്ള ഏതെങ്കിലും ഗ്രന്ഥമെടുത്ത് ഒരു വാചകം വായിച്ച് താങ്കൾ ഇന്ത്യയിൽ ജനിക്കുമെന്നും ചൈന സന്ദർശിക്കുമെന്നും അതല്ലെങ്കിൽ കമ്പ്യൂട്ടറിനെ പറ്റി ഈ ഗ്രന്ഥത്തിലുണ്ടെന്നും ഒക്കെ പറഞ്ഞാൽ, ആദ്യ പ്രതികരണം എന്ന നിലയ്ക്ക് ‘അതിശയമായിരിക്കുന്നല്ലോ’ എന്ന് പറഞ്ഞേക്കാം. അത്രേ ഉള്ളൂ എല്ലാ സാക്ഷ്യങ്ങളും. എന്നാലും സംശയ ജീവി എന്ന നിലയ്ക്ക് ഇവരൊക്കെ ഇങ്ങനെ പറഞ്ഞു കാണുമോ എന്ന് നമുക്ക് സംശയമുണ്ടാകുന്നത് സ്വാഭാവികം. പിന്നെ തിരച്ചിലായി. ഇത് ഇന്റർനെറ്റിന്റെ കാലമല്ലെ. എന്തും ആധികാരികമായി അന്വേഷിക്കാം ഒറിജിനൽ സോഴ്സിൽ നിന്ന് തന്നെ. യൂറോപ്യൻ ശാസ്ത്ര്ജ്ഞരധികവും ഏതാളുടെ ഏതു ചോദ്യത്തിനും മറുപടി നല്കും എത്ര തെരക്കുള്ളവരായാലും. നമ്മുടെ ടി സംശയത്തിനു മേല്പറഞ്ഞ പലരേയും പരതി, കിട്ടിയില്ല. എന്നാൽ ഒരാളെ കിട്ടി
ആല്ഫ്രഡ് ക്രോണർ, ജർമ്മൻ കാരനാണു, പ്രീ കാംബ്രിയൻ ഭൗമ ശാസ്ത്രത്തിലാണു സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചൈനയിലെ ക്സിയാങ്ങ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
ഇദ്ദേഹം 1979 ലാണു സൗദിയിലെ യൂണിവേർസിറ്റി സന്ദർശിക്കുന്നത്. ചില ആളുകൾ അദ്ദേഹത്തെ വന്നുകണ്ടു. ചിലതൊക്കെ പറഞ്ഞു. മുസ്ലിംഗൾ ഇത് ആധികാരിക അഭിപ്രായമായി പ്രകടിപ്പിക്കുന്നു എന്ന് അറിഞ്ഞ അന്നുമുതൽ (മാത്രമല്ല ക്രോണർ മുസ്ലിമായി എന്നും പ്രചരിപ്പിക്കാറുണ്ട്) ഈ സാധു ശ്രമിച്ചു കൊണ്ടിരിക്കയാണു പല മാർഗ്ഗത്തിലൂടെയും താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താൻ. എന്നാൽ ഇന്നും ആളുകൾ അത് ഉപയോഗിക്കുന്നു.
അങ്ങനെ ഞാൻ ക്രോണർക്ക് ഒരു കത്തെഴുതി. മറുപടി ഇതോടൊപ്പം പോസ്റ്റുന്നു. അതു വായിച്ചാൽ അറിയാം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇവ്വിഷയത്തിലുള്ള നിലപാടുകൾ. ഇതൊന്നും പോസ്റ്റ് ആക്കണ്ട എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. വിശദമായി ഇത് പോസ്റ്റണമെന്ന് നാസർ കുന്നുമ്പുറത്തിന്റെ സ്നേഹനിർബന്ധം കൂടിയായപ്പോൾ സ്ഥായിയായ മടിയെ ഒന്നു കുടയാമെന്നു തോന്നി (കൂടാതെ ക്രോണർ ഇവ്വിഷയങ്ങൾ നിഷേധിച്ചുകൊണ്ടുള്ള സൈറ്റും യൂ റ്റ്യൂബിൽ ഇന്റർവ്യൂകളും ഒക്കെ പോസ്റ്റു ചെയ്തിട്ടുണ്ട്. ഒന്ന് സെർച്ച് ചെയ്താൽ കിട്ടും) ആശംസകളോടെ

