Friday, February 27, 2015

യുക്തിവാദവും ശാസ്ത്രവും തമ്മിൽ എന്ത്?


യുക്തിവാദത്തെ (ഇത് പൊതുവിൽ ഉപയോഗിക്കുന്ന പ്രയോഗമാണ്) സയൻസിൽ നിന്ന് വിടർത്തി എടുക്കാൻ ഉള്ള ഒരു ശ്രമം പലഭാഗത്ത് നിന്നും ബോധപൂർവമായും ഉണ്ട്. മതം ശാസ്ത്രത്തിന്റെ ഭാഗമാക്കാൻ എല്ലാ കളിയും കളിച്ച് പരാജയപ്പെട്ടവരുടെ ഇച്ഛാഭംഗത്തിൽ നിന്നാണു ഇങ്ങനെ ഒരു വാദം ഉടലെടുക്കുന്നത്. പരിണാമ വിരുദ്ധരായ ക്രിയേഷൻ സയന്റിസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കേട്ടിട്ടില്ലേ, ക്രിയേഷൻ സയന്സ് ശാസ്ത്രമല്ല (എന്നിട്ടും അതിനു സയന്സ് എന്നാണു പേർ) എന്നാൽ പരിണാമവും ശാസ്ത്രമല്ല എന്ന്. ഞാൻ ഒന്നിനും കൊള്ളാത്തവനാകുന്നതിൽ എതിർപ്പില്ല, നിങ്ങളും അങ്ങനെയാണെങ്കിൽ എന്ന്. ഇവിടെ യുക്തിവാദവും ശാസ്ത്രവും തമ്മിലുള്ള ബന്ധം രണ്ടിന്റെയും ജ്ഞാനരീതി ഒന്നാണെന്നതാണു. ('ജ്ഞാനരീതി' എന്നത് 'Epistemology' തുടങ്ങിയ തത്വചിന്താ സങ്കീർണതകളിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. മറിച്ച് ഇത് വിവരം തേടുന്ന വഴികൾ എന്നേ മനസിലാക്കേണ്ടതുള്ളൂ)  മതത്തിന്റെ ജ്ഞാനരീതിയിൽ സഞ്ചരിച്ചാൽ ശാസ്ത്ര വിരുദ്ധതയിലാണു എത്തിപ്പെടുക. മറിച്ച് ശാസ്ത്രത്തിന്റെ ജ്ഞാന രീതി ലഭിക്കാൻ യുക്തിവാദത്തിന്റെ ജ്ഞാനരീതി തന്നെ സ്വീകരിക്കണം. മതം ശാസ്ത്രവിരുദ്ധമായ ഒരു ജ്ഞാന രീതിപിന്തുടരുന്നെങ്കിലും ശാസ്ത്രത്തിന്റെ ഭൌതിക നേട്ടങ്ങളെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വീകരിക്കുകയും ചെയ്യും. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം. 

ഈ കാണുന്ന പ്രപഞ്ചവും അതിലുള്ള സകല സ്ഥാവര ജംഗമ വസ്തുക്കളും സംഭവങ്ങളും ദൈവം എന്ന ഒരു അതീന്ദ്രിയവും സർവജ്ഞനും സർവശക്തനുമായ പ്രതിഭാസത്തിന്റെ ലീലാ  വിലാസങ്ങളാണെന്ന് അടിയുറച്ചു വിശ്വസിക്കലാണു മതത്തിന്റെ ജ്ഞാന രീതി. അതനുസരിച്ച് ആ അദൃശ്യ ശക്തിയെ അനുസരിക്കാനല്ലാതെ ചോദ്യം ചെയ്യാൻ മനുഷ്യന് അവകാശമില്ല. ഇങ്ങനെ പൂർണവും തൃപ്തികരവുമായ ഒരു വിശ്വാസം സകല പ്രശ്നങ്ങൾക്കും  ഉത്തരമായുണ്ടെങ്കിൽ പിന്നെ മനുഷ്യന്റെ അന്വേഷണബുദ്ധികൊണ്ട് ഒരു കാര്യവുമില്ല. കാരണം, ഒന്ന്- അന്വേഷിച്ചിട്ട്   ഇതിനു വിരുദ്ധമായ നിഗമനങ്ങളിലാണ് എത്തുന്നതെങ്കിൽ ദൈവവിശ്വാസസമൂഹം അത് അംഗീകരിക്കുകയില്ല എന്ന് മാത്രമല്ല അന്വേഷകന് സമാധാനപൂർണമായി ആ സമൂഹത്തിൽ നിലനിൽക്കാനും സാധ്യമല്ല. രണ്ട്-  അന്വേഷണം ഈ ശക്തിയെ അംഗീകരിക്കുന്നതാണെങ്കിൽ പിന്നെ അന്വേഷണത്തിന്റെ സാംഗത്യം തന്നെ നഷ്ടപ്പെടുന്നു. നമുക്ക് മുൻപ് കഴിഞ്ഞു പോയ നിരവധി ആളുകൾ കേവലം സംശയിച്ചു എന്നതിന്റെ പേരിൽ മാത്രം വധിക്കപ്പെടുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്തിട്ടുണ്ട്. പ്രസിദ്ധരായ പലരേയും നമുക്കറിയാം. 

