Tuesday, January 17, 2012

സാംസ്കാരിക അധിനി‘വേഷം’



സ്വാതന്ത്ര്യം ചർച്ചയിൽ വരുമ്പോൾ സ്ത്രീസ്വാതന്ത്ര്യം വേറൊരുവിഷയമായി വരും. സ്ത്രീ സ്വാതന്ത്ര്യം ചർച്ചയിൽ വരുമ്പോൾ ഉടുപ്പും നടപ്പും വെറെ വരും. പെണ്ണുടുപ്പുകൾ ചർച്ചയ്ക്ക് വരുമ്പോൾ അത് വസ്ത്രമുപേക്ഷിക്കലിന്റെ, അല്പവസ്ത്രധാരണത്തിന്റെ മാത്രം ചർച്ചയായിവരും. സധാരണ  വസ്ത്രധാരണത്തെ മാന്യതയുടെ കുപ്പായമണിയിച്ച് ആദ്യം അല്പവസ്ത്രധാരണമായും പിന്നെ വിവസ്ത്രമായും വ്യാഖ്യാനിച്ച് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലും. വസ്ത്രമുപേക്ഷിക്കലല്ല മറിച്ച് ശരീരത്തിൽ അശ്ലീലതയുടെ അതിർ നിർണ്ണയമാണ്‌ സത്യത്തിൽ തർക്കമായിട്ടുള്ളത്. എന്നാൽ, സ്വാതന്ത്ര്യത്തിൽ, ഉടുപ്പിൽ, നടപ്പിൽ എല്ലാം സ്ത്രീ പുരുഷന്മാരെ തുല്ല്യമായി ചർച്ചചെയ്യപ്പെടുന്ന, ഉപേക്ഷിക്കലും സ്വീകരിക്കലും സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന ഈ ‘സ്വാതന്ത്ര്യം’ കാലികമായി രൂപപ്പെടുന്നതാവണമെന്നും യുക്തിഭദ്രമാവണമെന്നും കരുതുന്ന ഒരാളും സ്വാതന്ത്ര്യം ഞങ്ങളുടെ ദൈവദത്തമാണെന്നും അതിൽ ഒരുമാറ്റവും പാടില്ലെന്നും വസ്ത്രധാരണത്തിൽ ശരീരത്തിന്റെ ഒരു ഭാഗവും ഒഴിവാകരുതെന്നും (ഉപേക്ഷിക്കുക എന്നത് വസ്ത്രധാരണ ചർച്ചയുടെ ഏഴയലത്തുപോലും വരരുതെന്നും) സ്ത്രീ മനുഷ്യനിൽ താഴ്ന്ന പകുതിയാണെന്നും വിശ്വസിക്കുന്ന ഒരാളും തമ്മിൽ ഉണ്ടാകാവുന്ന അഭിപ്രായ ഭിന്നതകൾ ഈ ചർച്ചകളിൽ അങ്ങോളമിങ്ങോളം നിലനില്ക്കും. അവ പരസ്പരം പൂരകമാക്കാവുന്ന ഘടകം വിശ്വാസത്തെ തകർക്കും എന്നുള്ളതിനാൽ സത്യമറിഞ്ഞാലും വിശ്വാസികൾ വിട്ടുതരില്ല. അപ്പോൾ വസ്ത്രധാരണ ചർച്ചയിൽ അതുമാത്രമായി ഒരു ചർച്ച സാധ്യമല്ല എന്നും എന്തുകൊണ്ട് മതം വസ്ത്രത്തിനുള്ളിൽ കടന്ന് വരുന്നു എന്നുള്ളതിനും ഉത്തരമായി. അപ്പോഴും മനുഷ്യാവകാശം അതിന്റെ പൂർണമായ അർഥത്തിൽ മനസ്സിലാക്കിയ ആളുകളുടെ പക്ഷമാണ് നമ്മുടെ പക്ഷം എന്നത് തരുന്ന നിർവൃതി ചില്ലറയല്ല. 

