Sunday, July 8, 2012

ദൈവികാസ്ഥിത്വത്തിന്‌ ശാസ്ത്രീയമായ തെളിവുണ്ടോ


ദൈവികാസ്ഥിത്വത്തിന്‌ ശാസ്ത്രീയമായ തെളിവുണ്ടോ എന്ന്‌ അന്വേഷിക്കുന്ന ഒരു ലേഖനം കാണുവാനിടയായി സ്നേഹസംവാദം മാസിക ജൂൺ ലക്കത്തിൽ, ഒരു പ്രൊഫസ്സർ അബ്ദുള്ളയുടേതായി, “വിശ്വാസം ഒരു ശാസ്ത്രീയപഗ്രഥനം”. ശാസ്ത്രകുതുകി എന്ന നിലയിൽ ശാസ്ത്രാപഗ്രഥനം നടത്തുന്നത്‌ അശാസ്ത്രീയരീതിയിലാണെങ്കിലും ഒന്നു കണ്ണോടിച്ചു പോകും. അബ്ദുള്ള ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളായ 8 കാര്യങ്ങൾ അപഗ്രഥന വിധേയമാക്കി ഇതൊക്കെ ദൈവം പോലൊരു അതീത ശക്തിയുടെ മേലുള്ള വിശ്വാസത്തെ ദൃഡമാക്കാനാണ്‌ സഹായിക്കുക എന്ന്‌ പറയുന്നു. നല്ലത്‌. എന്നാൽ അപഗ്രഥിക്കപ്പെടുന്നത്‌ ശാസ്ത്രമാവുമ്പോൾ അതിന്‌ ഉപയോഗിക്കുന്ന രീതിയും ശാസ്ത്രീയമാവണ്ടേ?

1) ഊർജ്ജ സംരക്ഷണനിയമം ((Law of conservation of energy)
ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന്‌ വിശ്വസിക്കാമെങ്കിൽ അതേപോലെ ഒരു ദൈവം ഉണ്ട്‌ എന്ന്‌ എന്തുകൊണ്ട്‌ വിശ്വസിച്ചുകൂട?
ഊർജ്ജവും വസ്തുക്കളും ഉണ്ടാക്കാനോ നശിപ്പിക്കാനോ പറ്റുകയില്ല എന്ന സങ്കല്പ്പം അബ്ദുള്ള ചോദ്യം ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ഇക്കാണുന്ന ഊർജ്ജവസ്തുക്കളെ ഉത്പാദിപ്പിക്കുക എന്ന പണി നിർവഹിക്കുന്ന ദൈവത്തിന്റെ ആവശ്യകതയെന്താണ്‌? ഇനി അതൊന്നും ദൈവത്തിന്റെ പണിയല്ല എന്നാണ്‌ വാദമെങ്കിൽ പഴയ സങ്കല്പ്പങ്ങളെ ഉടച്ചു വാർക്കൂ. രസം അതല്ല “നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ഊർജ്ജം” എന്ന്‌ മുകളിൽ സൂചിപ്പിച്ച അബ്ദുള്ള അടിയിൽ “എങ്കിൽ പിന്നെ ഈ ഊർജ്ജത്തിന്‌ ജന്മം നല്കാൻ കെല്പൂള്ള ഒരു ശക്തിയുടെ ആസ്തിക്യവും ഇത്ര തന്നെ എളുപ്പമല്ലേ എന്ന്‌ ചോദിക്കുന്നു. എന്തൊരു വൈരുദ്ധ്യം! അശാസ്ത്രീയത !

