Thursday, November 25, 2010

പരിണാമവാദത്തിലെ ചില അബദ്ധ ധാരണകൾ

രേഖീയ പരിണാമം
രേഖീയ പരിണാമം അനുസരിച്ച് പരിണാമം നേർരേഖയിലൂടെ സഞ്ചരിക്കുന്നു. ഒരു ജീവി ഒരു സുപ്രഭാതത്തിൽ വേറൊന്നയി പരിണമിക്കുന്നു. ഒരു കുരങ്ങമ്മ ഒരു സുപ്രഭാതത്തിൽ പ്രസവിച്ച ഒരു കുഞ്ഞ് മനുഷ്യന്റെ പോലുള്ള സ്വഭാവം കാണിക്കുന്നു. അതേപോലെ മുൻഗാമിയെക്കാൾ എന്തുകൊണ്ടും മികച്ചതാവണം അടുത്ത തലമുറ. അവ കടലിൽ നിന്ന് കരയിലേക്കും പിന്നെ വാനത്തിലേക്കും കുടിയേറിയിരിക്കണം. അന്ന് മുതൽ ആദ്യത്തെ തലമുറ വംശനാശം വന്നിരിക്കണം. ഇപ്പോഴും ഭൂരിഭാഗവും പരിണാമത്തെ ഇങ്ങനെയൊക്കെ പരിഗണിക്കുന്നു.

പ്രകൃതിനിർദ്ധാരണം (Natural selection)

പ്രകൃതിനിർദ്ധാരണം വിശദീകരിക്കുന്നതിന്‌ ഹെർബെർട്ട് സ്പെൻസറുടെ ഒരു വാചകം (survival of th fittest) പ്രയോജനപ്പെടുത്തുകയാണ്‌ ചാൾസ് ഡാർവിൻ. ഇത് പലതരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. survival of th fittestഅഥവാ യോജ്യമായവയുടെ അതിജീവനം എന്നു വരികിൽ യോജ്യമല്ലാത്തവ എങ്ങനെ പിന്നെയും നിലനില്ക്കുന്നു? വൈറസും ബാക്റ്റീരിയയും മുതൽ സകലതും ഇന്നും നിലനില്ക്കുന്നതെങ്ങനെ എന്നതാണ്‌ ചോദ്യം. എന്നാൽ ഇവയൊക്കെ ഇങ്ങനെ തന്നെയയിരുന്നു എന്നതിന്‌ എന്തു തെളിവാണുള്ളത്? പ്രകൃതിക്ക് അനുസൃതമായ 'സാധ്യതയുള്ള'  ജീവി നിലനില്ക്കും.  പ്രകൃതിനിർദ്ധാരണം (Natural selection) എനിക്ക് മനസ്സിലാകുന്നതിനായി ഞാൻ "സഹായകരമായ സാധ്യതകൾ" (Helping possibilities) എന്നു തിരുത്തുന്നു. 

