കടലും കടലാടിയും ഒന്നുപോലെയാണെന്ന് സമർത്ഥിക്കാൻ കുറ്റവാളികളും അവരെ പിന്താങ്ങുന്നവരും ശ്രമിക്കാറുണ്ട്. ഞങ്ങൾ കുറ്റവാളികൾക്ക് `വാച്വിക പിന്തുണ` നൽകുന്നവരല്ല എന്നൊരു മുങ്കൂർ ജാമ്മ്യം അവർ സ്വീകരിക്കാറുണ്ടെങ്കിലും അതാണ് വസ്തുത. തങ്ങളുടെ ഉള്ളിന്റെ ഉള്ളിലുള്ള ഒരു അടുപ്പം അത് പലപ്പോഴും കുറ്
റവാളികളോടാവില്ല, മറിച്ച് ഇവർ രണ്ട് കൂട്ടരും ഒരേ തത്വ സംഹിതകളിൽ വിശ്വസിക്കുന്നവരാകും എന്നത് കൊണ്ടാവും. തന്റെ തത്വ സംഹിത സ്വീകരിക്കുന്നു, അല്ലെങ്കിൽ അതിലുള്ള ലക്ഷക്കണക്കിന് ആളുകളിൽ ഒരാളുടെ ചെയ്തി തങ്ങളുടെ വിശ്വാസസംഹിതയ്ക്ക് പൊതുജനമദ്ധ്യത്തിൽ പോറലേല്പ്പിക്കുന്നു എന്നൊക്കെ കാണുമ്പോഴാണ് ഈ ഭാഗം പറച്ചിൽ, ലളിതവല്കരണം, സാമന്യവല്കരണം, വ്യത്യസ്ത സംഭവങ്ങളെ ഏതെങ്കിലും ചില സമാനതകൾ ചൂണ്ടിക്കാട്ടി ഒരേപോലെയാനെന്ന് വരുത്തിത്തീർക്കൽ (എനിക്കും ബിൽ ക്ളിന്റണും ഒരേ പോലെതലയും കണ്ണും ഒക്കെയുള്ളതിനാൽ ഞങ്ങൾ രണ്ടും ഒരച്ഛന്റെ മക്കളാണെന്ന് പറയൽ) തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇതെല്ലാം യുക്തിവിരുദ്ധമാണ്. ഇത് പെട്ടെന്ന് പൊതുജനമദ്ധ്യത്തിൽ തെറ്റിദ്ധാരണപരത്താൻ സഹായകമാകും. ഈ തെറ്റിദ്ധാരണയുടെ മറവിൽ ഒരു ചെറിയ പിടിവള്ളി കുറ്റവാളിക്ക് ലഭിക്കും.
വാദങ്ങൾ ഇങ്ങനെയൊക്കെയാണ്. ലോകത്ത് ലക്ഷക്കണക്കിന് കൊലപാതകങ്ങൾ നടക്കുന്നു. ഇതിനുമാത്രമെന്താണ് ഇത്ര പ്രാധാന്യം? പലരാജ്യങ്ങളും പലസ്ഥലങ്ങളിലും നിരവധി ആളുകളെ യുദ്ധത്തിന്റെയും മറ്റും പേരിൽ കൊല്ലുന്നുണ്ട്. നിങ്ങളൊന്നും അതെന്ത് കൊണ്ട് കാണുന്നില്ല? അഭയയുടെ മരണത്തിലും മതത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നു. അത് എന്തുകൊണ്ട് ഇതേപോലെ ലോകശ്രദ്ധയിൽ വന്നില്ല? ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് തന്നെ അതിലടങ്ങിയിട്ടുള്ള വൈരുദ്ധ്യം മനസ്സിലാകുന്നതാണ്. പക്ഷെ അവർ ശ്രമിക്കുമെന്ന് കരുതുക വയ്യ.
മലാലയുടെ വധശ്രമവുമായി ബന്ധപ്പെട്ട് പല ആളുകളും ഇമ്മാതിരി ചില വിദ്യകൾ പ്രചരിപ്പിക്കുന്നത് കണ്ടു. നേരത്തെ ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് സി.പി. എം ഉം ഇമ്മാതിരി ചില വാദങ്ങൾ നിരത്തുന്നതും കണ്ടു. എന്നാൽ ഈ വാദങ്ങൾ ഏത് കുറ്റവാളിക്കും ഉന്നയിക്കാവുന്നതാണ്. ഒരു കുറ്റം കുറ്റമല്ലാതാവുന്നത് സമാനമായ മറ്റൊരുകുറ്റം കൊണ്ടാണ് എന്നത് എന്തുതരം ന്യായമാണ്? ഇത് എല്ലാവർക്കു ബാധകമാവുമോ? അങ്ങനെയെങ്കിൽ എതിരാളികൾക്കും ഈ ന്യായം നിരത്താമോ? ജയിലിൽ കിടക്കുന്ന നിരവധിപേരെ ഈ വാദങ്ങൾ പരിഗണിച്ച് പുറത്ത് വിട്ടുകൂടെ?
ടി.പി വധം നടന്നപ്പോൾ സമാനമായ ചോദ്യങ്ങൾ (ഇപ്പോഴും) സി.പി. എം ഉന്നയിച്ചിരുന്നു. പ്രതികരണതൊഴിലാളികൾ എന്തുകൊണ്ട് (വേറെ ഏതെങ്കിലും സംഭവത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്) അന്ന് മിണ്ടിയില്ലാ? ഇതൊക്കെ മാധ്യമ സൃഷ്ടിയാണ്. സി.പി എമ്മിനെ തകർക്കാൻ ആഗോളതലത്തിൽ ഗൂഡാലോചനയുണ്ട്. ഞാനതൊന്നും നിഷേധിക്കുന്നില്ല. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിലുള്ള പങ്കിനെപറ്റി ഒരു സ്വയം വിമർശനം ആകുന്നതിൽ എന്താണ് തെറ്റ്? ഇതേതാണ്ട് നമ്മൾ എറിഞ്ഞ പഴത്തൊലിയിൽ തെന്നി നാം തന്നെ നടുതല്ലിവീണാൽ കുറ്റം കണ്ട് നിന്നവന്റെ കണ്ണേറാണ് എന്ന് പറയുമ്പോലെയാണ്. എല്ലാ ഓരോ കൊലപാതകങ്ങൾക്കും പ്രതികരിച്ചാലേ നിങ്ങൾക്ക് ഒരു കൊലപാതകത്തിൽ പ്രതികരിച്ചുകൂടൂ എന്നത് എന്ത് ന്യായമാണ്?. നിങ്ങൾക്കൊക്കെ എന്താപണി എന്ന് തിരിച്ചു ചോദിച്ചാലോ?ഗാന്ധി വധം നടന്നപ്പോൾ ആർ. എസ്സ്. എസ്സ് കാരനും ഇതേ വാദഗതികൾ ഉന്നയിച്ചിരുന്നു. (ഇതൊക്കെ ഏതൊരുകുറ്റവാളിക്കും ഉന്നയിക്കാവുന്നതേയുള്ളൂ.)
മലാലയുടെ വധശ്രമം ലോകശ്രദ്ധയിൽ വന്നത് അത് മുസ്ളിം തീവ്രവാദികൾ ചെയ്തത് കൊണ്ടാണ് എന്നൊരു ധ്വനി വരുത്താനും ശ്രമമുണ്ടായി. ഇവിടെ വർഗ്ഗീയക്കാർഡ് കളിക്കുകയാണ്. അതായത് ചെയ്ത ആളുകളുടെ മതം നോക്കിയാണ് വിമർശനം എന്ന് ചുരുക്കം. കമ്മ്യൂണിസ്റ്റ്കാരനും ഇതേകാർഡാണ് മറ്റൊരു തരത്തിൽ ഇറക്കുന്നത്. അവർക്ക് എതിര് മുതലാളിത്തമാണെന്ന് മാത്രം.
കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുന്നത് പൊതുജനമദ്ധ്യത്തിൽ അതിന്റെ മാർക്കറ്റില്ലായ്മ നിമിത്തമാണ്. അല്ലാതെ കുറ്റവാസന ഇല്ലാത്തവരൊന്നുമല്ല ആരും. ഒരുകൂട്ടം കയ്യടിക്കാനുണ്ടാവുകയും അതിനെ മഹത്വവത്കരിക്കാൻ ഒരു തത്വസംഹിതയുണ്ടാവുകയും ചെയ്യുമ്പോൾ ഏതൊരാളും കൊലപാതകിയാവും. ഇതാണ് സത്യത്തിൽ പല സംഘടനകളും നൽകുന്നത്. സത്യത്തിൽ അവർ രഹസ്യമായ അവരുടെ ഇച്ഛയെ നടപ്പിലാക്കുക തന്നെയാണ്. എതിരാളിയെ പരാജയപ്പെടുത്തുന്നതിൽ കായികമായി നേരിടലും ഒരു മുറയാണ്. അതിന് ആളുവേണ്ടേ. അതിന് അവർക്ക് പിന്തുണവേണ്ടേ? ആശയപരമായി പരാജയമാണെന്ന് കണ്ടാൽ ഒരു വിഭാഗം ഗുണ്ടായിസം കാണിക്കുകയും മറ്റൊരു വിഭാഗം കയ്യടിക്കുകയും വേറൊരു വിഭാഗം `വർഗ്ഗസമരത്തിൽ പാമ്പുകൾ ചാവുന്നത് സ്വാഭാവികം` എന്നതരത്തിൽ താത്വികമായി കാര്യങ്ങളെ ശരിയാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുക. ഗുണ്ടകളും മറ്റും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ (മതം യോനീനാള സഞ്ചാരം എന്നതിലൂടെ മെമ്പർഷിപ്പ് കിട്ടുന്ന പ്രസ്താനമാണല്ലൊ) അംഗങ്ങളാകുന്നത് അവരുടെ കുറ്റകൃത്യങ്ങളിലൂടെയുള്ള മാനസിക സംതൃപ്തിക്ക് സഹായം ലഭിക്കും എന്നതിനാലാണ്. അല്ലാത് രാജ്യസേവനം മുൻ നിർത്തിയൊന്നുമല്ല. മറ്റു പലർക്കും അത് കണ്ട്നില്ക്കുന്നതിലൂടെയുള്ള സംതൃപ്തിയാവണം ലാഭം. മറ്റു ഭൗതിക നേട്ടങ്ങളും കാണും. കൊലപാതകികളെ മാലയിട്ട് സ്വീകരിക്കാൻ അല്ലെങ്കിൽ ആരാണുണ്ടാവുക? ജയിൽ മോചിതനായി ആരാലും തിരിഞ്ഞു നോക്കാനില്ലാതാവുന്നതിനേക്കാൾ വീരപരിവേഷം കിട്ടുന്നത് നല്ലതല്ലെ
യുക്തിവാദികളാണെന്ന് മേനി നടിക്കുന്നവരും മറ്റ് പല ഭൗതികവാദസംഘടനകളിലും അംഗങ്ങളായിരുന്ന് തങ്ങളുടെ യുക്തി അവർക്ക് പണയം വെയ്ക്കുന്നത് കണ്ടിട്ടുണ്ട്. രണ്ട് വിരുദ്ധ കാര്യങ്ങളെ ഏതെങ്കിലും നിസ്സാര സമാനതകൾ ഉപയോഗിച്ച് ഒരേപോലെയാണെന്ന് പറയുന്നത് യുക്തിവാദ രീതിയല്ല. ഒരേപോലുള്ള രണ്ട് കാര്യങ്ങളിൽ വ്യത്യസ്ഥ മാനദണ്ഡങ്ങൾ ഉപയോഗിച്ച് മൂല്യനിർണയം നടത്തുന്നതും യുക്തിവാദ രീതിയല്ല. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ അയാൾ യുക്തിവാദത്തിൽ നിന്ന് തെന്നിപ്പോവുന്നു. യുക്തിവാദി ആയ ഒരാൾ എന്തിന്റെ പേരിലായാലും യുക്തിയിൽ “കോമ്പ്രമൈസ്” ചെയ്യരുത്. കാരണം കാര്യങ്ങൾ കണ്ടെത്താൻ അയാൾക്ക് മറ്റൊരു മാർഗമില്ല. യുക്തിവാദി ആയി എന്നത് കൊണ്ട് ലോകത്തുള്ള ഒരു കുറ്റവാളിയുടേയും കുറ്റകൃത്യങ്ങൾക്ക് നാം പിന്തുണ നല്കേണ്ടതില്ല. മറിച്ച് അയാളുടെ തീരുമാനങ്ങൾ എത്രമാത്രം യുക്തി ഭദ്രമാണ് എന്നും അവ അങ്ങനെ ആയത് കൊണ്ടാണ് അയാൾ ആക്രമിക്കപ്പെടുന്നത് എന്നും കണ്ടാൽ പിന്തുണ ആവശ്യവുമാണ്.