Tuesday, January 10, 2012

മതവാദിയുടെ കള്ളക്കോലും യുക്തിവാദിയുടെ യുക്തിക്കോലും.




ചില ബ്ളോഗുകളിൽ നടത്തിയ ഇടപെടലുകളിൽ നിന്ന് പലകാര്യങ്ങളും ഇപ്പോഴും വിശദീകരിക്കപ്പെടേണ്ടതായി തോന്നിയത് കൊണ്ടാണ്‌ ഇങ്ങനെ ഒന്ന് ബ്ളോഗേണ്ടി വന്നത്. മതവാദികളുമായി സംവദിക്കുമ്പോൾ അവർ കാര്യങ്ങളെ അളക്കുന്നതിന്‌ രണ്ട് തരം മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നതാണ്‌ ആദ്യം തിരിച്ചറിയേണ്ടത്. 

യുക്തിവാദം വെറും നിർണ്ണയന രീതി മാത്രമാണെന്ന് ഞാൻ പലസ്ഥലത്തും പറഞ്ഞിട്ടുണ്ട്.എന്താണ്‌ നിർണയന രീതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? അതൊരു അളവ്കോലാകുന്നു. എന്തെങ്കിലും ഒരു കാര്യത്തിൽ ഇടപെടുമ്പോൾ അതിന്മേൽ യുക്തിസഹമായ ചോദ്യങ്ങൾ ചോദിച്ച് കാര്യം സത്യമാണെന്ന് ഉറപ്പ് വരുത്തുക. ഒരു ഉദാഹരണത്തിന്‌ കഅ'ബയുടെ മുകളിൽ മലക്കിറങ്ങുന്നതിന്റെ ദൃശ്യം ഞാൻ പലരേയും കാണിച്ചു. എല്ലാവർക്കും ഒന്നേ പറയാനുള്ളൂ. "സുബ്ഹാനല്ലാ". ഇതേ പോലെ ചന്ദ്രനിൽ യേശുവിന്റെ മുഖം കാണുമ്പോൾ കൃസ്ത്യാനികൾ പറയും "ആലേലൂയാ". യുക്തിവാദി പറയേണ്ടത് ‘ഫോട്ടോഷോപ്ഡ്’ എന്നാണ്‌. കഅ'ബയുടേതിന്‌ സുബ്ഹാനല്ലാഹ് പറയുന്നവർ എന്ന്  മറ്റേതിനെ അങ്ങനെ കാണുകയില്ല. എന്നാൽ യുക്തിവാദി ഇതെങ്ങനെ സാധ്യമായി എന്ന് അന്വേഷിക്കും. രണ്ടിനും ഒരേ അളവുകോൽ വെയ്ക്കും. ഈ നിർണയനരീതി അനുസരിച്ച് ക്രമപ്പെടുത്തേണ്ട ചില സംഗതികളുണ്ട്. ശരിയുടെ ആയുസ്സ് തെറ്റെന്ന് തെളിയുന്നവരെ മാത്രം എന്ന് നിജപ്പെടുത്തുക എന്നതാണ്‌ അതിലൊന്ന്. ആയിരം കൊല്ലത്തെ വിശ്വാസമാണെങ്കിലും തെറ്റാണെന്ന് ബോധ്യമാകുന്ന അന്ന് തിരുത്തുക. ഏത് അഭിപ്രായവും ഈ നിർണയന രീതി അനുസരിച്ച് മാറ്റത്തിന്‌ വിധേയമാണ്‌. എന്നാൽ, അത് കൂടുതൽ മികച്ച യുക്തിയിലേക്കുള്ള ഒരു തിരുത്താവണം. ഇന്ന് പ്രാബല്ല്യത്തിലിരിക്കുന്ന ഒരു യുക്തിവാദപ്രസ്ഥാനങ്ങളിലും  എനിക്ക് മെമ്പർഷിപ്പില്ല. പേരുകേട്ട യുക്തിവാദികളുമായി വ്യക്തിബന്ധങ്ങളില്ല. കാര്യമായ യുക്തിവാദ ഗ്രന്ഥങ്ങൾ വായിച്ചിട്ടുപോലുമില്ല. വായിച്ചവ തന്നെ ഇന്ന് കയ്യിലില്ല. (ഒരു യുക്തിവാദിയായിരിക്കാൻ ഇതൊന്നും ഒരു യോഗ്യതയായി കണക്കാക്കുന്നുമില്ല) അതിനാൽ ഇതൊക്കെ തന്നെയാണ്‌ മറ്റ് യുക്തിവാദികളുടെ/യുക്തിവാദ സംഘടനകളുടെ കാഴ്ച്ചപ്പാട് എന്ന് പറയാനാവില്ല. അവരുമായിട്ട് എനിക്കുള്ള യോജിപ്പ് മേല്പറഞ്ഞ മാനദണ്ഡങ്ങളിൽ അവർക്ക് ഞാനുമായുള്ള യോജിപ്പിന്‌ ആനുപാതികമായിരിക്കും. ഇത്  (ഒരാൾ അയാളുടെ രീതിയിൽ വ്യാഖ്യാനിച്ച് ഒരു പ്രത്യയശാസ്ത്രത്തിൽ നില്ക്കുക എന്നത് ) മതകീയമായ കാഴ്ച്ചപ്പാടിൽ (മതത്തിൽ നിന്ന് നോക്കുമ്പോൾ) അത്ര സ്വീകാര്യമല്ല. അതിനാൽ എന്നെ ഏകാന്തയുക്തിവാദി എന്ന് വിളിച്ചു ചിലർ. അവർ മനസ്സിലാക്കാത്തത് എല്ലായുക്തിവാദികളും ഏകാന്തർ തന്നെയാണ്‌. (അതല്ല എന്ന് അവരാണ്‌ വിശദീകരിക്കേണ്ടത്) 



