യുക്തിവാദത്തെ (ഇത് പൊതുവിൽ ഉപയോഗിക്കുന്ന പ്രയോഗമാണ്) സയൻസിൽ നിന്ന് വിടർത്തി എടുക്കാൻ ഉള്ള ഒരു ശ്രമം പലഭാഗത്ത് നിന്നും ബോധപൂർവമായും ഉണ്ട്. മതം ശാസ്ത്രത്തിന്റെ ഭാഗമാക്കാൻ എല്ലാ കളിയും കളിച്ച് പരാജയപ്പെട്ടവരുടെ ഇച്ഛാഭംഗത്തിൽ നിന്നാണു ഇങ്ങനെ ഒരു വാദം ഉടലെടുക്കുന്നത്. പരിണാമ വിരുദ്ധരായ ക്രിയേഷൻ സയന്റിസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കേട്ടിട്ടില്ലേ, ക്രിയേഷൻ സയന്സ് ശാസ്ത്രമല്ല (എന്നിട്ടും അതിനു സയന്സ് എന്നാണു പേർ) എന്നാൽ പരിണാമവും ശാസ്ത്രമല്ല എന്ന്. ഞാൻ ഒന്നിനും കൊള്ളാത്തവനാകുന്നതിൽ എതിർപ്പില്ല, നിങ്ങളും അങ്ങനെയാണെങ്കിൽ എന്ന്. ഇവിടെ യുക്തിവാദവും ശാസ്ത്രവും തമ്മിലുള്ള ബന്ധം രണ്ടിന്റെയും ജ്ഞാനരീതി ഒന്നാണെന്നതാണു. ('ജ്ഞാനരീതി' എന്നത് 'Epistemology' തുടങ്ങിയ തത്വചിന്താ സങ്കീർണതകളിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. മറിച്ച് ഇത് വിവരം തേടുന്ന വഴികൾ എന്നേ മനസിലാക്കേണ്ടതുള്ളൂ) മതത്തിന്റെ ജ്ഞാനരീതിയിൽ സഞ്ചരിച്ചാൽ ശാസ്ത്ര വിരുദ്ധതയിലാണു എത്തിപ്പെടുക. മറിച്ച് ശാസ്ത്രത്തിന്റെ ജ്ഞാന രീതി ലഭിക്കാൻ യുക്തിവാദത്തിന്റെ ജ്ഞാനരീതി തന്നെ സ്വീകരിക്കണം. മതം ശാസ്ത്രവിരുദ്ധമായ ഒരു ജ്ഞാന രീതിപിന്തുടരുന്നെങ്കിലും ശാസ്ത്രത്തിന്റെ ഭൌതിക നേട്ടങ്ങളെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വീകരിക്കുകയും ചെയ്യും. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം.
ഈ കാണുന്ന പ്രപഞ്ചവും അതിലുള്ള സകല സ്ഥാവര ജംഗമ വസ്തുക്കളും സംഭവങ്ങളും ദൈവം എന്ന ഒരു അതീന്ദ്രിയവും സർവജ്ഞനും സർവശക്തനുമായ പ്രതിഭാസത്തിന്റെ ലീലാ വിലാസങ്ങളാണെന്ന് അടിയുറച്ചു വിശ്വസിക്കലാണു മതത്തിന്റെ ജ്ഞാന രീതി. അതനുസരിച്ച് ആ അദൃശ്യ ശക്തിയെ അനുസരിക്കാനല്ലാതെ ചോദ്യം ചെയ്യാൻ മനുഷ്യന് അവകാശമില്ല. ഇങ്ങനെ പൂർണവും തൃപ്തികരവുമായ ഒരു വിശ്വാസം സകല പ്രശ്നങ്ങൾക്കും ഉത്തരമായുണ്ടെങ്കിൽ പിന്നെ മനുഷ്യന്റെ അന്വേഷണബുദ്ധികൊണ്ട് ഒരു കാര്യവുമില്ല. കാരണം, ഒന്ന്- അന്വേഷിച്ചിട്ട് ഇതിനു വിരുദ്ധമായ നിഗമനങ്ങളിലാണ് എത്തുന്നതെങ്കിൽ ദൈവവിശ്വാസസമൂഹം അത് അംഗീകരിക്കുകയില്ല എന്ന് മാത്രമല്ല അന്വേഷകന് സമാധാനപൂർണമായി ആ സമൂഹത്തിൽ നിലനിൽക്കാനും സാധ്യമല്ല. രണ്ട്- അന്വേഷണം ഈ ശക്തിയെ അംഗീകരിക്കുന്നതാണെങ്കിൽ പിന്നെ അന്വേഷണത്തിന്റെ സാംഗത്യം തന്നെ നഷ്ടപ്പെടുന്നു. നമുക്ക് മുൻപ് കഴിഞ്ഞു പോയ നിരവധി ആളുകൾ കേവലം സംശയിച്ചു എന്നതിന്റെ പേരിൽ മാത്രം വധിക്കപ്പെടുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്തിട്ടുണ്ട്. പ്രസിദ്ധരായ പലരേയും നമുക്കറിയാം.
ഗലീലിയോയെ കൊണ്ട് തന്റെ നിഗമനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ എഴുതിപ്പിച്ചു സഭ എന്നത് പ്രസിദ്ധമാണല്ലോ. സഭയുടെ വിവരക്കേട്, ഐസക്ക് ന്യൂടണ്‍ ജനിച്ചില്ലായിരുന്നെങ്കിലും ആപ്പിളുകൾ താഴോട്ട് തന്നെ വീഴും. ഇന്ന് ന്യൂടണ്‍ എഴുന്നേറ്റ് വന്നു ഗുരുത്വാകരഷണം തെറ്റാണെന്നു പറഞ്ഞാലും ആപ്പിളുകൾ താഴോട്ടു വീഴുകയും ജനം ന്യൂടണെ കൂക്കി വിളിക്കുകയും ചെയ്യും. ഇത് മനസ്സിലാക്കാതെ പോയതാണ് മതങ്ങള്ക്ക് പറ്റിയ അബദ്ധം
എന്നാൽ, അപ്രസക്തരായ നിരവധി സാധുക്കളും ഇക്കൂട്ടത്തിൽ ഉണ്ട്. നിങ്ങളുടെ വിശ്വാസം ശരിയല്ല, അത് നമ്മുടെ നൂതന അറിവുകളുമായി യോജിക്കുന്നില്ല എന്ന് പറയുക മാത്രമാണു അവരൊക്കെ ചെയ്ത കുറ്റം. (ഈ വരികൾ എഴുതുമ്പോൾ സൗദി അറേബ്യയിൽ രണ്ടു യുവാക്കൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ഒരാൾ മരണശിക്ഷ കാത്തുകഴിയുകയും ചെയ്യുന്നുണ്ട്, ചൊവ്വയിൽ നിന്ന് മണലിറക്കാൻ മനുഷ്യൻ ശ്രമിക്കുന്ന ഈ കാലത്ത്, ഉന്നതമായ സ്വാതന്ത്ര്യത്തിന്റെ, മനുഷ്യാവകാശത്തിന്റെ ആവശ്യങ്ങൾക്കായി ലോകം വെമ്പല്കൊള്ളുന്ന ഇക്കാലത്ത്) മഴവില്ല് ദൈവത്തിന്റെ യുദ്ധചാപമല്ല, മറിച്ച് വെള്ളത്തുള്ളികളിൽ പ്രകാശം പ്രതിഫലിക്കുന്നതാണെന്ന് പറഞ്ഞ പ്ലേജ് വരെ അക്കൂട്ടത്തിലുണ്ട്. പക്ഷെ മനുഷ്യന്റെ അറിയാനുള്ള ത്വരയെ വൈകിപ്പിക്കാനായി എന്നല്ലാതെ ഇല്ലാതാക്കാൻ ഇമ്മാതിരി നിയന്ത്രണങ്ങൾക്ക് ആയില്ല. കാരണം അറിയാനുള്ള ത്വര മനുഷ്യന്റെ നൈസർഗ്ഗിക വാസനയാകുന്നു. ഈത്വരയെ തടഞ്ഞു നിർത്തിയ മതങ്ങൾക്ക് ശാസ്ത്രവുമായി ബന്ധമില്ല എന്നതുപോലെയല്ല എന്തിനേയും ചോദ്യം ചെയ്യുക, സംശയിക്കുക (ഇതാണു ശാസ്ത്രത്തിന്റെ രീതി) എന്ന് പഠിപ്പിച്ച യുക്തിവാദികൾക്ക്. ഇന്നത്തെ യുക്തിവാദികൾ ഉന്നയിക്കുന്ന പല സംശയങ്ങളും പത്തു മുവ്വായിരം കൊല്ലം മുൻപുള്ള യുക്തിവാദികൾ അന്ന് തന്നെ ഉന്നയിച്ചിട്ടുള്ളതാണ്.
വളരെ നേർത്തതെങ്കിലും യുക്തിവാദികളുടെ (പൊതുവെ ഭൌതികവാദികൾ) ചെറുത്തു നില്പ്പും പിന്തുണയും കൊണ്ടും അതിന്റെ ജ്ഞാനരീതി കൈകൊണ്ടത് കൊണ്ടുമാണ് ശാസ്ത്രത്തിനു ഇന്നത്തെ നില കൈവരിക്കാനായത് എന്നതിനാൽ ആര്ക്കെങ്കിലും ശാസ്ത്രത്തെ അവകാശപ്പെടാനാവുമെങ്കിൽ (അത്രയെങ്കിലും) അത് ഭൗതികവാദികൾക്ക് മാത്രമാണു
(ബ്രായ്ക്കറ്റുകൾക്കുള്ളിൽ ധാരാളം വിശദീകരണങ്ങൾ വേണ്ടിവന്നത് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ ചില കമന്റുകൾ എന്റെ പല പ്രയോഗങ്ങളും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന തോന്നിയതിനാലാണ്)
(ബ്രായ്ക്കറ്റുകൾക്കുള്ളിൽ ധാരാളം വിശദീകരണങ്ങൾ വേണ്ടിവന്നത് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ ചില കമന്റുകൾ എന്റെ പല പ്രയോഗങ്ങളും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന തോന്നിയതിനാലാണ്)
No comments:
Post a Comment