1925 ജൂലായ് 10 മുതൽ അമേരിക്കയിലെ ടെനസ്സി കോടതിയിൽ (പൊതുജനങ്ങൾക്ക് കേൾക്കാൻ കോടതി പൊതു സ്ഥലത്തായിരുന്നു കൂടിയത്) നടന്ന പ്രമാദമായ പരിണാമ സംബന്ധിയായ ഒരു കേസ്സാണു 'മങ്കീസ് ട്രയൽ'. 1925 മാർച്ചിൽ ടെനസിയിൽ ബട്ലേഴ്സ് ലോ (1925/C-27/HB-185) പാസ്സാക്കി. ഇതനുസരിച്ച് ബൈബിൾ നിയമങ്ങൾക്ക് വിരുദ്ധമായ പരിണാമ സിദ്ധാന്തം സ്കൂളുകളിൽ പഠിപ്പിക്കുന്നത് നിയമപരമായി കുറ്റകരമാണു. (സെക്ഷൻ 2 അനുസരിച്ച് 100 ഡോ. മുതൽ 500 ഡോ. വരെ പിഴ ലഭിക്കാവുന്ന)
ജോണ്‍ സ്കോപ് 1924 ൽ യൂണിവെഴ്സിറ്റി ഓഫ് കെന്റക്കിയിൽ നിന്ന് ബിരുദം സംബാധിച്ച ശേഷം ഡേടണിലെ റീ കൗണ്ടി ഹൈസ്കൂളിൽ ഒരു ഫുട്ബോൾ കോച്ചായി ജോയിൻ ചെയ്തു. ഇടയ്ക്ക് ജീവശാസ്ത്ര അധ്യാപകന് പകരക്കാരനായി ക്ലാസ്സെടുക്കാൻ കയറിയപ്പോൾ ചെറുപ്പത്തിന്റെ തിളപ്പിൽ ബട്ലറിന്റെ നിയമം അയാൾ ഓർത്തുകാണില്ല. പുള്ളി ജീവശാസ്ത്രം പരിണാമത്തിന്റെ വെളിച്ചത്തിൽ പഠിപ്പിച്ചു. (സ്കോപ്പിനു പരിണാമത്തെ പറ്റി കാര്യമായി അറിയാൻ വകയില്ല. മറിച്ചു ജീവികൾ പരിണമിച്ചാണുണ്ടാകുന്നത് എന്ന ഒരു സാമാന്യതത്വം പുള്ളി പറഞ്ഞതാവണം. കാരണം വിചാരണവേളയിൽ ഞാൻ പരിണാമം തന്നെയാണോ പഠിപ്പിച്ചത് എന്ന് അദ്ദേഹം സംശയിച്ചിരുന്നത്രെ. "അല്ല, എന്താ ഇവിടെ നടക്കുന്നത്" എന്ന്) എന്തായാലും നിയമ ലംഘനത്തിന് പുള്ളിയെ പോലീസ് പൊക്കി. വിചാരണയും നടന്നു. മിനിമം പിഴയും കിട്ടി. (പിഴ പിന്നീട് സുപ്രീം കോടതി പിൻവലിച്ചെന്ന് തോന്നുന്നു) അതാണു ചരിത്ര പ്രസിദ്ധമായ കുരങ്ങു വിചാരണ.
ഇത് പ്രസിദ്ധമാകാൻ കാരണം സ്കോപിന്റെ പരിണാമ ജ്ഞാനമോ പ്രസ്സിദ്ധിയോ ആയിരുന്നില്ല. മറിച്ച് കേസ്സു വാദിക്കാൻ വന്നത് രണ്ട് വക്കീൽ ഹെവിവൈറ്റുകളായിരുന്നു എന്നതായിരുന്നു. പ്രോസ്സിക്യൂഷൻ കുപ്പായമിട്ടത് സാക്ഷാൽ വില്യംസ് ജെ ബ്രയാൻ ആയിരുന്നു. സുപ്രസിദ്ധ വക്കീൽ, ക്രിസ്ത്യൻ ഫണ്ടമെന്റലിസ്റ്റ്, കൂടാതെ മൂന്നു തവണ പ്രസിഡന്റ് സ്ഥാനാർഥി. ഇതറിഞ്ഞപ്പോൾ സ്കോപ്പിനു വാദിക്കാൻ ക്ലാരന്സ് ഡാരോ തന്നെ (അദ്ദേഹം അഗ്നോറ്റിസ്റ്റായിരുന്നു, പേരെടുത്ത ക്രിമിനൽ വക്കീലായിരുന്നു) തന്റെ വക്കീൽ കുപ്പായമണിഞ്ഞു. രണ്ട് ഹെവിവൈറ്റുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു ശരിക്കും. വിചാരണ കോടതിക്കു പുറത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലും. ഉത്സവ പ്രതീതിയായിരുന്നു അക്കാലത്ത് ടെന്നസിയിൽ. പത്രങ്ങൾ ഫുട്ബോൾ കമന്ററിപോലെ വിചാരണാ വിവരങ്ങൾ റിപ്പോർട്ട് ചെയ്തു. പിൽകാലത്ത് ഈ വിചാരണ പ്രചോദിതമായി ആൽബങ്ങൾ, നാടകങ്ങൾ ഒക്കെ ഇറങ്ങി.
ഇത് ഇപ്പോൾ ഒർമ്മിക്കാൻ കാരണം പരിണാമം ചിലരൊക്കെ കരുതുമ്പോലെയും പ്രചരിപ്പിക്കുമ്പോലെയും അങ്ങനെ എളുപ്പത്തിൽ ചുട്ടെടുത്ത ഒന്നല്ല. അവര് പറയുന്നതു കേട്ടാൽ തോന്നും പരിണാമ ഗൂഡാലോചനക്കാരായ ചില ആളുകൾ ചില നിയമങ്ങളൊക്കെ ഉണ്ടാക്കും, മറ്റുള്ളോരൊക്കെ അതിനു റാൻ മൂളും എന്ന്. ഇസ്രായേൽ ഗൂഡാലോചന നടത്തിയാണ് പരിണാമം പ്രചരിപ്പിക്കുന്നത് എന്ന 'ഗൂഡാലോചനാ സിദ്ധാന്തം' കേട്ടു ഞാൻ പൊട്ടിച്ചിരിച്ചിട്ടുണ്ട്. കാരണം, ജൂതന്മാർ സൃഷ്ടിവാദത്തിന്റെ തലതൊട്ടപ്പന്മാരാണു. ആരെങ്കിലും അറിഞ്ഞുകൊണ്ട് വണ്ടിക്ക് തലവെയ്ക്കുമോ? കൃസ്ത്യാനികൾ അംഗബലം കൊണ്ടും ആയുധ ബലം കൊണ്ടും നിയമം കൊണ്ടും കുരുട്ടു ബുദ്ധികൊണ്ടും ആവുന്നത്ര ശ്രമിചിട്ടുണ്ട് പരിണാമം ലോകത്തു നിന്ന് ഒഴിവാക്കി കിട്ടാനും തങ്ങളുടെ ബൈബിൾ സൃഷ്ടിവാദം പകരം സ്ഥാപിക്കാനും. അധികാരം ഏറിയ പങ്കും മതത്തിന്റെ കയ്യിലോ മതങ്ങൾക്ക് മുന്തൂക്കമുള്ളവരുടെ കയ്യിലോ സ്വാധീനിക്കാൻ കഴിയുന്നവരുടെ കയ്യിലോ ആയിരുന്നിട്ടും ലോകത്തിൽ ഏതാണ്ടെല്ലാ രാജ്യങ്ങളിലും പരിണാമം പഠിപ്പിക്കുന്നു. തങ്ങൾ സത്യമെന്ന് വിശ്വസിക്കുന്ന ദൈവത്തിന്റെ വാക്കുപോലും ചത്ത എലിയെ എന്നപോലെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞ്. ഈ രാജ്യങ്ങളൊന്നും ജീവികളെങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനു വേദഗ്രന്ഥങ്ങളിലെ ദൈവം അഞ്ചാം നാൾ സൃഷ്ടിച്ചു എന്ന ഉത്തരം എഴുതി വെയ്ക്കുന്ന കുട്ടിക്ക് മാർക്ക് കൊടുക്കുമോ ആവോ? (അങ്ങനെ പലതും ഉണ്ട്, മിന്നൽ മീകായീലിന്റെ വാൾ വീശലാണു എന്ന് ഫിസിക്സിന്റെ ചോദ്യത്തിനു ഉത്തരമെഴുതാൻ ധൈര്യമുണ്ടാകുമോ ഇസ്ലാം മതവിശ്വാസികളായ കുട്ടികൾക്ക്. നിങ്ങൾക്ക് അത്രയും ഉറപ്പുണ്ടെങ്കിൽ, ദൈവ വചനത്തിൽ വിശ്വാസമുണ്ടെങ്കിൽ ആ ഉത്തരത്തിനു മാർക്കിട്ടില്ലെങ്കിൽ സമരം ചെയ്യണ്ടെ? എന്തെല്ലാം കാര്യത്തിന് കോലാഹലമുണ്ടാക്കുന്നതാ. സ്വന്തം വിശ്വാസം സംരക്ഷിക്കാൻ കൈ വെട്ടാനും കാലു വെട്ടാനും 'കൊടുവാൾ ജിഹാദ്' നടത്തുന്നവർ ഇത് സ്ഥാപിക്കാൻ മിനിമം ഒരു 'മുദ്രാവാക്യ ജിഹാദെങ്കിലും' നടത്തെണ്ടെ) ഈ രാജ്യങ്ങളൊന്നും ദൈവസൃഷ്ടിപ്പു മതി ജീവികളുണ്ടായതിനു ഉത്തരമായി എന്നൊരു തീരുമാനമെടുത്താൽ ആരും ഒന്നും ചോദിക്കാൻ പോകുന്നില്ല. എന്നിട്ടും അവർ പിശാചിന്റെ വേദം പഠിപ്പിക്കുന്നു, ദൈവ നിഷേധം പഠിപ്പിക്കുന്നു. അതിലുപരി ചിലർ അതിനെതിരായി ഒരു ഉളുപ്പുമില്ലാതെ പ്രചരണവും നടത്തുന്നു. എന്തരോ എന്തോ. ഈ അടുത്ത് പോപ്പ് പരിണാമം അംഗീകരിക്കുമ്പോൾ അദ്ദേഹം മൊത്തം കൃസ്ത്യാനികൾക്ക് വേണ്ടി ഒന്ന് കുമ്പസരിക്കുക കൂടി ചെയ്യേണ്ടിയിരുന്നു. അതിനിയും ആകാവുന്നതേയുള്ളൂ.
1) വില്യംസ് ജെ ബ്രയാൻ ഈ വിചാരണയ്ക്ക് ശേഷം ആറു ദിവസമേ ജീവിച്ചിരുന്നുള്ളൂ. ഒരു വലിയ ഡിന്നറും കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നതാ. പിന്നെ എഴുന്നേറ്റില്ല
2) ബട്ലേഴ്സ് ലോ (1925/C-27/HB-185) പാസ്സാക്കി. ഈ നിയമം 1967 ൽ പിൻവലിക്കപ്പെട്ടു
3) ഇവ്വിഷയത്തിൽ നിരവധി നിയമ യുദ്ധങ്ങൾ തന്നെ നടന്നിട്ടുണ്ട്
No comments:
Post a Comment