Wednesday, November 25, 2015

ഇന്ത്യ എത്ര മനോഹരമാ പദം
======================
ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നു എന്നത് നാല് ഭാഗത്ത് നിന്നും മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നു. എഴുത്തുകാരും കലാകാരന്മാരും തിര്യക്കുകളെ പോലെ അത് മുൻകൂട്ടി തിരിച്ചറിഞ്ഞു ബഹളമുണ്ടാക്കാൻ ആരംഭിച്ചിരിക്കുന്നു. അതിൽ അസ്വസ്ഥമാകേണ്ട കാര്യമില്ല, കാരണം അത് അവരുടെ പണിയാണ്. എവിടെനിന്നെങ്കിലും അപകടം അരിച്ചരിച്ചു വരുന്നുവെങ്കിൽ അതിനെതിരെ മുന്നറിയിപ്പ് നൽകുക എന്നത്. എന്നാൽ ഇന്ത്യയുടെ ഭൂരിപക്ഷ മനസ്സ് ഒരിക്കലും അസഹിഷ്ണുത്വമാകുകയില്ല . അതിനു ചരിത്രത്തിൽ നിന്നും വർത്തമാന കാലത്തിൽ നിന്നും നിരവധി തെളിവുകളുണ്ട്. ഒന്നിൽ കൂടുതൽ ദൈവസങ്കൽപ്പമുള്ള ഏതു മതത്തിനും ജനാധിപത്യ ബോധം വളരെ പെട്ടെന്ന് ഉൾകൊള്ളാനാകും എന്നതാണു ഇന്ത്യൻ ഭൂരിപക്ഷ മനസ്സ് അസഹിഷ്ണുക്കളാകില്ല എന്ന് പറയുന്നതിന്റെ കാതൽ. ആധുനിക പൈസംഘി മനസ്സിനെ അസ്സ്വസ്ഥമാക്കുന്നതും ഇതാണു. ഇന്ത്യയിൽ അസഹിഷ്ണുത വളർത്തിയെടുക്കേണ്ടത് വളരെ ചെറിയ ന്യൂനപക്ഷമായ പൈസംഘികളുടെ ആവശ്യമാണു. അതിനെ ഭംഗിയായി പ്രതിരോധിക്കുക സാധാരണക്കാരായ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ആയിരിക്കും എന്നതിൽ എനിക്കൊരു സംശയവും ഇല്ല. മുൻപെങ്ങുമില്ലാത്തവിധം അസഹിഷ്ണുതാ ധാരണ ജനങ്ങളിൽ വളരുന്നുണ്ടെങ്കിൽ അതെന്തു കൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും തിരുത്താൻ ശ്രമിക്കുകയുമാണ് സംഘികളേ നിങ്ങൾ ചെയ്യേണ്ടത്. ഇത് നിങ്ങളുടെ പ്രവർത്തന ഫലാമാണു
അസഹിഷ്ണുത ഇന്ത്യൻ ഭൂരിപക്ഷ മനസ്സിനില്ല എന്നതിന്റെ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. ലോകത്തിലെവിടെയും സ്വാതന്ത്ര്യം കിട്ടിയ ഭൂരിപക്ഷങ്ങൾ, അതിനി കാമ്മ്യൂണിസമാകട്ടെ, ഇസ്ലാമാകട്ടെ മറ്റെന്തെങ്കിലും ഐഡിയോളജിയാവട്ടെ (ഇവരിൽ പലരും ഈ സ്വാതന്ത്ര്യത്തിൽ നിന്ന് തഴച്ചു വളരുകയും എന്നിട്ട് അവരുടെ സ്വതന്ത്രരഹിത ലോകത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഈ ആധുനിക യുഗത്തിലും എന്നത് മറ്റൊരു തമാശ) അത് മറ്റുള്ളവരുമായി പങ്കുവെച്ച ചരിത്രമില്ല. പക്ഷെ ഇന്ത്യയിൽ ഉണ്ടായി. ഇതാണു ഞാൻ കരുതുന്നത് ഇന്ത്യൻ ഭൂരിപക്ഷത്തിന്റെ സഹിഷ്ണുതാ മനസ്സിന് ഏറ്റവും നല്ല ഉദാഹരണം എന്ന്. ഇന്ത്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സംഘികൾ കൊലവിളി നടത്തിയത് മുല്ലമാർക്കോ മൗലവിമാർക്കോ എതിരെ ആയിരുന്നില്ല, മറിച്ചു രണ്ട് ഹിന്ദുക്കൾക്കെതിരെയായിരുന്നു. സുകുമാർ അഴീകോടിനും വീരേന്ദ്രകുമാറിനും. കാരണം അവർക്ക് അസഹ്യമായത് സ്വന്തം പാളയത്തിൽ നിന്നുള്ള പടയായിരുന്നു.
അതിനാൽ കേവലം സംഘി മനസ്സിന്റെ അജണ്ടകൾക്കനുസരിച്ചു ഈ അസഹിഷ്ണുതയെ വളർത്തുന്നതിനു വളമിടുന്നതിനു പകരം അതില്ലാതെയിരിക്കാൻ ഭൂരിപക്ഷത്തിന്റെ കൂടെ നിൽക്കാനാണെനിക്കിഷ്ടം.

Saturday, November 14, 2015

ചില പശു ചിന്തകൾ

സാധാരണ പശുവാദങ്ങളിലൊക്കെ പൈസംഘികൾ നിരന്തരം ഉപയോഗിക്കുന്ന ചില വാദങ്ങളുണ്ട്. യുക്തിവാദികൾ പോലും പലപ്പോഴും ഇമ്മാതിരി വാദങ്ങൾക്ക് മുൻപിൽ അടുത്ത ഉത്തരങ്ങളല്ല നൽകാറുള്ളത്, അല്ലെങ്കിൽ ഒന്ന് പരുങ്ങാറുണ്ട്. ഏതെങ്കിലും ഒരു മൃഗം ആരാധ്യവസ്തുവോ വിശുദ്ധമോ എന്ന് കരുതാത്ത ഒറ്റമതങ്ങളും ഇല്ല എന്നതിനാൽ യുക്തിവാദികൾക്കല്ലാതെ ഫലപ്രഥമായി ഇമ്മാതിരി അന്ധവിശ്വാസങ്ങൾക്ക് എതിര് നിൽക്കാനാവില്ല. അതിനാൽ തന്നെയാവും മറ്റു മതങ്ങളൊക്കെ താല്പര്യമില്ലെങ്കിലും പശു ആരാധനയ്ക്കെതിരെ ഒരു സോഫ്റ്റു കോർണർ കാണിക്കുന്നത്. കാരണം നാം ഇന്ന് അവരുടെ പശുവിനെതിരു നിന്നാൽ അവർ നമ്മുടെ വിശുദ്ധ മൃഗത്തിനെതിരു നിൽക്കും. അങ്ങനെ ഒരു ശത്രുത സമ്പാദിക്കേണ്ട എന്ന പ്രായോഗിക ബുദ്ധിയിലാണു മറ്റു മതങ്ങൾ ഇതിനെ എതിർക്കാത്തത്. (സ്വന്തം കാര്യത്തിൽ തികഞ്ഞ പ്രായോഗികമതികളും യുക്തിവാദികളുമാണു മതങ്ങൾ)
പശുവാദക്കാർ പെട്ടെന്ന് എടുത്തു തൊടുക്കുന്ന ചില ബ്രഹ്മാസ്ത്ര ചോദ്യങ്ങളെ ഫപപ്രദമായി ചെറുക്കാനുള്ള ഒരു ശ്രമം ആണു ഇവിടെ നടത്തുന്നത്
1)- ഞങ്ങളുടെ സെന്ടിമെന്റ്സിനെ നിങ്ങൾ മാനിക്കണം
ഇത് മറ്റു മതക്കാരോട് പറയുന്നത് മനസ്സിലാക്കാം, അവർ അതിനോട് പ്രതികരിക്കുന്നതും മനസ്സിലാക്കാം. കാരണം അവര്ക്കും ഇതുപോലെ നിരവധി സെന്റിമെന്റ്സുണ്ട്, അപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ കച്ചവടത്തിൽ അവർക്ക് ഗുണമുണ്ട്. എന്നാൽ ഇമ്മാതിരി അന്ധവിശ്വാസധിസ്ഠിതമായ സെന്റിമെന്റ്സുകൾ യുക്തിവാദി എന്തിനു വകവെച്ചു കൊടുക്കണം നിങ്ങളുടെ സെന്റിമെന്റ്സുകൾ അന്ധവിശ്വാസമാണ് സർ. പഴയ പല സെന്റിമെന്റ്സുകളും ഇതേപോലെ വകവെച്ചു കൊടുത്തിരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ അവസ്ഥയെന്താകുമായിരുന്നു. ശൈശവവിവാഹം, നരബലി, സതി, ജാതി സമ്പ്രദായം, വിധവാ വിവാഹനിഷേധം, സംബന്ധം, സംയോഗം, ദേവദാസി സമ്പ്രദായം, ബഹു ഭാര്യാത്വം, ആൾദൈവങ്ങൾ, സ്ത്രീകൾക്ക് സ്വത്തും വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നിഷേധിക്കൽ തുടങ്ങി എത്രയെത്ര. ഇതെല്ലാം സെന്റിമെന്റ്സാണു, സംസ്കാരമാണ്, മണ്ണാങ്കട്ടയാണു എന്ന് പറഞ്ഞു വകവെച്ചു കൊടുക്കുകയല്ല യുക്തിവാദികളും പരിഷ്കൃത സമൂഹവും ചെയ്യേണ്ടത്. മറിച്ചു സമൂഹത്തിൽ നിന്ന് തുടച്ചു നീക്കേണ്ട അന്ധവിശ്വാസങ്ങളാണെന്നു കണ്ട് എതിരായി പോരാടുകയാണ്. അതാണു യുക്തിവാദിയുടെ പണി. അതിനാൽ പശു താല്പര്യങ്ങളെക്കെതിരായുള്ള സമരം പശുവിനെതിരായോ മാംസം കഴിക്കുന്നതിനോ വേണ്ടിയുള്ള സമരമല്ല, അന്ധവിശ്വാസത്തിനെതിരായുള്ള സമരമാണ്. പശുവാദം വിശ്വാസത്തിന്റെ ഭാഗമായതിനാലാണു അതിന്റെ മൂത്രവും ചാണകവും ഒക്കെ പുണ്ണ്യദ്രവ്യങ്ങളാകുന്നത്. ലോകത്തിൽ ഒരു കിഡ്നിയും മാലിന്യമല്ലാതെ ഒന്നും ഉത്പാദിപ്പിക്കുന്നില്ല.
2) ക്യൂബ പോലുള്ള രാജ്യങ്ങളിൽ ഗോവധ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭൌതിക കാരണങ്ങളാൽ ഒരു സർക്കാർ ഏർപ്പെടുത്തുന്ന അത്തരം നിരോധനങ്ങൾ. പോലെയല്ല വിശ്വാസത്തിന്റെ ഭാഗമായി ഒരു മതേതരസർക്കാർ ഇമ്മാതിരി നിയന്ത്രണങ്ങൾക് അരു നില്ക്കുന്നത്. ഭൌതിക കാരണങ്ങളാൽ ഇന്ത്യയ്ക്കും നിരോധനം ആകാവുന്നതാണ്. നിരവധി മൃഗങ്ങളെ കൊല്ലുന്നതിനു ഇതുപോലെ ഇന്ത്യയിൽ നിരോധനം ഇന്ന് നിലവിലുണ്ട്. അവയിൽ പലതും പുനപരിശോധിക്കെണ്ടതാണു എങ്കിലും. ക്യൂബയിൽ ഇന്ന് ഗോവധം നിരോധിക്കുന്ന ഭൌതിക സാഹചര്യങ്ങൾ മാറുന്ന മുറയ്ക്ക് നിരോധനം പിൻവലിക്കും. ഇന്ത്യയിൽ ഗോവധ നിരോധിക്കുന്നത് നിർത്തലാക്കാൻ ഇതുപോലെ ഒരു മാനദണ്ഡം മുന്നോട്ടു വെയ്ക്കാമോ?
3) മാനിറച്ചി കഴിക്കാൻ തോന്നിയാൽ......
മാൻ മുതലായ മൃഗങ്ങൾ ഇന്ത്യയിൽ വന്യജീവിസംരക്ഷണ നിയമത്തിനുള്ളിലാണു വരുന്നത്. ഈ നിയമത്തിൽ വരുന്ന ജീവികളെ വീട്ടിൽ വളർത്തുന്നതിനു വിലക്കുണ്ട്. നിങ്ങൾ മാനിനെ പോലെ പശുവിനെ പരിഗണിക്കണമെന്നാണു വാദിക്കുന്നതെങ്കിൽ അതിനെ വീട്ടിൽ വളർത്താൻ പാടില്ല എന്ന നിയമവും പാലിക്കപ്പെടണം. ഒരു കർഷകൻ അവന്റെ വീട്ടിൽ വളർത്തുന്ന ജീവികളെ കാട്ടു മൃഗമായി പരിഗണിക്കണമെന്നും അതിന്മേൽ അയാൾക്ക് നിയന്ത്രണമില്ല എന്നും പറയുന്നത് എവിടത്തെ ന്യായമാണ്? കർഷകൻ കേവലം പാലുകണ്ടിട്ടല്ല പശുവിനെ വളർത്തുന്നത്. കാലം കഴിയുമ്പോൾ അതിന്റെ തോലും ഇറച്ചിയും കച്ചവടം ചെയ്യാമെന്ന് കരുതിയാണ്. ഗോവധം നിരോധിക്കുമ്പോൾ കർഷകന്റെ ചില കച്ചവടസാധ്യതകൾ മങ്ങുകയും അയാൾക്ക് അതിൽ താല്പര്യം കുറയുകയും ചെയ്യും.