പരിണാമവാദികൾ നേരിടേണ്ടിവരുന്ന ചില ചോദ്യങ്ങൾ
ഭൂമിയുടെ പ്രായം
ആദ്യകാല സൃഷ്ടിവാദികൾ പരിണാമം അസംബന്ധമാണെന്നതിന്‌ നിരത്തിയിരുന്ന തെളിവുകളിൽ പ്രധാനം ഭൂമിക്ക് ആറായിരം വർഷത്തിൽ കൂടുതൽ പ്രായമില്ല എന്ന ബൈബിൾ വെളിപാടുകളായിരുന്നു. ഉഷർ എന്ന പാതിരി ബൈബിൾ കാലഘട്ടങ്ങളിലൂടെ കണക്ക് കൂട്ടി ഭൂമിയുടെ സൃഷ്ടി നടന്നത് ബി. സി. 4004 ഒക്റ്റോബറിലാണെന്ന് കണ്ടെത്തുകയുണ്ടായി. അങ്ങനെയെങ്കിൽ പിരമിഡുകൾ (ബി. സി. 3500)നിർമ്മിക്കുമ്പോൾ അതിൽ ഭാഗവാക്കാകാവുന്ന ലോകജനസംഖ്യ വെറും 400 മാത്രമാവുമെന്ന് കെന്നത്ത് സലാഉദ്ദീൻ കണക്ക് കൂട്ടിയിട്ടുണ്ട്. ഭൂമിക്ക് 450 കോടി വർഷമെങ്കിലും പഴക്കമുണ്ടെന്നത് ഇന്ന് ഏതാണ്ടെല്ലാവരും അംഗീകരിച്ചിട്ടുണ്ട് ചില സൃഷ്ടിവാദികളും യുവഭൂമി വാദികളും ഒഴികെ. ഇവരിലും ശാസ്ത്രജ്ഞന്മാരുണ്ട്. ബോബ് ബൈലിനെ പോലെ. എങ്കിലും ഭൂമിയുടെ പ്രായം പരിണാമവാദത്തിനെതിരായി ഇക്കാലത്ത് അങ്ങനെ ആരും ഉന്നയിക്കാറില്ല.

തെർമോഡൈനാമിക്ക് നിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ
പരിണാമ സിദ്ധാന്തം ഊർജ്ജ തന്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങൾ, തെർമോഡൈനാമിക്ക് നിയമങ്ങൾ പോലുള്ള, അനുസരിക്കുന്നില്ല എന്നതാണ്‌ വേറൊരു വിമർശനം. ഈ നിയമമനുസരിച്ച് ഒരു സിസ്റ്റത്തിലെ മൊത്തം ഊർജ്ജത്തെ അതിനുള്ളിൽ മാത്രം ഒതുങ്ങിക്കൊണ്ട് വർധിപ്പിക്കാനാവില്ല. വസ്തുക്കൾ ക്രമത്തിൽ നിന്ന് ക്രമരഹിതമായ അവസ്ഥയിലേക്കും സങ്കീർണമായ അവസ്ഥയിൽ നിന്ന് ലളിതമായ അവസ്ഥയിലേക്കും മാറാനുള്ള പ്രവണത എപ്പോഴും കാണിക്കുന്നു. അതിനാൽ ഒരു ലളിതമായ ജീവതന്മാത്രയ്ക്ക് സങ്കീണമായ ജീവികളുടെ തലത്തിലേക്ക് പുറത്തുനിന്നുള്ള ഒരിടപെടൽ കൂടാതെ ക്രമമായമാറ്റം അസാധ്യമാണ്‌. ഡോ. ഡാന്വേ ഗ്വിഷ് തന്റെ സംവാദങ്ങളിൽ നിരന്തരം ഉന്നയിക്കാറുള്ളതാണ്‌ ഇത്.
ഇവർക്ക് പരിണാമ സിദ്ധാന്തമാണോ തെർമോഡൈനാമിക നിയമങ്ങളാണോ അറിയാതെ പോയത്? തെർമോഡൈനാമിക്ക് നിയമങ്ങൾ തെർമോഡൈനാമിക്കായി അടഞ്ഞ സിസ്റ്റത്തിലേ പ്രവർത്തിക്കുകയുള്ളൂ എന്നത് പോലുള്ള ചില നിബന്ധനകളെ ഈ വാദം പരിഗണിക്കുന്നില്ല. ഭൂമിയിലാണല്ലോ പരിണാമം നടന്നിട്ടുള്ളത്. ഭൂമി ഒരു അടഞ്ഞ സിസ്റ്റമല്ല. സൂര്യനെ പോലൊരു ഊർജ്ജസ്രോതസ്സ് ഒരു സെക്കന്റിൽ 53 ബില്ല്യൺ കിലോവാട്ട് ഊർജ്ജം ഭൂമിയിലേക്ക് പ്രവഹിപ്പിക്കുന്നു. ഇത് 5.8 മില്ല്യൺ വർഷത്തോളം തന്റെ വീടിനാവശ്യമായ വൈദ്യുതിയുടെ അത്രയും വരുമെന്ന് കെന്നത്ത് സലാഹുദ്ദീൻ. ക്രമം ക്രമരാഹിത്യത്തിലേക്കും സങ്കീർണം ലാളിത്യത്തിലേക്കും മാത്രമേ പോകൂ എങ്കിൽ പ്രപഞ്ചം ഇങ്ങനെ ആവുമായിരുന്നില്ല

