1) എക്സ് യുക്തൻസ്
ഞാനും പണ്ട് യുക്തിവാദിയായിരുന്നു. അതായത് എക്സ് യുക്തൻ. എന്നുപറഞ്ഞാൽ ഈ കളരിയിലൊക്കെ ഞാൻ കൊറേ പയറ്റിയതാണു എന്ന് ചുരുക്കം. യുക്തന്മാരെ നേരിടുമ്പോൾ തന്റെ എക്സ്പീരിയൻസ് സര്ട്ടിഫിക്കറ്റ് കാണിക്കുന്നത് ഒരു ആത്മവിശ്വാസത്തിനാണു. സത്യമെന്താണു? അയാൾ ഒരിക്കലും യുക്തിവാദിയായിട്ടില്ല. എന്നാൽ യുക്തിവാദവിശ്വാസി ആയിരിക്കാം. അതായത് മതങ്ങളുടെ വെറുപ്പിക്കൽ സഹിക്കാതാവുമ്പോൾ, അല്ലെങ്കിൽ ഒരു ഫേഷൻ, ഒരു ചെയിഞ്ചിന് വേണ്ടി ഒക്കെ യുക്തിവാദം സ്വീകരിച്ചവരാണവർ. ഇവരൊക്കെ ഏതെങ്കിലും ഒരു പുരോഹിതന്റെ ഒരു ഒച്ചയെടുക്കലിൽ അലിഞ്ഞുപോകുന്ന യുക്തിവാദമാണു. യുക്തിവാദം ഇങ്ങനെ ഉപേക്ഷിക്കാനാവില്ല, അത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു സ്വീകരിച്ചതെങ്കിൽ. ഞാനും പണ്ട് 5+3=8 എന്ന വിശ്വാസിയായിരുന്നു എന്നൊരാൾ പറഞ്ഞാൽ അർത്ഥം അതിന്റെ പൊള്ളത്തരം മനസ്സിലാക്കി ഇപ്പോൾ 5+3=9 എന്ന വിശ്വാസക്കാരനായി എന്നാണു. പിന്നെ സാധാരണക്കാരുടെ കാര്യം എന്ത്? അവസരത്തിന്റെ അഭാവം മൂലം തങ്ങളുടെ മതാഭിമുഖ്യം തെളിയിക്കാൻ കഴിയാതെ പോയവരാണവർ. പഴയകാല യുക്തിവാദ നേതാക്കളിൽ ഒരാളായ കേ വേണു ഇങ്ങനെ പറഞ്ഞു കേട്ടു ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. അദ്ദേഹത്തിനെ സംബന്ധിച്ച് മതാഭിമുഖ്യമാവില്ല ഇങ്ങനെ പറയിക്കാൻ കാരണമായത്. മറിച്ച് എന്തിനും പരിഹാരം നിർദ്ദേശിക്കുന്ന ഒരു ഒറ്റമൂലി ഐഡിയോളജിയാണു യുക്തിവാദം എന്ന് അദ്ദേഹം ധരിച്ചു കാണണം. അങ്ങനെ ആയാലും അദ്ദേഹത്തിനു തെറ്റി എന്നേ പറയാനാവൂ.
യുക്തിവാദ സംഘടനകൾ പലതും അവരുടെ പ്രവർത്തനത്തിൽ ഇമ്മാതിരി ചില ന്യൂനീകരണങ്ങളിൽ പെട്ടു പോയിട്ടുണ്ട്. അത് ഒരു തരം സമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്. സൗദിയിൽ എല്ലാ സംഘടനകളും ജീവകാരുണ്യപ്രവർത്തനത്തിലാണ് എങ്ങനെയായാലും ഒടുക്കം എത്തിപ്പെടുക. ഗൾഫുകാരൻ വീടു വെയ്ക്കുക എന്നതിനപ്പുറം ഒരു ഉല്പാദനപ്രക്രിയയിൽ പങ്കാളികളാവുകയില്ല. അങ്ങനെ അങ്ങനെ. എന്നാൽ, യുക്തിവാദം ഒരു സംഘടനയല്ല. സംഘടന എന്നത് അതിന്റെ കൂട്ടായ്മയുടെ രൂപം മാത്രമാണ്. സംഘടനയായാൽ അതിന്റെ ശീലക്കേടുകൾ പുറകെ വരും. യുക്തിവാദം എന്നാൽ മത നിരാസവും നിരീശ്വരവും അന്ധവിശ്വാസ നിർമാർജ്ജനവും അല്ല. അവയൊക്കെ യുക്തിവാദത്തിന്റെ ഉല്പന്നങ്ങൾ മാത്രമാണ്. സത്യ സന്ധനായ യുക്തിവാദി തന്റെ നിർണയന രീതിയായ യുക്തിവാദം ഉപയോഗിച്ച് കണ്ടെത്തുന്ന നിഗമനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ് എന്നതിനാലാണ് അയാൾ നിരീശ്വരനും നിർമതനും ആകുന്നത്. ഇക്കാലത്ത് നിരീശ്വരം നിർമതം തുടങ്ങിയവയിൽ (ഇതാണ് യുക്തിവാദത്തിന്റെ ഗ്ളാമർ ഉല്പന്നങ്ങളെങ്കിലും) യുക്തിവാദത്തിനു കാര്യമായൊന്നും ചെയ്യാനില്ല. അതൊക്കെ മുങ്കടന്നവർ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അത് വിശകലന വിധേയമാക്കി കാലികമായി ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ആധുനിക ശാസ്ത്രത്തിന്റെ കരുത്തുറ്റ കൂട്ടും അയാൾക്കുണ്ട്.
യുക്തിവാദം എന്നത് നേരത്തെ പറഞ്ഞ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള മെഷിനറിയാണ്. ഈ വ്യത്യാസമാണ് വേണുവിനു പിടികിട്ടാതെ പോയത്. അതില്ലാതെ വേണുവിനും മതവിശ്വാസിക്കും ഒന്നും നില്കാനാവില്ല. പൊരുത്തക്കേടുകൾ വിശകലനം ചെയ്യുന്ന ഒരു നിർണയന രീതിയാണത്. ഒരു തക്കാളി എടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കുന്നില്ലേ അതാണ് യുക്തിവാദം. അതിൽ നിന്ന് സെലക്റ്റ് ചെയ്തെടുക്കുന്ന തക്കാളിയാണ് അതിന്റെ ഉല്പന്നം. ഇത് തെരഞ്ഞെടുക്കാൻ നല്ല തക്കാളിയുടെ ഗുണങ്ങൾ നിങ്ങളുടെ തല്ച്ചോറിൽ നേരത്തെ ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ മാനദണ്ഡം ഉപയോഗിച്ചാണ് ഞെക്കിയും നിറം നോക്കിയും കേടു നോക്കിയും നിങ്ങൾ നല്ല തക്കാളി എന്ന നിഗമനത്തിൽ എത്തുന്നത്. ഈ വിശകലന രീതി ഉപയോഗിക്കാതെ വേണുവിനെന്നല്ല ആർക്കും നില്ക്കാനാവില്ല. ഏറ്റ കുറച്ചിലുണ്ടാകാം. വേണു ഈ യുക്തിവാദം ഭംഗിയായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്. ഇത് മനുഷ്യന്റെ നിത്യ ജീവിതത്തിൽ അവനെ ബാധിക്കുന്ന എന്തിനും വിശകലനരീതിയായി ഉപയോഗിക്കാം. മാനദണ്ഡങ്ങൾ പലതായിരിക്കും എങ്കിലും. തക്കാളിയുടെ മാനദണ്ഡം തുണിക്ക് വെയ്ക്കാനാവില്ല.
