Thursday, January 7, 2016

ഞാൻ അടിച്ച ബ്രാൻഡ് ഏതാവും?


പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട രവിചന്ദ്രൻ സർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അദ്ദേഹം റിച്ചാഡ് ഡോക്കിൻസിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നു, അതും ഡിസി ബുക്സിന് വേണ്ടി.  നിരവധി വേദികകളിൽ, മീഡിയകളിൽ ഒക്കെ പ്രഭാഷണങ്ങളും സംവാദങ്ങളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. മുൻപ് ഇത്ര കാര്യക്ഷമമായി ഈ പ്രവർത്തനങ്ങൾ മലയാളത്തിൽ നടന്നിരുന്നോ എന്നറിയില്ല, ഒരു കുഞ്ഞുണ്ണിവർമ്മ, കേശവൻ നായർ പിന്നെ ചില യുക്തിവാദ പ്രസ്ഥാനങ്ങൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്  അങ്ങനെ ചുരുക്കം ചില പേരുകളേ ഇക്കാര്യത്തിൽ ഓർമ്മ വരുന്നുള്ളൂ 

പരിണാമസിദ്ധാന്ത പ്രചരണത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് സാധാരണക്കാരന്റെ സംശയങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണു. നിങ്ങൾ ഏതു ലേഖനം, പുസ്തകം എടുത്തു നോക്കൂ ചില അച്ചിൽ വാർത്ത, അവ്യക്തമായ വർത്തമാനങ്ങളാണതിൽ ഉണ്ടാകുക.  അത് വായിച്ചു കഴിഞ്ഞാലും നിങ്ങളുടെ സംശയം ബാക്കിയായിരിക്കും. നെറ്റിൽ സർച്ച് ചെയ്ത് നോക്കിയാലും ഇത് തന്നെയാവും ഫലം. എന്നാൽ പരിണാമ വിരോധികളുടെ സംശയങ്ങൾ വളരെ സുവ്യക്തവും ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകുന്നതുമാണു. അതിനാൽ അവരുടെ വാദങ്ങൾ വളരെ പെട്ടെന്ന് ജനകീയവും ആകും.  ഇതിനു ചില കാരണങ്ങളുണ്ട് എന്നത് ഞാൻ കാണാതിരിക്കുന്നില്ല. കാരണം പ്രത്യക്ഷ യഥാർഥ്യങ്ങൾ മനസ്സിലാകുന്നത്‌ പോലെ ശാസ്ത്ര സത്യങ്ങൾ മനസിലാക്കാൻ പ്രയാസമാണ്. ഭൂമി പരന്നതാണെന്നു  ബുദ്ധിയുടെ വലിയ അദ്ധ്വാനമില്ലാതെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഭൂമി ഉരുണ്ടതാണെന്നു ഫലിപ്പിക്കാൻ വലിയ പാടാണ് . ഒരു പക്ഷെ ഭൂമി ഉരുണ്ടതാണെന്ന് മനസ്സിലാക്കിക്കാനാവും ശാസ്ത്രം ഒരുപാടു കഷ്ടപ്പെട്ടത്.  

എന്നാൽ, പരിണാമത്തിന്റെ കാര്യത്തിൽ ഇത് മാത്രമല്ല സംഭവിച്ചത്. അതിന്റെ പ്രചാർകന്മാർക്കും അത് മനസ്സിലായിട്ടില്ല എന്നുവേണം അവരുടെ പല പെരുമാറ്റങ്ങളും കാണുമ്പോൾ കരുതാൻ. അവരിലധികവും തത്തമ്മേ പൂച്ച പൂച്ച എന്ന് താളത്തിൽ ഏറ്റു പാടുന്നവരാണു, പലരും മുസ്ല്യാക്കന്മാർ വയളു പറയുന്ന പോലെ ഒരു ചിന്താ അദ്ധ്വാനവും കൂടാതെ പാടുന്നവരാണു. വയളു പറയാൻ കുറച്ചു കാര്യങ്ങൾ ബൈഹാർട്ടാക്കിയാൽ മതി. വിശ്വാസകാര്യമാവുമ്പോൾ മുങ്കടന്ന ആളുകളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുക എന്നതാണല്ലോ ശരി. എന്നാൽ ശാസ്ത്രപ്രചാരകർ വിശേഷിച്ചും ഫ്രീ തിങ്കേഴ്സ് ഈ പാത പിന്തുടരുന്നത് അപകടമാണ്. 

