ജൈവ പരിണാമത്തിനോട് വിരോധമുണ്ട് എന്നതിനാൽ
പരിണാമം എന്ന പദം തന്നെ ചതുർഥിയാണ് പലർക്കും. പരിണാമം എന്നതിന് “ഒരു അവസ്ഥയിൽ
നിന്ന് ക്രമമായി മറ്റൊരു അവസ്ഥയെ പ്രാപിക്കുക എന്നാണ്” അർഥം. ജൈവ പരിണാമത്തെ
പേടിച്ച് പരിണാമം എന്ന് കേൾക്കുമ്പോൾ തന്നെ ചുവപ്പുകണ്ട കാളയെ പോലെയാണ് ചിലർ.
(ബ്ളോഗ് ചർച്ചകൾ) സത്യത്തിൽ അവർക്ക് പരിണാമത്തിലോ വിശേഷിച്ച് ജൈവപരിണാമത്തിലോ
ഒരു ഗന്ധവും കാണില്ല. തങ്ങളുടെ വിശ്വാസങ്ങൾക്കനുസൃതമായ് മറ്റാരോ പ്രകടിപ്പിച്ച
അഭിപ്രായങ്ങളുടെ മെഗഫോണുകൾ മാത്രമാവും അവർ. ഇതൊക്കെ ശരിയാണോ എന്നറിയാൻ നിരീക്ഷണങ്ങൾ
നടത്തുകയോ മൂലഗ്രന്ഥങ്ങൾ വായിച്ച് ഉറപ്പ് വരുത്തുകയോ ചെയ്യുകയില്ല. ഏറ്റവും പുതിയ
വിവരങ്ങൾ കണ്ട് പിടിച്ച് `അപ്റ്റു ഡേറ്റാവുക എന്ന പരിപാടിയൊന്നും തീരെ ചെയ്യില്ല.
എതിരാളിയുടെ വാദങ്ങളിൽ കഴമ്പുണ്ടാവുമോ പരിണാമ വാദം ഉപേക്ഷിച്ചു കഴിഞ്ഞാൽ
നമ്മളുന്നയിക്കുന്ന അത് സംബന്ധിയായ ചോദ്യങ്ങൾക്ക് നമ്മുടെ വിശ്വാസത്തിൽ നിന്ന്,
അതുമല്ലെങ്കിൽ ക്രിയേഷനൽ സയൻസ് എന്ന തട്ടിപ്പിൽ നിന്ന്, വ്യക്തവും കൃത്യവുമായ
ഉത്തരങ്ങൾ നല്കാൻ കഴിയുമോ ഇതൊന്നും അത്തരക്കാരെ അലട്ടാറില്ല. അല്ലെങ്കിൽ ഈ രീതികളിൽ
ഏറ്റവും മികച്ച ഉത്തരങ്ങൾ നല്കാൻ കഴിയുന്നതേതിനാണ് എന്നൊന്നും ചിന്തിക്കാറില്ല.
പരിണാമവാദത്തിന്റെ എതിരാളികൾ പലതരത്തിലാണ്. വിശ്വാസം സമ്മതിക്കാത്തതിനാൽ
പരിണാമം അംഗീകരിക്കാനാവാത്തവർ, ശാസ്ത്രീയമായി തന്നെ അതിൽ ന്യൂനതകളുണ്ടെന്ന്
വാദിക്കുന്നവർ തുടങ്ങി പലരും. ഇതിൽ രണ്ടാമത് പറഞ്ഞവർ പരിണാമവാദികൾ തന്നെയാണ്. അവർ
വിമർശകരാണെന്ന് മാത്രം. അവരെ പലപ്പോഴും തെറ്റിദ്ധരിച്ച് തങ്ങളുടെ കൂട്ടത്തിൽ
മാർഗം കൂട്ടാറുണ്ട് ആദ്യം പറഞ്ഞ തരക്കാർ. പലപ്പോഴും ആദ്യത്തെ കൂട്ടർ
രണ്ടാമത്തേതായി പരിണമിക്കും. വിശേഷിച്ചും തങ്ങളുടെ വിശ്വാസത്തിൽ
ഊന്നിനിന്നുകൊണ്ടുള്ള ചോദ്യങ്ങൾ വരുമ്പോൾ. എന്നിട്ട് ഇന്ന ഇന്ന വിമർശനങ്ങൾ
ഉൾകൊള്ളുന്നതിനാൽ ഈ വാദം കൊള്ളില്ല എന്ന് വരുത്തിത്തീർക്കും. പിന്നെ വേറൊരു
`ഓപഷൻ` തങ്ങളുടെ വാദമാണല്ലൊ. ഏത് സിദ്ധാന്തവും തെളിയിക്കാൻ ഇന്ന്
ശാസ്ത്രമേയുള്ളൂ എന്നത് സൗകര്യപൂർവം മറക്കും. ഇനി ശാസ്ത്രത്തിന്
തെളിയിക്കാനാവാത്തത് പിന്നെ എങ്ങനെ തെളിയിക്കും? എന്ത് പ്രവർത്തനങ്ങൾക്കും ചില
ബലങ്ങൾ ആവശ്യമാണ്. അങ്ങനെയെങ്കിൽ അവ ശാസ്ത്രീയമായി തെളിയിക്കാനും പറ്റും. ദൈവം
ഭൗതികപ്രപഞ്ചത്തിൽ ഇടപെടുന്നുവെങ്കിൽ ഭൗതികമായി നിർവചിക്കാനാവുന്ന ഒരു ബലം
ഉണ്ടാവണം. എങ്കിൽ അത് തെളിയിക്കാനും പറ്റും. പരിണാമ വാദത്തിന്റെ വിമർശകർ ഈ വാദം
ഇന്ന ഇന്ന പോരായ്മകളോ അവ്യക്തതകളോ അതിനുണ്ട് എന്നും അത് തിരുത്തി പരിണാമവാദം
ശാസ്ത്രീയമായി കൃത്യതയുള്ളതാക്കണം എന്ന് വാദിക്കുന്നവരാണ്.
