Thursday, February 5, 2015

കെ. വേണു



(FB യിൽ ദീർഘമായ ചർച്ചയ്ക്ക് വിധേയമായ ലേഖനം)


ഞാൻ പണ്ടുമുതലേ വളരെ ഗൗരവപൂർവം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഏതാനും ചില കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ്‌. എന്റെ ഒരു നിരീക്ഷണത്തിൽ ബുദ്ധി ഉപയോഗിക്കാൻ കഴിവുള്ള വളരെ ചുരുക്കം കമ്മ്യൂണിസ്റ്റ്‌ ചിന്തകരിൽ ഒരാൾ. ഇക്കാര്യത്തിൽ ഇ. എം എസ്‌ പോലും വേണുവിന്റെ നാലഴലത്ത്‌ വരില്ല. കൂടാതെ വേണു കമ്മ്യൂണിസത്തിന്റെ (കമ്മ്യൂണിസം എന്നത്‌ ഒരു പൊതു പ്രയോഗം) മൂർച്ചയിൽ നടന്ന ആളും സഖാവ്‌ ഇ. എം അതിന്റെ പിടിയിൽ നടന്ന ആളുമാണ്‌. 
മാർക്സിസത്തിൽ ഒരു വിശകലന രീതിയുണ്ടെന്നും അതാണ്‌ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും (ജനാധിപത്യ സങ്കല്പ്പം) വേണു വിശ്വസിച്ചു, പിന്നീട്‌ അതൊക്കെ ഉപേക്ഷിച്ചെങ്കിലും. ഇത്‌ തന്നെ വേണുവിൽ ചിന്തയുണ്ടെന്നതിനുള്ള മികച്ച തെളിവാണ്‌. മാത്രമല്ല അത്‌ ശാസ്ത്രീയമാണെന്നും. അങ്ങനെയെങ്കിൽ അതിനു പ്രവചനശേഷിയുണ്ടാകണം. എങ്കിൽ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ പാർട്ടികളിൽ നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച്‌, പൂർണ്ണമായി ശരിയാകുന്നില്ലെങ്കിലും (സാമൂഹ്യശാസ്ത്രങ്ങൾ എമ്പിരിക്കൽ സയൻസ്‌ പോലെ പ്രവർത്തിക്കില്ല) അങ്ങനെ ഒരു ശേഷിയെങ്കിലും ഉണ്ടാകണം, ഒരു പ്രവചനത്തിലെത്താൻ അതിനു കഴിയണം. ഈ വിശ്വാസത്തിലൂന്നിയാണോ എന്നറിയില്ല 1980 കളുടെ അവസാനത്തിൽ റഷ്യ തകരാൻ പോകുകയാണെന്ന്‌ വേണു ചൂണ്ടിക്കാണിക്കുകയുണ്ടായി. (ചെൻ എർജിനുള്ള മറുപടിയാണോ ഇനി അതല്ല കമ്മ്യൂണിസം ഇൻ ക്രോസ്സ്‌ റോഡ്‌ ആണോ മറ്റേതെങ്കിലും ലേഖനത്തിലാണോ എന്നൊന്നും ഇന്ന്‌ ഓർക്കാനാവുന്നില്ല) അന്ന്‌ കേരളത്തിലെ സഖാക്കൾ റഷ്യൻ സ്നേഹം മൂത്ത്‌ ചെക്കോട്ടി എന്ന പേര്‌ ചെക്കോട്യോവ്‌ എന്നും കുഞ്ഞിക്കണ്ണൻ എന്നത്‌ കുഞ്ഞിക്കണ്ണൻസ്കി (ഈഴവന്മാരായിരുന്നു അധിക സഖാക്കളും) എന്നും മാറ്റി വിളിക്കാൻ വരെ ഇഷ്ടപ്പെട്ടിരുന്ന സമയത്താണിത്‌. 1990 കളുടെ തുടക്കത്തിൽ കേവലം രണ്ട്‌ വാക്കുകളുടെ മന്ത്രശക്തിയാൽ റഷ്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. ആദിയിൽ വചനമുണ്ടായി, വചനം ഗ്ളാസ്നൊസ്ത്‌, പെരിസ്ത്രോയിക്ക എന്ന രൂപത്തിലായിരുന്നു. ചരിത്രം എല്ലാവർക്കും അറിയാം
ചോദ്യം. വേണു നിരീക്ഷിക്കുന്നത്പോലെ വൈ.ഭൗ ഒരു ശാസ്ത്രീയ നിർണയന പദ്ധതിയാണെങ്കിൽ (ഇതൊരു അന്തവിശ്വാസമാണ്‌. അത്‌ മറ്റൊരു ചർച്ചയാണ്‌) അതിനു പ്രവചനശേഷിയുണ്ടാകണ്ടെ? കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക്‌ എന്തുകൊണ്ട്‌ റഷ്യയുടെ പതനം മുങ്കൂട്ടി കാണാനായില്ല?