ഗലീലിയോയെ കൊണ്ട് തന്റെ നിഗമനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ എഴുതിപ്പിച്ചു സഭ എന്നത് പ്രസിദ്ധമാണല്ലോ. സഭയുടെ വിവരക്കേട്, ഐസക്ക് ന്യൂടണ്‍ ജനിച്ചില്ലായിരുന്നെങ്കിലും ആപ്പിളുകൾ താഴോട്ട് തന്നെ വീഴും. ഇന്ന് ന്യൂടണ്‍ എഴുന്നേറ്റ് വന്നു ഗുരുത്വാകരഷണം തെറ്റാണെന്നു പറഞ്ഞാലും ആപ്പിളുകൾ താഴോട്ടു വീഴുകയും ജനം ന്യൂടണെ കൂക്കി വിളിക്കുകയും ചെയ്യും. ഇത് മനസ്സിലാക്കാതെ പോയതാണ് മതങ്ങള്ക്ക് പറ്റിയ അബദ്ധം    

എന്നാൽ, അപ്രസക്തരായ നിരവധി സാധുക്കളും ഇക്കൂട്ടത്തിൽ ഉണ്ട്. നിങ്ങളുടെ വിശ്വാസം ശരിയല്ല, അത് നമ്മുടെ നൂതന അറിവുകളുമായി യോജിക്കുന്നില്ല എന്ന് പറയുക മാത്രമാണു അവരൊക്കെ ചെയ്ത കുറ്റം. (ഈ വരികൾ എഴുതുമ്പോൾ സൗദി അറേബ്യയിൽ രണ്ടു യുവാക്കൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ഒരാൾ മരണശിക്ഷ കാത്തുകഴിയുകയും ചെയ്യുന്നുണ്ട്, ചൊവ്വയിൽ നിന്ന് മണലിറക്കാൻ മനുഷ്യൻ ശ്രമിക്കുന്ന ഈ കാലത്ത്, ഉന്നതമായ സ്വാതന്ത്ര്യത്തിന്റെ, മനുഷ്യാവകാശത്തിന്റെ ആവശ്യങ്ങൾക്കായി ലോകം വെമ്പല്കൊള്ളുന്ന ഇക്കാലത്ത്)   മഴവില്ല് ദൈവത്തിന്റെ യുദ്ധചാപമല്ല, മറിച്ച് വെള്ളത്തുള്ളികളിൽ പ്രകാശം പ്രതിഫലിക്കുന്നതാണെന്ന് പറഞ്ഞ പ്ലേജ് വരെ അക്കൂട്ടത്തിലുണ്ട്.  പക്ഷെ മനുഷ്യന്റെ അറിയാനുള്ള ത്വരയെ വൈകിപ്പിക്കാനായി എന്നല്ലാതെ ഇല്ലാതാക്കാൻ ഇമ്മാതിരി നിയന്ത്രണങ്ങൾക്ക് ആയില്ല. കാരണം അറിയാനുള്ള ത്വര മനുഷ്യന്റെ നൈസർഗ്ഗിക വാസനയാകുന്നു. ഈത്വരയെ തടഞ്ഞു നിർത്തിയ മതങ്ങൾക്ക് ശാസ്ത്രവുമായി ബന്ധമില്ല എന്നതുപോലെയല്ല എന്തിനേയും ചോദ്യം ചെയ്യുക, സംശയിക്കുക (ഇതാണു ശാസ്ത്രത്തിന്റെ രീതി) എന്ന് പഠിപ്പിച്ച യുക്തിവാദികൾക്ക്. ഇന്നത്തെ യുക്തിവാദികൾ ഉന്നയിക്കുന്ന പല സംശയങ്ങളും പത്തു മുവ്വായിരം കൊല്ലം മുൻപുള്ള യുക്തിവാദികൾ അന്ന് തന്നെ  ഉന്നയിച്ചിട്ടുള്ളതാണ്.     

വളരെ നേർത്തതെങ്കിലും യുക്തിവാദികളുടെ (പൊതുവെ ഭൌതികവാദികൾ) ചെറുത്തു നില്പ്പും പിന്തുണയും കൊണ്ടും അതിന്റെ ജ്ഞാനരീതി കൈകൊണ്ടത് കൊണ്ടുമാണ് ശാസ്ത്രത്തിനു ഇന്നത്തെ നില കൈവരിക്കാനായത് എന്നതിനാൽ ആര്ക്കെങ്കിലും ശാസ്ത്രത്തെ അവകാശപ്പെടാനാവുമെങ്കിൽ (അത്രയെങ്കിലും) അത് ഭൗതികവാദികൾക്ക് മാത്രമാണു 

(ബ്രായ്ക്കറ്റുകൾക്കുള്ളിൽ ധാരാളം വിശദീകരണങ്ങൾ വേണ്ടിവന്നത് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ ചില കമന്റുകൾ എന്റെ പല പ്രയോഗങ്ങളും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന തോന്നിയതിനാലാണ്) 