Monday, December 15, 2014

പരിണാമത്തിലെ ഉരുളക്കിഴങ്ങുമനുഷ്യർ


(മൗലികത ഗാരന്റീഡ്: എന്റെ രചനകളധികവും എന്റെ യുക്തി അധികരിച്ചുള്ളവയാണു. എന്റെ ചിന്തയുടെ പ്രതിഫലനങ്ങളാണേറെയും. വായനയിലൂടെ കിട്ടുന്ന ഡാറ്റകൾ അവയെ പരിപോഷിപ്പിക്കാൻ ഉപകരിക്കുന്നു എന്നേയുള്ളൂ. മറ്റുള്ളവരുടെ ചിന്തകളെ പകർത്തിയെഴുതുന്ന ഒരു പകർത്തിയെഴുത്തുകാരനാവാൻ എനിക്ക് വലിയ താല്പര്യമില്ല. മറ്റുള്ളവരുടെ ചിന്തകൾ എന്റെ യുക്തിയുമായി പൊരുത്തപ്പെടുന്നെങ്കിലേ എനിക്കു യോജിക്കാനാവൂ. അതിനാൽ ഇവ മൗലികങ്ങളാണു. )







1)- ഉരുളക്കിഴങ്ങിനും മനുഷ്യനും ഒരേ എണ്ണം ഡി. എൻ. എ ആണെന്നും ഡി എൻ എ യുടെ പൊരുത്തം ചിമ്പാൻസിയും മനുഷ്യനും തമ്മിലുള്ള ജെനറ്റിക്‌ അടുപ്പത്തെ സൂചിപ്പിക്കുന്നില്ല എന്നും സകല സൃഷ്ടിവാദികളും ഇപ്പോഴും വാദിക്കാറുണ്ട്‌. ഇതുകേട്ടാൽ കേവലം എണ്ണത്തെ മാന ദണ്ഡമാക്കിയാണു ചിമ്പും മനുഷ്യനും തമ്മിലുള്ള ജനിതക ബന്ധം വിലയിരുത്തുന്നതെന്ന്‌. നാം മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്‌. ഒന്നു മുതൽ ഒൻപതു വരെയുള്ള എണ്ണൽ സംഖ്യയും ഒരു പൂജ്യവും മാത്രം വ്യത്യസ്ഥ രീതിയിൽ ചേർത്താണു ലോകമെമ്പാടുമുള്ള സിം കാർഡുകൾ ഒന്നു മറ്റൊന്നിൽ നിന്ന്‌ വ്യത്യസ്ഥമായി പ്രവർത്തിക്കുന്നത്‌. വേണമെങ്കിൽ ഇവ തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന്‌ പറയാം. എന്നാൽ പത്ത്‌ അക്കങ്ങളിൽ അവസാനത്തെ ഒരു അക്കം മാത്രം വ്യത്യാസമുള്ള രണ്ട്‌ സിം കാർഡുകൾ തൊട്ടടുത്തവയാണെന്ന്‌ നിസ്സംശയം പറയാം. ഒറ്റ അക്കത്തിന്റെ വ്യത്യാസം മാത്രം. ആദ്യത്തെ അക്കമാണു വ്യത്യസ്ഥമെങ്കിൽ വാദത്തിനു വേണ്ടി രണ്ടും ഒരുപോലെ ഒരക്കം മാത്രം വ്യത്യാസം എന്ന്‌ പറയാം. എന്നാൽ ആ രണ്ട്‌ കാർഡുകൾ തമ്മിൽ ലക്ഷക്കണക്കിനു എണ്ണം വ്യത്യാസം ഉണ്ടാകുന്നു. ഇതൊരു സംഖ്യാ കൗതുകമാണു. 
ഇമ്മാതിരി ഒരു കൗതുകത്തിൽ പിടിച്ചാണു ഉരുളക്കിഴങ്ങിനെ മനുഷ്യന്റെ സഹോദരനാക്കുന്നത്‌.
എന്നാൽ, ചിമ്പും മനുഷ്യനും തമ്മിൽ ഇമ്മാതിരി എണ്ണൽ സംഖ്യാ ബന്ധമല്ല. മറ്റ്‌ അനവധി പൊരുത്തങ്ങളുണ്ട്‌.

ചിമ്പാൻസികളുടെ ജീനോമും മനുഷ്യന്റെ ജീനോമും തമ്മിൽ വളരെ അധികം പൊരുത്തങ്ങളുണ്ടെന്ന്‌ ഹ്യൂമൻ ജീനൊം പ്രൊജെക്റ്റിൽ മോളിക്യുളാർ ആന്റ്‌ ഹ്യൂമൻ ജെനെറ്റിക്സ്‌ വിഭാഗത്തിൽ ഹൂസ്റ്റണിൽ അസ്സോസിയേറ്റ്‌ പ്രൊഫസ്സർ ഡോക്റ്റർ ജെഫ്രി റോഗേഴ്സ്‌ എനിക്ക്‌ ഈ വിഷയത്തിലുള്ള സംശയത്തിനു അയച്ച മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. 




2005-ൽ പൂർത്തിയായിട്ടുണ്ട്‌ ചിമ്പാൻസി ജീനോം. ഡാറ്റാബേസ്‌ നെറ്റിൽ ലഭ്യമാണു. ഏതാണ്ട്‌ 98% സാമ്യതയുണ്ട്‌ മനുഷ്യനും തൊട്ടടുത്ത കസ്സിൻ ആയ ചിമ്പും തമ്മിൽ, ഏതാണ്ട്‌ ഏഴര ദശലക്ഷ്ം വർഷം മുൻപ്‌ രണ്ടുകൂട്ടരും ഒരു തറവാട്ടിലായിരുന്നു ജനിച്ചു വളർന്നത്‌.

ഉരുളക്കിഴങ്ങിൽ ഈ പൊരുത്തങ്ങളില്ല

2)- 'ലൈനിയർ എവലൂഷൻ' ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാവാം മനുഷ്യൻ കുരങ്ങുകളിൽ നിന്നെങ്കിൽ മരം ചാട്ടം സ്വഭാവം അവനു എവിടെയാണു കൈമോശം വന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ സാമാന്യ ബോധം ഉല്പാദിപ്പിച്ച ധാരണകൾ പൊതുപൂർവീകൻ എന്ന യാതാർത്ഥ്യത്തെ അംഗീകരിക്കുന്നതിനു തടസ്സമാണു. മണ്ണിലാണു ജീവികൾ ഉല്ഭവിച്ചത്, മരത്തിലല്ല. ഇത് മരം കയറ്റം പിന്നീട് ആർജ്ജിച്ച സ്വഭാവമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ ഒരു സ്വഭാവം ആർജ്ജിക്കാനാവാത്തവ മറ്റൊരു സ്വഭാവത്തിലൂടെ വളർന്നു എന്ന മറ്റൊരു സാധ്യത സൃഷ്ടിവാദികൾക്ക് ചിന്തിക്കാനാവുന്നില്ല. മനുഷ്യൻ ഇന്നത്തെ രൂപത്തിലെത്തുന്നതിനു മുൻപ് നിരവധി മറ്റു മനുഷ്യ രൂപങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നമുക്ക് കിട്ടുന്ന ഫോസിലുകളി അതിനു തെളിവുകളുണ്ട്. എന്നാൽ, പൂർണമായും സംശയമുക്തമല്ല.

3- വേറൊരു അബദ്ധ ധാരണയാണു എല്ലാജീവികളും ഒരേകാലത്തിൽ തന്നെ പരിണമിക്കണമെന്നത്. ഈ ധാരണയുള്ളതിനാലാണു പരിണാമം സാവകാശമായ ചില ഫോസിലുകളെ ചൂണ്ടിക്കാണിച്ച് മൊത്തം പരിണാമം തെറ്റാണെന്ന് പറയൽ. പരിണാമം ഓരോസ്പീഷീസിനും ഓരോ ചരിത്രമാണു നല്കുന്നത്. ചിലവ പതുക്കെയെങ്കിൽ ചിലവ ക്രമേണ. ചിലവ അങ്ങനെ തന്നെ നിലനില്ക്കുമ്പോഴും അതിൽ നിന്ന് മറ്റൊരുശാഖ, ഒറിജിനൽ അപ്പോഴും നിൽനില്ക്കാം. 

