Sunday, February 7, 2016

സൂപ്പർ നോവ എന്ന മഹാത്ഭുതം



പൊട്ടിത്തെറിയിലൂടെ അവസാനിക്കുന്ന നക്ഷത്രമാകുന്നു സൂപർ നോവ. ഒരു സൂപ്പർ നോവ ഉണ്ടാക്കുന്ന പ്രകാശം നൂറുകോടി സൂര്യനേക്കാളുമധികമായിരിക്കും. ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സൂപർനോവ ഈ കഴിഞ്ഞ വേനലിൽ വാനനിരീക്ഷകർ (സുബോ ഡോങ്ങ്) കാണുകയുണ്ടായി.  ഇത് 3.8 ബില്ല്യൻ പ്രകാശവർഷം അകലെയാണ്.  അവർ അതിനു അസാസ്സ്ൻ-15 എന്ന് വിളിച്ചു. നല്ല പേരു. മോനെ അസ്സാസിനേ എന്ന് വിളിക്കാം   (അവരുടെ റിപ്പോർട്ട് പോയ മാസം സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്) ഈ സ്ഫോടനത്തിന്റെ മൊത്തം ശക്തി  (2.2+/-0.2) x 10r 45 എർഗ്.    പെർ സെകന്റ് വരും (ഒരു എർഗ്ഗ് എന്നാൽ ഒരു ജൂളിന്റെ ഒരു കോടിയിൽ ഒരംശം) എന്ന് കണക്കു കൂട്ടിയിട്ടുണ്ട്. ഇങ്ങനെ ഒന്നും പറഞ്ഞാൽ നമുക്ക് മനസ്സിലാകില്ല എന്നതിനാൽ ഈ ശക്തി എന്താണെന്നു ടോം ഹാർട്സ് ഫീല്ഡ് പറയുന്നുണ്ട് കുറച്ചു കൂടി വ്യക്തമായി  (ഇദ്ദേഹം ചില്ലറകാരനല്ല, ടെക്സാസ് യൂണിവേർസിറ്റിയിൽ നിന്നുള്ള പി എച് ടിക്കാരനാണ്, ഫിസിക്സിൽ.)
നമ്മുടെ തലച്ചോറിനുള്ള ഒരു പ്രശ്നം അത് എത്ര വലിയ സംഭവും അതിന്റെ ഒരു പരിധിയിലേക്ക് ചുരുക്കിയേ മനസ്സിലാക്കുകയുള്ളൂ എന്നതാണു. അതിനങ്ങനെയേ പറ്റൂ.  ഒന്നരലക്ഷം പ്രകാശവർഷം വലിപ്പമുള്ള ഒരു ഗാലക്സി നമുക്ക് കൂടിയാൽ ഒരു വലിയ തലക്കുടയുടെ അത്രയേ വരൂ.  ഹാർത്സ് ഫീൾഡിന്റെ  ഈ കണക്കുകൾ നല്ല രസമുള്ള അനുഭവമായി തോന്നിയതിനാലാണ് പകർത്തുന്നത്. ഉപകാരപ്പെടും എന്ന് കരുതുന്നു.


ഒരു സെക്കന്റിൽ ഈ പ്രകാശ ഉത്സവം പുറത്തു വിടുന്ന ഊർജ്ജം എന്നത് മനസ്സിലാകുന്ന കണക്കിൽ എഴുതിയാൽ 220000000000000000000000000000000000000 വാട്ട് എന്ന് കിട്ടും. വല്ലതും പുടികിട്ടിയാ? എവിടെ?
ഇത് 10r38 വാട്ടിന്റെ രണ്ട് ബൾബ് കത്തിച്ച പോലിരിക്കും. എന്ന്വച്ചാൽ നൂറു കോടി ബില്ല്യൻ ബില്ല്യൻ ബില്ല്യൻ ബില്ല്യൻ വാട്സ്. വൗവ് എന്താല്ലേ....നമ്മൾ ഹിരോഷിമയിൽ പൊട്ടിച്ച 'ചെറിയകുട്ടി' ഒരു കിലോയിൽ താഴെ യൂറേനിയമേ  ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ, അസാസ്സ്ൻ ഏതാണ്ട് ചന്ദ്രന്റെ അത്രയും യൂറേനിയം പൊട്ടിച്ചാലുള്ള അത്രയും ഊറ്ജ്ജം പുറത്തു വിടും ഓരോ 30 സെക്കന്റിലും. നമ്മളുണ്ടാക്കിയ ഒരു വലിയ തെർമോ ന്യൂക്ലിയറ്  പൊട്ടിത്തെറി പോലും ഇതിനേക്കാൾ ഒരു ബില്ല്യൻ ബില്ല്യൻ കുറവേ വരൂ. നോ രക്ഷ. എന്നാൽ ഇത് നോക്കാം.   നമ്മുടെ സൂര്യൻ   3.8 x 10 r 26 വാട്ട് പവർ ആണുണ്ടാക്കുന്നതെങ്കിൽ ഇത് അതിനേക്കാൾ 580 ബില്ല്യൻ അധികം തിളക്കമുണ്ടാക്കും. ഇത് ഒരു സെക്കന്റിൽ ഉത്പാദിപ്പിക്കുന്ന  ഊർജ്ജം ഉണ്ടാക്കാൻ നമ്മുടെ സൂര്യൻ 18000 കൊല്ലം പണിയെടുക്കണം എന്ന്.
നമ്മുടെ മില്കി വേ ഗാലക്സി   8 x 10r 36 വാട്ട് ഉത്പാദിപ്പിക്കുന്നു. ഇത് ചെറുത്. നമ്മുടെ സൂപർ നോവ അതിന്റെ അവസാന നാളുകളിൽ ഇതിന്റെ 30 മടങ്ങ് അധികം ഊർജ്ജം ഉത്പ്പാദിപ്പിക്കും
ഇനിയും ഇതിനെ നമ്മുടെ അറിവിലേക്ക്  ചുരുക്കാം. ബ്രിട്ടീഷ് കുതിരക്കണക്കനുസരിച്ച് (ഹോസ് പവർ) ഒരു കുതിര സമം 746 വാട്ട് ആണു. ഒരു ഫെറാറി എഞ്ചിൻ 600 കുതിരയാണ്. നമ്മുടെ നോവ 10 നു ശേഷം 32 പൂജ്യമിട്ടാൽ കിട്ടുന്ന അത്രയം ഫെറാറി ആണു. ദുനിയാവിൽ നമ്മളുണ്ടാക്കിയ എല്ലാ പ്ലാന്റുകളും ഉത്പാദിപ്പിക്കുന്ന വൈദ്യുതി 7.9 x 10 ശേഷം 19 പൂജ്യം വാട്ട് പെർ കൊല്ലം. നോവ ഒരു നാനോ സെക്കന്റിൽ (ഒരു സെക്കന്റിന്റെ ബില്ല്യണിൽ ഒരംശം) ഉണ്ടാക്കുന്ന ഊർജ്ജം ഉണ്ടാക്കാൻ നമ്മുടെ പ്ലാന്റുകളൊക്കെ 2.8 ബില്ല്യൻ വർഷം ഓടിക്കണം.   അപ്പോഴേക്കും എനിക്ക് വയസ്സാകും.
എങ്ങനെണ്ട്. വെളിച്ചത്തിന്റെ ഈ  കമ്പിത്തിരി ഉത്സവം? 

No comments:

Post a Comment