ശ്രീ രവിചന്ദ്രൻ സാറിന്റെ നിരവധി പ്രഭാഷണങ്ങൾ ഇവ്വിഷയത്തിൽ കേട്ടിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയത് സാറിനു പരിണാമം മനസ്സിലായിട്ടില്ല എന്നാണു. ഒരൽപം കടന്ന കയ്യാണ്. എങ്കിലും പറയാതിരുന്നുകൂടാ.  ഇനി ഞാനടിച്ച ബ്രാൻഡിനാണോ കുഴപ്പം എന്നും അറിയില്ല. എനിക്ക് മനസ്സിലായതിൽ നിന്നാണു ഈ വിമർശനങ്ങൾ ഉന്നയിക്കുന്നത്. തെറ്റാണെന്നു ബോധ്യമായാൽ തിരുത്തും. ഇക്കാര്യത്തിൽ ഒരു 'ഫ്രീതിങ്കൻ' എന്ന നിലയിൽ സാറിനും ഈ നിലപാടു തന്നെയാവും എന്ന് കരുതുന്നു. എനിക്ക് പഠിക്കാൻ വേണ്ടിയാണു ഈ കുറിപ്പുകൾ 

നാച്വറൽ സെലെക്ഷൻ അഥവാ പ്രകൃതി നിർദ്ധാരണം.
-----------------------------------------------------------------
ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ  ആണിക്കല്ല് ഇതാണല്ലോ. സാറിന്റെ അഭിപ്രായത്തിൽ നാച്വറൽ സെലെക്ഷൻ ഈസ് എ നാച്വറൽ പ്രോസസസ്. (ഇക്കാര്യത്തിൽ ദീർഘമായ  ചർച്ചകൾ  ഈ ഗ്രൂപ്പിൽ നടന്നിട്ടുണ്ട്. ഞാൻ അതിൽ നിന്ന് തന്ത്രപരമായി അന്ന് വിട്ടു നിന്നതാണ്. എങ്കിലും ഇക്കാര്യത്തിൽ സാറിന്റെ എതിർപക്ഷത്ത്  നിൽക്കാനാണ് എനിക്കിഷ്ടം) ഇക്കാര്യത്തിൽ ഇപ്പോൾ തർക്കിക്കുന്നില്ല. കാരണം വിശാലമായ അർഥത്തിൽ ഒരു പക്ഷെ അങ്ങനെ ആണെന്നു അദ്ദേഹം വാദിക്കുമായിരിക്കും. എങ്കിലും ഈ രണ്ട് സംഗതികൾക്കും ഡിക്ഷ്ണറികളും മറ്റും നൽകിയ നിർവ്വചനങ്ങൾ രണ്ടുതരത്തിലാണെന്നു കാണാം. രവിചന്ദ്രൻ പ്രകൃതി നിർദ്ധാരണത്തെ നാച്വറൽ പ്രോസസ് ആയി പരിഗണിക്കുമ്പോൾ ഉള്ള അപകടം അദ്ദേഹത്തിന്റെ ചില പ്രസ്ഥാവനകളിൽ കാണാം. ഒരു കല്ല്‌ മേലോട്ടിട്ടാൽ താഴോട്ടു വരുന്നതാണ് നാച്വറൽ സെലക്ഷൻ. ("ഭൂമിയിലെ ദൃശ്യ വിസ്മയം" പരിചയപ്പെടുത്തുന്ന വേള, യൂട്യൂബ്) എന്റെ അഭിപ്രായത്തിൽ അസംബന്ധമാണിത്. കാരണം ഒരുകല്ല് മേലോട്ടിട്ടാൽ താഴോട്ടു വരും. ആയിരം കല്ല്‌ മേലോട്ടിട്ടാലും അവ താഴോട്ടു തന്നെ വരും. ഇതിൽ സെലക്ഷൻ ഇല്ല. സെലെക്ഷൻ ഉണ്ടാകണമെങ്കിൽ ഒരെണ്ണമെങ്കിലും താഴോട്ടു വരാതിരിക്കണം. അതായത് നാച്വറൽ സെലക്ഷനിൽ ആയിരം കല്ലുകൾ മേലോട്ടിട്ടാൽ അവയിൽ നിന്ന് ചിലതെങ്കിലും അവയുടെ ചില പ്രത്യേകതകൾ (Survival of the fittest) കാരണം താഴോട്ടു വരാതിരിക്കണം. അടുത്ത തലമുറ കല്ലുകൾ അവയില നിന്നുത്പാദിപ്പിക്കുകയും വേണം. അപ്പോഴേ അത് സെലക്ഷന്റെ പരിധിയിൽ വരൂ.  സി രാധാകൃഷ്ണൻ സാറുമായുള്ള അഭിമുഖത്തിൽ രാധാകൃഷ്ണൻ സാർ ഇത് മറ്റൊരു തരത്തിൽ ഒരു തർക്കത്തിന് വേണ്ടി തിരുത്താൻ ശ്രമിക്കുന്നുണ്ട്. (വീഡിയോ 38 മിൻ മുതൽ കാണുക)  പല സ്ഥലത്തും ഈ ഉദാഹരണം പിന്നെയും  രവിചന്ദ്രൻ സാർ പ്രയോഗിക്കുന്നത് കാണാം. 

