Sunday, April 19, 2015

ഖുറാനിസ്റ്റ് കാഴപ്പാടുകൾ അഥവാ ചേകന്നൂരിസം


ഖുർആന്റെ പ്രതിസന്ധികളെ അറിഞ്ഞോ അറിയാതെയോ  വരച്ചുകാട്ടിയ പ്രതിഭയായിരുന്നു ചേകന്നൂർ പി. കെ. എം അബു ഹസ്സൻ മൗലവി എന്ന ചേകന്നൂർ.

ചേകന്നൂർ മൗലവി ഇസ്ലാം മതത്തെ യുക്തിവീക്ഷണത്തിലൂടെ (അത്രയെങ്കിലും)  നോക്കിക്കാണുകയും ആ മാർഗ്ഗത്തിൽ അതിലൊരു പരിഷ്കാരം വരുത്താൻ ശ്രമിച്ച ആളുമായിരുന്നു. ചിന്തയുണ്ടായിരുന്നു എന്നതിനാൽ അദ്ദേഹത്തിനു അത് ഉപയോഗിക്കാതെ മുൻഗാമികൾ പറഞ്ഞത് അപ്പടി അംഗീകരിക്കാനായില്ല.  അത് അദ്ദേഹത്തിന്റെ ആശയസ്വീകരണ പാത നോക്കിയാൽ ബോദ്ധ്യമാകും   അദ്ദേഹം ദൈവവചനമായ ഖുറാൻ മാത്രമാണു സത്യസന്ധവും വിശ്വസനീയവും എന്ന് വാദിച്ചു. അതിനു ഉപോത്ഭലകമായ ഖുർആൻ വാക്യങ്ങൾ തന്നെ ഉദ്ധരിച്ചു. മുസ്ലിംഗൾ വിശ്വാസ പ്രമാണമായി കരുതുന്ന ഹദീസുകൾ (നബിചര്യ) വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാത്തതിനാൽ അംഗീകരിക്കാനാവില്ലെന്നും വാദിച്ചു. ഹദീസുകൾ ഇസ്ലാമിക ശത്രുക്കളുടെ ഗൂഡാലോചനാ സൃഷ്ടിയാണെന്നും അത് ഇസ്ലാമിന്റെ അന്തസ്സത്തയ്ക്കും അന്തസ്സിനു തന്നെയും കോട്ടം വരുത്തുന്നതാണെന്നും വാദിച്ചു. അതോടെ അന്ന് വരെ ആചരിച്ചിരുന്ന ഇസ്ലാം പ്രതിസന്ധിയിലായി. പാരമ്പര്യമായി ആചരിച്ചു വരുന്ന ഒന്നിനെ ആര് ചോദ്യം ചെയ്താലും എതിർപ്പുണ്ടാകുക സ്വാഭാവികം. (ഈ തെറ്റേ കുറൈഷികളും ചെയ്തിട്ടുള്ളൂ)

വിശുദ്ധ ഖുറാൻ എല്ലാ കാലത്തേക്കും എല്ലാ ജനതയ്ക്കും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളായ ദൈവിക വചനങ്ങളാകുന്നു. അല്ലാഹുവാകട്ടെ സർവകാലിയും സർവവ്യാപിയും സർവജ്ഞാനിയും  ആകുന്നു. ആര്ക്കും തർക്കമുണ്ടാകുകയില്ല എന്ന് കരുതുന്നു. അതിനാൽ ആ വചനങ്ങളിൽ അവിശ്വസിക്കേണ്ടതോ സംശയിക്കേണ്ടതോ ആയ ഒന്നുമില്ല, ഉണ്ടാവാൻ പാടില്ല.  (ഖുർആൻ - ദാലിക്കൽ  കിത്താബ് എന്ന്  തുടങ്ങുന്ന ഭാഗം കാണുക) അതാവട്ടെ  പ്രവാചകന്റെ (സ) കാലത്ത് തന്നെ രേഖപ്പെടുത്താനും പ്രവാചകന് (സ) ശേഷം വലിയ താമസമില്ലാതെ ക്രോഡീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. (ഇക്കാര്യത്തിലുള്ള തർക്കങ്ങൾ ഇവിടെ അപ്രസക്തമാണ്) എന്നാൽ ഹദീസുകളാവട്ടെ മനുഷ്യ നിർമ്മിതവും. പ്രവാചകൻ  മലക്കോ ജിന്നോ അതീന്ദ്രിയനായ ശക്തിയോ ഒന്നും ആയിരുന്നില്ല. (അങ്ങനെ ചിന്തിച്ചിരുന്നവർ ഉണ്ടായിരിക്കാം എന്നത് സ്വാഭാവികമാണ്. എല്ലാ അമാനുഷരും ഈ ചിന്തയുടെ സൃഷ്ടികളാണു) മറിച്ച് ജനങ്ങളുടെ ഇടയിൽ ജീവിച്ച ഒരു പച്ചയായ മനുഷ്യൻ. ഇത് ഖുറാൻ സാക്ഷ്യപ്പെടുത്തുന്നു. "പറയുക ഞാൻ നിങ്ങളിൽ പെട്ടവനാകുന്നു" (കൂൽ ഇന്നമാ അന ബശറുൻ മിസലുക്കും എന്ന് തുടങ്ങുന്ന സൂറത്തുൽ കഹ്ഫിലെ അവസാന വാക്യം) മറ്റൊരു വാഖ്യത്തിൽ ഖുറാൻ മനുഷ്യ നിർമ്മിതമല്ലെന്നും മനുഷ്യനിർമ്മിതമായ എന്തിലും നിങ്ങൾക്ക് വൈരുദ്ധ്യങ്ങളെ കാണാനാവൂ എന്നും ഖുറാൻ വൈരുദ്ധ്യങ്ങളില്ലാത്തതാണെന്നു അതിനാൽ അത്  ദൈവിക  ഗ്രന്ഥമാണെന്നതിനു തെളിവാണെന്നും സൂചിപ്പിക്കുന്നുണ്ട്,  ഈ വാചകം ഹദീസുകളല്ല എന്ത് തന്നെ ആയാലും അത് പ്രവാചകൻ (പ്രവാചകൻ (സ)  മനുഷ്യനാകുന്നു) തന്നെ പറഞ്ഞതായാലും മനുഷ്യ നിർമ്മിതമാണോ എങ്കിൽ  അതിൽ വൈരുദ്ധ്യങ്ങളുണ്ടാകുക സ്വാഭാവികമാണെന്നതിനു തെളിവായി ചേകന്നൂർ മുന്നോട്ടു വെച്ചു. കൂടാതെ ഈ ഗ്രന്ഥം പൂർണമാണ്, ഇത് നിങ്ങൾക്കു പോരാതെ വരുന്നുവോ എന്നിങ്ങനെ നിരവധി വാചകങ്ങളാൽ ( 6:19,38,114,115; 50:45, 12:111) ഖുർആൻ മറ്റുള്ള രചനകളെ നിരുത്സാഹപ്പെടുത്തുന്നു.

ഇനി അദ്ദേഹം ഹദീസുകൾ തള്ളിക്കളയാനുപയോഗിക്കുന്ന യുക്തിവാദം കാണാം. ഇതിലെ യുക്തിയുടെ സൌന്ദര്യം നമ്മെ അമ്പരപ്പിക്കും. 
ഹദീസുകൾക്ക് പ്രാധാന്യം ലഭിക്കുന്നത് മുആവിയയുടെ കാലത്താണ്. പ്രവാചകന്റെ മരണം കഴിഞ്ഞു 31 വർഷത്തിനു  ശേഷം അഞ്ചാമത്തെ ഖലീഫയായി ഭരണം ഏറ്റെടുത്ത ആളാണു മുആവിയ.  അദ്ദേഹം സർവ്വസമ്മതനായിരുന്നില്ല. അതിനു മുൻപ് ശ്രമിച്ചവരൊക്കെ അതിനു അത്ര പ്രാധാന്യം കല്പിച്ചില്ല. കടന്നു പോയ നാല് ഖലീഫമാരും ഹദീസുകൾ ക്രോഡീകരിക്കുന്നതിനെ തടഞ്ഞു, അല്ലെങ്കിൽ അതിനു പ്രാധാന്യം കല്പിച്ചില്ല. കാരണം പ്രവാചകൻ തന്നെ അത് നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നു ഇതേഹദീസുകളിൽ തന്നെ കാണാം. കൂടാതെ പ്രവാചകൻ  തന്നെ ഖുർആനല്ലാതെ തന്റെ മുഖത്തുനിന്നുള്ളവ രേഖപ്പെടുത്തി വെയ്കൂന്നതിനെ വിലക്കിയതായുള്ള 6 ഹദീസുകളെങ്കിലും ഞാൻ വായിച്ചിട്ടുണ്ട്.  നബിയുടെ കാലത്ത് പ്രവാചക ചര്യകളും വചനങ്ങളും രേഖപ്പെടുത്തിയത് ശ്രദ്ധയില്പെട്ട അദ്ദേഹം തന്നെ അവ കളക്റ്റ് ചെയ്തു കത്തിച്ചു കളഞ്ഞിട്ടുണ്ടത്രെ. എന്തൊരു വൈരുദ്ധ്യം?  

എന്നാൽ ഹദീസുകൾ ക്രോഡീകരിക്കുന്നതാകട്ടെ  ഇമാം ബുഖാരി, അബൂദാവൂദ്, മുസ്ലിം ഇബ്നു അൽ  ഹജ്ജാജ്, തിർമീദി  തുടങ്ങിയവരാണ്. ഇവയിൽ ഏറ്റവും ആധികാരികമായത് ബുഖാരിയും പിന്നെ മുസ്ലിമും. ബുഖാരി ജനിച്ചത് തന്നെ പ്രവാചകന്റെ മരണത്തിനു 180 വര്ഷത്തിനു ശേഷവും അദ്ദേഹം ഹദീസ് ക്രോഡീകരണം ആരംഭിച്ചത് പ്രവാചകനു ശേഷം   ഏതാണ്ട്  195 വർഷങ്ങൾക്ക് ശേഷവും. അപ്പോഴേക്കും    തലമുറകൾ കടന്നു പോയി. ഇതിനിടയിൽ എന്തെല്ലാം ഫാബ്രിക്കേഷൻ ലൂബ്രിക്കേഷൻ  (കൊഴുപ്പിക്കൽ) കടന്നു കൂടിയിട്ടുണ്ടാകില്ല. 200 വർഷങ്ങൾക്ക്   മുന്പ്  മരിച്ച  ഒരാളുടെ ജീവിതചര്യ ഇന്ന് രേഖപ്പെടുത്തിയാൽ എങ്ങനെ ഇരിക്കും? ഒരു ഉദാഹരണം നോക്കൂ. അന്ത്യ പ്രസംഗത്തിൽ പ്രവാചകൻ  ഉപയോഗിച്ച ഒരു വാചകം മൂന്നുതരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

1) നിങ്ങൾ വഴിതെറ്റിപോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ കുടുംബവും ഞാൻ ബാക്കിയാക്കുന്നു (മുസ്ലിം 44/4, ഹമ്പൽ 4/ 366, ദാരിമി 23/ 1)
2)     നിങ്ങൾ വഴിതെറ്റിപോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ അദ്ധ്യാപനങ്ങളും (സുന്നത്ത്)  ഞാൻ ബാക്കിയാക്കുന്നു (മുവാത്ത 46/3)
3) നിങ്ങൾ വഴിതെറ്റിപോകാതിരിക്കാൻ അല്ലാഹുവിന്റെ ഗ്രന്ഥം ഞാൻ ബാക്കിയാക്കുന്നു   (മുസ്ലിം 15/19, ഇബ്ൻ മജാ 25/84, അബു ദാവൂദ് 11/ 56) 

നൂറുകണക്കിനു ആളുകളെ സാക്ഷിയാക്കി പ്രവാചകൻ പറഞ്ഞ വാചകമാണ് ഇങ്ങനെ വ്യത്യസ്ഥമായ അർഥശങ്കയ്ക്കിടയാക്കും വിധം, മുസ്ലിംഗൾക്കിടയിൽ ഭിന്നതയുണ്ടാക്കും വിധം ഗൌരവതരമായി  ഒരാൾ തന്നെ റിപ്പോർട്ട് ചെയ്തത്.   അപ്പോൾ അതിന്റെ ആധികാരികതയിൽ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലല്ലോ. 
 വേറൊരു പ്രശ്നം റിപ്പോർട്ടർമാരിലെ അവിശ്വാസ്യതയാണു. (ഇക്കൂട്ടത്തിൽ 5 വയസ്സായ മുഹമ്മദ്‌ ഇബിനു അൽ റാബീ  മുതൽ  9 വയസ്സുകാരാൻ അബ്ദുള്ള ഇബിനു അൽ  സുബീർ വരെയുണ്ട് . കുട്ടികൾ വേറെയും ഉണ്ട്. ഗൌരവതരമായ ബുഖാരി ഹദീസുകൾ റിപ്പോർട്ട് ചെയ്തവരാണ് ഈ കുട്ടികൾ) ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബു ഹുറൈറ കേവലം രണ്ടു വർഷത്തിൽ താഴെ പ്രവാചകന്റെ കൂടെ ചെലവഴിച്ചിട്ടുള്ള ആളാണു. റിപ്പോർട്ട് ചെയ്ത ഹദീസുകളുടെ എണ്ണം 5374.  ആയിഷയടക്കം നബിയുടെ കൂടെ നടന്നവർ എല്ലാംകൂടെ റിപ്പോർട്ട് ചെയ്ത ഹദീസുകൾ ഇതിൽ താഴെയേ വരൂ.  ഉദാ: അബുബക്കർ സിദ്ധിക്ക് 142. അബൂഹുറൈറ അത്ര സത്യസന്ധനായിരുന്നില്ല. സ്വന്തം ആവശ്യങ്ങൾക്കായി തനിക്ക് താല്പര്യമുള്ള മനോഹര വചനങ്ങൾ പ്രവാചകന്റെ മേൽ  കെട്ടി വെയ്ക്കുക എന്നത് ഇയാളുടെ ഒരു ഹോബിയായിരുന്നത്രെ. കൂടാതെ ഇയാൾ  കള്ളം പറയുന്നവനാണെന്നൊരു പരാതിയും ഉണ്ട്. (പരാതി ഉന്നയിച്ചവരിൽ  ആയിഷയും ഉൾപെടുന്നു, ഇക്കാര്യത്തിൽ ഉമർ അയാളെ താകീത് ചെയ്യുകയും ചെയ്തു) മുആവിയ കലീഫയായ കാലത്ത് അയാളെ പ്രീതിപ്പെടുത്താൻ അലി വിരുദ്ധ ഹദീസുകൾ ഇയാൾ  നിർമ്മിച്ചിട്ടുണ്ടത്രെ. ബഹറൈനിലെ ഗവർണ്ണർ ആയ കാലത്ത് കേവലം ഒരു ജോഡി  ഷ്യൂസുപോലുമില്ലാതിരുന്ന ഹുറൈറ രണ്ടുകൊല്ലത്തിനിടയിൽ വമ്പൻ   പണക്കാരനായത് ശ്രദ്ധയിൽപ്പെട്ട ഉമർ  അയാളെ തിരിച്ചു വിളിച്ചു. ഇദ്ദേഹത്തിന്റെ അധിക ഹദീസുകളും 'ആഹാദ് ' (മറ്റു സാക്ഷികളില്ലാത്ത) വിഭാഗത്തിൽ പെടുന്നവയത്രെ.  

ഇനി ഈ ഹദീസുകൾ ശേഖരിച്ചവർ തന്നെ അവയുടെ വിശ്വാസ്യതയും ആധികാരികതയും പൂർണ്ണമായി അംഗീകരിക്കുന്നില്ല. ഹമ്പൽ 7 ലക്ഷം ഹദീസുകളിൽ നിന്ന് നാല്പതിനായിരം തെരഞ്ഞെടുത്തു. വിശ്വാസ്യത വെറും 6 %.  കഴിച്ച് 94 %  കെട്ടിയുണ്ടാക്കിയവ. ഏറ്റവും വിശ്വാസ്യതയുണ്ടെന്നവകാശപ്പെടുന്ന ബുഖാരി 6 ലക്ഷം ഹദീസുകൾ ശേഖരിച്ചതിൽ പൂർണ്ണബോധ്യമുള്ളവ 7275 അതായത് 99% ചവറു. മുസ്ലിം ശേഖരിച്ച 3 ലക്ഷം ഹദീസുകളിൽ വിശ്വാസ്യതയുള്ളവ 4000 ഇവിടെയും ഏതാണ്ട് 99 % പോക്ക്. ബുഖാരി വിശ്വസ്ഥരായ റിപ്പോർട്ടർമാർ എന്ന് പരിഗണിച്ച 434 പേരിൽ അധികവും  മുസ്ലിമോ മുസ്ലിം പരിഗണിച്ച 625 പേരിൽ അധികവും ബുഖാരിയോ പരിഗണിച്ചില്ല. മറ്റൊരു പ്രശ്നം ബുഖാരിയുടെ രാഷ്ട്രീയ പക്ഷപാതിത്വമാണു.

പല ഹദീസുകളും ഖുർആൻ പാഠങ്ങൾക്ക് വിരുദ്ധവും ആകുന്നു. ഉദാ: ഇബിൻ അബ്ബാസ് റിപ്പോർട്ട് ചെയ്ത  പിന്തുടർച്ചാവകാശ നിയമങ്ങൾ. ഇങ്ങനെ ഒരു പ്രതിസന്ധി വന്നാൽ, ഖുരാനും സുന്നത്തും തമ്മിൽ വൈരുദ്ധ്യം കണ്ടാൽ നിങ്ങൾ ഏതു സ്വീകരിക്കും എന്ന് ചേകന്നൂർ ചോദിച്ചു.  ചുരുക്കത്തിൽ വേലക്കാരിയായി വന്നവൾ വീട്ടുകാരിയായി. 