ജീവികൾ എങ്ങനെ
ഉത്ഭവിച്ചു എന്നതിന് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സൃഷ്ടിവാദവും
ജൈവപരിണാമവാദവുമാണ് അവയിൽ പ്രമുഖമായത്. അവയിൽതന്നെ ജൈവപരിണാമം അതിബൗദ്ധിക
രൂപകല്പന (ഇന്റലിജെൻസ് ഡിസൈൻ) ദൈവസഹായ പരിണാമം, (തെയിസ്റ്റിക് എവലുഷൻ) എന്നിങ്ങനെ
പിന്നെയും വിഭജിക്കപ്പെടുന്നു. ഇവയിൽ ശാസ്ത്രവുമായി അടുത്തുനിൽക്കുന്നതാണ്
ജൈവപരിണാമ വാദം. ദൈവം, കോസ്മിക് ഇന്റലിജെന്റ്സ് തുടങ്ങിയവ പരീക്ഷണ
നിരീക്ഷണങ്ങൾക്ക് വിധേയമല്ലാത്തതിനാൽ അവയുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും
ശാസ്ത്രത്തിന്റെ പരിധിയിൽ ഇപ്പോൾ വരുന്നില്ല. എന്നാൽ ആളുകൾ ഇതെല്ലാം
കൂട്ടിക്കുഴച്ചാണ് അവതരിപ്പിക്കുകയും തർക്കിക്കുകയും ചെയ്യുന്നത്. ജീവികളുടെ
ഉത്ഭവം എന്ന സമാനത ഒഴിച്ച് മറ്റു പലകാര്യങ്ങളിലും ഈ സിദ്ധാന്തങ്ങൾ വലിയ
വൈരുദ്ധ്യങ്ങൾ കാണിക്കുന്നുണ്ട്. സൃഷ്ടിവാദം പരിണാമവാദവുമായി യോജിക്കാത്തത്,
ഒന്ന്- പരിണാമം ജീവന്റെ `സൃഷ്ടിയുടെ` ചരിത്രമല്ല മറിച്ച് `സൃഷ്ടിക്ക്` ശേഷമുള്ള
`മാറ്റ`ത്തിന്റെ ചരിത്രമാണ്. (മാറ്റം എന്നപദം പരിണാമത്തിന് ഉപയോഗിച്ചാൽ കാര്യങ്ങൾ
തീരെ ലളിതമായിപ്പോകും എങ്കിലും) രണ്ട്. സൃഷ്ടി എന്ന് പറയുന്നത്
ഭൗതികശാസ്ത്രത്തിലെ `ഊർജ്ജ സംരക്ഷണ നിയമം` അനുസരിക്കുന്നില്ല എന്നതിനാലൊക്കെയാണ്.
ജീവന്റെ ഉത്ഭവമല്ല ജീവികളുടെ ഉതഭവമാണ് പരിണാമം ചർച്ച ചെയ്യുന്നതെന്ന് ചാൾസ്
ഡാർവിൻ തന്നെ തന്റെ `ഒറിജിൻ ഓഫ് സ്പീഷീസിൽ` പറഞ്ഞിട്ടുണ്ട്. എന്നാൽ പല പരിണാമ
വിരുദ്ധരും ഒറിജിൻ ഓഫ് സ്പീഷീസിന് പകരം തങ്ങളുടെ വാദങ്ങ്അൾക്ക് കരുത്ത് പകരാൻ
`ഒറിജിൻ ഓഫ് ലൈഫ്` അഥവാ ജീവന്റെ ഉത്ഭവം എന്നാണ് പറയുക.
ദൈവസഹായ
പരിണാമവാദം സത്യത്തിൽ പരിണാമവാദം തന്നെയാണ്. (ഡേയിസം-സൃഷ്ടിക്ക് ശേഷം ദൈവം
പ്രപഞ്ചത്തിനെ അതിന്റെ പാട്ടിനു വിട്ടു എന്ന വാദം) പരിണാമം നടക്കുന്നില്ല എന്നോ
അത് ആധുനികശാസ്ത്രം പറയുന്നത് പോലെയല്ല എന്നൊന്നും പറഞ്ഞ് സമയം മെനക്കെടുത്താൻ
അവർ ശ്രമിക്കാറില്ല. അവരെ സംബന്ധിച്ചിടത്തോളം പരിണാമത്തെ പറ്റി ശാസ്ത്രം പറഞ്ഞതും
പറയാനിരിക്കുന്നതും ഒക്കെ സത്യമാണ്. എന്നാൽ അതിനു പിന്നിൽ ഞങ്ങളുടെ ദൈവത്തിന്റെ
ഒരു കൈ സഹായമുണ്ട്. അത്രേയുള്ളൂ. പണ്ട് സ്റ്റീഫൻ ഹോക്കിങ്ങ്സിനെ പോപ് ജോൺ പോൾ
2nd ഒരു കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചതിനേപറ്റി അദ്ദേഹം തന്റെ “ബ്രീഫ് ഹിസ്റ്ററി
ഓഫ് ടൈം” (ചാ: 8 ഖ: 2) എന്ന പുതകത്തിൽ സൂചിപ്പിക്കുന്നത് രസകരമാണ്. `
ബിഗ് ബാംഗ് `
ന് ശേഷം പ്രപഞ്ചത്തിനുണ്ടായ പരിണാമങ്ങളൊക്കെ പഠിക്കുന്നത് നല്ലത് തന്നെ, എന്നാൽ
`
ബിഗ് ബാംഗ്' നുള്ളിലേക്ക് പഠിക്കാൻ ശ്രമിക്കരുത്. എന്തുകൊണ്ടെന്നാൽ അത്
ദൈവത്തിന്റെ പണിയാണ്“. ഇത് പക്ഷെ ശാസ്ത്രത്തിന് മുൻപിലുള്ള വലിയൊരു തോൽവി
സമ്മതമാണ്. പണ്ടിങ്ങനെയൊന്നുമായിരുന്നില്ല.
`ഇന്റലിജെന്റ്സ് ഡിസൈൻ` കാരാണ്
പിന്നെ പ്രശ്നം. ഇതിൽ തന്നെ അവരുടെ `കോസ്മിക് ബുദ്ധി` എല്ലാകാലത്തുമുള്ള സകല
പ്രപഞ്ച പ്രവർത്തനങ്ങളിലും ഇടപെട്ട് അതാത് കാലത്തേയ്ക്കുള്ള ഡിസൈനുകൾ ഒരുക്കുന്നു
എന്ന് വിശ്വസിക്കുന്നവരും അതല്ല ആദിയിൽ തന്നെ ഇന്നത്തെ രൂപത്തിൽ സകല ഡിസൈനുകളും
തയ്യാർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വിശ്വാസക്കാരുമുണ്ട്. ഇന്റലിജന്റ് ഡിസൈനിന്റെ
വലിയ പ്രശ്നം `ബുദ്ധി` എന്നത് തലച്ചോറിന്റെ ഒരു ഉല്പന്നമാണ്. അതിനാൽ കോസ്മിക്
ബുദ്ധിക്ക് ഒരു കോസ്മിക് തലച്ചോർ ആവശ്യമാണ്. അത് ഭൗതികമാവണം എങ്കിൽ അത് കണ്ട്
പിടിക്കാനും പറ്റും. അങ്ങനെ ഒന്നിന്റെ ഒരു സൂചന പോലും ഇതുവരെ ആരും മുന്നോട്ട്
വെച്ചിട്ടില്ല. കൂടാതെ ഇപ്പറയുന്ന തരത്തിൽ അതി ബുദ്ധിയുടെ ഇടപെടൽ മൂലമുള്ള
അന്യൂനമായ ഡിസൈൻ ഒന്നുമല്ല ജീവികൾ.
മേല്പറഞ്ഞ വാദങ്ങളെല്ലാം ഏതാണ്ടൊന്നു
തന്നെയാണ്. ചിലർ ദൈവത്തിന്റെ സ്ഥാനത്ത് തലച്ചോറിനേയും അതിന്റെ
ഉല്പന്നമായബുദ്ധിയേയും പ്രതിഷ്ടിക്കുന്നു. ചിലർ ഏഴാം നാൾ ദൈവം വിശ്രമിച്ചു
എന്നതിനാൽ സൃഷ്ടി ഇനി നടക്കുകയില്ല എന്ന് കരുതുന്നു. ചിലർ എഴാം നാൾ എന്നത് ഇനിയും
ആയിട്ടില്ല എന്ന് കരുതുന്നു. ഇതിന്റെ ഒക്കെ കുഴപ്പം ഇതൊന്നും കണ്ടുപിടിക്കാൻ ഒരു
മാർഗവുമില്ല എന്നതാണ്. ഇവയെല്ലാം കൂട്ടിക്കുഴച്ചാൽ വലിയ പ്രശനമാണ്. ഇവതമ്മിലുള്ള
അതിർവരമ്പുകൾ വളരെ നേർത്തതായതിനാൽ പരിണാമ വാദികളെ കുഴപ്പിക്കാൻ ഇത്തരം വാദക്കാർ
ഇവയെ തരംപോലെ ഉപയോഗിക്കും. പരിണാമം തന്നെ ദീർഘമായ കാലപ്രവാഹത്തിൽ നടക്കുന്ന അതി
സങ്കീർണ്ണമായ പ്രക്രിയയാണ്. അതിനാൽ അത് മനസ്സിലാക്കുന്നത് അത്ര
ക്ഷിപ്രസാധ്യമല്ല.
നമ്മുടെ തലച്ചോറിന് `മനസ്സിലാക്കൽ` പ്രക്രിയയ്ക്ക്
കാര്യങ്ങൾ അതിന്റെ പരിധിയിൽ ആയി വരേണ്ടതുണ്ട്. സാമാന്യ യുക്തിയാണ്
ഗണിതയുക്തിയേക്കാൾ ഉയർന്നു നിൽക്കുന്നത്. സാമാന്യയുക്തിയിൽ
പ്രത്യക്ഷയാതാർഥ്യങ്ങളാണ് സത്യങ്ങൾ. അവയാണ് നമ്മുടെ ആദി അഥവാ ആദ്യ സത്യങ്ങൾ.
അതിനാലാണ് മഴവില്ലും പരന്ന ഭൂമിയും സത്യമാവുന്നത്. ഇന്നും ഉരുണ്ട ഭൂമി
വിശ്വസിക്കാനാവാത്ത അനവദിപേർ നമ്മുടെ നാട്ടിൽ പോലുമുണ്ട്. ചിലരോടൊക്കെ
സംസാരിച്ചപ്പോൾ മനസ്സിലാക്കനായതാണ് ഇത്. അതിൽ പലരും യുവാക്കളായിരുന്നു എന്നതാണ്
ഇതിലെ ദുരന്തം. ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രം പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്
ശാസ്ത്രം അങ്ങനെ പല അബദ്ധങ്ങളും പറയാറുണ്ടെന്നും കണ്മുൻപിൽ കാണുന്ന സത്യം അതല്ല
എന്ന് ആരു പറഞ്ഞാലും അംഗീകരിക്കേണ്ടതില്ല എന്നും മറുവാദം. കൂടാതെ വേദഗ്രന്ഥങ്ങളിൽ
അങ്ങനെ പറഞ്ഞിരിക്കുന്നു. പുത്തൻ വാദക്കാരും വേദം ദുർവ്യാഖ്യാനം ചെയ്യുന്നവരുമായ
പലരും ഭൗതികവാദികളുടെ മതമായ ശാസ്ത്രത്തിനൊപ്പം കൂടി ദൈവനിഷേധം പ്രചരിപ്പിക്കാൻ
ശ്രമിക്കുകയാണെന്നും അത് മത നിഷേധികൾക്കാണ് ഗുണം ചെയ്യുക എന്നും കൂടെ അവരിൽ ചിലർ
പറഞ്ഞുവെച്ചപ്പോൾ സംഗതി പൂർത്തിയായി. ശാസ്ത്രസാഹിത്യ പരിഷത്തുകാർക് ഒരു സർവേ
നടത്തിനോക്കാവുന്നതാണ് പരന്ന ഭൂമിക്കാർ കേരളത്തിലുണ്ടോ എന്ന്. ഇതൊരു സാമാന്യ
വല്കരണമല്ല. എന്നാൽ നാം കഴിഞ്ഞ 425 വർഷമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സത്യം
ഇനിയും ചിലർക്കെങ്കിലും മനസ്സിലായില്ല, അത് ഒരാളായാലും ശരി, എങ്ക്ഇൽ നമ്മുടെ
പഠിപ്പിക്കലിന് എന്തെങ്കിലും തകരാർ വരുന്നുണ്ടൊ എന്ന് നോക്കണ്ടെ `ഫ്ളാറ്റ്
എർത്` വാദക്കാരും യുവഭൂമി വാദക്കാരും പലരാജ്യങ്ങളിലും വിശേഷിച്ച് അമേരിക്കയിൽ
ശക്തമാണ് എന്നതും അക്കൂട്ടത്തിൽ വലിയ വലിയ ശാസ്ത്രജ്ഞന്മാർ വരെ ഉണ്ട് എന്നതും
ശ്രദ്ധിക്കപ്പെടേണ്ടതാണ്. അമേരിക്കയിൽ (1997- ഗാലപ് ഓർഗനൈസാഷൻ) ഒരു പഠനത്തിൽ
പങ്കെടുത്തവരിൽ 5% പ്രൊഫഷണൽ (ശാസ്ത്രം) ബിരുദാനന്തര ബിരുദധാരികൾ ഇപ്പോഴും ഇത്തരം
വിശ്വാസം സൂക്ഷിക്കുന്നവരാണെന്ന് കാണുകയുണ്ടായി. (വിക്കിപീഡിയ)
പരിണാമത്തെ മതത്തിന്റെ, വിശ്വാസത്തിന്റെ പിൻബലത്തിൽ എതിർക്കുന്ന
പലർക്കും അറിയില്ല തങ്ങളുടെ ഗ്രന്ഥങ്ങൾ സത്യത്തിൽ പരിണാമത്തെ നിഷേധിക്കുന്നുണ്ടോ
എന്ന്. ഉദാഹരണത്തിന് ജീവികൾ പരിണമിക്കെണ്ട എന്ന് വിശുദ്ധ ഖുർആൻ എവിടെയെങ്കിലും
പറഞ്ഞിട്ടുണ്ടോ? ബോംബെയിൽ ഒരു യോഗത്തിൽ ഫർസാന മുല്ല എന്നൊരു കോളേജ്
വിദ്യാർഥിനിയുടെ പരിണാമ സംബന്ധിയായ ഒരു ചോദ്യത്തിന് മറുപടിയായി ഡോക്റ്റർ സക്കീർ
നായിക്ക് പറഞ്ഞു “താഴേക്കിടയിലുള്ള ജീവികൾ പരിണമിക്കുന്നതിന് തെളിവുകൾ
ലഭിച്ചിട്ടുണ്ട്. എന്നാൽ അത് വിശ്വസിക്കുന്നതിന് മുസ്ളിങ്ങൾക് വിരോധമില്ല.