ഭൗതികവാദം ഒരുപാട് ശാഖകളായി പരന്ന് കിടക്കുന്നത് ഇത് കൊണ്ടാണ്‌. അത് പലപ്പോഴും ഏകശിലാഖണ്ഡമായ ഒരു ആശയമല്ല. എന്നാൽ ഒരു ദൈവം, ഒരു പ്രവാചകൻ, ഒരു ഗ്രന്ഥം മനുഷ്യന്‌ എന്ന് പറയുന്നവർപോലും ഇങ്ങനെ തന്നെയാണ്‌ ഫലത്തിൽ പെരുമാറുന്നത്. ഭൗതികവാദത്തിന്റെ പരിധിയിൽ ബൗദ്ധ, ജൈന, ചാർവാക, സാംഖ്യ, വൈശേഷിക; മാർക്സിസം, എമ്പിരിസിസം (എപ്പിക്യൂറസ്, അരിസ്റ്റോട്ടിൽ: കൂടാതെ ലൂക്ക്, ജെ.എസ് മിൽ, ഹ്യൂം എതീസ്റ്റിക് എമ്പിരിസ്സുകളും) എക്സിസ്റ്റെൻഷ്യലിസം, റേഷണലിസം,  (ഡെക്കാർത്ത്, സ്പിനോസ, ലെബനീസ്) എതീയിസം, അഗ്നോട്ടിസം, ലോജിക്കൽ പോസിറ്റീവിസം (ബെർട്രാന്റ് റസ്സൽ, ഹ്യൂം, മിൽ, മക് പൊയങ്കരെ, ഡ്യൂഹാം, ബൊൽഡ് മൻ, ഐൻസ്റ്റൈൻ, ഫ്രെജെ. വൈറ്റ് ഹെദ്, റസ്സൽ, വിറ്റ്ഗ്യൂൻസ്റ്റൈൻ) തുടങ്ങി ആർതെർ എഡ്ഡിങ്ങ്റ്റൻ, ഹൈസെൻബെർഗ്, മാക്സ് പ്ലാങ്ക്, ഐസക് ന്യൂട്ടൻ, ഇർവിങ്ങ് ഷ്രൊദിംഗർ, ഡീബ്രോഗ്ലി, റൂതെർഫൊർഡ് എന്നീ മത ബാഹ്യമായി ദൈവത്തെ കണ്ടവർ വരേയും മറ്റ് കാക്കത്തൊള്ളായിരം ദർശനങ്ങളും അടങ്ങുന്നതാണ്‌ അത്. കേരളത്തിലേത് റേഷണലിസ്റ്റുകളാണെന്ന് അവകാശപ്പെടുന്ന എമ്പിരിസ്റ്റുകളണത്രെ. അപ്പോൾ എല്ലാവരും ‘ഏകന്ത യുക്തിവാദികൾ’ആകുന്നു. 

എന്താണ്‌ യുക്തിവാദിയുടെ ആദർശം? 
യുക്തിവാദിക്ക് മാത്രമായി പ്രത്യേകിച്ച് ഒരു ആദർശം, സദാചാരം, ജീവിതരീതി എന്നിവ വേണമെന്ന് നിർബന്ധമുണ്ടോ എന്ന് അറിയില്ല. സമൂഹത്തിൽ നിലനില്ക്കുന്ന മേല്പറഞ്ഞ കാര്യങ്ങളിൽ യുക്തിക്ക് നിരക്കാത്തതായതൊഴികെയുള്ള കാര്യങ്ങൾ അംഗീകരിച്ച് ജീവിക്കുന്നതിൽ യുക്തിവാദിക്ക് എന്താണ്‌ പ്രശ്നം? 

ഇനി നിർണയന രീതി യുക്തിവാദിയുടെ മാത്രം കുത്തകയാണോ? 
മാർക്സിയൻ നിർണയന രീതി എന്നത് വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദമാകുന്നു എന്ന് കെ വേണുവിനെ പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ ആശയങ്ങളെ മനസ്സിലാക്കുന്നതിനുള്ള കാചമാവേണ്ടിയിരിക്കുന്നു നിർണയന രീതി എങ്കിലും മറ്റെല്ലാ മതങ്ങളെ പോലെ മാർക്സിസവും അതിന്റെ നിർണയനരീതിയെ ശരിയായ അർഥത്തിൽ പ്രയോഗിക്കുകയില്ല. ഇസ്ലാമിന്‌ ഇതേപോലെ ഒരു അടിപൊളി നിർണയന രീതിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇസ്ലാമിലെ ഏറ്റവും ശാസ്ത്രീയമായത് ഈ നിർണയന രീതിയാകുന്നു. ഇസ്ലാമും ശാസ്ത്രവും എന്നൊക്കെ പറഞ്ഞു ഗീർവാണമടിക്കുന്ന ഒരു മൗലവിയും ഇങ്ങനെ ഒന്നിനെപ്പറ്റി മിണ്ടിക്കേട്ടിട്ടില്ല. വിശ്വാസകാര്യങ്ങളിൽ പ്രധാനപ്പെട്ടതത്രേ 'നന്മതിന്മകൾ (ഹൈറും ശറും) ദൈവദത്തമാണെ'ന്ന വിശ്വാസം. ഇത് തന്നെയാണ്‌ ആനിർണയന രീതി. ഇത് ഉപയോഗിച്ചാൽ കാര്യങ്ങളെ ഒരളവു വരെ നിർണയിക്കാനാവും. എന്നാൽ നൽകുന്ന ഡാറ്റകൾ അതിനനുസരിച്ചാവുന്നില്ലെങ്കിൽ ഉത്തരങ്ങളും തെറ്റും. 

