ജനഹിതം അനുസരിച്ച് തീരുമാനമെടുക്കുന്നവരല്ല യതാർഥ ജനപ്രതിനിധികൾ, മറിച്ച് ജനങ്ങൾക്കവശ്യമായത് മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. ജനഹിതം പലപ്പോഴും ചില താല്പര്യങ്ങളെ ബോധപൂർവം പൊതുബോധത്തിൽ കൂട്ടിച്ചേർക്കപ്പെട്ട അന്യജനിതക ദ്രവ്യങ്ങളുടെ നിർമിതികളാവാം. അവ നിശ്ചയിക്കുന്നത് ചിലരുടെ അജണ്ടകളും ആവാം. ജനഹിതത്തിനനുസരിച്ച് തീരുമാനമെടുക്കുന്നവർ രാഷ്ട്രീയ നടന്മാരാണു, അവർ ഗ്ലാമർ സംരക്ഷിക്കാൻ കഷ്ടപ്പെടുന്നവരും. അവർക്ക് ഈ ജനം പറയുന്നത് പുരോഗമനപരമാണോ എന്നതൊന്നും പ്രശ്നമല്ല, ഭൂരിപക്ഷത്തിന്റെ കൂടെ നിന്നാലേ തനിക്ക് നേട്ടമുണ്ടാവൂ എന്നാണവരുടെ നോട്ടം. തൽകാലം ഹാലേലൂയപാടാൻ ആളുകളുണ്ടാകും എന്നല്ലാതെ ഇവർ നാടിനു കാര്യമായ ഗുണമുള്ളവരല്ല. ഇവർ ഫാൻസ് അസോസിയേഷനുകളാൽ ബാധിക്കപ്പെട്ടവരാണു. ഇതിനർഥം ജനപ്രതിനിധി ജനഹിതം പരിഗണിക്കാനേ പാടില്ല, സ്വന്തം ഇഷ്ടം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ആളാകണം എന്നു തെറ്റിദ്ധരിക്കരുത്. എന്നാൽ, ജനഹിതം പരിശോധിച്ചു മികച്ചതിനെ കണ്ടെത്താനും ദീർഘകാലത്തിൽ ഗുണകരമാവുന്നതിനെ ജനഹിതത്തിന്റെ ഭാഗമാക്കാനും കരുത്തുള്ള ആളാവണം. ചിലപ്പോൾ ജനഹിതത്തിനെതിര് നില്ക്കാനും കഴിവുള്ളയാളാകണം. കഞ്ചാവ് ശീലമുള്ള സമൂഹത്തിന്റെ ജനഹിതം കഞ്ചാവ് യഥേഷ്ടം ലഭ്യമാക്കുക എന്നതാവും. ജനഹിതത്തിനനുസരിച്ചാണു ജനപ്രതിനിധി നിൽകേണ്ടതെങ്കിൽ അതിനു സൗകര്യമുണ്ടാക്കുന്ന ആളാകരുത് എന്നർഥം.
ഭൂരിപക്ഷം എന്നത് സത്യത്തെ വിലയിരുത്താനോ ശരികണ്ടെത്താനോ ഉള്ള അളവുകോലല്ല. സത്യം ഭൂരിപക്ഷത്തിന് തീരുമാനിക്കാവുന്ന ജനാധിപത്യവുമല്ല. ആയിരുന്നെങ്കിൽ ഭൂമി പരന്നിരിക്കേണ്ടിയിരുന്നു. കാരണം, ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ വിളിച്ചു പറഞ്ഞ കാലത്ത് ഗലീലിയോ ഒഴികെ ലോകത്തിനു മൊത്തം ഭൂമി പരന്നതായിരുന്നു. പക്ഷെ ആ ഭൂരിപക്ഷാഭിപ്രായം ഭൂമിയുടെ ആകൃതിക്ക് ഒരുമാറ്റവും ഉണ്ടാക്കിയില്ല. ചിലർ കരുതും തെരഞ്ഞെടുപ്പാണ് ജനാധിപത്യം എന്ന് . തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഒരു നിർണയനരീതിയാണു.അതുകൊണ്ട് ഒരു സംഗതിയോടുള്ള പൊതുസമ്മതി അറിയാനാവും എന്നേയുള്ളൂ.
രാഷ്ട്രീയത്തിനോടുള്ള മതകീയ സമീപനം മാറേണ്ടിയിരിക്കുന്നു. ഞങ്ങൾ മാത്രമേശരിയുള്ളൂ, ഞങ്ങൾക്ക് മാത്രമേശരിയാകാനാവൂ തുടങ്ങിയ വിശ്വാസങ്ങൾ മതകീയമാണു. ജനാധിപത്യം എന്നാൽ താങ്കളും ശരിയാവാം എന്ന ധാരണയാണ്. ഇത് തിരിച്ചറിയാൻ കഴിവുള്ള ജനങ്ങൾക്കേ ജനാധിപത്യം നിര്മ്മിക്കാനാവൂ. അതിനു തികഞ്ഞ സ്വാതന്ത്ര്യം ആവശ്യമാണു. പലപ്പോഴും പാര്ട്ടി വിശ്വാസം ഒരു അസ്വതന്ത്രതയാവാറുണ്ട്. പാർട്ടി തെറ്റിയാൽ ആ തെറ്റിനോടൊപ്പം എന്ത് നാണംകെട്ടും വ്യാഖ്യാന ഫാക്ടറികളുമായി നടന്നു ആ തെറ്റാണു ശരി എന്നു വരുത്തിത്തീർക്കാൻ ഒരു സാധാരണപ്രവർത്തകൻ മെനക്കെടുമ്പോൾ അയാൾ ചെയ്യുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല, മതപ്രവർത്തനമാണു. രാഷ്ട്രീയ പ്രവർത്തനം പ്രവർത്തകന് തിരുത്തൽ അധികാരമുണ്ടാകണം. തന്റെ പാർട്ടി തെറ്റി എന്ന് തോന്നുമ്പോൾ ശരിയുടെ ഭാഗത്തേക്ക് പാർട്ടിയെ എപ്പോഴും തെളിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനം തങ്ങളുടെ പ്രവർത്തകർ നടത്തും എന്ന ബോധം നേതൃത്വത്തിനുണ്ടാകണം. അപ്പോഴാണു ജനാധിപത്യം അതിന്റെ ദിശാബോധം തിരിച്ചറിയുന്നത്.
രാഷ്ട്രീയം എന്നാൽ പൗരനും രാഷ്ട്രവുമായുള്ള ബന്ധം എന്നും രാഷ്ട്രീയ പ്രവർത്തനം എന്നത് ചുറ്റുപാടിനെ മനസ്സിലാക്കലും പ്രതികരിക്കലും ആണെന്നും അല്ലാതെ പിതൃസ്വത്തായി കിട്ടിയ രാഷ്ട്രീയ വിശ്വാസം ചങ്കിലെ ചോരകൊടുത്തും സംരക്ഷിക്കും എന്ന മൂഢവിശ്വാസമല്ല എന്നതാണു ഒരു വലിയ രാഷ്ട്രീയ ബോധം. അങ്ങനെ എങ്കിൽ നന്മചെയ്യുന്നവർക്കനുസരിച്ച് നമ്മുടെ അഭിപ്രായത്തെ മാറ്റേണ്ടിവരും. അത് സ്വാർഥതാല്പര്യ സംരക്ഷണത്തിനനുസരിച്ചാവുമ്പോഴേ അവസരവാദമാകൂ. മാനദണ്ഡം ശരിയാവണം. ഇതിനെ അരാഷ്ട്രീയം എന്നാവും രാഷ്ട്രീയക്കാരൻ വ്യാഖ്യാനിക്കുന്നത് (സ്വാഭാവികം, കച്ചവടത്തെ ബാധിക്കും എന്നത് എല്ലാവർക്കും പ്രശ്നമാണു). എങ്കിൽ നോക്കൂ നിങ്ങളുടെ അസ്വസ്ഥതകളെ അവഗണിക്കാൻ എന്നെ അനുവദിക്കുക ഞാനൊരു അരാഷ്ട്രീയക്കാരനാണു.
No comments:
Post a Comment