4- സ്പീഷീസ് എന്നത് ഇപ്പോഴും അംഗീകരിക്കാത്ത സൃഷ്ടിവാദികൾ ‘കൈന്റുകൾ’ എന്ന വർഗ്ഗീകരണമാണു നടത്തുക. നായ്ക്കളിൽ നിന്ന് നായ്ക്കൾ, പക്ഷെ വ്യത്യസ്ഥ തരം. തത്തകളിൽ നിന്ന് തത്തകൾ, പക്ഷെ വ്യത്യസ്ഥ തരം. ആവട്ടെ. എന്നാൽ, അവർ ഈ കൈന്റുകളെ 7000 ത്തിൽ ഒതുക്കുന്നു. ദിവസം ചുരുങ്ങിയത് 11 മുതൽ 35 വരെ പുതിയ സ്പീഷീസുകൾ നമ്മുടെ സ്പീഷീസ് റജിസ്റ്ററിൽ പുതുതായി ചേർക്കപ്പെടുന്നുണ്ട്. 8.7 Million (UNEP 2011) സ്പീഷീസുകൾ ഇന്ന് നിലവിലുണ്ട്. ചിലവ മണ്മറയുന്നു. നശിച്ചവ വേറെയും. എന്തു കണക്കില്പെടുത്തും ഇവയെ.
ചോദ്യം മറ്റൊന്ന്. പ്രാവുകളിൽ നൂറ്റിമുപ്പത്തഞ്ചിലധികം (ഓർമ്മയിൽ നിന്ന്) വിഭാഗങ്ങളെ ഡാർവിൻ രേഖപ്പെടുത്തുന്നുണ്ട്. സൃഷ്ടി വാദികളുടെ വർഗ്ഗീകരണപ്രകാരം അരിപ്രാവുകൾ മാടപ്രാവുകലുടെ ‘കൈന്റിൽ’ പെടുമോ? എങ്കിൽ മാനദണ്ഡമെന്ത്?. പെരുച്ചാഴികൾ ചുണ്ടെലികളുടെ ‘കൈന്റിൽ’പെടുമെങ്കിൽ മാനദണ്ഡമെന്ത്?

Friday, December 12, 2014

നിത്യ ജീവിതത്തിലെ യുക്തി




പലരും കരുതുന്നത്‌ യുക്തിവാദം എന്നാൽ ദൈവം ഇല്ല എന്ന്‌ പ്രചരിപ്പിക്കാനുള്ള, ദൈവ വിശ്വാസത്തിൽ നിന്ന്‌ രക്ഷപ്പെടാനോ ദൈവനിഷേധത്തിനുള്ള ഒരു മതമോ അതു വഴി ധാർമ്മികമൂല്യങ്ങളിൽ നിന്ന്‌ അകന്നു തന്തോന്നിയായി നടക്കാനും ഉള്ളഒരു തരം നിഷേധ വിദ്യയോ ആണെന്നാണു. എന്നാൽ ദൈവ നിഷേധം എന്നത്‌ യുക്തിവാദത്തിന്റെ ഒരു ഉല്പന്നമാണെങ്കിലും അതിനു ഇന്ന്‌ യുക്തിവാദത്തിൽ വളരെ കുറഞ്ഞ ഒരു സ്ഥാനമേ ഉള്ളൂ. എന്തുകൊണ്ടെന്നാൽ, കാരണം ദൈവങ്ങൾ തന്നെ പരസ്പരം നിഷേധിക്കുന്നവയും പലതും ശാസ്ത്രപുരോഗതിയിൽ ബലഹീനമാകുന്നതുമാണു. അങ്ങനെ ദൈവത്തെ വിശ്വാസികൾക്ക്‌ തന്നെ അകറ്റി നിർത്തേണ്ടിവരികയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യും. ചുരുങ്ങിയത്‌ വിശ്വാസത്തിൽ വെള്ളം ചേർക്കേണ്ടിവരിക എങ്കിലും ചെയ്യും. അതിനുള്ള മികച്ച ഉദാഹരണമാണൂ പോപ്പ്‌ ഈ അടുത്തകാലത്ത്‌ നടത്തിയ രണ്ട്‌ കുമ്പസാരങ്ങൾ. പൊട്ടിത്തെറി സിദ്ധാന്തവും പരിണാമ സിദ്ധാന്തവും അംഗീകരിച്ചത്‌. പോപ്പ്‌ ഈ അംഗീകരിക്കൽ വഴി തങ്ങളുടെ ദൈവത്തെ നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. മുസ്ളിംഗളും ഇതേപോലെ ആദത്തിന്റെ കഥയിൽ വെള്ളം ചേർത്തു തുടങ്ങിയിട്ടുണ്ട്‌.
ഭൂമി പരന്നതാണെന്ന്‌ പ്രത്യക്ഷയാതാർത്ഥ്യത്തിൽ ഊന്നി പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന കാലത്താണു അരിസ്റ്റോട്ടിൽ ഭൂമി ഉരുണ്ടതാണെന്നുള്ളതിനു മികച്ച യുക്തിവാദം അവതരിപ്പിക്കുന്നത്‌. അക്കാലത്തെ വിശ്വാസമനുസരിച്ച്‌ ഭൗമകേന്ദ്രീകൃതമായിരുന്നു പ്രപഞ്ചം. ഇതിനെ ചോദ്യം ചെയ്യാനാവുന്നില്ലെങ്കിലും നിലവിലുള്ള അനുമാനങ്ങൾക്ക്‌ കോട്ടം തട്ടാതെ ഭൂമി ഉരുണ്ടതാണെന്ന്‌ അദ്ദേഹം സ്ഥാപിക്കുന്നു. അതും സാധാരണ നേത്രങ്ങളും ബുദ്ധിയുമല്ലാതെ ഇത്‌ തെളിയിക്കാൻ വേറെ മാർഗ്ഗമില്ലാതിരുന്ന കാലത്ത്‌. ഗ്രഹണസമയത്ത്‌ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത്‌ എല്ലായ്‌ പോഴും വൃത്താകൃതിയിലാണെന്നും ഒരു പരന്ന പ്രതലത്തിനു വൃത്ത നിഴൽ വീഴ്ത്താനാവുന്നത്‌ സൂര്യൻ മദ്ധ്യത്തിൽ ആയിരിക്കുമ്പോൾ മാത്രമാനെന്നും അല്ലാത്തപ്പോൾ അത്‌ അണ്ഡാകൃതി കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്‌ ഗോളാകൃതിയിലുള്ള ഭൂമിയെ കാണിക്കുന്നു. ഇതിലുള്ള യുക്തിയുടെ സൗന്ദര്യം നമ്മെ അമ്പരപ്പിക്കും.
നമ്മുടെ സധാരണ ജീവിതം യുക്തിയെ എങ്ങനെ ഉപയോഗപ്പെടും.
