Friday, December 26, 2014

സക്കീർ നായിക്കിന്റെ കഥകേടുകൾ

കഥകേടു # 1

ബ്ളിംഗാൻ ജീവിതം പിന്നെയും ബാക്കി

സക്കീർനായിക്കിന്റെ വാദങ്ങൾ ഇമ്മാതിരി ഒരു തത്വശാസ്ത്രത്തിൽ വായിക്കാവുന്നതാണ്‌. അതായത്
ഫിലോസഫി നംബർ 1- ബോസ് എല്ലായ്പ്പോഴും ശരിയാണ്‌
ഫിലോസഫി നംബർ 2 ഇനി അഥവാ ശരിയല്ലെന്നു തോന്നിയാൽ വായിക്കുക ഫിലോസഫി നമ്പർ 1
സക്കീർ നായിക്കിന്റെ വിവരക്കേടുകൾ നിരവധിയാണ്‌. അഞ്ചുമിനിറ്റിൽ 25 വിവരക്കേടുകൾ എന്നത് മാത്രമല്ല അത്.  അദ്ദേഹം ഒരുഡോക്ടറുമാണ്‌. ഈ ഡോക്റ്ററേറ്റ് അദ്ദേഹത്തിനു കിട്ടിയത് വിവരക്കേടിനല്ല. സാക്ഷാൽ എം.ബി. ബി. എസ്സിൽ തന്നെ. ഇത് എടുത്തുപറയുന്നത് വൈദ്യശാസ്ത്രത്തിൽ അദ്ദേഹം കാണിച്ച വിവരക്കേടിനെ ചൂണ്ടിക്കാണിക്കാനാണ്‌. 
പണ്ട് 1970 കളിൽ കുടുമ്പാസൂത്രണം നമ്മുടെ നാട്ടിൽ കൊടികുത്തിയ കാലം മുസ്ലിം പണ്ഡിതന്മാരും മുല്ല മൗലവിമാരും ഇതിനു തുരങ്കം വെയ്ക്കാൻ കഴിവതും ശ്രമിച്ചു. അതിനവർ ധരിച്ചിരുന്ന കാരണം ഇന്ത്യയിലെ മുസ്ലിംഗൾ എൺപതുശതമാനം വരുന്ന ഹിന്ദുക്കളെ മറികടക്കുന്നതിനെ തടയിടാൻ ഹിന്ദു പരീക്ഷണശാലയിൽ വികസിപ്പിച്ച ഒരു ഉല്പന്നമാണീ കുടുമ്പാസൂത്രണം എന്നായിരുന്നു. അതിനു തടയിടാൻ പഠിച്ചപണി പലതും നോക്കി, കിത്താബുകൾ പരതി. ഖുർആൻ പരതി, ഒന്നും കിട്ടിയില്ല. ഖുർആൻ ഒരു കാര്യം നിഷേധിക്കുന്നില്ല എന്ന് കണ്ടാൽ മുസ്ലിംഗൾക്കിടയിൽ ആഴത്തിൽ ഫലിപ്പിക്കാൻ വലിയ പാടാണ്‌. അതിനവർ കണ്ടുപിടിച്ച് വ്യാഖ്യാനഫാക്ടറിയിൽ കയറ്റി ഇറക്കി വികസിപ്പിച്ചെടുത്ത ആയുധമാണ്‌ 17:31 “പട്ടിണി ഭയന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്”. വളരെ നിർദ്ദോഷവും ലളിതവും മാനവികവുമായ ഖുരാന്റെ ഒരു വാചകമാണിത്. വലിയ ബൗദ്ധികശേഷിയുടെ അധ്വാനം ഇല്ലാതെ ആർക്കും ഇതു മനസ്സിലാകും. ഈ വാചകത്തോട് എനിക്ക് പൂർണമായ യോജിപ്പാണുള്ളത്. അറേബ്യയുടെ അന്നത്തെ പരിതസ്ഥിതിയിൽ ഇത്തരം ഒരു വാചകം ദൈവത്തിനു പറയേണ്ടിയിരുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. 1970 കാലത്ത് ഈ വാചകം വ്യാപകമായി ഉപയോഗിച്ചിരുന്നു. അബോർഷൻ തുടങ്ങിയ പല കാര്യങ്ങളെയും ഈ വാചകം ഉപയോഗിച്ച് തടയാനാവും. എന്നാൽ, കുടുമ്പാസൂത്രണത്തിനെതിരായി ഈ ഒരു വാചകമല്ലാതെ മറ്റൊന്നും ഖുർആനിൽ നിന്ന് ഉദ്ധരിച്ച് ഞാൻ കണ്ടിട്ടില്ല.
നമുക്ക് സക്കീർ നായിക്കിന്റെ കഥകേടിലേക്ക് വരാം. അദ്ദേഹം ഭിഷഗ്വരനാണ്‌ എന്നകാര്യം ഇനി പ്രസക്തമാണ്‌. കണ്ട മൗലവിയും മുല്ലയും പറയുമ്പോലെ അദ്ദേഹത്തിനു വൈദ്യസംബ്ന്ധിയായ കാര്യങ്ങൾ പറയാനാവില്ല. മേല്പറഞ്ഞ വാചകം പല സ്ഥലത്തും അദ്ദേഹം മേല്പറഞ്ഞ അതേ ആവശ്യത്തിനു വെച്ചുകാച്ചുന്നത് ഞാൻ കേട്ടിട്ടുണ്ട്. 
അതേയ്, ഡോക്ടറേ ഈ കുട്ടി എന്ന് പറഞ്ഞാൽ താങ്കൾ എന്താണു കരുതുന്നത്?
ഭൗതികവാദ വീക്ഷണത്തിൽ ഒരു കുട്ടിക്ക് സാമൂഹ്യമായ വ്യക്തിത്വം എന്നൊന്നുണ്ട്. അത് അവൻ ജനിച്ചതിനു ശേഷമാണു. അതിനു മുൻപുള്ള കുട്ടികളെ അതിനു ശേഷമുള്ള കുട്ടികളെപോലെ കാണേണ്ടതില്ല. വേണമെങ്കിൽ അബോർഷൻ ആകാം, കൃത്യമായ കാരണങ്ങളാൽ. കഴിയുന്നതും അത് ഒഴിവാക്കുന്നതാണു നല്ലത്. ഇത് താങ്കൾ അംഗീകരിക്കുകയില്ല. ആയ്ക്കോട്ടെ