ഈ തകരാറിനു കാരണം  അദ്ദേഹത്തിന്റെ മറ്റു രണ്ട്  അബദ്ധ പ്രസ്ഥാവനകളിൽ  നിന്നുണ്ടായതായി  കാണാം. ഒന്ന്- പ്രകൃതി നിർദ്ധാരണത്തിൽ പ്രകൃതിയോ നിർദ്ധാരണമോ ഇല്ല  (There is no selection, no nature in Natural selection) വിനയപൂർവ്വം പറയട്ടെ. അല്ല സർ, പ്രകൃതി നിർദ്ധാരണത്തിൽ ഇത് രണ്ടും ഉണ്ട്. നാറ്റ്വറൽ സെലക്ഷൻ എന്നത് പരിണാമ സിദ്ധാന്തത്തിന്റെ മർമ്മമാണ്. അതില്ലെങ്കിൽ പരിണാമ സിദ്ധാന്തം ഇല്ല. തങ്ങളുടെ ശത്രുക്കളായ ഇന്റലിജെന്റ്സ് ഡിസൈൻ കാരെ ഭയപ്പെട്ടു കൊണ്ട് സ്വന്തം ആയുധം തന്നെ നശിപ്പിക്കുകയാണു സാർ ഇവിടെ

പ്രകൃതി നിർദ്ധാരണം മനസ്സിലാക്കുക വലിയ പ്രയാസമാണ്. അത് മനസ്സിലാക്കാൻ പല അഭ്യാസങ്ങളും  ഞാൻ കാണിച്ചിട്ടുണ്ട്. എന്നിട്ടും ഒരു തൃപ്തിയാകായ്മയുണ്ട്. ഇവിഷയത്തിലുള്ള മറ്റൊരു അബദ്ധം, 'നാറ്റ്വറൽ' എന്ന പ്രയോഗത്തെ 'സ്വാഭാവികം' എന്ന് മനസ്സിലാക്കിയതിലൂടെയാണു. അങ്ങനെ അല്ല. പ്രകൃതി തന്നെയാണത്. പലപ്പോഴും അസ്വാഭാവികവും. ഇവിടെ പ്രകൃതി എന്താണെന്നു നിർവചിച്ചു  കണ്ടെത്തുകയാണു സാർ ചെയ്യേണ്ടത്. അല്ലാതെ ഒരു വാക്കിനു ഡിക്ഷ്ണറിയിലുള്ള അർഥങ്ങളൊക്കെ തപ്പിയെടുത്തു വ്യാഖ്യാനിച്ചു രകഷപ്പെടുകയല്ല .  അതൊരു മതപരമായ കസർത്താണു. 