റഷ്യതകർന്ന ഉടനെ പത്രക്കാർ സഖാവ്‌ ഇ. എം എസിനെ സമീപിച്ചു. അന്നത്തെ ഗ്രാന്റ്‌ മുഫ്തി എന്ന നിലയ്ക്ക്‌ ആദ്യമറുപടി, ഫത്വ തുടങ്ങിയവ വരേണ്ടിയിരുന്നത്‌ അദ്ദേഹത്തിൽ നിന്നാണ്‌. അണികൾ പിന്നെ അതിന്റെ പ്രതിധ്വനികൾ ആവുകയാണ്‌ ചെയ്യുക (കമ്മ്യൂണിസം മതമാകുന്നു എന്ന എന്റെ വാദത്തിനുള്ള ഒരു തെളിവ്‌) `അതെക്കുറിച്ച്‌ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്‌` എന്നായിരുന്നു ആദ്യ മറുപടി. ആറുമാസക്കാലം ഈ മറുപടിയിൽ രമിക്കുകയായിരുന്നു മാർകിസ്റ്റ്‌ ലോകം. അത്‌ കഴിഞ്ഞ്‌ അണികളിൽ ചിന്തിക്കുന്നവർ തന്നെ മുറുമുറുക്കാൻ തുടങ്ങി. അപ്പോൾ ഒരു വിശകലനത്തിന്‌ ഇ. എം എസ്‌ നിർബന്ധിതനായി. സാമ്രാജ്യത്തിന്റെ ഇടപേടൽ മൂലം റഷ്യ തകർന്നു എന്നായിരുന്നു അത്‌. ഇതൊക്കെ അക്കാലത്തെ പത്രം വായിച്ചിട്ടുള്ളവർക്ക്‌ തന്നെ ഇന്നും ഓർമ്മയുണ്ടാകണം. ഈ ഉത്തരം അണികൾക്ക്‌ തൃപ്തികരമായിരുന്നു. എന്നാൽ, ഇതിലെ പരിഹാസ്യത എന്നത്‌ ഇക്കാലമത്രയും മികച്ചതെന്നും നമ്മുടെ ശത്രുക്കളേക്കാൾ ശക്തമെന്നും പ്രചരിപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അഞ്ച്‌ പൈസയുടെ ആയുധച്ചെലവില്ലാതെ അമേരിക്ക തകർത്തു എന്ന്‌ പറയുന്നതാണ്‌. ഇങ്ങനെ ഒരു ചോദ്യം അണികൾ ഉന്നയിക്കില്ല എന്ന ധൈര്യത്തിലാണ്‌ ഇമ്മാതിരി (മറ്റൊരു മത സ്വഭാവം. ഉസ്താദ്‌ പറഞ്ഞാൽ സത്യമായിരിക്കും. ചോദ്യം ചെയ്യാൻ പാടില്ല) ഉത്തരങ്ങൾ വെച്ചുകാച്ചുന്നത്‌.