ഭൂമി അടഞ്ഞ സിസ്റ്റമല്ല, എന്നാൽ പ്രപഞ്ചം അടഞ്ഞ സിസ്റ്റമാണ്‌ എന്ന് വിശ്വസിക്കുന്ന പരിണാമവാദികൾക്ക് അതിനുള്ളിലുള്ള തെർമോഡൈനാമിക നിരാസങ്ങളെ എങ്ങനെ വിശദീകരിക്കാനാവും എന്നായി ഡാൻഗ്വിഷ് (സലാഹുദ്ദീൻ ഗ്വിഷ് സംവാദം 1988)
ഇവിടെയും പല നിബന്ധനകളേയും ഗ്വിഷ് അവഗണിക്കുന്നു. പ്രപഞ്ചത്തിന്റെ പല അവസ്ഥകളിലും ഇന്ന് മനസ്സിലാക്കാപ്പെട്ട നിയമങ്ങളൊന്നും പ്രവർത്തിക്കുകയില്ല. അവയെല്ലാം ഭാഗിക നിയമങ്ങളാണ്‌. നമ്മൾ ഇന്നുവരെ മനസ്സിലാക്കിയ നിയമങ്ങളത്രയും പ്രപഞ്ചം ഒരു ഘട്ടം തരണം ചെയ്ത ശേഷം അതിന്നുള്ളിൽ നിന്നുള്ളവയാണ്‌. ഉദാഹരണത്തിന്‌ മഹവിസ്പോടനത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇന്നു കാണുന്ന ഒരു നിയമവും പ്രാവർത്തികമല്ല. അതോടൊപ്പം തെർമോഡൈനമിക നിയമങ്ങളും. തെർമോഡയനാമിക നിയമങ്ങൾക്ക് വേറെയും വിശേഷങ്ങളുണ്ട്. “തെർമൊഡയനാമിക്കിലെ രണ്ടാം നിയമങ്ങൾ ധാരാളം അവസരങ്ങളിൽ സയൻസിലെ മറ്റു നിയമങ്ങളെപോലെ പ്രവർത്തിക്കുകയില്ല.” (stephen hawlkings-A brief history of time. page No. 109 തുടർന്നുള്ള പുറങ്ങളിൽ ‘ബ്ളേക്ക് ഹോളു’കളുമായി ബന്ധപ്പെട്ട് അത് അദ്ദേഹം വിവരിക്കുന്നു)
പ്രപഞ്ചം ഒരു അടഞ്ഞ സിസ്റ്റമാണെങ്കിൽ തന്നെ അത് ആന്തരികമായി സ്വയം പ്രവർത്തനക്ഷമമായ ഗുരുത്വാകർഷണ ബലം പോലുള്ള ബലങ്ങളാൽ നിയത്രിതമാണ്‌. അതിനാൽ ഈ വാദം പരിണാമത്തെ നിരാകരിക്കാൻ അപര്യാപ്തമാണ്‌.