സ്വന്തം താല്പര്യങ്ങൾക്കൊപ്പിച്ചു വികലമാക്കപ്പെട്ട കേവലം ചരിത്രഗ്രന്ഥമെന്ന പ്രാധാന്യമാല്ലാതെ ഇസ്ലാമിൽ ഹദീസുകൾ പ്രാമാണിക ഗ്രന്ഥമായി എടുക്കാനാവില്ല എന്നതിനുള്ള യുക്തിയുക്തമായ തെളിവുകളാണിവ.  ഖുർആനിൽ അത്യധികമായ പാണ്ഡിത്യമുണ്ടായിരുന്ന മൗലവി ഖുർആനേക്കാൾ ഒരു ജനത ആരോ പറഞ്ഞു കേട്ട കഥകളിൽ സ്വന്തം വിശ്വാസത്തെ നയിക്കുന്നു എന്നും അതിനു അതിപ്രാധാന്യം  കല്പ്പിക്കുന്നു എന്നും വിശ്വസിച്ചു. ഉദാഹരണത്തിനു,  ദജ്ജാലിനെപറ്റിയുള്ള ഘോര ഘോര കഥകളുണ്ട് ഹദീസിൽ. അതിൽ നിന്നുള്ള മോചനത്തിനുള്ള പ്രാർഥന നമസ്കാരത്തിലുണ്ട്. ഇത്ര പ്രാധാന്യമുള്ള ഒരു ജീവി എന്തുകൊണ്ട് അല്ലാഹു തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിച്ചില്ല എന്ന് ചേകന്നൂർ ചോദിച്ചു. കൂട്ടത്തിൽ ഒരു വെല്ലുവിളിയും 'ദ' എന്നും 'ജ്ജാ' എന്നും അക്ഷരങ്ങൾ അടുത്തു വരുന്ന ഒരു പദം ഖുറാനിൽ നിന്ന് കാണിച്ചു തരുമോ എന്ന്. പിന്നല്ലേ ദജ്ജാൽ? (ഉണ്ടെങ്കിൽ  ചൂണ്ടിക്കാണിക്കുക)

ഹദീസിൽ നിന്ന് ഇസ്ലാമിനെ ഊരിയെടുക്കുമ്പോൾ നിലവിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും മതം തന്നെ  പൂര്ണമായും പ്രതിസന്ധിയിലാകും. കാരണം അത് ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹദീസിനൊപ്പിച്ചാണു. അതായത് ഇസ്ലാമിൽ മറ്റൊരു മതം തന്നെ രൂപീകൃതമാവും. പ്രവാചകന് വലിയ പ്രാധാന്യമില്ലാത്ത ഒരു ദൈവിക മതം. അപ്പോൾ നിലവിലെ കർമ്മ  കാര്യങ്ങൾ, ഇസ്ലാമിന്റെ അടിസ്ഥാനപരമായ പഞ്ചസ്ഥംഭങ്ങൾ  കടപുഴകി. നിർബന്ധ ആരാധന,  നിസ്കാരം, അങ്ങനെയല്ലാതായി. അവയൊക്കെ ഏതു രൂപത്തിൽ വേണമെന്നു ഖുർആൻ ഗവേഷണം ചെയ്തെടുക്കണമെന്നു ചേകന്നൂർ വാദിച്ചു. നിസ്കാരമാല്ലാതെ അതിനു പുറത്തൊരു പ്രാർഥനയുടെ ആവശ്യമില്ല. ഖുർആനിൽ ഒന്നും ഒഴിവാക്കാനില്ല, കുത്തും കോമയും അക്ഷരവ്യന്യാസവും വ്യാകരണവും ഒന്നും. അറബി വ്യാകരണത്തിലെ ചില സവിശേഷതകൾ ചൂണ്ടിക്കാട്ടി നോമ്പ് 3 മുതൽ പത്തുവരെയുള്ള എണ്ണത്തിനുള്ളിലേ വരൂ എന്നും സൽകർമ്മം അധികരിപ്പിക്കുക എന്നത് മനുഷ്യ പ്രകൃതമാണെന്നും  അതിനാലാണ് നോമ്പ് 30 ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യത്തിൽ ഇതാണു ഖുർആൻ നേരിടുന്ന ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്ന് എന്നാണു എനിക്ക് തോന്നിയത്. മനുഷ്യനെ നയിക്കാനെന്നും പറഞ്ഞു ദൈവം ഇറക്കിയ ഗ്രന്ഥം അടിസ്ഥാനപരമായി മനുഷ്യഇടപെടലാൽ, കൈകടത്തലാൽ നിയന്ത്രിക്കപ്പെടുന്നു, ആശയപരമായി ചോദ്യം ചെയ്യപ്പെടുന്നു. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ ഖുർആൻ അക്ഷരത്താലും വാക്കുകളാലും ഉള്ള വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും വെറും ഉപരിപ്ലവകരം മാത്രമാണു. ( മറ്റു ചില വൈരുദ്ധ്യങ്ങൾ പിന്നാലെ)

NB.
{1) ആയിഷ അബു ഹുറൈറയെ ശപിച്ച ഒരു ഹദീസ്  "കുരങ്ങും  കറുത്തനായയും  സ്ത്രീയും  നിസ്കരിക്കുന്നവനെ മറികടന്നൽ ആ നിസ്കാരം നിഷ്ഫലമായി"  (ബുഖാരി 8/102. ഹമ്പൽ 4/86 

2) ചേകന്നൂർ 12 പുസ്തകങ്ങള പ്രസിദ്ധപ്പെടുത്തി. ഒന്ന് പോലും എനിക്ക് വായിക്കാൻ കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ കുറച്ചേ കേട്ടിട്ടുള്ളൂ. ചേകന്നൂരിന്റെ  വിവരങ്ങൾ 1995-96 കാലത്ത് വളരെ സമഗ്രവും കൃത്യവും ആയി എനിക്ക് പകർന്നു  തന്ന സുഹൃത്തിനെ, അദ്ദേഹം ആദ്യം ജമാഅത്തെ ഇസ്ലാമിയും പിന്നീട് ചേകന്നൂരിൽ ആകൃഷ്ടനാകുകയും ചെയ്ത,   തരക്കേടില്ലാത്ത ദീനി വിദ്ദ്യാഭ്യാസവും ഭൌതിക വിദ്ദ്യാഭ്യാാസവും സിദ്ധിച്ച ആളാണു, നന്ദിയോടെ ഓർക്കുന്നു . അവയിൽ  നിന്ന് എനിക്ക് താല്പര്യമുള്ളത് എഴുതി എടുത്തതല്ലാതെ (അതൊരു ശീലമാണു) രേഖകൾ  കയ്യിലില്ല. അതിനാൽ  ഇതൊക്കെ ചേകന്നൂരിന്റെ വാദങ്ങളായിരുന്നോ എന്ന് ആധികാരികമായി പറയാനാവില്ല. എന്നാൽ ലോകത്തിൽ പല ഭാഗങ്ങളിലും ചേകന്നൂരിയൻ ആശയങ്ങൾ നേരത്തെ തന്നെ നിലവിലുണ്ട്)}   

ചേകന്നൂരിന്റെ ചില ലേഖനങ്ങൾ ഇവിടെ വായിക്കാം 

Saturday, March 14, 2015

പരിണാമത്തിനുള്ള തെളിവുകൾ


(പരിണാമത്തിനു ഇന്നുള്ള തെളിവുകൾ  ഇനി ഇമ്മാതിരി ചെറിയ ലേഖനങ്ങളിൽ ഒതുക്കാനാവില്ല. എന്നാൽ, പരിണാമം ശരിയാണെന്നു തെളിയിക്കാൻ ഏതെങ്കിലും ഒറ്റ തെളിവു തന്നെ ധാരാളം.)

ഫോസ്സിൽ തെളിവുകൾ 
ചാൾസ് ഡാർവിൻ  450 പേജുള്ള ഗ്രന്ഥത്തിൽ വെറും 11% മാത്രമെ ഫോസ്സിലുകളിൽ നിന്നുള്ള തെളിവുകളെ ആശ്രയിച്ചീട്ടുള്ളൂ തന്റെ വാദത്തിന്‌ ഉപോത്ഭലകമായിട്ട്. കാരണം, ഫോസിലുകൾ ഉണ്ടാകാനും കണ്ടെത്താനുമുള്ള സാധ്യത വളരെ പ്രയാസമേറിയതാണ്‌.  എന്നാൽ ഇന്ന് സ്ഥിതി കുറേകൂടി മെച്ചപ്പട്ടിട്ടുണ്ട്. നാളെ ഇതിലും മാറും. കൂടാതെ നിഷേധിക്കാൻ സാധ്യമല്ലാത്ത തെളിവുകളുമായി ജനിതകാശാസ്ത്രം പിച്ചവെച്ചു വരികയാണ് .

നമ്മുടെ മ്യൂസിയങ്ങളിലുള്ള ലക്ഷക്കണക്കിന്‌ ഫോസിലുകളിൽ ഒന്നുപോലും പരിണാമം തെളിയിക്കാൻ പര്യാപ്തമല്ല. ഹാറൂൺ യഹിയ. 
പരിണാമത്തിനു ഫോസ്സിൽ തെളിവുകൾ  തന്നെ വേണം എന്ന് വാശി പിടിക്കുന്നവർക്ക്
പരിണാമം എല്ലാ അർഥത്തിലും തെളിയിക്കാനാവശ്യമായ അനവധി ഫോസിലുകൾ ഇന്നു  നമ്മുടെ മ്യൂസിയങ്ങളിലുണ്ട് . കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നു. പ്രശ്നം സൃഷ്ടിവാദികൾ അത് അംഗീകരിക്കുന്നില്ല എന്നതാണ്‌. എന്നാൽ അതിന്‌ അവർ നിരത്തുന്ന വാദങ്ങൾ ദുർബലമാണ്‌. 

പരിണാമം ശരിയാണെന്നു തെളിയിക്കാൻ ഒറ്റ ജീവിയുടെ പരിണാമ ദിശയിലെ ഫോസിൽ മതിയാകും. കാരണം, ആ ഒരു ജീവിയെ മാത്രം പരിണാമത്തിനു വിട്ടുകൊടുത്തു മറ്റുള്ളവയെ എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് പറയാനാകില്ലല്ലോ. എന്നാൽ പരിണാമം തെറ്റാണെന്നു തെളിയിക്കാൻ ഇന്നുജീവിച്ചിരിപ്പുള്ള 86 ലക്ഷം സ്പീഷീസുകളുടെ പരിണാമ വഴിയിലെ ഫോസിലുകളും മതിയാവില്ല. മണ്മറഞ്ഞു പോയ എത്രയോ സ്പീഷീസുകളുണ്ട്. പരിണാമ വിരുദ്ധരുടെ വാദം  
ഏതാണ്ട്  'താങ്കൾ കൊല ചെയ്തു എന്ന് തെളിയിക്കാൻ സംഭവം കണ്ട നാല് സാക്ഷികളുണ്ട്. അതിന്റെ ബലത്തിൽ താങ്കൾ കുറ്റവാളിയാണെന്നു ഈ കോടതി വിധിക്കുന്നു',   അപ്പോൾ പ്രതി, 'യുവർ ഓണർ, ഈ സംഭവം കണ്ടിട്ടില്ലാത്ത നാനൂറു സാക്ഷികളെ ഞാൻ ഹാജറാക്കാം. എന്നെ വെറുതെ വിടണം' എന്ന് പറയുമ്പോലെയാണ്.

അതിനാൽ തന്നെ ഹാറൂണ്‍ യഹിയയുടെ (ഒന്നാം വോള്യം മാത്രം  അഞ്ചുകിലോയ്ക്കടുത്തു തൂക്കംവരും. മൊത്തം മൂന്നു വോള്യങ്ങൾ) 'അറ്റ്ലസ് ഓഫ് ക്രിയേഷനിലെ' ചിത്രങ്ങളൊന്നും പരിണാമം തെറ്റാണെന്നു തെളിയിക്കാൻ പര്യാപ്തമല്ല. കൂട്ടത്തിൽ ചിലർ  എവിടെ നിന്നോ  കിട്ടിയ ഒരു തലയോട്ടിയും പിടിച്ച് 'ഹരിച്ചന്ദ്ര' സിനിമയിൽ    'ആത്മവിദ്യാലയമേ' എന്ന പാട്ടു രംഗത്തിൽ  തിക്കുറിശി പ്രത്യക്ഷപ്പെടുന്ന പോലെ പ്രത്യക്ഷപ്പെടുന്നതും പരിണാമം തെറ്റാണെന്നു തെളിയിക്കാൻ പര്യാപ്തമാകുകയില്ല. പരിണാമത്തിൽ ഓരോ ജീവിക്കും ഓരോ ചരിത്രമാണുള്ളത്. ചിലവ  വളരെ പെട്ടെന്ന് പരിണാമത്തിനു വഴങ്ങുമ്പോൾ ചിലവ കാലങ്ങളോളം പിടിച്ചു നില്ക്കുന്നു. അപ്പോൾ പോലും അങ്ങനെ മാറ്റത്തിനു വിധേയമാകുന്നില്ല എന്ന് പറയുന്ന ജീവികളും ഒരു പൂർവീകനിൽ നിന്ന് നിരവധി വ്യത്യസ്ഥ  വർഗ്ഗങ്ങളെ ഉത്പാദിപ്പിച്ചിട്ടുണ്ടാവും . പരിണാമ  വിരുദ്ധർ  പരിണാമത്തിനെതിരായി  ചൂണ്ടിക്കാട്ടുന്ന തുമ്പിയിലും  ഞണ്ടിലുമൊക്കെ  നിരവധി വിഭാഗങ്ങളെ നമുക്ക് കാണാനാകും.  ഇത് ഒരു പരിണാമ നിഗമനമാണ്  (Prediction)


ഉദാഹരണങ്ങൾ 


1) പക്ഷി  
ഉരഗം പക്ഷിയിലേക്കുമാറുന്നതിനുള്ള നല്ല തെളിവാണ്‌ ‘ആർകിയോപ്റ്റിരിക്സ്’. ഇവയ്ക്ക് ചിറകുകളുള്ളതിനാൽ പക്ഷി തന്നെയാണെന്നും അതിനാൽ വർഗങ്ങൾക്കിടയിലുള്ള ജീവിയായി ഇവയെ പരിഗണിക്കാനാവില്ലെന്നുമാണ്‌ എതിർവാദം. 

ഇവയ്ക്ക് ചിറകുകളുണ്ടെന്നും ഇവ പക്ഷി അഥവാ പറവയിൽ പെടുത്താമെന്നും പറയുന്നതിനെ  പരിണാമവാദികൾ നിഷേധിക്കേണ്ടതില്ല. എന്നാൽ, അതോടൊപ്പം അവയ്ക്ക് പല്ലുകളും ഉരഗത്തെപ്പോലെ നീണ്ട വാലും ഉണ്ടായിരുന്നു. അവയുടെ നാസാരന്ദ്രങ്ങൾ പക്ഷികളെപോലെ കൊക്കിനു മുകളിലായിരുന്നില്ല, ഉരഗങ്ങളെ പോലെ കൊക്കിനു മുൻവശത്തായിരുന്നു. ഇങ്ങനെ അനവധി കാരണങ്ങളാലൊക്കെ അവ അർദ്ധ ഉരഗങ്ങൾകൂടിയായിരുന്നു. ചുരുക്കത്തിൽ ഉരഗ-പറവ സങ്കരം. ഇത് സൃഷ്ടിവാദികൾ സമ്മതിക്കുകയില്ല. എങ്കിൽ ഒരുജീവി മറ്റൊന്നായി മാറുന്നതിന്റെ ‘ഇടജീവി’കളുടെ ലക്ഷണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് അവർ വിശദീകരിക്കുകയുമില്ല. 


2) കുതിര
കുതിരയുടെ പരിണാമം തെളിയിക്കാനാവശ്യമായ  ഫോസ്സിലുകൾ ഏതാണ്ട് പൂർണമായി തന്നെ  നമ്മുടെ  മ്യൂസിയങ്ങളിലെ ശേഖരത്തിൽ  ഇന്നുണ്ട്. അവ ഇയോഹിപ്പസ് മുതൽ (52 മി, ഇവയുടെ അഞ്ചു വിരലുകളിൽ മൂന്നെണ്ണം മാത്രമേ നിലത്തു ഊന്നിയിരുന്നുള്ളൂ) ഓറോഹിപ്പസ്  (50 മി ഇവയ്ക്ക് നാല് വിരലുകൾ മുങ്കാലിലും മൂന്നെണ്ണം പിന്നിലും) എപ്പിഹിപ്പാസ് (47 മി) മെസോഹിപ്പസ് (32-24 മി, ഇവയുടെ രണ്ടു വിരലുകൾ പൂർണമായും ഉപയോഗശൂന്യമായിരുന്നു ) മിയോഹിപ്പസ് (36 മി) കലോബറ്റിപസ് , പരാഹിപ്പാസ് (നടവിരൽ കാണാത്തതും വലിയതും ) മെറിചിപ്പസ്, പ്ലിയോഹിപ്പാസ്,  ദിനോഹിപ്പാസ്, പ്ലസിപ്പാസ് (3.5 മി) ഇക്വിസ് , ആധുനിക കുതിരകൾ വരെ  (ഇവിടെ കാൽ വിരലുകളുടെ പരിണാമം മാത്രം  സൂചിപ്പിക്കുന്നത് ആ അവയവം കുതിരയെ മറ്റു സമാന  ജീവികളിൽ നിന്ന് മാറ്റിനിർത്തുന്നതും അവയുടെ ക്രമാനുഗതമായ  മാറ്റം കാണിക്കാനുമാണു. സമാനമായ മാറ്റം എല്ലാ അവയവത്തിലും സംഭവിച്ചിട്ടുണ്ട്. വിശദീകരണ ബാഹുല്യം ഒഴിവാക്കാൻ അവ വിട്ടു കളഞ്ഞതാണ്)
2013 - ഇൽ സീക്വൻസ്  ചെയ്യപ്പെട്ട 7.75 ലക്ഷം വർഷം പഴക്കമുള്ള കുതിരയുടെ ഡി എൻ എ കാണിക്കുന്നത് 45 ലക്ഷം വർഷം മുൻപ് കുതിര, കഴുത , സീബ്ര എന്നിവയ്ക്ക് ഒരു പൊതുപൂർവീകൻ ഉണ്ടായിരുന്നു എന്നാണ്.  


3) മനുഷ്യൻ 
(ഇതാണല്ലോ പ്രധാനവും ആളുകൾക്ക്  കൂടുതൽ ജിജ്ഞാസയുണ്ടാക്കുന്നതും) 
മനുഷ്യ പരിണാമം തെളിയിക്കാനാവശ്യമായ ഫോസ്സിലുകൾ ഇന്ന് നമുക്കുണ്ട്. എന്നാൽ, പരിണാമ വിരുദ്ധർ അവ അംഗീകരിക്കാതെ പിൽട് ദൌണ്‍, നെബ്രാസ്കാ തുടങ്ങിയ ചില തട്ടിപ്പുകൾ ആഘോഷിക്കുകയാണ്.
മനുഷ്യപരിണാമത്തിന്റെ ഇടജീവികളായി പരിഗണിക്കപ്പെടുന്ന ഫോസിലുകളിലും സൃഷ്ടിവാദികളുടെ വാദം ഇതു പോലെ ദുർബലമാകുന്നത്കാണാം. ഈ ഫോസിലുകൾ വർഗീകരിക്കുന്നതിലും തരം തിരിക്കുന്നതിലും സൃഷ്ടിവാദികൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. 
ഉദാഹരണത്തിന്‌ ജാവ, പെക്കിങ്ങ് മനുഷ്യരുടെ ഫോസിലുകൾ സൃഷ്ടിവാദികളായ ക്യുസ്സൊ (1998)ഗ്വിഷ് (1979, 1985)ബൗഡൻ (1981) മെന്റൊൻ (1988) തുടങ്ങിയവരെല്ലാം ആൾക്കുരങ്ങുവർഗങ്ങളിൽ പെടുത്തിയപ്പോൾ മെഹ്ലറ്റ് (1996)ബെകർ (1976) റ്റയ്‌ലർ, വാൻ ബെബ്ബർ (1995, 1996) ലെബനൊവ് (1992) ലൈൻ (2005) തുടങ്ങിയവരെല്ലാം ഇവയെ മനുഷ്യവർഗത്തില്പെടുത്തി. 

ഒരു ഫോസിൽ കുരങ്ങിന്റേതാണോ മനുഷ്യന്റേതാണൊ എന്ന് പരിഗണിക്കുന്നതിന്‌ ഫോസിൽ വിദഗ്ധർക്ക് അഭിപ്രായവ്യത്യാസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ജിം ഫോളി (‘ഫോസിൽ ഹോമിനിഡി’ന്റെ കർത്താവ്) ചോദിച്ചു. അവ മനുഷ്യന്റെയും കുരങ്ങിന്റേയും ഇടയിൽപെടുന്നത് കൊണ്ടുതന്നെ. 



4) കൃത്രിമ നിർദ്ധാരണം (Artificial Selection) 
നമ്മൾ ഇന്നുപയോഗിക്കുന്ന പല  പച്ചക്കറികളും   ധാന്യങ്ങളും കർഷകർ അവരുടെ വിളകളിൽ  ഇടപെട്ടു പരിണമിപ്പിച്ചെടുത്തതാണു. അതായത് പരിണാമം ഒരൽപം ക്ഷമയുണ്ടെങ്കിൽ നമുക്ക് തന്നെ പരീക്ഷിച്ചറിയാനാവും. ചുരുക്കം ചില ഉദാഹരണങ്ങൾ. നെല്ല്, നായ്ക്കൾ, കാബേജ് വർഗ്ഗങ്ങൾ എല്ലാം,  തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഇനങ്ങൾ നാം കൃഷിയിടങ്ങളിൽ വികസിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഇനിയും സാധ്യമാണ്. 