നിത്യജീവിതത്തിൽ യുക്തി പ്രവർത്തിക്കുന്നതിന്റെ ഒരു അനുഭവമാണു ഇവിടെ പങ്കു വെയ്ക്കുന്നത്‌. 2005 ലാണെന്നാണു ഓർമ്മ. ബഹറൈനിൽ നിന്നും ഒരു ചെറുപ്പക്കാരൻ സൗദിയിൽ വരുന്നു. പത്ത്‌ ഇരുന്നൂറ്റി അമ്പത്‌ തെരഞ്ഞെടുത്ത പ്രമുഖർക്ക്‌ ക്ളാസ്സ്‌ കൊടുക്കുന്നു. നല്ല ഫൈവ്‌ സ്റ്റാർ വിരുന്നും. ഡോക്റ്റർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ക്രീമി വ്യക്തിത്വങ്ങൾ. ഇവരെ ചാക്കിട്ടാൽ പിന്നെ മറ്റുള്ളവരിലേക്ക്‌ നുഴഞ്ഞു കയറാൻ എളുപ്പമാണല്ലോ. (ഇവരെ ചാക്കിടാൻ വളരെ എളുപ്പമാണു. ഇതുപോലുള്ള അധ്വാനഭാരക്കുറവിൽ അമിതമായ പണം ലഭിക്കുന്നവരിൽ പണച്ചെലവിന്റെ കാര്യത്തിൽ യുക്തികുറഞ്ഞേപ്രവർത്തിക്കൂ) ഇക്കൂട്ടത്തില്പ്പെട്ട ചില സുഹൃത്തുക്കളുടെ ക്ഷണപ്രകാരം കാഴ്ച്ചയ്ക്കുവേണ്ടി സാധാരണക്കാരനായ ഈ ഞാനും. ബഹറൈനിൽ ഒരു കമ്പനിയിൽ ഇന്ത്യൻ രൂപ ആറക്ക ശമ്പളത്തിനു ജോലി ചെയ്യുന്ന എം. ബി. എ കാരനാണു താനെന്നും അത്‌ കളഞ്ഞിട്ടാണു ഇപ്പരിപാടിക്ക്‌ ഇറങ്ങിയതെന്നും ഇന്ന്‌ അതിനേക്കാൾ നാലഞ്ച്‌ ഇരട്ടി അധികവരുമാനമുണ്ടെന്നും നല്ല ഇളം തളിരു പോലുള്ള ഇംഗ്ളീഷിൽ ഇയാൾ അടിച്ചു കാച്ചി. സത്യമായിരിക്കണം. നമ്മൾ അതിലൊന്നും തർക്കിക്കുന്നില്ല.
മണി ചെയിൻ മാതൃകയിലുള്ള ഒരു കച്ചവടമാണു ആൾ അവതരിപ്പിക്കുന്നത്‌. നെറ്റ്വർക്ക് മാർക്കറ്റിങ്ങ് എന്നൊരു ഓമനപ്പേരിട്ടിട്ടുണ്ട്. അത്രന്നെ. ഇവിടെ വെറും പണമല്ല അതിനു പകരം സ്വർണ്ണ നാണയങ്ങളാണു. എന്നാൽ മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വിലയ്ക്കാണു കച്ചവടം. അതു തന്നെ ദഹിക്കാതിരുന്ന ഞാൻ കൂടെ വന്നവരോട്‌ എന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴാണു ചോദ്യം ചോദിക്കാനുള്ള സുവർണാവസരം കാണികൾക്ക്‌ ലഭിച്ചത്‌. എന്റെ കൂടെ വന്ന എല്ലാവരും അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട്‌ അതിലുണ്ടാകാവുന്ന നേട്ടത്തെ പറ്റിയും സ്വർഗ്ഗത്തെ പറ്റിയും ഒക്കെ ചോദിച്ചു. പിന്നെ എന്നെ നിർബന്ധിച്ചു. `നീ ചോദിക്ക്‌. നിനക്കല്ലെ മുടിഞ്ഞ സംശയം`
സർ, താങ്കൾ പറയുമ്പോലെ ചങ്ങലക്കണ്ണികളിൽ കച്ചവടം മുറുകിയാൽ ലോക ജനസംഖ്യ എത്ര കണ്ണി ചേർക്കാനുണ്ടാകും. അല്ലെങ്കിൽ പതിനായിരം ജനസംഖ്യയുള്ള ഒരു ദീപിൽ വളരെ പെട്ടെന്ന്‌ ഈ കണ്ണികൾ അവസാനിക്കില്ലേ. അവസാനക്കണ്ണിയിൽ വരുന്ന ആയിരക്കണക്കിനാളുകൾക്ക്‌ ഇതൊരു വഞ്ചനയല്ലെ. കമ്പനിയും ചില മുകളിലത്തെ ആളുകളിലും മാത്രമായി ധനം കുമിഞ്ഞു കൂടില്ലേ?
എന്റെ ഈ ചോദ്യത്തിനു വളരെ യുക്തി ഭദ്രമായി (എന്നെ ശരിക്കും അറിയാവുന്ന ഒരു സുഹൃത്തിന്റെ കാഴ്ച്ചപ്പാടിൽ) അദ്ദേഹം മറുപടി നല്കി. “ഉദാഹരണത്തിനു ബഹറൈൻ. ഒരു ദ്വീപാണു. ചുരുങ്ങിയ ജനസംഖ്യ. താങ്കൾക്കറിയാമോ. ഞാൻ എട്ടു വർഷമായി അവിടെ. ഒരാൾക്ക്‌ ജീവിതത്തിൽ ഒരു ഡ്രൈവിങ്ങ്‌ ലൈസൻസ്‌ മതി. ഞാൻ ഇവിടെ വന്ന അന്നു മുതൽ ഇന്നോളം ഡ്രൈവിങ്ങ്‌ ലൈസൻസിന്റെ ക്യൂ അവിടെ ഒരു കുറവും വന്നിട്ടില്ല. ഓർക്കുക ജീവിതത്തിൽ ഒരാൾക്ക്‌ ഒരുലൈസൻസേ ആവശ്യമുള്ളൂ എന്നിട്ടും. താങ്കളുടെ സംശയം തീർന്നു എന്നു കരുതുന്നു.”
സദസ്സിൽ കൂട്ടകയ്യടി
ഞാൻ പറഞ്ഞു. എന്റെ സംശയം വർദ്ധിക്കുകയാണു ചെയ്തത്‌ .

