ഖുർആന്റെ പ്രതിസന്ധികളെ അറിഞ്ഞോ അറിയാതെയോ വരച്ചുകാട്ടിയ പ്രതിഭയായിരുന്നു ചേകന്നൂർ പി. കെ. എം അബു ഹസ്സൻ മൗലവി എന്ന ചേകന്നൂർ.
ചേകന്നൂർ മൗലവി ഇസ്ലാം മതത്തെ യുക്തിവീക്ഷണത്തിലൂടെ (അത്രയെങ്കിലും) നോക്കിക്കാണുകയും ആ മാർഗ്ഗത്തിൽ അതിലൊരു പരിഷ്കാരം വരുത്താൻ ശ്രമിച്ച ആളുമായിരുന്നു. ചിന്തയുണ്ടായിരുന്നു എന്നതിനാൽ അദ്ദേഹത്തിനു അത് ഉപയോഗിക്കാതെ മുൻഗാമികൾ പറഞ്ഞത് അപ്പടി അംഗീകരിക്കാനായില്ല. അത് അദ്ദേഹത്തിന്റെ ആശയസ്വീകരണ പാത നോക്കിയാൽ ബോദ്ധ്യമാകും അദ്ദേഹം ദൈവവചനമായ ഖുറാൻ മാത്രമാണു സത്യസന്ധവും വിശ്വസനീയവും എന്ന് വാദിച്ചു. അതിനു ഉപോത്ഭലകമായ ഖുർആൻ വാക്യങ്ങൾ തന്നെ ഉദ്ധരിച്ചു. മുസ്ലിംഗൾ വിശ്വാസ പ്രമാണമായി കരുതുന്ന ഹദീസുകൾ (നബിചര്യ) വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാത്തതിനാൽ അംഗീകരിക്കാനാവില്ലെന്നും വാദിച്ചു. ഹദീസുകൾ ഇസ്ലാമിക ശത്രുക്കളുടെ ഗൂഡാലോചനാ സൃഷ്ടിയാണെന്നും അത് ഇസ്ലാമിന്റെ അന്തസ്സത്തയ്ക്കും അന്തസ്സിനു തന്നെയും കോട്ടം വരുത്തുന്നതാണെന്നും വാദിച്ചു. അതോടെ അന്ന് വരെ ആചരിച്ചിരുന്ന ഇസ്ലാം പ്രതിസന്ധിയിലായി. പാരമ്പര്യമായി ആചരിച്ചു വരുന്ന ഒന്നിനെ ആര് ചോദ്യം ചെയ്താലും എതിർപ്പുണ്ടാകുക സ്വാഭാവികം. (ഈ തെറ്റേ കുറൈഷികളും ചെയ്തിട്ടുള്ളൂ)
വിശുദ്ധ ഖുറാൻ എല്ലാ കാലത്തേക്കും എല്ലാ ജനതയ്ക്കും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളായ ദൈവിക വചനങ്ങളാകുന്നു. അല്ലാഹുവാകട്ടെ സർവകാലിയും സർവവ്യാപിയും സർവജ്ഞാനിയും ആകുന്നു. ആര്ക്കും തർക്കമുണ്ടാകുകയില്ല എന്ന് കരുതുന്നു. അതിനാൽ ആ വചനങ്ങളിൽ അവിശ്വസിക്കേണ്ടതോ സംശയിക്കേണ്ടതോ ആയ ഒന്നുമില്ല, ഉണ്ടാവാൻ പാടില്ല. (ഖുർആൻ - ദാലിക്കൽ കിത്താബ് എന്ന് തുടങ്ങുന്ന ഭാഗം കാണുക) അതാവട്ടെ പ്രവാചകന്റെ (സ) കാലത്ത് തന്നെ രേഖപ്പെടുത്താനും പ്രവാചകന് (സ) ശേഷം വലിയ താമസമില്ലാതെ ക്രോഡീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. (ഇക്കാര്യത്തിലുള്ള തർക്കങ്ങൾ ഇവിടെ അപ്രസക്തമാണ്) എന്നാൽ ഹദീസുകളാവട്ടെ മനുഷ്യ നിർമ്മിതവും. പ്രവാചകൻ മലക്കോ ജിന്നോ അതീന്ദ്രിയനായ ശക്തിയോ ഒന്നും ആയിരുന്നില്ല. (അങ്ങനെ ചിന്തിച്ചിരുന്നവർ ഉണ്ടായിരിക്കാം എന്നത് സ്വാഭാവികമാണ്. എല്ലാ അമാനുഷരും ഈ ചിന്തയുടെ സൃഷ്ടികളാണു) മറിച്ച് ജനങ്ങളുടെ ഇടയിൽ ജീവിച്ച ഒരു പച്ചയായ മനുഷ്യൻ. ഇത് ഖുറാൻ സാക്ഷ്യപ്പെടുത്തുന്നു. "പറയുക ഞാൻ നിങ്ങളിൽ പെട്ടവനാകുന്നു" (കൂൽ ഇന്നമാ അന ബശറുൻ മിസലുക്കും എന്ന് തുടങ്ങുന്ന സൂറത്തുൽ കഹ്ഫിലെ അവസാന വാക്യം) മറ്റൊരു വാഖ്യത്തിൽ ഖുറാൻ മനുഷ്യ നിർമ്മിതമല്ലെന്നും മനുഷ്യനിർമ്മിതമായ എന്തിലും നിങ്ങൾക്ക് വൈരുദ്ധ്യങ്ങളെ കാണാനാവൂ എന്നും ഖുറാൻ വൈരുദ്ധ്യങ്ങളില്ലാത്തതാണെന്നു അതിനാൽ അത് ദൈവിക ഗ്രന്ഥമാണെന്നതിനു തെളിവാണെന്നും സൂചിപ്പിക്കുന്നുണ്ട്, ഈ വാചകം ഹദീസുകളല്ല എന്ത് തന്നെ ആയാലും അത് പ്രവാചകൻ (പ്രവാചകൻ (സ) മനുഷ്യനാകുന്നു) തന്നെ പറഞ്ഞതായാലും മനുഷ്യ നിർമ്മിതമാണോ എങ്കിൽ അതിൽ വൈരുദ്ധ്യങ്ങളുണ്ടാകുക സ്വാഭാവികമാണെന്നതിനു തെളിവായി ചേകന്നൂർ മുന്നോട്ടു വെച്ചു. കൂടാതെ ഈ ഗ്രന്ഥം പൂർണമാണ്, ഇത് നിങ്ങൾക്കു പോരാതെ വരുന്നുവോ എന്നിങ്ങനെ നിരവധി വാചകങ്ങളാൽ ( 6:19,38,114,115; 50:45, 12:111) ഖുർആൻ മറ്റുള്ള രചനകളെ നിരുത്സാഹപ്പെടുത്തുന്നു.
ഇനി അദ്ദേഹം ഹദീസുകൾ തള്ളിക്കളയാനുപയോഗിക്കുന്ന യുക്തിവാദം കാണാം. ഇതിലെ യുക്തിയുടെ സൌന്ദര്യം നമ്മെ അമ്പരപ്പിക്കും.
ഹദീസുകൾക്ക് പ്രാധാന്യം ലഭിക്കുന്നത് മുആവിയയുടെ കാലത്താണ്. പ്രവാചകന്റെ മരണം കഴിഞ്ഞു 31 വർഷത്തിനു ശേഷം അഞ്ചാമത്തെ ഖലീഫയായി ഭരണം ഏറ്റെടുത്ത ആളാണു മുആവിയ. അദ്ദേഹം സർവ്വസമ്മതനായിരുന്നില്ല. അതിനു മുൻപ് ശ്രമിച്ചവരൊക്കെ അതിനു അത്ര പ്രാധാന്യം കല്പിച്ചില്ല. കടന്നു പോയ നാല് ഖലീഫമാരും ഹദീസുകൾ ക്രോഡീകരിക്കുന്നതിനെ തടഞ്ഞു, അല്ലെങ്കിൽ അതിനു പ്രാധാന്യം കല്പിച്ചില്ല. കാരണം പ്രവാചകൻ തന്നെ അത് നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നു ഇതേഹദീസുകളിൽ തന്നെ കാണാം. കൂടാതെ പ്രവാചകൻ തന്നെ ഖുർആനല്ലാതെ തന്റെ മുഖത്തുനിന്നുള്ളവ രേഖപ്പെടുത്തി വെയ്കൂന്നതിനെ വിലക്കിയതായുള്ള 6 ഹദീസുകളെങ്കിലും ഞാൻ വായിച്ചിട്ടുണ്ട്. നബിയുടെ കാലത്ത് പ്രവാചക ചര്യകളും വചനങ്ങളും രേഖപ്പെടുത്തിയത് ശ്രദ്ധയില്പെട്ട അദ്ദേഹം തന്നെ അവ കളക്റ്റ് ചെയ്തു കത്തിച്ചു കളഞ്ഞിട്ടുണ്ടത്രെ. എന്തൊരു വൈരുദ്ധ്യം?
എന്നാൽ ഹദീസുകൾ ക്രോഡീകരിക്കുന്നതാകട്ടെ ഇമാം ബുഖാരി, അബൂദാവൂദ്, മുസ്ലിം ഇബ്നു അൽ ഹജ്ജാജ്, തിർമീദി തുടങ്ങിയവരാണ്. ഇവയിൽ ഏറ്റവും ആധികാരികമായത് ബുഖാരിയും പിന്നെ മുസ്ലിമും. ബുഖാരി ജനിച്ചത് തന്നെ പ്രവാചകന്റെ മരണത്തിനു 180 വര്ഷത്തിനു ശേഷവും അദ്ദേഹം ഹദീസ് ക്രോഡീകരണം ആരംഭിച്ചത് പ്രവാചകനു ശേഷം ഏതാണ്ട് 195 വർഷങ്ങൾക്ക് ശേഷവും. അപ്പോഴേക്കും തലമുറകൾ കടന്നു പോയി. ഇതിനിടയിൽ എന്തെല്ലാം ഫാബ്രിക്കേഷൻ ലൂബ്രിക്കേഷൻ (കൊഴുപ്പിക്കൽ) കടന്നു കൂടിയിട്ടുണ്ടാകില്ല. 200 വർഷങ്ങൾക്ക് മുന്പ് മരിച്ച ഒരാളുടെ ജീവിതചര്യ ഇന്ന് രേഖപ്പെടുത്തിയാൽ എങ്ങനെ ഇരിക്കും? ഒരു ഉദാഹരണം നോക്കൂ. അന്ത്യ പ്രസംഗത്തിൽ പ്രവാചകൻ ഉപയോഗിച്ച ഒരു വാചകം മൂന്നുതരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1) നിങ്ങൾ വഴിതെറ്റിപോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ കുടുംബവും ഞാൻ ബാക്കിയാക്കുന്നു (മുസ്ലിം 44/4, ഹമ്പൽ 4/ 366, ദാരിമി 23/ 1)
2) നിങ്ങൾ വഴിതെറ്റിപോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ അദ്ധ്യാപനങ്ങളും (സുന്നത്ത്) ഞാൻ ബാക്കിയാക്കുന്നു (മുവാത്ത 46/3)
3) നിങ്ങൾ വഴിതെറ്റിപോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥം ഞാൻ ബാക്കിയാക്കുന്നു (മുസ്ലിം 15/19, ഇബ്ൻ മജാ 25/84, അബു ദാവൂദ് 11/ 56)
നൂറുകണക്കിനു ആളുകളെ സാക്ഷിയാക്കി പ്രവാചകൻ പറഞ്ഞ വാചകമാണ് ഇങ്ങനെ വ്യത്യസ്ഥമായ അർഥശങ്കയ്ക്കിടയാക്കും വിധം, മുസ്ലിംഗൾക്കിടയിൽ ഭിന്നതയുണ്ടാക്കും വിധം ഗൌരവതരമായി ഒരാൾ തന്നെ റിപ്പോർട്ട് ചെയ്തത്. അപ്പോൾ അതിന്റെ ആധികാരികതയിൽ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലല്ലോ.
വേറൊരു പ്രശ്നം റിപ്പോർട്ടർമാരിലെ അവിശ്വാസ്യതയാണു. (ഇക്കൂട്ടത്തിൽ 5 വയസ്സായ മുഹമ്മദ് ഇബിനു അൽ റാബീ മുതൽ 9 വയസ്സുകാരാൻ അബ്ദുള്ള ഇബിനു അൽ സുബീർ വരെയുണ്ട് . കുട്ടികൾ വേറെയും ഉണ്ട്. ഗൌരവതരമായ ബുഖാരി ഹദീസുകൾ റിപ്പോർട്ട് ചെയ്തവരാണ് ഈ കുട്ടികൾ) ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബു ഹുറൈറ കേവലം രണ്ടു വർഷത്തിൽ താഴെ പ്രവാചകന്റെ കൂടെ ചെലവഴിച്ചിട്ടുള്ള ആളാണു. റിപ്പോർട്ട് ചെയ്ത ഹദീസുകളുടെ എണ്ണം 5374. ആയിഷയടക്കം നബിയുടെ കൂടെ നടന്നവർ എല്ലാംകൂടെ റിപ്പോർട്ട് ചെയ്ത ഹദീസുകൾ ഇതിൽ താഴെയേ വരൂ. ഉദാ: അബുബക്കർ സിദ്ധിക്ക് 142. അബൂഹുറൈറ അത്ര സത്യസന്ധനായിരുന്നില്ല. സ്വന്തം ആവശ്യങ്ങൾക്കായി തനിക്ക് താല്പര്യമുള്ള മനോഹര വചനങ്ങൾ പ്രവാചകന്റെ മേൽ കെട്ടി വെയ്ക്കുക എന്നത് ഇയാളുടെ ഒരു ഹോബിയായിരുന്നത്രെ. കൂടാതെ ഇയാൾ കള്ളം പറയുന്നവനാണെന്നൊരു പരാതിയും ഉണ്ട്. (പരാതി ഉന്നയിച്ചവരിൽ ആയിഷയും ഉൾപെടുന്നു, ഇക്കാര്യത്തിൽ ഉമർ അയാളെ താകീത് ചെയ്യുകയും ചെയ്തു) മുആവിയ കലീഫയായ കാലത്ത് അയാളെ പ്രീതിപ്പെടുത്താൻ അലി വിരുദ്ധ ഹദീസുകൾ ഇയാൾ നിർമ്മിച്ചിട്ടുണ്ടത്രെ. ബഹറൈനിലെ ഗവർണ്ണർ ആയ കാലത്ത് കേവലം ഒരു ജോഡി ഷ്യൂസുപോലുമില്ലാതിരുന്ന ഹുറൈറ രണ്ടുകൊല്ലത്തിനിടയിൽ വമ്പൻ പണക്കാരനായത് ശ്രദ്ധയിൽപ്പെട്ട ഉമർ അയാളെ തിരിച്ചു വിളിച്ചു. ഇദ്ദേഹത്തിന്റെ അധിക ഹദീസുകളും 'ആഹാദ് ' (മറ്റു സാക്ഷികളില്ലാത്ത) വിഭാഗത്തിൽ പെടുന്നവയത്രെ.
ഇനി ഈ ഹദീസുകൾ ശേഖരിച്ചവർ തന്നെ അവയുടെ വിശ്വാസ്യതയും ആധികാരികതയും പൂർണ്ണമായി അംഗീകരിക്കുന്നില്ല. ഹമ്പൽ 7 ലക്ഷം ഹദീസുകളിൽ നിന്ന് നാല്പതിനായിരം തെരഞ്ഞെടുത്തു. വിശ്വാസ്യത വെറും 6 %. കഴിച്ച് 94 % കെട്ടിയുണ്ടാക്കിയവ. ഏറ്റവും വിശ്വാസ്യതയുണ്ടെന്നവകാശപ്പെടുന്ന ബുഖാരി 6 ലക്ഷം ഹദീസുകൾ ശേഖരിച്ചതിൽ പൂർണ്ണബോധ്യമുള്ളവ 7275 അതായത് 99% ചവറു. മുസ്ലിം ശേഖരിച്ച 3 ലക്ഷം ഹദീസുകളിൽ വിശ്വാസ്യതയുള്ളവ 4000 ഇവിടെയും ഏതാണ്ട് 99 % പോക്ക്. ബുഖാരി വിശ്വസ്ഥരായ റിപ്പോർട്ടർമാർ എന്ന് പരിഗണിച്ച 434 പേരിൽ അധികവും മുസ്ലിമോ മുസ്ലിം പരിഗണിച്ച 625 പേരിൽ അധികവും ബുഖാരിയോ പരിഗണിച്ചില്ല. മറ്റൊരു പ്രശ്നം ബുഖാരിയുടെ രാഷ്ട്രീയ പക്ഷപാതിത്വമാണു.
പല ഹദീസുകളും ഖുർആൻ പാഠങ്ങൾക്ക് വിരുദ്ധവും ആകുന്നു. ഉദാ: ഇബിൻ അബ്ബാസ് റിപ്പോർട്ട് ചെയ്ത പിന്തുടർച്ചാവകാശ നിയമങ്ങൾ. ഇങ്ങനെ ഒരു പ്രതിസന്ധി വന്നാൽ, ഖുരാനും സുന്നത്തും തമ്മിൽ വൈരുദ്ധ്യം കണ്ടാൽ നിങ്ങൾ ഏതു സ്വീകരിക്കും എന്ന് ചേകന്നൂർ ചോദിച്ചു. ചുരുക്കത്തിൽ വേലക്കാരിയായി വന്നവൾ വീട്ടുകാരിയായി.
സ്വന്തം താല്പര്യങ്ങൾക്കൊപ്പിച്ചു വികലമാക്കപ്പെട്ട കേവലം ചരിത്രഗ്രന്ഥമെന്ന പ്രാധാന്യമാല്ലാതെ ഇസ്ലാമിൽ ഹദീസുകൾ പ്രാമാണിക ഗ്രന്ഥമായി എടുക്കാനാവില്ല എന്നതിനുള്ള യുക്തിയുക്തമായ തെളിവുകളാണിവ. ഖുർആനിൽ അത്യധികമായ പാണ്ഡിത്യമുണ്ടായിരുന്ന മൗലവി ഖുർആനേക്കാൾ ഒരു ജനത ആരോ പറഞ്ഞു കേട്ട കഥകളിൽ സ്വന്തം വിശ്വാസത്തെ നയിക്കുന്നു എന്നും അതിനു അതിപ്രാധാന്യം കല്പ്പിക്കുന്നു എന്നും വിശ്വസിച്ചു. ഉദാഹരണത്തിനു, ദജ്ജാലിനെപറ്റിയുള്ള ഘോര ഘോര കഥകളുണ്ട് ഹദീസിൽ. അതിൽ നിന്നുള്ള മോചനത്തിനുള്ള പ്രാർഥന നമസ്കാരത്തിലുണ്ട്. ഇത്ര പ്രാധാന്യമുള്ള ഒരു ജീവി എന്തുകൊണ്ട് അല്ലാഹു തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിച്ചില്ല എന്ന് ചേകന്നൂർ ചോദിച്ചു. കൂട്ടത്തിൽ ഒരു വെല്ലുവിളിയും 'ദ' എന്നും 'ജ്ജാ' എന്നും അക്ഷരങ്ങൾ അടുത്തു വരുന്ന ഒരു പദം ഖുറാനിൽ നിന്ന് കാണിച്ചു തരുമോ എന്ന്. പിന്നല്ലേ ദജ്ജാൽ? (ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക)
ഹദീസിൽ നിന്ന് ഇസ്ലാമിനെ ഊരിയെടുക്കുമ്പോൾ നിലവിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും മതം തന്നെ പൂര്ണമായും പ്രതിസന്ധിയിലാകും. കാരണം അത് ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹദീസിനൊപ്പിച്ചാണു. അതായത് ഇസ്ലാമിൽ മറ്റൊരു മതം തന്നെ രൂപീകൃതമാവും. പ്രവാചകന് വലിയ പ്രാധാന്യമില്ലാത്ത ഒരു ദൈവിക മതം. അപ്പോൾ നിലവിലെ കർമ്മ കാര്യങ്ങൾ, ഇസ്ലാമിന്റെ അടിസ്ഥാനപരമായ പഞ്ചസ്ഥംഭങ്ങൾ കടപുഴകി. നിർബന്ധ ആരാധന, നിസ്കാരം, അങ്ങനെയല്ലാതായി. അവയൊക്കെ ഏതു രൂപത്തിൽ വേണമെന്നു ഖുർആൻ ഗവേഷണം ചെയ്തെടുക്കണമെന്നു ചേകന്നൂർ വാദിച്ചു. നിസ്കാരമാല്ലാതെ അതിനു പുറത്തൊരു പ്രാർഥനയുടെ ആവശ്യമില്ല. ഖുർആനിൽ ഒന്നും ഒഴിവാക്കാനില്ല, കുത്തും കോമയും അക്ഷരവ്യന്യാസവും വ്യാകരണവും ഒന്നും. അറബി വ്യാകരണത്തിലെ ചില സവിശേഷതകൾ ചൂണ്ടിക്കാട്ടി നോമ്പ് 3 മുതൽ പത്തുവരെയുള്ള എണ്ണത്തിനുള്ളിലേ വരൂ എന്നും സൽകർമ്മം അധികരിപ്പിക്കുക എന്നത് മനുഷ്യ പ്രകൃതമാണെന്നും അതിനാലാണ് നോമ്പ് 30 ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യത്തിൽ ഇതാണു ഖുർആൻ നേരിടുന്ന ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്ന് എന്നാണു എനിക്ക് തോന്നിയത്. മനുഷ്യനെ നയിക്കാനെന്നും പറഞ്ഞു ദൈവം ഇറക്കിയ ഗ്രന്ഥം അടിസ്ഥാനപരമായി മനുഷ്യഇടപെടലാൽ, കൈകടത്തലാൽ നിയന്ത്രിക്കപ്പെടുന്നു, ആശയപരമായി ചോദ്യം ചെയ്യപ്പെടുന്നു. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ ഖുർആൻ അക്ഷരത്താലും വാക്കുകളാലും ഉള്ള വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും വെറും ഉപരിപ്ലവകരം മാത്രമാണു. ( മറ്റു ചില വൈരുദ്ധ്യങ്ങൾ പിന്നാലെ)
NB.
{1) ആയിഷ അബു ഹുറൈറയെ ശപിച്ച ഒരു ഹദീസ് "കുരങ്ങും കറുത്തനായയും സ്ത്രീയും നിസ്കരിക്കുന്നവനെ മറികടന്നൽ ആ നിസ്കാരം നിഷ്ഫലമായി" (ബുഖാരി 8/102. ഹമ്പൽ 4/86
2) ചേകന്നൂർ 12 പുസ്തകങ്ങള പ്രസിദ്ധപ്പെടുത്തി. ഒന്ന് പോലും എനിക്ക് വായിക്കാൻ കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ കുറച്ചേ കേട്ടിട്ടുള്ളൂ. ചേകന്നൂരിന്റെ വിവരങ്ങൾ 1995-96 കാലത്ത് വളരെ സമഗ്രവും കൃത്യവും ആയി എനിക്ക് പകർന്നു തന്ന സുഹൃത്തിനെ, അദ്ദേഹം ആദ്യം ജമാഅത്തെ ഇസ്ലാമിയും പിന്നീട് ചേകന്നൂരിൽ ആകൃഷ്ടനാകുകയും ചെയ്ത, തരക്കേടില്ലാത്ത ദീനി വിദ്ദ്യാഭ്യാസവും ഭൌതിക വിദ്ദ്യാഭ്യാാസവും സിദ്ധിച്ച ആളാണു, നന്ദിയോടെ ഓർക്കുന്നു . അവയിൽ നിന്ന് എനിക്ക് താല്പര്യമുള്ളത് എഴുതി എടുത്തതല്ലാതെ (അതൊരു ശീലമാണു) രേഖകൾ കയ്യിലില്ല. അതിനാൽ ഇതൊക്കെ ചേകന്നൂരിന്റെ വാദങ്ങളായിരുന്നോ എന്ന് ആധികാരികമായി പറയാനാവില്ല. എന്നാൽ ലോകത്തിൽ പല ഭാഗങ്ങളിലും ചേകന്നൂരിയൻ ആശയങ്ങൾ നേരത്തെ തന്നെ നിലവിലുണ്ട്)}
ചേകന്നൂരിന്റെ ചില ലേഖനങ്ങൾ ഇവിടെ വായിക്കാം