അജീവകണങ്ങളിൽ നിന്ന് ജീവകണങ്ങളിലേക്കുള്ള മാറ്റത്തിന്റെ സാധ്യതക്കുറവ്
അജീവവസ്തുക്കളിൽ പുറത്തുനിന്ന് ഒരു ബൗദ്ധിക ഇടപെടൽ കൂടാതെ ജീവകണങ്ങൾ ഉത്ഭവിക്കാനുള്ള സാധ്യത ഒന്നിനു ശേഷം 40,000 പൂജ്യമിട്ടാലുള്ളത്ര കുറവാണ്‌ അല്ലെങ്കിൽ ഇല്ല എന്നുപറയാം എന്ന് ഹോയ്‌ലെയും വിക്രമസിംഗേയും കണക്ക് കൂട്ടുന്നു. ഇത് ചൂണ്ടിക്കാട്ടി ദൈവിക ഇടപെടൽ സൃഷ്ടിക്ക് അത്യാവശ്യമെന്ന് സൃഷ്ടിവാദികൾ വാദിക്കുന്നു.

“ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നത് എന്റെ വിഷയമല്ല” എന്ന് ചാൾസ് ഡാർവിൻ തന്റെ ‘ജീവികളുടെ ഉത്ഭവ’ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിണാമം ജീവന്റെ മാറ്റത്തിന്റെ ചരിത്രമാണ്‌, അല്ലാതെ ഉത്ഭവത്തിന്റെ ചരിത്രമല്ല. അജീവരാസവസ്തുക്കളിൽ നിന്ന് ജീവകണം ഉത്ഭവിച്ചാൽ മാത്രം പോര അവ സ്വയം വികസിക്കാനും മാറാനും തുടങ്ങുന്നത് മുതലേ പരിണാമസിദ്ധാന്തത്തിന്റെ പരിധിയിൽ വരുന്നുള്ളൂ.
സ്റ്റാറ്റിസ്റ്റിക് പ്രകാരം നോക്കിയാൽ ഇങ്ങനെ പലതും സാധ്യമല്ല. അറ്റ്ലാന്റിക് സമുദ്രം കടക്കാനാവശ്യമായ ഇന്ധനം വഹിക്കാൻ ഒരു കപ്പലിന്‌ സാധ്യമല്ല (കെൽവിൻ), വണ്ടുകൾക്ക് പറക്കാൻ സാധ്യമല്ല. എന്നാൽ നമുക്ക് സമുദ്രം താണ്ടുന്ന കപ്പലുകളും പറക്കുന്ന വണ്ടുകളുമുണ്ട്. നമുക്ക് സ്വയം കൂട്ടിച്ചേർക്കപ്പെടുന്ന അമിനോ ആസിഡുകളുമുണ്ട്. ഭൂമിയുടെ ആദ്യ അവസ്ഥയിൽ ഉണ്ടായിരുന്ന വാതകങ്ങളിലും രാസസംയുക്തങ്ങളിലും മിന്നൽ പോലെയുള്ള വർദ്ധിത ഊർജ്ജപ്രവാഹമേറ്റാൽ അവയിൽ നിന്ന് ജീവരാസവസ്തുക്കൾ ഉണ്ടാകുമെന്ന് സ്റ്റാൻലി മില്ലർ പരീക്ഷണശാലയിൽ തെളിയിച്ചിട്ടുണ്ട്. (നമ്മുടെ ഖുരാനയും ഇമ്മാതിരി ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു.) സലാഹുദ്ദീന്റെ അഭിപ്രായത്തിൽ ഇന്ന് ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്ക് അവന്റെ ലാബിൽ ഇത് ചെയ്തെടുക്കവുന്നതേയുള്ളൂ. പുതുതായൊന്നിനെ സൃഷ്ടിക്കുക അസാധ്യമെന്ന എന്ന ഭൗതിക ശാസ്ത്രത്തിലെ ഊർജ്ജസംരക്ഷണ നിയമം തങ്ങളുടെ സൃഷ്ടിവാദത്തിനാണ്‌ എതിരാവുക എന്നത് സൃഷ്ടിവാദികൾ കാണുന്നില്ല. കാരണം സൃഷ്ടിയല്ല, പരിണാമം മാത്രമാണ്‌ പ്രപഞ്ച നിയമം.
വിക്രമസിംഗെയുടെ അഭിപ്രായത്തിൽ ജീവൻ പ്രപഞ്ചത്തിൽ മറ്റെവിടെയോ ഉത്ഭവിച്ച് വാൽ നക്ഷത്രങ്ങൾ വഴി ഭൂമിയി എത്തപ്പെട്ടതാണ്‌. ഭൂമിക്ക് പുറത്ത് ജീവൻ ഉത്ഭവിക്കുന്നതിന്റെ‘സ്റ്റാറ്റിസ്റ്റിക്’ എന്താണാവോ? കൂടാതെ അദ്ദേഹം ചില ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടി നോക്കുക.
“ഒരു ശാസ്ത്രജ്ഞന്‌ നോഹയുടെ വെള്ളപ്പൊക്കത്തിന്റെ വെളിച്ചത്തിൽ മാത്രമായി ഭൂമിശാസ്ത്രം വിശദീകരിക്കാനാകുമോ?”
“ഇല്ല”
“ഏതെങ്കിലും ശാസ്ത്രജ്ഞന്‌ ഭൂമിക്ക് ഒരു ലക്ഷത്തിൽ കൂടുതൽ പ്രായമില്ലെന്ന് വിശ്വസിക്കാനാകുമോ?”
“ഇല്ല”
“ശാസ്ത്രീയസൃഷ്ടിവാദം?”
“ക്ളാപ്ട്രാപ് (ജല്പനം)”
“ഓരോ ജീവികളും അതാതായി വെവ്വേറെസൃഷ്ടിക്കപ്പെട്ടതാണെന്നും അതിനാൽ പൊതുപൂർവികനെന്ന ആശയം നിരർഥകമാണെന്നുമുള്ള സൃഷ്ടിവാദികളുടെ വാദത്തെ പറ്റി?“
”ക്ളാപ്ട്രാപ് (ജല്പനം)“