എങ്കിൽ മതവിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു വിശ്വാസി സ്വന്തം വിശ്വാസങ്ങളിൽ യുക്തിയുടെ ടോർച്ചടിച്ചു നോക്കുകയില്ല എന്നതാണ് അത്. അത് മാത്രമാണ്
2)സ്വത്വവാദ യുക്തിവാദികൾ
വേറൊരു കൂട്ടരാണ് സ്വത്വവാദ യുക്തിവാദികൾ.
ഇവർ തങ്ങളുടെ സ്വത്വത്തെ തൊടുന്നവരെ തികഞ്ഞ യുക്തിവാദികളായിരിക്കും. യുക്തിവാദം സ്വത്വത്തെയും ആക്രമിക്കും എന്ന ഘട്ടമാവുമ്പോൾ ഇവരും ഭൂതാവേശിതരാകും. മാനവികത എന്ന വലിയ സ്വത്വത്തിലേക്ക് തങ്ങളുടെ ലോക്കൽ സ്വത്വങ്ങളെ അലിയിച്ചെടുത്തേ ഒരാൾക്ക് യുക്തിവാദിയാകാനാകൂ. ഇതിനർഥം സ്വത്വം പൂർണമായി കളയണമെന്നല്ല. മറിച്ച് തോക്കിൻ കുഴൽ വേണ്ടിവന്നാൽ സ്വത്വത്തിനെതിരെയും തിരിച്ചു പിടിക്കാനാവണം
3) പരിപൂർണ്ണ യുക്തിവാദികൾ, ഒരു കാര്യത്തിലൊഴിച്ച്
അങ്ങനെ ചിലരുണ്ട്. ഞങ്ങൾ പരിപൂർണ്ണ യുക്തിവാദികളാണു. എന്നാൽ ഹോമിയോപതി ശാസ്ത്രമാണു. ദൈവം അസംബന്ധമാണ്. അയ്യപ്പസ്വാമി സത്യമാണ്. ഇവ്വിഷയത്തിൽ സ്വതന്ത്ര ചിന്തകരുടെ കഴിഞ്ഞ സമ്മേളനത്തിൽ ഒരാൾ ഒരു ചോദ്യം ചോദിക്കുന്നത് കണ്ടു. വൈദ്യ ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ശാഖകളുണ്ട്. ഒന്ന് മറ്റൊന്നിനെ എതിർക്കുന്നത് ഒരു മതപരമായ രീതിയല്ലേ? പരസ്പര സഹവർത്തിത്വത്തോടെ പോകേണ്ടതല്ലേ എല്ലാവരും? എന്തിനാണു മോഡേണ്‍ മെഡിസിനുകാരും യുക്തിവാദികളും ഹോമിയോപതി പോലുള്ള വൈദ്യമേഖലകളെ എതിർക്കുന്നത്? കേട്ടാൽ വളരെ യുക്തിഭദ്രമെന്നു തോന്നാം. അതാണല്ലോ ഈ ഉത്തരാധുനിക സങ്കല്പങ്ങളുടെ ശക്തി.
ഇദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നത് വൈദ്യശാസ്ത്ര മേഖലയിൽ ആധുനിക വൈദ്യം പോലെ തന്നെ അടിത്തറയുള്ള ഒരു ശാഖയാണു ഹോമിയോപതി എന്നും ആധുനിക വൈദ്യക്കാർക്ക് ജോലി സംബന്ധമായ അസൂയയും കോർപ്പറേറ്റുകളുടെ പ്രചാരണവും ഫണ്ടിങ്ങും ഒക്കെയാണ് മറ്റു ചികിത്സാരീതികളെ എതിർക്കാനുള്ള കാരണം എന്നാണു.