(പരിണാമത്തിലെ അറിവുകളാണ് ഐഡ്സു പോലുള്ള രോഗങ്ങൾക്കുള്ള  ഫലപ്രഥമായ മരുന്ന് നിര്മ്മിക്കാൻ ശാസ്ത്രത്തിനു സഹായകരം. ഈ ഭാഗത്തേക്ക് ഇപ്പോൾ കടക്കുന്നില്ല, എന്നാൽ ഇമ്മാതിരി പരിണാമ അറിവുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉപകാരപ്രഥമായ ഭൌതിക സൌകര്യങ്ങൾ സ്വീകരിക്കുന്നതിനുള്ള ക്യൂവിൽ ആദ്യം തിരക്ക് കൂട്ടുന്നത് പരിണാമവിരുദ്ധരായിക്കും . ഇത് അനുഭവം നമ്മെ പഠിപ്പിക്കുനതാണു. ഒരു പക്ഷെ പരിണാമത്തെ അന്ന് അവർ തെറി പറയുന്നുണ്ടാകും)
ഓരോ വ്യക്തിയും മറ്റൊന്നിൽ നിന്ന് എന്തെങ്കിലും ചെറിയ സ്വഭാവവൈവിദ്ധ്യങ്ങൾ പ്രകടിപ്പിക്കുന്നു. ഈ വൈവിദ്ധ്യങ്ങളെ ശ്രദ്ധാപൂർവം വികസിപ്പിച്ചാണു പുതിയ ഇനങ്ങളെ ഉത്പാദിപ്പിക്കുന്നത്. ഈ വ്യതിയാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഡി എൻ എ ടെസ്റ്റുകൾ നാം നടത്തുന്നത്. നമ്മുടെ സഹോദരനാണെന്നും പറഞ്ഞു ആരെങ്കിലും അവകാശവാദമുന്നയിച്ചാൽ ഇക്കാലത്ത് സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ അന്വേഷിക്കുകയല്ല കോടതി,  മറിച്ച് ഡി എൻ  എ ടെസ്റ്റ്‌ നടത്തുകയാണ്. പരിണാമ വിരുദ്ധരും അത് അംഗീകരിക്കും. അത് പരിശോധിക്കുന്നത് ജനിതകപരമായി ഈ വ്യക്തികൾ തമ്മിൽ എത്ര വ്യതിയാനം/ സാമ്യം ഉണ്ടെന്നാണു. അത് നോക്കി ഈ രണ്ടു വ്യക്തികളും ഒരു പൊതുപൂർവീകനെ ജനിതകപരമായി പങ്കു വെയ്ക്കുന്നു/ ഇല്ല എന്ന് കൃത്യമായി പറയാം. ഇങ്ങനെ ഒരു കേസ്സു ചിമ്പാൻസി കൊടുത്താലും ഇത് തന്നെയാണു നടപടിക്രമം. ചിമ്പാൻസികളും നാമും തമ്മിലുള്ള ജനിതകപരമായ രണ്ടു ശാതമാനം വ്യതിയാനം പൊതുപൂർവീകനിൽ നിന്ന് ഈ ജീവികൾക്കുള്ള വ്യതിയാനം പരിശോധിച്ചാൽ അറിയാം നാം എത്രമാത്രം കുരങ്ങുകളുമായി ജനിതകഘടകങ്ങൾ പങ്കുവെയ്ക്കുന്നുണ്ടെന്നു. (ഉദാഹരണം പൊതുപൂർവീകനും മനുഷ്യനും തമ്മിലുള്ള വ്യതിയാനം ചിമ്പും മനുഷ്യനും തമ്മിൽ ഇന്നുള്ള രണ്ട് ശതമാനം തന്നെ ആയിരുന്നെങ്കിൽ നാം ചിമ്പാൻസിയുടെ മക്കളാകും. അപ്പോൾ ചിമ്പാന്സികൾക്ക്  പൊതുപൂർവീകനിലേക്കുള്ള അകലം പൂജ്യമായിരിക്കും. പൊതുപൂർവീകനിൽനിന്ന് നമുക്കുള്ള വ്യതിയാനം പൂജ്യമാണെങ്കിൽ ചിമ്പാൻസികൾ നമ്മുടെ മക്കളാകും)    ഈ   ഇത്രയും ജ്ഞാനം ആർജ്ജിച്ചിട്ടും ചിലർക്ക്  ഹോക്സുകളിലാണു വിശ്വാസം. (ഹോക്സ് വ്യവസായം വൻ സാമ്പത്തികമൊഴുകുന്ന രംഗമാണ്. അമേരിക്കയിൽ പരിണാമം കഴിഞ്ഞാൽ അടുത്ത സ്ഥാനം പരിസ്ഥിതിനാശത്തിൽ മനുഷ്യന്റെ ഇടപെടലിന് ഒരു പങ്കുമില്ല എന്ന പ്രചാരണത്തിനാണത്രെ)   ഇത്രയും സൗകര്യങ്ങൾ ശാസ്ത്രം ചെയ്തിട്ടും ചിലർക്ക് ശാസ്ത്രത്തിനു ഇന്ന്  കഴിയാത്ത 0.1 ശതമാനം കാര്യങ്ങളിൽ ഗണപതിയേയോ മറ്റേതെങ്കിലും ദൈവത്തെയോ ആണു വിശ്വാസം. എന്നാൽ അവർ ചിന്തിക്കുന്നില്ലേ പണ്ട് ഈ 99.9 ശതമാനം കാര്യങ്ങളും അവര്ക്ക് ദൈവങ്ങളായിരുന്നു നിർവഹിച്ചിരുന്നത് എന്ന്. അതിൽ നിന്ന് ഈ സർവ ശക്തദൈവങ്ങളെ 0.1 ശതമാനത്തിലേക്ക് ശാസ്ത്രം അടിച്ചൊതുക്കിയെങ്കിൽ ചിന്തിക്കുന്നവർക്ക്  ദൃഷ്ടാന്തത്തിനു അത് തന്നെ ധാരാളം.









Sunday, March 1, 2015

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം II- പ്രാങ് നക്ഷത്ര ദശ

കടപ്പാട് ഷിജുവിന്റെ ബ്ലോഗ് 

അങ്ങനെ കഴിഞ്ഞപോസ്റ്റില്‍ നക്ഷത്രങ്ങള്‍ക്ക് നമ്മളെപ്പോലെയൊക്കെ തന്നെ ജനനവും മരണവും ഉണ്ടെന്നു നമ്മള്‍ മനസ്സിലാക്കി. ഇനി ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. എങ്ങനെയാണ് ഒരു നക്ഷത്രം ജനിക്കുന്നത്, അതിന്റെ ജീവിതം എങ്ങനെ ജീവിക്കുന്നത്, അവസാനം എങ്ങനെ മൃതിയടയുന്നു.? ഇതൊക്കെ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ നമ്മള്‍ മനസ്സിലാക്കും. ഈ പോസ്റ്റില്‍ നക്ഷത്രത്തിന്റെ ജനനത്തെ കുറിച്ച് മനസ്സിലാക്കാം.
ഇനിയുള്ള പോസ്റ്റുകളില്‍ നക്ഷത്രങ്ങളുടെ ദ്ര്യമാനവും, ആരവും, Luminosity യും ഒക്കെ സൌര ഏകകത്തിലാണ് പറയുക. അതായത് നക്ഷത്രത്തിന്റെ ദ്രവ്യമാനം സൂര്യനെക്കാള്‍ എത്ര കൂടുതലാണ്/കുറവാണ്, അല്ലെങ്കില്‍ നക്ഷത്രം സൂര്യനേക്കാള്‍ എത്ര വലുതാണ് / ചെറുതാണ്,അതുമല്ലെങ്കില്‍ നക്ഷത്രത്തിന്റെ Luminosity സൂര്യനെക്കാള്‍ എത്ര കൂടുതലാണ് /കുറവാണ് എന്നിങ്ങനെ. സൂര്യന്റെ ദ്രവ്യമാനത്തെ Mഎന്ന ചിഹ്നം കൊണ്ടും, ആരത്തെ R എന്ന ചിഹ്നം കൊണ്ടും Luminosity-യെ L എന്ന ചിഹ്നം കൊണ്ടും ആണ് സൂചിപ്പിക്കുന്നത്. അപ്പോള്‍ ഒരു നക്ഷത്രത്തിന്റെ ദ്രവ്യമാനം 2.5 M ആണെന്നു പറഞ്ഞാല്‍ അത് സൂര്യന്റെ 2.5 ഇരട്ടി ദ്രവ്യമാനം ഉള്ള നക്ഷത്രം ആണെന്നു വരുന്നു. അതേ പോലെ തന്നെ മറ്റുള്ളതും.

നക്ഷത്രാന്തരീയ മാദ്ധ്യമം (Interstellar medium)

നക്ഷത്രങ്ങള്‍ക്കെല്ലാം ഒരു തുടക്കം ഉണ്ടെങ്കില്‍ അത് എങ്ങനെ? എവിടെ നിന്ന്? ഇതാണ് നാം ആദ്യമായി അന്വേഷിക്കുന്നത്.
ഒരു ദ്രുതവീക്ഷണത്തില്‍ നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള സ്ഥലം, അതായത് നക്ഷത്രാന്തരീയ ഇടം (Interstellar space), ശൂന്യമാണ് എന്നു തോന്നാം എങ്കിലും പുതിയ നക്ഷത്രങ്ങള്‍ക്ക് പിറക്കാന്‍ പാകത്തില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇപ്പോഴും പുതുനക്ഷത്രങ്ങള്‍ ജനിച്ചു കൊണ്ടിരിക്കില്ലല്ലോ. ഈ നക്ഷത്രാന്തരീയ ഇടത്തെ ശാസ്ത്രജ്ഞന്മാര്‍ സൂക്ഷമമായി നിരീക്ഷിച്ചപ്പോള്‍ അവിടെ ചെറു ദ്രവകണികകളും, വാതകങ്ങളും,മറ്റു ധൂളീപടലങ്ങളും നിറഞ്ഞിരിക്കുന്നതായി കണ്ടു. ഈ വസ്തുക്കളെ എല്ലാത്തിനേയും ചേര്‍ത്തു അവര്‍ നക്ഷത്രാന്തരീയ മാദ്ധ്യമം (Interstellar medium) എന്നു വിളിച്ചു.

നീഹാരിക (nebula)

നക്ഷത്രാന്തര മാദ്ധ്യമവും നക്ഷത്രങ്ങളും പരസ്പര ബന്ധമില്ലാത്ത വിഭിന്ന വസ്തുക്കള്‍ അല്ല. നക്ഷത്രങ്ങള്‍ ജനിക്കുകയും വളരുകയും ചെയ്യുന്ന ഇടമാണ് നക്ഷത്രാന്തര മാദ്ധ്യമം. നക്ഷത്രാന്തര ഇടത്തില്‍ ഘന സെന്റിമീറ്ററിനു 10 അണുക്കളോളം കാണും. സാധാരണ വാതക തന്മാത്രകളെ പോലെ ഈ ഭാഗത്തെ കണികകളും അണുക്കളുമെല്ലാം നിരന്തര ചലനത്തിലാണ്. ചലനത്തിനിടയില്‍ രണ്ട് കണികകള്‍ വളരെ അടുത്തെത്തുമ്പോള്‍ അവ തമ്മിലുള്ള ആകര്‍ഷണം കൂടുകയും അവ ഒരുമിച്ചു ചേരുകയും ചെയ്യുന്നു. രണ്ട് കണിക ചേര്‍ന്നുണ്ടായ ഈ പുതുകണികയോട് മറ്റൊന്നു കൂടി കൂടിചേരാന്‍ ഇടയാകാം. ഇങ്ങനെ ക്രമേണ ലക്ഷക്കണക്കിനു വര്‍ഷം കൊണ്ട് അത് കണികകളുടെ വലിയ ഒരു ശേഖരം ആയി മാറുന്നു. ചില പ്രത്യേക അവസരത്തില്‍ നക്ഷത്രാന്തരീയ മാദ്ധ്യമത്തിലെ വാതകങ്ങളുടെ ഈ കണികാ ശേഖരത്തെ ഒരു മേഘ പടലമായി കാണാവുന്നതാണ്. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഇത്തരം വാതക പടലത്തെ നെബുല(Nebula) എന്നു വിളിക്കുന്നു. മലയാളത്തില്‍ നീഹാരിക എന്നാണ് പേര്. ഈ നീഹാരികള്‍ നമുക്ക് നക്ഷത്രാന്തരീയ മാദ്ധ്യമത്തെ കുറിച്ചുള്ള തെളിവുകള്‍ തരുന്നു. ഹബ്ബിള്‍ ദൂരദര്‍ശിനി ഉപയോഗിച്ച് എടുത്ത eagle nebula-യുടെ ഒരു ചിത്രം താഴെ കൊടുത്തിരിക്കുന്നത് നോക്കൂ.

ചിത്രത്തിനു കടപ്പാട്: നാസാ വെബ്ബ് സൈറ്റ്
ഒരു ലക്ഷണമൊത്ത നീഹാരികയ്ക്ക് 1000 കണക്കിനു സൂര്യന്മാരുടെ ഭാരവും 35 പ്രകാശവര്‍ഷത്തോളം വ്യാപ്തിയും ഉണ്ടാകും. അതിന്റെ ദ്രവ്യമാനത്തിന്റെ 75 % ഹൈഡ്രജനും 24 % ഹീലിയവും 1 % മറ്റ് മൂലകങ്ങളും ധൂളീപടലങ്ങളും ആയിരിക്കും. മറ്റൊരു നീഹാരികയായ കുതിരതല നീഹാരികയുടെ (horsehead nebula) ചിത്രം കാണൂ.

ചിത്രത്തിനു കടപ്പാട്: നാസാ വെബ്ബ് സൈറ്റ്

നീഹാരികയില്‍ നിന്ന് നക്ഷത്രജനനത്തിനുള്ള ഭ്രൂണം

പക്ഷെ എങ്ങിനെയാണ് നീഹാരികയില്‍ നിന്നു ഒരു നക്ഷത്രം പിറക്കുക? അതാണ് നമ്മള്‍ ഇനി പഠിക്കുവാന്‍ പോകുന്നത്. മുകളില്‍ പറഞ്ഞതു പോലെ നീഹാരിക ഒരു പടലമായി മാത്രം നില്‍ക്കുകയാണെങ്കില്‍ അതില്‍ നിന്ന് നക്ഷത്രം പിറവിയെടുക്കില്ല. മാത്രമല്ല ഏത് വാതക പടലവും സ്വതന്ത്രമായി പോകാനാണ് ശ്രമിക്കുക. അപ്പോള്‍ നക്ഷത്രം ഉണ്ടാകണം എങ്കില്‍ ഈ പടലം ചുരുങ്ങണം. ഇങ്ങനെ ചുരുങ്ങണം എങ്കില്‍ പടലത്തിനു ആവശ്യത്തിനു ദ്രവ്യമാനം ഉണ്ടായിരിക്കണം. അപ്പോള്‍ വാതക പടലത്തിനു സങ്കോചിക്കാന്‍ അതിന്റെ പുറത്തേക്കുള്ള തള്ളലിനെ അതിജീവിക്കാന്‍ അതിന്റെ ഗുരുത്വബലത്തിനു കഴിയണം. വാതകപടലത്തിന്റെ സാന്ദ്രത കൂടിയ പ്രദേശത്ത് ഇത്തരം ചുരുങ്ങലിനു സാധ്യത ഉണ്ട്.അതായത് വാതകപടലത്തിന്റെ സാന്ദ്രത കൂടിയ പ്രദേശത്ത് ഗുരുത്വാകര്‍ഷണം അതിന്റെ പുറത്തേക്കുള്ള തള്ളലിനെ അതിജീവിക്കുന്നു. അങ്ങനെ വാതകപടലം അകത്തേക്ക് ചുരുങ്ങാന്‍ തുടങ്ങുന്നു. ഇത് നക്ഷത്രജനനത്തിനുള്ള ഭ്രൂണം ആണ്. (മനുഷ്യരുടെ ജനനം പോലെ തന്നെ).
ഈ നക്ഷത്രഭ്രൂണത്തിനു ഗുരുത്വാകര്‍ഷബലം കൂടും. അതിനാല്‍ അത് കൂടുതല്‍ കണികകളെ തന്നിലേക്ക് വലിച്ചടുപ്പിക്കും. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞ് തന്റെ അമ്മയില്‍ നിന്നു തന്റെ വളര്‍ച്ചയ്ക്ക് വേണ്ട ആഹാരം എടുക്കന്നതുപോലെ തന്നെ. ഭ്രൂണകേന്ദ്രത്തിലേക്കുള്ള ഗുരുത്വാകര്‍ഷണം മൂലം കണികകള്‍ ഉരഞ്ഞുരഞ്ഞ് നീങ്ങും. ഇത് മൂലവും ഭ്രൂണത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതു കാരണവും ഈ നക്ഷത്ര ഭ്രൂണത്തിന്റെ താപനില കൂടുന്നു.ഈ സമയത്തും സമീപത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തില്‍ നിന്ന് പദാര്‍ത്ഥം നിഹാരികയിലേക്ക് ഗുരുത്വാകര്‍ഷണം മൂലം കൂട്ടിചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കും.
നീഹാരികയിലെ പദാര്‍ത്ഥത്തിന്റെ അകത്തേക്കുള്ള ചുരുങ്ങല്‍ ആദ്യമൊക്കെ തടസ്സം ഒന്നും ഇല്ലാതെ മുന്നേറും. പക്ഷെ ഈ ചുരുങ്ങല്‍ തുടരും തോറും അതിലുള്ള വാതകങ്ങളുടെ വേഗതയും, സാന്ദ്രതയും, താപനിലയും വര്‍ദ്ധിക്കും. ഈ ഈ ചുരുങ്ങല്‍ മൂലം ഗുരുത്വ ഊര്‍ജ്ജം താപോര്‍ജ്ജമായി മാറും. ഇതു മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം താപസംവഹനം (convection) എന്ന പ്രക്രിയയിലൂടെ പുറത്തേക്ക് വ്യാപിച്ച് പുറം പാളികളെ ചൂടു പിടിപ്പിക്കുന്നു. ഇതോടെ നീഹാരികയില്‍ നിന്നു ഒരു പ്രാങ് നക്ഷത്രം (protostar) പിറവിയെടുക്കുന്നു. അമ്മയുടെ ഗര്‍ഭത്തില്‍ ഭ്രൂണം മൂന്നാമത്തെയോ നാലാമത്തെയോ മാസത്തില്‍ മനുഷ്യരൂപം പ്രാപിച്ച് കുഞ്ഞിന്റെ ലിംഗം നിര്‍ണ്ണിയിക്കാവുന്ന ഘട്ടത്തെ നമുക്ക് ഈ ദശയോട് ഉപമിക്കാം.
നീഹാരികയുടെ ദ്രവ്യമാനം ആയിരക്കണക്കിനു സൂര്യന്മാരുടെ ദ്രവ്യമാനത്തിനു തുല്യമായതു കൊണ്ടും അതിലെ പദാര്‍ത്ഥം പല സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുന്നതു കൊണ്ടും ഒരു നീഹാരികയില്‍ നിന്നു നിരവധി പ്രാങ് നക്ഷത്രങ്ങള്‍ പിറവിയെടുക്കും.
ഗുരുത്വാകര്‍ഷണം മൂലമുള്ള ഈ ചുരുങ്ങലില്‍ ഉടനീളം പ്രാങ് നക്ഷത്രം അതിന്റെ ഗുരുത്വ ഊര്‍ജ്ജം താപോര്‍ജ്ജമാക്കി മാറ്റുന്നു. ഈ താപോര്‍ജ്ജത്തില്‍ ഒരു ഭാഗം താപസംവഹനത്തിലൂടെ പുറത്തേക്ക് വ്യാപിക്കുന്നു. ബാക്കി ഭാഗം പ്രാങ് നക്ഷത്രത്തിന്റെ ആന്തരിക താപനില ഉയര്‍ത്തുന്നു. ഇങ്ങനെ ആന്തരിക താപനില വര്‍ദ്ധിച്ച് ഏകദേശം 50,000 K ആകുമ്പോള്‍ ഹൈഡ്രജന്‍ അണുക്കള്‍ അയണീകൃതമാകുന്നു. അതായത് ഹൈഡ്രജന്‍ അണുവിലെ ബാഹ്യ ഇലക്‌ട്രോണ്‍ അണുവില്‍ നിന്ന് വേര്‍പെടും. അങ്ങനെ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളും ഇലക്‌ട്രോണുകളും വെവ്വേറെ സ്ഥിതി ചെയ്യുന്ന പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായ പ്ലാസ്‌മയിലേക്ക് എത്തിച്ചേരുന്നു.