‘നന്മതിന്മകൾ ദൈവദത്തമാണ്‌’എന്നത്കൊണ്ട് അർഥമാക്കുന്നത് എന്താണ്‌ എന്ന് ചില പണ്ഡിതന്മാരോട് അന്വേഷിക്കാൻ അവസരം കിട്ടിയതിൽ നിന്ന് മനസ്സിലാക്കാനായത് നന്മയായ കര്യങ്ങളും തിന്മയായ കാര്യങ്ങളും ദൈവം വെവ്വേറെ പടച്ചിരിക്കുന്നു എന്നതരത്തിലാണ്‌ (കള്ള്, ചൂത് എന്നിവ തിന്മ, മരുന്ന്, ഭക്ഷണം നന്മ- ഇങ്ങനെ) അതായത് നന്മയും തിന്മയും വേറെ വേറെ, ചിലത് നന്മ ചിലത് തിന്മ, എന്നതരത്തിൽ. ഇങ്ങനെ നിരീക്ഷിച്ചാൽ അതിനെ നിർണയന രീതിയായി കാണാനാവില്ല. മറിച്ച് ഒന്നിൽ തന്നെയുള്ള ദ്വന്ദ്വഭാവമാകുന്നു ഈ നന്മ തിന്മകൾ (ആക്ഷൻ/റിയാക്ഷൻ: തിസീസ്/ആന്റി തിസീസ് എന്നൊക്കെ പോലെ). അപ്പോൾ അത് സയൻസിന്റെ പരിധിയിൽ വരുന്നു. നിർണയന രീതിക്ക് ആദ്യം വേണ്ടത് അത് സയൻസിന്റെ പരിധിയിൽ കൊണ്ടു വരിക എന്നതാണ്‌. നാം നിങ്ങൾക്ക് വിശേഷ ബുദ്ധി തന്നിരിക്കുന്നു എന്ന കുർആന്റെ മറ്റൊരു അദ്ധ്യാപനം കൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. അതായത് ഒന്നിൽ തന്നെയുള്ള നന്മ തിന്മകളെ വിശേഷ ബുദ്ധികൊണ്ട് അളന്ന് നന്മകൂടുതലുള്ളതിനെ സ്വീകരിക്കുക എന്ന ഏറ്റവും ശാസ്ത്രീയമായ നിർണയന രീതിയെ അവർക്ക് തന്നെ മനസ്സിലാകുന്നില്ല. കാരണം, അങ്ങനെ മനസ്സിലായാൽ സംഗതി പൊളിഞ്ഞുപോകും. 

യുക്തിയും ചിന്തയും രണ്ടാകുന്നു. അത്കൊണ്ടാണ്‌ പല ചിന്തകരും ശാസ്ത്രജ്ഞന്മാരും പോലും  വിശ്വാസകാര്യങ്ങളിൽ യുക്തിരഹിതരായി പെരുമാറുന്നത്. അത്കൊണ്ടാണ്‌ പരിണാമ സിദ്ധാന്തത്തെ പഠിപ്പിക്കുകയും ജീവിതോപാധിയായി സ്വീകരിക്കുകയും ചെയ്യുന്നവർ പോലും ശാസ്ത്രം ഇങ്ങനെയൊക്കെപ്പറയും എന്നാൽ സത്യം നമ്മുടെ കിത്താബിലുള്ളതാണെന്ന് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറയുന്നത്. സത്യം നമ്മുടെ കിത്താബിലുള്ളതാണെങ്കിൽ നമ്മൾ അത് പഠിപ്പിച്ചാൽ പോരെ, ചുരുങ്ങിയത് നമുക്ക് നിയന്ത്രണമുള്ള സ്കൂളുകളിലെങ്കിലും? നമ്മുടെ മതം പ്രചരിപ്പിക്കുന്നതിന്‌ ചെലവഴിക്കുന്നതിന്റെ എത്രശതമാനം ഫണ്ട് കിത്താബിലെ സത്യം തെളിയിക്കുന്നതിന്‌ ചെലവഴിക്കുന്നുണ്ട് അത്തരം സംഘടനകളും രാജ്യങ്ങളും? ലോകത്ത് മൊത്തം എത്ര യൂണിവേസിറ്റികൾ ഇത്രയും വലിയൊരു വിഷയം പഠിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനല്ല സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാൻ.) തുടങ്ങിയ ഏതെങ്കിലും ഒരു ചോദ്യം ഏതെങ്കിലും ഒരു വിദ്യാർത്ഥി ചോദിച്ചാൽ ഇത്തരക്കാർ ചുറ്റിപ്പോകും. അവരുടെ ഇടയിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വരികയില്ല എന്ന് അവർക്ക് ധൈര്യമുണ്ട്. പക്ഷെ നമ്മൾ ചോദിക്കും. അപ്പോൾ പറഞ്ഞു വന്നത് “ചിന്തയുടെ വ്യാകരണമാകുന്നു യുക്തി.” 