Wednesday, February 11, 2015

ലാമാർക്കിന്റെ ഭൂതം പരിണാമത്തിൽ


പരിണാമത്തെ ഇപ്പോഴും ലാമാർക്കിന്റെ ഭൂതം ആവേശിച്ചിരിക്കുന്നു. മുഹമ്മദ്‌ ഖാന്റെ സി. ഡി കൃത്രിമ നിർദ്ധാരണം പരിണാമം പാർട്ട്‌ 1 അവസാനം 'ചെന്നായ്ക്കൾക്ക്‌ മനുഷ്യനുമായുണ്ടായ സഹവാസത്തിനാൽ വേട്ടയാടേണ്ട ആവശ്യം കുറഞ്ഞു. അതിനാൽ ശരീരഘടന അതിനനുസരിച്ച്‌ മാറി നാട്ടു നായ്ക്കൾ രൂപപ്പെട്ടു' എന്ന്‌ പറയുന്നത്‌ ലാമാർക്കിസമാണ്‌. കേ. വേണു അദ്ധ്വാനമാണ്‌ മനുഷ്യ പരിണാമത്തെ രൂപപ്പെടുത്താൻ സഹായിച്ചതെന്ന ഏംഗൽസിന്റെ നിഗമനം ലമാർക്കിസം ആണെന്നും തെറ്റാണെന്നും പറയുന്ന പ്രസംഗത്തിൽ പകരം മനുഷ്യൻ ആർജ്ജിച്ച ഭാഷാപരമായ കഴിവുകളാണ്‌ പരിണാമത്തെ സഹായിച്ചതെന്ന്‌ പറയുന്നു. 5+3=7 തെറ്റാണ്‌ 3+5=7 ശരിയാണ്‌ എന്ന വാദം. രണ്ടും ലാമാർക്കിസമാണ്‌. ഭാഷ മുതലായ നമ്മുടെ ആർജ്ജിത ഗുണങ്ങൾ അതിനനുസരിച്ച്‌ രൂപപ്പെട്ട ഒരു തലച്ചോറിന്റെ കഴിവാണ്‌. (ലാമാർക്കിസം ബൗദ്ധിക മേഖലയിലോ, അല്ലെങ്കിൽ ബൗദ്ധിക മേഖലയിൽ നാം ആർജ്ജിക്കുന്ന കഴിവുകൾ പാർമ്പര്യമായി പകരും എന്നതിനോ ഉപോത്ഭലകമായ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചില ജീവികൾ അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് ആർജ്ജിതസ്വഭാവം പാരമ്പര്യമായി പകരുന്നതിനു തെളിവാകുമോ എന്നും അറിയില്ല. ഉദാഹരണം, വീട്ടു പൂച്ചകൾ എലികളെ പിടിക്കാതായിട്ടുണ്ട് എന്നും ഇത് ഭക്ഷണ ലഭ്യതയിൽ വന്ന മാറ്റത്താൽ പരിണാമ പരമായി രൂപം കൊണ്ടതാണെന്നും ചിലർ പറഞ്ഞുകേട്ടു. എന്നാൽ, ഭക്ഷണ ലഭ്യതയില്ലാത്ത അവസരത്തിൽ ഈ പൂച്ചകൾ അവയുടെ വർഗ്ഗസ്വഭാവം കാണിക്കുമെന്നോ ഭക്ഷണ ലഭ്യത അവയിൽ ജനിതക മാറ്റം വരുത്തുമെന്നോ ഉള്ള ഒരു പഠനവും ഞാൻ കണ്ടിട്ടില്ല)
ഇതൊക്കെ നമ്മുടെ സംസ്കാരത്തിലും ഉല്പന്നങ്ങളിലും പുരോഗതിയിലും ഒക്കെയുള്ള പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ ജൈവ പരിണാമത്തിൽ അവയ്ക്ക്‌ വലിയ പങ്കുണ്ടെന്ന്‌ തോന്നുന്നില്ല. ആർജ്ജിത സ്വഭാവങ്ങൾ വ്യക്തിഗതമാറ്റങ്ങൾ മാത്രമേ ഉണ്ടാക്കൂ. തലമുറകളായി കൈമാറ്റം ചെയ്യപ്പെടാൻ പാകത്തിലുള്ള ജനിതകമാറ്റങ്ങൾ മാത്രമേ പരിണാമത്തെ സഹായിക്കൂ. ഒരു വ്യക്തി എങ്ങനെ പരിണമിച്ചിട്ടും കാര്യമില്ല അയാൾ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ. ഉസ്മാൻ ഹാജി വാസക്റ്റമിക്ക്‌ ശേഷം മാനായോ മയിലായോ മാറിയിട്ട്‌ കാര്യമില്ല. അത്‌ അയാളോടെ അവസാനിക്കുന്നു. ഇനി ഒന്നോ രണ്ടോ തലമുറകൾ മാത്രം കൈമാറ്റം ചെയ്യപ്പെടാവുന്ന സവിശേഷതകളും പരിണാമത്തിൽ വരികയില്ല. കാരണം അത്‌ ആ തലമുറകളോടെ അവസാനിക്കും.
വിൻസ്മേൻ എലികളിൽ വാലു മുറിച്ചു നടത്തിയ പരീക്ഷണങ്ങളിൽ ലമാർക്കിന്റെ പരിണാമത്തിലെ ചാലകശക്തിയായ 'ആർജ്ജിത സ്വഭാവം തലമുറകളിലൂടെ പകരും' എന്ന വാദം തെറ്റാണെന്ന്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. (എലികളിൽ വാലുമുറിച്ച്‌ പരീക്ഷണശാലകളിൽ നടത്താതെ തന്നെ ഇത്‌ തെറ്റാണെന്ന്‍ തെളിയിക്കാനുള്ള ഭൗതിക സാഹചര്യം നമ്മുടെ ഇടായിൽ ഉണ്ട്‌. ഒരു പക്ഷെ വിൻസ്‌മേൻ മുസ്ളിംഗളിലെ സുന്നത്തിനെ പറ്റി കേട്ടു കാണില്ല. പാവം എലികളുടെ ദൗർഭാഗ്യം. കേട്ടിരുന്നെങ്കിൽ ഒറ്റ മുസ്ളിം കുട്ടി പോലും ലിംഗാഗ്രചർമ്മമില്ലാതെ ജനിക്കുന്നില്ല കഴിഞ്ഞ ആയിരത്തി അഞ്ഞൂറു വർഷമായ്‌ തുടർച്ചയായി അത്‌ ചേദിച്ചുകൊണ്ടിരുന്നിട്ടും എന്ന്‌ അദ്ദേഹത്തിനു മനസ്സിലാക്കാമായിരുന്നു)
പ്രകൃതി എല്ലാ ഓരോ വ്യക്തികളിലും ഇടപെടുന്നുണ്ട്‌. സ്പീഷീസുകളിൽ എല്ലാ ജീവികളും സമാനതകാണിക്കുമ്പോൾ തന്നെ വ്യക്തികളിൽ അവ വ്യതിയാനവും കാണിക്കുന്നുണ്ട്‌. സ്പീഷീസ്‌ ജെനുസിലും ജെനുസ്‌ ഫാമിലിയിലും ഇതേപോലെ വ്യതിയയാനങ്ങളും സമാനതകളും കാണിക്കുന്നുണ്ട്‌. അങ്ങനെ മുകളിലോട്ടും
ലാമാർക്കിസം പരിണാമത്തിൽ സ്വാധീനം ചെലുത്താം എന്ന ചില പഠന റിപ്പോർട്ടുകൾ നൂറുകൊല്ലത്തിനു ശേഷം ഈ അടുത്തകാലത്ത്‌ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു. അതിന്‌ ഉപോത്ഭലകമായത്‌ എപ്പിജെനിറ്റിക്സിലെ ചില നിഗമനങ്ങളായിരുന്നു. എപ്പിജെനെറ്റിക്സ്‌ ഡി. എൻ എ സീക്വൻസുകളെ കുറിച്ചു പഠിക്കുന്ന ശാഖയാണ്‌. ഇത്‌ ഡി. എൻ ഏ അക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന രാസ ടാഗുകളെ പരിശോധിക്കുന്നു. ഈ ടാഗുകൾ ഡി എൻ എയുടെ പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച്‌ ചില ജീനുകളെ പ്രവർത്തന നിരതമാക്കാനും ചിലവയെ നിശ്ചലമാക്കാനും ഈ ടാഗുകൾക്ക്‌ കഴിയും. ചുറ്റുപാടുകൾ തീരുമാനിക്കും ഈ രാസ ബന്ധനങ്ങൾ എവിടെ എപ്പോൾ വേണമെന്ന്‌. അതായത്‌ ആർജ്ജിത സ്വഭാവങ്ങൾക്കനുസരിച്ച്‌ ജീനുകളെ ഓൺ, ഓഫ്‌ ആക്കാൻ ഈടാഗുകൾക്ക്‌ കഴിയും. ഇത്‌ എവിടെയെങ്കിലും ലാമാർക്ക്‌ ശരിയാണെന്ന്‌ സൂചിപ്പിക്കുമോ? എന്നാൽ, ലളിത ജൈവ ഘടനയുള്ള ജീവികളിൽ പ്രകൃതി ഇടപെടുമ്പോലെയല്ല സങ്കീർണ ജനിതക ഘടനയുള്ള സസ്തനികൾ പോലുള്ളവയിൽ ഇടപെടുന്നത്‌. ഓരോ ജീവിക്കും ഓരോ പരിണാമ ചരിത്രമാണുള്ളത്‌.
രണ്ട്‌ തരത്തിൽ പ്രോഗ്രാം ചെയ്യപ്പെടലിനും ശുദ്ധീകരണത്തിനും വിധേയ മാകുന്ന സസ്തന ജീനുകളിൽ നിന്ന്‌ ഇമ്മാതിരി ബന്ധനങ്ങലെല്ലാം നീക്കം ചെയ്യപ്പെടുന്നു. ബീജസങ്കലനം നടക്കുമ്പോഴും ലൈംഗിക കോശ (സെക്സ്‌ സെൽ) രൂപീകരണ വേളയിലും.
ചുരുക്കത്തിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാൻ ഇമ്മാതിരി മാറ്റങ്ങൾക്ക്‌ ത്രാണിയില്ല. ലാമാർക്കിന്റെ ഭൂതത്തിനു വീണ്ടും കുടത്തിൽ തന്നെ വിശ്രമിക്കാം. അല്ലെങ്കിലും ചുറ്റുപാടുകൾ ജീവികളുടെ ജനിതകത്തിൽ ഇടപെടും എന്നത് ലാമാർക്കിസം ആകുന്നില്ല. മറിച്ച് ജീവികൾ ആർജ്ജിക്കുന്ന കഴിവുകൾ പാരമ്പര്യമായി പകരും എന്നതാണ്‌ ലാമാർക്കിസം. അതിനാൽ എപിജെനിറ്റിക്സിൽ ലാമാർക്കിസം ഇല്ല


(വിവരങ്ങൾ അലെക്സ്‌ ബെർസോവിന്റെ, പി. എച്‌. ഡി ഇൻ മൈക്രോ ബയോളൊജി, ലേഖനത്തിൽ നിന്ന്. അപൂർവം ചില സസ്യങ്ങളിലും പുഴുക്കളിലും മറ്റും ഈ ബന്ധനങ്ങൾ പാരമ്പര്യമായി പകരാമെന്ന്‌ ഈ ലേഖൻത്തിൽ കാണുന്നുണ്ട്‌ എന്നത്‌ വിസ്മരിക്കുന്നില്ല)

Thursday, February 5, 2015

കെ. വേണു



(FB യിൽ ദീർഘമായ ചർച്ചയ്ക്ക് വിധേയമായ ലേഖനം)


ഞാൻ പണ്ടുമുതലേ വളരെ ഗൗരവപൂർവം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഏതാനും ചില കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ്‌. എന്റെ ഒരു നിരീക്ഷണത്തിൽ ബുദ്ധി ഉപയോഗിക്കാൻ കഴിവുള്ള വളരെ ചുരുക്കം കമ്മ്യൂണിസ്റ്റ്‌ ചിന്തകരിൽ ഒരാൾ. ഇക്കാര്യത്തിൽ ഇ. എം എസ്‌ പോലും വേണുവിന്റെ നാലഴലത്ത്‌ വരില്ല. കൂടാതെ വേണു കമ്മ്യൂണിസത്തിന്റെ (കമ്മ്യൂണിസം എന്നത്‌ ഒരു പൊതു പ്രയോഗം) മൂർച്ചയിൽ നടന്ന ആളും സഖാവ്‌ ഇ. എം അതിന്റെ പിടിയിൽ നടന്ന ആളുമാണ്‌. 
മാർക്സിസത്തിൽ ഒരു വിശകലന രീതിയുണ്ടെന്നും അതാണ്‌ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും (ജനാധിപത്യ സങ്കല്പ്പം) വേണു വിശ്വസിച്ചു, പിന്നീട്‌ അതൊക്കെ ഉപേക്ഷിച്ചെങ്കിലും. ഇത്‌ തന്നെ വേണുവിൽ ചിന്തയുണ്ടെന്നതിനുള്ള മികച്ച തെളിവാണ്‌. മാത്രമല്ല അത്‌ ശാസ്ത്രീയമാണെന്നും. അങ്ങനെയെങ്കിൽ അതിനു പ്രവചനശേഷിയുണ്ടാകണം. എങ്കിൽ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ പാർട്ടികളിൽ നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച്‌, പൂർണ്ണമായി ശരിയാകുന്നില്ലെങ്കിലും (സാമൂഹ്യശാസ്ത്രങ്ങൾ എമ്പിരിക്കൽ സയൻസ്‌ പോലെ പ്രവർത്തിക്കില്ല) അങ്ങനെ ഒരു ശേഷിയെങ്കിലും ഉണ്ടാകണം, ഒരു പ്രവചനത്തിലെത്താൻ അതിനു കഴിയണം. ഈ വിശ്വാസത്തിലൂന്നിയാണോ എന്നറിയില്ല 1980 കളുടെ അവസാനത്തിൽ റഷ്യ തകരാൻ പോകുകയാണെന്ന്‌ വേണു ചൂണ്ടിക്കാണിക്കുകയുണ്ടായി. (ചെൻ എർജിനുള്ള മറുപടിയാണോ ഇനി അതല്ല കമ്മ്യൂണിസം ഇൻ ക്രോസ്സ്‌ റോഡ്‌ ആണോ മറ്റേതെങ്കിലും ലേഖനത്തിലാണോ എന്നൊന്നും ഇന്ന്‌ ഓർക്കാനാവുന്നില്ല) അന്ന്‌ കേരളത്തിലെ സഖാക്കൾ റഷ്യൻ സ്നേഹം മൂത്ത്‌ ചെക്കോട്ടി എന്ന പേര്‌ ചെക്കോട്യോവ്‌ എന്നും കുഞ്ഞിക്കണ്ണൻ എന്നത്‌ കുഞ്ഞിക്കണ്ണൻസ്കി (ഈഴവന്മാരായിരുന്നു അധിക സഖാക്കളും) എന്നും മാറ്റി വിളിക്കാൻ വരെ ഇഷ്ടപ്പെട്ടിരുന്ന സമയത്താണിത്‌. 1990 കളുടെ തുടക്കത്തിൽ കേവലം രണ്ട്‌ വാക്കുകളുടെ മന്ത്രശക്തിയാൽ റഷ്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. ആദിയിൽ വചനമുണ്ടായി, വചനം ഗ്ളാസ്നൊസ്ത്‌, പെരിസ്ത്രോയിക്ക എന്ന രൂപത്തിലായിരുന്നു. ചരിത്രം എല്ലാവർക്കും അറിയാം
ചോദ്യം. വേണു നിരീക്ഷിക്കുന്നത്പോലെ വൈ.ഭൗ ഒരു ശാസ്ത്രീയ നിർണയന പദ്ധതിയാണെങ്കിൽ (ഇതൊരു അന്തവിശ്വാസമാണ്‌. അത്‌ മറ്റൊരു ചർച്ചയാണ്‌) അതിനു പ്രവചനശേഷിയുണ്ടാകണ്ടെ? കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക്‌ എന്തുകൊണ്ട്‌ റഷ്യയുടെ പതനം മുങ്കൂട്ടി കാണാനായില്ല?

റഷ്യതകർന്ന ഉടനെ പത്രക്കാർ സഖാവ്‌ ഇ. എം എസിനെ സമീപിച്ചു. അന്നത്തെ ഗ്രാന്റ്‌ മുഫ്തി എന്ന നിലയ്ക്ക്‌ ആദ്യമറുപടി, ഫത്വ തുടങ്ങിയവ വരേണ്ടിയിരുന്നത്‌ അദ്ദേഹത്തിൽ നിന്നാണ്‌. അണികൾ പിന്നെ അതിന്റെ പ്രതിധ്വനികൾ ആവുകയാണ്‌ ചെയ്യുക (കമ്മ്യൂണിസം മതമാകുന്നു എന്ന എന്റെ വാദത്തിനുള്ള ഒരു തെളിവ്‌) `അതെക്കുറിച്ച്‌ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്‌` എന്നായിരുന്നു ആദ്യ മറുപടി. ആറുമാസക്കാലം ഈ മറുപടിയിൽ രമിക്കുകയായിരുന്നു മാർകിസ്റ്റ്‌ ലോകം. അത്‌ കഴിഞ്ഞ്‌ അണികളിൽ ചിന്തിക്കുന്നവർ തന്നെ മുറുമുറുക്കാൻ തുടങ്ങി. അപ്പോൾ ഒരു വിശകലനത്തിന്‌ ഇ. എം എസ്‌ നിർബന്ധിതനായി. സാമ്രാജ്യത്തിന്റെ ഇടപേടൽ മൂലം റഷ്യ തകർന്നു എന്നായിരുന്നു അത്‌. ഇതൊക്കെ അക്കാലത്തെ പത്രം വായിച്ചിട്ടുള്ളവർക്ക്‌ തന്നെ ഇന്നും ഓർമ്മയുണ്ടാകണം. ഈ ഉത്തരം അണികൾക്ക്‌ തൃപ്തികരമായിരുന്നു. എന്നാൽ, ഇതിലെ പരിഹാസ്യത എന്നത്‌ ഇക്കാലമത്രയും മികച്ചതെന്നും നമ്മുടെ ശത്രുക്കളേക്കാൾ ശക്തമെന്നും പ്രചരിപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അഞ്ച്‌ പൈസയുടെ ആയുധച്ചെലവില്ലാതെ അമേരിക്ക തകർത്തു എന്ന്‌ പറയുന്നതാണ്‌. ഇങ്ങനെ ഒരു ചോദ്യം അണികൾ ഉന്നയിക്കില്ല എന്ന ധൈര്യത്തിലാണ്‌ ഇമ്മാതിരി (മറ്റൊരു മത സ്വഭാവം. ഉസ്താദ്‌ പറഞ്ഞാൽ സത്യമായിരിക്കും. ചോദ്യം ചെയ്യാൻ പാടില്ല) ഉത്തരങ്ങൾ വെച്ചുകാച്ചുന്നത്‌.
അല്ലെങ്കിലും ചില മയക്കമുണ്ടാക്കുന്ന എന്തിനും ഉപയോഗിക്കാവുന്ന ചില വാക്കുകളാണ്‌ എക്കാലത്തും കമ്മ്യൂണിസ്റ്റ്കാരുടെ ആയുധം (മറ്റൊരു മത സ്വഭാവം) എല്ലാ ഉദാഹരണങ്ങളും എടുത്തുന്നയിക്കുന്നില്ല. ഈ അടുത്തകാലത്ത്‌ പോപ്പുലറാവുകയും പിന്നീട്‌ അശ്ളീലമാവുകയും ചെയ്ത ഒരു പദപ്രയോഗമാണ്‌ ആഗോളവല്കരണം. എല്ലാറ്റിനുമുള്ള ഒറ്റമൂലിയായി പിന്നീട്‌ ആ വാക്ക്‌ (കമ്മ്യൂണിസ്റ്റ്‌ ഡിക്ഷ്ണറിയിൽ ഇമ്മാതിരി ഒറ്റമൂലി വാക്കുകൾ നിരവധിയാണ്‌) എന്തിനും ഇത്‌ പ്രയോഗിച്ചാൽ മതി. ഒരു ആലൊചനയുടേയും അധ്വാനം ആവശ്യമില്ല.ആരെയും നേരിടാനാവും. എന്തുകൊണ്ടാണ്‌ മച്ചിങ്ങ കൊഴിയുന്നത്‌? ആഗോളവല്കരണം മൂലം നമ്മുടെ കാലവസ്ഥയ്ക്ക്‌ അനുയോജ്യമല്ലാത്ത വളം ഇറക്കുമതി ചെയ്യേണ്ടി വന്നു കർഷകൻ. ആ വളം മച്ചിങ്ങ കൊഴിച്ചിലിനു കാരണമാകുന്നു. ശുഭം. ഇത്‌ ആനന്ദ്‌ മനോഹരമായി ഡൽഹിയിലെ ചേരിപ്രദേശത്തെ പ്രശ്നങ്ങൾ എന്തുകൊണ്ടാണെന്നുള്ളതിനു സഖാക്കൾ നല്കാവുന്ന മറുപടി എന്നപേരിൽ കളിയാക്കുന്നുണ്ട്‌. നഴ്സറികുട്ടികളോട്‌ സംസാരിക്കുന്ന ഒരു സഖാവ്‌ ആഗോളവല്കരണം എടുത്തു കാച്ചുന്നത്‌ ഞാൻ കണ്ട് ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്‌. ഒടുക്കം ‘ആ’ എന്നു ‘ഗോ’ എന്നും അടുത്തടുത്ത്‌ വരുന്ന പദങ്ങൾ ഉപയോഗിക്കുന്നതുകണ്ടാൽ അടിയായിരിക്കും എന്ന്‌ ഭീഷണിപ്പെടുത്തിയിട്ടാണ്‌ പല സഖാക്കളും അത്‌ ഉപേക്ഷിക്കുന്നത്‌. ഇന്നും അതിന്റെ ഡിലിറ്റാവാതെ ബാക്കിയായ പദ എച്ചിലുകൾ അവരിൽ നിന്ന്‌ അറിയാതെ പുറത്തു ചാടുന്നത്‌ കാണാം. ലേശം കാടുകയറിപ്പോയി. ഞാൻ പറഞ്ഞുവരുന്നത്‌ വേണുവിനെ കുറിച്ച്‌
ഫ്രീ തിങ്കേഴ്സിന്റെ പ്രതിമാസ ക്ളാസിൽ മതേതരത്വത്തെ പറ്റിയുള്ള ക്ളാസ്സിൽ ചൈന വലിയ കാലം ഇങ്ങനെ മുന്നോട്ട്‌ പോകില്ല എന്ന്‌ വേണുപ്രവചിക്കുന്നുണ്ട്‌. എല്ലാ മതങ്ങളും തങ്ങൾ എതിർക്കുന്ന വിശ്വാസങ്ങളുടെ വെള്ളം ചേർത്താണ്‌ തങ്ങളുടെ മതനഗളെ നില നിർത്തുന്നത്‌. മതങ്ങൾ ശാസ്ത്രത്തെ എന്ന പോലെ ചൈന മുതലാളിത്തെത്തെ. എന്നാൽ അതും ബൂർഷ്വ ജനാധിപത്യം എന്ന്‌ കമ്മ്യൂണിസ്റ്റുകാർ കളിയാക്കുന്ന ഭരണസംവിധാനത്തിലേക്ക്‌ മാറും എന്നാണ്‌ വേണുവിന്റെ പ്രവചനം. അതെന്തെങ്കിലുമാവട്ടെ. അത് നടക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കണാം 
ഇതൊന്നുമല്ല ഈ ലേഖനത്തിന്റെ കാരണം. ഇങ്ങനെ ചിന്താപരമായി ഔന്നത്യം പുലർത്തുന്ന വേണു യുക്തിവാദത്തെ പറ്റി പറഞ്ഞത്‌, പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞതാവാം, അല്ലെങ്കിൽ യുക്തിവാദത്തെ അങ്ങനെ ഗൗരവമായി മനസ്സിലാക്കാൻ ശ്രമിക്കാത്തതിനാലാവാം. ഞാനും പണ്ട്‌ യുക്തിവാദിയായാണ്‌ തുടങ്ങിയത്‌ (സകല മതക്കാരും ഇത്തരം അവകാശവാദം ഉന്നയിക്കാറുണ്ട്‌. എന്നാൽ വേണുവിന്റേത്‌ ആ നിലയ്ക്ക്‌ കാണണ്ട). യുക്തിവാദികൾ മതം, അന്ധവിശ്വാസം തുടങ്ങിയവയിൽ മാത്രം ശ്രദ്ധയൂന്നുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങൾ ഇങ്ങനെ പരിഹരിക്കാനാവില്ല. ഇതൊരു ന്യൂനീകരണമാണ്‌. സാമ്പത്തികാസമത്വം പരിഹരിച്ചാൽ സകലതും പരിഹരിക്കപ്പെടും എന്ന ഒരുതരം സാമ്പത്തിക ന്യൂനീകരണം ഒരു കാലത്ത്‌ വെച്ച്‌ പുലർത്തിയിരുന്ന ആളാണ്‌ വേണു പിന്നീട് അദ്ധേഹം അത് ഉപേക്ഷിച്ചു. ഇതും അത്രയേയുള്ളൂ. കേവല യുക്തിവാദികൾ എന്ന്‌ കമ്മ്യൂണിസ്റ്റുകാർ യുക്തിവാദികളെ കളിയാക്കിവിളിക്കുന്നത്‌ തന്നെയാണ്‌ ഇതും.