കാരണം അത്തരം ജീവികൾ പരിണമിക്കേണ്ടെന്ന് ഖുർആനിലൊരിടത്തും പറയുന്നില്ല.”
അങ്ങനെയെങ്കിൽ മനുഷ്യപരിണാമത്തിലൊഴികെയുള്ള ഒരു പരിണാമത്തിലും മുസ്ളിംഗൾ
തർക്കിക്കേണ്ടതില്ല. കാരണം, അവയൊന്നും പരിണമിക്കേണ്ട എന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല.
ഇനി പരിണമിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ? ധരാളം. ഖുർആൻ വ്യാഖ്യാതാക്കളുടെ
അഭിപ്രായതിൽ ഒരു പാട് സ്ഥലത്ത് പരിണാമത്തെ പിന്താങ്ങുന്ന തർത്തിലുള്ള ഖുർആന്റെ
ഇടപെടലുണ്ട്. “നിങ്ങൾ ഘട്ടം ഘട്ടമായി പുരോഗമിപ്പിക്കപ്പെടും” എന്ന ഖുർആൻ വാക്യം
അതിനു തെളിവായി ഉദ്ധരിക്കപ്പെടുന്നത്. കൂടാതെ കഴിഞ്ഞുപോയ പല സമുദായങ്ങളുടെ കഥകൾ
എടുത്ത് ഉദ്ധരിക്കുക വഴി അതിനുള്ള തെളിവുകളും ഖുർആൻ അവതരിപ്പിക്കുന്നു.
കുരങ്ങായിപ്പോയ (പന്നികളും) മനുഷ്യരെ പറ്റി പല സ്ഥലത്തും പരാമർശങ്ങളുണ്ട്.(7: അൽ
അഅ്റാഫ് 166, 2: അൽ ബകറ 65, 5: അൽ മാഇദ 65). അല്ലാഹുവിന്റെ പര്യായമായി
“അല്ലാഹു-
അല് ഖാലിഖ്” അഥവാ “സ്രഷ്ടാവ്”, അല്ലാഹു-അൽ റാബീ“ അഥവാ ”പരിണാമകൻ“ അഥവാ "പരിവര്‍ത്തകന്‍" എന്ന്
വ്യഖ്യാതാക്കൾ പരിഭാഷപ്പെടുത്തിയിതായിക്കാണാം പല ഗ്രന്ഥങ്ങളിലും. കൂടാതെ, ആദിന്റെ
സമുദായക്കാർ വന്മരങ്ങൾ വരെ പിഴുതെറിയാൻ ശേഷിയുള്ള ആജാനുബാഹുക്കളായിരുന്നു എന്നൊക്കെ
കുർആൻ പറയുന്നുവെങ്കിൽ ഇന്നത്തെ തലമുറ ഇവയിലൂടെയൊക്കെയുള്ള പരിണാമ ചക്രം
പൂർത്തിയാക്കിയാണ് നിലനിൽക്കുന്നതെന്ന് വിശ്വസിക്കുന്നതിനെന്താണ് പ്രയാസം?. ആദം
എന്ന ഒരേ ഒരു മനുഷ്യനേയായിരുന്നു ആദിയിൽ സൃഷ്ടിച്ചതെങ്കിൽ മനുഷ്യകുലത്തിൽ ഇന്നുള്ള
വൈവിധ്യങ്ങൾ (പതിഞ്ഞമൂക്കും മഞ്ഞ നിറവുമുള്ള മംഗോളിയൻ മുതൽ കറുത്ത ശരീരവും
ഉയരക്കൂടുതലുമുള്ള ആഫ്രിക്കൻ വരെ) പരിണാമം മൂലം സംഭവിച്ചതായിരിക്കുമെന്ന് എന്ത്
കൊണ്ട് വിശ്വസിച്ചുകൂട? (മനുഷ്യ പരിണാമത്തെപോലും മുസ്ളിംഗൾക്ക്
അംഗീകരിക്കവുന്നതിനുള്ള വക ഖുർആനിലുണ്ട് എന്ന് ചുരുക്കം) 2007-ൽ അമേരിക്കയിൽ
നടത്തിയ സർവേയിൽ 45% മുസ്ളിംഗൾ `മനുഷ്യ പരിണാമത്തെ` അനുകൂലിക്കുന്നു എന്ന്
കാണുകയുണ്ടായി (വിക്കി)
ചാൾസ് ഡാർവിൻ ഒരു സുപ്രഭാതത്തിൽ ഉദിച്ചുയർന്ന
അവതാരമൊ വെളിപാടു കിട്ടിയ പ്രവാചകനോ അല്ല. അക്കാലഘട്ടത്തിലെ അന്തരീക്ഷം ഡാർവിനെ
പോലൊരാൾക്ക് പരിണമിക്കാൻ പറ്റിയ മണ്ണ് പാകപ്പെടുത്തിയിരുന്നു എന്ന് കാണാൻ
കഴിയും. അദ്ദേഹം തന്നെ തന്റെ പ്രചോദനമായി ചൂണ്ടിക്കാണിച്ച് ചാൾസ് ലെയൽ ഡാർവിന്റെ
സമകാലികനും സുഹൃത്തുമായിരുന്നു. ഡാർവിന്റെ മുത്തച്ഛൻ ഇറാസ്മുസ് ഡർവിൻ ഒരു നല്ല
പ്രകൃതിനിരീക്ഷകനായിരുന്നു. ഇമ്മാനുവൽ കാന്റ് ആധുനിക പരിണാമ ശാസ്ത്രത്തിൻ
തുല്ല്യമായ നിഗമനങ്ങൾ അവതരിപ്പിച്ചു. ലമാർക്ക്, കാൾ ലിന്നെ തുടങ്ങി നിരവധിപേർ
ഡാർവിന്റെ സമകാലികരായോ തൊട്ടമുൻപുള്ള തലമുറയിലോ ജീവിച്ചിരുന്നവരായിരുന്നു. ഡാർവിന്
നൂറ്റാണ്ടുകൾ മുൻപ് തന്നെ അറേബ്യയിൽ പരിണാമസിദ്ധാന്തം ഏതാണ്ട് നല്ല നില
കെവരിച്ചിരുന്നതായിക്കാണാം. ഒരുപക്ഷെ ഈ വിഷയത്തിൽ അറബികൾ മറ്റുള്ളവരേക്കാൾ വളരെ
മുൻപിലായിരുന്നു.