എന്നാൽ, ഈ പ്രസവം നിർത്തൽ എന്ന് പറയുന്നപ്രകൃയയിൽ കുട്ടി എവിടെ? എന്താണു പ്രസവം നിർത്തൽ? ബീജവും അണ്ഡവും തമ്മിൽ യോജിക്കുന്നതിനെ കൃത്രിമമായി സ്ഥിരമായോ താല്കാലികമായോ തടയുക. മുകളിൽ സൂചിപ്പിച്ച സാമൂഹ്യവ്യക്തിത്വം എന്ന കുട്ടിയുടെ നിർവചനം താല്ക്കാലികമായി ഞാൻ മാറ്റി വെയ്ക്കുന്നു. പകരം താങ്കളുടെ അഭിപ്രായത്തിലെ കുട്ടി എന്നതു മുതൽ നമുക്ക് ആരംഭിക്കാം. ഒരു തർക്കമല്ലേ. ചിലതൊക്കെ എതിരാളിയുടേത് അംഗീകരിച്ചു കൊടുത്തേ മതിയാകൂ. അണ്ഡവും ബീജവും തമ്മിൽ യോജിക്കുന്ന ആദ്യകോശം മുതൽ കുട്ടി എന്ന പട്ടികയിൽ ഞാൻ അതിനെ എണ്ണാൻ തയ്യാറാണു. എന്നാൽ, അതിനു മുൻപുള്ള അവസ്ഥയെ പറ്റില്ല. ഒരു ഡോക്ടറായ താങ്കൾക്ക് പറ്റും അല്ലാത്ത എനിക്ക് പറ്റില്ല. ഞാൻ ഈ പോളീടെക്നിക്കിലൊന്നും അധികം പോയിട്ടില്ല.