2)- മഹാവിസ്ഫൊടന സിദ്ധാന്തം (big bang theory)
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള ഊഹമാണിതെന്ന്‌ അബ്ദുള്ള പറയുന്നു. ഭൗതികശാസ്ത്രത്തിലെ പുതിയ മുന്നേറ്റങ്ങൾ അദ്ദേഹത്തിന്‌ വലിയ പരിചയമില്ലെന്ന്‌ തോന്നുന്നു. ഇത്രയും ശക്തമായ ഒരു വിസ്ഫോടനമുണ്ടാകണമെങ്കിൽ അതിനൊരു ശക്തിവേണ്ടേ? അത്‌ ഈശ്വരനാണെന്ന്‌ സങ്കല്പ്പിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?
ധാരാളം ചോദ്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്‌ ഇവിടെ. ഒരു ആറ്റംബോംബിന്റെ സ്പോടനവും ഈ പ്രപഞ്ചനിർമ്മിതിക്കാവശ്യമായ മഹാവിസ്ഫോടനവും ഒരേപോലെ പരിഗണിക്കുന്നു പ്രഫസ്സർ ഇവിടെ. ഇത്‌ അദ്ദേഹത്തിന്‌ സാമാന്യ ബുദ്ധിക്കപ്പുറം ചിന്തിക്കാനുള്ള കഴിവില്ലായ്മയാണ്‌ കാണിക്കുന്നത്‌. ഊർജ്ജതന്ത്രം ഇഴപിരിച്ചെടുക്കുന്ന ഒരു ശക്തിയാണ്‌ അല്ലാഹു എന്ന്‌ പറയുക വഴി അദ്ദേഹം അറിയാതെ ഇസ്ലാമിൽ നിന്ന്‌ പുറത്തായി. കാരണം, അല്ലാഹു എന്ന ശക്തിക്ക് കുർആൻ കല്പ്പിക്കുന്ന നിബന്ധനകൾ ബിഗ്‌ ബാംഗ്‌ ഉണ്ടാക്കുന്ന ക്വാണ്ടം തലത്തിലെ ഗുരുത്വശക്തിയുമായി അല്ലെങ്കിൽ മറ്റേതെങ്കിലും ശക്തിയുമായി പൊരുത്തമുള്ളതല്ല. അത്‌ പ്രാർഥനകൾ ആഗ്രഹിക്കുന്നില്ല, ഇബാദത്തില്ലാതെ നിലനില്ക്കും, അത്‌ നരകവും സ്വർഗവും ഉത്പാദിപ്പിക്കുന്നില്ല, അത്‌ പ്രവാചക്ന്മാരെ ഇറക്കുന്നില്ല, അത്‌ ഗ്രന്ഥം വഴി മനുഷ്യനെ നന്നാക്കാൻ ശ്രമിക്കുന്നില്ല. ഇങ്ങനെയുള്ള ഏതെങ്കിലും ഒരു ശക്തി മതിയോ ഒരു മുസ്ലിമിന്‌?. ബിഗ്‌ ബാംഗിന്‌ മുൻപ്‌ സ്ഥലകാലങ്ങളും വസ്തുക്കളും അസാധ്യമാണെന്നും അതിനാൽ ദൈവം എവിടെ നിലനില്ക്കും എന്നൊന്നും പ്രഫസ്സർ ചിന്തിക്കുന്നേയില്ല.

3)- ആപേക്ഷികതാ സിദ്ധാന്തം (Theory of Relativity)
ഈ സിദ്ധാന്തം അനുസരിച്ച് സാറ്‌ മരണാനന്തരം എങ്ങനെയാണെന്ന് തെളിയിക്കുന്നത് കാണൂ.
”ദ്രവ്യത്തെ ഊർജ്ജമായും ഊർജ്ജത്തെ ദ്രവ്യമായും മാറ്റാൻ കഴിയും എന്നല്ലാതെ നശിപ്പിക്കാൻ കഴിയില്ല. ഈ സിദ്ധാന്തം അനുസരിച്ച്‌ ശരീരം നശിച്ചാലും ഊർജ്ജം നശിക്കുന്നില്ല. ജഡരഹിതമായ ഊർജ്ജത്തിന്റെ ഈ അസ്തിത്വമായെങ്കിലും ആത്മാവിനെ അംഗീകരിച്ചുകൂടെ“ ”ജഡരഹിതമായ ഊർജ്ജം“ എനിക്ക് മനസ്സിലായില്ല. ദ്രവ്യത്തിൽ നിന്നും വിട്ടു നില്ക്കുന്ന ഊർജ്ജമായിരിക്കും ഉദ്ദേശിക്കുന്നത്. ഇതേഖണ്ഠികയിൽ ഊർജ്ജവും ആത്മാവും രണ്ടാണെന്ന് പ്രഫസർ ചൂണ്ടിക്കാണിക്കുന്നു, ഉദാഹരണ സഹിതം. ‘ഏറ്റവുമൊടുവിൽ ശാസ്ത്രം എത്തിച്ചേർന്നിട്ടുള്ള ചില നിഗമനങ്ങൾ അനുസരിച്ച് മരണം സംഭവിച്ച് ഏതാനും മണിക്കൂറുകൾക്കകം ചില അവയവങ്ങൾ പറിച്ചു നട്ടാൽ പ്രവർത്തനക്ഷമമായിരിക്കുമത്രെ.” (’അത്രെ‘ എന്ന പ്രയോഗം മാഷ്ക്ക് ഇക്കാര്യം അത്ര ഉറപ്പില്ല എന്ന് സൂചിക്കുന്നു. നമ്മുടെ നാടൻ ക്ളിനിക്കുകൾ പോലും മരണാനന്തരം അവയവങ്ങൾ എടുത്ത് ജീവനുള്ളയാൾക് വെച്ചു പിടിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മാഷ് ഈ നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്.) അത് കൊണ്ട് ജീവനും ആത്മാവും രണ്ടാണെന്നാണത്രെ ഇത് കാണിക്കുന്നത്. ഊർജ്ജമല്ല ആത്മാവെങ്കിൽ അത് പിന്നെ എന്താണ്‌? ഊർജ്ജത്തെ ദ്രവ്യമാക്കി  മാറ്റാമെന്നതിനാൽ പരലോകത്ത് ഈ ഊർജ്ജത്തെ ദ്രവ്യമാക്കും എന്ന് മനസ്സിലാക്കമത്രെ. അപ്പൊൾ ഊർജ്ജമാണോ ആത്മാവ്? എങ്കിൽ ജീവൻ എന്താണ്‌? കാർബോ ഹൈഡ്രേറ്റ് ഓക്സിജനിൽ കത്തിച്ച് ആ ഊർജ്ജം കൊണ്ട് ചലിക്കുന്ന ഒരു യാന്ത്രിക സെറ്റപ്പാണ്‌ ശരീരം, എല്ലായന്ത്രങ്ങളേയും പോലെ, യന്ത്രങ്ങളിൽനിന്നും അതിനെ ഭിന്നമാക്കുന്ന മറ്റു ഘടകങ്ങളെ ഒഴിച്ചു നിർത്തിയാൽ.

പരലോകം
ആന്റീ പാർട്ടിക്ക്ൾ അഥവാ പ്രതികണം, അത് അടങ്ങിയിരിക്കുന്ന ഒരുലോകം ഇതൊക്കെ ശാസ്ത്രീയമായ ഒരു സങ്കല്പം മാത്രമാണിപ്പോൾ. ഉണ്ടായിരിക്കാം. എന്നാൽ അതാണ്‌ പരലോകം എന്ന് സമർഥിക്കാൻ കുറഞ്ഞ തൊലിക്കട്ടി പോര. നിങ്ങൾ ശാസ്ത്രമാണ്‌ വിഷയമാക്കുന്നതെങ്കിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ടിവരും. അതും ശാസ്ത്രീയമായി. എന്താണ്  ആന്റീ പാര്‍ടിക്ക് ള്‍ ലോകം എന്ന്‍ പ്രഫസ്സര്‍ ഗൌരവമായി ചിന്തിച്ചിട്ടുണ്ടോ ആവോ. അങ്ങനെ പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു വിഡ്ഡിത്തം പറയുമായിരുന്നില്ല പ്രഫസ്സര്‍ . 

കണതരംഗ തത്വം
ഈ തത്വം അംഗീകരിച്ചാൽ മനസ്സ് തരംഗമെന്നും ശരീരം കണമെന്നും കാണാൻ കഴിയുമത്രെ! “പദാർഥത്തെ തരംഗങ്ങളാക്കാൻ കഴിയുകയും അങ്ങനെയത് 'ശരീര രഹിത്' ഊർജ്ജവുമായി മാറുന്നുവെങ്കിൽ 'ശരീരരഹിത' ധിഷണയുടെ അസ്ഥിത്വത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നല്ലേ വരുന്നത്?” ഇതാണത്രെ ആദിയും അന്ത്യവും ഇല്ലാത്ത അതുല്ല്യ ശക്തിയായ സർവേശ്വരൻ. മാഷിന്റെ ഭാവന അതിശയകരമാണ്‌. പ്രഫസ്സർ തെറ്റിദ്ധരിക്കുമ്പോലെ ശരീരത്തിലെ തരംഗ സ്വഭാവമുള്ള ഊർജ്ജമൊന്നുമല്ല മനസ്സ്. മനസ്സിന് ഒരു പക്ഷെ തരംഗ സ്വഭാവമാവാം.  അത് മസ്തിഷ്കം എന്ന സംകീർണ്ണമായ ഒരു അവയവത്തിന്റെ പ്രവർത്തനമാണ്‌. ശരീരം ഉണ്ടായാൽ മനസ്സുണ്ടാവില്ല. മസ്തിഷ്കമരണം സംഭവിച്ച് പത്തും അൻപതും കൊല്ലം ജീവിക്കുന്ന ശരീരങ്ങളുണ്ട് ഇന്നും ലോകത്തിൽ. ഇവർക്കൊന്നും മനസ്സ് പ്രവർത്തിക്കുന്നില്ല. സരീരത്തിലെ പ്രധാന അവയവങ്ങളൊക്കെ യന്ത്രങ്ങള്‍ കൊണ്ട്ട് പ്രവര്‍ത്തിച്ച് (ഫലത്തില്‍ ശരീരം ഇല്ലാതെ)) മനസ്സിനെ നിലനിര്‍ത്തുകയുമാവാം. 

സി. കെ ബാബുവിന്റെ മനുഷ്യ ചരിതങ്ങള്‍ എന്നാ ബ്ലോഗില്‍ നിന്നും കുറച്ച ഭാഗം എടുത്ത് ചേര്‍ക്കുന്നു


"തെർമോഡൈനാമിക്സിലെ ഒന്നാം നിയമം എന്നറിയപ്പെടുന്ന The law of conservation of energy അനുസരിച്ചു് പ്രപഞ്ചത്തിലെ ആകെമൊത്തം എനർജ്ജി സ്ഥിരമായ ഒരു മൂല്യമാണു്. രൂപമാറ്റം സംഭവി(പ്പി)ക്കാമെന്നല്ലാതെ, എനർജിയെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. പൊട്ടൻഷ്യൽ, കൈനെറ്റിക്‌, കെമിക്കൽ, തെർമ്മൽ, എലക്ട്രിക്കൽ, ന്യൂക്ലിയർ മുതലായ വ്യത്യസ്ത രൂപങ്ങളിൽ എനർജി പ്രപഞ്ചത്തിൽ കാണപ്പെടുന്നു. ഐൻസ്റ്റൈന്റെ ഊർജ്ജസമവാക്യമായ E=mc^2 പ്രകാരം വസ്തുക്കളുടെ പിണ്ഡവും (mass) എനർജിയുടെ മറ്റൊരു രൂപമായതിനാൽ, പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യത്തിന്റെയും പിണ്ഡത്തെ എനർജി ആയി പരിഗണിക്കുന്നതിൽ തെറ്റില്ല. അതിൽ നിന്നും എനർജി എന്ന പ്രതിഭാസത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പ്രപഞ്ചനിർവചനം സാദ്ധ്യമല്ല എന്നു് വ്യക്തമാവുന്നു. ശൂന്യത (empty space, vacuum) എന്നതു് 'ഒന്നും ഇല്ലായ്മ' അല്ല. അവിടെ vacuum fluctuations എന്നറിയപ്പെടുന്ന എലക്ട്രോമാഗ്നെറ്റിക്‌ ഫീൽഡിന്റെ നിരന്തരമായ ആന്ദോളനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടു്. Quantum field theory-യുടെ ഒരു പരിണതഫലമായ ഈ ചലനങ്ങളും quantum jitters തന്നെ. ശൂന്യതയിൽ നിന്നും ഒഴിവാക്കാനോ, ലഘൂകരിക്കാനോ കഴിയാത്ത ഈ ക്വാണ്ടം ഫ്ലക്ചുവേഷൻസ്‌ വളരെ തീവ്രമാണെങ്കിലും, ശൂന്യതയുടെ എനർജി മറ്റിനങ്ങളേക്കാൾ പരിമിതമായതിനാൽ നമ്മുടെ ശരീരത്തിനു് അതു് അനുഭവവേദ്യമാവുകയില്ല. ക്വാണ്ടം ജിറ്റേഴ്സിൽ നിന്നും വ്യത്യസ്തമായതും മനുഷ്യനു് അനുഭവവേദ്യവുമായ ഒന്നാണു് തെർമൽ ജിറ്റേഴ്സ്‌. (ക്വാണ്ടം ഫീൽഡ്‌ തിയറിയുടെ ഗണിതശാസ്ത്രം ഉപയോഗിച്ചാണു് ബ്ലാക്ക്‌ ഹോൾ മൂലം വാക്യും ഫ്ലക്ചുവേഷൻസിനു് സംഭവിക്കുന്ന ഡിസ്റ്റർബൻസ്‌ 'ഹോക്കിങ്ങ്‌ റേഡിയേഷനു്' കാരണമാവുന്നു എന്ന കണ്ടെത്തൽ സ്റ്റീവൻ ഹോക്കിങ്ങ്‌ നടത്തിയതു്. പക്ഷേ, അതു് മറ്റൊരു വിഷയം.) 

എങ്കിലും, പ്രപഞ്ചം എങ്ങനെ ശൂന്യതയിൽ നിന്നും രൂപമെടുക്കുന്നു എന്നറിയാൻ സ്റ്റീവൻ ഹോക്കിംഗിന്റെ അഭിപ്രായം നമുക്കു് ആവശ്യമുണ്ടു്. The Grand Design-ൽ അദ്ദേഹം പറയുന്നതിലെ പ്രസക്തമായ കാര്യങ്ങൾ എളുപ്പത്തിനുവേണ്ടി ഒരു സ്വതന്ത്ര തർജ്ജമയായി ഞാൻ ഇവിടെ കൊടുക്കുന്നു: ജെനറൽ റിലേറ്റിവിറ്റിയിൽ സ്ഥലവും സമയവും തമ്മിൽ സംയോജിപ്പിക്കപ്പെട്ടെങ്കിലും (space-time continuum), പ്രപഞ്ചത്തിന്റെ ആരംഭം, അവസാനം മുതലായ കാര്യങ്ങളിലെ അവയുടെ സംയോജനത്തിനു് അതു് പര്യാപ്തമായിരുന്നില്ല. പക്ഷേ, ജെനറൽ റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയും ബാധകമാവുന്ന വലിപ്പം മാത്രമുണ്ടായിരുന്ന ആദ്യകാലപ്രപഞ്ചത്തിന്റെ വക്രതയിൽ സമയം സ്പെയ്സിന്റെ മറ്റൊരു ഡിമെൻഷൻ ആയാലെന്നപോലെ പെരുമാറും. നാലു് ഡൈമെൻഷനുകളും സ്പെയ്സിന്റേതാകുമ്പോൾ, സമയത്തിന്റെ ആരംഭം എന്ന പ്രശ്നവും പ്രപഞ്ചാരംഭത്തിനു് മുൻപു് എന്തായിരുന്നു എന്ന ചോദ്യവും അസംബന്ധമായി മാറുന്നു. സ്പെയ്സ്‌-ടൈമിനു് അതിർത്തി ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നിടത്തു് (no-boundary condition) തെക്കേ ധ്രുവത്തിനും തെക്കു് എന്തു് എന്ന ചോദ്യം അർത്ഥശൂന്യമാവുന്നപോലെ. സ്വാഭാവികമായും ഇതു് ഉയർന്ന ഗണിതശാസ്ത്രം ആവശ്യമായ ഒരു തിയറിയാണു്. 