`മരങ്ങളുടെയും ജീവികളുടെയും ഇടയ്ക് `സ്പോഞ്ചു`കളും `
മൃഗങ്ങളുടേയും മനുഷ്യരുടേയും ഇടയ്ക്ക് കുരങ്ങുകളു`മുണ്ടെന്ന് പറഞ്ഞത് ഇബ്രാഹിം
ഹാകി (1703-1780)എന്ന മുസ്ളിം ആണ് ഡാർവിന് (1809-1882) മുൻപ്. ഇദ്ദേഹമാണ്
ആദ്യകാല പരിണാമവാദത്തിന്റെ ഉപജ്ഞാതാവ് എന്ന് പറയാം. `നിലനില്പ് മത്സരം` തുടങ്ങിയ
വാക്യങ്ങൾ പരിണാമശാസ്ത്രത്തിന് നല്കിയത് അൽ ജാഹിസ് (776-869) ആണ്. ചാൾസ്
ഡാർവിൻ പറഞ്ഞ പലതും അൽ ജാഹിസ് അന്ന് തന്നെ മുന്നോട്ട് വെച്ചിരുന്നു. ഇബ്ൻ
മിസ്കാവായ്, അബു റെയ്ഹാൻ ബിറൂണി, നാസിർ അൽദിൻ തുസി, മുഹമ്മദ് ഹമീദുല്ല, ഇബ്ൻ
ഖൽദൂൺ തുടങ്ങിയയവർ പരിണാമ സിദ്ധാന്തത്തിനെ പോഷിപ്പിച്ചവരൊക്കെ അറബികളായിരുന്നു.
ആധുനികരിൽ ജമലുദ്ധീൻ അഫ്ഘാനി, ഗുലാം അഹമ്മദ് പർവേസ്, പ്രമുഖ ഇസ്ളാമിക ചിന്തകൻ
മോറിസ് ബുകൈലെ എന്നിവരും പരിണാമത്തെ ഭാഗികമായോ പൂർണമായോ അംഗീകരിച്ചവരാകുന്നു.
നാസിർ അൽ തൂസി മൂലകങ്ങൾ ജീവവസ്തുക്കളാകുന്നതും പിന്നെ ചെടികളും മൃഗങ്ങളും
മനുഷ്യരും ആകുന്നതിനെയും അതിന് ജനിതകത്തിന്റെ പ്രാധാന്യത്തെ കുറിച്ചുപോലും 13ആം
നൂറ്റാണ്ടിൽ തന്നെ സൂചിപ്പിച്ചിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും വിശേഷിച്ച്
സുഡാനിൽ ആൾകുരങ്ങുകളും മനുഷ്യരും തമ്മിൽ സ്വഭാവത്തിലും പെരുമാറ്റത്തിലും
കാണിക്കുന്ന അസാധാരണമായ സാമ്യം അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഇത് മൻഷ്യ
പരിണമത്തിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. , നിരവധിപേരെ ഇതുപോലെ
എടുത്തുകാണിക്കാനാവും. പാകിസ്റ്റാൻ, ഈജിപ്ത്, ഇന്തോനേഷ്യ, തുർക്കി തുടങ്ങി ധാരാളം
മുസ്ളിം രാജ്യങ്ങളിൽ പരിണാമ സിദ്ധാന്തം പഠനത്തിന്റെ ഭാഗമാണ്.
ചുരുക്കത്തിൽ മുസ്ളിംഗളായിരുന്നു പരിണാമം സിദ്ധാന്തം എന്ന ശാസ്ത്രീയ
ആശയം ഇന്നത്തെ രൂപത്തിൽ പരിപോഷിപ്പിച്ചെടുത്തതും ഏറ്റവും കൂടുതൽ ഈ വിഷയത്തിൽ സംഭാവന
നല്കിയതും. എന്നാൽ ഇന്നത്തെ പലരും (ഹാറൂൺ യഹിയ /അദ്നാൻ ഒക്റ്റർ/ ഹെന്റ്രി മോറിസ്,
ഡാന്യു ടി ഗിഷ് തുടങ്ങിയ ഹോക്സുകളുടെ വലയിൽ പെട്ടുപോയി) `ഹോക്സുകളുടെ` പിടിയിൽ
പെട്ട് പുഷ്കലമായ ഒരു അറേബ്യൻ ശാസ്ത്ര അടിത്തറയെ ദുർബലമായി നിഷേധിക്കാൻ
ശ്രമിക്കുകയാണ്. അവരുടെ വലയിൽ ചില കേരളീയരും.
ഇനി പരിണാമവിരുദ്ധർ
ആക്ഷേപിക്കുന്നത് പോലെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ യുക്തിവാദികൾ കണ്ട് പിടിച്ച
ഒരു കപടശാസ്ത്രമാണോ പരിണാമസിദ്ധാന്തം? പരിണാമ വാദത്തിന് എന്തെങ്കിലും സംഭാവന
നല്കിയവരിൽ നിരീശ്വരവാദികൾ എത്രപേർ കാണും? ആദ്യകാലത്ത് പരിണാമ ആശയങ്ങൾ മുന്നോട്ട്
വെച്ച അരിസ്റ്റോട്ടിലിനെപോലുള്ളവർ `അഗ്നോടിസ്റ്റു` കളായിരുന്നു. ആധുനികരിൽ ചാൾസ്
ഡാർവിൻ, തോമസ് ഹക്സലി തുടങ്ങിയവർ പില്കാലത്താണ് അഗ്നോടിസ്റ്റുകളായത്
(അഗ്നോടിസ്റ്റുകൾ ദൈവ നിഷേധികളല്ല) ആൽഫ്രെഡ് വാല്ലേഴ്സ്, ഹാസ്സാഗ്രെ തുടങ്ങിയവർ
ദൈവ വിശ്വാസികളും പിയറി റ്റൈൽ ഹാർഡ് ഡെ ചാർദിൻ, ഗ്രിഗർ മെന്റൽ തുടങ്ങിയവർ
പാതിരിമാരും ആയിരുന്നു. “പരിണാമം എന്ന വെളിച്ചത്തിന്റെ അഭാവത്തിൽ ജീവശാസ്ത്രം
ഒന്നുമല്ല” എന്ന് പറഞ്ഞ തിയോഡർ ഡൊബ്ഷാൻസ്കി (modern evolutionary synthesis) റഷ്യൻ
ഓർതൊഡോക്സായിരുന്നു. ഇനി സമകാലികരിൽ കൃസ്ത്യാനികളും അതോടൊപ്പം
പരിണാമവാദക്കാരുമായവരുടെ ലിസ്റ്റ് തരാം. റോബർറ്റ് ടി. ബക്കർ, ആർ. ജെ ബെറി,
റിച്ചാർഡ് കോളിൻ, ഫ്രാൻസിസ് കോളിൻ, ഡാറൽ ഫാൾക്, ഡെനിസ് ലാമോറെക്സ്, കെന്നത്ത്
ആർ മില്ലർ ഈ നിര ഇനിയും നീട്ടാം.
അപ്പോൾ പരിണാമത്തെ അംഗീകരിക്കുന്നതിന്
വിശ്വാസികൾക്ക് പ്രശ്നമില്ല എന്ന് മനസ്സിലായി. ഇനി അത് ഡാർവിൻ പറഞ്ഞപോലെ അല്ല
എന്ന കാര്യത്തിലാണ് തർക്കമെങ്കിൽ കാര്യങ്ങൾ സയൻസിന്റെ പരിധിയിൽ വരും. പരിണാമം പോലെ
തന്നെ അതിന്റെ ശാസ്ത്രവും പരിപൂർണമായി എന്ന് വിശ്വസിക്കാത്ത പരിണാമവാദികൾക്ക്
ഇക്കാര്യത്തിൽ വിയോജിക്കേണ്ട കാര്യമില്ല. പരിണാമം ഇപ്പോഴും ചില പ്രശ്നങ്ങൾ
ഉൾകൊള്ളുന്നുണ്ട്. ഒരുവിധം എല്ലാ സയൻസും ഇത്പോലെ പ്രശ്നങ്ങൾ ഉൾകൊള്ളുന്നത്
തന്നെയാണ്. അത് പക്ഷെ ഇന്നു വരെ കണ്ട് പിടിക്കപ്പെട്ട തെളിവുകളുടേയും
ശാസ്ത്രത്തിന്റേയും പരിധിയിൽ നിന്നുകൊണ്ടേ പരിഹരിക്കാനാവൂ. പരിണാമ സിദ്ധാന്തം
പൊടിതട്ടി ശുദ്ധീകരിക്കാനാൺ അതിന്റെ വിമർശനങ്ങൾ എന്ന് ചുരുക്കം.
പരിണാമ
സിദ്ധാന്തതിന്റെ വിശദീകരണത്തിന് ഉപയോഗിച്ച പല ഭാഷാപ്രയോഗങ്ങളും ഒരുപാട്
തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. (പരിണാമത്തിന്റെ വിശദീകരണത്തിന് ഭാഷയും
പ്രശ്നമാണ്) `നാച്വറൽ സെലെക്ഷൻ` അഥവാ പ്രകൃതി നിർധാരണം എന്ന പ്രയോഗം പ്രകൃതിയെ
ജീവികളുടെ നിലനില്പിന് ആവശ്യമായ യോജ്യമായതിനെ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു
അതിബൗദ്ധിക ശക്തിയായി കല്പന ചെയ്യാൻ പാകത്തിൽ മനസ്സ് നേരത്തെ തന്നെ
സജ്ജമാക്കപ്പെട്ടിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിനും നമുക്ക് ഒരു ബുദ്ധിശക്തി
ആവശ്യമാണ്. പ്രകൃതിയിലും ഇതു തന്നെ ആരോപിക്കുകയാണ് നാം ചെയ്യുന്നത്. ഇത്
തെറ്റാണ്. സത്യതിൽ പ്രകൃതിയുടേത് ഒരു തെരഞ്ഞെടുപ്പേ അല്ല. എന്നാൽ നാം
പരിണാമത്തിന് നൽകുന്ന പല ഉദാഹരണങ്ങളിലും ഒരു `അതി ബുദ്ധിയുടെ` സാനിദ്ധ്യത്തെ
അറിയാതെ സ്ന്നിവേശിപ്പിക്കാറുണ്ട്. സുബൈദയുടെ ബ്ളോഗു (സ്ത്രീ പക്ഷം) ചർച്ചയിൽ (ഒരു
യുക്തിവാദിനി ആയെന്ന് വെച്ച്) ഇടപെട്ട് ഇ. എ ജബ്ബാർ പരിണാമത്തിന് വാഹനങ്ങളിൽ
നിന്നുള്ള ഉദാഹരണങ്ങൾ നൽകുന്നുണ്ട്. പരിണാമത്തിന് ഈ ഉദാഹരണം പ്രത്യക്ഷത്തിൽ
കൊള്ളാമെങ്കിലും ഇതിന്റെ പോരായ്മ എന്നത് വാഹനങ്ങളുടെ പരിണാമത്തിൽ മനുഷ്യന്റെ
ബുദ്ധിയുടെ ഇടപേടൽ ഉണ്ട് എന്നതാണ്. ഒരു സാധാരണക്കാരനെ ഇന്റലിജെന്റ്സ്
ഡിസൈനിലേക്ക് നയിക്കുന്ന ഉദാഹരണമാണിത്. “അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ
വഴിയാണ് കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്.”
(പരിണാമം ബ്ളോഗ്-സുശീല്കുമാർ) പോലുള്ള വിശദീകരണങ്ങൾ കാണുക. ഈ ചർച്ചയിൽ ഇടപെട്ട് ഇത്
ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാൾസ് ഡാർവിൻ തന്നെ നൽകുന്ന ഉദാഹരണങ്ങൾ ഫലത്തിൽ
ഇന്റലിജെന്റ്സ് ഡിസൈനിനെ സഹായിക്കുന്നവയാണെന്ന് കാണാനാവും. കർഷകർ അവരുടെ
കൃഷിയിടത്തിൽ ഇടപെട്ട് തങ്ങൾക്കാവശ്യമുള്ള തരത്തിൽ വിളകളേയും കാലികളേയും
മാറ്റുന്നുവെങ്കിൽ അതിലുമെത്രയോ ശേഷിയുള്ള പ്രകൃതിക്ക് ഇതെന്തുകൊണ്ട്
സാധ്യമാവില്ല എന്ന തരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ഇന്റലിജെന്റ്സ് ഡിസൈൻ എന്ന വാദം ഡാർവിനിൽ തന്നെ അറിയാതെ കടന്നു വരുന്നു എന്നതിന്
ഉദാഹരണമാണിത്.
