Tuesday, December 29, 2015

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം IV- മുഖ്യധാരാനന്തര ദശ

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം IV- മുഖ്യധാരാനന്തര ദശ

ഇത് ഈ ബ്ലോഗ്ഗിലെ ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റാണ്. ഈ ബ്ലോഗ് ആരംഭിയ്ക്കുമ്പോള്‍ ഇത്ര ലേഖനങ്ങള്‍ എഴുതാന്‍ കഴിയും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഓരോ ലേഖനവും എഴുതാന്‍ വേണ്ടി വരുന്ന effort ആലോചിക്കുമ്പോള്‍. ഇപ്പോഴും ഇത് എത്ര നാള്‍ മുന്‍പോട്ട് പോകാന്‍ കൊണ്ടും പോകാന്‍ കഴിയും എന്നതിനെ കുറിച്ച് എനിക്ക് വലിയ ഊഹം ഇല്ല. റെഫറന്‍‌സിനുള്ള മെറ്റീരിയലുകള്‍ കിട്ടാത്താണ് പ്രശ്നം. ഈ പോസ്റ്റില്‍ ഒരു നക്ഷത്രത്തിന്റെ മുഖ്യധാര ദശയ്ക്ക് ശേഷമുള്ള ചുവന്ന ഭീമന്‍ എന്ന അവസ്ഥയെ പരിചയപ്പെടുത്തുന്നു.ഉമേഷേട്ടന്റെ അഭ്യര്‍ഥന മാനിച്ച് ചിത്രം വരച്ചുള്ള വിശദീകരണം കുറച്ചിട്ടുണ്ട്. എന്നാലും ഒരെണ്ണം ഇതില്‍ ഉപയോഗിക്കേണ്ടി വന്നു. :)

ചുവന്ന ഭീമന്‍

ഒരു പ്രാങ്നക്ഷത്രം Hydrostatic equilibrium നേടിയെടുക്കുന്നതോടെ അതിന്റെ‍ ഹൈഡ്രജന്‍ അണുക്കള്‍ സംയോജിച്ച് ഊര്‍ജ്ജ ഉല്‍‌പാദനം തുടങ്ങുകയും, അതോടെ ആ നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറുകയും ചെയ്യുന്നു. ഈ സമയത്താണ് ഒരു നക്ഷത്രം ശരിക്കും ജനിക്കുന്നത് എന്നും ഈ അവസ്ഥയില്‍ ഉള്ള നക്ഷത്രത്തെ Zero Age Main sequence Star (ZAMS) എന്നും പറയുന്നു. ഇതൊക്കെ കഴിഞ്ഞ 3 പോസ്റ്റുകളില്‍ നിന്നു നമ്മള്‍ മനസ്സിലാക്കി. നക്ഷത്രത്തിനു ഈ Hydrostatic equilibrium കാത്തു സൂക്ഷിക്കുവാന്‍ കഴിയുന്ന കാലത്തോളം അത് മുഖ്യധാര ദശയില്‍ കഴിയുന്നു. ഒരു നക്ഷത്രം അതിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്ന ദശയും ഇതു തന്നെ. അതിനാലാണ് HR ആരേഖത്തിലെ മുഖ്യധാരാ ദശയുടെ നാടയില്‍ നമ്മള്‍ ഏറ്റവും അധികം നക്ഷത്രങ്ങളെ കാണുന്നത്.
അപ്പോള്‍ മുഖ്യധാരാ ദശ വരെയുള്ള കാര്യങ്ങള്‍ നമ്മള്‍ കഴിഞ്ഞ മൂന്നു പോസ്റ്റുകളില്‍ നിന്നു മനസ്സിലാക്കി. പക്ഷെ ഒരു നക്ഷത്രത്തിനു അനന്തമായി ഇങ്ങനെ മുഖ്യധാരാ ദശയില്‍ തുടരാന്‍ പറ്റില്ല. നമ്മള്‍ക്ക് ചിരംജീവി ആയി ഇരിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് നടക്കാത്തതു പോലെ തന്നെ. മുഖ്യധാരാ ദശയുടെ അന്ത്യത്തില്‍ നക്ഷത്രത്തിന്റെ കാമ്പിലുള്ള ഹൈഡ്രജന്‍ മൊത്തം ഉപയോഗിച്ചു തീരുകയും അതോടെ അവിടുത്തെ ഹൈഡ്രജന്റെ എരിയല്‍ അവസാനിക്കുകയും ചെയ്യും.

Shell Hydrogen Burning

പക്ഷെ ഈ അവസ്ഥയിലും‍ നക്ഷത്രത്തില്‍ ഹൈഡ്രജന്‍ എരിയുന്നുണ്ടാകും പക്ഷെ അത് മുഖ്യധാരാ ദശയിലെ പോലെ കാമ്പിലല്ല മറിച്ച് കാമ്പിനെ ചുറ്റിയുള്ള വാതക പാളിയിലാണ്. ഇങ്ങനെ ഉള്ള എരിയലിനു Shell Hydrogen Burning എന്നാണ് പറയുന്നത്. ആദ്യം ഈ എരിയല്‍ കാമ്പിനോട് അടുത്തു കിടക്കുന്ന വാതക പാളിയില്‍ മാത്രമേ നടക്കുകയുള്ളൂ. കാമ്പിലെ ഹൈഡ്രജന്‍ എരിഞ്ഞു തീരുന്നതോടെ നക്ഷത്രത്തിന്റെ Hydrostatic equilibrium-ത്തിനു ഇളക്കം തട്ടുന്നു. ഊര്‍ജ്ജ ഉല്‍‌പാദനം നിലയ്ക്കുന്നതോടെ പുറത്തേക്കുള്ള ഊര്‍ജ്ജ കിരണങ്ങളുടെ പ്രവാഹം നിലയ്ക്കുന്നു. തന്മൂലം ഗുരുത്വആകര്‍ഷണം മേല്‍‌ക്കൈ നേടുകയും ചെയ്യുകയും നക്ഷത്രത്തിന്റെ കാമ്പ് സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കാമ്പിനു പുറത്തുള്ള വാതക പാളികളും സംങ്കോചിക്കുന്നു. കാമ്പിനോട് അടുത്തുള്ള പാളികള്‍ കൂടുതല്‍ വേഗത്തില്‍ സംങ്കോചിക്കുന്നു. ഈ സങ്കോചം മൂലം താപം വര്‍ദ്ധിച്ച് അത് പുറത്തേയ്ക്ക് പ്രവഹിക്കുന്നു. ഈ താപപ്രവാകം കാമ്പിനു ചുറ്റുമുള്ള ഹൈഡ്രജന്‍ പാളിയെ ചൂടുപിടിപ്പിക്കുകയും തന്മൂലം പുറം പാളികളിലെ ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ആയി മാറി ഈ ഹീലിയം കാമ്പിലേക്ക് കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഒരു ഹീലിയം കാമ്പും അതിനു ചുറ്റും ഹൈഡ്രജന്‍ എരിയുന്ന പാളിയുമുള്ള അവസ്ഥയിലേക്ക് നക്ഷത്രം മാറ്റപ്പെടുന്നു.
ഈ പ്രക്രിയ തുടരുമ്പോള്‍ കാമ്പില്‍ നിന്നു പുറത്തേക്ക് വരുന്ന അതിഭീമമായ താപത്തിന്റെ മര്‍ദ്ദം മൂലം നക്ഷത്രം വികസിക്കുകയും അതിന്റെ തേജസ്സ് (Luminosity) വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും നക്ഷത്രം വികസിക്കുമ്പോള്‍ അതിന്റെ ഉപരിതല താപനില കുറയുമല്ലോ. ഉപരിതല താപ നില ഏതാണ്ട് 3500 K എത്തുമ്പോള്‍ നക്ഷത്രം ചുവന്ന പ്രഭയോടെ പ്രകാശിക്കുന്നു. ഈ അവസ്ഥയില്‍ ആയ നക്ഷത്രത്തെയാണ് ചുവന്ന ഭീമന്‍ (Red Giant) എന്ന് വിളിക്കുന്നത്.
3500 K എത്തുമ്പോള്‍ എന്തുകൊണ്ടാണ് ചുവപ്പ് നിറം വരുന്നത് എന്നറിയാനും താപനിലയും നിറവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനുംവിദ്യുത്കാന്തിക തരംഗങ്ങളും ജ്യോതിശാസ്ത്രവുംവിദ്യുത്കാന്തിക തരംഗങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ, എന്നീ പോസ്റ്റുകള്‍ സന്ദര്‍ശിക്കുക.
അപ്പോള്‍ കാമ്പിലെ ഹൈഡ്രജന്‍ മൊത്തം തീര്‍ന്ന് ജീവിതത്തിന്റെ അടുത്ത ദശയിലേക്ക് കാലെടുത്തു വയ്ക്കുന്ന മുഖ്യധാരാ നക്ഷത്രത്തെ ആണ് ചുവന്ന ഭീമന്‍ എന്നു പറയുന്നത്. ഓറിയോണ്‍ രാശിയിലുള്ള തിരുവാതിര (Betelgeuse) നക്ഷത്രം ഈ ദശയില്‍ ഉള്ള നക്ഷത്രത്തിനു ഉദാഹരണം ആണ്.

തിരുവാതിര നക്ഷത്രം ഒരു ചുവന്ന ഭീമന്‍ നക്ഷത്രം ആണ്.
ചിത്രത്തിനു കടപ്പാട്: നാസയുടെ വെബ്ബ് സൈറ്റ്

സൂര്യനും ചുവന്നഭീമനാകും!

മുകളിലെ വിവരണത്തില്‍ നിന്നു ഈ ദശയില്‍ ഉള്ള നക്ഷത്രത്തെ എന്തു കൊണ്ട് ചുവന്ന ഭീമന്‍ എന്നു പറയുന്നു എന്നു മനസ്സിലാക്കാമല്ലോ. നമ്മൂടെ സൂര്യന്‍ അതിന്റെ ജീവിതത്തിന്റെ മുഖ്യധാരാ ദശയില്‍ ആണെന്നു കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അപ്പോള്‍ നമ്മൂടെ സൂര്യന്റെ കാമ്പില്‍ ഇപ്പോള്‍ ഹൈഡ്രജന്‍ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനി ഒരു 500 കോടി കൊല്ലം കൂടി എരിയാനുള്ള ഇംധനം സൂര്യന്റെ കാമ്പില്‍ ഉണ്ട്. പക്ഷെ കാമ്പിലുള്ള ഹൈഡ്രജന്‍ തീര്‍ന്നു കഴിഞ്ഞാല്‍ നമ്മുടെ സൂര്യനും മുകളില്‍ വിവരിച്ച പോലെ ഒരു ചുവന്ന ഭീമന്‍ ആകും. അതായത് സൂര്യന്റെ വ്യാസം വര്‍ദ്ധിക്കും. അതിന്റെ വ്യാസം വര്‍ദ്ധിച്ച് അത് ബുധനേയും ശുക്രനേയും ഒക്കെ വിഴുങ്ങി കളയും. ഏകദേശം ഭൂമിയുടെ അടുത്ത് വരെ അതിന്റെ വ്യാസം വര്‍ദ്ധിക്കും. സൂര്യനില്‍ നിന്നു വരുന്ന അത്യുഗ്ര ചൂടിനാല്‍ ഭൂമിലെ എല്ലാം ഭസ്മമായി പോകും സമുദ്രമൊക്കെ വറ്റിപോകും. പക്ഷെ അതിനു മുന്‍പ് തന്നെ മനുഷ്യന്‍ വേറെ ഏതെങ്കിലും ഒരു ഗ്രഹത്തിലേക്ക് ചേക്കേറും എന്ന് നമ്മള്‍ക്ക് വിവ്ഹാരിക്കാം. ചുരുക്കി പറഞ്ഞാല്‍ സൂര്യന്‍ ഒരു ചുവന്ന ഭീമനാകുന്ന ഘട്ടത്തില്‍ അതിനെ ചുറ്റുന്ന ഗ്രഹങ്ങളെ ഒക്കെ വിഴുങ്ങി കളയുകയോ അതിന്റെ അന്തരീക്ഷം ഒക്കെ ആകെ മാറ്റി മറിക്കുകയോ ചെയ്യും. താഴെയുള്ള ചിത്രം കാണുക.
സൂര്യന്റെ ഇപ്പോഴത്തെ വലിപ്പവും ചുവന്ന ഭീമന്‍ ആവുമ്പോഴത്തെ വലിപ്പവുംThis image was copied from Nick Strobel's Astronomy Notes. But it is rendered to suite the requirements of this article.

മുഖ്യധാരാനന്തര ദശയുടെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. അത് അടുത്ത പോസ്റ്റില്‍ തുടരും.

