അധിക മതങ്ങളിലും ദേവസ്പർശമുള്ള തീർഥം ഒരു അവിഭാജ്ജ്യ ഘടകമാണ്. ഹിന്ദുക്കൾക്ക് ഗംഗ, മുസ്ലിങ്ങൾക്ക് ‘സംസം’ സംസത്തിന്റെ കഥ പ്രസിദ്ധമാണ്. ഉപേക്ഷിക്കപ്പെട്ട ഹാജറയും കുഞ്ഞും മരുഭൂമിയിൽ ജലമന്വേഷിക്കുകയും കുഞ്ഞിനെ ഭൂമിയിൽ കിടത്തി സഫാ മർവാ എന്നുപേരുള്ള രണ്ട് മലനിരകളിൽ നിരന്തരമായി ഏഴുതവണ ആ അമ്മ കയറിയിറങ്ങുകയും ചെയ്തു. (ഇങ്ങനെ പറയുമ്പോൾ നമ്മുടെ സഹ്യനും കല്ലടിക്കോടൻ മലകളും ഒക്കെയായിരിക്കും വായനക്കാരന്റെ മനസ്സിൽ) ഈ അമ്മ മാതൃത്വത്തിന്റെ മഹനീയ മാതൃകയാണെന്നതിൽ ഈയുള്ളവൻ വിനീതനാവുന്നു. അമ്മേ നമോവാകം.
ഈ തീർഥങ്ങളുടെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കുക എന്നൊരു കലാപരിപാടി എല്ലാവരും നടത്താറുണ്ട്. വിശ്വാസത്തിന് ശാസ്ത്രം ആവശ്യമില്ല എന്ന് പറയുമെങ്കിലും അങ്ങനെ ഒരു തെളിവുകിട്ടിയാൽ അതൊരു അധിക മേന്മയാവുമല്ലൊ എന്നുകരുതിയാണ് ഈ പരിപാടി .
സംസംത്തിന്റെ കാര്യത്തിലും ഇങ്ങനെ പലപ്പോഴായി നടന്നിട്ടുണ്ട്. ഇത്തരം ഗവേഷണങ്ങൾക്കായി സൗദി ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കുന്നുണ്ട്. അവയുടെ പങ്കുപറ്റാൻ ഓരോരുത്തരും ഗവേഷണം എന്നും പറഞ്ഞ് പലതും എഴുന്നള്ളിക്കാറുണ്ട്. സൗദിയിൽ നിന്ന് രണ്ട് ഗവേഷണത്തിനുള്ള പണം കിട്ടിയാൾ ജീവിതം ‘ബിന്താസ്’ ഈ അടുത്തകാലത്ത് ഈജിപ്തുകാരനായ ഒരു ഡോക്ടർ സംസം ജലത്തെ പറ്റി നടത്തിയ ഒരു പഠനറിപ്പോർട്ട് ഞാൻ വായിക്കുകയുണ്ടായി. ( അങ്ങനെ പലതും നമ്മൾ കാണാറുള്ളതിനാൽ അത്ര കാര്യമാക്കിയില്ല.)
ആ റിപ്പോർട്ടിൽ സംസം ജലം ദൈവീകവും ലോകത്തുള്ള മറ്റു വെള്ളത്തിൽ നിന്നെല്ലാംവ്യത്യസ്ഥവുമാണെന്നും പറഞ്ഞിരുന്നു. മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള വെള്ളവുമായും അദ്ദേഹം താരതമ്മ്യം ചെയ്യുകയുണ്ടായി.
എത്തിച്ചേർന്ന നിഗമനങ്ങൾ
സംസം വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, രാസഘടകങ്ങൾ ഇവയൊക്കെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാണ് (ആയിരിക്കണം. നമുക്കതിൽ തർക്കമില്ല. ഒരു ചവർപ്പു കലർന്ന രസമാണതിന്. ഞാൻ പലസ്ഥലത്തുനിന്നുമുള്ള സംസം കുടിച്ചിട്ടുണ്ട്, ഹറമിലേതടക്കം. ഇതിലും കുടിക്കാൻ കൊള്ളാവുന്ന ശുദ്ധജലം സൗദിയുടെ പലഭാഗങ്ങളിലും കുഴിച്ചെടുക്കുന്നുണ്ട്. പച്ചവെള്ളത്തിന് രുചിയുണ്ടായാൽ കുടിക്കാൻ പ്രയാസമാണ്.)
ആ വെള്ളത്തിന് രോഗശമനശക്തിയുണ്ട്. (അതിലും നമുക്ക് തർക്കമില്ല. എന്റെ അറിവിൽ പെട്ടിടത്തോളം ഏതു ജലത്തിനും ഏറിയും കുറഞ്ഞും രോഗശമനശക്തിയുണ്ട്. കാരണം, എല്ലാവെള്ളത്തിലും രാസ, മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. രാസമൂലകങ്ങൾ തന്നെയാണല്ലോ മരുന്നായും ഉപയോഗിക്കുന്നത്. ഏതൊക്കെ രോഗങ്ങൾക്ക് എത്ര ശതമാനം തുടങ്ങിയ ചോദ്യങ്ങൾ ഞാൻ ഇവിടെ ഉന്നയിക്കുന്നില്ല)
ഇത് അതിന്റെ വ്യതിരിക്തതയ്ക്കും ദൈവീകാസ്ഥിത്വത്തിനും തെളിവാണ്. (ഇവിടെ വിയോജിക്കുന്നു. ദൈവം തന്നെ നമ്മുടെ യുക്തിക്ക് നിരക്കുന്നതല്ല, പിന്നല്ലേ അസ്ഥിയും മജ്ജയും. മറ്റു കാരണങ്ങൾ മുകളിൽ കൊടുത്തിട്ടുണ്ട്. ഒന്നുകൂടി വിശദീകരിക്കാം. ഈ പഠനത്തിന് മക്കയിലേയും പരിസരത്തേയും ജലം ഉപയോഗിച്ചിരുന്നോ? മക്കയിലെ ജലത്തിനും ഇതിനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? ഈ ജലം ഭൂമിക്കടിയിൽ നിന്ന് ഊറിവരുന്നതാണോ അതോ നമുക്ക് അജ്ഞാതമായ ഏതെങ്കിലും മാർഗത്തിലൂടെ, “ഏതെങ്കിലും വടിവിലീശ്വര വൈഭവത്താൽ”, സ്വർഗത്തിൽ നിന്ന് പ്രവഹിക്കുന്നതാണോ? ഭൂമിയിൽനിന്ന് ഊർന്നു വരുന്നതാണെങ്കിൽ മറ്റു ജലസ്രോതസ്സുകളുമായി ഇത് കലരാനുള്ള സാധ്യതയില്ലേ? എങ്കിൽ എന്തു വ്യതിരിക്തതയാണ് അവകാശപ്പെടാനാവുക? രോഗങ്ങൾ മാറും എന്നവകാശപ്പെടുമ്പോൾ ഏതേതൊക്കെ രോഗങ്ങൾക്ക് മരുന്നിന് പകരമായി സംസം കുറിച്ചു കൊടുക്കാം? എന്തൊക്കെ പാർശ്വഫലങ്ങളാണുണ്ടാവുക? ചോദ്യങ്ങൾ ഇനിയും ഉന്നയിക്കാമെങ്കിലും നമുക്ക് ഇതിൽ ഉപയോഗിക്കാവുന്ന യുക്തിയുടെ മനദണ്ഡത്തിന്റെ തെളിവിനായി ഇത്രയും മതി.)
പക്ഷെ, ഇതൊന്നും കാര്യമാക്കതെ ഞാൻ നമ്മുടെ യുക്തിയനുസരിച്ച് കാര്യങ്ങൾ നമുക്കറിയാം, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവുകൾ അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്നെങ്കിൽ മാത്രമേ അങ്ങീകരിക്കുകയുള്ളൂ എന്നും നമുക്കറിയാം. ഉദാഹരണത്തിന് മകരജ്യോതി സർക്കാർ സ്പോൺസേർഡ് അന്തഃവിശ്വാസമാണെന്ന് അത് കത്തിച്ചിരുന്ന ആൾ തന്നെ കേരളം മുഴുവൻ പറഞ്ഞു നടന്നിട്ടും യുക്തിവാദികൾ അതിനെതിരായി പ്രചരണകോലാഹലങ്ങൾ (ഇപ്പോഴും) അഴിച്ചുവിട്ടിട്ടും ഓരോ കൊല്ലവും ഭക്തജനപ്രവാഹം ഏറുകയഅണെന്ന സജീവമായ തെളിവ് നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.
അങ്ങനെ കാലക്ഷേപം നടത്തവേ 21/8/10 ന് സൗദി അറബ്യയിൽ പുറത്തിറങ്ങിയ പത്രങ്ങളിൽ ജിയോളജിവകുപ്പ് മേധാവി ഡോക്റ്റർ യൂസഫ് അൽ അഹ്സാത്തിനെ ഉദ്ധരിച്ച് ഒരു വാർത്ത കണ്ടു,. സംസം ജലവിതാനം ഉയരുന്നു. എന്തെങ്കിലും അത്ഭുതമാവുമെന്ന് കരുതി ചെറിയ ഒരു കൗതുകം തോന്നി. താഴോട്ടു വായിച്ചപ്പോൾ അടുത്തകാലത്തായി ഹറമിന്റെ ഭാഗങ്ങൾ നവീകരിക്കുന്നതിനോടനുബന്ധിച്ച് സമീപത്തുള്ള ധാരാളം കിണറുകൾ മൂടപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നുള്ള ജലമാണത്രെ സംസം ജലനിരപ്പ് ഉയർത്തിയതെന്ന് സൗദി ജിയോളജിവകുപ്പ് കണ്ടെത്തിയിരിക്കുന്നു. ശേഷം ചിന്ത്യം