അല്ലെങ്കിലും ചില മയക്കമുണ്ടാക്കുന്ന എന്തിനും ഉപയോഗിക്കാവുന്ന ചില വാക്കുകളാണ്‌ എക്കാലത്തും കമ്മ്യൂണിസ്റ്റ്കാരുടെ ആയുധം (മറ്റൊരു മത സ്വഭാവം) എല്ലാ ഉദാഹരണങ്ങളും എടുത്തുന്നയിക്കുന്നില്ല. ഈ അടുത്തകാലത്ത്‌ പോപ്പുലറാവുകയും പിന്നീട്‌ അശ്ളീലമാവുകയും ചെയ്ത ഒരു പദപ്രയോഗമാണ്‌ ആഗോളവല്കരണം. എല്ലാറ്റിനുമുള്ള ഒറ്റമൂലിയായി പിന്നീട്‌ ആ വാക്ക്‌ (കമ്മ്യൂണിസ്റ്റ്‌ ഡിക്ഷ്ണറിയിൽ ഇമ്മാതിരി ഒറ്റമൂലി വാക്കുകൾ നിരവധിയാണ്‌) എന്തിനും ഇത്‌ പ്രയോഗിച്ചാൽ മതി. ഒരു ആലൊചനയുടേയും അധ്വാനം ആവശ്യമില്ല.ആരെയും നേരിടാനാവും. എന്തുകൊണ്ടാണ്‌ മച്ചിങ്ങ കൊഴിയുന്നത്‌? ആഗോളവല്കരണം മൂലം നമ്മുടെ കാലവസ്ഥയ്ക്ക്‌ അനുയോജ്യമല്ലാത്ത വളം ഇറക്കുമതി ചെയ്യേണ്ടി വന്നു കർഷകൻ. ആ വളം മച്ചിങ്ങ കൊഴിച്ചിലിനു കാരണമാകുന്നു. ശുഭം. ഇത്‌ ആനന്ദ്‌ മനോഹരമായി ഡൽഹിയിലെ ചേരിപ്രദേശത്തെ പ്രശ്നങ്ങൾ എന്തുകൊണ്ടാണെന്നുള്ളതിനു സഖാക്കൾ നല്കാവുന്ന മറുപടി എന്നപേരിൽ കളിയാക്കുന്നുണ്ട്‌. നഴ്സറികുട്ടികളോട്‌ സംസാരിക്കുന്ന ഒരു സഖാവ്‌ ആഗോളവല്കരണം എടുത്തു കാച്ചുന്നത്‌ ഞാൻ കണ്ട് ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്‌. ഒടുക്കം ‘ആ’ എന്നു ‘ഗോ’ എന്നും അടുത്തടുത്ത്‌ വരുന്ന പദങ്ങൾ ഉപയോഗിക്കുന്നതുകണ്ടാൽ അടിയായിരിക്കും എന്ന്‌ ഭീഷണിപ്പെടുത്തിയിട്ടാണ്‌ പല സഖാക്കളും അത്‌ ഉപേക്ഷിക്കുന്നത്‌. ഇന്നും അതിന്റെ ഡിലിറ്റാവാതെ ബാക്കിയായ പദ എച്ചിലുകൾ അവരിൽ നിന്ന്‌ അറിയാതെ പുറത്തു ചാടുന്നത്‌ കാണാം. ലേശം കാടുകയറിപ്പോയി. ഞാൻ പറഞ്ഞുവരുന്നത്‌ വേണുവിനെ കുറിച്ച്‌
ഫ്രീ തിങ്കേഴ്സിന്റെ പ്രതിമാസ ക്ളാസിൽ മതേതരത്വത്തെ പറ്റിയുള്ള ക്ളാസ്സിൽ ചൈന വലിയ കാലം ഇങ്ങനെ മുന്നോട്ട്‌ പോകില്ല എന്ന്‌ വേണുപ്രവചിക്കുന്നുണ്ട്‌. എല്ലാ മതങ്ങളും തങ്ങൾ എതിർക്കുന്ന വിശ്വാസങ്ങളുടെ വെള്ളം ചേർത്താണ്‌ തങ്ങളുടെ മതനഗളെ നില നിർത്തുന്നത്‌. മതങ്ങൾ ശാസ്ത്രത്തെ എന്ന പോലെ ചൈന മുതലാളിത്തെത്തെ. എന്നാൽ അതും ബൂർഷ്വ ജനാധിപത്യം എന്ന്‌ കമ്മ്യൂണിസ്റ്റുകാർ കളിയാക്കുന്ന ഭരണസംവിധാനത്തിലേക്ക്‌ മാറും എന്നാണ്‌ വേണുവിന്റെ പ്രവചനം. അതെന്തെങ്കിലുമാവട്ടെ. അത് നടക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കണാം 
ഇതൊന്നുമല്ല ഈ ലേഖനത്തിന്റെ കാരണം. ഇങ്ങനെ ചിന്താപരമായി ഔന്നത്യം പുലർത്തുന്ന വേണു യുക്തിവാദത്തെ പറ്റി പറഞ്ഞത്‌, പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞതാവാം, അല്ലെങ്കിൽ യുക്തിവാദത്തെ അങ്ങനെ ഗൗരവമായി മനസ്സിലാക്കാൻ ശ്രമിക്കാത്തതിനാലാവാം. ഞാനും പണ്ട്‌ യുക്തിവാദിയായാണ്‌ തുടങ്ങിയത്‌ (സകല മതക്കാരും ഇത്തരം അവകാശവാദം ഉന്നയിക്കാറുണ്ട്‌. എന്നാൽ വേണുവിന്റേത്‌ ആ നിലയ്ക്ക്‌ കാണണ്ട). യുക്തിവാദികൾ മതം, അന്ധവിശ്വാസം തുടങ്ങിയവയിൽ മാത്രം ശ്രദ്ധയൂന്നുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങൾ ഇങ്ങനെ പരിഹരിക്കാനാവില്ല. ഇതൊരു ന്യൂനീകരണമാണ്‌. സാമ്പത്തികാസമത്വം പരിഹരിച്ചാൽ സകലതും പരിഹരിക്കപ്പെടും എന്ന ഒരുതരം സാമ്പത്തിക ന്യൂനീകരണം ഒരു കാലത്ത്‌ വെച്ച്‌ പുലർത്തിയിരുന്ന ആളാണ്‌ വേണു പിന്നീട് അദ്ധേഹം അത് ഉപേക്ഷിച്ചു. ഇതും അത്രയേയുള്ളൂ. കേവല യുക്തിവാദികൾ എന്ന്‌ കമ്മ്യൂണിസ്റ്റുകാർ യുക്തിവാദികളെ കളിയാക്കിവിളിക്കുന്നത്‌ തന്നെയാണ്‌ ഇതും.

KYS ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന കെ വേണുവിൽ നിന്നാണ്‌ ഇമ്മാതിരി ഒരു കമന്റ് എന്നതാണ്‌ ഈ ലേഖനത്തിന്റെ പ്രസക്തി
യുക്തിവാദ സംഘടനകൾ പലതും അവരുടെ പ്രവർത്തനത്തിൽ ഇമ്മാതിരി ചില ന്യൂനീകരണങ്ങളിൽ പെട്ടു പോയിട്ടുണ്ട്‌. അത്‌ ഒരു തരം സമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്‌. സൗദിയിൽ എല്ലാ സംഘടനകളും ജീവകാരുണ്യപ്രവർത്തനത്തിലാണ്‌ എങ്ങനെയായാലും ഒടുക്കം എത്തിപ്പെടുക. ഗൾഫുകാരൻ വീടു വെയ്ക്കുക എന്നതിനപ്പുറം ഒരു ഉല്പാദനപ്രക്രിയയിൽ പങ്കാളികളാവുകയില്ല. അങ്ങനെ അങ്ങനെ. എന്നാൽ, യുക്തിവാദം ഒരു സംഘടനയല്ല. സംഘടന എന്നത്‌ അതിന്റെ കൂട്ടായ്മയുടെ രൂപം മാത്രമാണ്‌. സംഘടനയായാൽ അതിന്റെ ശീലക്കേടുകൾ പുറകെ വരും. യുക്തിവാദം എന്നാൽ മത നിരാസവും നിരീശ്വരവും അന്ധവിശ്വാസ നിർമാർജ്ജനവും അല്ല. അവയൊക്കെ യുക്തിവാദത്തിന്റെ ഉല്പന്നങ്ങൾ മാത്രമാണ്‌. സത്യ സന്ധനായ യുക്തിവാദി തന്റെ നിർണയന രീതിയായ യുക്തിവാദം ഉപയോഗിച്ച്‌ കണ്ടെത്തുന്ന നിഗമനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്‌ എന്നതിനാലാണ്‌ അയാൾ നിരീശ്വരനും നിർമതനും ആകുന്നത്‌. ഇക്കാലത്ത്‌ നിരീശ്വരം നിർമതം തുടങ്ങിയവയിൽ (ഇതാണ്‌ യുക്തിവാദത്തിന്റെ ഗ്ളാമർ ഉല്പന്നങ്ങളെങ്കിലും) യുക്തിവാദത്തിനു കാര്യമായൊന്നും ചെയ്യാനില്ല. അതൊക്കെ മുങ്കടന്നവർ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്‌. അത്‌ വിശകലന വിധേയമാക്കി കാലികമായി ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ആധുനിക ശാസ്ത്രത്തിന്റെ കരുത്തുറ്റ കൂട്ടും അയാൾക്കുണ്ട്‌.
യുക്തിവാദം എന്നത്‌ നേരത്തെ പറഞ്ഞ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള മെഷിനറിയാണ്‌. ഈ വ്യത്യാസമാണ്‌ വേണുവിനു പിടികിട്ടാതെ പോയത്. അതില്ലാതെ വേണുവിനും മതവിശ്വാസിക്കും ഒന്നും നില്കാനാവില്ല. പൊരുത്തക്കേടുകൾ വിശകലനം ചെയ്യുന്ന ഒരു നിർണയന രീതിയാണത്‌. ഒരു തക്കാളി എടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കുന്നില്ലേ അതാണ്‌ യുക്തിവാദം. അതിൽ നിന്ന്‌ സെലക്റ്റ്‌ ചെയ്തെടുക്കുന്ന തക്കാളിയാണ്‌ അതിന്റെ ഉല്പന്നം. ഇത്‌ തെരഞ്ഞെടുക്കാൻ നല്ല തക്കാളിയുടെ ഗുണങ്ങൾ നിങ്ങളുടെ തല്ച്ചോറിൽ നേരത്തെ ഫീഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ മാനദണ്ഡം ഉപയോഗിച്ചാണ്‌ ഞെക്കിയും നിറം നോക്കിയും കേടു നോക്കിയും നിങ്ങൾ നല്ല തക്കാളി എന്ന നിഗമനത്തിൽ എത്തുന്നത്‌. ഈ വിശകലന രീതി ഉപയോഗിക്കാതെ വേണുവിനെന്നല്ല ആർക്കും നില്ക്കാനാവില്ല. ഏറ്റ കുറച്ചിലുണ്ടാകാം. വേണു ഈ യുക്തിവാദം ഭംഗിയായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്‌. ഇത്‌ മനുഷ്യന്റെ നിത്യ ജീവിതത്തിൽ അവനെ ബാധിക്കുന്ന എന്തിനും വിശകലനരീതിയായി ഉപയോഗിക്കാം. മാനദണ്ഡങ്ങൾ പലതായിരിക്കും എങ്കിലും. തക്കാളിയുടെ മാനദണ്ഡം തുണിക്ക്‌ വെയ്ക്കാനാവില്ല.
എങ്കിൽ മതവിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒരു വിശ്വാസി സ്വന്തം വിശ്വാസങ്ങളിൽ യുക്തിയുടെ ടോർച്ചടിച്ചു നോക്കുകയില്ല എന്നതാണ്‌ അത്‌. അത്‌ മാത്രമാണ്‌
ഇനി ഇക്കാലത്ത് യുക്തിവാദ സംഘടനകൾ (ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഒരു യുക്തിവാദ സംഘടനയിലും അംഗമായിട്ടില്ല, കാര്യമായ യുക്തിവാദനേതാക്കളുമായി പരിചയമില്ല, അത്തരം മികച്ചഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല. ഇതൊന്നും യുക്തിവാദിയായിരിക്കനുള്ള മാനദണ്ഡ,മായി കരുതുന്നില്ല)ചില ന്യൂനീകരണങ്ങളിൽ പെടുന്നുണ്ടെങ്കിൽ അത് സ്പെഷ്യലൈഷന്റെ ഭാഗമായി കണ്ടാൽ മതി. ഓരോരുത്തർ അവർക്ക താല്പര്യമുള്ള മേഖലയിൽ പ്രവർത്തിക്കട്ടെ. അതിൽ തന്നെ ഹിന്ദുവിരുദ്ധ. കൃസ്ത്യൻ വിരുദ്ധ, ഇസ്ലാമിക വിരുദ്ധ തുടങ്ങി പിന്നെയും സ്പെഷ്യലൈസേഷൻ ഉണ്ടാകട്ടെ, അതിലെന്തിരിക്കുന്നു.
മത (മതം പോലെ പ്രവർത്തിക്കുന്ന സകലതും) മലീസമായ നമ്മുടെ ചുറ്റുപാടുകളെ മനുഷ്യനു ജീവിക്കാനുതകും വിധം തിരിച്ചൂപിടിക്കലാണ്‌ യുക്തിവാദിയുടെ ഉത്തരവാദിത്വം എന്ന് എനിക്ക് തോന്നുന്നു

No comments:

Post a Comment