ഒരു ജീവിക്ക് നിലനിൽക്കുന്നതിന് ഒരു പ്രത്യേക അവയവം
ആവശ്യമാണെന്ന് ഇത്രകൃത്യമായി നിർണയിക്കുന്ന ഘടകം എന്താവും എന്നതായിരുന്നു
പരിണാമത്തിൽ എന്നെ ഏറെ കുഴക്കി ക്കളഞ്ഞ ചോദ്യം. ഒരു പറവക്കും ഒരു ചിറക്
പ്രയോജനപ്പെടുകയില്ല. വെള്ളത്തിൽ വസിക്കുന്നവയ്ക്ക് വെള്ളത്തിൽ
നിലനില്ക്കാനാവശ്യമായ അനുകൂലനങ്ങളും കരയിൽ വസിക്കുന്നവയ്ക്ക് കരയിൽ
നിലനില്ക്കാനാവശ്യമായ അനുകൂലനങ്ങളുമുണ്ട്. ഇവ ഒന്ന് മറ്റൊന്നിലേക്ക് മാറ്റുമ്പോൾ
ഈ അനുകൂലനങ്ങളും മാറേണ്ടതുണ്ട്. എന്ത് ശക്തിയാണ് ഇതിനെ മാറ്റുന്നത്? ഇന്ന
പ്രകൃതിയിൽ നിലനില്ക്കാൻ ആവശ്യമായത് ഇന്ന അനുകൂലനമാണെന്ന് സ്കൂളിൽ പോകുന്ന ഒരു
കുട്ടിക്ക് മഴക്കാർ നോക്കി കുടയെടുത്തുകൊടുക്കുന്ന അമ്മയെ പോലെ ആരാണ്
തീരുമനിക്കുന്നത്? ഒരു പാട് ആളുകളെ ഈ ചോദ്യവുമായി സമീപിക്കുകയും ധാരാളം
പുസ്തകങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടും തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചതേയില്ല.
എല്ലാവരും അച്ചിൽ വാർത്ത ഉത്തരങ്ങളാണ് നൽകുക.
നമുക്ക് വേറൊരു ഉദാഹരണം
നോക്കാം. മലമുകളിൽ പ്രകൃതി ശക്തികളുടെ ഇടപെടൽ മൂലം ഒരു കുഴി രൂപപ്പെട്ടു എന്ന്
കരുതുക. (ചാൾസ് ലെയലിന്റെ പ്രകൃതിയുടെ മാറ്റത്തെ പറ്റിയുള്ള പഠനത്തിൽ പ്രചോദനം
ഉൾകൊണ്ടായിരുന്നല്ലോ ഡാർവിന്റെ തുടക്കം) മഴക്കാലത്ത് ആ കുഴിയിൽ വെള്ളം നിറയും.
നിറഞ്ഞ ജലം കുഴിയുടെ വശങ്ങളിൽ മർദ്ദം പ്രയോഗിക്കും. എവിടെയെങ്കിലും ദുർബലമായ
വശത്ത് കൂടെ പുറത്ത് ചാടും. അതൊരു നീരൊഴുക്കാവും. ചെറിയ കൈ തോടകും, പുഴയാകും,
നദിയാകും, കടലിൽ ചെന്ന് ചേരും. ഇങ്ങനെ രൂപം പൂണ്ട നദിയുടെ ഇന്നത്തെ അവസ്ഥ
പരിശോധിച്ചാൽ അതിന്റെ ഓരൊ മീറ്ററിലും ഒരു ഡിസൈൻ കാണും. ഈ ഡിസൈൻ തിരിച്ചറിഞ്ഞാൽ ഒരു
ഡിസൈനറേയും സങ്കല്പ്പിക്കാം. മുകളിൽ കെട്ടിക്കിടന്ന വെള്ളം ഇത്ര കൃത്യമായി ദുർബല
മായ വശം ഇതാണെന്ന് കാട്ടിക്കൊടുത്ത് ഇതേസ്ഥലത്ത് മർദ്ധം പ്രയോഗിക്കുവാനും
തുല്ല്യമായ അകലത്തിൽ കരകളെ ഡിസൈൻ ചെയ്ത് നദിയുടെ ഒഴുക്കിന് ഭംഗം വരാതെ നില
നിർത്തുവാനും ആരാണ് വെള്ളത്തെ പ്രാപ്തമാക്കിയത് എന്ന ചോദ്യം ചോദിക്കാം,
അദ്ഭുഭുതപ്പെടാം. ഒരു ചിറക് രണ്ട് ചിറകിന് തുല്ല്യമാവില്ല എന്ന വാദവും
ഇങ്ങനേയാണ്. ഇന്ന് നോക്കുമ്പോൾ വലിയ അദ്ഭുതമുണ്ടാക്കുന്ന അവ ഒരു കാലത്ത് ചെറിയ
അദ്ഭുതമായിരുന്നു. ചെറിയ ചെറിയ അദ്ഭുതങ്ങൾ കൂടിച്ചേരുമ്പോൾ വലിയ അദ്ഭുതമാവുന്നു.
അത്ഭുതമെന്നാൽ അറിവില്ലായ്മ എന്നതിന്റെ വികാരപ്രകടനമല്ലാതെ മറ്റൊന്നുമല്ല. ഒരുചിറക്
രണ്ട് ചിറകിന് പകരമാവില്ല എന്നത് ശരിയാണ്. എന്നാൽ ഒരു ചിറക് ഒരു ജീവിയുടെ
അതിജീവനത്തെ സഹായിക്കില്ല എന്ന് പറയാനാവില്ല. കാരണം അങ്ങനെ ഒരു ജീവിയെ നാം
കണ്ടിട്ടില്ലല്ലൊ. അതിനർഥം ഒരു അവയവം മാത്രമുള്ള ഒരു ജീവി അതിജീവിക്കുകയില്ല
എന്നല്ല. മാത്രവുമല്ല, രണ്ട് അവയവങ്ങളുള്ള ജീവികൾ ഒരു അവയവത്തിന്റെ അതിജീവന രൂപം
ആയിക്കൂടായ്കയുമില്ല. ‘ജീവിയെ തെരഞ്ഞെടുക്കുക’ എന്ന പ്രയോഗം ‘ജീവി തെരഞ്ഞെടുക്കുക’
എന്നാക്കി മാറ്റാവുന്നതേയുള്ളൂ. കൂടാതെ ബുദ്ധി പ്രകൃതിയുടെ ഭാഗമായി മറ്റെല്ലാ
പരിണാമങ്ങൾ പോലെ പരിണമിച്ച് വന്നതിനാൽ ഈ തെരഞ്ഞെടുപ്പിന്റെ കഴിവ് ആദ്യ ജീവരാസവസ്തു
മുതൽ അടങ്ങിയിരിക്കുന്നുണ്ട്. അത് പ്രകൃതി ശക്തികളോട് പ്രതികരിക്കുക എന്നതല്ലാതെ
മറ്റൊന്നല്ല.
എവിടെ ‘ഇട ജീവികൾ’ എന്ന ചോദ്യം നിരന്തരം സൃഷ്ടിവാദികൾ
ഉന്നയിക്കാറുണ്ട്. ഫോസിൽ ശേഖരങ്ങളിൽ ഇടജീവികളുടെ ഫോസിലുകൾ അവർ അംഗീകരിക്കാറില്ല.