വസ്ത്രധാരണത്തിന്‌ ഭരണകൂടങ്ങൾ ചില നിബന്ധനകൾ വെയ്ക്കാറുണ്ട്. എനിക്ക് അതിനോട് യാതൊരു വിയോജിപ്പുമില്ല. വസ്ത്രം മനുഷ്യനെ മൃഗങ്ങളിൽ നിന്ന് സാംസ്കാരികമായി ‘സംരക്ഷിക്കുന്ന’ ഒരു വ്യതിയാനമാകുന്നു. മതം രാജ്യാതിർത്തികൾ കൊണ്ട് നിർണ്ണയിക്കാനാവില്ല. ഭരണ നിർവഹണത്തിന്റെ ഭാഗമായി സർക്കാറുകൾ കൈകൊള്ളുന്ന ചില നിബന്ധനകൾ പോലും തങ്ങളുടെ മതത്തിനെതിരാണെന്ന പേരിൽ സമരം നടത്തുന്നവർ സ്വന്തം രാജ്യത്ത് ഇത് അനുവദിക്കുന്നുമില്ല. ഭരണപങ്കാളിത്തം ലഭിക്കാത്ത രാജ്യങ്ങളിൽ മതഭരണം നടപ്പിലാക്കാനുള്ള ശ്രമമാണ്‌ ഇത്തരം ചപ്പടാച്ചികൾ. പക്ഷെ, കാലം അവരെ വെല്ലുവിളിച്ചുകൊണ്ടിരിക്കും. സൗദി അറേബ്യയിൽ ഈ അടുത്ത കാലത്ത് പോലീസുകാർ ആവശ്യപ്പെട്ടാൽ സ്ത്രീകൾ മുഖം കാണിച്ചു കൊടുക്കണം എന്ന് നിയമം നിർമ്മിക്കുകയുണ്ടായി. മുഖം മറയ്ക്കുക എന്നത് പലതിനും മറയായി ഉപയോഗിക്കുന്നുണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു ഇങ്ങനെ ഒരു തീരുമാനം. നമുക്ക് കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സൗദിയെ സമ്പന്ധിച്ച് ഇത് വിപ്ലവം തന്നെയാവുന്നു. അന്യരെ മുഖം കാണിക്കരുത് എന്ന് വിശ്വസിച്ച വലിയൊരു പാരംബര്യത്തെയാണ്‌ ഈ നിയമം തിരുത്തിയത്. ഇന്നും ഇതിനെതിരെ നില്ക്കുന്നവർ ഇവിടെയുണ്ട്. ഫ്രാൻസിലും തുർക്കിയിലും ഹിജാബിനും നിക്കാബിനും (തലയും മുഖവും മൂടുന്ന വസ്ത്രങ്ങൾ) എതിരെ നിയമം നടത്തുമ്പോൾ വസ്ത്രധാരണ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നും പറഞ്ഞ് ഉറഞ്ഞു തുള്ളുന്നവർ തങ്ങളുടെ രാജ്യങ്ങളിൽ മറ്റു മതസ്ഥരുടെ വസ്ത്ര ധാരണ രീതി അനുവദിക്കുകയില്ല. അതായത് ഇവരുടെ ചർച്ച വസ്ത്രധാരണ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല തങ്ങളുടെ ദൈവ വെളിപാടിൽ ഉയർന്ന വന്ന വസ്ത്രധാരണ രീതി മറ്റുള്ളവരുടെ മേൽ അടിച്ചേല്പ്പിക്കാനാണ്‌. (രണ്ട് തരം മാനദണ്ഡങ്ങൾ) ഇക്കാര്യത്തിൽ ഭൗതികവാദ കാഴ്ച്ചപ്പാട് വസ്ത്രം തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം (മൂടുന്നതായാലും അല്ലെങ്കിലും) വ്യക്തികൾക്ക് നല്കണം. അവർ സഭ്യമല്ലാത്തരീതിയിലാവുന്നതിൽ നിന്ന് വിലക്കണം. സഭ്യം സ്ഥലകാലവുമായി ബന്ധപ്പെട്ടതാകുന്നു. (ഒരേ മാനദണ്ഡം). സത്യത്തിൽ ഇന്നത്തെ ഇസ്ലാമിക വസ്ത്രധാരണ രീതി മതപരം എന്നതിലുപരി പാരംബര്യമാകുന്നു. എന്നാൽ ഇസ്ലാമിൽ മതവും പാരമ്പര്യവും സംസ്കാരവും വ്യക്തമായി വേറെ വേറെയല്ലാത്തതിനാൽ അവർ ഇത്തരം പലകാര്യങ്ങളും കൂട്ടിക്കുഴച്ച് തങ്ങളുടെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചേല്പ്പിക്കുകയാണ്‌. ഈ അടുത്തകാലത്ത് അന്തരിച്ച ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതനായിരുന്ന തൻത്വാവിയെ പോലുള്ളവർ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (ഭൗതികവാദികൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്). അതറിയണമെങ്കിൽ പ്രവാചകന്‌ (സ) മുൻപ് സൗദി അറേബ്യയിലെ വസ്ത്രധാരണ രീതി എന്തായിരുന്നു എന്ന് അന്വേഷിച്ചാൽ മതി. അതിന്‌ ‘സ്ഥലകാല’ (ചരിത്രപരമായ) കാരണങ്ങളുമുണ്ട് എന്നത് നിഷേധിക്കുന്നില്ല. ചുരുക്കത്തിൽ അറേബ്യൻ ഗോത്രവർഗ വസ്ത്രധാരണരീതി മറ്റു പലതുമെന്നപോലെ മതവുമായി കൂട്ടിക്കുഴച്ച് വിതരണം ചെയ്യുകയാണ്‌ മുസ്ലിംഗൾ. ഇതാണ്‌ പർദ്ദ ഒരു സാംസ്കാരിക അധിനി‘വേഷ’മാണെന്ന് പറയുന്നത്. 
(തുടരും) 




No comments:

Post a Comment