നിങ്ങൾ സമൂഹത്തിന്‌ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ചില കുബുദ്ധികൾ ചോദിക്കാറുണ്ട്. 
ഇതിന്‌ ഒരു നല്ല ചിരിയാണ്‌ മറുപടി. സ്വന്തം മതങ്ങളിലുണ്ടായ കാലാകാലങ്ങളിലെ മാറ്റം യുക്തിവാദം സമൂഹത്തിൽ വരുത്തിയ മാറ്റത്തിന്റെ പ്രതിഫലനമാകുന്നു എന്നത് തന്നെയല്ലെ യുക്തിവാദി ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും നല്ലകാര്യം. മറ്റു മതങ്ങളെ, സ്വന്തം മതത്തിലെ മറ്റു ധാരകളെ വെട്ടുന്നതിന്‌ യുക്തിയുടെ ആയുധങ്ങളാണ്‌ എല്ലാവരും പ്രയോഗിക്കുന്നത്. ഇതിൽ പലതും യുക്തിവാദികൾ മൂർച്ചകൂട്ടിത്തന്നതുമാണ്‌. മതങ്ങളാൽ മലീമസപ്പെട്ടിരിക്കുന്ന ഈഭൂമി വാസയോഗ്യമാക്കിത്തീക്കുക എന്നതാണ്‌ യുക്തിവാദിയുടെ പണി. (മനുഷ്യന്‌ വിവേചനങ്ങളില്ലാതെ, മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പരമാവധി സംരക്ഷിച്ച് ജീവിക്കാനുതകുന്നതാക്കിത്തീർക്കുക) ഇന്നുകാണുന്ന മനുഷ്യാവകാശ, മതേതര, ജാതിഇതര സാമൂഹ്യ ബോധം (അങ്ങനെ ഒരു സമൂഹം ഇതുവരെ രൂപപ്പെട്ടില്ലെങ്കിലും) നസ്തിക ഭൗതിക യുക്തിവാദികളുടെ ഇടപെടലിന്റേയും സമരത്തിന്റേയും അനന്തരഫലമാണ്‌. ഇതൊക്കെ അടുത്തതലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക, പുതിയ കാലത്തുണ്ടാവുന്ന പുതിയ വെല്ലുവിളികളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പണിയാണ്‌ ഭൗതികവാദികക്കുള്ളത്. യുക്തിവാദിയായിരിക്കുക അത്ര എളുപ്പമുള്ള പണിയല്ല. എന്തുകൊണ്ടെന്നാൽ അത് ‘ശന്തിയായിരിക്കുക’ എന്ന പര്യായപദം ഉൾകൊള്ളാത്ത ആശയ നിഘണ്ഠുവാണ്‌. അത് മനുഷ്യനെ കാലത്തിനനുസരിച്ച് പരിഷ്കരിക്കുകയും ചൂഷണത്തിൽ നിന്ന് പരമാവധി സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാലാണ്‌ ‘കാലികയുക്തി’ എന്ന് ഞാൻ പ്രയോഗിക്കുന്നത്. 

