മകരവിളക്കിനെതിരായി യുക്തിവാദികൾ പ്രചരണം തുടങ്ങിയിട്ട് വർഷങ്ങളായി, എന്റെ ചെറുപ്പത്തിൽ മകരവിളക്ക് കത്തിച്ചിരുന്ന സംഘത്തിൽ പെട്ട ഒരാളെ ഞങ്ങളുടെ നാട്ടിലൊക്കെ പ്രസംഗിക്കാൻ കൊണ്ടുവന്നതോർക്കുന്നു. അന്ന് അത് സംഘടിപ്പിച്ചിരുന്ന ആളുകളിൽ ചിലർ ഇന്ന് ഗുരുസ്വാമിമാരായി. അത് മറ്റൊരു കഥ. അവസാനം യുക്തിവാദികൾ വിളക്കു തട്ടിപ്പിനെതിരായി കേസ്സുകൊടുത്തു, ഹൈകോടതിയിൽ നിന്ന് അനുകൂല വിധിവാങ്ങി. കേസ്സു കൊടുത്തു എന്ന നാലുവരി വാർത്തയ്ക്കൊപ്പം (യുക്തിവാദികളുടെ പ്രവർത്തനങ്ങൾ അത്ര വലിയ വാർത്താ പ്രാധാന്യമുള്ളവയല്ല എന്നൊരു മുൻവിധി മാധ്യമങ്ങൾക്കുണ്ട്) അതിനു മേലെ പതിനായിരങ്ങൾ മകരവിളക്ക് തൊഴുതു സംപൂജ്യരായി (കാശു മുടക്കുള്ള കാര്യമാണേ) എന്ന വാർത്തയും ഉണ്ടായിരുന്നു. കുറചു കഴിഞ്ഞു അനുകൂല വിധി വന്നു എന്നാണു എന്റെ ധാരണ. എന്തായാലും ആ വാർത്തയുടെ അടിയിൽ ലക്ഷങ്ങൾ മകരവിളക്ക് തൊഴുതു, വീണ്ടും സംപൂജ്യരായി എന്ന വാർത്തയുണ്ടായിരുന്നു. സംഖ്യ പതിനായിരത്തിൽ നിന്ന് ലക്ഷങ്ങളായി വർദ്ധിച്ചു എന്നൊരു ഗുണമുണ്ടായി.
സ്വന്തം വീട്ടിൽ താൻതന്നെ തിരച്ചുണ്ടാക്കിയ പഴന്തുണിയുടെ തിരി, താൻ തന്നെ പകർന്ന എണ്ണയിൽ മുക്കി, താൻതന്നെ തീ കൊളുത്തി ഭക്തി പുരസ്സരം കൈകൂപ്പി നിൽക്കുന്ന ഒരാളെ മകര വിളക്ക്, മറ്റൊരാൾ കത്തിക്കുന്നതാണെന്നു തെളിയിച്ച് ഭക്തി കുറയ്ക്കാനാകുമോ? ഇനി അയാൾ തന്നെ കത്തിച്ചാലും ഭക്തി മൂക്കുകയല്ലാതെ കുറയുമോ? അപ്പോൾ അയാൾ പണ്ട് ബഷീർ പറഞ്ഞ താമ്ര പത്രം കൊണ്ട് ഏറു കൊണ്ട ആദ്യ കുറുക്കനെ പോലെ, ആ അഹങ്കാരവും കൊണ്ടാവും പിന്നെ നടക്കുക. വീട്ടിലെ വിളക്കിലെ തിരി ഒന്ന് നമ്മളാരെങ്കിലും ഒരു നാൾ ഊതിക്കെടുത്തിയാൽ അമ്മ 98 വയസ്സായി ഊർദ്ധ്വൻ വലിക്കുമ്പോൾ അതിന്റെ കാരണമായി പോലും എഴുന്നള്ളിക്കുക ആ ഊതിക്കെടുത്തലാകും "പണ്ടാറടങ്ങാൻ ഞാൻ അന്നേ പറഞ്ഞതാ വിളക്കിനോടൊന്നും കളിക്കരുതെന്ന്. കേട്ടില്ല". അമ്മയ്ക്ക് 25 ഉം നമുക്ക് 6 ഉം വയസ്സുള്ളപ്പോൾ ചെയ്ത കാര്യമായിരിക്കും. പിന്നെ പുഴയിലൊഴുകിപ്പോയ വെള്ളമോ ഒഴിച്ചു പോയ മൂത്രമോ ഒന്നും അമ്മയുടെ കണക്കിൽ വരില്ല. അതാണു വിശ്വാസം. നിങ്ങൾ വീട്ടിൽ ഏകാംഗ യുക്തിവാദിയാണെങ്കിൽ വീടിനു കുറ്റി അടിക്കാൻ വാസ്തുക്കാരനെ വിളിക്കുന്നതാകും യുക്തി. അല്ലെങ്കിൽ അതിനു ശേഷം വരുന്ന ചെറുതും വലുതുമായ മുഴുവൻ കുഴപ്പങ്ങൾക്കും അതാകും കാരണം. നാം വീടുണ്ടാക്കുമ്പോൾ സ്വൈരമായി അതിൽ താമസിക്കണം എന്നൊരു വിചാരം കൂടിയുണ്ടാകുമല്ലോ.
അപ്പോൾ നമ്മൾ പറഞ്ഞു വന്നത് മകര വിളക്ക് എന്ന കർപ്പൂര ജ്വാല, നമുക്കൊരു പാഠമാകേണ്ടതാണു. ഇനി ഇമ്മാതിരി കാര്യങ്ങളിലിറങ്ങുമ്പോൾ കുറേകൂടി യുക്തി അതിൽചേർക്കേണ്ടിവരും. അപ്പോൾ സമൂഹ മനസ്സിൽ നിന്ന് ഇത് അകറ്റുക എന്നതാണു വഴി. അതിനു യുക്തിവാദികളുടെ പ്രവർത്തനം തൽക്കാലം പ്ലിങ്ങിയാലും തുടർന്നേ മതിയാകൂ.
No comments:
Post a Comment