Monday, December 21, 2015

യുക്തിവാദികളുടെ ചില പ്ലിങ്ങുകൾ


മകരവിളക്കിനെതിരായി യുക്തിവാദികൾ പ്രചരണം തുടങ്ങിയിട്ട് വർഷങ്ങളായി, എന്റെ ചെറുപ്പത്തിൽ മകരവിളക്ക് കത്തിച്ചിരുന്ന സംഘത്തിൽ പെട്ട ഒരാളെ ഞങ്ങളുടെ നാട്ടിലൊക്കെ പ്രസംഗിക്കാൻ കൊണ്ടുവന്നതോർക്കുന്നു. അന്ന് അത് സംഘടിപ്പിച്ചിരുന്ന ആളുകളിൽ ചിലർ ഇന്ന് ഗുരുസ്വാമിമാരായി. അത് മറ്റൊരു കഥ. അവസാനം യുക്തിവാദികൾ വിളക്കു തട്ടിപ്പിനെതിരായി കേസ്സുകൊടുത്തു, ഹൈകോടതിയിൽ നിന്ന് അനുകൂല വിധിവാങ്ങി. കേസ്സു കൊടുത്തു എന്ന നാലുവരി വാർത്തയ്ക്കൊപ്പം (യുക്തിവാദികളുടെ പ്രവർത്തനങ്ങൾ അത്ര വലിയ വാർത്താ പ്രാധാന്യമുള്ളവയല്ല എന്നൊരു മുൻവിധി മാധ്യമങ്ങൾക്കുണ്ട്) അതിനു മേലെ പതിനായിരങ്ങൾ മകരവിളക്ക് തൊഴുതു സംപൂജ്യരായി (കാശു മുടക്കുള്ള കാര്യമാണേ) എന്ന വാർത്തയും ഉണ്ടായിരുന്നു. കുറചു കഴിഞ്ഞു അനുകൂല വിധി വന്നു എന്നാണു എന്റെ ധാരണ. എന്തായാലും ആ വാർത്തയുടെ അടിയിൽ ലക്ഷങ്ങൾ മകരവിളക്ക്‌ തൊഴുതു, വീണ്ടും സംപൂജ്യരായി എന്ന വാർത്തയുണ്ടായിരുന്നു. സംഖ്യ പതിനായിരത്തിൽ നിന്ന് ലക്ഷങ്ങളായി വർദ്ധിച്ചു എന്നൊരു ഗുണമുണ്ടായി.
സ്വന്തം വീട്ടിൽ താൻതന്നെ തിരച്ചുണ്ടാക്കിയ പഴന്തുണിയുടെ തിരി, താൻ തന്നെ പകർന്ന എണ്ണയിൽ മുക്കി, താൻതന്നെ തീ കൊളുത്തി ഭക്തി പുരസ്സരം കൈകൂപ്പി നിൽക്കുന്ന ഒരാളെ മകര വിളക്ക്, മറ്റൊരാൾ കത്തിക്കുന്നതാണെന്നു തെളിയിച്ച് ഭക്തി കുറയ്ക്കാനാകുമോ? ഇനി അയാൾ തന്നെ കത്തിച്ചാലും ഭക്തി മൂക്കുകയല്ലാതെ കുറയുമോ? അപ്പോൾ അയാൾ പണ്ട് ബഷീർ പറഞ്ഞ താമ്ര പത്രം കൊണ്ട് ഏറു കൊണ്ട ആദ്യ കുറുക്കനെ പോലെ, ആ അഹങ്കാരവും കൊണ്ടാവും പിന്നെ നടക്കുക. വീട്ടിലെ വിളക്കിലെ തിരി ഒന്ന് നമ്മളാരെങ്കിലും ഒരു നാൾ ഊതിക്കെടുത്തിയാൽ അമ്മ 98 വയസ്സായി ഊർദ്ധ്വൻ വലിക്കുമ്പോൾ അതിന്റെ കാരണമായി പോലും എഴുന്നള്ളിക്കുക ആ ഊതിക്കെടുത്തലാകും "പണ്ടാറടങ്ങാൻ ഞാൻ അന്നേ പറഞ്ഞതാ വിളക്കിനോടൊന്നും കളിക്കരുതെന്ന്. കേട്ടില്ല". അമ്മയ്ക്ക് 25 ഉം നമുക്ക് 6 ഉം വയസ്സുള്ളപ്പോൾ ചെയ്ത കാര്യമായിരിക്കും. പിന്നെ പുഴയിലൊഴുകിപ്പോയ വെള്ളമോ ഒഴിച്ചു പോയ മൂത്രമോ ഒന്നും അമ്മയുടെ കണക്കിൽ വരില്ല. അതാണു വിശ്വാസം. നിങ്ങൾ വീട്ടിൽ ഏകാംഗ യുക്തിവാദിയാണെങ്കിൽ വീടിനു കുറ്റി അടിക്കാൻ വാസ്തുക്കാരനെ വിളിക്കുന്നതാകും യുക്തി. അല്ലെങ്കിൽ അതിനു ശേഷം വരുന്ന ചെറുതും വലുതുമായ മുഴുവൻ കുഴപ്പങ്ങൾക്കും അതാകും കാരണം. നാം വീടുണ്ടാക്കുമ്പോൾ സ്വൈരമായി അതിൽ താമസിക്കണം എന്നൊരു വിചാരം കൂടിയുണ്ടാകുമല്ലോ.
അപ്പോൾ നമ്മൾ പറഞ്ഞു വന്നത് മകര വിളക്ക് എന്ന കർപ്പൂര ജ്വാല, നമുക്കൊരു പാഠമാകേണ്ടതാണു. ഇനി ഇമ്മാതിരി കാര്യങ്ങളിലിറങ്ങുമ്പോൾ കുറേകൂടി യുക്തി അതിൽചേർക്കേണ്ടിവരും. അപ്പോൾ സമൂഹ മനസ്സിൽ നിന്ന് ഇത് അകറ്റുക എന്നതാണു വഴി. അതിനു യുക്തിവാദികളുടെ പ്രവർത്തനം തൽക്കാലം പ്ലിങ്ങിയാലും തുടർന്നേ മതിയാകൂ.
Comment

Sunday, December 6, 2015

മനുഷ്യൻ, ഒരു അത്യപൂർവ ജന്മം



ഒരു നല്ല സിദ്ധാന്തം (theory) നിഗമനങ്ങൾ (predictions)  മുന്നോട്ടു വെയ്ക്കണം എന്നാണു കാൾപോപ്പർ അഭിപ്രായപ്പെടുന്നത്. ഈ നിഗമനങ്ങൾ നിരീക്ഷണങ്ങളുമായി ആവർത്തിച്ചു  ഒത്തുവരുമ്പോഴാണു ഒരു നല്ല സിദ്ധാന്തം ശാസ്ത്രീയമായി അംഗീകരിക്കപ്പെടുന്നത്.    ഉദാഹരണത്തിനു ആപേക്ഷിക സിദ്ധാന്തത്തിന്റെ ഒരു നിഗമനമാണ് അതിപിണ്ഡങ്ങളുടെ സമീപത്തുകൂടെ  കടന്നു പോകുന്ന പ്രകാശരശ്മി  പിണ്ഡമുണ്ടാക്കുന്ന ശക്തമായ ഗുരുത്വാകർഷണം  മൂലം പിണ്ഡത്തിനടുത്തേക്ക് വളയും. ഈ  നിഗമനം എഡിങ്ങ്ടണ്‍ 1919 ലെ ഒരു സൂര്യഗ്രഹണ സമയത്ത് തെളിയിച്ചു. ആപേക്ഷിക സിദ്ധാന്തം ശരിയാണെന്നംഗീകരിക്കപ്പെട്ടു. 

പരിണാമ സിദ്ധാന്തവും ഇതുപോലെ  നിരവധി നിഗമനങ്ങൾ മുന്നോട്ടു വെയ്ക്കുന്നുണ്ട്. കൃസ്തുമസ് ഓർക്കിഡ് പുഷ്പങ്ങൾ (വിനിക്കാ കണ്ണിങ്ഗാമി) കണ്ടിട്ട് ഇതിൽ നിന്ന് തേൻ  കുടിക്കാൻ പാകത്തിൽ ഒരു പക്ഷിയോ ശലഭമോ ഉണ്ടാകും എന്ന് ഡാർവിനും വാലേഴ്സും പ്രവചിച്ചു. പിന്നീടാണ് അത്തരം ഒരു ശലഭത്തെ (ക്സാന്തോഫം മോർഗാനി)  കണ്ടെത്തിയത്.  ആഫ്രിക്കയിലെ കുരങ്ങുകളിലെ വൈവിധ്യം നിരീക്ഷിച്ച് ജൂലിയൻ ഹക്സലിയെ പോലുള്ള ആളുകൾ (മുൻപ് ഹാക്കിയും. 1703-1780) മനുഷ്യൻ ആഫ്രിക്കയിൽ നിന്നാണെന്നു പ്രവചിച്ചു. ഇന്ന് മനുഷ്യന്റെ ആദ്യരൂപങ്ങളെ അന്വേഷിക്കുന്നവരൊക്കെ ആഫ്രിക്കയിലാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്. കണ്ട് കിട്ടിയ ഏറ്റവും പഴക്കമുള്ള  ഫോസ്സിലുകളൊക്കെ ആഫ്രിക്കയിൽ നിന്നാണു. (ലൂസി)
  
കാൾ സാഗൻ പ്രപഞ്ചത്തിലെവിടെയെങ്കിലും മനുഷ്യൻ ഉണ്ടോ (ജീവികൾ ഉണ്ടോ) എന്ന് അന്വേഷിക്കുന്ന പദ്ധതിയുടെ (SETI) തലവനായിരുന്നു. ഈ പദ്ധതികളുടെ പ്രയോചനത്തെപറ്റി അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചപ്പോൾ ലഭിച്ച മറുപടി  രസകരമായിരുന്നു." പ്രപഞ്ചത്തിൽ എവിടെയെങ്കിലും മനുഷ്യൻ ഉണ്ടെന്ന അറിവു സന്തോഷകരമല്ലേ. ഈ അനന്തവിസ്തൃതിയിൽ നമ്മൾ ഒറ്റയ്ക്കല്ല.  അഥവാ മനുഷ്യൻ ഇല്ലെന്നറിഞ്ഞാലും സന്തോഷകരമാണ്. ഈ അനന്ത വിസ്തൃതിയിൽ നാം മാത്രം". 

പരിണാമ സിദ്ധാന്തം മുന്നോട്ടു ചില കാഴ്ച്ചപ്പാടനുസരിച്ചു നമുക്ക് ചില നിഗമനങ്ങൾ മുന്നോട്ടു വെയ്ക്കാം. 

1) പ്രപഞ്ചത്തിലെവിടെയെങ്കിലും ഭൂമിയിലെ പോലെ മനുഷ്യനുണ്ടാകാനുള്ള സാധ്യതയില്ല. ഭൂമിയിലെ പോലെ ജീവികളും ഉണ്ടാകാൻ വഴിയില്ല. (ഇത് ബുദ്ധിയുടെയോ ജീവികളുടെയോ പ്രപഞ്ചത്തിലെ സാധ്യത നിഷേധിക്കുന്നില്ല) അതായത് കാൾ സാഗന്റെ രണ്ടാമത്തെ നിഗമനമാവാം ശരി 

 2) ഭൂമിയിൽ തന്നെ ഈ ജീവികൾ വംശനാശം സംഭവിച്ചാൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയില്ല. ഡിനോസറുകൾ   എന്നത് അതേ രൂപത്തിൽ ഉണ്ടായില്ല എന്നത് ഒരു ഉദാഹരണം.  അതായത് മനുഷ്യൻ ഇനി ഒരിക്കലും എവിടെയും ഉണ്ടാകാനുള്ള സാധ്യതയില്ല. അത്ര യാദൃശ്ചികമാണു നമ്മുടെ ജനനം.    (ജനിതകത്തിലെ ചില അറിവുകളാണു ഈ നിഗമനങ്ങളുടെ അടിസ്ഥാനം. ഉദാഹരണം നമ്മുടെ ജനിതകത്തിൽ 8% എന്റോ ജീനസ് റിട്രോ വൈറസ് കൂട്ടിച്ചേർക്കലുകളാണു. മനുഷ്യനെ ഉണ്ടാക്കുന്നതിൽ ഇവയ്ക്കും പങ്കുണ്ട്. അത് വളരെ യാദൃശ്ചികമായിരുന്നു) 

3) മനുഷ്യന്റെ ഏതു വിഭാഗങ്ങളിലും (Ethnic Groups) പെട്ട ദമ്പതികൾക്ക്  ഒരു ആഫ്രിക്കൻ കുട്ടി ജനിക്കാനുള്ള ചെറിയ സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, ആഫ്രിക്കൻ ദമ്പതികൾക്ക് മറ്റു  വിഭാഗങ്ങളിലെ കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യതയില്ല.