Thursday, November 18, 2010

പരിണാമം. സൃഷ്ടിവാദികൾക്കുള്ള മറുപടി

(ഇതൊരു തുടരൻ ലേഖനമാണ്‌. സൃഷ്ടിവാദികൾ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള പരിണാമ വിമർശനങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുള്ളതും കാതലായതെന്ന് തോന്നിയിട്ടുള്ളതുമായ എല്ലാറ്റിനും മറുപടികൾ കണ്ടുപിടിച്ച് ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങൾ വന്നാൽ അവയുടെ മറുപടി അപ്പോൾ നോക്കാം. തർജ്ജമകളധികവും സ്വന്തമാണ്‌.)

-1-

പരിണാമവാദ സംബന്ധിയായ ലേഖനങ്ങളും സംവാദങ്ങളും നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും കൃത്യമായി പരിണാമം എങ്ങനെ നടന്നു എന്നും അങ്ങനെ ജീവികൾ രൂപമെടുക്കുമോ എന്നുമുള്ള സാധാരണക്കാരന്റെ സംശയങ്ങൾക്ക് അല്ലെങ്കിൽ സാധാരണ പരിണാമവാദി നേരിടുന്ന സൃഷ്ടിവാദികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാവുന്ന രചനകൾ തുലോം കുറവാണെന്ന് കാണാം. അക്കാദമി തലങ്ങളിലുള്ളവർക്ക് കാര്യം വ്യക്തമായിട്ടുണ്ടാവാം. ഭൂരിഭാഗം വരുന്ന സാമാന്യ ജനവിഭാഗങ്ങൾക്ക് ഇത് മനസ്സിലാകാത്തേടത്തോളം സൃഷ്ടിവാദികൾ അരങ്ങുവാഴുക തന്നെ ചെയ്യും. കാരണം അവരുടെ വാദഗതികൾക്ക് വിശ്വാസത്തിന്റെ പിൻബലമുണ്ടെന്നത് മാത്രമല്ല അവ പ്രത്യക്ഷയാതാർത്ഥ്യങ്ങളുമാണ്‌. ഉദാഹരണത്തിന്‌ ചന്ദ്രൻ ഓരോദിവസവും ഓരോ വലിപ്പത്തിലാണ്‌ ഉദിക്കുന്നത് എന്നു പറഞ്ഞാൽ ആർക്കും എളുപ്പത്തിൽ വിശ്വസിക്കാം. എന്നാൽ ചന്ദ്രനും സൂര്യനും എല്ലാ ദിവസവും കൃത്യമായി ഒരേ വലിപ്പത്തിൽ ഉദിക്കുന്നുണ്ട് എന്ന യതാർഥ്യം വിശ്വസിപ്പിക്കാൻ വലിയ പാടാണ്‌. പരന്ന ഭൂമിക്ക് ഉരുണ്ട ഭൂമി പകരം വെയ്ക്കാൻ നൂറ്റാണ്ടുകളെടുത്തു എന്നതും എന്നിട്ടും ഇന്നും അതൊന്നും വിശ്വസിക്കാത്തവരെ കാണാമെന്നതും ഉദാഹരണം