ഗുരുത്വബലവും വാതക മര്‍ദ്ദവും തമ്മില്‍ ബലപരീക്ഷണം

പ്രാങ് നക്ഷത്ര കേന്ദ്രത്തിലേക്ക് അണുക്കളെ കൂട്ടിചേര്‍ക്കുന്ന പ്രക്രിയയ്ക്ക് ജ്യോതിശാസ്ത്രജ്ഞന്മാര്‍ accretion എന്നാണ് പറയുക. പലതരത്തിലുള്ള പ്രതി പ്രവര്‍ത്തനങ്ങള്‍ പ്രാങ് നക്ഷത്രത്തിന്റെ ഉള്ളില്‍ നടക്കുന്നതിനാല്‍ അത് സ്ഥിരത കൈവരിക്കുന്നില്ല.പ്രാങ് നക്ഷത്രം ഒരു പൂര്‍ണ്ണ നക്ഷത്രം ആയി മാറണം എങ്കില്‍ അത് ഒരു സമതുലിതാവസ്ഥ (equilibrium) കൈവരിക്കണം. എന്താണ് സമതുലിതാവസ്ഥ അഥവാ equilibrium? അത് ഒരു സമീകരണം (balance) ആണ്. നമ്മുടെ ഉദാഹരണത്തില്‍ ഇവിടെ അത് അണുക്കളെ നക്ഷത്രകേന്ദ്രത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഗുരുത്വാകര്‍ഷണവും (gravitational force) നക്ഷത്രത്തിന്റെ ഉള്ളില്‍ നിന്നുള്ള താപവും (heat)വിദ്യുത്കാന്തിക തരംഗങ്ങളും (electromagnetic waves) പുറത്തേക്ക് തള്ളുന്ന വാതക മര്‍ദ്ദവും (gas pressure) തമ്മിലുള്ള ഒരു സമീകരണം ആണ്.
ഈ സമീകരണത്തില്‍ എത്തിചേരുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ഒരു സമതുലിതാവസ്ഥയില്‍ എത്തിചേരാന്‍ പറ്റിയില്ലെങ്കില്‍ പ്രാങ് നക്ഷത്രം പിറക്കുന്നതിനു മുന്‍പേ മരണമടയുന്നു (ചാപിള്ളകളെ പോലെ).

സമതുലിതാവസ്ഥ (equilibrium) ഗുരുത്വവും വാതക മര്‍ദ്ദവും തമ്മിലുള്ള ബലപരീക്ഷണമാണ്. അത് എങ്ങനെയാണ് പ്രവൃത്തിക്കുന്നത് എന്ന് നോക്കാം.
  1. ഗുരുത്വം വാതകങ്ങളേയും ധൂളികളേയും മറ്റ് കണികകളേയും കേന്ദ്രത്തിലേക്ക് വലിച്ചടുപ്പിക്കുന്നു
  2. കേന്ദ്രത്തില്‍ വാതകങ്ങളിലെ അണുക്കള്‍ തമ്മിലുള്ള കൂട്ടിയിടി മൂലം താപനില വര്‍ദ്ധിക്കുന്നു
  3. കൂടുതല്‍ അണുക്കള്‍ കേന്ദ്രത്തിലേക്ക് എത്തുമ്പോള്‍ അവിടുത്തെ സാന്ദ്രത വര്‍ദ്ധിക്കുന്നു
  4. അണുക്കള്‍ തമ്മിലുള്ള കൂട്ടിയിടിയും സാന്ദ്രയും വര്‍ദ്ധിക്കുന്നതു മൂലം വാതക മര്‍ദ്ദം കൂടുന്നു
  5. ഇങ്ങനെ ഉണ്ടാകുന്ന വാതകമര്‍ദ്ദം പ്രാങ് നക്ഷത്രം ഗുരുത്വആകര്‍ഷണം മൂലം തകര്‍ന്നടിയുന്നത് തടയുന്നു
  6. ഇങ്ങനെ ലക്ഷക്കണക്കിനു വര്‍ഷത്തെ ബലപരീക്ഷണത്തിനു ശേഷം വാതകമര്‍ദ്ദം = ഗുരുത്വബലം ആകുമ്പോള്‍ accretion എന്ന പ്രക്രിയയ്ക്ക് അവസാനമാകുന്നു. അതായത് വാതകമര്‍ദ്ദം, ഗുരുത്വബലത്തിനു സമമാകുമ്പോള്‍ പ്രാങ് നക്ഷത്രം സമതുലിതാവസ്ഥ കൈവരിക്കുന്നു.
ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഈ സമതുലിതാവസ്ഥയെ hydrostatic equilibrium എന്നാണ് വിളിക്കുന്നത്. താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ.


ചിത്രത്തിനു കടപ്പാട്: Pearson Prentice Hall

പ്രാങ് നക്ഷത്രത്തിന്റെ വിധി തീരുമാനിക്കപ്പെടുന്നു

accretion എന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഗുരുത്വബലം സ്ഥിരമായി നില്‍ക്കും. അപ്പോള്‍ വാതകമര്‍ദ്ദത്തെ മാറ്റുന്ന എന്ത് പ്രക്രിയ ആണ് പ്രാങ് നക്ഷത്രത്തില്‍ നടക്കുന്നത്? വാതകമര്‍ദ്ദം രണ്ട് കാര്യങ്ങളെ ആശ്രയിച്ച് ഇരിക്കുന്നു. ഒന്ന് ഉന്നതമായ താപനില (ഇത് അണുക്കളെ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നു), രണ്ട് ഉന്നതമായ വാതക സാന്ദ്രത (കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ അണുക്കള്‍). ഈ സമയത്ത് പ്രാങ് നക്ഷത്രത്തിന്റെ രൂപാന്തരത്തിനു രണ്ട് സാധ്യത ആണ് ഉള്ളത്.
  1. അണുസംയോജനം നടക്കുവാന്‍ ആവശ്യമായ ഉന്നതമായ താപനിലയില്‍ (critical temperature) പ്രാങ് നക്ഷത്രത്തിനു എത്താന്‍ പറ്റുകയാണെങ്കില്‍ പ്രാങ് നക്ഷത്രം അതിന്റെ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് (മുഖ്യധാരാ നക്ഷത്രം) കടക്കുന്നു.
  2. അണുസംയോജനം നടക്കുവാന്‍ ആവശ്യമായ ഉന്നതമായ താപനിലയില്‍ പ്രാങ് നക്ഷത്രത്തിനു എത്താന്‍ പറ്റാതിരിക്കുകയാണെകില്‍ അത് ഹൈഡ്രജന്‍ പൂരിതമായ ഒരു വസ്തു ആയി മാറുന്നു. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഈ വസ്തുവിനെ തവിട്ടുകുള്ളന്‍ (brown dwarf) എന്നു വിളിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ താഴെ).
ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട്, തുടര്‍ച്ചയായ ഗുരുത്വാകര്‍ഷണവും ചുരുങ്ങലും കാരണം താപനില ഒരു കോടി കെല്‍‌വിനോളം ആകും.ഇത്രയും ഉയര്‍ന്ന താപനിലയില്‍ അണുസംയോജനം (Nuclear fusion) - ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഹീലിയം അണുകേന്ദ്രം ആയി മാറുന്ന പ്രക്രിയ- ആരംഭിക്കും. ഈ ഘട്ടത്തില്‍ പ്രാങ് നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം (Main Sequence Star) ആയി മാറി അതിന്റെ ജീവിത ദശയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു.

പ്രാങ് നക്ഷത്രത്തിനു മുഖ്യധാരനക്ഷത്രം ആകാന്‍ വേണ്ട സമയം

പ്രാങ് നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറാന്‍ വേണ്ട സമയം ആ പ്രാങ് നക്ഷത്രത്തിന്റെ ദ്രവ്യമാനത്തെ ആശ്രയിച്ച് ഇരിക്കുന്നു. പ്രാങ് നക്ഷത്രത്തിന്റെ ദ്രവ്യമാനം കൂടുതല്‍ ആണെങ്കില്‍ അതിന്റെ ഗുരുത്വാകര്‍ഷണ ബലവും കൂടുതല്‍ ആയിരിക്കും. അതിനാല്‍ ചുരുങ്ങലിന്റെ വേഗതയും വര്‍ദ്ധിക്കും. നമ്മുടെ സൂര്യന്‍ ഏതാണ്ട് 3 കോടി വര്‍ഷം കൊണ്ടാണ് പ്രാങ് നക്ഷത്ര ദശയില്‍ നിന്ന് മുഖ്യധാരാ ദശയിലേക്ക് എത്തിചേര്‍ന്നത്.
പക്ഷെ ഒരു 15 M (15 സൂര്യന്മാരുടെ ദ്രവ്യമാനം ഉള്ളത്) ദ്രവ്യമാനം ഉള്ള ഒരു പ്രാങ് നക്ഷത്രം വെറും 1.6 ലക്ഷം വര്‍ഷം കൊണ്ട് ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറും. മറിച്ച് ഒരു 0.2 M ദ്രവ്യമാനം ഉള്ള ഒരു പ്രാങ് നക്ഷത്രം 100 കോടി വര്‍ഷം കൊണ്ടേ ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറുകയുള്ളൂ.
100 M ഓ അതില്‍ കൂടുതലോ ദ്രവ്യമാനം ഉള്ള ഒരു പ്രാങ് നക്ഷത്രം ഒരിക്കലും ഒരു മുഖ്യധാരാ നക്ഷത്രം ആയി പരിണമിക്കില്ല. ഇത്തരം പ്രാങ് നക്ഷത്രങ്ങളുടെ ആന്തരിക താപ നില വളരെയധികം വര്‍ദ്ധിച്ച് പുറത്തേക്കുള്ള മര്‍ദ്ദം ഗുരുത്വബലത്തെ അതിജീവിച്ച് പ്രാങ് നക്ഷത്രത്തിന്റെ പുറത്തേക്ക് ഭിന്നിപ്പിച്ചു കളയുന്നു. ഇതു മൂലം ഇത്തരം പ്രാങ് നക്ഷത്രങ്ങള്‍ പിറവിയിലേ മരണമടയുന്നു. (ചില കുഞ്ഞുങ്ങള്‍ പിറവിയിലേ മരണമടയുന്നതു പോലെ).
അതേ പോലെ 0.08 M ഓ അതില്‍ കുറവോ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങള്‍ ഒരിക്കലും ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ അണുസംയോജനം വഴി ഹീലിയം അണുകേന്ദ്രം ആയി മാറാനുള്ള താപനില കൈവരിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രാങ് നക്ഷത്രങ്ങള്‍ ഹൈഡ്രജന്‍ പൂരിതമായ ഒരു വസ്തുവായി മാറും. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഇത്തരം വസ്തുവിനെ തവിട്ടു കുള്ളന്‍ (brown dwarf) എന്നു വിളിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ ഒരു പ്രാങ് നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം ആയി പരിണമിക്കണമെങ്കില്‍ അതിന്റെ ദ്രവ്യമാനം 0.08 Mനും 100 M-നും ഇടയില്‍ ആയിരിക്കണം.ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങള്‍ താരതമ്യേനെ കുറവായിരിക്കും.
അങ്ങനെ നമ്മള്‍ നക്ഷത്രം ജനിക്കുന്നതു വരെയുള്ള ചരിത്രം മനസ്സിലാക്കി. ബാക്കി ചരിത്രം തുടര്‍ന്നുള്ള പോസ്റ്റുകളില്‍.

ആധാര പ്രമാണങ്ങള്‍

ഈ ലേഖനം എഴുതുന്നതിനു റെഫറന്‍സിനു വേണ്ടി ഉപയോഗിച്ച ചില ആധാര പ്രമാണങ്ങള്‍
  1. മാനം മഹാത്ഭുതം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  2. Universe, Kaufmann and Freedman, W H Freeman and Company, New York
  3. പ്രപഞ്ച രേഖ, പി. പരമേശ്വരന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
  4. NASA website

Friday, February 27, 2015

യുക്തിവാദവും ശാസ്ത്രവും തമ്മിൽ എന്ത്?


യുക്തിവാദത്തെ (ഇത് പൊതുവിൽ ഉപയോഗിക്കുന്ന പ്രയോഗമാണ്) സയൻസിൽ നിന്ന് വിടർത്തി എടുക്കാൻ ഉള്ള ഒരു ശ്രമം പലഭാഗത്ത് നിന്നും ബോധപൂർവമായും ഉണ്ട്. മതം ശാസ്ത്രത്തിന്റെ ഭാഗമാക്കാൻ എല്ലാ കളിയും കളിച്ച് പരാജയപ്പെട്ടവരുടെ ഇച്ഛാഭംഗത്തിൽ നിന്നാണു ഇങ്ങനെ ഒരു വാദം ഉടലെടുക്കുന്നത്. പരിണാമ വിരുദ്ധരായ ക്രിയേഷൻ സയന്റിസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കേട്ടിട്ടില്ലേ, ക്രിയേഷൻ സയന്സ് ശാസ്ത്രമല്ല (എന്നിട്ടും അതിനു സയന്സ് എന്നാണു പേർ) എന്നാൽ പരിണാമവും ശാസ്ത്രമല്ല എന്ന്. ഞാൻ ഒന്നിനും കൊള്ളാത്തവനാകുന്നതിൽ എതിർപ്പില്ല, നിങ്ങളും അങ്ങനെയാണെങ്കിൽ എന്ന്. ഇവിടെ യുക്തിവാദവും ശാസ്ത്രവും തമ്മിലുള്ള ബന്ധം രണ്ടിന്റെയും ജ്ഞാനരീതി ഒന്നാണെന്നതാണു. ('ജ്ഞാനരീതി' എന്നത് 'Epistemology' തുടങ്ങിയ തത്വചിന്താ സങ്കീർണതകളിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. മറിച്ച് ഇത് വിവരം തേടുന്ന വഴികൾ എന്നേ മനസിലാക്കേണ്ടതുള്ളൂ)  മതത്തിന്റെ ജ്ഞാനരീതിയിൽ സഞ്ചരിച്ചാൽ ശാസ്ത്ര വിരുദ്ധതയിലാണു എത്തിപ്പെടുക. മറിച്ച് ശാസ്ത്രത്തിന്റെ ജ്ഞാന രീതി ലഭിക്കാൻ യുക്തിവാദത്തിന്റെ ജ്ഞാനരീതി തന്നെ സ്വീകരിക്കണം. മതം ശാസ്ത്രവിരുദ്ധമായ ഒരു ജ്ഞാന രീതിപിന്തുടരുന്നെങ്കിലും ശാസ്ത്രത്തിന്റെ ഭൌതിക നേട്ടങ്ങളെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വീകരിക്കുകയും ചെയ്യും. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം. 

ഈ കാണുന്ന പ്രപഞ്ചവും അതിലുള്ള സകല സ്ഥാവര ജംഗമ വസ്തുക്കളും സംഭവങ്ങളും ദൈവം എന്ന ഒരു അതീന്ദ്രിയവും സർവജ്ഞനും സർവശക്തനുമായ പ്രതിഭാസത്തിന്റെ ലീലാ  വിലാസങ്ങളാണെന്ന് അടിയുറച്ചു വിശ്വസിക്കലാണു മതത്തിന്റെ ജ്ഞാന രീതി. അതനുസരിച്ച് ആ അദൃശ്യ ശക്തിയെ അനുസരിക്കാനല്ലാതെ ചോദ്യം ചെയ്യാൻ മനുഷ്യന് അവകാശമില്ല. ഇങ്ങനെ പൂർണവും തൃപ്തികരവുമായ ഒരു വിശ്വാസം സകല പ്രശ്നങ്ങൾക്കും  ഉത്തരമായുണ്ടെങ്കിൽ പിന്നെ മനുഷ്യന്റെ അന്വേഷണബുദ്ധികൊണ്ട് ഒരു കാര്യവുമില്ല. കാരണം, ഒന്ന്- അന്വേഷിച്ചിട്ട്   ഇതിനു വിരുദ്ധമായ നിഗമനങ്ങളിലാണ് എത്തുന്നതെങ്കിൽ ദൈവവിശ്വാസസമൂഹം അത് അംഗീകരിക്കുകയില്ല എന്ന് മാത്രമല്ല അന്വേഷകന് സമാധാനപൂർണമായി ആ സമൂഹത്തിൽ നിലനിൽക്കാനും സാധ്യമല്ല. രണ്ട്-  അന്വേഷണം ഈ ശക്തിയെ അംഗീകരിക്കുന്നതാണെങ്കിൽ പിന്നെ അന്വേഷണത്തിന്റെ സാംഗത്യം തന്നെ നഷ്ടപ്പെടുന്നു. നമുക്ക് മുൻപ് കഴിഞ്ഞു പോയ നിരവധി ആളുകൾ കേവലം സംശയിച്ചു എന്നതിന്റെ പേരിൽ മാത്രം വധിക്കപ്പെടുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്തിട്ടുണ്ട്. പ്രസിദ്ധരായ പലരേയും നമുക്കറിയാം. 

ഗലീലിയോയെ കൊണ്ട് തന്റെ നിഗമനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ എഴുതിപ്പിച്ചു സഭ എന്നത് പ്രസിദ്ധമാണല്ലോ. സഭയുടെ വിവരക്കേട്, ഐസക്ക് ന്യൂടണ്‍ ജനിച്ചില്ലായിരുന്നെങ്കിലും ആപ്പിളുകൾ താഴോട്ട് തന്നെ വീഴും. ഇന്ന് ന്യൂടണ്‍ എഴുന്നേറ്റ് വന്നു ഗുരുത്വാകരഷണം തെറ്റാണെന്നു പറഞ്ഞാലും ആപ്പിളുകൾ താഴോട്ടു വീഴുകയും ജനം ന്യൂടണെ കൂക്കി വിളിക്കുകയും ചെയ്യും. ഇത് മനസ്സിലാക്കാതെ പോയതാണ് മതങ്ങള്ക്ക് പറ്റിയ അബദ്ധം    

എന്നാൽ, അപ്രസക്തരായ നിരവധി സാധുക്കളും ഇക്കൂട്ടത്തിൽ ഉണ്ട്. നിങ്ങളുടെ വിശ്വാസം ശരിയല്ല, അത് നമ്മുടെ നൂതന അറിവുകളുമായി യോജിക്കുന്നില്ല എന്ന് പറയുക മാത്രമാണു അവരൊക്കെ ചെയ്ത കുറ്റം. (ഈ വരികൾ എഴുതുമ്പോൾ സൗദി അറേബ്യയിൽ രണ്ടു യുവാക്കൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ഒരാൾ മരണശിക്ഷ കാത്തുകഴിയുകയും ചെയ്യുന്നുണ്ട്, ചൊവ്വയിൽ നിന്ന് മണലിറക്കാൻ മനുഷ്യൻ ശ്രമിക്കുന്ന ഈ കാലത്ത്, ഉന്നതമായ സ്വാതന്ത്ര്യത്തിന്റെ, മനുഷ്യാവകാശത്തിന്റെ ആവശ്യങ്ങൾക്കായി ലോകം വെമ്പല്കൊള്ളുന്ന ഇക്കാലത്ത്)   മഴവില്ല് ദൈവത്തിന്റെ യുദ്ധചാപമല്ല, മറിച്ച് വെള്ളത്തുള്ളികളിൽ പ്രകാശം പ്രതിഫലിക്കുന്നതാണെന്ന് പറഞ്ഞ പ്ലേജ് വരെ അക്കൂട്ടത്തിലുണ്ട്.  പക്ഷെ മനുഷ്യന്റെ അറിയാനുള്ള ത്വരയെ വൈകിപ്പിക്കാനായി എന്നല്ലാതെ ഇല്ലാതാക്കാൻ ഇമ്മാതിരി നിയന്ത്രണങ്ങൾക്ക് ആയില്ല. കാരണം അറിയാനുള്ള ത്വര മനുഷ്യന്റെ നൈസർഗ്ഗിക വാസനയാകുന്നു. ഈത്വരയെ തടഞ്ഞു നിർത്തിയ മതങ്ങൾക്ക് ശാസ്ത്രവുമായി ബന്ധമില്ല എന്നതുപോലെയല്ല എന്തിനേയും ചോദ്യം ചെയ്യുക, സംശയിക്കുക (ഇതാണു ശാസ്ത്രത്തിന്റെ രീതി) എന്ന് പഠിപ്പിച്ച യുക്തിവാദികൾക്ക്. ഇന്നത്തെ യുക്തിവാദികൾ ഉന്നയിക്കുന്ന പല സംശയങ്ങളും പത്തു മുവ്വായിരം കൊല്ലം മുൻപുള്ള യുക്തിവാദികൾ അന്ന് തന്നെ  ഉന്നയിച്ചിട്ടുള്ളതാണ്.     

വളരെ നേർത്തതെങ്കിലും യുക്തിവാദികളുടെ (പൊതുവെ ഭൌതികവാദികൾ) ചെറുത്തു നില്പ്പും പിന്തുണയും കൊണ്ടും അതിന്റെ ജ്ഞാനരീതി കൈകൊണ്ടത് കൊണ്ടുമാണ് ശാസ്ത്രത്തിനു ഇന്നത്തെ നില കൈവരിക്കാനായത് എന്നതിനാൽ ആര്ക്കെങ്കിലും ശാസ്ത്രത്തെ അവകാശപ്പെടാനാവുമെങ്കിൽ (അത്രയെങ്കിലും) അത് ഭൗതികവാദികൾക്ക് മാത്രമാണു 

(ബ്രായ്ക്കറ്റുകൾക്കുള്ളിൽ ധാരാളം വിശദീകരണങ്ങൾ വേണ്ടിവന്നത് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ ചില കമന്റുകൾ എന്റെ പല പ്രയോഗങ്ങളും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന തോന്നിയതിനാലാണ്) 

Wednesday, February 11, 2015

ലാമാർക്കിന്റെ ഭൂതം പരിണാമത്തിൽ


പരിണാമത്തെ ഇപ്പോഴും ലാമാർക്കിന്റെ ഭൂതം ആവേശിച്ചിരിക്കുന്നു. മുഹമ്മദ്‌ ഖാന്റെ സി. ഡി കൃത്രിമ നിർദ്ധാരണം പരിണാമം പാർട്ട്‌ 1 അവസാനം 'ചെന്നായ്ക്കൾക്ക്‌ മനുഷ്യനുമായുണ്ടായ സഹവാസത്തിനാൽ വേട്ടയാടേണ്ട ആവശ്യം കുറഞ്ഞു. അതിനാൽ ശരീരഘടന അതിനനുസരിച്ച്‌ മാറി നാട്ടു നായ്ക്കൾ രൂപപ്പെട്ടു' എന്ന്‌ പറയുന്നത്‌ ലാമാർക്കിസമാണ്‌. കേ. വേണു അദ്ധ്വാനമാണ്‌ മനുഷ്യ പരിണാമത്തെ രൂപപ്പെടുത്താൻ സഹായിച്ചതെന്ന ഏംഗൽസിന്റെ നിഗമനം ലമാർക്കിസം ആണെന്നും തെറ്റാണെന്നും പറയുന്ന പ്രസംഗത്തിൽ പകരം മനുഷ്യൻ ആർജ്ജിച്ച ഭാഷാപരമായ കഴിവുകളാണ്‌ പരിണാമത്തെ സഹായിച്ചതെന്ന്‌ പറയുന്നു. 5+3=7 തെറ്റാണ്‌ 3+5=7 ശരിയാണ്‌ എന്ന വാദം. രണ്ടും ലാമാർക്കിസമാണ്‌. ഭാഷ മുതലായ നമ്മുടെ ആർജ്ജിത ഗുണങ്ങൾ അതിനനുസരിച്ച്‌ രൂപപ്പെട്ട ഒരു തലച്ചോറിന്റെ കഴിവാണ്‌. (ലാമാർക്കിസം ബൗദ്ധിക മേഖലയിലോ, അല്ലെങ്കിൽ ബൗദ്ധിക മേഖലയിൽ നാം ആർജ്ജിക്കുന്ന കഴിവുകൾ പാർമ്പര്യമായി പകരും എന്നതിനോ ഉപോത്ഭലകമായ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചില ജീവികൾ അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് ആർജ്ജിതസ്വഭാവം പാരമ്പര്യമായി പകരുന്നതിനു തെളിവാകുമോ എന്നും അറിയില്ല. ഉദാഹരണം, വീട്ടു പൂച്ചകൾ എലികളെ പിടിക്കാതായിട്ടുണ്ട് എന്നും ഇത് ഭക്ഷണ ലഭ്യതയിൽ വന്ന മാറ്റത്താൽ പരിണാമ പരമായി രൂപം കൊണ്ടതാണെന്നും ചിലർ പറഞ്ഞുകേട്ടു. എന്നാൽ, ഭക്ഷണ ലഭ്യതയില്ലാത്ത അവസരത്തിൽ ഈ പൂച്ചകൾ അവയുടെ വർഗ്ഗസ്വഭാവം കാണിക്കുമെന്നോ ഭക്ഷണ ലഭ്യത അവയിൽ ജനിതക മാറ്റം വരുത്തുമെന്നോ ഉള്ള ഒരു പഠനവും ഞാൻ കണ്ടിട്ടില്ല)
ഇതൊക്കെ നമ്മുടെ സംസ്കാരത്തിലും ഉല്പന്നങ്ങളിലും പുരോഗതിയിലും ഒക്കെയുള്ള പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ ജൈവ പരിണാമത്തിൽ അവയ്ക്ക്‌ വലിയ പങ്കുണ്ടെന്ന്‌ തോന്നുന്നില്ല. ആർജ്ജിത സ്വഭാവങ്ങൾ വ്യക്തിഗതമാറ്റങ്ങൾ മാത്രമേ ഉണ്ടാക്കൂ. തലമുറകളായി കൈമാറ്റം ചെയ്യപ്പെടാൻ പാകത്തിലുള്ള ജനിതകമാറ്റങ്ങൾ മാത്രമേ പരിണാമത്തെ സഹായിക്കൂ. ഒരു വ്യക്തി എങ്ങനെ പരിണമിച്ചിട്ടും കാര്യമില്ല അയാൾ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ. ഉസ്മാൻ ഹാജി വാസക്റ്റമിക്ക്‌ ശേഷം മാനായോ മയിലായോ മാറിയിട്ട്‌ കാര്യമില്ല. അത്‌ അയാളോടെ അവസാനിക്കുന്നു. ഇനി ഒന്നോ രണ്ടോ തലമുറകൾ മാത്രം കൈമാറ്റം ചെയ്യപ്പെടാവുന്ന സവിശേഷതകളും പരിണാമത്തിൽ വരികയില്ല. കാരണം അത്‌ ആ തലമുറകളോടെ അവസാനിക്കും.
വിൻസ്മേൻ എലികളിൽ വാലു മുറിച്ചു നടത്തിയ പരീക്ഷണങ്ങളിൽ ലമാർക്കിന്റെ പരിണാമത്തിലെ ചാലകശക്തിയായ 'ആർജ്ജിത സ്വഭാവം തലമുറകളിലൂടെ പകരും' എന്ന വാദം തെറ്റാണെന്ന്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. (എലികളിൽ വാലുമുറിച്ച്‌ പരീക്ഷണശാലകളിൽ നടത്താതെ തന്നെ ഇത്‌ തെറ്റാണെന്ന്‍ തെളിയിക്കാനുള്ള ഭൗതിക സാഹചര്യം നമ്മുടെ ഇടായിൽ ഉണ്ട്‌. ഒരു പക്ഷെ വിൻസ്‌മേൻ മുസ്ളിംഗളിലെ സുന്നത്തിനെ പറ്റി കേട്ടു കാണില്ല. പാവം എലികളുടെ ദൗർഭാഗ്യം. കേട്ടിരുന്നെങ്കിൽ ഒറ്റ മുസ്ളിം കുട്ടി പോലും ലിംഗാഗ്രചർമ്മമില്ലാതെ ജനിക്കുന്നില്ല കഴിഞ്ഞ ആയിരത്തി അഞ്ഞൂറു വർഷമായ്‌ തുടർച്ചയായി അത്‌ ചേദിച്ചുകൊണ്ടിരുന്നിട്ടും എന്ന്‌ അദ്ദേഹത്തിനു മനസ്സിലാക്കാമായിരുന്നു)
പ്രകൃതി എല്ലാ ഓരോ വ്യക്തികളിലും ഇടപെടുന്നുണ്ട്‌. സ്പീഷീസുകളിൽ എല്ലാ ജീവികളും സമാനതകാണിക്കുമ്പോൾ തന്നെ വ്യക്തികളിൽ അവ വ്യതിയാനവും കാണിക്കുന്നുണ്ട്‌. സ്പീഷീസ്‌ ജെനുസിലും ജെനുസ്‌ ഫാമിലിയിലും ഇതേപോലെ വ്യതിയയാനങ്ങളും സമാനതകളും കാണിക്കുന്നുണ്ട്‌. അങ്ങനെ മുകളിലോട്ടും
ലാമാർക്കിസം പരിണാമത്തിൽ സ്വാധീനം ചെലുത്താം എന്ന ചില പഠന റിപ്പോർട്ടുകൾ നൂറുകൊല്ലത്തിനു ശേഷം ഈ അടുത്തകാലത്ത്‌ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു. അതിന്‌ ഉപോത്ഭലകമായത്‌ എപ്പിജെനിറ്റിക്സിലെ ചില നിഗമനങ്ങളായിരുന്നു. എപ്പിജെനെറ്റിക്സ്‌ ഡി. എൻ എ സീക്വൻസുകളെ കുറിച്ചു പഠിക്കുന്ന ശാഖയാണ്‌. ഇത്‌ ഡി. എൻ ഏ അക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന രാസ ടാഗുകളെ പരിശോധിക്കുന്നു. ഈ ടാഗുകൾ ഡി എൻ എയുടെ പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച്‌ ചില ജീനുകളെ പ്രവർത്തന നിരതമാക്കാനും ചിലവയെ നിശ്ചലമാക്കാനും ഈ ടാഗുകൾക്ക്‌ കഴിയും. ചുറ്റുപാടുകൾ തീരുമാനിക്കും ഈ രാസ ബന്ധനങ്ങൾ എവിടെ എപ്പോൾ വേണമെന്ന്‌. അതായത്‌ ആർജ്ജിത സ്വഭാവങ്ങൾക്കനുസരിച്ച്‌ ജീനുകളെ ഓൺ, ഓഫ്‌ ആക്കാൻ ഈടാഗുകൾക്ക്‌ കഴിയും. ഇത്‌ എവിടെയെങ്കിലും ലാമാർക്ക്‌ ശരിയാണെന്ന്‌ സൂചിപ്പിക്കുമോ? എന്നാൽ, ലളിത ജൈവ ഘടനയുള്ള ജീവികളിൽ പ്രകൃതി ഇടപെടുമ്പോലെയല്ല സങ്കീർണ ജനിതക ഘടനയുള്ള സസ്തനികൾ പോലുള്ളവയിൽ ഇടപെടുന്നത്‌. ഓരോ ജീവിക്കും ഓരോ പരിണാമ ചരിത്രമാണുള്ളത്‌.
രണ്ട്‌ തരത്തിൽ പ്രോഗ്രാം ചെയ്യപ്പെടലിനും ശുദ്ധീകരണത്തിനും വിധേയ മാകുന്ന സസ്തന ജീനുകളിൽ നിന്ന്‌ ഇമ്മാതിരി ബന്ധനങ്ങലെല്ലാം നീക്കം ചെയ്യപ്പെടുന്നു. ബീജസങ്കലനം നടക്കുമ്പോഴും ലൈംഗിക കോശ (സെക്സ്‌ സെൽ) രൂപീകരണ വേളയിലും.
ചുരുക്കത്തിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാൻ ഇമ്മാതിരി മാറ്റങ്ങൾക്ക്‌ ത്രാണിയില്ല. ലാമാർക്കിന്റെ ഭൂതത്തിനു വീണ്ടും കുടത്തിൽ തന്നെ വിശ്രമിക്കാം. അല്ലെങ്കിലും ചുറ്റുപാടുകൾ ജീവികളുടെ ജനിതകത്തിൽ ഇടപെടും എന്നത് ലാമാർക്കിസം ആകുന്നില്ല. മറിച്ച് ജീവികൾ ആർജ്ജിക്കുന്ന കഴിവുകൾ പാരമ്പര്യമായി പകരും എന്നതാണ്‌ ലാമാർക്കിസം. അതിനാൽ എപിജെനിറ്റിക്സിൽ ലാമാർക്കിസം ഇല്ല


(വിവരങ്ങൾ അലെക്സ്‌ ബെർസോവിന്റെ, പി. എച്‌. ഡി ഇൻ മൈക്രോ ബയോളൊജി, ലേഖനത്തിൽ നിന്ന്. അപൂർവം ചില സസ്യങ്ങളിലും പുഴുക്കളിലും മറ്റും ഈ ബന്ധനങ്ങൾ പാരമ്പര്യമായി പകരാമെന്ന്‌ ഈ ലേഖൻത്തിൽ കാണുന്നുണ്ട്‌ എന്നത്‌ വിസ്മരിക്കുന്നില്ല)

Thursday, February 5, 2015

കെ. വേണു



(FB യിൽ ദീർഘമായ ചർച്ചയ്ക്ക് വിധേയമായ ലേഖനം)


ഞാൻ പണ്ടുമുതലേ വളരെ ഗൗരവപൂർവം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഏതാനും ചില കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ്‌. എന്റെ ഒരു നിരീക്ഷണത്തിൽ ബുദ്ധി ഉപയോഗിക്കാൻ കഴിവുള്ള വളരെ ചുരുക്കം കമ്മ്യൂണിസ്റ്റ്‌ ചിന്തകരിൽ ഒരാൾ. ഇക്കാര്യത്തിൽ ഇ. എം എസ്‌ പോലും വേണുവിന്റെ നാലഴലത്ത്‌ വരില്ല. കൂടാതെ വേണു കമ്മ്യൂണിസത്തിന്റെ (കമ്മ്യൂണിസം എന്നത്‌ ഒരു പൊതു പ്രയോഗം) മൂർച്ചയിൽ നടന്ന ആളും സഖാവ്‌ ഇ. എം അതിന്റെ പിടിയിൽ നടന്ന ആളുമാണ്‌. 
മാർക്സിസത്തിൽ ഒരു വിശകലന രീതിയുണ്ടെന്നും അതാണ്‌ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും (ജനാധിപത്യ സങ്കല്പ്പം) വേണു വിശ്വസിച്ചു, പിന്നീട്‌ അതൊക്കെ ഉപേക്ഷിച്ചെങ്കിലും. ഇത്‌ തന്നെ വേണുവിൽ ചിന്തയുണ്ടെന്നതിനുള്ള മികച്ച തെളിവാണ്‌. മാത്രമല്ല അത്‌ ശാസ്ത്രീയമാണെന്നും. അങ്ങനെയെങ്കിൽ അതിനു പ്രവചനശേഷിയുണ്ടാകണം. എങ്കിൽ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ പാർട്ടികളിൽ നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച്‌, പൂർണ്ണമായി ശരിയാകുന്നില്ലെങ്കിലും (സാമൂഹ്യശാസ്ത്രങ്ങൾ എമ്പിരിക്കൽ സയൻസ്‌ പോലെ പ്രവർത്തിക്കില്ല) അങ്ങനെ ഒരു ശേഷിയെങ്കിലും ഉണ്ടാകണം, ഒരു പ്രവചനത്തിലെത്താൻ അതിനു കഴിയണം. ഈ വിശ്വാസത്തിലൂന്നിയാണോ എന്നറിയില്ല 1980 കളുടെ അവസാനത്തിൽ റഷ്യ തകരാൻ പോകുകയാണെന്ന്‌ വേണു ചൂണ്ടിക്കാണിക്കുകയുണ്ടായി. (ചെൻ എർജിനുള്ള മറുപടിയാണോ ഇനി അതല്ല കമ്മ്യൂണിസം ഇൻ ക്രോസ്സ്‌ റോഡ്‌ ആണോ മറ്റേതെങ്കിലും ലേഖനത്തിലാണോ എന്നൊന്നും ഇന്ന്‌ ഓർക്കാനാവുന്നില്ല) അന്ന്‌ കേരളത്തിലെ സഖാക്കൾ റഷ്യൻ സ്നേഹം മൂത്ത്‌ ചെക്കോട്ടി എന്ന പേര്‌ ചെക്കോട്യോവ്‌ എന്നും കുഞ്ഞിക്കണ്ണൻ എന്നത്‌ കുഞ്ഞിക്കണ്ണൻസ്കി (ഈഴവന്മാരായിരുന്നു അധിക സഖാക്കളും) എന്നും മാറ്റി വിളിക്കാൻ വരെ ഇഷ്ടപ്പെട്ടിരുന്ന സമയത്താണിത്‌. 1990 കളുടെ തുടക്കത്തിൽ കേവലം രണ്ട്‌ വാക്കുകളുടെ മന്ത്രശക്തിയാൽ റഷ്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. ആദിയിൽ വചനമുണ്ടായി, വചനം ഗ്ളാസ്നൊസ്ത്‌, പെരിസ്ത്രോയിക്ക എന്ന രൂപത്തിലായിരുന്നു. ചരിത്രം എല്ലാവർക്കും അറിയാം
ചോദ്യം. വേണു നിരീക്ഷിക്കുന്നത്പോലെ വൈ.ഭൗ ഒരു ശാസ്ത്രീയ നിർണയന പദ്ധതിയാണെങ്കിൽ (ഇതൊരു അന്തവിശ്വാസമാണ്‌. അത്‌ മറ്റൊരു ചർച്ചയാണ്‌) അതിനു പ്രവചനശേഷിയുണ്ടാകണ്ടെ? കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക്‌ എന്തുകൊണ്ട്‌ റഷ്യയുടെ പതനം മുങ്കൂട്ടി കാണാനായില്ല?

റഷ്യതകർന്ന ഉടനെ പത്രക്കാർ സഖാവ്‌ ഇ. എം എസിനെ സമീപിച്ചു. അന്നത്തെ ഗ്രാന്റ്‌ മുഫ്തി എന്ന നിലയ്ക്ക്‌ ആദ്യമറുപടി, ഫത്വ തുടങ്ങിയവ വരേണ്ടിയിരുന്നത്‌ അദ്ദേഹത്തിൽ നിന്നാണ്‌. അണികൾ പിന്നെ അതിന്റെ പ്രതിധ്വനികൾ ആവുകയാണ്‌ ചെയ്യുക (കമ്മ്യൂണിസം മതമാകുന്നു എന്ന എന്റെ വാദത്തിനുള്ള ഒരു തെളിവ്‌) `അതെക്കുറിച്ച്‌ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്‌` എന്നായിരുന്നു ആദ്യ മറുപടി. ആറുമാസക്കാലം ഈ മറുപടിയിൽ രമിക്കുകയായിരുന്നു മാർകിസ്റ്റ്‌ ലോകം. അത്‌ കഴിഞ്ഞ്‌ അണികളിൽ ചിന്തിക്കുന്നവർ തന്നെ മുറുമുറുക്കാൻ തുടങ്ങി. അപ്പോൾ ഒരു വിശകലനത്തിന്‌ ഇ. എം എസ്‌ നിർബന്ധിതനായി. സാമ്രാജ്യത്തിന്റെ ഇടപേടൽ മൂലം റഷ്യ തകർന്നു എന്നായിരുന്നു അത്‌. ഇതൊക്കെ അക്കാലത്തെ പത്രം വായിച്ചിട്ടുള്ളവർക്ക്‌ തന്നെ ഇന്നും ഓർമ്മയുണ്ടാകണം. ഈ ഉത്തരം അണികൾക്ക്‌ തൃപ്തികരമായിരുന്നു. എന്നാൽ, ഇതിലെ പരിഹാസ്യത എന്നത്‌ ഇക്കാലമത്രയും മികച്ചതെന്നും നമ്മുടെ ശത്രുക്കളേക്കാൾ ശക്തമെന്നും പ്രചരിപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അഞ്ച്‌ പൈസയുടെ ആയുധച്ചെലവില്ലാതെ അമേരിക്ക തകർത്തു എന്ന്‌ പറയുന്നതാണ്‌. ഇങ്ങനെ ഒരു ചോദ്യം അണികൾ ഉന്നയിക്കില്ല എന്ന ധൈര്യത്തിലാണ്‌ ഇമ്മാതിരി (മറ്റൊരു മത സ്വഭാവം. ഉസ്താദ്‌ പറഞ്ഞാൽ സത്യമായിരിക്കും. ചോദ്യം ചെയ്യാൻ പാടില്ല) ഉത്തരങ്ങൾ വെച്ചുകാച്ചുന്നത്‌.
അല്ലെങ്കിലും ചില മയക്കമുണ്ടാക്കുന്ന എന്തിനും ഉപയോഗിക്കാവുന്ന ചില വാക്കുകളാണ്‌ എക്കാലത്തും കമ്മ്യൂണിസ്റ്റ്കാരുടെ ആയുധം (മറ്റൊരു മത സ്വഭാവം) എല്ലാ ഉദാഹരണങ്ങളും എടുത്തുന്നയിക്കുന്നില്ല. ഈ അടുത്തകാലത്ത്‌ പോപ്പുലറാവുകയും പിന്നീട്‌ അശ്ളീലമാവുകയും ചെയ്ത ഒരു പദപ്രയോഗമാണ്‌ ആഗോളവല്കരണം. എല്ലാറ്റിനുമുള്ള ഒറ്റമൂലിയായി പിന്നീട്‌ ആ വാക്ക്‌ (കമ്മ്യൂണിസ്റ്റ്‌ ഡിക്ഷ്ണറിയിൽ ഇമ്മാതിരി ഒറ്റമൂലി വാക്കുകൾ നിരവധിയാണ്‌) എന്തിനും ഇത്‌ പ്രയോഗിച്ചാൽ മതി. ഒരു ആലൊചനയുടേയും അധ്വാനം ആവശ്യമില്ല.ആരെയും നേരിടാനാവും. എന്തുകൊണ്ടാണ്‌ മച്ചിങ്ങ കൊഴിയുന്നത്‌? ആഗോളവല്കരണം മൂലം നമ്മുടെ കാലവസ്ഥയ്ക്ക്‌ അനുയോജ്യമല്ലാത്ത വളം ഇറക്കുമതി ചെയ്യേണ്ടി വന്നു കർഷകൻ. ആ വളം മച്ചിങ്ങ കൊഴിച്ചിലിനു കാരണമാകുന്നു. ശുഭം. ഇത്‌ ആനന്ദ്‌ മനോഹരമായി ഡൽഹിയിലെ ചേരിപ്രദേശത്തെ പ്രശ്നങ്ങൾ എന്തുകൊണ്ടാണെന്നുള്ളതിനു സഖാക്കൾ നല്കാവുന്ന മറുപടി എന്നപേരിൽ കളിയാക്കുന്നുണ്ട്‌. നഴ്സറികുട്ടികളോട്‌ സംസാരിക്കുന്ന ഒരു സഖാവ്‌ ആഗോളവല്കരണം എടുത്തു കാച്ചുന്നത്‌ ഞാൻ കണ്ട് ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്‌. ഒടുക്കം ‘ആ’ എന്നു ‘ഗോ’ എന്നും അടുത്തടുത്ത്‌ വരുന്ന പദങ്ങൾ ഉപയോഗിക്കുന്നതുകണ്ടാൽ അടിയായിരിക്കും എന്ന്‌ ഭീഷണിപ്പെടുത്തിയിട്ടാണ്‌ പല സഖാക്കളും അത്‌ ഉപേക്ഷിക്കുന്നത്‌. ഇന്നും അതിന്റെ ഡിലിറ്റാവാതെ ബാക്കിയായ പദ എച്ചിലുകൾ അവരിൽ നിന്ന്‌ അറിയാതെ പുറത്തു ചാടുന്നത്‌ കാണാം. ലേശം കാടുകയറിപ്പോയി. ഞാൻ പറഞ്ഞുവരുന്നത്‌ വേണുവിനെ കുറിച്ച്‌
ഫ്രീ തിങ്കേഴ്സിന്റെ പ്രതിമാസ ക്ളാസിൽ മതേതരത്വത്തെ പറ്റിയുള്ള ക്ളാസ്സിൽ ചൈന വലിയ കാലം ഇങ്ങനെ മുന്നോട്ട്‌ പോകില്ല എന്ന്‌ വേണുപ്രവചിക്കുന്നുണ്ട്‌. എല്ലാ മതങ്ങളും തങ്ങൾ എതിർക്കുന്ന വിശ്വാസങ്ങളുടെ വെള്ളം ചേർത്താണ്‌ തങ്ങളുടെ മതനഗളെ നില നിർത്തുന്നത്‌. മതങ്ങൾ ശാസ്ത്രത്തെ എന്ന പോലെ ചൈന മുതലാളിത്തെത്തെ. എന്നാൽ അതും ബൂർഷ്വ ജനാധിപത്യം എന്ന്‌ കമ്മ്യൂണിസ്റ്റുകാർ കളിയാക്കുന്ന ഭരണസംവിധാനത്തിലേക്ക്‌ മാറും എന്നാണ്‌ വേണുവിന്റെ പ്രവചനം. അതെന്തെങ്കിലുമാവട്ടെ. അത് നടക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കണാം 
ഇതൊന്നുമല്ല ഈ ലേഖനത്തിന്റെ കാരണം. ഇങ്ങനെ ചിന്താപരമായി ഔന്നത്യം പുലർത്തുന്ന വേണു യുക്തിവാദത്തെ പറ്റി പറഞ്ഞത്‌, പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞതാവാം, അല്ലെങ്കിൽ യുക്തിവാദത്തെ അങ്ങനെ ഗൗരവമായി മനസ്സിലാക്കാൻ ശ്രമിക്കാത്തതിനാലാവാം. ഞാനും പണ്ട്‌ യുക്തിവാദിയായാണ്‌ തുടങ്ങിയത്‌ (സകല മതക്കാരും ഇത്തരം അവകാശവാദം ഉന്നയിക്കാറുണ്ട്‌. എന്നാൽ വേണുവിന്റേത്‌ ആ നിലയ്ക്ക്‌ കാണണ്ട). യുക്തിവാദികൾ മതം, അന്ധവിശ്വാസം തുടങ്ങിയവയിൽ മാത്രം ശ്രദ്ധയൂന്നുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങൾ ഇങ്ങനെ പരിഹരിക്കാനാവില്ല. ഇതൊരു ന്യൂനീകരണമാണ്‌. സാമ്പത്തികാസമത്വം പരിഹരിച്ചാൽ സകലതും പരിഹരിക്കപ്പെടും എന്ന ഒരുതരം സാമ്പത്തിക ന്യൂനീകരണം ഒരു കാലത്ത്‌ വെച്ച്‌ പുലർത്തിയിരുന്ന ആളാണ്‌ വേണു പിന്നീട് അദ്ധേഹം അത് ഉപേക്ഷിച്ചു. ഇതും അത്രയേയുള്ളൂ. കേവല യുക്തിവാദികൾ എന്ന്‌ കമ്മ്യൂണിസ്റ്റുകാർ യുക്തിവാദികളെ കളിയാക്കിവിളിക്കുന്നത്‌ തന്നെയാണ്‌ ഇതും.

KYS ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന കെ വേണുവിൽ നിന്നാണ്‌ ഇമ്മാതിരി ഒരു കമന്റ് എന്നതാണ്‌ ഈ ലേഖനത്തിന്റെ പ്രസക്തി
യുക്തിവാദ സംഘടനകൾ പലതും അവരുടെ പ്രവർത്തനത്തിൽ ഇമ്മാതിരി ചില ന്യൂനീകരണങ്ങളിൽ പെട്ടു പോയിട്ടുണ്ട്‌. അത്‌ ഒരു തരം സമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്‌. സൗദിയിൽ എല്ലാ സംഘടനകളും ജീവകാരുണ്യപ്രവർത്തനത്തിലാണ്‌ എങ്ങനെയായാലും ഒടുക്കം എത്തിപ്പെടുക. ഗൾഫുകാരൻ വീടു വെയ്ക്കുക എന്നതിനപ്പുറം ഒരു ഉല്പാദനപ്രക്രിയയിൽ പങ്കാളികളാവുകയില്ല. അങ്ങനെ അങ്ങനെ. എന്നാൽ, യുക്തിവാദം ഒരു സംഘടനയല്ല. സംഘടന എന്നത്‌ അതിന്റെ കൂട്ടായ്മയുടെ രൂപം മാത്രമാണ്‌. സംഘടനയായാൽ അതിന്റെ ശീലക്കേടുകൾ പുറകെ വരും. യുക്തിവാദം എന്നാൽ മത നിരാസവും നിരീശ്വരവും അന്ധവിശ്വാസ നിർമാർജ്ജനവും അല്ല. അവയൊക്കെ യുക്തിവാദത്തിന്റെ ഉല്പന്നങ്ങൾ മാത്രമാണ്‌. സത്യ സന്ധനായ യുക്തിവാദി തന്റെ നിർണയന രീതിയായ യുക്തിവാദം ഉപയോഗിച്ച്‌ കണ്ടെത്തുന്ന നിഗമനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്‌ എന്നതിനാലാണ്‌ അയാൾ നിരീശ്വരനും നിർമതനും ആകുന്നത്‌. ഇക്കാലത്ത്‌ നിരീശ്വരം നിർമതം തുടങ്ങിയവയിൽ (ഇതാണ്‌ യുക്തിവാദത്തിന്റെ ഗ്ളാമർ ഉല്പന്നങ്ങളെങ്കിലും) യുക്തിവാദത്തിനു കാര്യമായൊന്നും ചെയ്യാനില്ല. അതൊക്കെ മുങ്കടന്നവർ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്‌. അത്‌ വിശകലന വിധേയമാക്കി കാലികമായി ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ആധുനിക ശാസ്ത്രത്തിന്റെ കരുത്തുറ്റ കൂട്ടും അയാൾക്കുണ്ട്‌.
യുക്തിവാദം എന്നത്‌ നേരത്തെ പറഞ്ഞ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള മെഷിനറിയാണ്‌. ഈ വ്യത്യാസമാണ്‌ വേണുവിനു പിടികിട്ടാതെ പോയത്. അതില്ലാതെ വേണുവിനും മതവിശ്വാസിക്കും ഒന്നും നില്കാനാവില്ല. പൊരുത്തക്കേടുകൾ വിശകലനം ചെയ്യുന്ന ഒരു നിർണയന രീതിയാണത്‌. ഒരു തക്കാളി എടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കുന്നില്ലേ അതാണ്‌ യുക്തിവാദം. അതിൽ നിന്ന്‌ സെലക്റ്റ്‌ ചെയ്തെടുക്കുന്ന തക്കാളിയാണ്‌ അതിന്റെ ഉല്പന്നം. ഇത്‌ തെരഞ്ഞെടുക്കാൻ നല്ല തക്കാളിയുടെ ഗുണങ്ങൾ നിങ്ങളുടെ തല്ച്ചോറിൽ നേരത്തെ ഫീഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ മാനദണ്ഡം ഉപയോഗിച്ചാണ്‌ ഞെക്കിയും നിറം നോക്കിയും കേടു നോക്കിയും നിങ്ങൾ നല്ല തക്കാളി എന്ന നിഗമനത്തിൽ എത്തുന്നത്‌. ഈ വിശകലന രീതി ഉപയോഗിക്കാതെ വേണുവിനെന്നല്ല ആർക്കും നില്ക്കാനാവില്ല. ഏറ്റ കുറച്ചിലുണ്ടാകാം. വേണു ഈ യുക്തിവാദം ഭംഗിയായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്‌. ഇത്‌ മനുഷ്യന്റെ നിത്യ ജീവിതത്തിൽ അവനെ ബാധിക്കുന്ന എന്തിനും വിശകലനരീതിയായി ഉപയോഗിക്കാം. മാനദണ്ഡങ്ങൾ പലതായിരിക്കും എങ്കിലും. തക്കാളിയുടെ മാനദണ്ഡം തുണിക്ക്‌ വെയ്ക്കാനാവില്ല.
എങ്കിൽ മതവിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒരു വിശ്വാസി സ്വന്തം വിശ്വാസങ്ങളിൽ യുക്തിയുടെ ടോർച്ചടിച്ചു നോക്കുകയില്ല എന്നതാണ്‌ അത്‌. അത്‌ മാത്രമാണ്‌
ഇനി ഇക്കാലത്ത് യുക്തിവാദ സംഘടനകൾ (ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഒരു യുക്തിവാദ സംഘടനയിലും അംഗമായിട്ടില്ല, കാര്യമായ യുക്തിവാദനേതാക്കളുമായി പരിചയമില്ല, അത്തരം മികച്ചഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല. ഇതൊന്നും യുക്തിവാദിയായിരിക്കനുള്ള മാനദണ്ഡ,മായി കരുതുന്നില്ല)ചില ന്യൂനീകരണങ്ങളിൽ പെടുന്നുണ്ടെങ്കിൽ അത് സ്പെഷ്യലൈഷന്റെ ഭാഗമായി കണ്ടാൽ മതി. ഓരോരുത്തർ അവർക്ക താല്പര്യമുള്ള മേഖലയിൽ പ്രവർത്തിക്കട്ടെ. അതിൽ തന്നെ ഹിന്ദുവിരുദ്ധ. കൃസ്ത്യൻ വിരുദ്ധ, ഇസ്ലാമിക വിരുദ്ധ തുടങ്ങി പിന്നെയും സ്പെഷ്യലൈസേഷൻ ഉണ്ടാകട്ടെ, അതിലെന്തിരിക്കുന്നു.
മത (മതം പോലെ പ്രവർത്തിക്കുന്ന സകലതും) മലീസമായ നമ്മുടെ ചുറ്റുപാടുകളെ മനുഷ്യനു ജീവിക്കാനുതകും വിധം തിരിച്ചൂപിടിക്കലാണ്‌ യുക്തിവാദിയുടെ ഉത്തരവാദിത്വം എന്ന് എനിക്ക് തോന്നുന്നു

Friday, December 26, 2014

സക്കീർ നായിക്കിന്റെ കഥകേടുകൾ

കഥകേടു # 1

ബ്ളിംഗാൻ ജീവിതം പിന്നെയും ബാക്കി

സക്കീർനായിക്കിന്റെ വാദങ്ങൾ ഇമ്മാതിരി ഒരു തത്വശാസ്ത്രത്തിൽ വായിക്കാവുന്നതാണ്‌. അതായത്
ഫിലോസഫി നംബർ 1- ബോസ് എല്ലായ്പ്പോഴും ശരിയാണ്‌
ഫിലോസഫി നംബർ 2 ഇനി അഥവാ ശരിയല്ലെന്നു തോന്നിയാൽ വായിക്കുക ഫിലോസഫി നമ്പർ 1
സക്കീർ നായിക്കിന്റെ വിവരക്കേടുകൾ നിരവധിയാണ്‌. അഞ്ചുമിനിറ്റിൽ 25 വിവരക്കേടുകൾ എന്നത് മാത്രമല്ല അത്.  അദ്ദേഹം ഒരുഡോക്ടറുമാണ്‌. ഈ ഡോക്റ്ററേറ്റ് അദ്ദേഹത്തിനു കിട്ടിയത് വിവരക്കേടിനല്ല. സാക്ഷാൽ എം.ബി. ബി. എസ്സിൽ തന്നെ. ഇത് എടുത്തുപറയുന്നത് വൈദ്യശാസ്ത്രത്തിൽ അദ്ദേഹം കാണിച്ച വിവരക്കേടിനെ ചൂണ്ടിക്കാണിക്കാനാണ്‌. 
പണ്ട് 1970 കളിൽ കുടുമ്പാസൂത്രണം നമ്മുടെ നാട്ടിൽ കൊടികുത്തിയ കാലം മുസ്ലിം പണ്ഡിതന്മാരും മുല്ല മൗലവിമാരും ഇതിനു തുരങ്കം വെയ്ക്കാൻ കഴിവതും ശ്രമിച്ചു. അതിനവർ ധരിച്ചിരുന്ന കാരണം ഇന്ത്യയിലെ മുസ്ലിംഗൾ എൺപതുശതമാനം വരുന്ന ഹിന്ദുക്കളെ മറികടക്കുന്നതിനെ തടയിടാൻ ഹിന്ദു പരീക്ഷണശാലയിൽ വികസിപ്പിച്ച ഒരു ഉല്പന്നമാണീ കുടുമ്പാസൂത്രണം എന്നായിരുന്നു. അതിനു തടയിടാൻ പഠിച്ചപണി പലതും നോക്കി, കിത്താബുകൾ പരതി. ഖുർആൻ പരതി, ഒന്നും കിട്ടിയില്ല. ഖുർആൻ ഒരു കാര്യം നിഷേധിക്കുന്നില്ല എന്ന് കണ്ടാൽ മുസ്ലിംഗൾക്കിടയിൽ ആഴത്തിൽ ഫലിപ്പിക്കാൻ വലിയ പാടാണ്‌. അതിനവർ കണ്ടുപിടിച്ച് വ്യാഖ്യാനഫാക്ടറിയിൽ കയറ്റി ഇറക്കി വികസിപ്പിച്ചെടുത്ത ആയുധമാണ്‌ 17:31 “പട്ടിണി ഭയന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്”. വളരെ നിർദ്ദോഷവും ലളിതവും മാനവികവുമായ ഖുരാന്റെ ഒരു വാചകമാണിത്. വലിയ ബൗദ്ധികശേഷിയുടെ അധ്വാനം ഇല്ലാതെ ആർക്കും ഇതു മനസ്സിലാകും. ഈ വാചകത്തോട് എനിക്ക് പൂർണമായ യോജിപ്പാണുള്ളത്. അറേബ്യയുടെ അന്നത്തെ പരിതസ്ഥിതിയിൽ ഇത്തരം ഒരു വാചകം ദൈവത്തിനു പറയേണ്ടിയിരുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. 1970 കാലത്ത് ഈ വാചകം വ്യാപകമായി ഉപയോഗിച്ചിരുന്നു. അബോർഷൻ തുടങ്ങിയ പല കാര്യങ്ങളെയും ഈ വാചകം ഉപയോഗിച്ച് തടയാനാവും. എന്നാൽ, കുടുമ്പാസൂത്രണത്തിനെതിരായി ഈ ഒരു വാചകമല്ലാതെ മറ്റൊന്നും ഖുർആനിൽ നിന്ന് ഉദ്ധരിച്ച് ഞാൻ കണ്ടിട്ടില്ല.
നമുക്ക് സക്കീർ നായിക്കിന്റെ കഥകേടിലേക്ക് വരാം. അദ്ദേഹം ഭിഷഗ്വരനാണ്‌ എന്നകാര്യം ഇനി പ്രസക്തമാണ്‌. കണ്ട മൗലവിയും മുല്ലയും പറയുമ്പോലെ അദ്ദേഹത്തിനു വൈദ്യസംബ്ന്ധിയായ കാര്യങ്ങൾ പറയാനാവില്ല. മേല്പറഞ്ഞ വാചകം പല സ്ഥലത്തും അദ്ദേഹം മേല്പറഞ്ഞ അതേ ആവശ്യത്തിനു വെച്ചുകാച്ചുന്നത് ഞാൻ കേട്ടിട്ടുണ്ട്. 
അതേയ്, ഡോക്ടറേ ഈ കുട്ടി എന്ന് പറഞ്ഞാൽ താങ്കൾ എന്താണു കരുതുന്നത്?
ഭൗതികവാദ വീക്ഷണത്തിൽ ഒരു കുട്ടിക്ക് സാമൂഹ്യമായ വ്യക്തിത്വം എന്നൊന്നുണ്ട്. അത് അവൻ ജനിച്ചതിനു ശേഷമാണു. അതിനു മുൻപുള്ള കുട്ടികളെ അതിനു ശേഷമുള്ള കുട്ടികളെപോലെ കാണേണ്ടതില്ല. വേണമെങ്കിൽ അബോർഷൻ ആകാം, കൃത്യമായ കാരണങ്ങളാൽ. കഴിയുന്നതും അത് ഒഴിവാക്കുന്നതാണു നല്ലത്. ഇത് താങ്കൾ അംഗീകരിക്കുകയില്ല. ആയ്ക്കോട്ടെ

എന്നാൽ, ഈ പ്രസവം നിർത്തൽ എന്ന് പറയുന്നപ്രകൃയയിൽ കുട്ടി എവിടെ? എന്താണു പ്രസവം നിർത്തൽ? ബീജവും അണ്ഡവും തമ്മിൽ യോജിക്കുന്നതിനെ കൃത്രിമമായി സ്ഥിരമായോ താല്കാലികമായോ തടയുക. മുകളിൽ സൂചിപ്പിച്ച സാമൂഹ്യവ്യക്തിത്വം എന്ന കുട്ടിയുടെ നിർവചനം താല്ക്കാലികമായി ഞാൻ മാറ്റി വെയ്ക്കുന്നു. പകരം താങ്കളുടെ അഭിപ്രായത്തിലെ കുട്ടി എന്നതു മുതൽ നമുക്ക് ആരംഭിക്കാം. ഒരു തർക്കമല്ലേ. ചിലതൊക്കെ എതിരാളിയുടേത് അംഗീകരിച്ചു കൊടുത്തേ മതിയാകൂ. അണ്ഡവും ബീജവും തമ്മിൽ യോജിക്കുന്ന ആദ്യകോശം മുതൽ കുട്ടി എന്ന പട്ടികയിൽ ഞാൻ അതിനെ എണ്ണാൻ തയ്യാറാണു. എന്നാൽ, അതിനു മുൻപുള്ള അവസ്ഥയെ പറ്റില്ല. ഒരു ഡോക്ടറായ താങ്കൾക്ക് പറ്റും അല്ലാത്ത എനിക്ക് പറ്റില്ല. ഞാൻ ഈ പോളീടെക്നിക്കിലൊന്നും അധികം പോയിട്ടില്ല.

അപ്പോൾ നമുക്ക് പ്രസവം നിർത്തുന്ന പ്രക്രിയ പാടില്ല, താല്കാലികമായാലും സ്ഥിരമായാലും. അതായത് എന്തൊക്കെ പാടില്ല. തെറിക്കുന്നതിനു മുൻപ് വലിച്ച് പുറത്ത് കളയുന്നത് പാടില്ല. ക്വാണ്ടം മെക്കാനിക്സ് പാടില്ല. (കോണ്ടം ഉപയോഗിച്ചുള്ള നിയന്ത്രണം) കോപ്പർട്ടി, ലൂപ് ഇതൊന്നും പാടില്ല. കെമിക്കൽ നിയന്ത്രണം (ഗുളിക, മറ്റെന്തെങ്കിലും, ചെറുനാരങ്ങപോലും) പാടില്ല. സുരക്ഷിത സമയം നോക്കൽ പാടില്ല. എല്ലാദിവസവും നിർബന്ധമായും ബന്ധപ്പെടണം. പറയാൻ പറ്റില്ല എപ്പോഴാണ്‌ അണ്ഡം നമ്മുടെ പിടിയിൽ പെടാതെ പുറത്തുപോകുക എന്ന്. സ്ഥിരനിയന്ത്രണം തീരെ പാടില്ല. കാരണം ദൈവത്തിന്റെ മുൻപിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും

ഇനി പ്ളിംഗ്സുകളുടെ ഘോഷയാത്രയാണ്‌. എങ്കിൽ, ഒരു സ്ത്രീ അണ്ഡോല്പാദനം തുടങ്ങി അവസാനിക്കുന്നവരെ നഷ്ടപ്പെടുന്ന അണ്ഡം എത്രയാവും? വിവാഹം എന്തെങ്കിലും കാരണവശാൽ നടക്കാതെപോയാൽ (തന്റെ ഗർഭപാത്രം തനിക്ക് ഇഷ്ടമുള്ളപ്പോൾ നിറയ്കാനുള്ള സ്വാതന്ത്ര്യം പെണ്ണിന്‌ ഇല്ലല്ലോ)ജീവിതകാലം മുഴുവൻ മാസത്തിൽ ഒന്നെന്നുവീതം നഷ്ടപ്പെടുന്ന കുട്ടികൾക്ക് കണക്ക് ബോധിപ്പിക്കേണ്ടിവരും. ഇനി മറ്റുചില കാരണങ്ങളാൽ കുട്ടികളുണ്ടാകാതെ പോകുന്ന അണ്ഡത്തിന്‌ ദൈവം കണക്കു പറയുമായിരിക്കും. ബ്ലിംഗ്
സ്ത്രീക്ക് മാസമുറ​‍ൂരു പതിനഞ്ചുവയസ്സിൽ തുടങ്ങുമെന്നും ഒരു അൻപതിൽ അവസാനിക്കും എന്നു കരുതിയാൽ ഏകദേശം 450 അണ്ഡങ്ങളേ അവളുടെ ജീവിത കാലത്തിൽ ഉല്പാദിപ്പിക്കാൻ പറ്റൂ. അതൊരു വലിയ സംഖ്യയലെങ്കിലും കണക്ക് കണക്കാണല്ലോ. ദൈവം ചെറുതായൊന്നു കൂടി ബ്ലിംഗി. 
പുരുഷന്റെ കാര്യമാണു കഷ്ടം. അയാൾക്ക് ബീജോല്പാദനം ഒരു പതിനാറിൽ തുടങ്ങിയാൽ ജീവിതകാലം മുഴുവനും അത് നിലനില്ക്കും. അതും ചെറിയ സംഖ്യയിൽ ഒതുങ്ങില്ല. 40 ദശലക്ഷം മുതൽ 3 കോടിവരെ ബീജം ഒരു മില്ലി ലിറ്ററിൽ കാണുമത്രെ. ഇതാവട്ടെ ഒരു തവണ 10 മിലി വരെ വരാം. ശരാശരി 5 മിലി കണക്കാക്കിയാൽ തന്നെ ഒരു ദിവസം ഒരാൾക്ക് വേണമെങ്കിൽ അഞ്ചെട്ടു തവണ ശുക്ലവിസർജ്ജനം സാധ്യമാണ്‌. അതും മരിച്ച് അഞ്ചു മിനുട്ട് കഴിയുന്നവരെ.  എങ്കിൽ ഒരു തവണ 40 മിലി ഗുണിക്കണം ബീജങ്ങളുടെ എണ്ണം കോടിക്കണക്കിനു വരും. ഒരാളോടു തന്നെ ഇതിന്റെ ഒക്കെ കണക്കുകേൾക്കുമ്പോൾ ഒരുപാടു കാലം പിടിക്കും 
ഭൂമിയിലെ ഏതാണ്ടൊക്കെ പുരുഷന്മാരും ഇല്ലാതായാലും ജനസംഖ്യ ഇന്നത്തെ നിലയിൽ ആകാൻ ഏതാനും വർഷം മതി. എന്നാൽ സ്ത്രീകൾ ഏതാണ്ടൊക്കെ ഇല്ലാതായാൽ ഇന്നത്തെ ജനസംഖ്യക്ക് കോടിക്കണക്കിനു വർഷം എടുക്കും എന്നു ചുരുക്കം
ദൈവം കാര്യമാത്രപ്രസക്തമായി ബ്ളിംഗി.

ഇമ്മാതിരി വ്യഖ്യാനങ്ങളെ നമുക്ക് ഇതിനെതിരായും വ്യഖ്യാനിക്കാം. ഉദാഹരണത്തിനു പട്ടിണി ഭയന്ന് കുട്ടികളെ കൊല്ലരുത്. മറ്റെന്തെങ്കിലും ഭയപ്പാടിൽ വേണമെങ്കിൽ കൊല്ലാം എന്നർത്ഥം. ഭയക്കാൻ പട്ടിണി മാത്രമല്ലല്ലോ, പരിസ്ഥിതി നാശം ഭയന്ന്, സ്വത്ത് പങ്കുവെച്ചുപോകുന്നത് ഭയന്ന്, നല്ലജീവിതനിലവാരം ഇല്ലാതാകും എന്ന് ഭയന്ന്, പൊതു സമൂഹത്തിന്റെ പരിഹാസം ഭയന്ന് അങ്ങനെ എന്തു ഭയം വേണമെങ്കിലും ആകാം. എന്നാൽ വിദ്യാഭ്യാസമുള്ള സാമാന്യ മുസ്ലിംഗൾ പണ്ഡിതന്മാരുടെ ഇടപെടലുകളെ പുറം കാലുകൊണ്ട് തട്ടി ആസൂത്രിച്ചു. അവർക്കറിയാം പ്രായോഗിക ജീവിതത്തിൽ നല്ലത് ആസൂത്രണമാണെന്ന്. എന്തിനു സൗദി അറേബ്യയിൽ പോലും ഇക്കാലത്ത് ആളുകൾ പഴയപോലെ മക്കളെ ഉല്പാദിപ്പിക്കുന്നില്ല. സൗദിയിലാണെങ്കിൽ സാമ്പത്തികശാസ്ത്രപ്രകാരം നോക്കിയാൽ ജനചുരുക്കമുള്ള രാജ്യവുമാണ്‌. എല്ലാവിധ താല്കാലിക ഗർഭനിരോധനമാർഗങ്ങളും ഭംഗിയായി വിറ്റുപോകുന്ന രാജ്യമാണ്‌ സൗദി. 

ഇവിടെ പണ്ഡിതന്മാർ ബ്ളിംഗ്


കഥകേടു # 2

2+2= 4
ചോദ്യം. മറ്റുരാജ്യങ്ങളിൽ പള്ളികൾ വേണമെന്ന്‌ പറയുന്ന നിങ്ങൾ  എന്തുകൊണ്ട്‌ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ മറ്റു ആരാധനാലയങ്ങൾ അനുവദിക്കുന്നില്ല?
ഉത്തരം. ഒരു സ്കൂൾ പ്രിൻസൊപ്പൽ കണക്കിന്റെ അദ്ധ്യാപകനെ നിയമിക്കുന്നതിനു മൂന്നു പേരെ ഇന്റർവ്യൂ നടത്തുന്നു. ചോദ്യം. 2+2=? ഒരാൾ 3, മറ്റേ ആൾ 4. വേറൊരാൾ അഞ്ച്‌ എന്ന്‌ ഉത്തരം പറഞ്ഞാൽ നിങ്ങൾ ആരെ നിയമിക്കും?
നാല്‌ എന്ന്‌ ഉത്തരം പറഞ്ഞ ആളെ. 
എന്തുകൊണ്ട്‌? 
നാല്‌ എന്ന ഉത്തരം ശരിയാണെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുള്ളതുകൊണ്ട്‌. 
അത്പോലെ ഞങ്ങളുടെ വിശ്വാസം ഉറച്ചതാണ്‌ എന്ന്‌.

ഇടപെടൽ: 1) ഈ അനലോഗി തന്നെ മതപരമായ രീതിയല്ല. അതനുസരിച്ച്‌ ഉത്തരം നേരത്തെ കണ്ടെത്തി അതിന്മേൽ ചോദ്യങ്ങളുന്നയിക്കുക എന്നതാണു ശരി. ഉദാഹരണം ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു. ചോദ്യം ഏതായാലും ഉത്തരം അതായിരിക്കണം. എന്നാൽ ഇവിടെ അങ്ങനെയല്ല. ഇവിടത്തെ രീതി യുക്തിവാദത്തിന്റേതാണു. ആദ്യം ചോദ്യം പിന്നെ ഉത്തരം, പിന്നെ മികച്ച ഉത്തരം. (ആവശ്യത്തിനു യുക്തിവാദം ഉപയോഗിച്ചില്ലെങ്കിൽ ഇവർ എപ്പോഴും 2+2= 5 ആയിരിക്കും. എല്ലായ്പോഴും അതു പറ്റില്ല) അങ്ങനെ എങ്കിൽ പ്രിൻസിപ്പൽ ഇങ്ങനെ ചോദിക്കണം. 6 എന്ന്‌ ഉത്തരം കിട്ടാൻ (ഉത്തരം ആദ്യം) ഏതൊക്കെ സംഖ്യകൾ തമ്മിൽ കൂട്ടണം? ഒരാൾ 3+3, രണ്ടാമൻ 4+2, മൂന്നാമൻ 5+1 പ്രിൻസിപ്പൽ പ്ളിങ്ങ്‌

2)-തങ്ങളാണ്‌ ശരി എന്ന്‌ തങ്ങൾ തന്നെ തീരുമാനിച്ചു. ആണ്ടി നല്ല വെടിക്കാരനാണ്‌, ആരു പറഞ്ഞു.  ആണ്ടി

3)- സക്കീർ നായിക്ക് ഇങ്ങനെ ഒരുവാദം ഉന്നയിക്കുന്നതോടുകൂടി അറിഞ്ഞോ അറിയാതെയോ തീവ്രവാദികൾക്ക് പിന്തുണനല്കുന്നു. ഞങ്ങളാണു ശരി, ഞങ്ങൾ മാത്രമാണു ശരി. അതിനാൽ തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുന്നതിൽ കുഴപ്പമില്ല.

കഥകേടു # 3
നിങ്ങൾ കൃസ്തുമസ്‌ ആശംസനേരാൻ പാടില്ല. എന്താ കാരണം. കൃസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടാണ്‌ കൃസ്തുമസ്‌ കൃസ്ത്യാനികൾ ആഘോഷിക്കുന്നത്‌. അതാവട്ടെ കന്യകയായ മറിയത്തിൽ ദൈവത്തിനുണ്ടായ പുത്രനാണ്‌ യേശു എന്ന്‌ സങ്കല്പ്പിക്കുന്നു. കൃസ്ത്യാനിക്ക്‌ ആശംസ നേരുമ്പോൾ നിങ്ങൾ അയാളുടെ വിശ്വാസം അംഗീകരിക്കുന്നു. അതുവഴി വിശ്വാസി മുർത്തദ്ദാകുന്നു (മതഭ്രംശം വന്നയാൾ) 

അല്ല ഡോക്ടറേ നിങ്ങൾ കൃഷ്ണദാസ്‌ എന്ന പേരുകാരനെ, യേശുദാസിനെ, കാളി ദാസനെ ഒക്കെ എങ്ങനെ പേരെടുത്തുവിളിക്കും? ഇവർക്കൊക്കെ പേരിടുമ്പോൾ അവരുടെ രക്ഷിതാക്കൾ ഇവരൊക്കെ ദൈവമാണെന്നും എന്റെ മകൻ ആ ദൈവത്തിന്റെ അടിമയാണെന്നും കരുതിയിരിക്കണം, വിശ്വസിച്ചുമിരിക്കണം. ആപേരുകൾ ചൊല്ലി വിളിക്കുമ്പോൾ താങ്കളും അത്‌ അംഗീകരിക്കുന്നു. എങ്കിൽ അല്ലാഹുവിനു പകരം മറ്റൊരു ദൈവത്തെ അംഗീകരിക്കുക വഴി നിങ്ങൾ എന്താകും, മുർത്തദ്ദ്‌, മുഷിരിക്ക്‌....?

ഇത് ഞാൻ ഫേസ് ബുക്കിൽ പേസ്റ്റിയപ്പോൾ ഒരാൾ നായിക്കിനെ പ്രതിരോധിക്കാൻ വന്നു. അയാളുടെ വാദം അനുസരിച്ച് അറിവില്ലാത്തവർ ഇങ്ങനെ ആശംസിക്കുന്നതിൽ തെറ്റില്ല. പെപ്സിയാണെന്ന് കരുതി മദ്യം കഴിച്ചുപോയാൽ തെറ്റില്ല എന്ന് നായിക്ക് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ശരിയായി ഉപയോഗിച്ചാൽ യുക്തിവാദത്തിന്റെ പ്രഹരശേഷി വളരെ വലുതാണ്‌. അതിനാൽ ഇക്കാര്യത്തിൽ പ്രതിരോധിരോധിക്കാനായി നായിക്കും കൂട്ടരും ഉയർത്തുന്ന ഏതു വാദവും അവർക്കെതിരായും ഉന്നയിക്കാം. അതായത് കൃഷ്ണൻ ദൈവമാണെന്നും അതിനാലാണു അയാൾ കുട്ടിക്ക് പേരിട്ടതെന്നും അറിഞ്ഞ് ആ പേരു വിളിച്ചാൽ താങ്കൾക്കും ഈ വാദം ബാധകമാകും

ജ്ഞാനമില്ലായ്മ തെറ്റല്ല എന്നാണെങ്കിൽ, പണ്ട് ആമസോൺ കാടുകളിൽ ആദിവാസികളെ മതം മാറ്റാനായി ചെന്നപ്രീസ്റ്റിനോട് ആദിവാസി മൂപ്പൻ ചോദിച്ച (കഥയാണെങ്കിൽ പോലും) ചോദ്യം വളരെ പ്രസക്തമാണ്‌.
“ഞങ്ങൾക്കിതൊന്നു അറിയുമായിരുന്നില്ല. ഞങ്ങൾ തെറ്റുകാരും നരകത്തിൽ പോകുന്നവരും ആകുമോ”
“നിങ്ങൾക്ക് ജ്ഞാനമില്ലെങ്കിൽ നിങ്ങൾ തെറ്റുകാരാകുന്നില്ല”
“പിന്നെ എന്തു പുണ്ണാക്കിനാ ഈ കിത്താബും പിടിച്ച് താൻ ഈ കാടു നെരങ്ങുന്നത്”?

കഥകേടു # 4
ചോദ്യം: നന്മചെയ്യുന്നവർ എല്ലാവരും സ്വർഗ്ഗത്തിൽ പോകുമോ? എങ്കിൽ മഹാത്മാഗാന്ധി, മദർ തെരേസ്സ എന്നിവർ സ്വർഗ്ഗത്തിൽ പോകുമോ?
ഉത്തരം: 10 വിഷയങ്ങളിൽ ഒൻപതെണ്ണത്തിനു ജയിക്കുകയും എ+ കിട്ടുകയും ചെയ്ത ഒരാൾ ഒരു വിഷയത്തിന് തോറ്റാൽ പ്രമോശാൻ കിട്ടുമോ? അതുപോലെ വിശ്വാസം എന്നവിഷയത്തിൽ തോറ്റാൽ നിങ്ങൾക്ക് പ്രമോഷൻ അഥവാ സ്വര്ഗ്ഗം കിട്ടില്ല
ഇടപെടൽ: ഞങ്ങളുടെ  യൂണിവേർസിറ്റിയിൽ പ്രയോജനമില്ലാത്തതും വേണ്ടാത്തതുമായ വിഷയങ്ങൾ ഒഴിവാക്കി പറ്റുന്ന വിഷയം എടുക്കാൻ സൗകര്യമുണ്ട്. അതിനാൽ 'വിശ്വാസം' എന്ന വിഷയത്തിന് പകരം ഞങ്ങൾ 'യുക്തിവാദം' സ്വീകരിച്ചു. എന്നിട്ട് എല്ലാ വിഷയത്തിനും പാസ്സായി. ഞങ്ങൾ ഉയർന്ന ക്ലാസ്സിൽ പൊയ്ക്കോട്ടേ സർ



Tuesday, December 23, 2014

ആല്ഫ്രഡ് ക്രോണറെ വെറുതെ വിടൂ


ഖുർആനിലെ ശാസ്ത്രീയതയ്ക്ക് ആധികാരികത നല്കുന്നതിനു നോബൽ സമ്മാനം ലഭിച്ച വലിയ വലിയ ശാസ്ത്രജ്ഞന്മാരുടെ സാക്ഷ്യം എന്നൊരു പരിപാടി ഈ അടുത്തകാലത്ത് സാധാരണ കാണാറുള്ള ഒന്നാണു. ദൈവവചനമാണെങ്കിലും വെള്ളക്കാരൻ പറഞ്ഞാലേ നമ്മുടെ വിശ്വാസത്തിനു ഒരു ശക്തിയുണ്ടാകൂ. മന്ദബുദ്ധിയായാലും നമ്പൂതിരിയല്ലേ എന്ന ചേലു. ഇക്കൂട്ടത്തിൽ ഡോക്ടർ കോസായ് ഉണ്ട്, ഡോക്റ്റർ. ആല്ഫ്രെഡ് ക്രോനർ ഉണ്ട്. അങ്ങനെ പലരും ഉണ്ട്.
ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ ക്ഷണിതാവായി വരുന്ന അഥിതികൾ സാധാരണ ആഥിതേയന്റെ ചില ആചാരങ്ങളെ വിശ്വാസങ്ങളെ ഒന്നും മുറിവേല്പ്പിക്കുന്നവിധം പെരുമാറാറില്ല. സാമാന്യ മര്യാദയാണത്. നമുക്ക് വിരുദ്ധാഭിപ്രായമുള്ള ഒരു വേദിയിൽ ക്ഷണിക്കപ്പെട്ടാൽ കഴിയുന്നതും സംഘാടകരുമായി നമുക്ക് യോജിപ്പുള്ള വിഷയങ്ങളാവും അധികപേരും ചർച്ചചെയ്യുക. കഴിയുന്നതും ഒരു തർക്കത്തിലേക്ക് പോകില്ല. പറ്റുമെങ്കിൽ പോകാതിരിക്കാം, അത് മര്യാദ
സൗദി അറേബ്യയിൽ അറബിഭാഷയുടെ പുറത്തുള്ള കുറേ ശാസ്ത്രജ്ഞന്മാരെ ക്ഷണിക്കുകയും അവരോട് ഖുർആനിലെ ചില വരികൾ ചില ആളുകൾ വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയും ചെയ്തപ്പോൾ മേല്പറഞ്ഞ സാമാന്യ മര്യാദയുടെ പേരിൽ പലരും അതെ അതിശയമായിരിക്കുന്നു എന്ന് പറഞ്ഞു കാണണം. ചിലർക്കൊക്കെ സാമ്പത്തികമോ മറ്റെന്തെങ്കിലുമോ ആയ താല്പര്യങ്ങളും കാണണം.
ഒരുശാസ്ത്രജ്ഞന്റെ അഭിപ്രായം അല്ല ശാസ്ത്രം എന്നത്. അത് തെളിവുകളുടെ അടിസ്ഥാനത്തിൽ നിരന്തരം ആവർത്തിച്ച് ബോധ്യപ്പെടേണ്ടതാണു. ഞാനെന്തു പറയുന്നു എന്ന് നോക്കിയല്ല ഭൂമി അതിന്റെ പണി എടുക്കുന്നത് എന്ന ഗലീലിയോയുടെ പ്രസിദ്ധ വചനം ശാസ്തത്തിനും യോജിക്കും.
മറ്റൊരൂദാഹരണം നോക്കാം. നാം ചൈനയിൽ പോകുന്നു എന്ന് വെയ്ക്കുക. നമുക്ക് ചൈനീസ് ഭാഷ അറിയില്ല. അവിടെ ഒരാൾ ആയിരം കൊല്ലം പഴക്കമുള്ള ഏതെങ്കിലും ഗ്രന്ഥമെടുത്ത് ഒരു വാചകം വായിച്ച് താങ്കൾ ഇന്ത്യയിൽ ജനിക്കുമെന്നും ചൈന സന്ദർശിക്കുമെന്നും അതല്ലെങ്കിൽ കമ്പ്യൂട്ടറിനെ പറ്റി ഈ ഗ്രന്ഥത്തിലുണ്ടെന്നും ഒക്കെ പറഞ്ഞാൽ, ആദ്യ പ്രതികരണം എന്ന നിലയ്ക്ക് ‘അതിശയമായിരിക്കുന്നല്ലോ’ എന്ന് പറഞ്ഞേക്കാം. അത്രേ ഉള്ളൂ എല്ലാ സാക്ഷ്യങ്ങളും. എന്നാലും സംശയ ജീവി എന്ന നിലയ്ക്ക് ഇവരൊക്കെ ഇങ്ങനെ പറഞ്ഞു കാണുമോ എന്ന് നമുക്ക് സംശയമുണ്ടാകുന്നത് സ്വാഭാവികം. പിന്നെ തിരച്ചിലായി. ഇത് ഇന്റർനെറ്റിന്റെ കാലമല്ലെ. എന്തും ആധികാരികമായി അന്വേഷിക്കാം ഒറിജിനൽ സോഴ്സിൽ നിന്ന് തന്നെ. യൂറോപ്യൻ ശാസ്ത്ര്ജ്ഞരധികവും ഏതാളുടെ ഏതു ചോദ്യത്തിനും മറുപടി നല്കും എത്ര തെരക്കുള്ളവരായാലും. നമ്മുടെ ടി സംശയത്തിനു മേല്പറഞ്ഞ പലരേയും പരതി, കിട്ടിയില്ല. എന്നാൽ ഒരാളെ കിട്ടി
ആല്ഫ്രഡ് ക്രോണർ, ജർമ്മൻ കാരനാണു, പ്രീ കാംബ്രിയൻ ഭൗമ ശാസ്ത്രത്തിലാണു സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചൈനയിലെ ക്സിയാങ്ങ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
ഇദ്ദേഹം 1979 ലാണു സൗദിയിലെ യൂണിവേർസിറ്റി സന്ദർശിക്കുന്നത്. ചില ആളുകൾ അദ്ദേഹത്തെ വന്നുകണ്ടു. ചിലതൊക്കെ പറഞ്ഞു. മുസ്ലിംഗൾ ഇത് ആധികാരിക അഭിപ്രായമായി പ്രകടിപ്പിക്കുന്നു എന്ന് അറിഞ്ഞ അന്നുമുതൽ (മാത്രമല്ല ക്രോണർ മുസ്ലിമായി എന്നും പ്രചരിപ്പിക്കാറുണ്ട്) ഈ സാധു ശ്രമിച്ചു കൊണ്ടിരിക്കയാണു പല മാർഗ്ഗത്തിലൂടെയും താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താൻ. എന്നാൽ ഇന്നും ആളുകൾ അത് ഉപയോഗിക്കുന്നു.
അങ്ങനെ ഞാൻ ക്രോണർക്ക് ഒരു കത്തെഴുതി. മറുപടി ഇതോടൊപ്പം പോസ്റ്റുന്നു. അതു വായിച്ചാൽ അറിയാം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇവ്വിഷയത്തിലുള്ള നിലപാടുകൾ. ഇതൊന്നും പോസ്റ്റ് ആക്കണ്ട എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. വിശദമായി ഇത് പോസ്റ്റണമെന്ന് നാസർ കുന്നുമ്പുറത്തിന്റെ സ്നേഹനിർബന്ധം കൂടിയായപ്പോൾ സ്ഥായിയായ മടിയെ ഒന്നു കുടയാമെന്നു തോന്നി (കൂടാതെ ക്രോണർ ഇവ്വിഷയങ്ങൾ നിഷേധിച്ചുകൊണ്ടുള്ള സൈറ്റും യൂ റ്റ്യൂബിൽ ഇന്റർവ്യൂകളും ഒക്കെ പോസ്റ്റു ചെയ്തിട്ടുണ്ട്. ഒന്ന് സെർച്ച് ചെയ്താൽ കിട്ടും) ആശംസകളോടെ

Monday, December 15, 2014

പരിണാമത്തിലെ ഉരുളക്കിഴങ്ങുമനുഷ്യർ


(മൗലികത ഗാരന്റീഡ്: എന്റെ രചനകളധികവും എന്റെ യുക്തി അധികരിച്ചുള്ളവയാണു. എന്റെ ചിന്തയുടെ പ്രതിഫലനങ്ങളാണേറെയും. വായനയിലൂടെ കിട്ടുന്ന ഡാറ്റകൾ അവയെ പരിപോഷിപ്പിക്കാൻ ഉപകരിക്കുന്നു എന്നേയുള്ളൂ. മറ്റുള്ളവരുടെ ചിന്തകളെ പകർത്തിയെഴുതുന്ന ഒരു പകർത്തിയെഴുത്തുകാരനാവാൻ എനിക്ക് വലിയ താല്പര്യമില്ല. മറ്റുള്ളവരുടെ ചിന്തകൾ എന്റെ യുക്തിയുമായി പൊരുത്തപ്പെടുന്നെങ്കിലേ എനിക്കു യോജിക്കാനാവൂ. അതിനാൽ ഇവ മൗലികങ്ങളാണു. )







1)- ഉരുളക്കിഴങ്ങിനും മനുഷ്യനും ഒരേ എണ്ണം ഡി. എൻ. എ ആണെന്നും ഡി എൻ എ യുടെ പൊരുത്തം ചിമ്പാൻസിയും മനുഷ്യനും തമ്മിലുള്ള ജെനറ്റിക്‌ അടുപ്പത്തെ സൂചിപ്പിക്കുന്നില്ല എന്നും സകല സൃഷ്ടിവാദികളും ഇപ്പോഴും വാദിക്കാറുണ്ട്‌. ഇതുകേട്ടാൽ കേവലം എണ്ണത്തെ മാന ദണ്ഡമാക്കിയാണു ചിമ്പും മനുഷ്യനും തമ്മിലുള്ള ജനിതക ബന്ധം വിലയിരുത്തുന്നതെന്ന്‌. നാം മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്‌. ഒന്നു മുതൽ ഒൻപതു വരെയുള്ള എണ്ണൽ സംഖ്യയും ഒരു പൂജ്യവും മാത്രം വ്യത്യസ്ഥ രീതിയിൽ ചേർത്താണു ലോകമെമ്പാടുമുള്ള സിം കാർഡുകൾ ഒന്നു മറ്റൊന്നിൽ നിന്ന്‌ വ്യത്യസ്ഥമായി പ്രവർത്തിക്കുന്നത്‌. വേണമെങ്കിൽ ഇവ തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന്‌ പറയാം. എന്നാൽ പത്ത്‌ അക്കങ്ങളിൽ അവസാനത്തെ ഒരു അക്കം മാത്രം വ്യത്യാസമുള്ള രണ്ട്‌ സിം കാർഡുകൾ തൊട്ടടുത്തവയാണെന്ന്‌ നിസ്സംശയം പറയാം. ഒറ്റ അക്കത്തിന്റെ വ്യത്യാസം മാത്രം. ആദ്യത്തെ അക്കമാണു വ്യത്യസ്ഥമെങ്കിൽ വാദത്തിനു വേണ്ടി രണ്ടും ഒരുപോലെ ഒരക്കം മാത്രം വ്യത്യാസം എന്ന്‌ പറയാം. എന്നാൽ ആ രണ്ട്‌ കാർഡുകൾ തമ്മിൽ ലക്ഷക്കണക്കിനു എണ്ണം വ്യത്യാസം ഉണ്ടാകുന്നു. ഇതൊരു സംഖ്യാ കൗതുകമാണു. 
ഇമ്മാതിരി ഒരു കൗതുകത്തിൽ പിടിച്ചാണു ഉരുളക്കിഴങ്ങിനെ മനുഷ്യന്റെ സഹോദരനാക്കുന്നത്‌.
എന്നാൽ, ചിമ്പും മനുഷ്യനും തമ്മിൽ ഇമ്മാതിരി എണ്ണൽ സംഖ്യാ ബന്ധമല്ല. മറ്റ്‌ അനവധി പൊരുത്തങ്ങളുണ്ട്‌.

ചിമ്പാൻസികളുടെ ജീനോമും മനുഷ്യന്റെ ജീനോമും തമ്മിൽ വളരെ അധികം പൊരുത്തങ്ങളുണ്ടെന്ന്‌ ഹ്യൂമൻ ജീനൊം പ്രൊജെക്റ്റിൽ മോളിക്യുളാർ ആന്റ്‌ ഹ്യൂമൻ ജെനെറ്റിക്സ്‌ വിഭാഗത്തിൽ ഹൂസ്റ്റണിൽ അസ്സോസിയേറ്റ്‌ പ്രൊഫസ്സർ ഡോക്റ്റർ ജെഫ്രി റോഗേഴ്സ്‌ എനിക്ക്‌ ഈ വിഷയത്തിലുള്ള സംശയത്തിനു അയച്ച മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. 




2005-ൽ പൂർത്തിയായിട്ടുണ്ട്‌ ചിമ്പാൻസി ജീനോം. ഡാറ്റാബേസ്‌ നെറ്റിൽ ലഭ്യമാണു. ഏതാണ്ട്‌ 98% സാമ്യതയുണ്ട്‌ മനുഷ്യനും തൊട്ടടുത്ത കസ്സിൻ ആയ ചിമ്പും തമ്മിൽ, ഏതാണ്ട്‌ ഏഴര ദശലക്ഷ്ം വർഷം മുൻപ്‌ രണ്ടുകൂട്ടരും ഒരു തറവാട്ടിലായിരുന്നു ജനിച്ചു വളർന്നത്‌.

ഉരുളക്കിഴങ്ങിൽ ഈ പൊരുത്തങ്ങളില്ല

2)- 'ലൈനിയർ എവലൂഷൻ' ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാവാം മനുഷ്യൻ കുരങ്ങുകളിൽ നിന്നെങ്കിൽ മരം ചാട്ടം സ്വഭാവം അവനു എവിടെയാണു കൈമോശം വന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ സാമാന്യ ബോധം ഉല്പാദിപ്പിച്ച ധാരണകൾ പൊതുപൂർവീകൻ എന്ന യാതാർത്ഥ്യത്തെ അംഗീകരിക്കുന്നതിനു തടസ്സമാണു. മണ്ണിലാണു ജീവികൾ ഉല്ഭവിച്ചത്, മരത്തിലല്ല. ഇത് മരം കയറ്റം പിന്നീട് ആർജ്ജിച്ച സ്വഭാവമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ ഒരു സ്വഭാവം ആർജ്ജിക്കാനാവാത്തവ മറ്റൊരു സ്വഭാവത്തിലൂടെ വളർന്നു എന്ന മറ്റൊരു സാധ്യത സൃഷ്ടിവാദികൾക്ക് ചിന്തിക്കാനാവുന്നില്ല. മനുഷ്യൻ ഇന്നത്തെ രൂപത്തിലെത്തുന്നതിനു മുൻപ് നിരവധി മറ്റു മനുഷ്യ രൂപങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നമുക്ക് കിട്ടുന്ന ഫോസിലുകളി അതിനു തെളിവുകളുണ്ട്. എന്നാൽ, പൂർണമായും സംശയമുക്തമല്ല.

3- വേറൊരു അബദ്ധ ധാരണയാണു എല്ലാജീവികളും ഒരേകാലത്തിൽ തന്നെ പരിണമിക്കണമെന്നത്. ഈ ധാരണയുള്ളതിനാലാണു പരിണാമം സാവകാശമായ ചില ഫോസിലുകളെ ചൂണ്ടിക്കാണിച്ച് മൊത്തം പരിണാമം തെറ്റാണെന്ന് പറയൽ. പരിണാമം ഓരോസ്പീഷീസിനും ഓരോ ചരിത്രമാണു നല്കുന്നത്. ചിലവ പതുക്കെയെങ്കിൽ ചിലവ ക്രമേണ. ചിലവ അങ്ങനെ തന്നെ നിലനില്ക്കുമ്പോഴും അതിൽ നിന്ന് മറ്റൊരുശാഖ, ഒറിജിനൽ അപ്പോഴും നിൽനില്ക്കാം. 

4- സ്പീഷീസ് എന്നത് ഇപ്പോഴും അംഗീകരിക്കാത്ത സൃഷ്ടിവാദികൾ ‘കൈന്റുകൾ’ എന്ന വർഗ്ഗീകരണമാണു നടത്തുക. നായ്ക്കളിൽ നിന്ന് നായ്ക്കൾ, പക്ഷെ വ്യത്യസ്ഥ തരം. തത്തകളിൽ നിന്ന് തത്തകൾ, പക്ഷെ വ്യത്യസ്ഥ തരം. ആവട്ടെ. എന്നാൽ, അവർ ഈ കൈന്റുകളെ 7000 ത്തിൽ ഒതുക്കുന്നു. ദിവസം ചുരുങ്ങിയത് 11 മുതൽ 35 വരെ പുതിയ സ്പീഷീസുകൾ നമ്മുടെ സ്പീഷീസ് റജിസ്റ്ററിൽ പുതുതായി ചേർക്കപ്പെടുന്നുണ്ട്. 8.7 Million (UNEP 2011) സ്പീഷീസുകൾ ഇന്ന് നിലവിലുണ്ട്. ചിലവ മണ്മറയുന്നു. നശിച്ചവ വേറെയും. എന്തു കണക്കില്പെടുത്തും ഇവയെ.
ചോദ്യം മറ്റൊന്ന്. പ്രാവുകളിൽ നൂറ്റിമുപ്പത്തഞ്ചിലധികം (ഓർമ്മയിൽ നിന്ന്) വിഭാഗങ്ങളെ ഡാർവിൻ രേഖപ്പെടുത്തുന്നുണ്ട്. സൃഷ്ടി വാദികളുടെ വർഗ്ഗീകരണപ്രകാരം അരിപ്രാവുകൾ മാടപ്രാവുകലുടെ ‘കൈന്റിൽ’ പെടുമോ? എങ്കിൽ മാനദണ്ഡമെന്ത്?. പെരുച്ചാഴികൾ ചുണ്ടെലികളുടെ ‘കൈന്റിൽ’പെടുമെങ്കിൽ മാനദണ്ഡമെന്ത്?