അപ്പോൾ നമുക്ക് പ്രസവം നിർത്തുന്ന പ്രക്രിയ പാടില്ല, താല്കാലികമായാലും സ്ഥിരമായാലും. അതായത് എന്തൊക്കെ പാടില്ല. തെറിക്കുന്നതിനു മുൻപ് വലിച്ച് പുറത്ത് കളയുന്നത് പാടില്ല. ക്വാണ്ടം മെക്കാനിക്സ് പാടില്ല. (കോണ്ടം ഉപയോഗിച്ചുള്ള നിയന്ത്രണം) കോപ്പർട്ടി, ലൂപ് ഇതൊന്നും പാടില്ല. കെമിക്കൽ നിയന്ത്രണം (ഗുളിക, മറ്റെന്തെങ്കിലും, ചെറുനാരങ്ങപോലും) പാടില്ല. സുരക്ഷിത സമയം നോക്കൽ പാടില്ല. എല്ലാദിവസവും നിർബന്ധമായും ബന്ധപ്പെടണം. പറയാൻ പറ്റില്ല എപ്പോഴാണ്‌ അണ്ഡം നമ്മുടെ പിടിയിൽ പെടാതെ പുറത്തുപോകുക എന്ന്. സ്ഥിരനിയന്ത്രണം തീരെ പാടില്ല. കാരണം ദൈവത്തിന്റെ മുൻപിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും

ഇനി പ്ളിംഗ്സുകളുടെ ഘോഷയാത്രയാണ്‌. എങ്കിൽ, ഒരു സ്ത്രീ അണ്ഡോല്പാദനം തുടങ്ങി അവസാനിക്കുന്നവരെ നഷ്ടപ്പെടുന്ന അണ്ഡം എത്രയാവും? വിവാഹം എന്തെങ്കിലും കാരണവശാൽ നടക്കാതെപോയാൽ (തന്റെ ഗർഭപാത്രം തനിക്ക് ഇഷ്ടമുള്ളപ്പോൾ നിറയ്കാനുള്ള സ്വാതന്ത്ര്യം പെണ്ണിന്‌ ഇല്ലല്ലോ)ജീവിതകാലം മുഴുവൻ മാസത്തിൽ ഒന്നെന്നുവീതം നഷ്ടപ്പെടുന്ന കുട്ടികൾക്ക് കണക്ക് ബോധിപ്പിക്കേണ്ടിവരും. ഇനി മറ്റുചില കാരണങ്ങളാൽ കുട്ടികളുണ്ടാകാതെ പോകുന്ന അണ്ഡത്തിന്‌ ദൈവം കണക്കു പറയുമായിരിക്കും. ബ്ലിംഗ്
സ്ത്രീക്ക് മാസമുറ​‍ൂരു പതിനഞ്ചുവയസ്സിൽ തുടങ്ങുമെന്നും ഒരു അൻപതിൽ അവസാനിക്കും എന്നു കരുതിയാൽ ഏകദേശം 450 അണ്ഡങ്ങളേ അവളുടെ ജീവിത കാലത്തിൽ ഉല്പാദിപ്പിക്കാൻ പറ്റൂ. അതൊരു വലിയ സംഖ്യയലെങ്കിലും കണക്ക് കണക്കാണല്ലോ. ദൈവം ചെറുതായൊന്നു കൂടി ബ്ലിംഗി. 
പുരുഷന്റെ കാര്യമാണു കഷ്ടം. അയാൾക്ക് ബീജോല്പാദനം ഒരു പതിനാറിൽ തുടങ്ങിയാൽ ജീവിതകാലം മുഴുവനും അത് നിലനില്ക്കും. അതും ചെറിയ സംഖ്യയിൽ ഒതുങ്ങില്ല. 40 ദശലക്ഷം മുതൽ 3 കോടിവരെ ബീജം ഒരു മില്ലി ലിറ്ററിൽ കാണുമത്രെ. ഇതാവട്ടെ ഒരു തവണ 10 മിലി വരെ വരാം. ശരാശരി 5 മിലി കണക്കാക്കിയാൽ തന്നെ ഒരു ദിവസം ഒരാൾക്ക് വേണമെങ്കിൽ അഞ്ചെട്ടു തവണ ശുക്ലവിസർജ്ജനം സാധ്യമാണ്‌. അതും മരിച്ച് അഞ്ചു മിനുട്ട് കഴിയുന്നവരെ.  എങ്കിൽ ഒരു തവണ 40 മിലി ഗുണിക്കണം ബീജങ്ങളുടെ എണ്ണം കോടിക്കണക്കിനു വരും. ഒരാളോടു തന്നെ ഇതിന്റെ ഒക്കെ കണക്കുകേൾക്കുമ്പോൾ ഒരുപാടു കാലം പിടിക്കും 
ഭൂമിയിലെ ഏതാണ്ടൊക്കെ പുരുഷന്മാരും ഇല്ലാതായാലും ജനസംഖ്യ ഇന്നത്തെ നിലയിൽ ആകാൻ ഏതാനും വർഷം മതി. എന്നാൽ സ്ത്രീകൾ ഏതാണ്ടൊക്കെ ഇല്ലാതായാൽ ഇന്നത്തെ ജനസംഖ്യക്ക് കോടിക്കണക്കിനു വർഷം എടുക്കും എന്നു ചുരുക്കം
ദൈവം കാര്യമാത്രപ്രസക്തമായി ബ്ളിംഗി.