സൃഷ്ടിവാദികളുമായി സംവദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാതോൽവികളും വിജയമാക്കാനാവശ്യമായ പ്രചാരണായുധങ്ങൾ അവർക്ക് സ്വന്തമായുണ്ട്. (ഇത് അന്തവിശ്വാസികളെ നേരിടുന്നതിൽ കോവൂർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.) എങ്കിലും പരിണാമവാദത്തിന്റെ തുടക്കത്തിലെ ‘ഡാർവിൻ vs വേൾഡ്“ എന്ന അവസ്ഥ മാറി ശാസ്ത്രലോകം അതേറ്റെടുത്തിട്ടുണ്ട്. അതിനുകാരണം ”സൃഷ്ടി“ സംബന്ധിയായ ധാരാളം സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം പരിണാമ സിദ്ധാന്തം നല്കുന്നു എന്നതും സൃഷ്ടിവാദികൾ നല്കുന്നില്ല എന്നതുമാണ്‌. അവയിൽ പലതും ഡാർവിൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പരിണാമ സിദ്ധാന്തത്തെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് സെമിറ്റിക് മതങ്ങളാണ്‌. വിശേഷിച്ചും കൃസ്ത്യാനികളും മുസ്ലിംഗളും. ശാസ്ത്രത്തിനേ ശാസ്ത്രത്തെ എതിർക്കാനാവൂ എന്ന സാമാന്യതത്വം പോലും വിസ്മരിച്ചുകൊണ്ടായിരുന്നു ഇത്. ആദ്യ കാലങ്ങളിൽ പരിണമവാദികളുമായി സംവദിച്ചിരുന്നത് പാതിരിമാരായിരുന്നു എന്നുകാണാം. ഉദാഹരണത്തിന്‌ ഹക്സലിയുമായി സംവാദത്തിലേർപ്പെട്ടത് (1860 ജൂൺ 30) ഫാദർ വിൽബർ ഫോർസായിരുന്നു.

(ഈ സംവാദം ഒരു കെട്ടുകഥയാണത്രെ. എന്നാൽ, ഇന്ന് ഇത് കെട്ടുകഥയാണെന്ന് പറയുന്ന പലരും മുൻപ് ഇത് സത്യമെന്ന് കരുതി പ്രചരിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ എനിക്കും തെറ്റുപറ്റി. ഇങ്ങനെ ന്യൂട്ടൺന്റെ തലയിൽ ആപ്പിൾ വീണ കഥയും ഗലീലിയോയുടെ പിസ്സാ പരീക്ഷണങ്ങളും കഥയാണത്രെ. (കെട്ടുകഥകളെങ്കിലും കേൾക്കാൻ സുഖമുണ്ട്) പക്ഷെ, പിസ്സാ പരീക്ഷണങ്ങൾക്ക് സമമായ ഒരു പരീക്ഷണം അദ്ദേഹം നടത്തിയിരുന്നു എന്നത് സത്യമാണ്‌ (ഹോക്കിംഗ്സ്)

പിൽകാലങ്ങളിൽ യാതാർഥ്യം ബോധ്യമായതിനാൽ ഈ ദൗത്യം ശാസ്ത്രജ്ഞന്മാർ അഥവാ പാതിരിമാരായ ശാസ്ത്രജ്ഞന്മാർ ഏറ്റെടുത്തു. . ശാസ്ത്രത്തെ അതിന്റെ രൂപത്തിൽ തിരിച്ചറിയുകയോ പുഷ്ടിപ്പെടുത്തുകയോ ചെയ്യുകയായിരുന്നില്ല അവരുടെ ഉദ്ദേശം, മറിച്ച് തങ്ങളുടെ ദിവ്യ വെളിപാടുകളും ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് വരുത്തിത്തീർക്കുകയായിരുന്നു. പലപ്പോഴും ചെരുപ്പിനനുസരിച്ച് കാലുമുറിക്കുക എന്ന വിദ്യ. ശാസ്ത്രജ്ഞന്മാർ തന്നെ പരിണാമ സിദ്ധാന്തത്തെ എതിർക്കുന്നു എന്നത് പരിണാമ സിദ്ധാന്തം ശാസത്രീയമായി തെറ്റാണ്‌ എന്നതിന്‌ തെളിവായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ശാസ്ത്രം മതത്തിൽനിന്ന് സ്വതന്ത്രമാവുകയായിരുന്നു എന്ന വശം അവർ അവഗണിക്കുകയാണ്‌. പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരിൽ ഭൂരിഭാഗവും സൃഷ്ടിവാദത്തെ അനുകൂലിക്കുന്നില്ല, മറിച്ച് അവർ പരിണാമത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്യുന്നത്.ഇത് പരിണാമ സിദ്ധാന്തത്തെ പുഷ്ടിപ്പെടുത്തും. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അതിൽ ഇടപെടുന്ന രീതി ശാസ്ത്രീയമാണോ എന്നതാണ്‌ പ്രധാനം, ഇടപെടുന്ന ആൾ ആരെന്നോ അയാളുടെ വിശ്വാസം എന്താണെന്നതോ അല്ല.