ഒരു വസ്തുവിനെ നിർമ്മിക്കാൻ എനർജി ആവശ്യമാണെന്നതു് ഒരു പ്രപഞ്ചനിയമമാണു്. അതുകൊണ്ടുതന്നെ, ശൂന്യതയിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിന്റെ എനർജി പോസിറ്റീവ്‌ ആയിരിക്കണം. വസ്തുക്കളുടെ എനർജി നെഗറ്റീവ്‌ ആയിരുന്നെങ്കിൽ ശൂന്യസ്ഥലത്തെ അസ്ഥിരമാക്കിക്കൊണ്ടു് അവയ്ക്കു് യഥേഷ്ടം എവിടെ, എപ്പോൾ വേണമെങ്കിലും രൂപമെടുക്കാൻ തടസ്സമൊന്നുമില്ലായിരുന്നു. അതിനു് ചലനം വഴിയുള്ള അവയുടെ പോസിറ്റീവ്‌ എനർജി ധാരാളം മതിയായേനെ. പക്ഷേ, നമ്മൾ മുകളിൽ കണ്ടതുപോലെ, പ്രപഞ്ചത്തിലെ മൊത്തം എനർജി സ്ഥിരമായതിനാൽ, പോസിറ്റീവ്‌ എനർജി വഴി വസ്തുക്കൾ രൂപമെടുക്കുമ്പോൾ ശൂന്യസ്ഥലത്തിന്റെ അസ്ഥിരത എന്ന പ്രശ്നം ഉദിക്കുന്നില്ല. കൂടാതെ, ശൂന്യസ്ഥലത്തിന്റെ എനർജി എന്നതു് സ്പെയ്സ്‌, ടൈം എന്നിവ അനുസരിച്ചു് മാറ്റമൊന്നും സംഭവിക്കാത്ത സ്ഥിരമായ ഒരു മൂല്യമാണു്. പ്രപഞ്ചത്തിലെ ആകെ എനർജി പൂജ്യമായിരുന്നെങ്കിൽ, വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതിനു് ആവശ്യമായ പോസിറ്റീവ്‌ എനർജി ലഭ്യമാവാൻ വഴിയൊന്നുമുണ്ടാവുമായിരുന്നില്ല. അതുപോലെ, ഒരു ആകർഷണശക്തിയായ ഗ്രാവിറ്റിയുടെ എനർജി നെഗറ്റീവ്‌ ആണു്. കാരണം, ആകർഷണശക്തിയാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു വ്യവസ്ഥയെ (സൂര്യൻ, ഭൂമി, ചന്ദ്രൻ...) തമ്മിൽ വേർപെടുത്താൻ ജോലി (work) ചെയ്യേണ്ടതുണ്ടു്. (ട്രാൻസ്ഫർ ചെയ്യപ്പെടുന്ന എനർജി ആണു് ഫിസിക്സിലെ 'വർക്ക്‌'.) ഈ നെഗറ്റീവ്‌ എനർജിക്കു് ദ്രവ്യം സൃഷ്ടിക്കപ്പെടുന്നതിനു് ആവശ്യമായ പോസിറ്റീവ്‌ എനർജിയെ ബാലൻസ്‌ ചെയ്യാനാവും. പക്ഷേ, ഉദാഹരണത്തിനു്, ഭൂമിയുടെ നെഗറ്റീവ്‌ ഗ്രാവിറ്റേഷണൽ എനർജിയുടെ എത്രയോ കോടി മടങ്ങു് കൂടുതലാണു് ഭൂമിയുടെ സൃഷ്ടിക്കു് ആവശ്യമായ ദ്രവ്യകണങ്ങളുടെ പോസിറ്റീവ്‌ എനർജി. ഒരു നക്ഷത്രത്തിന്റെ ഗ്രാവിറ്റേഷണൽ എനർജി ഭൂമിയുടേതിനേക്കാൾ വളരെ കൂടിയതാവാമെങ്കിലും, അതിനു് ആ നക്ഷത്രത്തിന്റെ രൂപമെടുക്കലിനു് ആവശ്യമായ ദ്രവ്യത്തിന്റെ പോസിറ്റീവ്‌ എനർജിയെക്കാൾ കൂടുതലാവാൻ കഴിയില്ല. കാരണം, അതിനു് മുൻപു് ആ നക്ഷത്രം ഒരു ബ്ലാക്ക്‌ ഹോൾ ആയി മാറിയിരിക്കും. ബ്ലാക്ക്‌ ഹോളുകളുടെ എനർജി പോസിറ്റീവ്‌ ആണു്. അതുകൊണ്ടു്, നക്ഷത്രങ്ങളും ബ്ലാക്ക്‌ ഹോളുകളും പോലുള്ള വസ്തുക്കൾക്കു് - അവ 'പ്രാദേശികം' ആയതിനാൽ - ശൂന്യതയിൽ നിന്നും രൂപമെടുക്കാൻ ആവുകയില്ല. പക്ഷേ, മുഴുവൻ പ്രപഞ്ചത്തിന്റേയും മാനദണ്ഡത്തിൽ നോക്കുമ്പോൾ, ഗ്രാവിറ്റിയുടെയും ദ്രവ്യത്തിന്റെയും വിപരീത എനർജികൾ തമ്മിൽ ബാലൻസ്‌ ചെയ്യപ്പെടുമെന്നതിനാൽ, പ്രപഞ്ചങ്ങളുടെ രൂപമെടുക്കലിനു് - അവ 'പ്രാപഞ്ചികം' ആയതിനാൽ - തടസ്സമൊന്നുമില്ലതാനും. ഗ്രാവിറ്റിയെന്ന നിയമം സൃഷ്ടിയിലെ ഈ 'ഇരട്ടത്താപ്പു്' സാദ്ധ്യമാക്കുന്നു. ഈ രണ്ടു് പ്രതിഭാസങ്ങൾക്കും ദൈവത്തിന്റെയോ, പ്രകൃത്യതീതമായ മറ്റേതെങ്കിലും ഒരു ബാഹ്യശക്തിയുടെയോ ആവശ്യമില്ല. (എട്ടുകാലി മമ്മൂഞ്ഞുകൾ എനർജിയെപ്പിടിച്ചു് ദൈവം ആക്കാനുള്ള സാദ്ധ്യത ഞാൻ കാണുന്നുണ്ടെങ്കിലും! ഏതെങ്കിലും ഒരു ദൈവം ഇല്ലാതെ ഞമ്മക്കു് പറ്റൂല്ല, പറ്റൂല്ല.) ഹോക്കിംഗിന്റെ അഭിപ്രായത്തിൽ, ഒരു സ്യൂപ്പർസിമട്രിക്‌ തിയറി ആയ M-theoryഫൈനൈറ്റ്‌ ആണെന്നു് തെളിയിക്കപ്പെട്ടാൽ, അതു് മാത്രമാണു് സ്വയം സൃഷ്ടിക്കുന്ന പ്രപഞ്ചത്തെ മുഴുവനായും വിശദീകരിക്കാൻ പ്രാപ്തിയുള്ള ഒരേയൊരു സമ്പൂർണ്ണ തിയറി. 


തുടരും


3 comments:

  1. ”ജഡരഹിതമായ ഊർജ്ജം“ എന്ന പ്രയോഗം ഈ പ്രൊഫസ്സർ തന്നെയാവുമോ ‘ല്ല ബ്ളോഗ്’ എഴുതുന്ന പെണ്ണുങ്ങൾ എന്ന് എന്നിലൊരു സംശയമുണ്ടാക്കി

    ReplyDelete
  2. ഇതിൽ ഇനി വലിയ ചർച്ചക്കൊന്നും കോപ്പില്ല. ആ ചർച്ചകൾ എന്റെ ബ്ളോഗിൽ ഒരു പോസ്റ്റായി ഇട്ടത് കാണുക (ഞാനും വിശ്വാസികളും തമ്മിൽ...)

    ReplyDelete