Thursday, December 30, 2010

ഉദ്ധരണികളെ തെറ്റായി പ്രചരിപ്പിക്കൽ

സ്റ്റീഫൻ ജെ ഗൗൽഡിനേയും കാൾ പോപ്പറേയും പോലുള്ള ശാസ്ത്രജ്ഞന്മാരെ തെറ്റായി ഉദ്ധരിക്കുക എന്നതാണ്‌ വേറൊരു പരിപാടി. ‘ഫോസിൽ ശാസ്ത്രം ഡാർവിന്റെ ക്രമാനുഗതമായ പരിണാമത്തെ പിന്തുണക്കുന്നില്ല’ എന്ന് സ്റ്റീഫൻ ഗൗൾഡും ‘ഡാർവിനിസം ഒരു ശാസ്ത്രീയ സിദ്ധാന്തമല്ലെന്ന്’ കാൾ പോപ്പറും പറഞ്ഞിട്ടുണ്ട്. (എൻ. എച്. ഹിബ, കവർസ്റ്റോറി പ്രബോധനം 2009) ഗൗൾഡിങ്ങ് ഇങ്ങനെ പറഞ്ഞ കാലത്ത് അത് ശരിയായിരിക്കണം, ഇന്നത് തെറ്റാണ്‌ നാളെ അതിലും വലിയ തെറ്റാവും. 1981-ൽ ഗൗൾഡ് ‘പരിണാമ സിദ്ധാന്തവും വസ്തുതയും’ പ്രസിദ്ധീകരിച്ചു (ഡിസ്കവർ. മേയ്) “സൃഷ്ടിവാദികൾ ഫോസിൽ ശാസ്ത്രത്തെ പറ്റിയുള്ള നിരീക്ഷണങ്ങൾ തെറ്റായി ഉദ്ധരിക്കുന്ന്അത് മടുപ്പുളവാക്കുന്നതാണ്‌. പരിണാമം പലഘട്ടങ്ങളിലും തെളിയിക്കാനാവശ്യമായ ഫോസിലുകൾ, ഉദാഹരണത്തിന്‌ ഇഴജന്തുക്കളിൽ നിന്ന് സസ്തനികളിലേക്കുള്ള, നമ്മുടെ ശേഖരത്തിലുണ്ട്“. (സ്റ്റീഫൻ ജ ഗൗൾഡ്. ക്രിയേഷൻ/എവലൂഷൻ. വോ.6)

കാൾ പോപ്പറിന്റെ ചില ഉദ്ധരണികൾ നോക്കുക. 1976-ൽ അദ്ദേഹം പറഞ്ഞു ”പരിണാമം പരീക്ഷണ വിധേയമാക്കാവുന്ന ശാസ്ത്രീയ സിദ്ധാന്തമല്ല.“ 1978-ൽ അദ്ദേഹം എഴുതി (ഡയലെക്റ്റിക ജേർണൽ. വോ. 32, പേ-339)”പരിണാമ സിദ്ധാന്തം പരീക്ഷണ വിധേയമായ ശാസ്ത്രമല്ല എന്ന എന്റെ അഭിപ്രായം ഞാൻ തിരുത്തുന്നു. ഇങ്ങനെ തിരുത്താൻ എനിക്കൊരു അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.“ (എല്ലാം സ്വന്തം തർജ്ജമ)

next
ചില തമാശകൾ

1 comment: