Friday, February 7, 2014

വേണം പരിണാമസിദ്ധാന്തത്തിന്‌ ഒരു നിഘണ്ഡു.



പരിണാമ സിദ്ധാന്തതിന്റെ വിശദീകരണത്തിന്‌ ഉപയോഗിച്ച പല ഭാഷാപ്രയോഗങ്ങളും ഒരുപാട്‌ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (പരിണാമത്തിന്റെ വിശദീകരണത്തിന്‌ ഭാഷയും പ്രശ്നമാണ്‌) `നാച്വറൽ സെലെക്ഷൻ` അഥവാ പ്രകൃതി നിർധാരണം എന്ന പ്രയോഗം പ്രകൃതിയെ ജീവികളുടെ നിലനില്പിന്‌ ആവശ്യമായ യോജ്യമായതിനെ കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന ഒരു അതിബൗദ്ധിക ശക്തിയായി കല്പന ചെയ്യാൻ പാകത്തിൽ മനസ്സ്‌ നേരത്തെ തന്നെ സജ്ജമാക്കപ്പെട്ടിട്ടുണ്ട്‌. ഈ കല്പ്പനകളെ പരിപോഷിപ്പിക്കാൻ ഇത്തരം സംജ്ഞകൾ കാരണമാകും . എല്ലാ തെരഞ്ഞെടുപ്പിനും നമുക്ക്‌ ഒരു ബുദ്ധിശക്തി ആവശ്യമാണ്‌. പ്രകൃതിയിലും ഇതു തന്നെ ആരോപിക്കുകയാണ്‌ നാം ചെയ്യുന്നത്‌. ഇത്‌ തെറ്റാണ്‌. സത്യതിൽ പ്രകൃതിയുടേത്‌  ഈ രൂപത്തിലുള്ള ഒരു തെരഞ്ഞെടുപ്പേ അല്ല. ആ തെരഞ്ഞെടുപ്പല്ല ഈ തെരഞ്ഞെടുപ്പ് (വ്യത്യസ്ഥവും വിവിധവും ആയിട്ടുള്ള അന്ധമായ മ്യൂട്ടേഷനുകളിൽ നിന്ന് സാഹചര്യത്തിനും പ്രകൃതിക്കും അനുകൂലമായതേ നിലനില്ക്കൂ എന്നതാണ്‌ ഇവിടെ തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വൃത്ത രൂപത്തിലുള്ള കളങ്ങളിൽ ഗോളരൂപത്തിലുള്ളവയ്ക്ക് നിലനില്ക്കാൻ സാധ്യത ചതുരരൂപത്തിലുള്ളതിനേക്കാൾ വർദ്ധിക്കുന്നു എന്നേയുള്ളൂ ) ഇതൊരു തരം അരിക്കൽ പ്രക്രിയയാണെന്ന് കാണാം.

എന്നാൽ നാം പരിണാമത്തിന്‌ നൽകുന്ന പല ഉദാഹരണങ്ങളിലും ഒരു `അതി ബുദ്ധിയുടെ` സാന്നിദ്ധ്യത്തെ അറിയാതെ സന്നിവേശിപ്പിക്കാറുണ്ട്‌. പരിണാമത്തിന്‌ വാഹനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ നൽകറുണ്ട് പലരും. പരിണാമത്തിന്‌ ഈ ഉദാഹരണം പ്രത്യക്ഷത്തിൽ കൊള്ളാമെങ്കിലും ഇതിന്റെ പോരായ്മ എന്നത്‌ വാഹനങ്ങളുടെ പരിണാമത്തിൽ മനുഷ്യന്റെ ബുദ്ധിയുടെ ഇടപെടൽ ഉണ്ട്‌ എന്നതാണ്‌. ഒരു സാധാരണക്കാരനെ ‘ഇന്റലിജെന്റ്സ്‌ ഡിസൈനിലേക്ക്‌’ നയിക്കുന്ന ഉദാഹരണമാണിത്‌. “അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ വഴിയാണ്‌ കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്‌.” (പരിണാമം ബ്ളോഗ്‌-സുശീല്കുമാർ) പോലുള്ള വിശദീകരണങ്ങൾ കാണുക. ഈ ചർച്ചയിൽ ഇടപെട്ട്‌ ഇത്‌ ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ചാൾസ്‌ ഡാർവിൻ തന്നെ നൽകുന്ന ഉദാഹരണങ്ങൾ ഫലത്തിൽ ഇന്റലിജെന്റ്സ്‌ ഡിസൈനിനെ സഹായിക്കുന്നവയാണെന്ന്‌ കാണാനാവും. “കർഷകർ അവരുടെ കൃഷിയിടത്തിൽ ഇടപെട്ട്‌ തങ്ങൾക്കാവശ്യമുള്ള തരത്തിൽ വിളകളേയും കാലികളേയും മാറ്റുന്നുവെങ്കിൽ അതിലുമെത്രയോ ശേഷിയുള്ള പ്രകൃതിക്ക്‌ ഇതെന്തുകൊണ്ട്‌ സാധ്യമാവില്ല” എന്ന തരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്‌. ഇന്റലിജെന്റ്സ്‌ ഡിസൈൻ എന്ന വാദം ഡാർവിനിൽ തന്നെ അറിയാതെ കടന്നു വരുന്നു എന്നതിന്‌ ഉദാഹരണമാണിത്‌.

ഒരു ജീവിക്ക്‌ നിലനില്ക്കുന്നതിന്‌ ഒരു പ്രത്യേക അവയവം ആവശ്യമാണെന്ന്‌ ഇത്രകൃത്യമായി നിർണയിക്കുന്ന ഘടകം എന്താവും എന്നതായിരുന്നു പരിണാമത്തിൽ എന്നെ ഏറെ കുഴക്കിക്കളഞ്ഞ ചോദ്യം. ഒരു പറവക്കും ഒരു ചിറക്‌ പ്രയോജനപ്പെടുകയില്ല. വെള്ളത്തിൽ വസിക്കുന്നവയ്ക്ക്‌ വെള്ളത്തിൽ നിലനിൽക്കാനാവശ്യമായ അനുകൂലനങ്ങളും കരയിൽ വസിക്കുന്നവയ്ക്ക്‌ കരയിൽ നിലനിൽക്കാനാവശ്യമായ അനുകൂലനങ്ങളുമുണ്ട്‌. ഇവ ഒന്ന്‌ മറ്റൊന്നിലേക്ക്‌ മാറ്റുമ്പോൾ ഈ അനുകൂലനങ്ങളും മാറേണ്ടതുണ്ട്‌. എന്ത്‌ ശക്തിയാണ്‌ ഇതിനെ മാറ്റുന്നത്‌? ഇന്ന പ്രകൃതിയിൽ നിലനില്ക്കാൻ ആവശ്യമായത്‌ ഇന്ന അനുകൂലനമാണെന്ന്‌ സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക്‌ മഴക്കാർ നോക്കി കുടയെടുത്തുകൊടുക്കുന്ന അമ്മയെ പോലെ ആരാണ്‌ തീരുമനിക്കുന്നത്‌? ധാരാളം പുസ്തകങ്ങൾ പരിശോദിച്ചിട്ടും തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചതേയില്ല. എല്ലാത്തിലും അച്ചിൽ വാർത്ത ഉത്തരങ്ങളാണ്‌ ഉള്ളത്.

നമുക്ക്‌ വേറൊരു ഉദാഹരണം നോക്കാം. മലമുകളിൽ പ്രകൃതി ശക്തികളുടെ ഇടപെടൽ മൂലം ഒരു കുഴി രൂപപ്പെട്ടു എന്ന്‌ കരുതുക. (ചാൾസ്‌ ലെയലിന്റെ പ്രകൃതിയുടെ മാറ്റത്തെ പറ്റിയുള്ള പഠനത്തിൽ പ്രചോദനം ഉൾകൊണ്ടായിരുന്നല്ലോ ഡാർവിന്റെ തുടക്കം) മഴക്കാലത്ത്‌ ആ കുഴിയിൽ വെള്ളം നിറയും. നിറഞ്ഞ ജലം കുഴിയുടെ വശങ്ങളിൽ മർദ്ദം പ്രയോഗിക്കും. എവിടെയെങ്കിലും ദുർബലമായ വശത്ത്‌ കൂടെ പുറത്ത്‌ ചാടും. അതൊരു നീരൊഴുക്കാവും. ചെറിയ കൈ തോടകും, പുഴയാകും, നദിയാകും, കടലിൽ ചെന്ന്‌ ചേരും. ഇങ്ങനെ രൂപം പൂണ്ട നദിയുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ അതിന്റെ ഓരൊ മീറ്ററിലും ഒരു ഡിസൈൻ കാണും. ഈ ഡിസൈൻ തിരിച്ചറിഞ്ഞാൽ ഒരു ഡിസൈനറേയും സങ്കല്പ്പിക്കാം. മുകളിൽ കെട്ടിക്കിടന്ന വെള്ളം ഇത്ര കൃത്യമായി ദുർബല മായ വശം ഇതാണെന്ന്‌ കാട്ടിക്കൊടുത്ത്‌ ഇതേസ്ഥലത്ത്‌ മർദ്ധം പ്രയോഗിക്കുവാനും തുല്ല്യമായ അകലത്തിൽ കരകളെ ഡിസൈൻ ചെയ്ത്‌ നദിയുടെ ഒഴുക്കിന്‌ ഭംഗം വരാതെ നില നിർത്തുവാനും ആരാണ്‌ വെള്ളത്തെ പ്രാപ്തമാക്കിയത്‌ എന്ന ചോദ്യം ചോദിക്കാം, അദ്ഭുഭുതപ്പെടാം. ഒരു ചിറക്‌ രണ്ട്‌ ചിറകിന്‌ തുല്ല്യമാവില്ല എന്ന വാദവും ഇങ്ങനേയാണ്‌. ഇന്ന്‌ നോക്കുമ്പോൾ വലിയ അദ്ഭുതമുണ്ടാക്കുന്ന അവ ഒരു കാലത്ത്‌ ചെറിയ അദ്ഭുതമായിരുന്നു. ചെറിയ ചെറിയ അദ്ഭുതങ്ങൾ കൂടിച്ചേരുമ്പോൾ വലിയ അദ്ഭുതമാവുന്നു. അത്ഭുതമെന്നാൽ അറിവില്ലായ്മ എന്നതിന്റെ വികാരപ്രകടനമല്ലാതെ മറ്റൊന്നുമല്ല. ഒരുചിറക്‌ രണ്ട്‌ ചിറകിന്‌ പകരമാവില്ല എന്നത്‌ ശരിയാണ്‌. എന്നാൽ ഒരു ചിറക്‌ ഒരു ജീവിയുടെ അതിജീവനത്തെ സഹായിക്കില്ല എന്ന്‌ പറയാനാവില്ല. കാരണം അങ്ങനെ ഒരു ജീവിയെ നാം കണ്ടിട്ടില്ലല്ലൊ. അതിനർഥം ഒരു അവയവം മാത്രമുള്ള ഒരു ജീവി അതിജീവിക്കുകയില്ല എന്നല്ല. മാത്രവുമല്ല, രണ്ട്‌ അവയവങ്ങളുള്ള ജീവികൾ ഒരു അവയവത്തിന്റെ അതിജീവന രൂപം ആയിക്കൂടായ്കയുമില്ല. ഇതാണ്  തെരഞ്ഞെടുപ്പ്  എന്ന് ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ പ്രകൃതി ശക്തികളോട്‌ പ്രതികരിക്കുക എന്നതല്ലാതെ മറ്റൊന്നല്ല.

ഇവിടെയൊക്കെ ഭാഷവലിയ പ്രശ്നമാണ്‌. ഭാഷരൂപമെടുക്കുന്ന സാമൂഹ്യാന്തരീക്ഷം അതിന്റെ രൂപീകരണത്തെ സ്വാധീനിച്ചിരിക്കണം. അതിനാലാണ്‌ പല ക്രിയാരൂപങ്ങൾക്കുമപ്പുറം ഒളിഞ്ഞിരിക്കുന്ന ഒരു കർത്താവുണ്ടാവുന്നത്. സൃഷ്ടി, തെരഞ്ഞെടുപ്പ് തുടങ്ങിയ പദങ്ങളിൽ അജ്ഞാതനായ ഒരു കർത്താവിന്റെ സാന്നിദ്ധ്യമുണ്ട്. അത് കാര്യങ്ങളെ തിരുനക്കര തന്നെ നിർത്തും. അതിനാൽ ഞാൻ പ്രകൃതി നിർദ്ധാരണം എന്ന പദം മുഴുവനായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. എനിക്ക് മനസ്സിലാവണ്ടെ. പകരം 'പ്രകൃതി അരിക്കൽ' (Natural Filtering) എന്ന് ഉപയോഗിക്കാൻ തീരുമാനിച്ചു. (ഇത് കാര്യങ്ങൾ ബോധ്യമാവാൻ മാത്രം ഉപയോഗിക്കുന്ന ഒരു പഠന സഹായ വാക്യം എന്ന് കൂട്ടിയാൽ മതി. പ്രകൃതി നിര്ദ്ധാരണം എന്ന പ്രയോഗത്തിന് അതിനുമപ്പുറമുള്ള പ്രാധാന്യമുണ്ട്) അതിനു മുൻപ് 'മികച്ച സാധ്യതകൾ' എന്ന പദമായിരുന്നു പരീക്ഷിക്കാൻ തീരുമാനിച്ചത്. എന്നാൽ കുറച്ച് ആഴത്തിൽ പരിശോധിച്ചപ്പോൾ നാം മികവ് എന്നും കഴിവ് എന്നും സധാരണവ്യവഹാരത്തിൽ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല പരിണാമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായി. കാരണം മികവ് ആപേക്ഷികമാണ്‌. ഏതെങ്കിലും ഒരു ഗുണം മികച്ചതാണെന്ന് പറയുന്നത് മറ്റൊന്ന് സഹയകരമാവാതിരിക്കുമ്പോൾ മാത്രമാണ്‌. ഒരു ഉദാഹരണം നോക്കാം. രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ആയിരം ചോദ്യങ്ങളിൽ 900 എണ്ണത്തിന്റെ ഉത്തരങ്ങളും പഠിച്ചു. മറ്റേ ആൾ വേറും നൂറെണ്ണവും. ഇതിൽ മികവ് കൂടുതലുള്ളത് 900 ഉത്തരങ്ങൾ അറിയാവുന്ന ആൾക്കാണ്‌. എന്നാൽ പരീക്ഷയ്ക്ക് മറ്റേ ആൾ പഠിച്ച നൂറു ഉത്തരങ്ങളുടെ ചോദ്യങ്ങളാണ്‌ വന്നതെങ്കിൽ രണ്ടാമത്തെ ആൾ തെരഞ്ഞെടുക്കപ്പെടും. എന്നാൽ ഇത് മികച്ച സെലക്ഷൻ ആണ്‌ എന്ന് പറയാനാവില്ല. നാം മികവ് എന്ന് പറയുന്നത് കൂടുതൽ ഉത്തരങ്ങൾ പഠിച്ച ആൾക്ക് പ്രയോജനം ചെയ്തില്ല.

ജീവികളിൽ ഓരോ വ്യക്തിക്കും വ്യതിരിക്തമായ സാധ്യതകളാണുള്ളത്. ഈ സാധ്യതകളിൽ അതാതുകാലത്തെ ചുറ്റുപാടിനു യോജ്യമായവ അതിജീവിക്കുകയും ഈ സാധ്യതകൾ തലമുറകളിലൂടെ വിതരണം ചെയ്യപ്പെടുകയും ചെയ്യും. പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം (ഹിമയുഗം) ഭൂമിയുടെ ഏതാണ്ടെല്ലാ ഭാഗത്തും ദീർഘകാലമായി നിലനിന്നാൽ ഭൂരിഭാഗം ജീവികളും നശിച്ചുപോകും. നശിക്കാത്തവയുടെ കഴിവുകളാണ്‌ പിന്നീട് അടുത്ത തലമുറകളിലേക്ക് വ്യാപിക്കാൻ സാധ്യത. അത് നമ്മുടെ അർഥത്തിൽ ഗുണമായാലും ദോഷമായാലും.  ഒരു ചുറ്റുപാടിൽ അതിജീവന സഹായകമായ നിരവധി സാധ്യതകളുണ്ടാകാം. ഇവയിൽ പലതും ഇതേപോലെ വിതരണം ചെയ്യപ്പെടും. ആ ചുറ്റുപാടിൽ സഹായകരമാവാത്തവ നശിക്കും. ഇത് മികവില്ലായ്മയല്ല. മറിച്ച് ആ ചുറ്റുപാടിൽ സഹായകരമായില്ല എന്നേയുള്ളൂ.

‘സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്’ ഹെർബെർറ്റ് സ്പെൻസറുടെ ഒരു വാചകം കടമെടുക്കുകയാണ്‌ ഡാർവിൻ ഇവിടെ. എന്നാൽ അത് വിശദീകരിച്ചവരും തർജ്ജമ ചെയ്തവരുമൊക്കെ ‘ഫിറ്റ്’ എന്നതിന്‌ ബലം, ശക്തി, ഊക്ക് എന്ന രൂപത്തിലൊക്കെയുള്ള അർത്ഥം കൊടുത്തു. അങ്ങനെയെങ്കിൽ കരജീവികളിൽ ആനയല്ലേ നിലനില്ക്കാവൂ. സോഷ്യൽ ഡാർവിനിസ്റ്റുകളൊക്കെ ഇതിനെ തരം പോലെ വ്യാഖ്യാനിച്ചു.  സത്യത്തിൽ ‘യോജ്യമായത്’ എന്ന അർത്ഥമാകും കുറേകൂടി യോജിക്കുക. അതിനാൽ നാമതിനെ യോജ്യമായതിന്റെ അതിജീവനം എന്ന് വായിക്കുന്നു. ഇനി എന്താണ്‌ ഈ യോഗ്യത? സധാരണ വ്യവഹാരഭാഷയിലുള്ള യോഗ്യതയല്ല അത്. മറിച്ച് നില നില്ക്കാനാവശ്യമായ ഒരു കഴിവോ കഴിവു കേടോ ആണത്. ഇവിടെ യോജ്യം എന്നാൽ നിലനില്പ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു.

No comments:

Post a Comment