മറ്റു ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് വിരുദ്ധമായി മുസ്ലിംഗൾ പരിണാമ സിദ്ധാന്തത്തിനെ ആവും വിധം പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. കൃസ്ത്യാനികൾ ശാസ്ത്രത്തിലെ ഏതു കണ്ടുപിടുത്തത്തേയും ബൈബിൾ വിരുദ്ധമെന്നു കണ്ടു സംശയത്തോടെ വീക്ഷിക്കുകയും കഴിയാവുന്നത്രയും ക്രൂരമായി എതിർപ്പുകൾ പ്രകടിപ്പിക്കുക്കയും പരാജയപ്പെടുകയും ചെയ്തു. ചരിത്രത്തിൽ നിന്ന് അവർ പാഠമുൾകൊള്ളാത്തതിനാൽ പിന്നെയും എതിർക്കുന്നു, പരാജയപ്പെടുന്നു. പരിണാമത്തെ എതിർക്കുന്നതിന്‌ അവർ ഇൻസ്റ്റിറ്റൂട്ട് ഒഫ് ക്രിയേഷൻ റിസെർച്ച് സ്ഥാപിച്ചു. ഡോ. മൊറിസ്, ഡോ. ദനൊവ് ഗിഷ് തുടങ്ങിയവരായിരുന്നു സ്ഥാപകർ. ഹാറൂൺ യഹിയ എന്ന അദ്നാൻ ഒക്റ്റർ മുസ്ലിംഗൾക്കിടയിൽ ക്രിയേഷൻ റിസെർച്ചിന്റെ പ്രചാരകനാണ്‌. അദ്ദേഹം അതിനായി സയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു. കേരളത്തിൽ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എൻ. എം ഹുസ്സൈൻ ആണ്‌. അദ്ദേഹം അവ്വിഷയകമായി എഴുതിയ പുസ്തകമാണ്‌ ‘സൃഷ്ടിവാദവും പരിണാമവാദികളും’. കൂടാതെ പ്രബോധനം, സ്നേഹസംവാദം പോലുള്ള ജമാത്തെ ഇസ്ലാമി/മുജാഹിദ് പ്രസിദ്ധീകരണങ്ങളിലും തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. 2009 ഫെബ്രുവരി ലക്കം പ്രബോധനത്തിൽ, മലയാളത്തിലെ പരിണാമവാദികളിൽ പ്രമുഖരായ പ്രഫസ്സർ ശിവശങ്കരൻ, പ്രൊഫസ്സർ കുഞ്ഞുണ്ണിവർമ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആർ. വി. ജി മേനോൻ അടക്കം പലരേയും തന്റെ ആശയവുമായി അദ്ദേഹം പലതവണ സമീപിക്കുകയും ധാരാളം കത്തിടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അവർ അദ്ദേഹത്തിന്‌ ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല എന്ന്‌ അവകാശപ്പെടുകയുണ്ടായി. (ശിവശങ്കരൻ സാറിന്റെ ‘ജീവന്റെ പുസ്തകം’ എന്ന കൃതിയിൽ വസ്തുതാപരമായ ചില പിശകുകൾവന്നിട്ടില്ലേ എന്നു സംശയിച്ച് ഈയുള്ളവൻ അയച്ച കത്തിനും അദ്ദേഹം മറുപടി തന്നില്ല എന്ന് സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടേ. അവരൊക്കെ നല്ല തിരക്കുള്ളവരാണ്‌.)

2005 ഏപ്രിൽ മുതലുള്ള ശാസ്ത്രകേരളം ലക്കങ്ങളിൽ പ്രൊഫസ്സർ ശിവശങ്കരൻ ശ്രീ ഹുസ്സൈന്റെ പേരെടുത്ത് അത്തരം ആളുകൾക്കുള്ള മറുപടി എന്ന നിലക്ക് ജെ. ബി. എസ് ഹാൾഡൈൻ സൃഷ്ടിവാദികളുമായി അൻപത് കൊല്ലം മുൻപ് നടത്തിയ ഒരു സംവാദം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഹുസ്സൈന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. ചില ഇസ്ലാമിക വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും മാത്രമാവണം അദ്ദേഹത്തിന്റെ ആശ്രയം.

ഈശ്വരാസ്ഥിത്വത്തെ നിഷേധിക്കാൻ എല്ലാ അടവുകളും പ്രയോഗിച്ച് തകർന്ന ഭൗതികവാദ പ്രസ്ഥാനങ്ങൾക്ക് ഒടുക്കം കിട്ടിയ പിടിവള്ളിയാണിതെന്നും ഇതൊരു ഗൂഡാലോചനയാണെന്നും പരിണാമവാദം ഒരു മതമാണെന്നുമൊക്കെയാണ്‌ ആക്ഷേപം. ഈ ആക്ഷേപങ്ങൾ കേവലം തെറിപറയലിന്റെ നിലവാരമേയുള്ളൂ. നിരീശ്വരവാദ പ്രസ്ഥാനങ്ങൾക്ക് ഏതാണ്ട് ഈശ്വരവിശ്വാസത്തോളം തന്നെ പഴക്കമുണ്ട്. ഈശ്വരാസ്ഥിത്വത്തിന്‌ ചൂണ്ടിക്കാണിക്കപ്പെടുന്ന തെളിവുകളെ ഭംഗിയായി നിഷേധിക്കുക വഴി ഈശ്വര നിഷേധം ഭൗതികവാദികൾ പണ്ടേ നിർവഹിച്ചിട്ടുണ്ട്, പരിണാമസിദ്ധാന്തത്തിന്റെ സഹായമില്ലാതെ. കൂടാതെ ശാസ്ത്രത്തിലെ അനവധി നിയമങ്ങൾ ഈശ്വര നിഷേധികളാണ്‌. ഇനി പരിണമവാദത്തിന്റെ ഏതു ഘട്ടത്തിലാണ്‌ നിരീശ്വരവാദികൾക്ക് മുൻതൂക്കമുണ്ടായിരുന്നത്?. പരിണാമവാദം രൂപപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചവരൊക്കെ നല്ല വിശ്വാസികളായിരുന്നു എന്നു കാണാം. ആധുനിക പരിണാമവാദത്തിന്‌ അടിത്തറയിട്ട ഡാർവിൻ പഠിച്ചത് ദൈവശാസ്ത്രമായിരുന്നു. പിൽകാലത്ത് അദ്ദേഹം ഒരു ‘സന്ദേഹവാദി’വരെ ആയെങ്കിലും തികഞ്ഞ നിരീശ്വരവാദിയായിട്ടില്ല. ആൽഫ്രെഡ് വാലൈസാവട്ടെ ദൈവത്തിന്റെ ഇടപെടലില്ലാത്ത പരിണാമവാദത്തെ അംഗീകരിച്ചതേയില്ല. പരിണാമത്തിന്റെ മറ്റൊരു മേഖലയിൽ വ്യാപരിച്ചിരുന്ന ഗ്രിഗർ മെന്റൽ പാതിരിയായിരുന്നു.

