ഇപ്പോൾ താരം പശുവാണു. എല്ലാ പശു ചർച്ചകളിലും അതിന്റെ എതിർവാദക്കാരയ ആളുകൾ അവർ കമ്മ്യൂണിസ്റ്റുകാരായാലും മറ്റു മതക്കാരായാലും ഊന്നൽ നൽകുന്നത് പശുവിറച്ചി കഴിക്കുന്നതിന്റെ, അല്ലെങ്കിൽ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണു. തീർച്ചയായും അത് പ്രധാനപ്പെട്ടതാണ്. അപ്പോഴൊക്കെ അവർ ഒരൽപം ഭീതികലർന്ന ബഹുമാനം അന്യമത വിശ്വാസം എന്ന നിലയിൽ ഈ വിശ്വാസത്തിനു അനുവദിച്ചു കൊടുക്കാറുണ്ട്. തകർക്കപ്പെടേണ്ടത് ഈ വിശ്വാസം തന്നെയാണു.
ഒരു വിശ്വാസവും പുരോഗമാനപരമോ പൊതുജന സൗഹൃദമോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടേണ്ടതില്ലെന്നു മാത്രമല്ല എതിർത്തു പരാജയപ്പെടുത്തേണ്ടവ കൂടിയാണു. നമ്മുടെ നവോഥാന മൂല്യങ്ങളൊക്കെ ഇമ്മാതിരി സമരങ്ങളിൽ നിന്നുണ്ടായവയാണു. ആ മൂല്യങ്ങളാണ് നമ്മെ സമാധാനപരമായി ജീവിക്കാൻ സഹായിക്കുന്നത്. എന്നാൽ ചിലർ നാം തകർത്തെറിഞ്ഞ മദ്ധ്യകാല അന്ധവിശ്വാസങ്ങളുടെ ദ്രവിച്ച കഷ്ണങ്ങളെ പെറുക്കിയെടുത്ത് ചുളുവിൽ പുനസ്ഥാപിക്കാനാണു ബോധപൂർവ്വം ശ്രമിക്കുന്നത്. അതും ഈ അന്ധവിശ്വാസങ്ങളോട് താല്പര്യമുണ്ടായിട്ടല്ല, മറിച്ചു ജനക്കൂട്ടത്തെ ചോദ്യം ചെയ്യാതെ ഒട്ടിച്ചു നിർത്തുന്ന ഒരു പശയായി ഇതിനെ ഉപയോഗിക്കാമെന്നും അത് വഴി കസേര സ്ഥിരമായും പാരമ്പര്യമായും നില നിർത്താമെന്നും ഇക്കൂട്ടർ സ്വപ്നം കാണുന്നു. അതിനാൽ തന്നെ അവരോടു പറയാൻ ചങ്കൂറ്റം കാണിക്കണം, നിങ്ങളുടെ അന്ധവിശ്വാസങ്ങളെ ബഹുമാനിക്കാൻ എനിക്ക് മനസ്സില്ലെന്നു. നിരവധി ത്യാഗങ്ങൾ സഹിച്ചാണ് നാം സതി നിർത്തലാക്കിയത്, ആജീവന വൈധവ്യം അവസാനിപ്പിച്ചത്, അങ്ങനെ പലതും, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു തലമുറ ആദരപൂർവ്വം, ബഹുമാനപൂർവ്വം വീക്ഷിച്ചിരുന്ന ഇമ്മാതിരി വിശ്വാസങ്ങളാണു, അന്യമത ബഹുമാനത്തിന്റെ പേരിൽ മറ്റുള്ളവർ മൌനസമ്മതം നൽകിയിരുന്ന ഇമ്മാതിരി ജീർണതകളാണു നല്ല കോമഡിയോ ക്രൂരതയുടെ പറയാമോ ആയി നാം നിരീക്ഷിക്കുന്നത്. അതാണു നാം അവസാനിപ്പിച്ചത്. ചരിത്രം ഭാവിയിലെ തമാശകളാണുല്പാദിപ്പിക്കുന്നത്.
അതിനാൽ മേല്പറഞ്ഞ സ്വാതന്ത്ര്യ സമരത്തോടൊപ്പം പ്രധാനപ്പെട്ടതാണ് പശു ആരാധകരോട് നിങ്ങൾ അന്ധവിശ്വാസത്തിനടിമപ്പെട്ടവരാണു എന്ന് വിളിച്ചു പറയൽ. അങ്ങനെ അവരെ തിരുത്താൻ സഹായിക്കൽ. അല്ലെങ്കിൽ യാതൊരാൾ പോറ്റുന്ന പശുവും വിശുദ്ധ പശുവായി നില നിൽക്കും, ഒരു അഗ്നി പർവതം പോലെ. സംഘ്പരിവാർ സംഘടനകളുടെ മേൽകയ്യിലുള്ള ഭരണത്തിൽ സർക്കാറിന്റെ മൗനാനുവാദം ഇമ്മാതിരി അലമ്പുകൾക്ക് ലഭിക്കും എന്നതിനാലും ഇക്കാലത്ത് ഇത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.
ഒരു കാർഷിക സംസ്കൃതി നില നിന്ന കാലത്ത്, അറിഞ്ഞുകൂടാത്ത സകല പ്രകൃതി പ്രതിഭാസങ്ങൾക്കും ദൈവമാണ് ഉത്തരവാദി എന്ന് കരുതിയിരുന്ന കാലത്ത്, എന്തിനേയും മഹത്വവൽകരിച്ച് ജനകീയമാക്കിയിരുന്ന കാലത്ത് ഇമ്മാതിരി അന്ധവിശ്വാസങ്ങൾ ഗുണം ചെയ്തിരിക്കാം. ഇന്നിത് മഹാ ബോറാണു. പശുവിനെ കൊല്ലുക എന്നുപറഞ്ഞാൽ നാം അതിനനുസരിച്ചു വളർത്തുന്നുമുണ്ട്. (കണക്കുകൾ നെറ്റിൽ ലഭ്യം) ഏതെങ്കിലും ഒരു പശുവിനെ ആരെങ്കിലും എന്തെങ്കിലും ചെയ്തുവെന്നും പറഞ്ഞു കലാപങ്ങളുണ്ടാക്കാനേ ഇക്കാലത്ത് ഇമ്മാതിരി അന്ധവിശ്വാസങ്ങൾ ഉപകരിക്കൂ. അതിനാൽ പശുവിനെ വിശുദ്ധമാക്കുന്നത് എതിർക്കപ്പെടേണ്ടതാണു.
ചില ചോദ്യങ്ങൾ മറുപടികൾ
====================
ഭരണഘടനയിൽ പ്രത്യേകം സംരക്ഷിക്കപ്പെടാൻ അർഹതയുള്ള നിരവധി മൃഗങ്ങളുണ്ട്. ഉദാഹരണം മാൻ. ഒരാൾക്ക് മാനിറച്ചി തിന്നണമെന്നു പറഞ്ഞാൽ അത് ഇന്ത്യയിൽ സാധ്യമാകുമോ? അവയിലൊന്നാണ് പശു. അങ്ങനെയെങ്കിൽ പശു സംരക്ഷണം ഭരണഘടനാപരമായി ബാധ്യതയല്ലേ?
ഉത്തരം: മാനുകൾ വന്യജീവി നിയമത്തിൻ കീഴിലാണ് വരുന്നത്. എങ്കിൽ പശുക്കളേയും നിങ്ങൾ അതിൽ ഉൾപ്പെടുത്തൂ. വന്യ ജീവികളെ ഇന്ത്യയിൽ വീട്ടു മൃഗങ്ങളായി വളർത്താനാവില്ല. അപ്പോൾ പശുവിനേയും വളർത്താനാവാതെ വരും. നിയമങ്ങളിൽ നിന്ന് നിങ്ങൾക്കവശ്യമായത് മാത്രം വെട്ടിയെടുത്ത് ഉപയോഗിക്കുകയാണിവിടെ. (രണ്ടുതരം സംഗതികളെ ഒരു പോലെ അവതരിപ്പിക്കുക എന്ന ന്യായവൈകല്യം)
പശു പരിപാലന നിയമം ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിലുണ്ട്. അത് ഒരു കാർഷിക സംസ്കൃതിയുടെ ഭാഗം എന്ന നിലക്കുള്ള ഭൌതിക താല്പര്യം എന്ന് കണ്ടാൽ മതി. മാത്രമല്ല ഭരണഘടന എല്ലാം തികഞ്ഞ ഒരു ഗ്രന്ഥമല്ല അത് നിർമ്മിക്കുന്ന വേളയിൽ പല തരത്തിലുള്ള താല്പര്യങ്ങൾക്കും അത് കീഴടങ്ങിയിട്ടുണ്ട്. അത്തരം വകുപ്പുകൾ കണ്ടെത്തി കാലോചിതമായി തിരുത്തുകയാണ് വേണ്ടത്. സമരം അതിനും കൂടിയും ആകട്ടെ