ഇമ്മാതിരി വ്യഖ്യാനങ്ങളെ നമുക്ക് ഇതിനെതിരായും വ്യഖ്യാനിക്കാം. ഉദാഹരണത്തിനു പട്ടിണി ഭയന്ന് കുട്ടികളെ കൊല്ലരുത്. മറ്റെന്തെങ്കിലും ഭയപ്പാടിൽ വേണമെങ്കിൽ കൊല്ലാം എന്നർത്ഥം. ഭയക്കാൻ പട്ടിണി മാത്രമല്ലല്ലോ, പരിസ്ഥിതി നാശം ഭയന്ന്, സ്വത്ത് പങ്കുവെച്ചുപോകുന്നത് ഭയന്ന്, നല്ലജീവിതനിലവാരം ഇല്ലാതാകും എന്ന് ഭയന്ന്, പൊതു സമൂഹത്തിന്റെ പരിഹാസം ഭയന്ന് അങ്ങനെ എന്തു ഭയം വേണമെങ്കിലും ആകാം. എന്നാൽ വിദ്യാഭ്യാസമുള്ള സാമാന്യ മുസ്ലിംഗൾ പണ്ഡിതന്മാരുടെ ഇടപെടലുകളെ പുറം കാലുകൊണ്ട് തട്ടി ആസൂത്രിച്ചു. അവർക്കറിയാം പ്രായോഗിക ജീവിതത്തിൽ നല്ലത് ആസൂത്രണമാണെന്ന്. എന്തിനു സൗദി അറേബ്യയിൽ പോലും ഇക്കാലത്ത് ആളുകൾ പഴയപോലെ മക്കളെ ഉല്പാദിപ്പിക്കുന്നില്ല. സൗദിയിലാണെങ്കിൽ സാമ്പത്തികശാസ്ത്രപ്രകാരം നോക്കിയാൽ ജനചുരുക്കമുള്ള രാജ്യവുമാണ്‌. എല്ലാവിധ താല്കാലിക ഗർഭനിരോധനമാർഗങ്ങളും ഭംഗിയായി വിറ്റുപോകുന്ന രാജ്യമാണ്‌ സൗദി. 

ഇവിടെ പണ്ഡിതന്മാർ ബ്ളിംഗ്


കഥകേടു # 2

2+2= 4
ചോദ്യം. മറ്റുരാജ്യങ്ങളിൽ പള്ളികൾ വേണമെന്ന്‌ പറയുന്ന നിങ്ങൾ  എന്തുകൊണ്ട്‌ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ മറ്റു ആരാധനാലയങ്ങൾ അനുവദിക്കുന്നില്ല?
ഉത്തരം. ഒരു സ്കൂൾ പ്രിൻസൊപ്പൽ കണക്കിന്റെ അദ്ധ്യാപകനെ നിയമിക്കുന്നതിനു മൂന്നു പേരെ ഇന്റർവ്യൂ നടത്തുന്നു. ചോദ്യം. 2+2=? ഒരാൾ 3, മറ്റേ ആൾ 4. വേറൊരാൾ അഞ്ച്‌ എന്ന്‌ ഉത്തരം പറഞ്ഞാൽ നിങ്ങൾ ആരെ നിയമിക്കും?
നാല്‌ എന്ന്‌ ഉത്തരം പറഞ്ഞ ആളെ. 
എന്തുകൊണ്ട്‌? 
നാല്‌ എന്ന ഉത്തരം ശരിയാണെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുള്ളതുകൊണ്ട്‌. 
അത്പോലെ ഞങ്ങളുടെ വിശ്വാസം ഉറച്ചതാണ്‌ എന്ന്‌.

ഇടപെടൽ: 1) ഈ അനലോഗി തന്നെ മതപരമായ രീതിയല്ല. അതനുസരിച്ച്‌ ഉത്തരം നേരത്തെ കണ്ടെത്തി അതിന്മേൽ ചോദ്യങ്ങളുന്നയിക്കുക എന്നതാണു ശരി. ഉദാഹരണം ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു. ചോദ്യം ഏതായാലും ഉത്തരം അതായിരിക്കണം. എന്നാൽ ഇവിടെ അങ്ങനെയല്ല. ഇവിടത്തെ രീതി യുക്തിവാദത്തിന്റേതാണു. ആദ്യം ചോദ്യം പിന്നെ ഉത്തരം, പിന്നെ മികച്ച ഉത്തരം. (ആവശ്യത്തിനു യുക്തിവാദം ഉപയോഗിച്ചില്ലെങ്കിൽ ഇവർ എപ്പോഴും 2+2= 5 ആയിരിക്കും. എല്ലായ്പോഴും അതു പറ്റില്ല) അങ്ങനെ എങ്കിൽ പ്രിൻസിപ്പൽ ഇങ്ങനെ ചോദിക്കണം. 6 എന്ന്‌ ഉത്തരം കിട്ടാൻ (ഉത്തരം ആദ്യം) ഏതൊക്കെ സംഖ്യകൾ തമ്മിൽ കൂട്ടണം? ഒരാൾ 3+3, രണ്ടാമൻ 4+2, മൂന്നാമൻ 5+1 പ്രിൻസിപ്പൽ പ്ളിങ്ങ്‌

2)-തങ്ങളാണ്‌ ശരി എന്ന്‌ തങ്ങൾ തന്നെ തീരുമാനിച്ചു. ആണ്ടി നല്ല വെടിക്കാരനാണ്‌, ആരു പറഞ്ഞു.  ആണ്ടി

3)- സക്കീർ നായിക്ക് ഇങ്ങനെ ഒരുവാദം ഉന്നയിക്കുന്നതോടുകൂടി അറിഞ്ഞോ അറിയാതെയോ തീവ്രവാദികൾക്ക് പിന്തുണനല്കുന്നു. ഞങ്ങളാണു ശരി, ഞങ്ങൾ മാത്രമാണു ശരി. അതിനാൽ തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുന്നതിൽ കുഴപ്പമില്ല.

കഥകേടു # 3
നിങ്ങൾ കൃസ്തുമസ്‌ ആശംസനേരാൻ പാടില്ല. എന്താ കാരണം. കൃസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടാണ്‌ കൃസ്തുമസ്‌ കൃസ്ത്യാനികൾ ആഘോഷിക്കുന്നത്‌. അതാവട്ടെ കന്യകയായ മറിയത്തിൽ ദൈവത്തിനുണ്ടായ പുത്രനാണ്‌ യേശു എന്ന്‌ സങ്കല്പ്പിക്കുന്നു. കൃസ്ത്യാനിക്ക്‌ ആശംസ നേരുമ്പോൾ നിങ്ങൾ അയാളുടെ വിശ്വാസം അംഗീകരിക്കുന്നു. അതുവഴി വിശ്വാസി മുർത്തദ്ദാകുന്നു (മതഭ്രംശം വന്നയാൾ) 

അല്ല ഡോക്ടറേ നിങ്ങൾ കൃഷ്ണദാസ്‌ എന്ന പേരുകാരനെ, യേശുദാസിനെ, കാളി ദാസനെ ഒക്കെ എങ്ങനെ പേരെടുത്തുവിളിക്കും? ഇവർക്കൊക്കെ പേരിടുമ്പോൾ അവരുടെ രക്ഷിതാക്കൾ ഇവരൊക്കെ ദൈവമാണെന്നും എന്റെ മകൻ ആ ദൈവത്തിന്റെ അടിമയാണെന്നും കരുതിയിരിക്കണം, വിശ്വസിച്ചുമിരിക്കണം. ആപേരുകൾ ചൊല്ലി വിളിക്കുമ്പോൾ താങ്കളും അത്‌ അംഗീകരിക്കുന്നു. എങ്കിൽ അല്ലാഹുവിനു പകരം മറ്റൊരു ദൈവത്തെ അംഗീകരിക്കുക വഴി നിങ്ങൾ എന്താകും, മുർത്തദ്ദ്‌, മുഷിരിക്ക്‌....?

ഇത് ഞാൻ ഫേസ് ബുക്കിൽ പേസ്റ്റിയപ്പോൾ ഒരാൾ നായിക്കിനെ പ്രതിരോധിക്കാൻ വന്നു. അയാളുടെ വാദം അനുസരിച്ച് അറിവില്ലാത്തവർ ഇങ്ങനെ ആശംസിക്കുന്നതിൽ തെറ്റില്ല. പെപ്സിയാണെന്ന് കരുതി മദ്യം കഴിച്ചുപോയാൽ തെറ്റില്ല എന്ന് നായിക്ക് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ശരിയായി ഉപയോഗിച്ചാൽ യുക്തിവാദത്തിന്റെ പ്രഹരശേഷി വളരെ വലുതാണ്‌. അതിനാൽ ഇക്കാര്യത്തിൽ പ്രതിരോധിരോധിക്കാനായി നായിക്കും കൂട്ടരും ഉയർത്തുന്ന ഏതു വാദവും അവർക്കെതിരായും ഉന്നയിക്കാം. അതായത് കൃഷ്ണൻ ദൈവമാണെന്നും അതിനാലാണു അയാൾ കുട്ടിക്ക് പേരിട്ടതെന്നും അറിഞ്ഞ് ആ പേരു വിളിച്ചാൽ താങ്കൾക്കും ഈ വാദം ബാധകമാകും

ജ്ഞാനമില്ലായ്മ തെറ്റല്ല എന്നാണെങ്കിൽ, പണ്ട് ആമസോൺ കാടുകളിൽ ആദിവാസികളെ മതം മാറ്റാനായി ചെന്നപ്രീസ്റ്റിനോട് ആദിവാസി മൂപ്പൻ ചോദിച്ച (കഥയാണെങ്കിൽ പോലും) ചോദ്യം വളരെ പ്രസക്തമാണ്‌.
“ഞങ്ങൾക്കിതൊന്നു അറിയുമായിരുന്നില്ല. ഞങ്ങൾ തെറ്റുകാരും നരകത്തിൽ പോകുന്നവരും ആകുമോ”
“നിങ്ങൾക്ക് ജ്ഞാനമില്ലെങ്കിൽ നിങ്ങൾ തെറ്റുകാരാകുന്നില്ല”
“പിന്നെ എന്തു പുണ്ണാക്കിനാ ഈ കിത്താബും പിടിച്ച് താൻ ഈ കാടു നെരങ്ങുന്നത്”?

കഥകേടു # 4
ചോദ്യം: നന്മചെയ്യുന്നവർ എല്ലാവരും സ്വർഗ്ഗത്തിൽ പോകുമോ? എങ്കിൽ മഹാത്മാഗാന്ധി, മദർ തെരേസ്സ എന്നിവർ സ്വർഗ്ഗത്തിൽ പോകുമോ?
ഉത്തരം: 10 വിഷയങ്ങളിൽ ഒൻപതെണ്ണത്തിനു ജയിക്കുകയും എ+ കിട്ടുകയും ചെയ്ത ഒരാൾ ഒരു വിഷയത്തിന് തോറ്റാൽ പ്രമോശാൻ കിട്ടുമോ? അതുപോലെ വിശ്വാസം എന്നവിഷയത്തിൽ തോറ്റാൽ നിങ്ങൾക്ക് പ്രമോഷൻ അഥവാ സ്വര്ഗ്ഗം കിട്ടില്ല
ഇടപെടൽ: ഞങ്ങളുടെ  യൂണിവേർസിറ്റിയിൽ പ്രയോജനമില്ലാത്തതും വേണ്ടാത്തതുമായ വിഷയങ്ങൾ ഒഴിവാക്കി പറ്റുന്ന വിഷയം എടുക്കാൻ സൗകര്യമുണ്ട്. അതിനാൽ 'വിശ്വാസം' എന്ന വിഷയത്തിന് പകരം ഞങ്ങൾ 'യുക്തിവാദം' സ്വീകരിച്ചു. എന്നിട്ട് എല്ലാ വിഷയത്തിനും പാസ്സായി. ഞങ്ങൾ ഉയർന്ന ക്ലാസ്സിൽ പൊയ്ക്കോട്ടേ സർ



No comments:

Post a Comment