ഭൗതികവാദികളുടെ മേലിൽ പിന്നെന്തിനാണ്‌ ഇക്കാര്യത്തിൽ കുതിരകയറുന്നതെന്നു ചോദിച്ചാൽ ‘ഭൗതികവാദി’ എന്നത് മതത്തിന്റെ നിഘണ്ടുവിൽ, മതം ആവശ്യമുള്ളവരെ സംബന്ധിച്ചിടത്തോളം, ഏറ്റവും നീചമായ വാക്കാണ്‌. തെമ്മാടി, ചെറ്റ, തെണ്ടി എന്നൊക്കെയുള്ള വാക്കുകൾക്ക് ഇത് പകരം നില്ക്കും. പരിണാമവാദം തങ്ങളുടെ ഗ്രന്ഥങ്ങളിലെ വെളിപാടുകളെ വളച്ചൊടിച്ച് ‘ശാസ്ത്രീയ’മാക്കാൻ വയ്യാത്ത വിധം നിരാകരിക്കുന്നു എന്ന് ഭൂരിപക്ഷം ഇപ്പോൾ കരുതുന്നതിനാൽ തങ്ങളിൽ നിന്ന് അതിൽ ആകൃഷ്ടരാകാൻ സാധ്യതയുള്ളവരുടെ അംഗസംഖ്യ കുറയ്ക്കാൻ, ആദ്യപ്രതിരോധത്തിന്‌, ഇത്തരം ചീത്തപറച്ചിൽ സഹായകമാവുമെന്നവർ വൃഥാ കണക്കു കൂട്ടുന്നു.

തങ്ങളുടെ എതിരാളികൾ തങ്ങളെപോലെ തന്നെയാണ്‌ എന്നു വരുത്തിത്തീർക്കാനാണ്‌ പരിണാമം മതമാണ്‌ എന്നു വാദിക്കുന്നത്. എന്നാൽ മതത്തിന്റെ ഏതൊക്കെ സ്വഭാവങ്ങളെ ഇത് പങ്കുവെയ്ക്കുന്നുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടുകയില്ല. പരിണാമം വ്യക്തമായ ശാസ്ത്രീയ തെളിവുകളോടെ തെറ്റാണെന്നു തെളിയിച്ചാൽ ശാസ്ത്രം അന്ന് അതിനെ ഉപേക്ഷിക്കും. ഉദാഹരണത്തിന്‌ ഹൾഡൈൻ ചൂണ്ടിക്കാണിച്ചത് പോലെ പ്രീകാമ്പ്രിയൻ കാലഘട്ടത്തിൽ ഒരു മുയലിനെ കാണിച്ചു തരൂ പരിണാമവാദത്തിന്റെ നില പരുങ്ങലിലായി.അല്ലെങ്കിൽ  ഡ്യൂപ്ലിക്കേറ്റ് അഥവാ സമാനമായ ജീവി വർഗ്ഗം  (നിൽനിൽക്കുന്നതോ വംശനാശം വന്നതോ ആയിട്ടില്ലാത്ത ) ഇല്ലാത്ത  ഒരു ജീവിവർഗ്ഗത്തെ കാണിച്ചുതരൂ.  ഇതുപോലെ മതം ഉപേക്ഷിക്കപ്പെടുന്നതിനുള്ള  ഒരു ഉപാധി പറയാമോ? ഇനി ശാസ്ത്രത്തിനുണ്ടായിരിക്കേണ്ട പ്രത്യേകതകളിൽ എന്തൊക്കെ കുറവാണ്‌ പരിണാമവാദത്തിനുള്ളതെന്ന്‌ ചൂണ്ടിക്കാണിക്കമോ? മതത്തിന്റെ സങ്കൽപ്പങ്ങളിൽ ഏതേതൊക്കെ പരീക്ഷണ നിരീക്ഷണ പരിധിയിൽ വരും?

അടുത്തത്
പരിണാമവാദത്തിലെ ചില അബദ്ധ ധാരണകൾ

1 comment: