ഇത്തവണത്തെ ഒളിമ്പിക്സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. വിശേഷിച്ചും
സ്ത്രീ പങ്കാളിത്തം. പങ്കെടുത്ത മുഴുവൻ രാജ്യങ്ങളിൽ നിന്നും സ്ത്രീകളെ
പങ്കെടുപ്പിക്കാൻ കഴിഞ്ഞ ആദ്യ ഒളിമ്പിക്സാവും ഇത്. ഒളിമ്പിക്സ് കമ്മിറ്റി അഭിനന്ദനം
അർഹിക്കുന്നു.
ഈ ഒളിമ്പിക്സിൽ സൗദിയിൽ നിന്നും രണ്ട് പെൺകുട്ടികൾ
പങ്കെടുത്തിരുന്നു. ധീരവനിതകൾ. അതിന്റെ പുകിലുകൾ ഇതുവരെ ഈ സമൂഹത്തിലും ലോകത്തിന്റെ
യാതാസ്ഥിതിക സമൂഹങ്ങളിലും കെട്ടടങ്ങിയിട്ടില്ല. നാളെ ഇവർ തന്നെ തങ്ങളുടെ
സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടിന്റെ മികച്ച ഉദാഹരണമായി ഇതിനെ എഴുന്നള്ളിക്കും
എങ്കിലും സത്യം എന്താണ്? ഒളിമ്പിക് അസോസിയേഷൻ ‘ഗൺ പോയന്റിൽ’ നിർത്തിയതിനാൽ
മാത്രമാണ് പലഭരണകൂടങ്ങളും രണ്ടും കല്പിച്ച് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
ഉദാഹരണത്തിന് അഫ് ഗാനിസ്ഥാൻ.
സൗദിയെ സംബന്ധിച്ചിടത്തോള ഭരണാധികാരികൾ പുതിയ
ആശയക്കാരും സ്ത്രീകളുടെ പങ്കാളിത്തം വിവിധമേഖലകളിൽ ഉറപ്പുവരുത്തണമെന്ന് അതിയായി
ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ അതിന് യതാസ്ഥിതികതയുടെ അതിശക്തമായ എതിർപ്പുകളെ
നേരിടേണ്ടതുണ്ട്. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഇപ്പോഴത്തെ ഭരണാധികാരി ഹിസ് ഹൈനസ്
അബ്ദുല്ല അസാമാന്യ ധീരനാണ്. തൂവലിൽ (ജിദ്ദ) ശാസ്ത്ര സാങ്കേതികകാര്യങ്ങൾക്കായുള്ള
സർവകലാശാല സ്ഥാപിക്കുന്നതിന് തടസ്സം നിന്ന സ്വന്തം പണ്ഡിതസഭയിൽ നിന്നുള്ള ഒരു
പ്രമുഖനെ ‘ഗറ്റൗട്ട്’ അടിക്കുന്നതിൽ നിന്ന് നാം അത് മനസ്സിലാക്കിയിട്ടുണ്ട്.
‘സ്പോർട്സി’ന് പണം മുടക്കുന്നതിനെ എതിർക്കുന്ന വിഭാഗങ്ങൾ സൗദിയിലുണ്ട്. അവരെ
സംബന്ധിച്ച് സകല ചെലവുകളും ഭക്ഷണം, പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്ക്
മാത്രമേ പാടുള്ളൂ. അവർ മനസ്സിലാക്കാതെ പോകുന്നത് മനസ്സും ഒരു അവയവമാണെന്നും
കായികക്ഷമതയുള്ള സമൂഹത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നൊക്കെയുള്ള ലളിതമായ
കാര്യങ്ങളാണ്.
സ്ത്രീകൾ മനുഷ്യകുലത്തിലെ പകുതിയിലധികം വരുന്നുണ്ട്. സമൂഹം
നിലനിർത്തുന്നതിനാവശ്യമായ അധ്വാനത്തിന്റെ കാര്യം വരുമ്പോൾ അവരുടെ പങ്കാളിത്തം
ഉറപ്പുവരുത്താൻ നാം ശ്രദ്ധിക്കാറുണ്ട്. എങ്കിൽ, മാനസികോല്ലാസം നല്കുന്ന വിഷയങ്ങളിൽ,
സ്ഥല കാലങ്ങൾ (രാത്രി) ഉപയോഗിക്കുന്നതിലൊക്കെ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക
എന്നത് പരിഷ്കൃത ജനാധിപത്യത്തിന്റെ ബാധ്യതയാണ്. ഈ ആധുനിക യുഗത്തിലും ഇങ്ങനെ വേണ്ടി
വരുന്നു എന്ന് പറയുന്നത് പരിതാപകരമാണ്. സ്ത്രീകളുടെ ലൈംഗിക ശരീരമാണ് അവളെ
അസ്വതന്ത്രയാക്കാൻ അല്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ നിന്ന് പിന്തിരിയാൻ അവൾകെതിരായി
ഉപയോഗിക്കുന്ന ആയുധം. ശരീരത്തിന്റെ പ്രദർശനം എന്ന നിസ്സാരമായ അന്ധവിശ്വാസത്തിൽ
സ്ത്രീകളുടെ കഴിവുകളെ മുക്കിക്കൊല്ലാൻ യഥാസ്തിതികർ പരിശ്രമിക്കുന്നു. അതിനെയും
നേരിടേണ്ടതുണ്ട്. എന്നാൽ അവർ മനസ്സിലാക്കാത്തത് ലൈംഗികതയെ മാത്രം മൂലധനമാക്കുന്ന
ഇത്തരക്കാരെ പൊതു സമൂഹം പുഛിക്കുന്നുണ്ട് എന്നതാണ്.