Wednesday, February 11, 2015

ലാമാർക്കിന്റെ ഭൂതം പരിണാമത്തിൽ


പരിണാമത്തെ ഇപ്പോഴും ലാമാർക്കിന്റെ ഭൂതം ആവേശിച്ചിരിക്കുന്നു. മുഹമ്മദ്‌ ഖാന്റെ സി. ഡി കൃത്രിമ നിർദ്ധാരണം പരിണാമം പാർട്ട്‌ 1 അവസാനം 'ചെന്നായ്ക്കൾക്ക്‌ മനുഷ്യനുമായുണ്ടായ സഹവാസത്തിനാൽ വേട്ടയാടേണ്ട ആവശ്യം കുറഞ്ഞു. അതിനാൽ ശരീരഘടന അതിനനുസരിച്ച്‌ മാറി നാട്ടു നായ്ക്കൾ രൂപപ്പെട്ടു' എന്ന്‌ പറയുന്നത്‌ ലാമാർക്കിസമാണ്‌. കേ. വേണു അദ്ധ്വാനമാണ്‌ മനുഷ്യ പരിണാമത്തെ രൂപപ്പെടുത്താൻ സഹായിച്ചതെന്ന ഏംഗൽസിന്റെ നിഗമനം ലമാർക്കിസം ആണെന്നും തെറ്റാണെന്നും പറയുന്ന പ്രസംഗത്തിൽ പകരം മനുഷ്യൻ ആർജ്ജിച്ച ഭാഷാപരമായ കഴിവുകളാണ്‌ പരിണാമത്തെ സഹായിച്ചതെന്ന്‌ പറയുന്നു. 5+3=7 തെറ്റാണ്‌ 3+5=7 ശരിയാണ്‌ എന്ന വാദം. രണ്ടും ലാമാർക്കിസമാണ്‌. ഭാഷ മുതലായ നമ്മുടെ ആർജ്ജിത ഗുണങ്ങൾ അതിനനുസരിച്ച്‌ രൂപപ്പെട്ട ഒരു തലച്ചോറിന്റെ കഴിവാണ്‌. (ലാമാർക്കിസം ബൗദ്ധിക മേഖലയിലോ, അല്ലെങ്കിൽ ബൗദ്ധിക മേഖലയിൽ നാം ആർജ്ജിക്കുന്ന കഴിവുകൾ പാർമ്പര്യമായി പകരും എന്നതിനോ ഉപോത്ഭലകമായ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചില ജീവികൾ അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് ആർജ്ജിതസ്വഭാവം പാരമ്പര്യമായി പകരുന്നതിനു തെളിവാകുമോ എന്നും അറിയില്ല. ഉദാഹരണം, വീട്ടു പൂച്ചകൾ എലികളെ പിടിക്കാതായിട്ടുണ്ട് എന്നും ഇത് ഭക്ഷണ ലഭ്യതയിൽ വന്ന മാറ്റത്താൽ പരിണാമ പരമായി രൂപം കൊണ്ടതാണെന്നും ചിലർ പറഞ്ഞുകേട്ടു. എന്നാൽ, ഭക്ഷണ ലഭ്യതയില്ലാത്ത അവസരത്തിൽ ഈ പൂച്ചകൾ അവയുടെ വർഗ്ഗസ്വഭാവം കാണിക്കുമെന്നോ ഭക്ഷണ ലഭ്യത അവയിൽ ജനിതക മാറ്റം വരുത്തുമെന്നോ ഉള്ള ഒരു പഠനവും ഞാൻ കണ്ടിട്ടില്ല)
ഇതൊക്കെ നമ്മുടെ സംസ്കാരത്തിലും ഉല്പന്നങ്ങളിലും പുരോഗതിയിലും ഒക്കെയുള്ള പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ ജൈവ പരിണാമത്തിൽ അവയ്ക്ക്‌ വലിയ പങ്കുണ്ടെന്ന്‌ തോന്നുന്നില്ല. ആർജ്ജിത സ്വഭാവങ്ങൾ വ്യക്തിഗതമാറ്റങ്ങൾ മാത്രമേ ഉണ്ടാക്കൂ. തലമുറകളായി കൈമാറ്റം ചെയ്യപ്പെടാൻ പാകത്തിലുള്ള ജനിതകമാറ്റങ്ങൾ മാത്രമേ പരിണാമത്തെ സഹായിക്കൂ. ഒരു വ്യക്തി എങ്ങനെ പരിണമിച്ചിട്ടും കാര്യമില്ല അയാൾ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ. ഉസ്മാൻ ഹാജി വാസക്റ്റമിക്ക്‌ ശേഷം മാനായോ മയിലായോ മാറിയിട്ട്‌ കാര്യമില്ല. അത്‌ അയാളോടെ അവസാനിക്കുന്നു. ഇനി ഒന്നോ രണ്ടോ തലമുറകൾ മാത്രം കൈമാറ്റം ചെയ്യപ്പെടാവുന്ന സവിശേഷതകളും പരിണാമത്തിൽ വരികയില്ല. കാരണം അത്‌ ആ തലമുറകളോടെ അവസാനിക്കും.
വിൻസ്മേൻ എലികളിൽ വാലു മുറിച്ചു നടത്തിയ പരീക്ഷണങ്ങളിൽ ലമാർക്കിന്റെ പരിണാമത്തിലെ ചാലകശക്തിയായ 'ആർജ്ജിത സ്വഭാവം തലമുറകളിലൂടെ പകരും' എന്ന വാദം തെറ്റാണെന്ന്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. (എലികളിൽ വാലുമുറിച്ച്‌ പരീക്ഷണശാലകളിൽ നടത്താതെ തന്നെ ഇത്‌ തെറ്റാണെന്ന്‍ തെളിയിക്കാനുള്ള ഭൗതിക സാഹചര്യം നമ്മുടെ ഇടായിൽ ഉണ്ട്‌. ഒരു പക്ഷെ വിൻസ്‌മേൻ മുസ്ളിംഗളിലെ സുന്നത്തിനെ പറ്റി കേട്ടു കാണില്ല. പാവം എലികളുടെ ദൗർഭാഗ്യം. കേട്ടിരുന്നെങ്കിൽ ഒറ്റ മുസ്ളിം കുട്ടി പോലും ലിംഗാഗ്രചർമ്മമില്ലാതെ ജനിക്കുന്നില്ല കഴിഞ്ഞ ആയിരത്തി അഞ്ഞൂറു വർഷമായ്‌ തുടർച്ചയായി അത്‌ ചേദിച്ചുകൊണ്ടിരുന്നിട്ടും എന്ന്‌ അദ്ദേഹത്തിനു മനസ്സിലാക്കാമായിരുന്നു)
പ്രകൃതി എല്ലാ ഓരോ വ്യക്തികളിലും ഇടപെടുന്നുണ്ട്‌. സ്പീഷീസുകളിൽ എല്ലാ ജീവികളും സമാനതകാണിക്കുമ്പോൾ തന്നെ വ്യക്തികളിൽ അവ വ്യതിയാനവും കാണിക്കുന്നുണ്ട്‌. സ്പീഷീസ്‌ ജെനുസിലും ജെനുസ്‌ ഫാമിലിയിലും ഇതേപോലെ വ്യതിയയാനങ്ങളും സമാനതകളും കാണിക്കുന്നുണ്ട്‌. അങ്ങനെ മുകളിലോട്ടും
ലാമാർക്കിസം പരിണാമത്തിൽ സ്വാധീനം ചെലുത്താം എന്ന ചില പഠന റിപ്പോർട്ടുകൾ നൂറുകൊല്ലത്തിനു ശേഷം ഈ അടുത്തകാലത്ത്‌ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു. അതിന്‌ ഉപോത്ഭലകമായത്‌ എപ്പിജെനിറ്റിക്സിലെ ചില നിഗമനങ്ങളായിരുന്നു. എപ്പിജെനെറ്റിക്സ്‌ ഡി. എൻ എ സീക്വൻസുകളെ കുറിച്ചു പഠിക്കുന്ന ശാഖയാണ്‌. ഇത്‌ ഡി. എൻ ഏ അക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന രാസ ടാഗുകളെ പരിശോധിക്കുന്നു. ഈ ടാഗുകൾ ഡി എൻ എയുടെ പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച്‌ ചില ജീനുകളെ പ്രവർത്തന നിരതമാക്കാനും ചിലവയെ നിശ്ചലമാക്കാനും ഈ ടാഗുകൾക്ക്‌ കഴിയും. ചുറ്റുപാടുകൾ തീരുമാനിക്കും ഈ രാസ ബന്ധനങ്ങൾ എവിടെ എപ്പോൾ വേണമെന്ന്‌. അതായത്‌ ആർജ്ജിത സ്വഭാവങ്ങൾക്കനുസരിച്ച്‌ ജീനുകളെ ഓൺ, ഓഫ്‌ ആക്കാൻ ഈടാഗുകൾക്ക്‌ കഴിയും. ഇത്‌ എവിടെയെങ്കിലും ലാമാർക്ക്‌ ശരിയാണെന്ന്‌ സൂചിപ്പിക്കുമോ? എന്നാൽ, ലളിത ജൈവ ഘടനയുള്ള ജീവികളിൽ പ്രകൃതി ഇടപെടുമ്പോലെയല്ല സങ്കീർണ ജനിതക ഘടനയുള്ള സസ്തനികൾ പോലുള്ളവയിൽ ഇടപെടുന്നത്‌. ഓരോ ജീവിക്കും ഓരോ പരിണാമ ചരിത്രമാണുള്ളത്‌.
രണ്ട്‌ തരത്തിൽ പ്രോഗ്രാം ചെയ്യപ്പെടലിനും ശുദ്ധീകരണത്തിനും വിധേയ മാകുന്ന സസ്തന ജീനുകളിൽ നിന്ന്‌ ഇമ്മാതിരി ബന്ധനങ്ങലെല്ലാം നീക്കം ചെയ്യപ്പെടുന്നു. ബീജസങ്കലനം നടക്കുമ്പോഴും ലൈംഗിക കോശ (സെക്സ്‌ സെൽ) രൂപീകരണ വേളയിലും.
ചുരുക്കത്തിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാൻ ഇമ്മാതിരി മാറ്റങ്ങൾക്ക്‌ ത്രാണിയില്ല. ലാമാർക്കിന്റെ ഭൂതത്തിനു വീണ്ടും കുടത്തിൽ തന്നെ വിശ്രമിക്കാം. അല്ലെങ്കിലും ചുറ്റുപാടുകൾ ജീവികളുടെ ജനിതകത്തിൽ ഇടപെടും എന്നത് ലാമാർക്കിസം ആകുന്നില്ല. മറിച്ച് ജീവികൾ ആർജ്ജിക്കുന്ന കഴിവുകൾ പാരമ്പര്യമായി പകരും എന്നതാണ്‌ ലാമാർക്കിസം. അതിനാൽ എപിജെനിറ്റിക്സിൽ ലാമാർക്കിസം ഇല്ല


(വിവരങ്ങൾ അലെക്സ്‌ ബെർസോവിന്റെ, പി. എച്‌. ഡി ഇൻ മൈക്രോ ബയോളൊജി, ലേഖനത്തിൽ നിന്ന്. അപൂർവം ചില സസ്യങ്ങളിലും പുഴുക്കളിലും മറ്റും ഈ ബന്ധനങ്ങൾ പാരമ്പര്യമായി പകരാമെന്ന്‌ ഈ ലേഖൻത്തിൽ കാണുന്നുണ്ട്‌ എന്നത്‌ വിസ്മരിക്കുന്നില്ല)

1 comment:

  1. മനുഷ്യൻ പരിണമിച്ചതു വച്ചു നോക്കുമ്പോൾ ആർജിത ഗുണവും DNA മുഖേന കൈമാറിയിട്ടില്ലേ എന്ന് സംശയം ഉണ്ട്

    ReplyDelete