ഇന്ത്യയുടെ ഭരണഘടന (പലരാജ്യങ്ങളുടേയും) ഇത്തരം ഒരു കാഴ്ച്ചപ്പാടിന്റെ സൃഷ്ടിയാണ്‌. സ്വന്തം ദൈവരാജ്യത്തിൽ മറ്റുള്ളവക്ക് അവർ അനുവദിച്ചുകൊടുക്കാത്ത പല സ്വാതന്ത്ര്യങ്ങളുടേയും ഗുണഭോക്താവായിരിക്കെത്തന്നെ ഇതിലും മികച്ചത് തങ്ങളുടേതാണെന്ന് പ്രചരിപ്പിക്കുന്നവർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. ഈ വാദം ഞാൻ ഒരു ചർച്ചയുടെ ഭാഗമായുന്നയിച്ചപ്പോൾ ആ ബ്ളോഗർ ഭരണഘടനാസമിതിയിൽ അംഗങ്ങളായിരുന്നവരുടെ പേരുകൾ എനിക്ക് മറുപടിയായി എഴുതി. അവർക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല എന്ന് ബോധ്യമായപ്പോൾ ആ സംവാദം ഞാൻ ഏകപക്ഷീയമായി അവസാനിപ്പിച്ചു. 'മൂന്നു വയസ്സുകാര'നുമായി ദാമ്പത്യത്തെ പറ്റി സംവദിച്ചിട്ട് എന്ത് മനസ്സിലാകാൻ? അവരുദ്ദേശിച്ചത് ഭരണഘടനാസമിതിയിൽ ഉൾപെട്ട അംഗങ്ങളിൽ മതത്തിനുള്ള പ്രാധിനിത്യമാണ്‌. എന്നിട്ടും ഭരണഘടന മതേതതരമാക്കി എന്നത് മതത്തിന്റെ വിശാല മനസ്കതയുടെ ഭാഗമാണെന്ന്‌. (അപനിർമ്മിതിക്കുള്ള ഉത്തമ ഉദാഹരണം) മുസ്ലിംഗൾ അന്ന് ഇന്ത്യയിൽ മതേതരത്വത്തിന്‌ അനുകൂലമായ നിലപാടെടുത്തതും ഇന്നും തുടരുന്നതും മുസ്ലിംഗൾ ന്യൂനപക്ഷമായ സമൂഹത്തിൽ അതാണ്‌ അഭികാമ്യം എന്ന ഒളിഅജണ്ടയുടെ ഭാഗമായിട്ടാണ്‌. നമൂക്ക് ഭൂരിപക്ഷമെങ്കിൽ നമ്മുടെ ദൈവരാജ്യവും ന്യൂനപക്ഷമെങ്കിൽ അവരുടെ മതേതരവും. ഉടുക്കാൻ കിട്ടിയിട്ടില്ലെങ്കിൽ വലിച്ച്കീറുക. അവർ ഉത്തരം പറയേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയും പാകിസ്താനും ഒരേ ജന്മദിനമുള്ള രണ്ട് രാജ്യങ്ങളാണ്‌. പാകിസ്താനിലെ ഭരണഘടന മതാധിഷ്ഠിതതവും ഭരണഘടനാസമിതിയിൽ ഉൾപെട്ട അംഗങ്ങളിൽ മതത്തിന്‌ ഇത്രയധികം പ്രാധിനിത്യമുണ്ടായിട്ടും ഇന്ത്യയിലെ ഭരണഘടന മതേതരത്വവും ആയതിന്റെ ഗുട്ടൻസ് എന്താണ്‌? അവിടെ എന്താണ്‌ ഇത്രയ്ക്ക്  വിശാല മനസ്കതയില്ലാതെ പോയത്? ബഹുസ്വരസമൂഹം എന്നൊരു തട്ടിപ്പ് അവിടെ ഉയർത്തും. ഇതും തങ്ങൾ ഭൂരിപക്ഷമാകുന്നിടത്ത് ബാധകമല്ല. അവിടെ ഭൂരിപക്ഷത്തിനൊപ്പം നില്ക്കുക എന്ന ജനാധിപത്യ നിർണയന രീതിയാണ്‌ ഉപയോഗിക്കുക. കാര്യമതല്ല. ഇന്ത്യ ഒരു മതേതര മണ്ണായി രൂപപ്പെട്ടിരുന്നു ഭൗതികവാദികളുടെ പ്രവർത്തനഫലമായി. ആ മണ്ണിലാണ്‌ ഇന്ത്യൻ ഭരണഘടന രൂപമെടുത്തത്. അതിന്റെ തലപ്പത്ത് നെഹ്രുവിനെപ്പോലൊരു ‘ഭതികവാദ ഹെവിവെയിറ്റും.’ 

സ്ത്രീ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സുബൈദയുടെ ബ്ളോഗിൽ നടത്തിയ ഇടപെടലുകളിലുള്ള ചില വിശദീകരണങ്ങൾ കൂടി. ഇത് ആബ്ളോഗർക്കുള്ള മറുപടിയല്ല. കാരണം ഞാൻ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. മറിച്ച് പൊതുവിൽ യുക്തിവാദിയെപറ്റിയുള്ള ചില തെറ്റിദ്ധാരണകൾ (അവരിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞ) ക്കുള്ള വിശദികരണവും അവർ മറ്റു ചില ബ്ളോഗുകളിൽ നടത്തിയ ചില ഇടപെടലുകൾ കൂടി യുക്തിവിരുദ്ധമായ ഇടപെടലുകൾക്ക് ഉദാഹരണം എന്ന നിലക്കും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 

൧- ശ്രീ രവിചന്ദ്രൻ തന്റെ ബ്ളോഗിൽ മതത്തിലുള്ളവരെ അപേക്ഷിച്ച് യുക്തിവാദിക്ക് സാമൂഹ്യജീവിതം നയിക്കുന്നതിന്‌ ചെലവ് വളരെ കുറവാണെന്ന് പറയുന്നുണ്ട്. സുബൈദയുടെ മറുപടിയിൽ സാമൂഹ്യജീവിത ചെലവുകൾ എന്നതിന്‌ യുക്തിവാദ പ്രചാരണം നടത്തുന്ന രവിചന്ദ്രനെ പോലെയുള്ള ഒരു സെലബ്രിറ്റിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളെ തരതമ്മ്യപ്പെടുത്തി മറുപടി പറഞ്ഞിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുക്തിവാദികളെ പൊതുവെ അഡ്രസ്സ് ചെയ്ത രവിചന്ദ്രനെ നേരിടുന്നത് വിരലിലെണ്ണാവുന്ന സെലബ്രിറ്റികളുടെ ഉദാഹരണത്തിൽ നിന്ന്. രണ്ട് തരം അളവുകോലുകൾക്ക് മികച്ച ഉദാഹരണം. 
(തുടരും) 


1 comment:

  1. ശ്രീ രവിചന്ദ്രൻ തന്റെ ബ്ളോഗിൽ മതത്തിലുള്ളവരെ അപേക്ഷിച്ച് യുക്തിവാദിക്ക് സാമൂഹ്യജീവിതം നയിക്കുന്നതിന്‌ ചെലവ് വളരെ കുറവാണെന്ന് പറയുന്നുണ്ട്. സുബൈദയുടെ മറുപടിയിൽ സാമൂഹ്യജീവിത ചെലവുകൾ എന്നതിന്‌ യുക്തിവാദ പ്രചാരണം നടത്തുന്ന രവിചന്ദ്രനെ പോലെയുള്ള ഒരു സെലബ്രിറ്റിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളെ തരതമ്മ്യപ്പെടുത്തി മറുപടി പറഞ്ഞിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുക്തിവാദികളെ പൊതുവെ അഡ്രസ്സ് ചെയ്ത രവിചന്ദ്രനെ നേരിടുന്നത് വിരലിലെണ്ണാവുന്ന സെലബ്രിറ്റികളുടെ ഉദാഹരണത്തിൽ നിന്ന്. രണ്ട് തരം അളവുകോലുകൾക്ക് മികച്ച ഉദാഹരണം.

    ReplyDelete