"സർ, താങ്കൾ ജ്യോമെട്രിക് പ്രോഗ്രഷനിലുള്ള ഒരു സംഭവത്തെ അരിതമെറ്റിക് പ്രൊഗ്രഷൻ കൊണ്ട് പകരം വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണു. ഈ വന്ന സകലർക്കും അതു മതിയാവും, എനിക്ക് അതു പോര. താങ്കൾ ഒന്നുകിൽ ലൈസൻസ് താങ്കളുടെ കച്ചവടത്തിലേതുപോലെ നല്കുക. ഒന്നര മണിക്കൂർ കൊണ്ട് തീരും ബഹറൈനിലെ ലൈസൻസ് എടപാട്. അല്ലെങ്കിൽ താങ്കളുടെ കച്ചവടം ഒരാൾക്ക് ഒന്ന് എന്ന രൂപത്തിൽ ലൈസൻസ് പോലെ ആക്കുക. അല്ലാതെ പാനീയം മീറ്റർ വെച്ച അളക്കരുത്" എന്നു പറഞ്ഞു.
അദ്ദേഹം എന്നെ സ്വകാര്യം വിളിച്ചിട്ടു പറഞ്ഞു. "സർ, ഭക്ഷണം ഉണ്ട്. അത് കഴിച്ച് പോകുക. ദയവായി തിരിച്ചിവിടെ വരരുത്"
"സർ, ഞാൻ ദിവസവും താങ്കൾ ഇപ്പറയുന്ന ഭക്ഷണം കഴിച്ചിട്ടു തന്നെയാണു കഴിയുന്നത്. അതിന്റെ ഗുണമാണു താങ്കൾ കണ്ടത്. പക്ഷെ അത് താങ്കളുടെ ചെലവിലല്ല. അതിനാൽ ഭക്ഷണത്തിനു നില്ക്കുന്നില്ല ഞാൻ പോകുന്നു" എന്നും പറഞ്ഞു മെല്ലെ ഇറങ്ങി.
കൂടെ വന്ന രണ്ട് സുഹൃത്തുക്കളും ഇറങ്ങി. (ഒരാൾ അവിടെ തങ്ങി. അയാൾ പിന്നീട് ഈ കച്ചവടത്തിൽ വന്ന നഷ്ടത്തിൽ വിലപിക്കുന്നതു കേട്ടു)
ഇത്രൗം പറഞ്ഞത് യുക്തി നിത്യ ജീവിതത്തിൽ നമ്മെ സഹായിക്കുന്നതിന്റെ ഉദാഹരണമായിട്ടാണു