നോക്കൂ ആധുനിക വൈദ്യം എന്നാൽ ആധുനികശാസ്ത്ര നേട്ടങ്ങൾ വൈദ്യശാസ്ത്ര രംഗത്തെ സഹായിക്കുന്നതിനു പറയുന്ന പേരാണു. ഇത് വെറും മരുന്നിൽ മാത്രം നിൽക്കുന്നതല്ല. ഇത് മറ്റൊന്നിനും അവകാശപ്പെടാനില്ലാത്തതിനാലും ആധുനിക ശാസ്ത്രവുമായി പല ഘട്ടങ്ങളിലും ഒത്തു പോകാതിരിക്കുന്നതിനാലും ആണു യുക്തിവാദികൾ ഇമ്മാതിരി മറ്റു വൈദ്യശാഖകളെ എതിർക്കുന്നത്. അത് നേരായ ചികിത്സ രോഗിക്ക് ലഭിക്കുന്നതിനെ തടയുകയോ വൈകിപ്പിക്കുകയോ ചെയ്യും. ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു ശാസ്ത്ര നിഗമനം മറ്റൊന്നുമായി വൈരുദ്ധ്യം കണ്ടാൽ ഏതെങ്കിലും ഒന്നേ നിലനിൽക്കൂ . നാം ഹോമിയോപതിയെ അംഗീകരിക്കുകയാണെങ്കിൽ രസതന്ത്രത്തിലെ പല അടിസ്ഥാന നിയമങ്ങളെയും തള്ളേണ്ടിവരും. എന്നാൽ ഒരു ഹോമിയോപതികാരനും അത് ചെയ്യാറില്ല. നിങ്ങളാണ് ശരിയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് രസതന്ത്രം ഉപേക്ഷിക്കുന്നില്ല? യുക്തിവാദം നിലനില്ക്കുന്നത് അതാതു കാലത്തെ ശാസ്ത്രത്തിലാണു. അല്ലെങ്കിൽ ശാസ്ത്രം യുക്തിയുടെ ഉല്പന്നമാണ്. ഒരു യുക്തിവാദിക്ക് ഒരേസമയം യുക്തിവാദിയും ശാസ്ത്ര വിരുദ്ധനും ആകാനാവില്ല. ചില പരീക്ഷകൾക്ക് നാം ചില മാനദണ്ഡങ്ങൾ വെയ്ക്കും. അവ പാലിക്കപ്പെടത്തവയെ നാം ഗെയിറ്റിൽ നിന്ന് തന്നെ തടയും. ഹോമിയോപതി ശാസ്ത്രത്തിന്റെ ഗെയിറ്റിൽ തന്നെ തടയപ്പെടണം. ഉത്തരാധുനികതയാണു ഇങ്ങനെ യോഗ്യതയില്ലാത്തവയെ ഇന്ന് തള്ളി മുൻപോട്ടു നിർത്തുന്ന 'തത്വശാസ്ത്ര' അടിത്തറ നൽകുന്നത് അതിനാൽ നാം ഉത്തരാധുനികതയേയും തൊഴിച്ചു പുറത്തു കളയുന്നു
4) വൈരുദ്ധ്യാത്മക ഭൌതിക യുക്തിവാദികൾ
വൈരുദ്ധ്യാത്മക ഭൌതിക യുക്തിവാദികളാണു മറ്റൊരു വിഭാഗം. ഇവരെല്ലാം ഞങ്ങളും യുക്തിവാദത്തിൽ 916 ഹാൾമാർക്കുള്ളവരാണെന്നും അവകാശപ്പെടും. എന്നാൽ തങ്ങളുടെ ഏതെങ്കിലും ഒരു വിശ്വാസത്തെ യുക്തിയുടെ അപഹാരത്തിൽ നിന്ന് രക്ഷിച്ചു നിർത്താൻ പാടു പെടുന്നവരുമാണു. സ്വന്തം വിശ്വാസങ്ങളിലെ അയുക്തികതയ്ക്കെതിരെ വാളെടുത്താണു ഒരു യതാർഥ യുക്തിവാദി അങ്കം ആരംഭിക്കേണ്ടത്.