4) എങ്കിൽ നിങ്ങൾ എന്തുകൊണ്ട് പന്നിയെ...
ഇത് മുസ്ലിംഗളെ ലക്ഷ്യമാക്കിയാണ് ഉന്നയിക്കുന്നത്. ഒന്നാമതായി പശുവിറച്ചി എന്ന് പറയുന്നത് (എന്തെങ്കിലും ഭക്ഷണ സാധനം കഴിക്കുന്നത്) ഇസ്ലാമിൽ നിർബന്ധമല്ല. അവരുടെ നിർബന്ധം ചിലത് കഴിക്കാതിരിക്കലാണു. അത് അവർ കഴിക്കുന്നില്ല എന്നേയുള്ളൂ. മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതിൽ (അവർക്ക് ഭരണ സ്വാധീനമില്ലാത്ത ഇടങ്ങളിൽ) അവർക്ക് കുഴപ്പമൊന്നുമില്ല. നിങ്ങൾക്ക് പശു വിശുദ്ധ മൃഗമാകുമ്പോൾ മുസ്ലിംഗൾക്ക് പന്നി അറപ്പുണ്ടാക്കുന്ന, കൊല്ലപ്പെടേണ്ട മൃഗമാണു. അതിനെ കൊന്നുകൊണ്ട് അവരുടെ ഒരു വികാരവും നിങ്ങൾക്ക് മുറിപ്പെടുത്താനാവില്ല. അവരുടെ കേന്ദ്രങ്ങളിൽ, പള്ളികളിൽ പന്നിയെ പ്രവേശിപ്പിക്കുകയോ അവിടെ വെച്ചു കൊല്ലുകയോ അവരെ തിന്നാൻ പ്രേരിപ്പിക്കുകയോ അവരുപയോഗിക്കുന്ന ഉത്പന്നങ്ങളിൽ അത് കൂട്ടിച്ചേർക്കുകയോ ചെയ്യാത്ത കാലത്തോളം മുസ്ലിംഗൾക്ക് പന്നി ഫെസ്റ്റ് വെറും കോമഡിയാണു.
5) എന്തുകൊണ്ട് നിങ്ങളാരും പന്നി ഫെസ്റ്റ് നടത്തുന്നില്ല.
ഉത്തരം മുകളിൽ ഉണ്ട് ഭാഗികമായി. ഒരു സമരം സംഘടിപ്പിക്കപ്പെടുന്നത് പലപ്പോഴും പ്രതീകാത്മകമായിട്ടാണു. ബീഫു കഴിക്കാനുള്ള കൊതിയല്ല ബീഫ് ഫെസ്റ്റിവൽ കൊണ്ടുദ്ദേശിക്കുന്നത്. അങ്ങനെ വരുത്തി തീർക്കുന്നത് അതിനെ ആക്ഷേപിക്കാനാണ്. ഒരു വ്യക്തിയുടെ ഭക്ഷണം പോലുള്ള സ്വാതന്ത്ര്യങ്ങളിൽ ഒരു ഭരണകൂടം തന്നെ സ്പോണ്‍സർ ചെയ്ത് ചില ഫാഷിസ നടപടികൾ നടത്തുമ്പോൾ അതിനെതിരായി പ്രതികരിക്കാൻ ഒരു ഇന്ത്യൻ പൌരനു ബാധ്യതയുണ്ട്. പണ്ട് ഉപ്പുകുറുക്കൽ സമരം ഗാന്ധി നടത്തിയത് അദ്ദേഹത്തിനു ഉപ്പു തിന്നാൽ ശീലം ഉണ്ടായിരുന്നതു കൊണ്ടല്ല.
ബീഫ് തിന്നരുത് എന്ന് പറയുന്നത് ഒരു ടെസ്റ്റ്‌ ഡോസാണ്. അതിൽ എത്രമാത്രം പ്രതികരണം ഉണ്ടാകും എന്നറിഞ്ഞിട്ടാണു അടുത്തത് മുന്നോട്ടു വെയ്ക്കുക. ഫാഷിസം അങ്ങനെയാണു. നമുക്ക് അസംബന്ധം എന്ന് തോന്നുന്ന ചില സംജ്ഞകൾ നിരന്തരം ഉന്നയിച്ചു അത് പൊതുബോധത്തിന്റെ ഭാഗമാക്കിയാൽ കാര്യങ്ങൾ എളുപ്പമായി. അതിനാൽ ഗോവധ നിരോധന നിയമങ്ങൾക്ക് എതിരു നിൽക്കുന്നത് അന്ധവിശ്വാസങ്ങൾക്കും അത് കൊണ്ടുവരാവുന്ന ഫാഷിസത്തിനും എതിരു നിൽക്കലാണ്. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും