Wednesday, February 8, 2012

മാജിക്‌ ഒരു തട്ടിപ്പിന്റെ കല


മാജിക്‌ ഒരു തട്ടിപ്പിന്റെ കലയാണ്‌. വളരെ ഭംഗിയായി നിങ്ങളുടെ ഇന്ദ്രിയങ്ങളെ മറയ്ക്കാനുള്ള കഴിവാണ്‌ കലാകാരന്റെ വിജയം. ഇത്‌ തട്ടിപ്പിന്‌ വേണ്ടിയും കലയ്ക്ക്‌ വേണ്ടിയും ഉപയോഗിക്കാം. മേജിക്കിൽ അത്ര വിദഗദനല്ലായിരുന്നിട്ടും വളരെ വിദഗ്ദമായി ഈ കലയെ തട്ടിപ്പിന്‌ ഉപയോഗിച്ചിരുന്ന ആളായിരുന്നു സായിബാബ. എന്നാൽ, ലോകോത്തര നിലവാരത്തിലുള്ള മെജീഷ്യനായിട്ടും ഇതിനുള്ളിൽ ശാസ്ത്രമാണെന്നും ട്രിക്സാണെന്നും ചങ്കൂറ്റത്തോടെ പറയുന്ന ആളാണ്‌ മുതുകാട്‌, മറ്റു പല മേജിക്കുകാരും. (സല്യൂട്ട്‌) രണ്ട്‌ ധാരകൾക്കും ഓരോ ഉദാഹരണങ്ങൾ മാത്രമാണ്‌ മേൽ പറഞ്ഞത്‌.
എന്നാൽ, ചിലർക്ക്‌ ഇത്‌ ദുഷ്ടശക്തികളെ പ്രീതിപ്പെടുത്തിനടത്തുന്ന എന്തോ ആഭിചാരക്രിയയാണ്‌. ശാസ്ത്രം പലമേഖലകളിലേയും അദ്ഭുതങ്ങളെ തുറന്നുകാട്ടുകയും പല മെജീഷ്യരും ഇതിന്റെ രഹസ്യങ്ങൾ പരസ്യമാക്കുകയും ചെയ്ത ഇക്കാലത്തും പഴയ അന്ധവിശ്വാസം തുടരുകതന്നെയാണ്‌. ഒരു അഭൗമമായ ദുഷ്ടശക്തികളേയും യാഗമോ നേർച്ചയോ കൊണ്ട്‌ തൃപ്തിപ്പെടുത്താതെ തന്നെ പരിശീലനം കൊണ്ട്‌ താല്പര്യമുള്ള ആർക്കും വശത്താക്കാവുന്നതാണ്‌ മേജിക്‌. അദ്ഭുതം എന്നത് അറിവില്ലായ്മയുടെ വികാരപ്രകടനമാണ്‌.

സൗദി അറേബ്യ ഇപ്പോഴും മേജിക്കിനെ ചെകുത്താനെ കൂട്ടുപിടിച്ചു നടത്തുന്ന ആഭിചാരപ്രക്രിയയായിട്ടാണ്‌ കണക്കാക്കിയിരിക്കുന്നത്‌. നൂറ്റാണ്ടുകളായി പുനർ വിചിന്തനത്തിന്‌ തയ്യാറാവാത്ത അവരുടെ മറ്റു പല അന്ധവിശ്വാസങ്ങളും പോലെ. മേജിക്ക് കലാകരന്മാർ അവിടെ ശിക്ഷയ്ക്ക് വിധേയരാവും. കാരണം അവർ ചെകുത്താനെ ആരാധിക്കുന്നവരാണ്‌. എന്നാൽ, പ്രവാചകരിൽ പലരും തങ്ങളുടെ ദൈവികാനുഗ്രഹത്തിന്‌ തെളിവായി ഈ കലയെ ഉപയോഗിച്ചത്‌ കാണാം. മൂസ്സ (മോശെ) അന്നാട്ടിലെ മേജിക്കുകാരെ വെല്ലു വിളിച്ചു വടി പാമ്പാക്കി. ഈസ്സ (യേശു) അഞ്ചപ്പവും മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടി, അന്ധന്‌ കാഴ്ച്ചനല്കി, അന്ത്യ പ്രവാചകൻ ചന്ദ്രനെ പകുത്തു. (പ്രവാചകന്റെ പ്രവർത്തികൾ സുന്നത്താവുമെങ്കിൽ അതിന്റെ ചുവടു പിടിച്ച് ഇതും സുന്നത്താക്കാവുന്നതേയുള്ളൂ)

ഒരു രൂപയുടെ നോട്ട് നൂറുരൂപയാക്കിമാറ്റുന്നത് തെരുവു മേജിക്ക്കാർ മുതൽ ലോകോത്തര മെജീഷ്യർ വരെ ഇന്നും കാണിക്കുന്ന വിദ്യയാണ്‌. ഇത് ചെകുത്താനെ പിടിച്ചു നടത്തുന്ന വിദ്യയായിരുന്നു എങ്കിൽ അയാളെന്തിന്‌ പണമുണ്ടാക്കാൻ ഇങ്ങനെ കഷ്ടപ്പെടണം? വീട്ടിലിരുന്ന് നോട്ടുണ്ടാക്കിക്കൊണ്ടിരുന്നാൽ പോരെ? ഒരു യുക്തിവാദി ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിലൂടെ തന്നെ തിരിച്ചറിയും ഇതിലെന്തോ തട്ടിപ്പുണ്ടെന്ന്. ഈ ചോദ്യം ചോദിക്കാൻ അയാൾക്ക് മേജിക്കിന്റെ ഏബിസീഡി അറിഞ്ഞിരിക്കണമെന്നില്ല. യുക്തിഭദ്രമായി കാര്യങ്ങളെ സമീപിക്കാനുള്ള കഴിവുണ്ടായാൽ മതി (വളരെ ഭംഗിയായി മടക്കിയ നൂറുരൂപ ഒരു രൂപയുടെ പുറകിൽ ഒട്ടിച്ച് ഒളിപ്പിച്ച് നിർത്തിയാണ്‌ മെജീഷ്യൻ ഇത് കാണിക്കുന്നത്. അത് നൂറ്റൊന്നു രൂപയാണ്‌ ഒരു രൂപയല്ല. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അയാൾ നോട്ട് തിരിക്കുന്ന ആംഗിളിൽ തിരിച്ചാൽ മടക്കിയ നോട്ട് അയാൾ നിവർത്തുമ്പോലെ നിവർത്താനാവില്ല എന്ന്. എന്നുപറഞ്ഞാൽ നോട്ടു മടക്കുന്നതിലും നിവർത്തുന്നതിലും വളരെയധികം കയ്യടക്കവും സൂക്ഷ്മതയും പാലിച്ചില്ലെങ്കിൽ സംഗതി പാളീസ്സാകും) അപ്പോൾ യുക്തിവാദി ഇതുകാണുന്നതും രസിക്കുന്നതും പോലെയല്ല ഒരു അന്ധവിശ്വാസി അതിനെ കാണുന്നതും രസിക്കുന്നതും. ഈ മാറ്റം മുതലെടുത്താൽ അല്ലെങ്കിൽ വളർത്തിയെടുത്താൽ അന്ധവിശ്വാസിയെ ഒരു തട്ടിപ്പുകാരന്‌ അയാളുടെ വഴിയെ നടത്താനാകും.
യൂറിഗല്ലാറിന്റേയും (സ്പൂണുകൾ ‘മനശ്ശക്തികൊണ്ട്’ വളയ്ക്കുന്ന വിദ്യ)പീറ്റർ പപ്പോഫിന്റെയും (ആലേലൂയ്യ) തട്ടിപ്പുകൾ ജയിംസ് റാന്റി പൊളിച്ചടുക്കുന്നത് യൂറ്റ്യൂബിൽ കാണാം. ഇതൊന്നും ചിന്തിക്കാനാവാത്തതിനാൽ, ചിന്തയ്ക്ക് വിലങ്ങുള്ളതിനാൽ സൗദി അറേബ്യ ഇപ്പോഴും മേജിക്കിനെ അന്തവിശ്വാസം കൊണ്ട് നിരോധിച്ചിരിക്കുന്നു. തങ്ങൾക്ക് ചെയ്യാനാവാത്ത ഒന്ന് ദൈവികശക്തിയാൽ കാണിച്ചുകൊടുത്താൽ ലോകത്തുള്ള മുഴുവൻ യുക്തിവാദവും തകർന്നു പോകും.

No comments:

Post a Comment