അടുത്തത്
ഫോസ്സിലുകളിലുള്ള അപര്യാപ്തത

2 comments:

  1. ഈ പോസ്റ്റാണ് ആദ്യം കണ്ടത്, ആദ്യം ഒരു ചെറിയ കണ്ഫ്യൂഷനായിപ്പോയി. വായിച്ചു വന്നപ്പോഴാണ് വ്യക്തമായത്. പക്ഷെ ഈ പോസ്റ്റിന്റെ തുടക്കം ചെറിയ ആശയപ്പിശകുണ്ടാക്കും എന്നു പറയാതെ വയ്യ.പഴയ പോസ്റ്റും കണ്ടു.
    സത്യത്തില്‍ ഈ വിഷയത്തില്‍ ഒരു പോസ്റ്റ് മനസ്സില്‍ രൂപപ്പെടുത്തുകയായിരുന്നു. ഇനി വേണ്ടല്ലോ? എല്ലാ ആശംസകളും.
    കമന്റുകളുടെ ദൗര്ലഭ്യം യാദൃശ്ചികമാകാന്‍ വഴിയില്ല.വരട്ടെ, നോക്കാം

    ReplyDelete
  2. പക്ഷെ ഈ പോസ്റ്റിന്റെ തുടക്കം ചെറിയ ആശയപ്പിശകുണ്ടാക്കും
    ഇതെന്താണെന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു.
    യുക്തിവാദികളുടെ ഉത്തരങ്ങൾ പലപ്പോഴും യുക്തിഭദ്രമാവാറില്ല. ചോദ്യങ്ങൾക്കടുത്ത ഉത്തരങ്ങളാവാറില്ല എന്നു തോന്നിയിട്ടുണ്ട്. ഉത്തരങ്ങൾ യുക്തിഭദ്രമാകുമ്പോൾ മൗനികളുടെ എണ്ണം കൂടും. അങ്ങു സൂചിപ്പിച്ചതു പോലെ, വരട്ടെ നോക്കാം

    ReplyDelete