നിരവധി അറിഞ്ഞതും അറിയാത്തതും ആയ സെലക്ഷനുകളുടെ ആകെ തുകയ്ക്ക് പറയുന്ന പേരാണു "നാറ്റ്വരൽ സെലക്ഷൻ". ഇവയത്രയും തെരഞ്ഞെടുപ്പുകളാണു. ഇവിടെയുള്ള പ്രശ്നം കൃത്യമായ ധാരണകളോടെ, മുൻവിധിയോടെ നാം നടത്തുന്ന തെരഞ്ഞെടുപ്പല്ല ഇവിടെ. അതുമായി ഇതിനെ കൂട്ടികെട്ടരുത്. ഇവിടെയുള്ള മുൻവിധി എന്നത്  നിലനിൽപ്പുമായി മാത്രം ബന്ധപ്പെട്ടതാണ്. പ്രകൃതി അതിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നത്. ഇവിടെ പ്രകൃതി എന്ന് പറയുന്നത് നിരവധി ഘടകങ്ങളുടെ ആകെ തുകയാണ്.     "നാറ്റ്വരൽ  സെലക്ഷൻ" ഒരുതരം അരിക്കൽ (Natural filtering) പ്രക്രിയയാണ്. അതിൽ ചിലത് ഇല്ലാതാവുന്നു, ചിലത് കൂട്ടിച്ചേർക്കപ്പെടുന്നു.

മനുഷ്യൻ കുരങ്ങിൽ (പൊതുവായി) നിന്നല്ല മറിച്ച് രണ്ടു ജീവികളും ഒരു പൊതുപൂർവികനിൽ (ഭൂമിയിലെ ദൃശ്യ വിസ്മയം പരിചയപ്പെടുത്തുന്ന വേള, യൂട്യൂബ്)  നിന്നാണെന്ന  പൂർവസൂരികളുടെ വാദം രവിചന്ദ്രൻ അതേപോലെ ഉന്നയിക്കുന്നു. സ്വന്തം ബൗദ്ധിക ശേഷിയിൽ നിന്നുള്ള ഒരു ഇടപെടൽ ഇതിലൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു, അതുണ്ടായില്ല എന്നത് നിരാശാ ജനകമായിരുന്നു. (ഇവ്വിഷയത്തിൽ ഞാൻ നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന്റെ ഒരു സ്കെയിലും അതിൽ വിശദീകരിച്ചിരുന്നു. വീണ്ടും അതൊക്കെ ടൈപ്പു ചെയ്യാൻ മടിയാവുന്നു) ഒന്ന് മാത്രം സൂചിപ്പിക്കാം ഇന്ന് ഈ പൊതുപൂർവീകനെ, അല്ലെങ്കിൽ മനുഷ്യന്റെ പൂർവീകരായ പല ഹോമോ വിഭാഗങ്ങളെയും  കണ്ടാൽ അവയെ സാർ എന്ത് വിളിക്കുമെന്നറിയില്ല. ഞാൻ കുരങ്ങുകളെന്നു തന്നെ വിളിക്കും. ഉദാഹരണം ഈജിപ്തോപിത്തിക്കസ്.  

No comments:

Post a Comment