ഫോസിലുകളിലുള്ള അപര്യപ്തതയ്ക്ക് കാരണം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡാർവിൻ
പോലും ഫോസിലുകളിൽ നിന്നുള്ള തെളിവുകൾ അത്ര കാര്യമായി പരിഗണിച്ചിട്ടില്ല.
എന്തുകൊണ്ടെന്നാൽ അത് ലഭിക്കാനുള്ള സാധ്യത തുലോം കുറവാണ്. പരിണാമം ഒരു നിരന്തര
പ്രക്രിയയാണെങ്കിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കണം. അങ്ങനെയെങ്കിൽ ഇടമൃഗങ്ങളെ തേടി
നാമെന്തിന് ഫോസിലുകളെ തപ്പണം? ജീവിലോകത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഒരു
ജീവി മറ്റൊന്നായതിന്റെ നിരവധി തെളിവുകൾ ലഭിക്കും. ഉദാഹരണത്തിന് പ്രാവുകളിലുള്ള
വൈവിദ്യം ശ്രദ്ധിക്കൂ. ഇന്നു കാണുന്ന മുഴുവൻ പ്രാവുകളും ഒരു കാട്ടുപ്രാവിന്റെ
പരംബരയാണെന്ന് ഡാർവിൻ ചൂണ്ടിക്കാട്ടിയത് ആരും നിഷേധിച്ചിട്ടില്ല. ഇവയിൽ ഇന്നുള്ള
മുഴുവൻ വർഗങ്ങളേയും ഒരുമിച്ച് നിരീക്ഷിച്ചാൽ ഇടജീവികളെ കാണാം. ചില എലികൾ മുയലിന്റെ
സ്വഭാവം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചില മത്സ്യങ്ങൾ മുതലകളെപോലെ
കണ്ടിട്ടുണ്ട്. രണ്ട് ജീവികളുടേയും സ്വഭാവം ഒന്നിൽ കാണുന്നതാണല്ലോ ഇടജീവികൾ.
മയിലുകളേയും കോഴികളേയും നിരീക്ഷിക്കൂ. ഭൂമിയിൽ ഇന്ന് തന്നെ അങ്ങനെയുള്ള നിരവധി
ജീവികളെ കാണാം. ഒന്നിന്റെ അവശിഷ്ടങ്ങൾ പേറുന്ന, സ്വഭാവങ്ങൾ പേറുന്ന നിരവധി ഇട
ജീവികൾ. പിന്നെ എന്തിന് ഇടജീവികളെ തേടി ഫോസിലിൽ അലയണം? ഇനി ഇവ ഒന്നിച്ച്
കാണുന്നതിനെ എതിർക്കുന്നവരുണ്ടാകാം. ഒരു ജീവി അതിന്റെ അതിജീവന സാധ്യതകൾ
മങ്ങുമ്പോഴാണല്ലോ മറ്റൊന്നാവുക. എങ്കിൽ ഇവ രണ്ടും ഒരുമിച്ചെങ്ങനെ വരും? മനുഷ്യൻ
കുരങ്ങുകളിൽ നിന്നെങ്കിൽ കുരങ്ങുകളെന്തിന് പിന്നെയും ഇവിടെ കറങ്ങി നടക്കുന്നു?
എന്നൊക്കെയാവും അവരുടെ വാദങ്ങൾ. അമേരിക്കക്കാർ യൂറോപ്യന്മാരിൽ നിന്നാണല്ലോ. എങ്കിൽ
യൂറോപ്യന്മാർ എന്തിന് പിന്നെയും ഇവിടെ കറങ്ങിയടിക്കുന്നു എന്നാണ് അതിനുള്ള
മറുപടി.
മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട് നമുക്ക് ലഭ്യമായ ചില ഫോസിലുകളിൽ
ഹെൻട്രിമോറിസ്, ഡാന്യൂ ടി ഗിഷ്, ക്യുസ്സൊ,ബൗഡൻ, മെന്റോൺ, മെഹ്ലറ്റ്, ബെക്കർ,വാൻ
ബെബ്ബർ, ലെബനോവ്, ലൈൻ തുടങ്ങിയ സകല സൃഷ്ടി വാദികളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത
നിലനിൽക്കുന്നത് എന്ത്കൊണ്ടാണ്? ഈ ഫോസ്സിലുകൾ ഇട ജീവികളായതിനാൽ തന്നെ ഇവ
കുരങ്ങിന്റേയോ മനുഷ്യരുടേയോ ഇടയിൽപെടുത്തുന്നതിന് തർക്കമുണ്ടാവുക സ്വാഭാവികം
മാത്രം. കഴിഞ്ഞ 153 വർഷങ്ങൾക്കിടയിൽ പരിണാമ വിരുദ്ധമായ ഒരു പഠനം പോലും
ശ്രധിക്കപ്പെടുന്ന ഒരു ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും (സയൻസ്, നേച്വർ പോലുള്ള) എന്ത്
കൊണ്ട് പ്രസിദ്ധീകരിക്കാനായില്ല? ഈ ചോദ്യത്തിന് പല പരിണാമവിരുദ്ധരും നല്കുന്ന ഒരു
മറുപടിയുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങളത്രയും പരിണാമവാദികളാണ് നിയന്ത്രിക്കുന്നത്
എന്ന്. നമുക്ക് ചോദിക്കാനുള്ളത് സൃഷ്ടിവാദികൾ മാത്രം നില നിന്നിരുന്ന ഒരു സമൂഹത്തിൽ
അവരുടെ ഇടയിൽ അവർക്ക് തികച്ചും വിരുദ്ധമായ പരിണാമവാദത്തിൽ അമ്പരപ്പിക്കുന്ന പഠനങ്ങൾ
പ്രസിദ്ധീകരിച്ചാണ് ചാൾസ് ഡാർവിനെ പോലുള്ള പരിണാമവാദികളൊക്കെ വളർന്ന് വന്നത്.
ഇതെങ്ങനെ സാധ്യമായി? അപ്പോൾ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ശാസ്ത്രം അത്
അംഗീകരിക്കും. ദൈവത്തെ സൃഷ്ടിക്കലോ ഇല്ലാതാക്കലോ യുക്തിവാദികളുടേയും
ദൈവവിശ്വാസക്കാരുടേയും ഇടയിൽ പക്ഷം പിടിക്കലുമൊന്നുമല്ല അതിന്റെ പണി. മറിച്ച് അത്
അതിന്റെ പണി ചെയ്യുന്നു എന്നേയുള്ളൂ.
(ഈ ലേഖനം പൂർണമല്ലാത്തതിനാൽ ഏതു സമയവും
കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് പരിണാമ /തിരുത്തൽ/ വിധേയമായിരിക്കും)