KYS ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന കെ വേണുവിൽ നിന്നാണ്‌ ഇമ്മാതിരി ഒരു കമന്റ് എന്നതാണ്‌ ഈ ലേഖനത്തിന്റെ പ്രസക്തി
യുക്തിവാദ സംഘടനകൾ പലതും അവരുടെ പ്രവർത്തനത്തിൽ ഇമ്മാതിരി ചില ന്യൂനീകരണങ്ങളിൽ പെട്ടു പോയിട്ടുണ്ട്‌. അത്‌ ഒരു തരം സമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്‌. സൗദിയിൽ എല്ലാ സംഘടനകളും ജീവകാരുണ്യപ്രവർത്തനത്തിലാണ്‌ എങ്ങനെയായാലും ഒടുക്കം എത്തിപ്പെടുക. ഗൾഫുകാരൻ വീടു വെയ്ക്കുക എന്നതിനപ്പുറം ഒരു ഉല്പാദനപ്രക്രിയയിൽ പങ്കാളികളാവുകയില്ല. അങ്ങനെ അങ്ങനെ. എന്നാൽ, യുക്തിവാദം ഒരു സംഘടനയല്ല. സംഘടന എന്നത്‌ അതിന്റെ കൂട്ടായ്മയുടെ രൂപം മാത്രമാണ്‌. സംഘടനയായാൽ അതിന്റെ ശീലക്കേടുകൾ പുറകെ വരും. യുക്തിവാദം എന്നാൽ മത നിരാസവും നിരീശ്വരവും അന്ധവിശ്വാസ നിർമാർജ്ജനവും അല്ല. അവയൊക്കെ യുക്തിവാദത്തിന്റെ ഉല്പന്നങ്ങൾ മാത്രമാണ്‌. സത്യ സന്ധനായ യുക്തിവാദി തന്റെ നിർണയന രീതിയായ യുക്തിവാദം ഉപയോഗിച്ച്‌ കണ്ടെത്തുന്ന നിഗമനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്‌ എന്നതിനാലാണ്‌ അയാൾ നിരീശ്വരനും നിർമതനും ആകുന്നത്‌. ഇക്കാലത്ത്‌ നിരീശ്വരം നിർമതം തുടങ്ങിയവയിൽ (ഇതാണ്‌ യുക്തിവാദത്തിന്റെ ഗ്ളാമർ ഉല്പന്നങ്ങളെങ്കിലും) യുക്തിവാദത്തിനു കാര്യമായൊന്നും ചെയ്യാനില്ല. അതൊക്കെ മുങ്കടന്നവർ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്‌. അത്‌ വിശകലന വിധേയമാക്കി കാലികമായി ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ആധുനിക ശാസ്ത്രത്തിന്റെ കരുത്തുറ്റ കൂട്ടും അയാൾക്കുണ്ട്‌.
യുക്തിവാദം എന്നത്‌ നേരത്തെ പറഞ്ഞ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള മെഷിനറിയാണ്‌. ഈ വ്യത്യാസമാണ്‌ വേണുവിനു പിടികിട്ടാതെ പോയത്. അതില്ലാതെ വേണുവിനും മതവിശ്വാസിക്കും ഒന്നും നില്കാനാവില്ല. പൊരുത്തക്കേടുകൾ വിശകലനം ചെയ്യുന്ന ഒരു നിർണയന രീതിയാണത്‌. ഒരു തക്കാളി എടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കുന്നില്ലേ അതാണ്‌ യുക്തിവാദം. അതിൽ നിന്ന്‌ സെലക്റ്റ്‌ ചെയ്തെടുക്കുന്ന തക്കാളിയാണ്‌ അതിന്റെ ഉല്പന്നം. ഇത്‌ തെരഞ്ഞെടുക്കാൻ നല്ല തക്കാളിയുടെ ഗുണങ്ങൾ നിങ്ങളുടെ തല്ച്ചോറിൽ നേരത്തെ ഫീഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ മാനദണ്ഡം ഉപയോഗിച്ചാണ്‌ ഞെക്കിയും നിറം നോക്കിയും കേടു നോക്കിയും നിങ്ങൾ നല്ല തക്കാളി എന്ന നിഗമനത്തിൽ എത്തുന്നത്‌. ഈ വിശകലന രീതി ഉപയോഗിക്കാതെ വേണുവിനെന്നല്ല ആർക്കും നില്ക്കാനാവില്ല. ഏറ്റ കുറച്ചിലുണ്ടാകാം. വേണു ഈ യുക്തിവാദം ഭംഗിയായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്‌. ഇത്‌ മനുഷ്യന്റെ നിത്യ ജീവിതത്തിൽ അവനെ ബാധിക്കുന്ന എന്തിനും വിശകലനരീതിയായി ഉപയോഗിക്കാം. മാനദണ്ഡങ്ങൾ പലതായിരിക്കും എങ്കിലും. തക്കാളിയുടെ മാനദണ്ഡം തുണിക്ക്‌ വെയ്ക്കാനാവില്ല.
എങ്കിൽ മതവിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒരു വിശ്വാസി സ്വന്തം വിശ്വാസങ്ങളിൽ യുക്തിയുടെ ടോർച്ചടിച്ചു നോക്കുകയില്ല എന്നതാണ്‌ അത്‌. അത്‌ മാത്രമാണ്‌
ഇനി ഇക്കാലത്ത് യുക്തിവാദ സംഘടനകൾ (ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഒരു യുക്തിവാദ സംഘടനയിലും അംഗമായിട്ടില്ല, കാര്യമായ യുക്തിവാദനേതാക്കളുമായി പരിചയമില്ല, അത്തരം മികച്ചഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല. ഇതൊന്നും യുക്തിവാദിയായിരിക്കനുള്ള മാനദണ്ഡ,മായി കരുതുന്നില്ല)ചില ന്യൂനീകരണങ്ങളിൽ പെടുന്നുണ്ടെങ്കിൽ അത് സ്പെഷ്യലൈഷന്റെ ഭാഗമായി കണ്ടാൽ മതി. ഓരോരുത്തർ അവർക്ക താല്പര്യമുള്ള മേഖലയിൽ പ്രവർത്തിക്കട്ടെ. അതിൽ തന്നെ ഹിന്ദുവിരുദ്ധ. കൃസ്ത്യൻ വിരുദ്ധ, ഇസ്ലാമിക വിരുദ്ധ തുടങ്ങി പിന്നെയും സ്പെഷ്യലൈസേഷൻ ഉണ്ടാകട്ടെ, അതിലെന്തിരിക്കുന്നു.
മത (മതം പോലെ പ്രവർത്തിക്കുന്ന സകലതും) മലീസമായ നമ്മുടെ ചുറ്റുപാടുകളെ മനുഷ്യനു ജീവിക്കാനുതകും വിധം തിരിച്ചൂപിടിക്കലാണ്‌ യുക്തിവാദിയുടെ ഉത്തരവാദിത്വം എന്ന് എനിക്ക് തോന്നുന്നു