Tuesday, December 23, 2014

ആല്ഫ്രഡ് ക്രോണറെ വെറുതെ വിടൂ


ഖുർആനിലെ ശാസ്ത്രീയതയ്ക്ക് ആധികാരികത നല്കുന്നതിനു നോബൽ സമ്മാനം ലഭിച്ച വലിയ വലിയ ശാസ്ത്രജ്ഞന്മാരുടെ സാക്ഷ്യം എന്നൊരു പരിപാടി ഈ അടുത്തകാലത്ത് സാധാരണ കാണാറുള്ള ഒന്നാണു. ദൈവവചനമാണെങ്കിലും വെള്ളക്കാരൻ പറഞ്ഞാലേ നമ്മുടെ വിശ്വാസത്തിനു ഒരു ശക്തിയുണ്ടാകൂ. മന്ദബുദ്ധിയായാലും നമ്പൂതിരിയല്ലേ എന്ന ചേലു. ഇക്കൂട്ടത്തിൽ ഡോക്ടർ കോസായ് ഉണ്ട്, ഡോക്റ്റർ. ആല്ഫ്രെഡ് ക്രോനർ ഉണ്ട്. അങ്ങനെ പലരും ഉണ്ട്.
ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ ക്ഷണിതാവായി വരുന്ന അഥിതികൾ സാധാരണ ആഥിതേയന്റെ ചില ആചാരങ്ങളെ വിശ്വാസങ്ങളെ ഒന്നും മുറിവേല്പ്പിക്കുന്നവിധം പെരുമാറാറില്ല. സാമാന്യ മര്യാദയാണത്. നമുക്ക് വിരുദ്ധാഭിപ്രായമുള്ള ഒരു വേദിയിൽ ക്ഷണിക്കപ്പെട്ടാൽ കഴിയുന്നതും സംഘാടകരുമായി നമുക്ക് യോജിപ്പുള്ള വിഷയങ്ങളാവും അധികപേരും ചർച്ചചെയ്യുക. കഴിയുന്നതും ഒരു തർക്കത്തിലേക്ക് പോകില്ല. പറ്റുമെങ്കിൽ പോകാതിരിക്കാം, അത് മര്യാദ
സൗദി അറേബ്യയിൽ അറബിഭാഷയുടെ പുറത്തുള്ള കുറേ ശാസ്ത്രജ്ഞന്മാരെ ക്ഷണിക്കുകയും അവരോട് ഖുർആനിലെ ചില വരികൾ ചില ആളുകൾ വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയും ചെയ്തപ്പോൾ മേല്പറഞ്ഞ സാമാന്യ മര്യാദയുടെ പേരിൽ പലരും അതെ അതിശയമായിരിക്കുന്നു എന്ന് പറഞ്ഞു കാണണം. ചിലർക്കൊക്കെ സാമ്പത്തികമോ മറ്റെന്തെങ്കിലുമോ ആയ താല്പര്യങ്ങളും കാണണം.
ഒരുശാസ്ത്രജ്ഞന്റെ അഭിപ്രായം അല്ല ശാസ്ത്രം എന്നത്. അത് തെളിവുകളുടെ അടിസ്ഥാനത്തിൽ നിരന്തരം ആവർത്തിച്ച് ബോധ്യപ്പെടേണ്ടതാണു. ഞാനെന്തു പറയുന്നു എന്ന് നോക്കിയല്ല ഭൂമി അതിന്റെ പണി എടുക്കുന്നത് എന്ന ഗലീലിയോയുടെ പ്രസിദ്ധ വചനം ശാസ്തത്തിനും യോജിക്കും.
മറ്റൊരൂദാഹരണം നോക്കാം. നാം ചൈനയിൽ പോകുന്നു എന്ന് വെയ്ക്കുക. നമുക്ക് ചൈനീസ് ഭാഷ അറിയില്ല. അവിടെ ഒരാൾ ആയിരം കൊല്ലം പഴക്കമുള്ള ഏതെങ്കിലും ഗ്രന്ഥമെടുത്ത് ഒരു വാചകം വായിച്ച് താങ്കൾ ഇന്ത്യയിൽ ജനിക്കുമെന്നും ചൈന സന്ദർശിക്കുമെന്നും അതല്ലെങ്കിൽ കമ്പ്യൂട്ടറിനെ പറ്റി ഈ ഗ്രന്ഥത്തിലുണ്ടെന്നും ഒക്കെ പറഞ്ഞാൽ, ആദ്യ പ്രതികരണം എന്ന നിലയ്ക്ക് ‘അതിശയമായിരിക്കുന്നല്ലോ’ എന്ന് പറഞ്ഞേക്കാം. അത്രേ ഉള്ളൂ എല്ലാ സാക്ഷ്യങ്ങളും. എന്നാലും സംശയ ജീവി എന്ന നിലയ്ക്ക് ഇവരൊക്കെ ഇങ്ങനെ പറഞ്ഞു കാണുമോ എന്ന് നമുക്ക് സംശയമുണ്ടാകുന്നത് സ്വാഭാവികം. പിന്നെ തിരച്ചിലായി. ഇത് ഇന്റർനെറ്റിന്റെ കാലമല്ലെ. എന്തും ആധികാരികമായി അന്വേഷിക്കാം ഒറിജിനൽ സോഴ്സിൽ നിന്ന് തന്നെ. യൂറോപ്യൻ ശാസ്ത്ര്ജ്ഞരധികവും ഏതാളുടെ ഏതു ചോദ്യത്തിനും മറുപടി നല്കും എത്ര തെരക്കുള്ളവരായാലും. നമ്മുടെ ടി സംശയത്തിനു മേല്പറഞ്ഞ പലരേയും പരതി, കിട്ടിയില്ല. എന്നാൽ ഒരാളെ കിട്ടി
ആല്ഫ്രഡ് ക്രോണർ, ജർമ്മൻ കാരനാണു, പ്രീ കാംബ്രിയൻ ഭൗമ ശാസ്ത്രത്തിലാണു സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചൈനയിലെ ക്സിയാങ്ങ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
ഇദ്ദേഹം 1979 ലാണു സൗദിയിലെ യൂണിവേർസിറ്റി സന്ദർശിക്കുന്നത്. ചില ആളുകൾ അദ്ദേഹത്തെ വന്നുകണ്ടു. ചിലതൊക്കെ പറഞ്ഞു. മുസ്ലിംഗൾ ഇത് ആധികാരിക അഭിപ്രായമായി പ്രകടിപ്പിക്കുന്നു എന്ന് അറിഞ്ഞ അന്നുമുതൽ (മാത്രമല്ല ക്രോണർ മുസ്ലിമായി എന്നും പ്രചരിപ്പിക്കാറുണ്ട്) ഈ സാധു ശ്രമിച്ചു കൊണ്ടിരിക്കയാണു പല മാർഗ്ഗത്തിലൂടെയും താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താൻ. എന്നാൽ ഇന്നും ആളുകൾ അത് ഉപയോഗിക്കുന്നു.
അങ്ങനെ ഞാൻ ക്രോണർക്ക് ഒരു കത്തെഴുതി. മറുപടി ഇതോടൊപ്പം പോസ്റ്റുന്നു. അതു വായിച്ചാൽ അറിയാം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇവ്വിഷയത്തിലുള്ള നിലപാടുകൾ. ഇതൊന്നും പോസ്റ്റ് ആക്കണ്ട എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. വിശദമായി ഇത് പോസ്റ്റണമെന്ന് നാസർ കുന്നുമ്പുറത്തിന്റെ സ്നേഹനിർബന്ധം കൂടിയായപ്പോൾ സ്ഥായിയായ മടിയെ ഒന്നു കുടയാമെന്നു തോന്നി (കൂടാതെ ക്രോണർ ഇവ്വിഷയങ്ങൾ നിഷേധിച്ചുകൊണ്ടുള്ള സൈറ്റും യൂ റ്റ്യൂബിൽ ഇന്റർവ്യൂകളും ഒക്കെ പോസ്റ്റു ചെയ്തിട്ടുണ്ട്. ഒന്ന് സെർച്ച് ചെയ്താൽ കിട്ടും) ആശംസകളോടെ

No comments:

Post a Comment